
courtesy: Twitter|ChhattisgarhCMO
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 29ന് കൊല്‍ക്കത്തയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശം മറക്കാനാവില്ല. '' 40 ടി എം സി എം എല്‍ എമാര്‍ ഇപ്പോള്‍ എന്നോട് ബന്ധപ്പെടുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുന്നതോടെ നിങ്ങളുടെ എല്ലാ എം എല്‍ എമാരും നിങ്ങളെ ഉപേക്ഷിക്കും. '' ഇന്ത്യന്‍ ജനാധിപത്യം ഇന്നെത്തി നില്ക്കുന്ന പരിതാപകരമായ അവസ്ഥയത്രയും പ്രധാനമന്ത്രിയുടെ ഈ വാക്കുകളില്‍ പ്രതിഫലിക്കുന്നുണ്ടായിരുന്നു. എന്തുകൊണ്ടാണ് ഈ എം എല്‍ എമാര്‍ തന്നെ ബന്ധപ്പെടുന്നതെന്നോ ബിജെപിയിലേക്ക് കൂടുമാറാന്‍ ഈ എം എല്‍ എമാര്‍ക്ക് പ്രചോദനമേകുന്നതെന്താണെന്നോ മോദി വെളിപ്പെടുത്തിയില്ല.
തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടാത്ത സംസ്ഥാനങ്ങളില്‍ എന്തുവിലകൊടുത്തും ഭരണം പിടിക്കുമെന്ന പരസ്യമായ പ്രഖ്യാപനമാണ് മോദി നടത്തിയതെന്ന വിമര്‍ശം ഉയര്‍ന്നത് ഈ പരിസരത്തിലാണ്. തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് എം എല്‍ എ മാര്‍ മമതയെ വിട്ടുപോയില്ല. കര്‍ണ്ണാടകം ബംഗാളില്‍ ആവര്‍ത്തിക്കാതെ പോയതിന് പിന്നില്‍ മമതയുടെ നേതൃശേഷിയും ജനങ്ങളുടെ ധാര്മ്മികബോദ്ധ്യവും ഘടകങ്ങളായിരുന്നിരിക്കണം.
കര്‍ണ്ണാടകത്തില്‍ ബിജെപിയുടെ പരീക്ഷണം വന്‍ വിജയമായിരുന്നു. ഭരണം വീഴ്ത്തുന്നതിനാവശ്യമായ എം എല്‍ എ മാര്‍ രാജിവെയ്ക്കുന്നു. ഇവര്‍ പിന്നീട് ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നു. കര്‍ണ്ണാടകത്തില്‍ കൂറുമാറിയ 17 എം എല്‍ എമാരില്‍ 11 പേരും ബിജെപി ടിക്കറ്റില്‍ വീണ്ടും നിയമസഭയിലെത്തി.രണ്ട് കാര്യങ്ങളാണ് ഈ കൂറുമാറ്റങ്ങള്‍ പ്രധാനമായും ഉയര്‍ത്തുന്നത്. വിലയ്ക്കു വാങ്ങാന്‍ കഴിയുന്ന ചരക്കുകളായി എം എല്‍ എമാര്‍ അധ:പ്പതിക്കുന്നുവെന്നതാണ് ആദ്യത്തേത്. ജനങ്ങളുടെ തിരഞ്ഞെടുപ്പിനെ പണം കൊണ്ട് മറികടക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് കഴിയുന്നുവെന്നതാണ് രണ്ടാമത്തേത്. വീണ്ടും തിരഞ്ഞെടുപ്പിന് നിന്ന് ഇതേ എം എല്‍ എമാര്‍ വിജയിക്കുന്നുണ്ടെന്ന വാദം വാസ്തവത്തില്‍ ഇതിനുള്ള മറുപടിയല്ല. മറ്റൊരു വഴിയുമില്ലാതെ ജനങ്ങള്‍ ഇവരെ തിരഞ്ഞെടുക്കാന്‍ നിര്‍ബ്ബന്ധിതരാവുകയാണ് എന്നതാണ് വാസ്തവം.
എം എല്‍ എ മാരെ വിലയ്ക്കെടുക്കുന്നത് പുതിയ സംഗതിയല്ല. 1967 ല്‍ ഹരിയാനയില്‍ ഗയലാല് എന്ന എം എല്‍ എ കോണ്‍ഗ്രസ്സിലേക്കും ജനതാപാര്‍ട്ടിയിലേക്കും പല വട്ടം കൂറുമാറിയത് വലിയ വാര്‍ത്തയായിരുന്നു. ആയാറാം ഗയാറാം എന്ന ശൈലി തന്നെ ഇതേത്തുടര്‍ന്ന് ഉടലെടുക്കുകയും ചെയ്തു. കോണ്‍ഗ്രസിനു മേല്‍ കൂറുമാറ്റത്തിന്റെ കരിനിഴല്‍ തീര്‍ച്ചയായുമുണ്ട്.
മദ്ധ്യപ്രദേശില്‍ കര്‍ണ്ണാടകം ആവര്‍ത്തിക്കുകയാണ്. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ഒരു പാര്‍ട്ടിയാണ് എം എല്‍ എമാരുടെ കൂറുമാറ്റം പ്രോത്സാഹിപ്പിക്കുന്നതെന്നത് ജനാധിപത്യ ലോകത്തിന് എന്തു സന്ദേശമാണ് നല്‍കുന്നതെന്ന ചോദ്യം അവഗണിക്കാനാവില്ല. ഇതൊരു വിപത്താണ്, വെല്ലുവിളിയാണ്. ഈ കുറുമാറ്റങ്ങള്‍ തടയുന്നതിന് 1985 ലെ കൂറുമാറ്റ നിരോധന നിയമം പര്യാപ്തമല്ല. പാര്‍ട്ടി വിപ്പിന്റെ ലംഘനം, പാര്‍ട്ടി അംഗത്വം ഉപേക്ഷിക്കല്‍ , വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്ക്കല് എന്നവിയുണ്ടായാല് എം എല്‍ എമാരെ അയോഗ്യരാക്കാം എന്നാണ് നിയമം അനുശാസിക്കുന്നത്. എം എല്‍ എ സ്ഥാനം രാജിവെയക്കുന്നതിനെ ഈ നിയമം അഭിസംബോധന ചെയ്യുന്നില്ല. ആദര്‍ശത്തിന്റെ പുറത്തുള്ള രാജികളല്ല പണത്തിന്റെ പുറത്തുള്ള രാജികളാണ് തടയേണ്ടത്.