ആർ.ബി. ശ്രീകുമാറും തീസ്ത സെതൽവാദും അറസ്റ്റ് ചെയ്യപ്പെടുമ്പോൾ | വഴിപോക്കൻ


വഴിപോക്കൻ

ആദിവാസികൾക്ക് വേണ്ടി ജിവിതം സമർപ്പിച്ച ഫാ. സ്റ്റാൻ സ്വാമിയെ നിർദ്ദയം വേട്ടയാടിയ ഭരണകൂടമാണ് ദ്രൗപദി മുർമുവിനെ രാഷ്ട്രപതി സ്്ഥാനാർത്ഥിയാക്കുന്നത്. വനഭൂമിയും അതിലടങ്ങിയ ധാതുവിഭവങ്ങളും കോർപറേറ്റുകൾക്ക് കൊള്ളയടിക്കാൻ വിട്ടുകൊടുക്കുന്നതിൽ മനഃസാക്ഷിക്കുത്തേതുമില്ലാത്ത ഒരു ഭരണകൂടം മുന്നോട്ടുവെയ്ക്കുന്ന ഔദാര്യമാണ് ദ്രൗപദിയുടെ സ്ഥാനാർത്ഥിത്വം.

ആർ.ബി. ശ്രീകുമാറും ടീസ്ത സെതൽവാദും അറസ്റ്റ് ചെയ്യപ്പട്ടപ്പോൾ

നന്ദ് പട്‌വർദ്ധന്റെ ഡോക്യുമെന്ററി 'ദൈവത്തിന്റെ പേരിൽ' (Ram ke Naam) ഈ ദിവസങ്ങളിൽ ഒന്നു കാണുന്നത് എന്തുകൊണ്ടും നന്നായിരിക്കും. ഇന്ത്യയിൽ വർഗ്ഗീയത അതിന്റെ വിഷവേരുകൾ ആഴത്തിൽ പടർത്തുന്നതിനെ ഇത്രയും ശക്തവും അർത്ഥപൂർണ്ണവുമായി മറ്റൊരാൾ അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് തോന്നുന്നില്ല. വർഗ്ഗീയതയ്ക്കെതിരെ ക്യാമറ കൊണ്ടുള്ള പോരാട്ടം എന്നാണ് ഈ ദൗത്യത്തെ പട്‌വർദ്ധൻ വിശേഷിപ്പിച്ചത്. 1984-ൽ ഡൽഹിയിൽ നടന്ന സിഖ് കൂട്ടക്കൊലയാണ് തന്നെ ഇതിലേക്ക് നയിച്ചതെന്ന് പട്‌വർദ്ധൻ പറഞ്ഞിട്ടുണ്ട്.

മൂന്ന് ഡോക്യുമെന്ററികളായിരുന്നു ഇതിന്റെ ഫലം. 'സുഹൃത്തുക്കളുടെ ഓർമ്മയിൽ' (In Memory of Friends), ' പിതാവ്, പുത്രൻ, വിശുദ്ധ യുദ്ധം' (Father, Son and Holy war) എന്നിവയാണ് ആദ്യത്തേതും മൂന്നാമത്തേതും. ആർ.എസ്.എസും ബി.ജെ.പിയും അയോധ്യയെ മുൻനിർത്തി ഹിന്ദുത്വയെ രാഷ്ട്രീയലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന്റെ വിശദവും ആഴമാർന്നതുമായ പഠനമാണ് രാം കേ നാം.

1990-ൽ ഈ ഡോക്യുമെന്ററിക്കായി അയോധ്യയിലേക്കും പട്നയിലേക്കും നടത്തിയ യാത്രകൾ പട്‌വർദ്ധൻ ഒരു ലേഖനത്തിൽ അനുസ്മരിക്കുന്നുണ്ട്. വാസ്തവത്തിൽ പട്ന പട്‌വർദ്ധന്റെ യാത്രാലക്ഷ്യമായിരുന്നില്ല. തീവണ്ടി മാറിക്കയറിയതുകൊണ്ടാണ് 1990 ഒക്ടോബറിൽ പട്‌വർദ്ധനും സുഹൃത്ത് പെർവെസും പട്നയിലേക്കെത്തിയത്. അവിടെ ഗാന്ധി മൈതാനത്ത് ലാലുപ്രസാദ് യാദവും സി.പി.ഐ. നേതാവ് എബി ബർദനും അഭിസംബോധന ചെയ്ത ഒരു റാലിക്ക് സാക്ഷ്യം വഹിച്ചതിനെക്കുറിച്ച് പട്‌വർദ്ധൻ എഴുതുന്നുണ്ട്.

ലാലുപ്രസാദ് യാദവ്

ലാലു ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ട് അപ്പോൾ ഏഴു മാസമേ ആയിട്ടുള്ളു. രാമജന്മ ഭൂമി ലക്ഷ്യമിട്ട് സോമനാഥിൽനിന്ന് ബി.ജെ.പി. പ്രസിഡന്റ് എൽ.കെ. അദ്വാനി നയിക്കുന്ന രഥയാത്ര ബിഹാറിന്റെ മണ്ണിലേക്ക് എത്തുന്നതിന് മുമ്പായിരുന്നു ലാലുവിന്റെ പ്രസംഗം. ആ പ്രസംഗത്തിൽ നിന്നുള്ള ചില ഭാഗങ്ങൾ ഇവിടെ എടുത്തുകൊടുക്കുകയാണ്:

''ഈ വേദിയിൽ നിന്ന് ഞാൻ അദ്വാനിജിയോട് അഭ്യർത്ഥിക്കുകയാണ്, രഥ യാത്ര നിർത്തി താങ്കൾ ഡൽഹിയിലേക്ക് തിരിച്ചു പോകണം.''
''മനുഷ്യർ മരിച്ചാൽ പിന്നെ ആരാണ് ക്ഷേത്രങ്ങളിൽ മണിയടിക്കാനുണ്ടാവുക?''
''ആരും ജിവിച്ചിരിക്കുന്നില്ലെങ്കിൽ പള്ളികളിൽ പ്രാർത്ഥിക്കാൻ ആരാണുണ്ടാവുക?''
''രാഷ്ട്രീയ നേതാവിന്റെ ജീവൻപോലെ തന്നെ വിലയുള്ളതാണ് സാധാരണക്കാരുടെ ജീവനും.''
''ബിഹാറിന്റെ മണ്ണിൽ വർഗ്ഗീയത പടർത്താൻ ഞങ്ങൾ അനുവദിക്കില്ല. സാധാരണ മനുഷ്യരുടെ ജിവൻ സംരക്ഷിക്കാൻ അധികാരം ബലി കൊടുക്കാനും ഞങ്ങൾ തയ്യാറാണ്.''

42 വയസ്സാണ് അന്ന് ലാലുവിന്റെ പ്രായം. ഈ പ്രസംഗത്തിനു മുമ്പ് ഡൽഹിയിൽ പോയി അദ്വാനിയെ ലാലു കണ്ടിരുന്നു. അന്ന് അദ്വാനിയുടെ വീട്ടിലെ സ്വീകരണമുറിയിലിരുന്ന് അദ്ദേഹത്തിന്റെ മുഖത്ത് നോക്കി ലാലു പറഞ്ഞത് ഇതാണ്: ''രഥവുമായി ബിഹാറിലേക്ക് വന്നാൽ താങ്കളെ വെറുതെ വിടില്ല.'' ഒക്ടോബർ 30-ന് അയോദ്ധ്യയിലെത്തി രാമജന്മഭൂമി ക്ഷേത്രത്തിന് ശിലയിടുകയായിരുന്നു അദ്വാനിയുടെ ലക്ഷ്യം.

ബിഹാറിൽ രഥം പ്രവേശിച്ചയുടനെ ധൻബാദിൽവെച്ച് അദ്വാനിയെ അറസ്റ്റ് ചെയ്യാനാണ് ലാലു ഉദ്ദേശിച്ചിരുന്നത്. എന്നാൽ അന്ന് ധൻബാദിൽ പോലിസ് മേധാവിയായിരുന്ന അമാനുള്ള ഖാൻ ഇതിനോട് വിയോജിച്ചു. താൻ അദ്വാനിയെ അറസ്റ്റ് ചെയ്താൽ വർഗ്ഗീയ കലാപമുണ്ടായേക്കുമെന്ന് ഖാൻ ഭയന്നു. ഇതേ തുടർന്നാണ് സമസ്തിപൂരിൽ വെച്ച് അറസ്റ്റ് നടത്താൻ ലാലു തയ്യാറെടുത്തത്. ഇതിനായി ആദ്യം ലാലു അന്ന് സമസ്തിപൂരിൽ ജില്ലാ മജിസ്ട്രേറ്റ് ആയിരുന്ന രാജ്കുമാർ സിങ്ങിനെയും (ഇദ്ദേഹം പിന്നീട് ബി.ജെ.പിയിൽ ചേരുകയും പ്രഥമ മോദി സർക്കാരിൽ മന്ത്രിയാവുകയും ചെയ്തു) ഡി.ഐ.ജി. രാമേശ്വർ ഒറോണിനെയും തന്റെ ഓഫീസിലേക്ക് ലാലു വിളിച്ചു വരുത്തി.

ഒരു തരത്തിലും വാർത്ത ചോരരുതെന്ന് പ്രത്യേകം നിർദ്ദേശിച്ചിട്ടാണ് ലാലു അവരെ തിരിച്ചയച്ചത്. ഒകടോബർ 24-ന് രാത്രിയോടെ അദ്വാനി സമസ്തിപൂരിലെ ഗസ്റ്റ്ഹൗസിലെത്തി. അടുത്ത ദിവസം പുലർച്ചെ ആറു മണിയോടെ രാജ്കുമാർ സിങ് ഗസ്ഹൗസിൽ അദ്വാനിയുടെ മുറിയിലെത്തി അറസ്റ്റ് വാറന്റ് കാണിച്ചു. താൻ ഇത് പ്രതിക്ഷിച്ചിരുന്നതാണെന്ന് പറഞ്ഞ അദ്വാനി തന്റെ കൂടെ വരാൻ പ്രമോദ് മഹാജനെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. പോലിസ് അതിന് വഴങ്ങി. സമസ്തിപൂരിൽനിന്നു ബിഹാർ - ബംഗാൾ അതിർത്തിയിലുള്ള മസഞേ്ജാറിലെ സർക്കാർ ഗസ്റ്റ് ഹൗസിലേക്കാണ് പോലിസ് അദ്വാനിയെ കൊണ്ടുപോയത്. അതോടെ അദ്വാനിയുടെ രഥയാത്രയ്ക്ക് ബിഹാറിൽ സമാപനമായി. സമസ്തിപൂരിൽനിന്ന് തിരിക്കും മുമ്പ് വി.പി. സിങ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചുകൊണ്ടുള്ള കത്ത് അദ്വാനി തന്റെ സഹായിക്ക് കൈമാറിയിരുന്നു. 11 മാസം നീണ്ടു നിന്ന വി.പി. സിങ് സർക്കാർ അതോടെ നിലംപതിക്കുകയും ചെയ്തു.

നരസിംഹ റാവു

റാവു മതേതരത്വത്തോട് ചെയ്തത്

ആർ.എസ്.എസിനും ബി.ജെ.പിക്കും താൻ കണ്ണിൽ കരടായത് അദ്വാനിയുടെ അറസ്റ്റോടെയാണെന്ന് ലാലു പിന്നീട് പറഞ്ഞു. മറ്റെന്തൊക്കെ ആരോപണങ്ങൾ ലാലുവിനെതിരെ ഉന്നയിച്ചാലും വർഗ്ഗീയതയുമായി വിട്ടുവീഴ്ച ചെയ്തെന്ന ആരോപണം ഒരാൾക്കും ലാലുവിനെതിരെ ഉയർത്താനാവില്ല. നമുക്കിനിയൊന്ന് രണ്ടു കൊല്ലമപ്പുറം 1992-ലേക്ക് വരാം.

1992 ഡിസംബർ ആറിനാണ് ബാബറി മസ്ജിദ് തകർക്കപ്പെടുന്നത്. അന്നീ വാർത്തയോട് പ്രധാനമന്ത്രി നരസിംഹ റാവു എങ്ങിനെയാണ് പ്രതികരിച്ചതെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ വിനയ് സീതാപതി രേഖപ്പെടുത്തുന്നുണ്ട്. അന്ന് രാവിലെ എട്ടരയോടെ റാവുവിന്റെ പേഴ്സണൽ ഡോക്ടർ കെ ശ്രീനാഥ് റെഡ്ഡി അദ്ദേഹത്തെ പരിശോധിച്ചിരുന്നു. തുടർന്ന് തന്റെ വീട്ടിലേക്ക് പോയ റെഡ്ഡി ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ടി.വിയിലാണ് ബാബറി മസ്ജിദ് തകർക്കപ്പെടുന്നതിന്റെ ആദ്യദൃശ്യം കണ്ടത്. അപ്പോൾതന്നെ റെഡ്ഡി വീണ്ടും റാവുവിന്റെ അടുത്തേക്ക് പോയി.

എന്തിനാണ് നിങ്ങൾ ഇപ്പോൾ വന്നതെന്നാണ് റാവു ക്ഷുഭിതനായി റെഡ്ഡിയോട് ചോദിച്ചത്. റാവുവിന്റെ മുഖം ദേഷ്യത്താൽ ചുവന്നിരുന്നു. ഹൃദയമിടിപ്പ് വല്ലാതെ കൂടിയിരുന്നു, രക്തസമ്മർദ്ദവും നന്നായി ഉയർന്നിരുന്നു. രക്തസമ്മർദ്ദം കുറയുന്നതിനുള്ള മരുന്ന് കൊടുത്ത്, റാവു ഒന്ന് ശാന്തനായി എന്ന് കണ്ടതിന് ശേഷമാണ് താൻ മുറി വിട്ടുപോയതെന്നാണ് റെഡ്ഡി പിന്നീട് വിനയ് സിതാപതിയോട് പറഞ്ഞത്. പള്ളി തകർക്കപ്പെട്ടതിൽ റാവുവിന് ശരിക്കും ദുഃഖമുണ്ടായിരുന്നെന്നും ശരീരം കള്ളം പറയില്ലെന്നുമാണ് ഡോ. റെഡ്ഡി പറഞ്ഞത്.

റാവുവിന് ചിലപ്പോൾ ശരിക്കും ആത്മക്ഷോഭമുണ്ടായിട്ടുണ്ടാവാം. പക്ഷേ, ഈ കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തത്തിൽനിന്ന് റാവുവിന് ഒരിക്കലും കൈകഴുകാനാവില്ല. റാവുവിന്റെ നിഷ്‌ക്രിയത്വം ഒന്നു മാത്രമാണ് ബാബറി മസ്ജിദ് തകർക്കപ്പെടുന്നതിന് വഴിയൊരുക്കിയതെന്ന് റാവു സർക്കാരിൽ ആഭ്യന്തര വകുപ്പ് സെക്രട്ടറിയായിരുന്ന മാധവവ് ഗോഡ്ബോൾ എഴുതിയിട്ടുണ്ട്.

പള്ളി സംരക്ഷിക്കുന്നതിനുള്ള കൃത്യമായ കർമ്മ പദ്ധതി ഗോഡ്ബോൾ തയ്യാറാക്കിയിരുന്നു. പള്ളിയും പരിസരവും കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്നും ഇതിൽ സഹകരിക്കാൻ അന്നത്തെ യു.പിയിൽ അധികാരം കയ്യാളിയിരുന്ന കല്ല്യാൺ സിങ് സർക്കാർ വിസമ്മതിച്ചാൽ ആ സർക്കാരിനെ പിരിച്ചുവിട്ട് രാഷ്രടപതി ഭരണം ഏർപ്പെടുത്തണമെന്നും ഗോഡ്ബോൾ വ്യക്തമാക്കിയിരുന്നു. പക്ഷേ, റാവു ഇതിന് ഒരിക്കലും സമ്മതം നൽകിയില്ല.

പള്ളി പൊളിക്കില്ലെന്ന് കപട വാഗ്ദാനം നൽകിയ ബി.ജെ.പി. നേതാക്കളെ വിശ്വസിക്കുകയാണ് റാവു അവസാനനിമിഷം വരെ ചെയ്തത്. അതിന് റാവു മാത്രമല്ല, കോൺഗ്രസും നൽകേണ്ടി വന്ന വില കനത്തതായിരുന്നു. തന്റെ നിർദ്ദേശങ്ങൾ റാവു സർക്കാർ അവഗണിച്ചതാണ് പള്ളി തകർക്കപ്പെടാൻ ഇടയാക്കിയതെന്ന് ചൂണ്ടിക്കാട്ടി ഗോഡ്ബോൾ കേന്ദ്ര സർക്കാർ സർവ്വിസിൽനിന്ന് രാജിവെച്ചു. ഒന്നരക്കൊല്ലത്തെ സർവ്വീസ് ബാക്കി നിൽക്കെയാണ് 1993 മാർച്ചിൽ ഗോഡ്ബോൾ നിരാശനും ദുഃഖഭരിതനുമായി കളമൊഴിഞ്ഞത്.

ഗുജറാത്ത് കലാപനാളുകളിൽനിന്ന്

കലാപവും ഭരണകൂടവും

റാവുവിനെയും ലാലുവിനെയും ഇവിടെ ഇപ്പോൾ ഓർക്കാൻ കാരണം ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മുൻ ഗുജറാത്ത് ഡി.ജി.പി. ആർ.ബി. ശ്രീകുമാറും സന്നദ്ധ സേവന സംഘടന പ്രവർത്തക തീസ്ത സെതൽവാദും അറസ്റ്റ് ചെയ്യപ്പെട്ട സംഭവമാണ്. ഗുജറാത്ത് കലാപത്തിന് കാരണക്കാരായവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ അത്യധികം പ്രയത്നിച്ചവരാണ് ഇവർ രണ്ടുപേരും. 'Gujarat: Behind the Curtain' എന്ന ഗ്രന്ഥത്തിൽ കലാപം ആർ.ബി.എസ്. നിഷ്‌കൃഷ്ഠമായി വിശകലനം ചെയ്യുന്നുണ്ട്.

2002 ഫെബ്രുവരിയിൽ കലാപം നടക്കുമ്പോൾ ഗുജറാത്തിൽ സായുധ പോലിസ് യൂണിറ്റുകളുടെ ചുമതലയുള്ള എ.ഡി.ജി.പിയായിരുന്നു ആർ.ബി. ശ്രീകുമാർ. ഫെബ്രുവരി 27-ന് രാവിലെയാണ് ഗോധ്ര തീപ്പിടിത്തമുണ്ടായത്. അടുത്ത ദിവസം രാവിലെ ഓഫിസിലേക്ക് പോകുമ്പോൾ കലാപകാരികൾ അഴിഞ്ഞാടുന്നത് ആർ.ബി.എസ്. കണ്ടു. കലാപകാരികൾ നിരപരാധികളെ ആക്രമിക്കുന്നത് കണ്ടുകൊണ്ട് വെറുതെ നിൽക്കുകയായിരുന്ന പോലീസുകാരോട് എന്തു കൊണ്ടാണ് നടപടി എടുക്കാത്തതെന്ന് ആർ.ബി.എസ്. ചോദിച്ചു. അപ്പോൾ അവർ പറഞ്ഞത് മുകളിൽനിന്ന് ഉത്തരവ് കിട്ടിയിട്ടില്ലെന്നായിരുന്നു.

ഭരണകൂടം അറിയാതെ ഒരു കലാപവും നടക്കില്ലെന്ന് ഈ കോളത്തിൽ ഇതിനു മുമ്പ് പല വട്ടം എഴുതിയിട്ടുണ്ട്. ആർ.ബി.എസും ഇതുതന്നെയാണ് ആവർത്തിച്ച് പറയുന്നത്. 1969-ൽ കേരള സർവ്വ കലാശാലയിൽനിന്ന് ചരിത്രത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം എടുത്തതിന് ശേഷമാണ് ആർ.ബി.എസ്. ഐ.പി.എസിൽ ചേരുന്നത്. 1974 മുതൽ 2007 വരെ 33 വർഷം നീണ്ട ഔദ്യോഗിക ജീവിതത്തിൽ ഒരിക്കൽപോലും കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയതിനോ സാമ്പത്തിക ക്രമക്കേടുകൾക്കോ ഒരു നടപടിക്കും വിധേയനാകേണ്ടി വന്നിട്ടില്ലാത്ത പോലിസ് ഓഫീസറാണ് ആർ.ബി.എസ്.

എ.എസ്.പിയായി ഔദ്യോഗിക ജീവിതം തുടങ്ങിയ ആർ.ബി.എസ്. ഗുജറാത്ത് ഡി.ജി.പിയായാണ് വിരമിച്ചത്. ഗുജറാത്ത് കലാപം അന്വേഷിച്ച പ്രത്യേ അന്വേഷണ സംഘത്തലവൻ ആർ.കെ. രാഘവൻ 2005-ൽ ഫ്രണ്ട്ലൈനിൽ എഴുതിയ ലേഖനത്തിൽ ആർ.ബി.എസിനെ അകമഴിഞ്ഞ് പ്രശംസിക്കുന്നുണ്ട്. പക്ഷേ, പ്രത്യേക അന്വേഷണ സംഘത്തലവനായി ഗുജറാത്തിലെത്തിയത് പുതിയൊരു രാഘവനായിരുന്നെവെന്ന് ആർ.ബി.എസ്. എഴുതുന്നത് ആത്മരോഷത്തോടെയാണ്. 2017-ൽ ആർ.കെ. രാഘവനെ സൈപ്രസ്സിൽ ഹൈക്കമ്മീഷണറായി മോദി സർക്കാർ നിയമിച്ചതും ആർ.ബി.എസ്. ചൂണ്ടിക്കാട്ടുന്നു.

പോലിസ് വിചാരിച്ചാൽ നിയന്ത്രിക്കാനാവാത്ത കലാപമില്ലെന്നതാണ് വാസ്തവം. പോലീസിനെ അിയിച്ചാണ് പലപ്പോഴും കലാപകാരികൾ ഓരോ സ്ഥലത്തേക്ക് നീങ്ങുന്നത്. തിരുവനന്തപുരത്താണ് കലാപം നടക്കുന്നതെങ്കിൽ പോലിസിനോട് തങ്ങൾ മണക്കാട്ടേക്ക് പോവുകയാണെന്നും അങ്ങോട്ട് വരരുതെന്നും കലാപകാരികളുടെ നേതാക്കൾ പറഞ്ഞിരിക്കും. കലപകാരികൾക്ക് ഒത്താശ നൽകുന്ന ഭരണകൂടമാണ് അധികാരത്തിലുള്ളതെങ്കിൽ പോലീസ് നേരെ പോകുന്നത് പഴവങ്ങാടിക്കായിരിക്കും. ഈ രീതിയിലാണ് ഗുജറാത്തിൽ നരോദ്യപാട്യയിലും ഗുൽബെർഗ് സൊസൈറ്റിയിലുമൊക്കെ കലാപകാരികൾ അക്രമം അഴിച്ചുവിട്ടതെന്നാണ് ആർ.ബി.എസ്. പറയുന്നത്.

രാജീവ് ഗാന്ധി

പിന്നിലേക്കുള്ള യാത്രകൾ

ഭരണകൂടത്തിന്റെ ഈ ഒത്താശയ്ക്കെതിരെയാണ് തീസ്തയും ആർ.ബി.എസും പോരാടിയത്. ഇപ്പോൾ സുപ്രീം കോടതി പറയുന്നത് വ്യാജരേഖകളുണ്ടാക്കി ഇവർ ഭരണകൂടത്തിനെ വെട്ടിലാക്കാൻ ശ്രമിച്ചുവെന്നാണ്. വിചിത്രമായൊരു വിധിയാണ് ഇക്കഴിഞ്ഞ ജൂൺ 24-ന് സുപ്രീംകോടതി പുറപ്പെടുവിച്ചതെന്ന് പല നിയമജ്ഞരും അഭിപ്രായപ്പെടുന്നുണ്ട്. ആർ.കെ. രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് ക്ലീൻ ചിറ്റ് കൊടുത്ത മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെയാണ് കലാപത്തിൽ കൊല്ലപ്പെട്ട മുൻ കോൺഗ്രസ് എം.പി. എഹ്സാൻ ജെഫ്രിയുടെ ഭാര്യ സാകിയ ജെഫ്രി സുപ്രീം കോടതിയെ സമീപിച്ചത്.

സുപ്രീം കോടതി മജിസ്ട്രേറ്റ് കോടതിയുടെ വിധി ശരിവെച്ചു. ഒപ്പം തീസ്ത, ശ്രികുമാർ, സഞ്ജിവ് ഭട്ട് എന്നിവർക്കെതിരെ നിശിതമായ വിമർശമുന്നയിക്കുകയും ചെയ്തു. കൃത്രിമരേഖകൾ ചമച്ച് ഭരണകൂടത്തിനെ പ്രതിക്കൂട്ടിലാക്കിയ ഇവർക്കെതിരെ നടപടി വേണമെന്നും കോടതി പറഞ്ഞു. വിമർശനങ്ങൾക്കിരയായ മൂന്നു പേരുടെയും വാദങ്ങൾ സുപ്രീം കോടതി കേട്ടിട്ടില്ല.

വാദം കേൾക്കാതെ എങ്ങിനെയാണ് കോടതി ഇത്തരമൊരു നിഗമനത്തിൽ എത്തുന്നതെന്നാണ് മുൻ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗോവിന്ദ മാത്തുർ ചോദിച്ചത്. പരാതിക്കാരുടെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ടെങ്കിൽ അവരുടെ വാദം കേൾക്കുക എന്നതാണ് പ്രാഥമികമായി ചെയ്യേണ്ടതെന്നാണ് ജസ്റ്റിസ് മാത്തുർ ചൂണ്ടിക്കാട്ടിയത്. ആർ.ബി.എസിന്റെയോ തീസ്തയുടെയോ വാദമുഖങ്ങൾ ഈ വിഷയത്തിൽ സുപ്രീം കോടതി കേട്ടിട്ടില്ലെന്നും അതുകൊണ്ടുതന്നെ സ്വാഭാവികനീതിയുടെ നിഷേധം ഇവിടെയുണ്ടെന്നുമാണ് ജസ്റ്റിസ് മാത്തുർ അർത്ഥശങ്കയ്ക്കിടമില്ലാതെ വ്യക്തമാക്കുന്നത്.

ജസ്റ്റിസ് നാനാവതി കമ്മീഷനും ആർ.കെ. രാഘവൻ നേതൃത്വം നൽകിയ പ്രത്യേക അന്വേഷണ സംഘത്തിനുമാണ് ആർ.ബി.എസും സഞ്ജിവ് ഭട്ടുമൊക്കെ രേഖകൾ കൈമാറിയത്. അന്വേഷണത്തിന് തങ്ങളാലാവുന്ന സഹായം എന്ന നിലയിലുള്ള ഇടപെടലുകളായാണ് ഇവരൊക്കെ ഇതിനെ കണ്ടത്. ഈ സഹകരണമാണ് ഇപ്പോൾ സുപ്രീം കോടതി തള്ളിക്കളഞ്ഞിരിക്കുന്നത്. ഇതുയർത്തുന്ന ചോദ്യങ്ങൾ തീർച്ചയായും കാണാതിരിക്കാനാവില്ല. സത്യസന്ധരായ ഓഫീസർമാർക്ക് ഈ വിധി എന്ത് സന്ദേശമാണ് നൽകുന്നതെന്നാണ് സിവിൽ സർവ്വീസിൽനിന്നും വിരമിച്ച ഒരു ഉദ്യോസ്ഥൻ ചോദിച്ചത്.

ലോകത്തെ വ്യാഖ്യാനിക്കുകയല്ല മാറ്റിത്തീർക്കുയാണ് വേണ്ടതെന്ന് പറഞ്ഞ കാൾ മാർക്സിനെ ഇവിടെ ഓർക്കാതെ വയ്യ. ചരിത്രം നിർമ്മിക്കാൻ കഴിവുള്ള ജിവിയാണ് മനുഷ്യൻ. ഓരോ നിമിഷം കഴിയുന്തോറും നമ്മുടെ വിജ്ഞാന ചക്രവാളങ്ങൾ വികസിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെത്തേതിനേക്കാൾ കൂടുതൽ അറിവുള്ളവരാണ് ഇന്നത്തെ നമ്മൾ. എന്നിട്ടും ചില ഘട്ടങ്ങളിൽ നമ്മൾ നടക്കുന്നത് പിന്നിലേക്കാണ്.

1984-ൽ ഡൽഹിയിൽ നടന്ന സിഖ് കൂട്ടക്കൊല അത്തരത്തിലൊന്നായിരുന്നു. 2002-ൽ ഗുജറാത്തിൽ നടന്നതും ഇതാണ്. 2010-ൽ തൊടുപുഴയിൽ ടി.ജെ. ജോസഫ് എന്ന അദ്ധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയതും ഇക്കഴിഞ്ഞ ദിവസം ഉദയ്പൂരിൽ കനയ്യലാൽ എന്ന തയ്യൽക്കാരന്റെ കഴുത്തറുത്തതും പിന്നിലേക്കുള്ള നടത്തം തന്നെയാണ്. പരിഷ്‌കൃത സമൂഹമാണ് നമ്മുടേത് എന്ന അവകാശവാദം എത്രമാത്രം പൊള്ളയാണെന്നാണ് ഈ സംഭവങ്ങൾ തെളിയിക്കുന്നത്.

അറസ്റ്റ് ചെയ്യുന്നതിന് തൊട്ടു മുമ്പ് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ആർ.ബി.എസ്. ഉദ്ധരിക്കുന്ന ഋഷി വചനം ഇതാണ്: ''അറിവ് വികസിക്കുന്നത് കർമ്മത്തിലാണ്.'' വാക്ക് കർമ്മമാവുന്ന പ്രക്രിയയയാണത്. വചനം മാംസമാവുന്ന അവസ്ഥ. വാക്കിനും ചെയ്തിക്കുമിടയിലുള്ള വിടവ് കൂടുന്നതാണ് ഇന്ന് നമ്മുടെ സമസ്ത വ്യവഹാര മേഖലകളെയും അപചയത്തിലാഴ്ത്തുന്നത്. വാക്ക് വെറും വാക്കായില്ല എന്നതാണ് ലാലു പ്രസാദ് യാദവ് 1990-ൽ രാഷ്ട്രത്തിന് കാണിച്ചുകൊടുത്തത്. വാക്ക് എങ്ങിനെയാണ് മൃതവും അചേതനവുമാവുന്നതെന്നാണ് നരസിംഹ റാവു 1992-ൽ തെളിയിച്ചത്.

കോൺഗ്രസിന്റെ ആത്മാവില്ലാത്ത മതേതരത്വമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറ ഇളക്കുന്നതിന് വഴിയൊരുക്കിയതെന്ന് ആർ.ബി.എസ്. തന്റെ പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. എല്ലാത്തരം വർഗ്ഗീയതകളെയും പ്രീണിപ്പിക്കുന്ന സമീപനമാണ് കോൺഗ്രസിനെ ഇന്നത്തെ അവസ്ഥയിലെത്തിച്ചത്. 1984-ൽ ഇന്ത്യ കണ്ട ഏറ്റവും വലിയ ഭൂരിപക്ഷമാണ് ലോക്സഭയിൽ കോൺഗ്രസിന് കിട്ടിയത്. പക്ഷേ, അഞ്ച് കൊല്ലത്തിനുള്ളിൽ ആ ജനസമ്മതിയുടെ എല്ലാ പകിട്ടും പൊലിമയും രാജീവ് ഗാന്ധിയും കൂട്ടരും കളഞ്ഞുകുളിച്ചു.

ഷബാനു കേസിലെ സുപ്രീം കോടതി വിധി അട്ടിമറിച്ചു കൊണ്ട് മുസ്ലിം മതമൗലികവാദികളെയും ബാബറി മസ്ജിദിന്റെ വാതിലുകൾ 1986 ൽ തുറന്നുകൊടുത്തുകൊണ്ട് ഹിന്ദു മതമൗലികവാദികളെയും ഒരുപോലെ കൂടെ നിർത്താനുള്ള രാജീവിന്റെയും കൂട്ടരുടെയും ശ്രമം മതേതരത്വത്തിന്റെ കോൺഗ്രസ് വഴിയിൽ നിന്നുള്ള വ്യതിയാനവും പലായനവുമായിരുന്നു. പിന്നീടങ്ങോട്ട് വർഗ്ഗീയതയ്ക്കും മതമൗലികവാദത്തിനും എതിരെ ഒരിക്കൽ പോലും കൃത്യമായൊരു കൗണ്ടർ സ്്ട്രാറ്റജി അവതരിപ്പിക്കാനോ പ്രയോഗത്തിൽ വരുത്താനോ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല.

ഇന്ദിര ഗാന്ധി, നരേന്ദ്ര മോദി

ഇന്ദിരയല്ല മോദി

കോൺഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം മുന്നോട്ടുവെയ്ക്കുന്ന ബി.ജെ.പി. ഇപ്പോൾ നടക്കുന്നത് കോൺഗ്രസ് പലപ്പോഴും തുറന്നിട്ട വഴികളിലൂടെയാണ്. എത്ര അനായാസമായാണ് മഹാരാഷ്ട്രയിൽ ബി.ജെ.പി. വീണ്ടും അധികാരത്തിലെത്തുന്നത്. ശിവസേന വിമതൻ ഏക്നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കിക്കൊണ്ട് ബി.ജെ.പി. കളിക്കുന്ന ഈ കളിയിൽ ശിവസേന അടിപടലം തകർന്നടിഞ്ഞേക്കും. കർണ്ണാടകത്തിൽ ഇപ്പോൾ ജനതാദൾ എസ് നേരിടുന്ന പ്രതിസന്ധിയാണ് മഹാരാഷ്ട്രയിൽ ശിവസേനയെ കാത്തിരിക്കുന്നത്.

ജനാധിപത്യത്തെ എങ്ങിനെ അടിച്ചമർത്താമെന്ന് 1975-ൽ അടിയന്തരാവസ്ഥയിലൂടെ ഇന്ദിര ഗാന്ധി തെളിയിച്ചു. ഇന്നിപ്പോൾ അടിയന്തരാവസ്ഥയില്ലാതെ തന്നെ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നത് എങ്ങിനെയാണെന്നതിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് ബി.ജെ.പി. ഭരണഘടനാ സ്ഥാപനങ്ങൾ ഒന്നൊന്നായി ഭരണകൂടത്തിന് മുന്നിൽ സ്വയം കീഴടങ്ങുന്ന ഭീതിദമായ അവസ്ഥയാണ് രാഷ്ട്രം ഇന്ന് നേരിടുന്നത്.

അടിയന്തരാവസ്ഥയിൽ ഇന്ദിര ഗാന്ധിയുടെ നേതൃത്വം ചോദ്യം ചെയ്യപ്പെട്ടിരുന്നു. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ പ്രതിപക്ഷം അന്ന് ഇന്ദിരയുടെ ഏകാധിപത്യത്തിനെതിരെ വൻപ്രതിഷേധമുയർത്തി. ജനങ്ങൾ വരികയാണ്, സിംഹാസനം ഒഴിയൂ എന്ന മുദ്രാവാക്യമുയർത്തിയ ജെ.പിക്ക് ജനലക്ഷങ്ങളുടെ പിന്തുണയുണ്ടായിരുന്നു. ഇന്നിപ്പോൾ അതല്ല അവസ്ഥ. കർഷക നിയമങ്ങൾ പിൻവലിക്കേണ്ടി വന്നതൊഴിച്ചാൽ മറ്റൊരു ജനവിരുദ്ധ നീക്കത്തിൽനിന്നും ബി.ജെ.പി. സർക്കാരിന് പിന്നാക്കം പോകേണ്ടി വന്നിട്ടില്ല.

അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ 1977-ലെ പൊതു തിരഞ്ഞെടുപ്പിൽ ഇന്ദിരയ്ക്ക് പരാജയത്തിന്റെ രുചി അറിയേണ്ടി വന്നു. മൂന്നു വർഷത്തിനപ്പുറം അധികാരത്തിൽ തിരിച്ചെത്തിയെങ്കിലും അത് അടിയന്തരാവസ്ഥയിലെ ഇന്ദിര ആയിരുന്നില്ല, മറിച്ച് അടിയന്തരാവസ്ഥയുടെ പാഠങ്ങൾ മറക്കാതിരുന്ന ഇന്ദിര ആയിരുന്നു.

ഹിന്ദുത്വയുടെ മുന്നേറ്റം രൂപം കൊടുത്തിട്ടുള്ള വലിയൊരു ജനക്കൂട്ടം പിന്നിലുണ്ടെന്നതാണ് പ്രധാനമന്ത്രി മോദിയെ വ്യത്യസ്തനാക്കുന്നത്. ഇന്ദിര നേരിട്ടതുപോലുള്ള ജനരോഷം മോദിക്കെതിരെ ഉയരുന്നില്ല. സമൂഹത്തെ കൃത്യമായി വർഗ്ഗീയവത്ക്കരിക്കാൻ കഴിഞ്ഞതിന്റെ വിളവാണിത്. ഈ വിളവ് നൂറുമേനിയാക്കാനുള്ള ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ശ്രമത്തിന് കോർപറേറ്റുകളുടെ അകമഴിഞ്ഞ പിന്തുണയുണ്ടെന്നതും കാണാതിരിക്കാനാവില്ല.

ആരോഗ്യ പരിപാലനത്തിൽ ഇന്ത്യ എത്രമാത്രം പരിതാപകരമായ അവസ്ഥയിലാണെന്ന് കോവിഡ് മഹാമാരി തെളിയിച്ചു. കോടിക്കണക്കിന് വരുന്ന കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തിന്റെ ദുരവസ്ഥയും മഹാമാരിക്കാലത്ത് ഇന്ത്യ കണ്ടു. രണ്ട് ഭീമൻ കോർപറേറ്റ് കുടുംബങ്ങളുടെ അതിവേഗ വളർച്ചയ്ക്കും ഇതേ കാലയളവിൽ രാഷ്ട്രം സാക്ഷ്യം വഹിച്ചു. ഒരു കോർപറേറ്റ് കുടുംബത്തിന്റെ തേരിലേറി കേരളം പിടിക്കാനുള്ള ആം ആദ്മി പാർട്ടിയുടെ നീക്കവും ഈ ഘട്ടത്തിൽ തന്നെയാണുണ്ടായത്.

ദ്രൗപദി മുർമു

ദ്രൗപദി മുർമു പറയുന്നത്

ആദിവാസികൾക്ക് വേണ്ടി ജിവിതം സമർപ്പിച്ച ഫാ. സ്റ്റാൻ സ്വാമിയെ നിർദ്ദയം വേട്ടയാടിയ ഭരണകൂടമാണ് ദ്രൗപദി മുർമുവിനെ രാഷ്ട്രപതി സ്്ഥാനാർത്ഥിയാക്കുന്നത്. വനഭൂമിയും അതിലടങ്ങിയ ധാതുവിഭവങ്ങളും കോർപറേറ്റുകൾക്ക് കൊള്ളയടിക്കാൻ വിട്ടുകൊടുക്കുന്നതിൽ മനഃസാക്ഷിക്കുത്തേതുമില്ലാത്ത ഒരു ഭരണകൂടം മുന്നോട്ടുവെയ്ക്കുന്ന ഔദാര്യമാണ് ദ്രൗപദിയുടെ സ്ഥാനാർത്ഥിത്വം. പ്രതീകാത്മകതകൊണ്ട് യാഥാർത്ഥ്യത്തെ മറികടക്കുന്ന ജാലവിദ്യയാണിത്. ഈ കൺകെട്ട് വിദ്യയിൽ ഇന്നിപ്പോൾ നരേന്ദ്ര ദാമോദർദാസ് മോദിയെ മറിടക്കാൻ മറ്റൊരു നേതാവില്ല.

പൗരസമൂഹത്തിന്റെ സ്വാതന്ത്ര്യവും സ്വകാര്യതയും എത്ര അനായാസമായി ഭരണകൂടത്തിന് കവർന്നെടുക്കാമെന്നതിന് പെഗാസസിന്റെ ദൃഷ്ടാന്തവും നമുക്ക് മുന്നിലുണ്ട്. സ്വകാര്യ വിവരങ്ങൾ ചോർത്താൻ മാത്രമല്ല, നമ്മുടെയൊക്കെ ലാപ്ടോപ്പുകളിലേക്കും മൊബൈൽ ഫോണുകളിലേക്കും നുഴഞ്ഞുകയറി നമുക്കെതിരെ വ്യാജ തെളിവുകൾ സൃ്ഷ്ടിക്കാനും കഴിയുന്ന സാങ്കേതികവിദ്യയുടെ ലോകമാണിത്. ഇലക്ടറൽ ബോണ്ടുകൾ എന്ന കലാപരിപാടിയിലൂടെ ബി.ജെ.പി. സമാഹരിക്കുന്നത് അതിഭീമമായ പണമാണ്.

ഒരു പാർട്ടി, ഒരു നേതാവ്, ഒരു ഭാഷ, ഒരു സംസ്‌കാരം എന്ന പരികൽപനയ്ക്ക് വെള്ളവും വളവും ലഭിക്കുന്നത് ഇത്തരം വഴികളിലൂടെയാണ്. ആത്യന്തികമായി ജനാധിപത്യത്തിന്റെ വർത്തമാനവും ഭാവിയും ജനങ്ങളുടെ കൈയ്യിൽ തന്നെയാണ്. We The People എന്ന് ഇന്ത്യൻ ഭരണഘടന പ്രഖ്യാപിക്കുന്നത് വെറുതെയല്ല. ഏതൊക്കെ സ്ഥാപനങ്ങൾ തകർന്നാലും ഉണർന്നിരിക്കുന്ന പൗരസമൂഹം ഉള്ളിടത്തോളം കാലം ജനാധിപത്യം അങ്ങിനെയങ്ങ് ഇല്ലാതാക്കാനാവില്ല.

ഈ ഉണർവ്വാണ് യു.പി. നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ഭൂരിപക്ഷം കുറച്ചത്. ഈ ഉണർവ്വാണ് തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. ഈ ഉണർവ്വ് തന്നെയാണ് ഡൽഹിയിൽ ബുൾഡോസറുകൾക്ക് മുന്നിൽ നിർഭയം നിലയുറപ്പിക്കാൻ സി.പി.എം. നേതാവ് ബൃന്ദ കാരാട്ടിന് തുണയായത്. അഖിലേന്ത്യാ തലത്തിൽ ഈ ഉണർവ്വിനെ ഒരു ജനകീയ മുന്നേറ്റമാക്കി മാറ്റാൻ പ്രതിപക്ഷത്തിന് കഴിയുമോ എന്നതാണ് ചോദ്യം. രാഹുൽ ഗാന്ധിയും സിതാറാം യെച്ചൂരിയും മാത്രമല്ല, ശരദ് പവാറും മമത ബാനർജിയും നവീൻ പട്നായിക്കും ജഗൻമോഹൻ റെഡ്ഡിയും എം.കെ. സ്റ്റാലിനും ഒരുപോലെ ഉത്തരം പറയേണ്ട ചോദ്യമാണിത്.

വഴിയിൽ കേട്ടത്: നാല് കൊല്ലം മുമ്പ് നടത്തിയ ഒരു ട്വീറ്റിന് ഓൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈർ അറസ്റ്റിൽ. സംസാര സ്വാതന്ത്ര്യം സംരക്ഷിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിജി ഏഴ് യോഗത്തിൽ. നുപൂർ ശർമ്മ, കപിൽ ശർമ്മ, യോഗി ആദിത്യ നാഥ് എന്നിവരുടെയൊക്കെ സംസാര സ്വാതന്ത്ര്യം എന്നായിരിക്കാം നേതാവ് ഉദ്ദേശിച്ചത്....!

Content Highlights: RB Sreekumar, Teesta Setalvad, Gujarat Riot, Narendra Modi, Vazhipokkan

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented