പ്രധാനമന്ത്രി നരേന്ദ്ര മോദി | Photo: PTI
ആറ് കൊല്ലം മുമ്പ് 2016 നവംബർ എട്ടിന് രാത്രി എട്ട് മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് നോട്ട് നിരോധനം പ്രഖ്യാപിച്ചത്: ''അഴിമതിയുടെയും കള്ളപ്പണത്തിന്റെയും പിടി തകർക്കാൻ 500 രൂപയുടെയും ആയിരം രൂപയുടെയും നോട്ടുകൾക്ക് ഇന്ന് രാത്രി മുതൽ നിയമസാധുത ഉണ്ടായിരിക്കില്ലെന്ന് തീരുമാനിച്ചിരിക്കുന്നു. രാജ്യദ്രോഹികളും സാമൂഹ്യദ്രോഹികളും പൂഴ്ത്തിവെച്ചിരിക്കുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ ഇനിയങ്ങോട്ട് വിലയില്ലാത്ത വെറും കടലാസു കഷണങ്ങൾ മാത്രമായിരിക്കും. അഴിമതിക്കും കള്ളപ്പണത്തിനും കള്ളനോട്ടിനും ഭീകരപ്രവർത്തനത്തിനും എതിരെയുള്ള ഈ പോരാട്ടത്തിൽ നമ്മുടെ ജനങ്ങൾ കുറച്ച് ദിവസത്തേക്ക് വിഷമങ്ങൾ സഹിക്കില്ലേ?'' സാധാരണ മനുഷ്യരെ നോട്ട് നിരോധനം ബുദ്ധിമുട്ടിക്കുമെന്ന കാര്യത്തിൽ മോദിക്ക് സംശയമുണ്ടായിരുന്നില്ല. പിന്നീട് പ്രശ്നപരിഹാരത്തിന് 50 ദിവസത്തെ സമയമാണ് പ്രധാനമന്ത്രി ചോദിച്ചത്. ഇതിപ്പോൾ രണ്ടായിരത്തിന് മേൽ ദിവസങ്ങൾ കഴിയുമ്പോൾ നവംബർ എട്ട് മറക്കേണ്ടത് എങ്ങിനെയാണെന്നായിരിക്കും മോദിയും കൂട്ടരും ആലോചിക്കുന്നത്!
കഴിഞ്ഞയാഴ്ച സുപ്രീം കോടതി നോട്ടുനിരോധനവുമായി ബന്ധപ്പെട്ട കേസിൽ വിധി പറഞ്ഞു. ജസ്റ്റിസ് എസ്.എ. നസീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബഞ്ചിൽ നാല് ജഡ്ജിമാരുടെ ഭൂരിപക്ഷ വിധി കേന്ദ്ര സർക്കാരിന് അനുകൂലമായിരുന്നു. നോട്ടുനിരോധനത്തിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നാണ് സുപ്രീം കോടതി കണ്ടെത്തിയത്. നോട്ടുനിരോധനം അതിന്റെ ലക്ഷ്യങ്ങൾ നിറവേറ്റിയോ എന്നതിലേക്ക് കോടതി കടന്നില്ല. സംഗതി നിയമാനുസൃതമായിരുന്നോ എന്ന് മാത്രമാണ് അത്യുന്നത കോടതി നോക്കിയത്.
എന്നാൽ, നോട്ടുനിരോധന പ്രക്രിയ നിയമവിരുദ്ധമായിരുന്നെന്നും കടമ നിറവേറ്റുന്നതിൽ റിസർവ്വ് ബാങ്ക് ഒഫ് ഇന്ത്യ (ആർ.ബി.ഐ.) പരാജയപ്പെട്ടുവെന്നും ജസ്റ്റിസ് നാഗരത്ന വിയോജന വിധിയിൽ രേഖപ്പെടുത്തി. ചില വിധികൾ ശ്രദ്ധിക്കപ്പെടുന്നത് വിയോജന വിധികളിലൂടെയായിരിക്കും. 1976-ൽ അടിയന്തരവാസ്ഥയിൽ മൗലികാവകാശങ്ങൾ റദ്ദാക്കപ്പെട്ടതിനെതിരെയുള്ള കേസിൽ അഞ്ചംഗ ബഞ്ചിൽ വിയോജന വിധി എഴുതിയത് ജസ്റ്റിസ് എച്.ആർ. ഖന്ന എന്ന ഒരോയൊരു ജഡ്ജിയാണ്. ഇന്നത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ പിതാവ് വൈ.വി. ചന്ദ്രചൂഡ് അടക്കമുള്ള മറ്റ് നാല് ജഡ്ജിമാരും കേന്ദ്ര സർക്കാരിന് അനുകൂലമായാണ് വിധി എഴുതിയത്. പക്ഷേ, ഇന്നിപ്പോൾ ഇന്ത്യൻ ജനാധിപത്യം സ്നേഹത്തോടെ ഓർക്കുന്നത് ജസ്റ്റിസ് ഖന്നയുടെ ആ വിയോജനക്കുറിപ്പാണ്. ജസ്റ്റിസ് ഖന്നയായിരുന്നു ശരി എന്ന് 2017-ൽ പുട്ടസ്വാമി കേസിൽ വിധി പറഞ്ഞുകൊണ്ട് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് സ്വന്തം പിതാവ് അടക്കമുള്ളവരെ തിരുത്തിയതും മറക്കാനാവില്ല.

രഘുറാം രാജൻ, ഹസ്മുഖ് അധിയ, ഊർജിത് പട്ടേൽ
നോട്ടുനിരോധനം ഒരു ചെറിയ മീനായിരുന്നില്ല. ഇന്ത്യയിലെ കറൻസി നോട്ടുകളുടെ 86% അതായത് 15.46 ലക്ഷം കോടി രൂപയാണ് ഒറ്റയടിക്ക് നരേരന്ദ്ര മോദി സർക്കാർ റദ്ദാക്കിയത്. ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ള സ്വന്തം പണം പിൻവലിക്കാൻ കഴിയാത്ത അത്യന്തം ഭീകരമായ അവസ്ഥയിലേക്കാണ് ഒരൊറ്റ രാത്രികൊണ്ട് ഇന്ത്യൻ ജനത വലിച്ചെറിയപ്പെട്ടത്. കിരാതവും അപരിഷ്കൃതവുമെന്ന് വിശേഷിപ്പിക്കപ്പെട്ട ഈ നടപടിയിലേക്ക് മോദി സർക്കാർ എങ്ങിനെ എത്തിച്ചേർന്നുവെന്നതിന്റെ വിശദാംശങ്ങൾ ബിസിനസ് പത്രപ്രവർത്തകൻ എ.കെ. ഭട്ടാചാര്യ ' The Rise of Goliath: Twelve Disruptions that Changed India' എന്ന ഗ്രന്ഥത്തിൽ വെളിപ്പെടുത്തുന്നുണ്ട്.
.jpg?$p=c3f36ed&&q=0.8)
നോട്ടുനിരോധനം അശനിപാതം പോലെയാണ് ഇന്ത്യൻ ജനതയുടെ തലയിൽ പതിച്ചതെങ്കിലും അതിന് പിന്നിൽ ചില ആലോചനകളുണ്ടായിരുന്നു. 2014-ലാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ആദ്യം അധികാരമേറ്റത്. അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ സമരത്തിന്റെ അകമ്പടിയോടെ അധികാരത്തിലേറിയ മോദിയും കൂട്ടരും അഴിമതി അവസാനിപ്പിക്കാൻ എന്താണ് ചെയ്യുന്നതെന്ന ചോദ്യം ഇന്ത്യയുടെ അന്തരീക്ഷത്തിൽ ശക്തമായി മുഴങ്ങാൻ തുടങ്ങിയിരുന്നു. 2017-ലെ യു.പി. നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് എന്തെങ്കിലും കാര്യമായി ചെയ്യണമെന്ന് സംഘപരിവാറിന് മേൽ സമ്മർദ്ദം ഏറിക്കൊണ്ടിരുന്ന സമയമായിരുന്നു അത്.
ഇതിനിടയിലാണ് നോട്ടുനിരോധനം എന്ന ആശയം മോദിയുടെ മുന്നിലേക്കെത്തുന്നത്. ആർ.എസ്.എസ്. സഹയാത്രികനും ഇപ്പോൾ തുഗ്ളക്ക് മാസികയുടെ പത്രാധിപരുമായ സ്വാമിനാഥൻ ഗുരുമൂർത്തി എന്ന എസ്. ഗുരുമൂർത്തിക്കും പൂണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന അർത്ഥ്ക്രാന്തി എന്ന എൻ.ജി.ഒയുടെ സാരഥി അനിൽ ബൊക്കിലിനും ഈ ആശയം മോദിയിലേക്ക് എത്തിക്കുന്നതിൽ നിർണ്ണായക പങ്കുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഗുജറാത്തിൽ മോദി മുഖ്യമന്ത്രിയായിരിക്കെ പ്രിൻസിപ്പൽ സെക്രട്ടറിയും പിന്നീട് കേന്ദ്രത്തിൽ മോദി സർക്കാരിൽ റവന്യു സെക്രട്ടറിയുമായിരുന്ന ഹസ്മുഖ് അധിയയ്ക്കായിരുന്നു നോട്ടുനിരോധനത്തിന്റെ ഏകോപനച്ചുമതല. മോദിയുമായി ഗുജറാത്തിയിൽ നേരിട്ട് സംസാരിച്ചിരുന്ന അപൂർവ്വം ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു അധിയ. ഐ.ഐ.എം. അഹമ്മദാബാദിലെ ഈ ഗോൾഡ് മെഡലിസ്റ്റിന്റെ മറ്റൊരു സവിശേഷത ബെംഗളൂരുവിലെ വിവേകാനന്ദ സർവ്വകലാശാലയിൽനിന്നു യോഗയിലുള്ള പിഎച്.ഡി. ആയിരുന്നു.
റിസർവ് ബാങ്കിന്റെ അറിവും സമ്മതവും സഹകരണവുമില്ലാതെ ഒരു സർക്കാരിനും ഇന്ത്യയിൽ നോട്ടുനിരോധനം നടപ്പാക്കാനാവില്ല. സ്വാഭാവികമായും നോട്ടുനിരോധനത്തെക്കുറിച്ചുള്ള അഭിപ്രായം അറിയിക്കണമെന്ന് മോദി സർക്കാർ അന്നത്തെ റിസർവ് ബാങ്ക് ഗവർണ്ണർ രഘുറാം രാജനോട് ആവശ്യപ്പെട്ടു. രാജൻ വിശദമായൊരു കുറിപ്പ് നൽകി. നോട്ടുനിരോധനം മണ്ടത്തരമാണെന്നായിരുന്നു രാജന്റെ അഭിപ്രായം. കള്ളപ്പണവും കള്ളനോട്ടും അഴിമതിയും നേരിടുന്നതിന് നോട്ടുനിരോധനത്തെക്കാൾ കാര്യക്ഷമമായ മറ്റ് വഴികളുണ്ടെന്നും രാജൻ പറഞ്ഞു.
നോട്ടുനിരോധനത്തെ കുറിച്ച് കൂടുതൽ വിശദമായി പഠിക്കാൻ രാജൻ തന്റെ ഡെപ്യൂട്ടി ഗവർണ്ണർ ആർ.എസ്. ഗാന്ധിയോടാവശ്യപ്പെട്ടു. രാജനും ഗാന്ധിക്കുമല്ലാതെ ആർ.ബി.ഐയിൽ ഇക്കാര്യം മറ്റാർക്കുമറിയില്ലായിരുന്നു. രാജനെപ്പോലെ തന്നെ ആർ.എസ്. ഗാന്ധിയും നോട്ടുനിരോധനം എന്ന ആശയത്തിന് താത്വികമായി എതിരായിരുന്നു. പക്ഷേ, ഭരണകൂടം ഒരു കാര്യം തീരുമാനിച്ചുറച്ചിട്ടുണ്ടെന്നറിഞ്ഞാൽ അതിനെതിരെ നീങ്ങുന്നത് അർത്ഥശൂന്യമാണെന്ന് ഗാന്ധിക്കറിയാമായിരുന്നു.
സംഘപരിവാറിനും ബി.ജെ.പിക്കും അഭിമതനായിരുന്നില്ല രാജൻ. മൻമോഹൻ സിങ് സർക്കാർ കൊണ്ടുവന്ന രാജൻ ആർ.ബി.ഐയുടെ തലപ്പത്തിരിക്കുമ്പോൾ നോട്ടുനിരോധനം എളുപ്പമാവില്ലെന്ന് തിരിച്ചറിയാൻ മോദിക്കും സംഘത്തിനും പ്രത്യേക പരിശീലനത്തിന്റെയൊന്നും ആവശ്യമുണ്ടായിരുന്നില്ല. രാജനെ ലക്ഷ്യമിട്ട് സുബ്രഹ്മണ്യൻ സ്വാമി കളത്തിലിറങ്ങിയത് ഈ പരിസരത്തിലാണ്. മോദിയും ജയ്റ്റ്ലിയുമായും ഒത്തുപോകാനാവില്ലെന്ന് വന്നതോടെ രാജൻ 2016 സെപ്റ്റംബറിൽ ഇന്ത്യ വിട്ട് അമേരിക്കയിലേക്ക് തിരിച്ചുപോയി. രാജന് പകരം ഊർജിത് പട്ടേൽ ആർ.ബി.ഐ. ഗവർണറായി.
.jpg?$p=3e9df83&&q=0.8)
രണ്ടായിരത്തിന്റെ പുതിയ നോട്ട്
ഇതിന് മുമ്പുതന്നെ ആർ.ബി.ഐ. ഡെപ്യൂട്ടി ഗവർണർ രാമസുബ്രഹ്മണ്യം ഗാന്ധിയെ മോദി ഭരണകൂടം മറ്റൊരു സുപ്രധാന ദൗത്യം ഏൽപിച്ചിരുന്നു. പുതിയ കറൻസി നോട്ടുകളുടെ രൂപകൽപനയും അച്ചടിയുമായിരുന്നു ആ ദൗത്യം. ഇന്ത്യൻ കറൻസി അച്ചടിക്കുന്ന മൈസൂരു പ്രസ്സിൽ 18 ഡിസൈനർമാർ 45 ദിവസമെടുത്താണ് രൂപകൽപന പൂർത്തിയാക്കിയത്. ഓരോ രൂപകൽപനയുടെയും രൂപരേഖ മൈസൂരുവിൽനിന്നു നേരിട്ട് ഡെൽഹിയിൽ എത്തിച്ചാണ് അനുമതി കരസ്ഥമാക്കിയിരുന്നതെന്ന് ഭട്ടാചാര്യ തന്റെ പുസ്തകത്തിൽ എഴുതുന്നുണ്ട്. നോട്ടുനിരോധനത്തിലേക്കുള്ള മുൻകൂർ നടപടികൾ ഒരു തരത്തിലും ചോരാതിരിക്കാനാണ് ഇ മെയിലുകളോ കത്തിടപാടുകളോ വേണ്ടെന്നും കാര്യങ്ങൾ നേരിട്ടെത്തിച്ചൊൽ മതിയെന്നും മോദി സർക്കാർ നിഷ്കർഷിച്ചത്.
രണ്ടായിരത്തിന്റെ പുതിയ കറൻസി നോട്ടുകൾ അച്ചടിക്കാൻ ആർ.ബി.ഐ. തീരുമാനമെടുക്കുന്നത് 2016 മെയിലാണ്. ഇനിയങ്ങോട്ട് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളുടെ അച്ചടികൾ ഏറ്റെടുക്കരുതെന്ന് മൈസൂരുവിലെയും ബംഗാളിലെയും പ്രസ്സുകൾക്ക് 2016 ജൂണിൽ നിർദ്ദേശം കിട്ടി. നോട്ടുനിരോധനം നടപ്പാക്കുമെന്ന് കേന്ദ്ര സർക്കാർ തീരുമാനിച്ചതിന്റെ ഏറ്റവും ശക്തമായ സൂചനയായിരുന്നു ഈ നടപടിയെന്ന് ഭട്ടാചാര്യ എഴുതുന്നു. 2016 സെപ്റ്റംബറോടെ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും പുതിയ നോട്ടുകളുടെ അച്ചടി തുടങ്ങി.
മാദ്ധ്യമങ്ങൾക്ക് ഈ രഹസ്യനീക്കങ്ങളുടെ സൂചനകൾ കിട്ടാൻ തുടങ്ങിയിരുന്നു. 2016 ഒക്ടോബർ 28-ന് പ്രമുഖ ഹിന്ദി പത്രം ദൈനിക് ജാഗരണിൽ ഒരു വാർത്ത വന്നു. രണ്ടായിരത്തിന്റെ പുതിയ കറൻസി വിപണിയിലെത്തുമെന്നും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറൻസികളിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ചില നടപടികൾ ഉണ്ടായേക്കുമെന്നായിരുന്നു വാർത്തയിൽ ഉണ്ടായിരുന്നത്. പക്ഷേ, നോട്ടുനിരോധനം, അതും ഇത്രയധികം നോട്ടുകൾ ഒന്നിച്ച് പിൻവലിക്കുന്ന കലാപരിപാടിയാണ് വരാനിരിക്കുന്നതെന്നെ് ആർക്കും ധാരണയുണ്ടായിരുന്നില്ല. ദൈനിക് ജാഗരണിലെ വാർത്ത ജനങ്ങൾ കാര്യമായി എടുത്തില്ലെങ്കിലും മോദി സർക്കാർ അപകടം മണത്തു. വൈകുംതോറും രഹസ്യം രഹസ്യമല്ലാതാവുമെന്ന് മോദിക്ക് നന്നിയി അറിയാമായിരുന്നു. അങ്ങിനെയാണ് നവംബർ എട്ട് എന്ന തിയ്യതിയിലേക്ക് മോദിയും കൂട്ടരുമെത്തുന്നത്.
നവംബർ എട്ടിന് വൈകീട്ട് അഞ്ചരയോടെ ആർ.ബി.ഐ. ബോർഡ് യോഗം ഡെൽഹിയിൽ ചേർന്നു. ഗവർണർ ഊർജിത് പട്ടേൽ, ഡെപ്യൂട്ടി ഗവർണർമാരായ ആർ.എസ്. ഗാന്ധി, എസ്.എസ്. മുന്ദ്ര, ഡയറക്ടർമാരായ നചികേത് മോർ, ഭരത് ജോഷി, സുധീർ മങ്കാട്, അഞ്ജുലി ചിബ് ദഗ്ഗൽ, ശക്തികാന്ത് ദാസ് (ഇപ്പോഴത്തെ ആർ.ബി.ഐ. ഗവർണർ) എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. നോട്ടുനിരോധനം എന്ന അജണ്ട യോഗത്തിൽ അവതരിപ്പക്കപ്പെട്ടു. യോഗത്തിൽ പങ്കെടുത്ത എല്ലാവരും ഈ നടപടിയെ അനുകൂലിക്കുന്നവരായിരുന്നില്ല. നോട്ടിന്റെ രൂപത്തിൽ കള്ളപ്പണം സൂക്ഷിക്കുന്നത് കുറവാണെന്നും റിയൽ എസ്റ്റേറ്റ്, സ്വർണ്ണം, വജ്രങ്ങൾ, വിദേശ നിക്ഷേപങ്ങൾ എന്നിവയുടെ രൂപത്തിലാണ് കൂടുതൽ കള്ളപ്പണവും ശേഖരിക്കപ്പെട്ടിരിക്കുന്നതെന്നും യോഗത്തിൽ ശക്തമായ വാദമുണ്ടായി. കള്ളനോട്ട് ഒരു പ്രശ്നമാണെങ്കിലും 400 കോടി രൂപയോളമാണ് കള്ളനോട്ടെന്നും ഇന്ത്യയുടെ മൊത്തം കറൻസിയുമായി തട്ടിച്ചു നോക്കുമ്പോൾ നോട്ടുനിരോധനം പോലൊരു മിന്നൽപ്രഹരത്തിലൂടെ ഇതിനെ നേരിടേണ്ടതില്ലെന്നും അഭിപ്രായമുണ്ടായി.
.jpg?$p=492f11a&&q=0.8)
നമ്മൾ കുറച്ച് കഷ്ടപ്പെട്ടാലും കള്ളപ്പണക്കാർ തകരട്ടെ!
നോട്ടുനിരോധനം മോദിയുടെ മാനസിക സന്താനമായിരുന്നു. അതിനെ അനുകൂലിക്കുന്ന അഭിപ്രായങ്ങളേ ഭരണകൂടം മുഖവിലയ്ക്കെടുത്തുള്ളു. യജമാനന്റെ ഇഷ്ടം സ്വന്തം ഇഷ്ടമായിക്കാണുന്നവർക്കാണ് അതിജീവന സാദ്ധ്യതകൾ എന്ന് ഇന്ത്യയിലെ ഉദ്യോഗസ്ഥ സമൂഹത്തിന് ആരെങ്കിലും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. ആർ.ബി.ഐ. ബോർഡ് യോഗം നോട്ടുനിരോധനത്തിൽ അനുകൂല തീരുമാനമെടുത്തു. ആർ.ബി.ഐ. തീരുമാനം വന്നതോടെ മോദി മന്ത്രിസഭാ യോഗം തുടങ്ങി. ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്കൊഴികെ മറ്റൊരു മന്ത്രിക്കും വരാനിരിക്കുന്നതിനെക്കുറിച്ച് ഒരു പിടിയുമുണ്ടായിരുന്നില്ല. പതിവിന് വിപരീതമായി മന്ത്രിസഭാ യോഗത്തിനെത്തിയ മന്ത്രിമാർക്ക് മൊബൈൽ ഫോണുകൾ സുരക്ഷ ഉദ്യോഗസ്ഥർക്ക് കൈമാറേണ്ടി വന്നു. മന്ത്രിസഭാ യോഗത്തിൽ കാര്യം പറയാൻ മോദി അധികം സമയം എടുത്തില്ല. രാത്രി എട്ടു മണിയോടെ മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. മോദിയുടേത് തത്സമയ പ്രസംഗമായിരുന്നില്ല. നേരത്തെ തന്നെ റെക്കോഡ് ചെയ്ത പ്രസംഗമാണ് ദൂരദർശൻ പ്രക്ഷേപണം ചെയ്തത്.
തൽക്കാലത്തേക്കുള്ള കഷ്ടപ്പാടുകൾ നമുക്ക് മറക്കാം, നമുക്ക് അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ പൊരുതാം എന്ന ആഹ്വാനത്തോടെ പ്രധാനമന്ത്രി മോദി പ്രഭാഷണം അവസാനിപ്പിച്ചപ്പോൾ ഇന്ത്യൻ ജനതയിൽ ഭൂരിപക്ഷത്തിനും അതൊരു മാരകമായ ഇരുട്ടടിയാണെന്ന് പിടികിട്ടിയിരുന്നില്ല. മോദി സാമ്പത്തിക ശാസ്ത്രജ്ഞനല്ല. പക്ഷേ, ജനങ്ങളെ എങ്ങിനെയാണ് കയ്യിലെടുക്കേണ്ടതെന്ന് കൃത്യമായി അറിയാവുന്ന രാഷ്ട്രീയക്കാരനാണ്. കള്ളപ്പണവും അഴിമതിയും തകർക്കാൻ സാധാരണ ജനം കഷ്ടപ്പാടുകൾ സ്വയം ഏറ്റെടുക്കും എന്നറിയാനുള്ള ബുദ്ധി സംഘപരിവാറിന്റെ പ്രചാരകനായി ജീവിച്ച കാലം മോദിക്ക് പകർന്ന് നൽകിയിട്ടുണ്ട്.
നോട്ടുനിരോധനത്തിന്റെ അടുത്ത ദിവസം മുതൽ സാധാരണ മനുഷ്യരുടെ ജീവിതം ദുരിതങ്ങളിൽനിന്ന് ദുരിതങ്ങളിലേക്ക് കൂപ്പുകുത്തി. കഷ്ടപ്പെട്ടുണ്ടാക്കിയ കാശ് തിരിച്ചു കിട്ടാൻ ജനം എ.ടി.എമ്മുകൾക്ക് മുന്നിൽ ക്യു നിന്നു. നേരിട്ടുള്ള പണം ഇടപാടുകൾ കൊണ്ട് മാത്രം ഓടുന്ന ചെറുകിട, ഇടത്തരം, അസംഘടിത വ്യവസായ മേഖല കടുത്ത പ്രതിസന്ധിയിലായി. ഒരു കള്ളപ്പണക്കാരൻ പോലും നോട്ടുനിരോധനം കൊണ്ട് തകർന്ന് തരിപ്പണമായില്ല. ആത്മഹത്യ ചെയ്തവരും ഹൃദയാഘാതം വന്ന് മരിച്ചവരുമൊക്കെ സാധാരണക്കാരായിരുന്നു. നൂറോളം പേർക്കാണ് ഇത്തരത്തിൽ ജീവൻ നഷ്ടപ്പെട്ടത്. ആ ദിവസങ്ങളിൽ ചെന്നൈയിൽ ഓട്ടോയിൽ സഞ്ചരിക്കവെയാണ് മോദിയുടെ രാഷ്ട്രീയ സാമർത്ഥ്യം അടുത്തറിഞ്ഞത്.
ഓട്ടോക്കാരനുമായുള്ള സംഭാഷണം ഇങ്ങനെയായിരുന്നു:
നോട്ട് നിരോധനം വരുമാനത്തെ ബാധിച്ചോ?
ഒന്നും പറയേണ്ട, നേരത്തെ കിട്ടിയിരുന്നതിന്റെ പകുതി പോലും കിട്ടുന്നില്ല. ആളുകളെല്ലാം എ.ടി.എമ്മുകൾക്ക് മുന്നിൽ ക്യു നിൽക്കുകയാണ്. അരി മേടിക്കാൻ കാശില്ലാത്തവർ എങ്ങിനെയാണ് ഓട്ടോയിൽ കയറുക?
നേരത്തെ ഒരു ദിവസം എത്ര രൂപ കിട്ടിയിരുന്നു?
എണ്ണൂറ് രൂപയെങ്കിലും കിട്ടുമായിരുന്നു. ഇപ്പോൾ നാനൂറ് രൂപ കിട്ടിയാലായി.
അപ്പോൾ നോട്ട് നിരോധനം വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുണ്ടോ?
ഒരിക്കലുമില്ല. നോട്ട് നിരോധിച്ചതിനെ കുറ്റം പറയാനാവില്ല. ഞങ്ങളെപ്പോലുള്ള സാധാരണക്കാർ ഇത്തിരി കഷ്ടപ്പെട്ടാലും കള്ളപ്പണവും അഴിമതിയും ഇല്ലാതാവട്ടെ!
കള്ളപ്പണക്കാരും കരിഞ്ചന്തക്കാരും ഇതോടെ കുത്തുപാളയെടുക്കും എന്ന ചിന്തയിലാണ് അന്ന് ആ ഓട്ടോക്കാരൻ ആവേശം കൊണ്ടത്. സ്വന്തം വരുമാനം കുറഞ്ഞതും ജീവിതം താറുമാറായതും തൽക്കാലത്തേക്ക് മറക്കാൻ ആ മനുഷ്യൻ തയ്യാറായിരുന്നു. മനുഷ്യരുടെ ഈ ദൗർബ്ബല്യത്തിൽ പിടിച്ചാണ് നോട്ടുനിരോധനം എന്ന സർജിക്കൽ സ്ട്രൈക്ക് മോദി സർക്കാർ കൊണ്ടു വന്നത്. സാദാജനത്തിന്റെ മനഃശാസ്ത്രം അറിഞ്ഞുകൊണ്ടുള്ള ഒന്നാന്തരമൊരു ചൂതാട്ടം. 2017-ലെ യു.പി. നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. നടത്തിയ തകർപ്പൻ പ്രകടനം ഇന്ത്യൻ കറൻസിയിൽ പിടിച്ച് മോദി കളിച്ച കളിയുടെ പ്രതിഫലനം കൂടിയായിരുന്നു. നോട്ടുനിരോധനം കൈവിട്ട കളിയായിരുന്നുവെന്നും അതുകൊണ്ട് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയ്ക്കുണ്ടായ ആഘാതം എത്രമാത്രം ഭീകരമായിരുന്നുവെന്നും മോദിയും ബി.ജെ.പിയും ഇപ്പോൾ തീർച്ചയായും അറിയുന്നുണ്ടാവണം. അതുകൊണ്ട് തന്നെയാവണം മോദിയോ നിർമ്മല സിതാരാമനോ നവംബർ എട്ടിനെച്ചൊല്ലി ഇപ്പോൾ അത്രയ്ക്കങ്ങ് ആവേശം കൊള്ളാത്തത്.

സംഘടിതമായ കൊള്ള, നിയമപരമായ കവർച്ച
രാജ്യത്തെ നടുക്കിയ മോദിയുടെ നോട്ടുനിരോധന പ്രഖ്യാപനം കഴിഞ്ഞ് 16 നാളുകൾക്കപ്പുറം നവംബർ 24-ന് പാർലമെന്റിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ പ്രതികരണമുണ്ടായി. പ്രധാനമന്ത്രിയാവും മുമ്പ് റിസർവ് ബാങ്ക് ഗവർണറും ആസൂത്രണ കമ്മീഷൻ ഉപാദ്ധ്യക്ഷനും ധനമന്ത്രിയുമായിരുന്നു ഡോ. സിങ്. അദ്ദേഹത്തിന്റെ പ്രതികരണം നോട്ടുനിരോധനത്തിന്റെ പുകമറകൾ തകർക്കുമെന്ന് ബി.ജെ.പിക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ സിങ്ങിന് അവസരം കൊടുക്കാതിരിക്കാൻ ബി.ജെ.പിയുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായി. നടപടി ക്രമങ്ങളും മറ്റും ചൂണ്ടിക്കാട്ടി അരുൺ ജെയ്റ്റ്ലിയും മുഖ്താർ അബ്ബാസ് നഖ്വിയുമൊക്കെ സിങ്ങിനെ തടസ്സപ്പെടുത്താൻ നോക്കിയതിനെക്കുറിച്ച് പത്രപ്രവർത്തകൻ സഞ്ജീവ് സിങ് എഴുതിയിട്ടുണ്ട്. ഒടുവിൽ അന്നുച്ചതിരിഞ്ഞാണ് മൻമോഹൻ സിങ്ങിന് അവസരം കിട്ടിയത്. ലളിതവും ഹ്രസ്വവുമായിരുന്നു സിങ്ങിന്റെ പ്രതികരണം. പക്ഷേ, ഇത്രയും മൂർച്ചയേറിയ ഭാഷയിൽ ഇത്രയും വ്യക്തമായി മറ്റൊരാളും മോദിയും കൂട്ടരും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ഇരുട്ടിലാഴ്ത്തിയതിനെക്കുറിച്ച് പറഞ്ഞിട്ടില്ല.
മൻമോഹൻ സിങ് പറഞ്ഞതിന്റെ ചുരുക്കം ഇതായിരുന്നു. നോട്ടുനിരോധനം അതുദ്ദേശിച്ച ഒരു ഫലവും നേടിത്തരില്ല. പകരം അത് കാർഷിക മേഖലയെയും ചെറുകിട ഇടത്തരം വ്യവസായ മേഖലയെയും സഹകരണ ബാങ്കുകളെയും തകർക്കും. നോട്ടുനിരോധനം നേരിടാൻ ബാങ്കിങ് സംവിധാനത്തിൽ ഓരോ ദിവസവും പരിഷ്കാരങ്ങൾ കൊണ്ടുവരുന്നത് ഈ നടപടിയെക്കുറിച്ച് കാര്യമായൊരു തയ്യാറെടുപ്പും പ്രധാനമന്ത്രിയുടെ ഓഫിസ്, ധനമന്ത്രാലയം, റിസർവ് ബാങ്ക് എന്നിവയുടെ ഭാഗത്ത് നിന്നുണ്ടായില്ല എന്നതിനുള്ള തെളിവാണ്. ബാങ്കിൽ നിക്ഷേപിച്ച പണം പിൻവലിക്കാൻ ജനങ്ങൾക്ക് സാദ്ധ്യമല്ലാത്ത ഒരു രാജ്യത്തിന്റെയെങ്കിലും പേര് പറയാൻ പ്രധാനമന്ത്രിക്ക് കഴിയുമോ എന്ന് ഡോ. സിങ് ചോദിച്ചു.
വിഖ്യാതമായ ആ പ്രസംഗം ഡോക്ടർ സിങ് അവസാനിപ്പിച്ചത് ഇങ്ങനെയാണ്: '' So, all these measures convince me that the way this scheme has been implemented is a monumental management failure, and in fact, it is a case of organised loot, legalised plunder of the common people.'' ജനങ്ങൾ തിരഞ്ഞെടുത്ത ഒരു സർക്കാർ അതേ ജനങ്ങളെ സംഘടിതമായി കൊള്ളയടിക്കുന്നതിനും നിയമപരമായി കവർച്ച ചെയ്യുന്നതിനും ഉദാഹരണമാണ് നോട്ടുനിരോധനം എന്നാണ് അദ്ദേഹം പറഞ്ഞത്. ചുരുങ്ങിയത് രണ്ട് ശതമാനമെങ്കിലും ഇടിവ് ജി.ഡി.പി. വളർച്ചയിലുണ്ടാവുമെന്ന ഡേ. സിങ്ങിന്റെ മുന്നറിയിപ്പ് തൊട്ടടുത്ത വർഷംതന്നെ യാഥാർത്ഥ്യമാവുകയും ചെയ്തു.
നോട്ടുനിരോധനം തീർത്തും ഏകാധിപത്യപരമായ പ്രവൃത്തിയായിരുന്നുവെന്നാണ് നൊബേൽ സമ്മാന ജേതാവ് ഡോ. അമർത്യ സെൻ പറഞ്ഞത്: ''അത് നോട്ടുകൾ അട്ടിമറിക്കുന്നു, ബാങ്ക് അക്കൗണ്ടുകൾ അട്ടിമറിക്കുന്നു, സമ്പദ് വ്യവസ്ഥയുടെ മൊത്തം വിശ്വാസ്യത അട്ടിമറിക്കുന്നു.'' കള്ളപ്പണം വേരോടെ പിഴുതെറിയാൻ ഇറങ്ങിത്തിരിച്ചവർ നിരോധിച്ച പണത്തിന്റെ 99 ശതമാനവും ബാങ്കുകളിലേക്ക് തിരിച്ചുവരുന്നതു കണ്ട് കണ്ണു തള്ളി നിന്നു. കള്ളനോട്ടുകൾ വേരോടെ അറുത്തെറിയുമെന്ന പ്രഖ്യാപനം പുതിയ രണ്ടായിരം രൂപ നോട്ടുകൾ ഇറങ്ങിയ പാടെ പൊളിഞ്ഞുപാളീസായി. കള്ളനോട്ടുകൾ പെരുകിയത് കാരണം സർക്കാരിന് വലിയ താമസമില്ലാതെ രണ്ടായിരം രൂപ നോട്ടുകളുടെ അച്ചടി തന്നെ നിർത്തേണ്ടി വന്നു. ഭീകര പ്രവർത്തനത്തിനുള്ള സാമ്പത്തിക സഹായം തടയുമെന്ന അവകാശവാദവും വെള്ളത്തിൽ വരച്ച വരയായി. കാഷ്ലസ് ഇക്കോണമി കൊഴുക്കുമെന്ന പറച്ചിലും വെറുതെയായി. ഇപ്പോൾ ഇന്ത്യയിലെ ജനങ്ങളുടെ കയ്യിൽ 30.88 ലക്ഷം കോടി രൂപയുടെ കറൻസിയുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2016 നവംബറിലേതിനേക്കാൾ 71 ശതമാനം കൂടുതലാണിത്.
1946-ലും 78-ലും ഇന്ത്യയിൽ നോട്ടുനിരോധനം ഉണ്ടായിട്ടുണ്ട്. ആയിരം, അയ്യായിരം, പതിനായിരം രൂപ നോട്ടുകളാണ് അന്ന് നിരോധിക്കപ്പെട്ടത്. ഈ രണ്ട് നിരോധനങ്ങളും സാധാരണക്കാരെ ബാധിച്ചില്ല. കാരണം സമൂഹത്തിലെ ചെറിയൊരു ശതമാനത്തിന്റെ കയ്യിൽ മാത്രമാണ് ഇത്രയും മൂല്യമുള്ള നോട്ടുകളുണ്ടായിരുന്നത്. 2016-ൽ മോദി സർക്കാർ ചെയ്തത് ഇതല്ല. സാധാരണ മനുഷ്യരുടെ ജീവിതം കൊണ്ടാണ് അന്ന് മോദിയും കൂട്ടരും കളിച്ചത്.
.jpg?$p=732490f&&q=0.8)
ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ടയർ വെടിവെച്ച് തകർക്കുമ്പോൾ
നോട്ടുനിരോധനം നടപ്പാക്കരുതെന്നാണ് താൻ മോദി സർക്കാരിന് നൽകിയ ഉപദേശമെന്ന് 'I Do What I Do' എന്ന പുസ്തകത്തിൽ രഘുറാം രാജൻ പറയുന്നുണ്ട്. നോട്ടുനിരോധനം നടപ്പാക്കുന്നതിനെ ഒരു പരിധി വിട്ട് റിസർവ് ബാങ്കിന് എതിർക്കാനാവില്ലെന്നും ആത്യന്തികമായി അത് സർക്കാരിന്റെ നയമാണെന്നും രാജൻ ചൂണ്ടിക്കാട്ടുന്നു. എന്നാൽ നോട്ട് നിരോധനത്തിന് താൻ ഒരിക്കലും കൂട്ടുനിൽക്കുമായിരുന്നില്ലെന്നും തന്റെ ഭരണകാലത്ത് നോട്ടുനിരോധനവുമായി സർക്കാർ മുന്നോട്ട് പോയിരുന്നെങ്കിൽ താൻ ഉറപ്പായും രാജി വെയ്ക്കുമായിരുന്നെന്നും രാജൻ വ്യക്തമാക്കുന്നു.
അസംഘടിത മേഖലയിൽ രണ്ട് ലക്ഷം കോടി രൂപയുടെ തകർച്ചയെങ്കിലുമുണ്ടായിട്ടുണ്ടെന്നാണ് ജെ.പി. മോർഗൻ ആ ദിവസങ്ങളിൽ ചൂണ്ടിക്കാട്ടിയതെന്നും രാജൻ ഓർക്കുന്നുണ്ട്. രാജന്റെ വാക്കുകൾ മോദി സർക്കാർ അവഗണിച്ചു. രാജന് പകരം അവർ ഊർജിത് പട്ടേലിനെ കൊണ്ടു വന്നു. നോട്ടുനിരോധനം നടപ്പാക്കി. അതിന് പിന്നാലെ തീർത്തും അശാസ്ത്രീയമായി ജി.എസ്.ടി. കൊണ്ടുവന്നു. ഇതിനൊപ്പം കോവിഡ് മഹാമാരി കൂടി എത്തിയതോടെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ വെന്റിലേറ്ററിലാവുകയും ജനങ്ങൾ വൻതോതിലുള്ള സാമ്പത്തിക അസമത്വത്തിന് ഇരയാവുകയും ചെയ്തു.
സാമ്പത്തിക ശാസ്ത്രജ്ഞൻ ജീൻ ഡ്രെസിനെ ഓർക്കാതെ ഈ കുറിപ്പ് അവസാനിപ്പിക്കാനാവില്ല. നോട്ടുനിരോധനത്തെ കുറിച്ചുള്ള പഞ്ച് ഡയലോഗ് ഡ്രെസിന്റേതായിരുന്നു. 2016 നവംബർ 22-ന് ഇക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിൽ ജീൻ ഡ്രെസ് പറഞ്ഞു: ''മത്സരയോട്ടത്തിൽ പങ്കെടുക്കുന്ന കാറിന്റെ ടയറുകൾ വെടിവെച്ച് പഞ്ചറാക്കുന്ന പരിപാടിയാണ് നോട്ടുനിരോധനം.'' അതൊരു വല്ലാത്ത ആക്രമണമായിരുന്നു. അത്തരമൊരു ആക്രമണം നടത്തിയിട്ട് കാറിലുള്ളവരുടെ വോട്ട് നേടാനായി എന്നത് മോദിയുടെ രാഷ്ട്രീയ വിജയം ആയിരുന്നുവെന്നതിൽ സംശയമില്ല. പക്ഷേ, ആ മിന്നൽപ്രഹരം ഏൽപിച്ച പരിക്കുകൾ ഇപ്പോഴും ഇന്ത്യയ്ക്ക്മേലുണ്ട്. നവംബർ എട്ട് എന്ന തിയ്യതി ഇന്ത്യയുടെ രക്ഷാ ദിനമായി ബി.ജെ.പി. കൊണ്ടാടാതിരിക്കുന്നതിന്റെ കാരണവും ഈ പരിക്കുകൾ തന്നെയായിരിക്കണം.
വഴിയിൽ കേട്ടത്: സംസ്ഥാന യുവജനോത്സവത്തിന് മേൽ ഭക്ഷ്യവിവാദത്തിന്റെ കരിനിഴൽ. ഒരു പണിയുമില്ലാതെ ഇരിക്കുന്ന സർവ്വകലാശാല അദ്ധ്യാപകർക്ക് വിവാദങ്ങൾ നേരമ്പോക്കാണ്. പക്ഷേ, അതൊക്കെ മുൻപിൻ നോക്കാതെ ഏറ്റെടുക്കുന്ന മന്ത്രിമാരുള്ളപ്പോൾ മുഖ്യമന്ത്രി പിണറായിക്ക് ശത്രുക്കളെന്തിന് വേറെ. സഖാവ് ശിവൻകുട്ടിയെപ്പോലുള്ളവരെ ഭരണപരമായ കാര്യങ്ങളിൽ ഉടനടി എഴുത്തിനിരുത്തുന്നില്ലെങ്കിൽ സൂചി കൊണ്ടെടുക്കേണ്ടത് തൂമ്പകൊണ്ട് പോലും കിട്ടില്ല.
Content Highlights: Narendra Modi, Note Ban, Demonetization, Indian Government, Vazhipokkan
Also Watch
വാര്ത്തകളോടു പ്രതികരിക്കുന്നവര് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..