ബിൽക്കിസ് ബാനുവിന് അഥവാ സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും സംഭവിക്കുന്നത്  | വഴിപോക്കൻ


മനഃസാക്ഷിയുള്ള ഒരു  ഇന്ത്യക്കാരനും ബിൽക്കിസ് ബാനുവിന് മുന്നിൽ തലയുയർത്തി നിൽക്കാനാവില്ല. ഈ സത്രീക്ക് നീതി കിട്ടുന്നതു വരെ നമ്മുടെ ശിരസ്സുകൾ കൂടുതൽ കൂടുതൽ കുനിഞ്ഞുകൊണ്ടേയിരിക്കും!

ബിൽക്കിസ് ബാനു | Photo: AP

''ജീവിതത്തിന്റെ ഓരോ തുറയിലും, കളിക്കളമായാലും യുദ്ധക്കളമായാലും, ഇന്ത്യയുടെ സ്്ത്രീശക്തി പുതിയ കരുത്തും പുതിയ വിശ്വാസവുമാർജ്ജിച്ചുകൊണ്ട് മുന്നേറുകയാണ്. ഇക്കഴിഞ്ഞ 75 വർഷത്തെ ഇന്ത്യയുടെ യാത്രയിലുണ്ടായിട്ടുളള സംഭാവനയുമായി തുലനം ചെയ്യുമ്പോൾ, എന്റെ അമ്മമാരേ, സഹോദരിമാരേ, പെൺമക്കളേ, അടുത്ത 25 വർഷം സ്ത്രീശക്തിയുടെ സംഭാവന എത്ര മടങ്ങ് വലുതായിരിക്കുമെന്ന് എനിക്ക് കാണാനാവുന്നുണ്ട്.'' ഇന്ത്യയുടെ 75 ാം സ്വാതന്ത്ര്യ വാർഷികത്തിൽ ചെങ്കോട്ടയിൽനിന്ന് രാജ്യത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകളാണിത്.

നാരീശക്തി എന്ന വാക്ക് ഇത്രയും ഫലഫ്രദമായി ഉപയോഗിച്ച മറ്റൊരു രാഷ്ട്രീയ നേതാവ് സമകാലിക ഇന്ത്യയിലുണ്ടാവില്ല. ഇന്ദ്രപ്രസ്ഥത്തിലെ അധികാരപീഠത്തിലേക്കുള്ള യാത്രയിൽ സ്ത്രീയുടെ വിമോചിത സ്വപ്നങ്ങൾ മോദിക്കും ബി.ജെ.പിക്കും നൽകിയ പിന്തുണ വളരെ വലുതായിരുന്നു. 2012-ലെ നിർഭയ കൊലക്കേസ് ഉയർത്തിയ ജനരോഷം പത്ത് വർഷങ്ങൾക്കിപ്പുറം ചെങ്കോട്ടയിൽ നിൽക്കുമ്പോൾ പ്രധാനമന്ത്രി മോദി വിസ്മരിച്ചിരിക്കാൻ സാദ്ധ്യതയില്ല. നിർഭയയെ ഓർക്കുന്നവർക്ക് ബിൽക്കിസ് ബാനുവിനെ മറക്കാനാവുമോ എന്നതാണ് സമകാലിക ഇന്ത്യ നേരിടുന്ന വലിയൊരു ചോദ്യം. 2012-ൽ നിന്ന് 22-ലേക്കെത്തുമ്പോൾ, നിർഭയയിൽനിന്നു ബിൽക്കിസിലേക്കുള്ള യാത്രയിൽ, ഇന്ത്യ ലോകത്തോട് എന്താണു പറയുന്നതെന്നു ചോദിക്കാതിരിക്കാനാവില്ല.നമുക്ക് ചില അടിസ്ഥാനപരമായ വസ്തുതകൾ പരിശോധിക്കാം. 2002 ഫെബ്രുവരി 27-ന് രാവിലെ ഗോദ്രയിൽ സബർമതി എക്സ്പ്രസ്സിലെ തീപിടിത്തത്തിൽ 59 കർസേവകർ കൊല്ലപ്പെടുന്നു. തീപ്പിടിത്തത്തിന് പിന്നിൽ മുസ്ലിം തീവ്രവാദികളാണെന്ന പ്രചാരണം പടരുന്നതോടെ ഗുജറാത്തിൽ കലാപം പൊട്ടിപ്പുറപ്പെടുന്നു. അക്രമികളിൽനിന്ന് രക്ഷപ്പെടാൻ ഗുജറാത്തിൽ പലയിടങ്ങളിലും മുസ്ലിങ്ങൾ കൂട്ടത്തോടെ പലായനം ചെയ്യുന്നു. ഗോദ്രയിൽനിന്ന് 50 കിലോ മിറ്റർ അകലെയുള്ള രൺധിക്പുർ ഗ്രാമത്തിൽനിന്ന് ബിൽക്കിസ് ബാനുവും ബന്ധുക്കളുമടക്കം 17 പേർ രാത്രിക്ക് രാത്രി അഭയവും രക്ഷയും തേടി ജന്മദേശത്തുനിന്നു പുറപ്പെട്ടുപോകുന്നത് ഈ പശ്ചാത്തലത്തിലാണ്. പക്ഷേ, അക്രമികളിൽനിന്നു രക്ഷപ്പെടാൻ അവർക്കായില്ല. മാർച്ച് മൂന്നിന് ചപ്പർവാഡ് എന്ന സ്ഥലത്തുവെച്ച് ബിൽക്കിസും കൂട്ടരും അക്രമികളുടെ വലയിൽ പെട്ടു.

മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത അക്രമികൾ ബിൽക്കിസിനെയും അമ്മയേയും മറ്റൊരു യുവതിയെയും കൂട്ട ബലാത്സംഗം ചെയ്തു. ബിൽക്കിസിന്റെ കൂടെയുണ്ടായിരുന്നവരിൽ ഏഴു പേർ സംഭവസ്ഥലത്തുവെച്ചു തന്നെ കൊല ചെയ്യപ്പെട്ടു. ഏഴു പേർ എന്നെന്നെക്കുമായി അപ്രത്യക്ഷരായി. അതായത് 17 പേരിൽ 14 പേരും ഈ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെട്ടു. അക്രമികൾ കൊന്നവരിൽ ബിൽക്കിസിന്റെ മൂന്നര വയസ്സുകാരി മകളുമുണ്ടായിരുന്നു. നിലത്തടിച്ചാണ് ആ കുരുന്നു പെൺകുഞ്ഞിനെ അക്രമികളിലൊരുത്തൻ കൊന്നത്. കൂട്ടബലാത്സംഗം നേരിടുമ്പോൾ ഇരുപത്തൊന്നുകാരി ബിൽക്കിസ് അഞ്ച് മാസം ഗർഭിണിയായിരുന്നു.

അക്രമികളിൽ പലരും ബിൽക്കിസിനും കുടുംബത്തിനും പരിചയമുള്ളവരും അയൽക്കാരുമായിരുന്നു. ബിൽക്കിസിന്റെ വീട്ടിൽനിന്നു പാല് വാങ്ങിച്ചിരുന്നവർ ഇക്കൂട്ടത്തിലുണ്ടായിരുന്നു. മരിച്ചെന്നു കരുതിയാണ് ബിൽക്കിസിനെ അക്രമികൾ ഉപേക്ഷിച്ചത്. മൂന്ന് മണിക്കൂറുകൾക്ക് ശേഷം ബോധം തെളിഞ്ഞ ബിൽക്കിസ് ഒരു ആദിവാസി സ്ര്തീ നൽകിയ വസ്ത്രങ്ങൾ കൊണ്ടാണ് നഗ്നത മറച്ചത്. തുടർന്ന് സ്ഥലത്തെ പോലിസ് സ്‌റ്റേഷനിലെത്തി പരാതി നൽകി. ലോക്കൽ പോലീസ് ബിൽക്കിസിന്റെ പരാതി അവഗണിച്ചു. പതറിയെങ്കിലും ബിൽക്കിസ് പിന്മാറിയില്ല.

ഓഗസ്റ്റ് 15-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ പ്രസംഗിക്കുന്നു | Photo: ANI

ഒന്നരപ്പതിറ്റാണ്ടിന്റെ നിയമയുദ്ധം

നീണ്ട 17 വർഷമാണ് ബിൽക്കിസിന്റെ നിയമയുദ്ധം നീണ്ടു നിന്നത്. 2019-ൽ സുപ്രീം കോടതി ഗുജറാത്ത് സർക്കാരിനോട് ബിൽക്കിസിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. ഗുജറാത്തിൽനിന്നു മുംബൈയിലെ കോടതിയിലേക്ക് വിചാരണ മാറ്റിയതും സുപ്രീം കോടതിയാണ്. മുംബൈയിലെ പ്രത്യേക കോടതി ഇരുപതംഗ പ്രതിപ്പട്ടികയിലെ 11 പേരെ 2008 ജനുവരി 21-ന് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കേസ് അന്വേഷിച്ച സി.ബി.ഐ. എല്ലാ പ്രതികളെയും ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് നൽകിയ അപ്പീൽ തള്ളിയ ബോംബെ ഹൈക്കോടതി പ്രത്യേക കോടതിയുടെ ഉത്തരവ് ശരിവെച്ചു.

ശിക്ഷിക്കപ്പെട്ട പ്രതികളിൽ ഒരാളായ രാധേശ്യാം ഷാ തടവുശിക്ഷയിൽനിന്ന് മോചനം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു. 14 കൊല്ലം ജയിലിൽ കഴിഞ്ഞതുകൊണ്ട് തങ്ങൾ മോചനം അർഹിക്കുന്നുണ്ടെന്നും ക്രിമിനൽ പ്രൊസീജർ കോഡ് 432 ാം വകുപ്പനുസരിച്ച് ഇതിനായി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകണമെന്നുമായിരുന്നു രാധേശ്യാമിന്റെ ആവശ്യം. സുപ്രീം കോടതി ഈ അപേക്ഷ അംഗീകരിക്കുകയും സംഗതി പരിശോധിക്കാൻ ഗുജറാത്ത് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

സുപ്രീം കോടതിയുടെ നിർദ്ദേശം വന്നതും ഗുജറാത്ത് സർക്കാർ ഉണർന്നു പ്രവർത്തിച്ചു. ഫലം, രാജ്യത്തിന്റെ 76-ാം സ്വാതന്ത്ര്യദിനത്തിൽ ഈ 11 കുറ്റവാളികളും സ്വതന്ത്രരായി ജയിലിൽനിന്നു സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തി. വെറും തിരിച്ചെത്തലല്ല ആരതിയുഴിഞ്ഞും മധുരപലഹാരങ്ങൾ വിതരണം ചെയ്തുമുള്ള തിരിച്ചെത്തൽ. ഇവരെ മോചിപ്പിക്കുന്ന കാര്യം പരിശോധിക്കാൻ ഗുജറാത്ത് സർക്കാർ നിയോഗിച്ച കമ്മിറ്റിയിൽ അംഗമായിരുന്ന ബി.ജെ.പി. എം.എൽ.എ. റൗൽജി (ഇദ്ദേഹം ഗോദ്ര മണ്ഡലത്തിന്റെ പ്രതിനിധിയാണ്) പറഞ്ഞത് ഇവർ ബ്രാഹ്‌മണരാണെന്നും നല്ല സംസ്‌കാരം ഉള്ളവരാണെന്നുമാണ്. നിരപരാധികളായ ഇവരെ കുടുക്കുകയായിരുന്നുവെന്ന് സംശയിക്കേണ്ടതുണ്ടെന്നും റൗൽജി പറഞ്ഞു.

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റവാളികളാണെന്ന് രാജ്യത്തെ കോടതികൾ കണ്ടെത്തിയവർക്കാണ് ഭരണഘടന സംരക്ഷിക്കാമെന്ന് പ്രതിജ്ഞയെടുത്തിട്ടുള്ള ഒരു എം.എൽ.എ. ഇങ്ങനെ സാക്ഷ്യപത്രം നൽകുന്നത്. രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ഘാതകൻ ഗോഡ്സെ ആരായിരുന്നുവെന്ന് അറിയാത്തയാളായിരിക്കില്ല റൗൽജി എന്ന് മാത്രമേ ഇതിനൊക്കെ മറുപടി പറയാനാവുകയുള്ളു.

റൗൽജി ഒരു സാദാ പടയാളി മാത്രമാണ്. വലിയൊരു നെറ്റ്‌വർക്കിലെ ചെറിയൊരു കണ്ണി. മനുഷ്യരെന്ന് സ്വയം വിശേഷിപ്പിക്കുന്നവർക്ക് അംഗികരിക്കാൻ കഴിയുന്നതല്ല ഗുജറാത്ത് സർക്കാരിന്റെ നടപടി. ഈ നടപടിയെക്കുറിച്ച് രാജ്യത്തെ ചില പ്രമുഖ നിയമജ്ഞർ പറയുന്നത് എന്താണെന്ന് നമുക്ക് നോക്കാം. കേസിൽ വിചാരണ നടത്തിയതും ശിക്ഷ വിധിച്ചതും മുംബൈയിലെ പ്രത്യേക കോടതിയാണ്. ബോംബെ ഹൈക്കോടതിയാണ് ഈ ശിക്ഷ ശരിവെച്ചത്. ഈ സാഹചര്യത്തിൽ കുറ്റവാളികളെ മോചിപ്പിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് ഗുജറാത്ത് സർക്കാരല്ലെന്നും മഹാരാഷ്ട്ര സർക്കാരാണെന്നുമാണ് അഭിഭാഷകയായ റബേക്ക ജോൺ പറയുന്നത്.

സുപ്രീം കോടതിയുടെ മുൻകാല വിധികൾ ഇതിന് ഉപോത്ബലകമായി റെബേക്ക ചൂണ്ടിക്കാട്ടുന്നുണ്ട്. ശിക്ഷ വിധിച്ച ജഡ്ജിയുടെ അഭിപ്രായം കേട്ടതിനു ശേഷം മാത്രമേ ഇത്തരം ഇളവുകൾ അനുവദിക്കാൻ പാടുള്ളുവെന്നും നിയമമമുണ്ട്. ശിക്ഷ വിധിച്ച മുംബൈ കോടതി ജഡ്ജിയുടെ അഭിപ്രായം ഗുജറാത്ത് സർക്കാർ തേടിയിരുന്നുവെന്നും എന്നാൽ ഇളവ് പാടില്ല എന്ന അഭിപ്രായമാണ് ജഡ്ജി നൽകിയതെന്നും റിപ്പോർട്ടുകളുണ്ട്. ജഡ്ജിയുടെ അഭിപ്രായം മറികടന്നാണ് ഗുജറാത്ത് സർക്കാർ പ്രതികളെ മോചിപ്പിച്ചതെങ്കിൽ ഇനി വരാനിരിക്കുന്ന നിയമയുദ്ധം സർക്കാരിന് എളുപ്പമാവില്ല.

ആർ.ബി. ശ്രീകുമാർ, ടീസ്ത സെതൽവാദ്‌ | ഫോട്ടോ: മാതൃഭൂമി

കേന്ദ്ര സർക്കാരും സി.ബി.ഐയും

സി.ബി.ഐ. അന്വേഷിച്ച കേസാണിത്. സി.ബി.ഐ. ഒരു സംസ്ഥാന സർക്കാർ ഏജൻസിയല്ല, കേന്ദ്ര സർക്കാരിന് കീഴിലുള്ള അന്വേഷണ ഏജൻസിയാണ്. ഒരു കേന്ദ്ര ഏജൻസി അന്വേഷിച്ച കേസിൽ കുറ്റവാളളികൾക്ക് ശിക്ഷാ ഇളവ് നൽകണമെങ്കിൽ ആ ഏജൻസിയോട് അഥവാ കേന്ദ്ര സർക്കാരിനോട് അഭിപ്രായം തേടിയ ശേഷിയ മാത്രമേ സംസ്ഥാന സർക്കാരിന് തീരുമാനം എടുക്കാനാവുകയുള്ളു. അങ്ങിനെയാണെങ്കിൽ ബിൽക്കിസ് ബാനു കേസിലെ പ്രതികളെ മോചിപ്പിക്കും മുമ്പ് ഗുജറാത്ത് സർക്കാർ കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ടാവുമെന്നാണ് രാജ്യത്തെ മുൻനിര അഭിഭാഷകരിലൊരാളായ വൃന്ദ ഗ്രോവർ പറയുന്നത്.

അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള വിജ്ഞാപനം അനുസരിച്ച് ബലാത്സംഗക്കേസുകളിലെ കുറ്റവാളികൾ ശിക്ഷ ഇളവ് അർഹിക്കുന്നില്ല. അതായത് ബിൽക്കിസ് ബാനു കേസിലെ പ്രതികളെ മോചിപ്പിക്കാമെന്ന് കേന്ദ്ര സർക്കാർ പറഞ്ഞിട്ടുണ്ടെങ്കിൽ അത് സ്വന്തം വീടിന് തീവെയ്ക്കുന്നതിന് തുല്ല്യമാണ്. ഗുജറാത്ത് സർക്കാർ ഈ തീരുമാനം എടുക്കുന്നതിനു മുമ്പ് കേന്ദ്രവുമായി ആലോചിച്ചുവോ എന്ന കാര്യം വ്യക്തമല്ല. ഗുജറാത്ത് സർക്കാരിനും കേന്ദ്ര സർക്കാരിനും മാത്രമേ ഇക്കാര്യം അറിയൂ. കേന്ദ്രവുമായി ബന്ധപ്പെട്ടിട്ടില്ലെങ്കിൽ ഗുജറാത്ത് സർക്കാർ നിയമവിരുദ്ധമായാണ് പ്രവർത്തിച്ചിട്ടുള്ളത്. ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ കേന്ദ്രം എന്ത് മറുപടിയായിരിക്കും നൽകിയിരിക്കുക?

വൃന്ദ ഗ്രോവർ പറയുന്നത് കേന്ദ്രത്തിന്റെ സമ്മതത്തോടെയായിരിക്കും ഗുജറാത്ത് സർക്കാർ ഈ തീരുമാനം എടുത്തിട്ടുണ്ടാവുക എന്നാണ്. ഒരു ഭാഗത്ത് പെൺകുട്ടികളെ രക്ഷിക്കൂ എന്ന് ഘോരഘോരം പ്രസംഗിക്കുകയും മറുഭാഗത്ത് പെൺകുട്ടികളുടെ ഘാതകരെ മോചിപ്പിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പിനാണോ രാജ്യം സാക്ഷ്യം വഹിക്കുന്നത്? ക്രേന്ദ സർക്കാർ ഈ രാജ്യത്തെ സ്ത്രീകളെ വഞ്ചിക്കുകയാണ് എന്ന ആരോപണം വൃന്ദ ഉയർത്തുന്നത് ഈ പരിസരത്തിലാണ്.

ബലാത്സംഗക്കേസിലെ പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകാനാവില്ലെന്ന് 2014-ൽ ഗുജറാത്ത് സർക്കാർ തന്നെ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. പക്ഷേ, ഇവിടെ ഗുജറാത്ത് സർക്കാരിനെ പിന്തുണച്ചത് സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശമാണ്. ശിക്ഷ പ്രഖ്യാപിക്കപ്പെട്ട 2008-ൽ പ്രാബല്യത്തിലുണ്ടായിരുന്നത് 1992-ലെ വിജ്ഞാപനമാണെന്നും അതനുസരിച്ച് നടപടി എടുക്കാമെന്നുമാണ് സുപ്രീം കോടതി പറഞ്ഞത്. 1992-ലെ വിജ്ഞാപനം പൊതുമണ്ഡലത്തിൽ ലഭ്യമല്ലെന്നും അതുകൊണ്ടുതന്നെ എന്തടിസ്ഥാനത്തിലാണ് ഗുജറാത്ത് സർക്കാരിന്റെ തീരുമാനം എന്നത് വ്യക്തമല്ലെന്നുമാണ് വൃന്ദ ഗ്രോവർ പറയുന്നത്. ഈ വിജ്ഞാപനം എത്രയും പെട്ടെന്ന് ഗുജറാത്ത് സർക്കാരിന്റെ വെബ്സൈറ്റിൽ ലഭ്യമാക്കണമെന്നും വൃന്ദ ആവശ്യപ്പെടുന്നു.

സുപ്രീം കോടതിയുടെ നിർദ്ദേശാനുസരണം പ്രവർത്തിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നാണ് ശിക്ഷാ ഇളവ് പരിശോധിക്കാൻ ഗുജറാത്ത് സർക്കാർ നിയോഗിച്ച കമ്മിറ്റി അംഗങ്ങൾ പറയുന്നത്. ശിക്ഷ ഇളവ് ചെയ്യണമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ല. പ്രതികളിലൊരാളുടെ അപേക്ഷ പരിശോധിക്കണമെന്ന് മാത്രമാണ് കോടതി ആവശ്യെപ്പട്ടത്. ഗുജറാത്ത് സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും നിലവിലുള്ള നയമനുസരിച്ച് ബലാത്സംഗക്കുറ്റവാളികൾക്ക് ശിക്ഷ ഇളവ് ലഭിക്കില്ല. എന്നിട്ടും 1992-ലെ നയത്തിന്റെ പുറത്ത് ഈ കൊടുംകുറ്റവാളികളെ മോചിപ്പിക്കാൻ ഗുജറാത്ത് സർക്കാർ തയ്യാറായി എന്നതിനെ ഒരിക്കലും ചെറിയൊരു സംഗതിയായി കാണാനാവില്ല.

ഗുജറാത്ത് കലാപത്തിൽ ഭരണകൂടത്തിന്റെ പങ്കാളിത്തം ചോദ്യം ചെയ്യുകയും ഭരണകൂടത്തിന്റെ തലപ്പത്തുണ്ടായിരുന്നവർക്കെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങുകയും ചെയ്ത മുൻ ഗുജറാത്ത് ഡി.ജി.പി. ആർ.ബി. ശ്രീകുമാറും സന്നദ്ധ സേവന പ്രവർത്തക ടീസ്റ്റ സെതൽവാദും അറസ്റ്റ് ചെയ്യപ്പെട്ടത് ഈ ഘട്ടത്തിൽ ഓർക്കേണ്ടതുണ്ട്. ഗുജറാത്ത് കലാപം ഓർമ്മയിൽനിന്ന് മായ്ക്കപ്പെടേണ്ടതുണ്ട് എന്ന നിർബന്ധം ചിലർക്കുണ്ടെന്ന ആരോപണം ശൂന്യതയിൽനിന്നല്ല ഉയരുന്നതെന്ന് പറയേണ്ടി വരുന്നത് ഈ പരിസരത്തിലാണ്.

റൊമിള ഥാപ്പർ | Photo: AP

ബ്രിട്ടീഷ് ചരിത്രകാരന്മാരുടെ നിർമ്മിതി

ദ്വിരാഷ്ട്ര വാദം -മുസ്ലിങ്ങൾ ഇന്ത്യയ്ക്കുള്ളിൽ പ്രത്യേക രാഷ്ട്രമാണെന്ന നിലപാട്- ബ്രിട്ടീഷ് കൊളോണിയൽ ചരിത്രകാരന്മാരുടെ നിർമ്മിതിയാണെന്ന് റൊമിള താപ്പറിനെപ്പോലുള്ള ചരിത്രകാരികൾ ചൂണ്ടിക്കാട്ടുന്നത് ഇവിടെ ഓർമ്മിക്കേണ്ടതുണ്ട്. 1817-ൽ ജെയിംസ് മിൽ എഴുതിയ ബ്രിട്ടീഷ് ഇന്ത്യ ചരിത്രത്തിലാണ് ഈ വാദം ഊട്ടിയുറപ്പിക്കപ്പെട്ടത്. കൊളോണിയൽ ചരിത്രകാരന്മാരുടെ ഈ നിലപാടാണ് സവർക്കറിലൂടെയും ജിന്നയിലൂടെയും വളർന്നത്. ഇതേ സിദ്ധാന്തം തന്നെയാണ് ഇന്നിപ്പോൾ വീണ്ടും ഇന്ത്യൻ ജനാധിപത്യത്തിനു നേർക്ക് അതിന്റെ കോമ്പല്ലുകൾ പ്രദർശിപ്പിക്കുന്നത്.

ഈ വാദം തള്ളിയവരാണ് ഇന്ത്യയിലെ മുസ്ലിങ്ങൾ. ജിന്നയുടെ കൂടെയല്ല ഗാന്ധിജിയുടെയും നെഹ്രുവിന്റെയും കൂടെയാണ് അവർ നിലയുറപ്പിച്ചത്. അതുകൊണ്ടാണ് 1947-ൽ ഇന്ത്യ സ്വതന്ത്രയായപ്പോൾ പാക്കിസ്താനിലേക്ക് പോകുന്നില്ലെന്ന് അവർ തീരുമാനമെടുത്തത്. ഇന്ത്യയാണ് തങ്ങളുടെ രാജ്യം എന്ന ദൃഢനിശ്ചയമായിരുന്നു അതിന് പിന്നിൽ. മതരാഷ്ട്രമല്ല മതേതര രാഷ്ട്രമാണ് തങ്ങൾ തിരഞ്ഞെടുക്കുന്നതെന്ന സുചിന്തിതമായ പ്രഖ്യാപനം. ഈ ന്യൂനപക്ഷങ്ങൾക്ക് സർവ്വവിധത്തിലുള്ള സുരക്ഷയും താങ്ങും തണലും ഇന്ത്യയിലുണ്ടാവുമെന്നാണ് ഭരണഘടന നിർമ്മാതാക്കൾ അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധത്തിൽ വ്യക്തമാക്കിയത്.

ഈ നിലപാടിന്റെ ജിവിക്കുന്ന സാക്ഷ്യപത്രമാണ് ഇന്ത്യൻ ഭരണഘടന. പക്ഷേ, ബിൽക്കിസ് ബാനു കേസിൽ കുറ്റവാളികളെ മോചിപ്പിച്ചുകൊണ്ട് ഗുജറാത്ത് സർക്കാർ ലംഘിക്കുന്നത് ഈ ഉറപ്പും വിശ്വാസവുമാണ്. 1992-ൽ ബാബറി മസ്ജിദ് തകർക്കപ്പെട്ടത് ന്യൂനപക്ഷങ്ങൾക്കേറ്റ വലിയൊരു തിരിച്ചടിയായിരുന്നു. ഈ മുറിവുണക്കുന്നതിനുള്ള ഒരു ശ്രമവും ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്ന വിമർശനം നിലനിൽക്കവെയാണ് ഗുജറാത്ത് സർക്കാർ ആ മുറിവിലേക്ക് ഉപ്പുവാരി തേച്ചിരിക്കുന്നത്.

1931-ൽ കോൺഗ്രസിന്റെ കറാച്ചി സമ്മേളനം നടക്കുന്നതിനിടയിലാണ് കാൺപൂരിൽ വർഗ്ഗീയ ലഹള ഉണ്ടായത്. 400 പേരാണ് ഈ കലാപത്തിൽ കൊല്ലപ്പെട്ടത്. കലാപം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അന്ന് കോൺഗ്രസ് നേതൃത്വം ഒരു കമ്മിറ്റിയെ നിയോഗിച്ചു. ചരിത്രസത്യം എന്ന് പറഞ്ഞ് ശത്രുത വളർത്തുന്നതിനെക്കുറിച്ച് സുപ്രീം കോടതി എന്താണ് പറഞ്ഞതെന്ന ലേഖനത്തിൽ ഭരണഘടനാ വിദഗ്ധനായ അഭിഭാഷകൻ എ.ജി. നൂറാനി ഈ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഭഗവൻ ദാസ് ആയിരുന്നു ഈ റിപ്പോർട്ട് നൽകിയ കമ്മിറ്റിയുടെ അദ്ധ്യക്ഷൻ. പണ്ഡിറ്റ് സുന്ദർ ലാൽ, പുരുഷോത്തംദാസ് ടണ്ഠൻ, മഹ്സർ അലി സൊക്തെ, അബ്ദുൾ ലത്തിഫ് ബിജ്നൊരി, സഫറുൾ മലിക് എന്നിവർ കമ്മിറ്റി അംഗങ്ങളും. സർദാർ പട്ടേലായിരുന്നു അന്ന് ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രസിഡന്റ്.

ഡൽഹിയിൽ നിർഭയ സംഭവത്തിന്റെ വാർഷികത്തിൽ മെഴുകുതിരി കൊളുത്തുന്ന പെൺകുട്ടി | Photo: PTI

കുനിഞ്ഞുപോകുന്ന ശിരസ്സുകൾ

ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും ഇടയിൽ ശത്രുത തീർക്കുന്ന മുഖ്യവിവാദങ്ങളെല്ലാം തന്നെ ബ്രിട്ടീഷ് കാലത്തിന്റെയും ബ്രിട്ടിഷ് നയത്തിന്റെയും ഉത്പന്നങ്ങളാണെന്നാണ് കമ്മിറ്റി വിലയിരുത്തിയത്. ഈ വിലയിരുത്തലിന്റെ രാഷ്ട്രീയമാണ് ഇന്ത്യൻ ജനാധിപത്യത്തിന് വെളിച്ചവും വഴികാട്ടിയുമാവേണ്ടത്.

''എനിക്ക് വാക്കുകളില്ല. ഞാൻ മരവിച്ചു പോയിരിക്കുന്നു ഇന്നിപ്പോൾ എനിക്ക് ഇത് മാത്രമേ പറയാനുള്ളു. ഒരു സ്്ത്രീക്കുള്ള നിതി ഇങ്ങനെ അവസാനിക്കുന്നത് എങ്ങിനെയാണ്? ഞാൻ നമ്മുടെ രാജ്യത്തെ ഉന്നത നീതിപീഠങ്ങളെ വിശ്വസിച്ചു. ഞാൻ വ്യവസ്ഥിതിയെ വിശ്വസിച്ചു, എന്റെ ദുരന്തവുമായി ജിവിക്കാൻ ഞാൻ പതുക്കെ പഠിച്ചു വരികയായിരുന്നു. ഈ കുറ്റവാളികളുടെ മോചനം എന്റെ സമാധാനം കെടുത്തിയിരിക്കുന്നു, നീതിയിലുള്ള എന്റെ വിശ്വാസം ഉലച്ചിരിക്കുന്നു.'' ഗുജറാത്ത് സർക്കാരിന്റെ തീരുമാനം നടപ്പായ സ്വാതന്ത്ര്യദിനത്തിൽ ബിൽക്കിസ് ബാനുവിന്റെ പ്രതികരണമാണിത്. മനഃസാക്ഷിയുള്ള ഒരു ഇന്ത്യക്കാരനും ഈ സ്ത്രീയുടെ മുന്നിൽ തലയുയർത്തി നിൽക്കാനാവില്ല. ഈ സത്രീക്ക് നീതി കിട്ടുന്നതു വരെ നമ്മുടെ ശിരസ്സുകൾ കൂടുതൽ കൂടുതൽ കുനിഞ്ഞുകൊണ്ടേയിരിക്കും!

വഴിയിൽ കേട്ടത്: ''ബലാത്സംഗ തലസ്ഥാനമെന്ന ചീത്തപ്പേര് ഡൽഹി നേടിയിരിക്കുന്നു. നിങ്ങൾ വോട്ട് ചെയ്യുമ്പോൾ ഇത് മറക്കരുത്. നിർഭയയെ നിങ്ങൾ ഓർക്കണം.'' 2013-ൽ ഡൽഹിയിലെ തിരഞ്ഞെടുപ്പ് റാലിയിൽ മുഴങ്ങിയ നരേന്ദ്ര മോദിയുടെ വാക്കുകൾ. ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങളേയുള്ളു. നിർഭയ ഓർമ്മിക്കപ്പെടുകയും ബിൽക്കിസ് വിസ്മരിക്കപ്പെടുകയും ചെയ്യുന്നതിനെയാണോ സെലക്ടിവ് അമ്നീസിയ (ചില കാര്യങ്ങൾ മാത്രം മറന്നു പോകുന്ന അവസ്ഥ) എന്ന് വിളിക്കുന്നത്?

Content Highlights: Bilkis Bano, Gang Rape, Gujarat, Riot, Rape Victim, Vazhipokkan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented