കെ.കെ. ശൈലജ | ഫോട്ടോ: ജി. ശിവപ്രസാദ് മാതൃഭൂമി
നിപ്പയാണ് ആദ്യം വന്നത്. ആ വൈറസിനെ കേരളം കീഴടക്കിയപ്പോള്‍ ലോകം ശ്രദ്ധിച്ചത് ഒരു വനിതയെയാണ്. കെ.കെ. ശൈലജ എന്ന പേര് സി.പി.എമ്മിന്റെയും കേരളത്തിന്റെയും അതിര്‍ത്തികള്‍ കടന്ന് പുറത്തേക്ക്. ഓഖിയും പ്രളയവും പിണറായി വിജയന് എന്ന നേതാവിനും പേരും പെരുമയും കൊണ്ടുവന്നു. അപ്പോഴും പ്രളയം സര്‍ക്കാര്‍ നിര്‍മ്മിതമാണെന്ന ആരോപണം ബാക്കി നിന്നു.
വേണ്ട സമയത്ത് കൃത്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ പ്രളയം ഒഴിവാക്കാനാകുമായിരുന്നു എന്ന വിമര്‍ശം പിണറായി സര്‍ക്കാരിന് മുകളില്‍ നിഴലായി. പിന്നീട് കോവിഡ് 19 വന്നു. കെ.കെ. ശൈലജ ഒരു യാദൃശ്ചികതയല്ലെന്നും ഇരുത്തം വന്ന ഒരു നേതാവ് അവരിലുണ്ടെന്നും ലോകം അതോടെ കണ്ടറിഞ്ഞു.
ആ ദിനങ്ങളില്‍ പക്ഷേ, കേരളത്തിലുണ്ടായ ഒരു സംഭവവികാസം കോവിഡ് 19-നെക്കുറിച്ചുള്ള വിവരങ്ങള്‍ നിത്യേന അറിയിക്കുന്ന പത്രസമ്മേളനം ആരോഗ്യമന്ത്രിയില്‍നിന്ന് മുഖ്യമന്ത്രി ഏറ്റെടുക്കുന്നതാണ്. അതൊരു സൂചനയായിരുന്നു. ആ സൂചന കണ്ട് പഠിക്കാത്തവരാണ് ഇപ്പോള്‍ ശൈലജയോട് സി.പി.എം. എന്താണ് ചെയ്യുന്നതെന്ന് വിലപിക്കുന്നത്.
പുതിയ സര്‍ക്കാരില്‍ കെ.കെ. ശൈലജ പാര്‍ട്ടി വിപ്പാണ്. ഒന്നാം പിണറായി സര്‍ക്കാരില്‍ ആരായിരുന്നു പാര്‍ട്ടി വിപ്പെന്ന് ഓര്‍മ്മയുണ്ടോ? ഉണ്ടാവാനിടയില്ല. കാരണം പാര്‍ട്ടി വിപ്പെന്നു പറഞ്ഞാല്‍ അത്രയൊക്കെയേ ഉള്ളു. ചെറിയൊരു അന്വേഷണത്തിനൊടുവിലാണ് എസ്. ശര്‍മ്മയായിരുന്നു കഴിഞ്ഞ സര്‍ക്കാരില്‍ പാര്‍ട്ടി വിപ്പെന്ന് കണ്ടെത്തിയത്. ശര്‍മ്മയെ തന്നെ ഇപ്പോള്‍ എത്രപേര്‍ ഓര്‍ക്കുന്നുണ്ടെന്നറിയില്ല. അപ്പോള്‍ പിന്നെ പാര്‍ട്ടി വിപ്പിനെക്കുറിച്ച് പറയാതിരിക്കുകയായിരിക്കും ഭേദം.
ഈ സ്ഥാനമാണ് ഇപ്പോള്‍ കെ.കെ. ശൈലജയ്ക്ക് സി.പി.എം. നല്‍കിയിരിക്കുന്നത്. കേരളത്തിലെ ഏറ്റവും പ്രഗത്ഭയായ ആരോഗ്യമന്ത്രിക്ക്, ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവുമധികം ഭൂരിപക്ഷം നേടിയ എം.എല്‍.എയ്ക്ക് സി.പി.എം. നല്കുന്ന ആദരവും അംഗീകാരവുമാണിത്. കോവിഡ് 19-നെതിരെയുള്ള യുദ്ധത്തില്‍ ഇപ്പോഴും ജനങ്ങള്‍ പകച്ചു നില്‍ക്കുകയാണ്. ഈ സന്നിഗ്ധഘട്ടത്തില്‍ കെ.കെ. ശൈലജയെപ്പോലൊരു നേതാവിനെ മന്ത്രിസ്്ഥാനത്തു നിന്നൊഴിവാക്കുന്നതിന് കേരള സമൂഹത്തോട് സി.പി.എം. മറുപടി പറയുക തന്നെ വേണം.
പുതുമുഖങ്ങളെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ട് ഇതുപോലൊരു മന്ത്രിസഭ വേറെ ഏതു പാര്‍ട്ടിക്ക് പറ്റും എന്നായിരിക്കും സി.പി.എം. ഉയര്‍ത്തുന്ന മറു ചോദ്യം. ഇതല്ലേ വിപ്ലവം എന്നേറ്റുപിടിക്കാന് ന്യായീകരണ വാദികളും ആവശ്യത്തിലേറെയുണ്ടാവും. 1987-ല്‍ സി.പി.എം. നടത്താതിരുന്ന ഒരു വിപ്ലവമുണ്ട്. കെ.ആര്. ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാതിരുന്നതിലൂടെ സി.പി.എം. നടപ്പാക്കിയ ചരിത്രപരമായ മണ്ടത്തരം.
ശരിക്കും വിപ്ലവം നടത്തണമെന്നുണ്ടായിരുന്നെങ്കില്‍ ഇക്കുറി സി.പി.എം. ചെയ്യേണ്ടിയിരുന്നത് കെ.കെ. ശൈലജയെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. ചുരുങ്ങിയത് അവരെ ആഭ്യന്തര മന്ത്രിയെങ്കിലും ആക്കിയിരുന്നെങ്കില്‍ അതൊരു ഗൊറില്ലാ പ്രവര്ത്തനമെങ്കിലുമാകുമായിരുന്നു. അതുണ്ടായില്ല. പകരം പുരുഷമേധാവിത്വത്തിന്റെ പുത്തന്‍ പുതിയ അവതാരപ്പകര്ച്ചകളില് നിര്‍വൃതി അടയുന്ന പാര്‍ട്ടിയും പ്രസ്ഥാനവുമായി സി.പി.എം. മാറുന്ന കാഴ്ചയാണ് രാഷ്ട്രീയ കേരളം കാണുന്നത്.
നായനാരെ നിയമസഭ നേതാവായി തിരഞ്ഞെടുത്ത സി.പി.എം. സംസ്ഥാന കമ്മിറ്റി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോവാനുള്ള ധൈര്യം ഗൗരിയമ്മ കാണിച്ചിരുന്നു. ഗൗരിയമ്മ ഗൗരിയമ്മയാണ്. അവരുമായി മറ്റൊരെയെങ്കിലും താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല.
സി.പി.എമ്മിന്റെ പതിനൊന്ന് മന്ത്രിമാരെ നോക്കുക. എം.വി. ഗോവിന്ദന് മുതല്‍ മുഹമ്മദ് റിയാസ് വരെ നീളുന്ന ഈ പട്ടികയെ ഒന്നിപ്പിക്കുന്ന സാമാന്യ ഘടകം പിണറായി വിജയനോടുള്ള അടുപ്പവും കൂറുമാണ്. ബ്രാന്റ് പിണറായിയുടെ വേഷപ്പകര്‍ച്ച. പുതുമുഖങ്ങള്‍ മതിയെന്ന് പാര്‍ട്ടി തീരുമാനിക്കുന്നു, രണ്ട് തവണ തുടര്‍ച്ചയായി വിജയിച്ചവര്‍ മത്സരിക്കേണ്ടെന്ന് തീരുമാനിക്കുന്നു. ഈ തീരുമാനങ്ങളുടെ ആകത്തുക ഒന്ന് മാ്രതമാണ്. ഒരു നേതാവും ഒരു മുഖവുമുള്ള പാര്‍ട്ടിയായി സിപിഎം പരിണമിച്ചിരിക്കുന്നു.
ഐസക്കിനെയും സുധാകരനെയും പി. ജയരാജനെയും ഇ.പി. ജയരാജനെയുമൊക്കെ മാറ്റി നിര്‍ത്തിയതിലൂടെ സി.പി.എമ്മില്‍ പിണറായി നടപ്പാക്കുന്ന കാമരാജ് പദ്ധതിയെക്കുറിച്ച് ഈ കോളത്തില്‍ രണ്ട് മാസം മുമ്പ് എഴുതിയിരുന്നു. മന്ത്രിസഭ രൂപവത്കരണത്തില്‍ പിണറായിയുടെ നീക്കം കമാരാജിനെ പോലും ഞെട്ടിക്കുന്നതാണ്. നെഹ്റു മന്ത്രിസഭയില്‍ ലാല്‍ബഹദൂര്‍ശാസ്ത്രിക്ക് തുടരാനായി. നെഹ്റുവിനു ശേഷം ശാസ്ത്രി പ്രധാനമന്ത്രിയാവുകയും ചെയ്തു.
ഇവിടെ പക്ഷേ, ഒരു ശാസ്ത്രി പോലും വേണ്ടെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. ഒരു പ്രതിസന്ധി വരികയും പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഇറങ്ങേണ്ടി വരികയും ചെയ്താല്‍ പകരക്കാരിയായി കെ കെ ശൈലജയെ അല്ല പാര്‍ട്ടി കാണുന്നത്. അവിടെ പിണറായിയുടെ വിശ്വസ്ഥരും വിധേയരും മാത്രം മതി. കഴിഞ്ഞ സര്‍ക്കാരില്‍ ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ക്ക് വിധേയനായത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പാര്‍ട്ടിയെ ഏറ്റവും കൂടുതല്‍ പ്രതിരോധത്തിലാഴ്ത്തിയത് അദ്ദേഹത്തിന്റെ വകുപ്പുകളാണ്.
അപ്പോള്‍ പുതിയൊരു മുഖമാണ് സര്‍ക്കാരിന് വേണ്ടതെന്ന് പാര്‍ട്ടി കരുതുന്നുണ്ടെങ്കില്‍ ആദ്യം മാറേണ്ടിയിരുന്നത് ആരാണെന്ന ചോദ്യം പാര്ട്ടിക്കാര് ചോദിച്ചില്ലെങ്കിലും പൊതുജനം ചോദിക്കും. കെ.കെ. ശൈലജയെ ഒഴിവാക്കിയതില്‍ പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ കണ്ടു. ഈ പാര്‍ട്ടിയെക്കുറിച്ച് ചുക്കെന്നല്ല ഒരു ചുണ്ണാമ്പും അറിയാത്തവരാണ് പോളിറ്റ് ബ്യൂറൊ മഹാസംഭവമാണെന്നും ജനറല്‍ സെക്രട്ടറി കിടിലമാണെന്നുമൊക്കെ കരുതുന്നത്.
സി.പി.എമ്മിനിപ്പോള്‍ ഒരു നേതാവേയുള്ളു. ആ നേതാവാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ആ നേതാവിനപ്പുറത്ത് ഒരു ശബ്ദവും ഇനി വേണ്ടെന്നാണ് സി.പി.എം. പറയുന്നത്. നേതാവും പാര്‍ട്ടിയും ഒന്നാവുന്നത് ബൂര്‍ഷ്വ പാര്‍ട്ടികളുടെ മുഖമുദ്രയാണ്. ബി.ജെ.പിയില്‍ മോദിയും കോണ്‍ഗ്രസില്‍ സോണിയയും ഈ പ്രതിഭാസമാണ് മുന്നോട്ടുവെയ്ക്കുന്നത്. ഇനിയങ്ങോട്ട് സി.പി.എമ്മും ഇതേ പാതയിലാണ്.
അനന്തപുരിയില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് മുകളില്‍ ഇനിയിപ്പോള്‍ ഒരു പാര്‍ട്ടി പരുന്തും പറക്കില്ല. മട്ടന്നൂരില്‍നിന്ന് പറന്നുയരാനൊരുങ്ങിയ പക്ഷിയുടെ ചിറകുകളിലും ക്ലിപ്പ് വീഴുമ്പോള്‍ സി.പി.എമ്മിന്റെ വിഹായസ്സില്‍ വെല്ലുവിളികള്‍ക്കും ചോദ്യങ്ങള്‍ക്കും വിരാമമാവുന്നു. ഒരൊറ്റ പൂവ് മാത്രം വിരിയുന്ന ഈ ആരാമത്തിന്റെ രോമാഞ്ചം വാങ്ങാനും വില്‍ക്കാനും കരുത്തും പ്രാപ്തിയുമുള്ളവര്‍ തിരശ്ശീലയ്ക്ക് പിന്നിലുണ്ട്. മറ നീക്കി അവര്‍ എപ്പോഴാണ് പുറത്തുവരികയെന്നത് മാത്രമാണ് ബാക്കിയാവുന്ന ചോദ്യം.
വഴിയില്‍ കേട്ടത്: രാജ്നാഥ് സിങ്ങിനെയും നിഥിന് ഗഡ്കരിയെയും പോലുള്ള നേതാക്കള്‍ വരെ മോദി - ഷാ കൂട്ടുകെട്ടിന് അടിയറവ് പഞ്ഞിരിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ യശ്വന്ത് സിന്‍ഹ. ഇനിയിപ്പോള്‍ അടിമകളെ മോചിപ്പിക്കാന്‍ ഘര്‍വാപസി നടത്തി യശ്വന്ത്ജി തന്നെ ബി.ജെ.പിയിലേക്ക് പോകേണ്ടി വരുമോ?
Content Highlights: What's happening in CPM and in between Pinarayi and Shailaja | Vazhipokkan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..