കോൺഗ്രസിനും ശശി തരൂരിനും തമ്മിലെന്ത് ? | വഴിപോക്കൻ


വഴിപോക്കൻ

കോൺഗ്രസും ഇന്ത്യൻ ജനാധിപത്യവും അതിനിർണ്ണായകമായ പ്രതിസന്ധിയിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന നാളുകളാണിത്. ഈ ഘട്ടത്തിൽ രാഷ്ട്രത്തോടുള്ള കടമയാണ് കുടുംബ താൽപര്യങ്ങളേക്കാൾ വലുതെന്ന് ഗാന്ധി കുടുംബം തിരിച്ചറിയണം.

രാഹുൽ ഗാന്ധിയും ശശി തരൂരും 2021-ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

ഗുലാം നബി ആസാദ് പോകുന്നതുകൊണ്ട് കോൺഗ്രസ് തകരുമോ? ആസാദ് രാജി വെയ്ക്കാതിരുന്നെങ്കിൽ കോൺഗ്രസ് രക്ഷപ്പെടുമോ? രണ്ടിനും ഒരുത്തരമയേുള്ളു- ഇല്ല. കാരണം കോൺഗ്രസിന്റെ തകർച്ചയും രക്ഷയും ഗുലാം നബിയെ ആശ്രയിച്ചല്ല ഇരിക്കുന്നത്. ഗുലാം നബി ഒരു ലക്ഷണം മാത്രമാണ്, രോഗമല്ല. കോൺഗ്രസ് ഇന്ന് നേരിടുന്ന പ്രതിസന്ധിയുടെ അടിവേരുകൾ ചികഞ്ഞുപോയാൽ ചെന്നെത്തുക ഗാന്ധി കുടുംബത്തിലേക്കാണ്. സോണിയയും രാഹുലും പ്രിയങ്കയും അടങ്ങുന്ന കുടുംബവാഴ്ചയിലേക്ക്.

കഴിഞ്ഞ ദിവസം ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പരേതനായ അഹ്‌മദ് പട്ടേലിന്റെ മകൾ മുംതാസ് പറഞ്ഞ ഒരു കാര്യം ശ്രദ്ധേയമായിരുന്നു: ''കോൺഗ്രസ് പ്രവർത്തകരെ കേൾക്കാൻ ആരുമില്ല. ഇന്ത്യയിലുടനീളം പാർട്ടിയുടെ അവസ്ഥ ഇതാണ്.'' വാസ്തവത്തിൽ സാധാരണ കോൺഗ്രസ് പ്രവർത്തകരുടെ മാത്രമല്ല മിക്കവാറും നേതാക്കളുടെയും അവസ്ഥ ഇതാണ്. സോണിയ ഗാന്ധിയാണ് കോൺഗ്രസ് പ്രസിഡന്റെങ്കിലും പാർട്ടിയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് രാഹുൽ ഗാന്ധിയാണ്. കോൺഗ്രസിനുള്ളിൽ രാഹുലുമായി അടുത്തിടെ കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞിട്ടുള്ള എത്ര നേതാക്കളുണ്ടാവുമെന്ന് ചോദിച്ചാൽ കൈവിരലിലെണ്ണാവുന്ന പേരുകളേ ഉണ്ടാവുകയുള്ളു. സോണിയ ഗാന്ധിയെ കാണാനാവും പക്ഷേ, രാഹുലിനെ കാണുക പ്രയാസമാണ് എന്ന മറുപടിയാണ് മിക്ക നേതാക്കളും നൽകുന്നത്.

ഇങ്ങനെയൊരു നേതാവാണ് ഇപ്പോൾ ഭാരതത്തെ ഒന്നിപ്പിക്കാനായി കന്യാകുമാരിയിൽനിന്നു പദയാത്രയ്ക്ക് ഒരുങ്ങുന്നത്. ഏഴ് വർഷങ്ങൾക്ക് മുമ്പ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോകുമ്പോൾ ഇന്നത്തെ അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ്മ വിരൽ ചൂണ്ടിയത് രാഹുൽ എന്ന നേതാവ് കോൺഗ്രസിനുണ്ടാക്കുന്ന അപടകത്തിലേക്കായിരുന്നു.

അസമിലെ കാര്യങ്ങൾ ചർച്ച ചെയ്യാൻ ഡൽഹിയിൽ രാഹുലിന്റെ വീട്ടിലെത്തിയ തനിക്ക് അവജ്ഞാപൂർണ്ണമായ പെരുമാറ്റമാണ് കിട്ടിയതെന്ന് ഹിമന്ത് പറയുകയുണ്ടായി. പിഡി എന്ന് പേരുള്ള പട്ടിക്ക് തീറ്റ കൊടുക്കുന്ന തിരക്കിലായിരുന്നു രാഹുലെന്നും അസമിലെ പ്രതിസന്ധികൾ രാഹുലിനെ അലട്ടിയിരുന്നില്ലെന്നുമാണ് ഹിമന്ത് കുറ്റപ്പെടുത്തിയത്. ഇന്നിപ്പോൾ അസമിൽ മാത്രമല്ല മൊത്തം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിയുടെ തുറുപ്പുഗുലാനാണ് ഹിമന്ത്.

ഏതാനും ദിവസം മുമ്പ് എൻ.ഡി.ടി.വിയിൽ സ്വാതി ചതുർവ്വേദി എഴുതിയ കുറിപ്പിലും സമാനമായ പരാമർശമുണ്ടായി. രാഹുലും ഗുലാം നബി ആസാദും തമ്മിലുള്ള ഏറ്റവും ഒടുവിലത്തെ കൂടിക്കാഴ്ചയെക്കുറിച്ചാണ് സ്വാതി പറഞ്ഞത്. ''ഗുലാം നബിക്കൊരു ചായ കൊട്'' എന്നാണ് രാഹുൽ പറഞ്ഞതെന്നും സോണിയ ഗാന്ധി തന്നെ ആസാദ് സാബ് എന്നു മാത്രമേ വിളിച്ചിരുന്നുള്ളുവെന്നുമാണ് ഗുലാം നബി ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം അടുത്ത ചില സഹപ്രവർത്തകരോട് പറഞ്ഞതെന്നാണ് സ്വാതി എഴുതിയത്.

ഹിമന്തിനെപ്പോലെ തന്നെ ഇപ്പോൾ ഗുലാം നബിയും കോൺഗ്രസിന് പുറത്താണ്. ക്യാപ്റ്റൻ അമരിന്ദർ സിങിനും ചിലപ്പോൾ ഇത്തരം കഥകൾ പറയാനുണ്ടായേക്കാം. ഗുലാം നബിയും അമരിന്ദറുമൊക്കെ കോൺഗ്രസിലൂടെ നേടിയെടുത്ത നേട്ടങ്ങൾ ചില്ലറായാണോ എന്നും ഒരു സുപ്രഭാതത്തിൽ പാർട്ടി ഇങ്ങനെയങ്ങ് പാർട്ടി വിട്ടുപോകേണ്ടവരാണോ എന്നും ചോദ്യമുയരുന്നുണ്ട്. പാർട്ടിക്കുള്ളിലും ജീവിതത്തിലും ഒരുപാട് നേട്ടങ്ങൾ സ്വായത്തമാക്കിയവരാണ് ഇവരെന്നതിൽ സംശയമില്ല.

സൗജന്യ ശാപ്പാട് ഇല്ലെന്ന് (There is no free lunch) പറയുന്നതുപോലെ ഈ നേട്ടങ്ങൾ ഗാന്ധി കുടുംബം സൗജന്യമായി നൽകിയതല്ല. അമരിന്ദറായാലും ഗുലാം നബി ആയാലും പാർട്ടിക്ക് വേണ്ടി നന്നായി അദ്ധ്വാനിച്ചിട്ടു തന്നെയാണ് ഈ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളത്. പാർട്ടി കുടുംബവും കുടുംബം പാർട്ടിയുമാവുമ്പോൾ ഈ അദ്ധ്വാനം ആത്യന്തികമായി ആർക്ക് വേണ്ടിയായിരുന്നു എന്ന ചോദ്യമാണ് ബാക്കിയാവുന്നത്.

ഗുലാം നബി ആസാദും സോണിയ ഗാന്ധിയും | Photo: PTI

ജഗ്ജീവൻ പോയ്, ജീവൻ പോയ്

അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള പൊതുതിരഞ്ഞെടുപ്പിന് മുമ്പ് ജഗ്ജീവൻ റാമും ബഹുഗുണയും കോൺഗ്രസ് വിട്ടപ്പോൾ ഉയർന്ന മുദ്രാവാക്യം ജഗ്ജിവൻ പോയ്, ജീവൻ പോയ്, ബഹുഗുണ പോയി ഗുണവും പോയ് എന്നതായിരുന്നു. ഗുലാം നബിയും അമരിന്ദറും കബിൽ സിബലുമൊക്കെ വിട്ടുപോയപ്പോൾ ഇത്തരം മുദ്രാവാക്യങ്ങൾ ഉയർന്നിരുന്നില്ല. കാരണം പോകാനായി അങ്ങിനെയൊരു ജീവനോ ഗുണമോ ഇപ്പോൾ കോൺഗ്രസിന് ഇല്ലെന്നതാണ് വാ്സ്തവം. ഇങ്ങനെ ഗുണരഹിതവും ജീവരഹിതവുമായ അവസ്ഥയിലേക്ക് കോൺഗ്രസിനെ എത്തിച്ചതാരെന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം ഗാന്ധികുടുംബത്തിലേക്ക് തന്നെയാവും നീളുക.

2019-ൽ രണ്ടാം വട്ടവും ബി.ജെ.പിക്ക് മുന്നിൽ ദയനീയമായി തകർന്നടിഞ്ഞപ്പോൾ രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. പുതിയ പ്രസിഡന്റ് ഉടനെയുണ്ടാവുമെന്നും അത് ഗാന്ധി കുടുംബത്തിൽ നിന്നായിരിക്കില്ലെന്നുമാണ് അന്ന് രാഹുൽ പറഞ്ഞത്. അന്ന് പറഞ്ഞ വാക്കുകൾ സാക്ഷാത്കരിക്കാൻ കാര്യമായൊരു ശ്രമവും രാഹുലിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. പക്ഷേ, പാർട്ടിക്കുള്ളിൽ അധികാര കേന്ദ്രമായി രാഹുൽ തുടർന്നു.

രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃ സ്ഥാനത്തുനിന്ന് മാറ്റുന്നതിലും ഗെഹ്ലൊത്ത് - സച്ചിൻ പൈലറ്റ് തർക്കം ഒതുക്കുന്നതിലും അമരിന്ദറിനെ മാറ്റി ചന്നിയെ പഞ്ചാബ് മുഖ്യമന്ത്രിയാക്കുന്നതിലും അന്തിമവാക്ക് രാഹുലിന്റേതായിരുന്നു. ഔദ്യോഗികമായി വയനാട് എം.പി. സ്ഥാനം മാത്രമേയുള്ളുവെങ്കിലും കോൺഗ്രസിന്റെ പരമാത്മാവും ജിവാത്മാവും താൻ തന്നെയാണെന്നും താനറിയാതെ ഒരു തീരുമാനവും കോൺഗ്രസിൽ എടുക്കപ്പെടുന്നില്ലെന്നും രാഹുൽ ഉറപ്പ് വരുത്തി. 10 ജനപഥിൽ സോണിയയുടെ വീടും അകബർ റോഡിലെ എ.ഐ.സി.സി. മന്ദിരവും അങ്ങിനെ തുഗ്ലക്ക് ലൈനിലുള്ള രാഹുലിന്റെ വീട്ടിൽനിന്നു വരുന്ന ശാസനങ്ങൾക്കായി ചെവിയോർക്കുകയും കാത്തിരിക്കുകയും ചെയ്തു.

മകൻ തന്നെ കോൺഗ്രസിന്റെ അമരത്ത് തുടരണമെന്ന സോണിയ ഗാന്ധിയുടെ നിർബ്ബന്ധമാണ് വാസ്തവത്തിൽ പാർട്ടിക്കുള്ളിലെ പ്രതിസന്ധി ഇത്രയും രൂക്ഷമാക്കിയത്. കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുന്നതിലായിരുന്നില്ല, മറിച്ച് രാഹുലിന് പുതുജിവൻ പകരുന്നതിലായിരുന്നു സോണിയയുടെ ശ്രദ്ധ. ഇതിനിയിൽ പാർട്ടി ഒരു വഴിക്കായി കൊണ്ടിരിക്കുകയാണെന്ന യാഥാർത്ഥ്യം കാണാൻ ഗാന്ധി കുടുംബത്തിനായില്ല. ഒന്നിനു പിന്നാലെ മറ്റൊന്നായി തിരഞ്ഞെടുപ്പ് പരാജയങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ ഒരു തരത്തിലുള്ള ആത്മപരിശോധനയ്ക്കും രാഹുലും സംഘവും തയ്യാറായില്ല. കോൺഗ്രസ് നേതാക്കളുമായും പ്രവർത്തകരുമായും ആത്മബന്ധം സ്ഥാപിക്കുന്നതിൽ രാഹുലും പ്രിയങ്കയും വല്ലാതെ പരാജയപ്പെട്ടു എന്നാണ് ഈ തിരിച്ചടികൾ അടിസ്ഥാനപരമായി പറയുന്നത്.

വരുന്ന ഒക്ടോബർ 17-ന് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുമെന്നാണ് കോൺഗ്രസ് ഹൈക്കമാന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലൊത്തിനെ പ്രസിഡന്റാക്കാനാണ് നീക്കമെന്ന് റിപ്പോർട്ടുകളുണ്ട്. നരേന്ദ്ര മോദിയും അമിത് ഷായും നയിക്കുന്ന ബി.ജെ.പിയെ പിടിച്ചുകെട്ടാൻ ഗെ്്ഹ്ലൊത്തിനെക്കൊണ്ടാവില്ല. ഗെഹ്ലൊത്ത് ഒരു രാജസ്ഥാൻ പ്രതിഭാസം മാത്രമാണ്. ഗെഹ്ലൊത്തിനെപ്പോലാെരാളാണ് പ്രസിഡന്റാവുന്നതെങ്കിൽ രാഹുലിന്റെ റിമോട്ട് കൺട്രോൾ ഭരണം കോൺഗ്രസിൽ തുടരുമെന്നു തന്നെയാവും അർത്ഥം.

ഇന്ദിര ഗാന്ധിയുടെ കുടുംബചിത്രം

നെഹ്രുവല്ല രാഹുൽ, വാജ്പേയിയല്ല മോദി

രാഹുൽ നേരിടുന്ന വെല്ലുവിളികൾ നെഹ്രുവും ഇന്ദിരയും രാജീവും നേരിട്ടിട്ടില്ല എന്നത് ശരിയാണ്. മോദിയെപ്പോലൊരു നേതാവിനെയോ ഇന്നത്തെ ബി.ജെ.പിയെപ്പോലൊരു പാർട്ടിയെയോ രാഹുലിന്റെ മുൻഗാമികൾക്ക് നേരിടേണ്ടി വന്നിട്ടില്ല. നെഹ്രുവിന്റെ കാലത്ത് കോൺഗ്രസ് തന്നെയായിരുന്നു ഇന്ത്യയിലെ പ്രബലമായ രാഷ്ട്രീയ പാർട്ടി. നെഹ്രുവിന്റെ മരണശേഷം മുന്നു കൊല്ലങ്ങൾക്കപ്പുറത്ത് 1967-ലാണ് കോൺഗ്രസിന് ആദ്യത്തെ വൻതിരിച്ചടിയുണ്ടായത്. അന്ന് തമിഴകത്തും ബംഗാളിലും ഒറിസയിലും കേരളത്തിലും ഒരേസമയം കോൺഗ്രസ് അധികാരത്തിന് പുറത്തായി.

പക്ഷേ, അന്ന് അഖിലേന്ത്യാ തലത്തിൽ ഇന്ദിര തന്നെയായിരുന്നു നേതാവ്. അങ്ങിനെയൊരു നേതാവ് ഇന്നിപ്പോൾ കോൺഗ്രസിനില്ല. കേരളമൊഴികെ മേൽപ്പറഞ്ഞ മൂന്ന് സംസ്ഥാനങ്ങളിലും ഇപ്പോൾ കോൺഗ്രസിന് കാര്യമായ ഒരു സാന്നിദ്ധ്യവുമില്ല. യു.പിയും ബിഹാറും മദ്ധ്യപ്രദേശും കർണ്ണാടകവും പോലുള്ള സുപ്രധാന സംസ്ഥാനങ്ങളിലും കോൺഗ്രസ് അധികാരത്തിന് പുറത്താണ്. ആളിനാളും പണത്തിന് പണവും ഒരുപോലെയുള്ള അതിഭീമമായ ഒരു തിരഞ്ഞെടുപ്പ് യന്ത്രമാക്കി ബി.ജെ.പിയെ മാറ്റാൻ മോദിക്കും ഷായ്ക്കും കഴിഞ്ഞിട്ടുണ്ട്. ഈ യന്ത്രത്തോട് ഏറ്റുമുട്ടാനുള്ള ഭാവനയോ ശേഷിയോ തനിക്കില്ലെന്നാണ് രാഹുൽ അനുദിനം തെളിയിച്ചു കൊണ്ടിരിക്കുന്നത്.

കുടുംബത്തിന്റെ തുടർച്ച ഉറപ്പു വരുത്തുന്നതിലുള്ള അമിതമായ ശ്രദ്ധയാണ് ഇന്ദിരയെ വഴിതെറ്റിച്ചത്. തന്റെ പിൻഗാമി ഇന്ദിരയാവണമെന്ന് നെഹ്രു ഒരിക്കലും ശഠിച്ചിരുന്നില്ല. 1959-ൽ ഇന്ദിര കോൺഗ്രസ് പ്രസിഡന്റായതിനെ നെഹ്രു അത്ര കണ്ട് സന്തോഷത്തോടെയല്ല കണ്ടത്. അതുകൊണ്ടു തന്നെയാണ് നെഹ്രുവിന് ശേഷം ശാസ്ത്രിയെ പ്രധാനമന്ത്രിയാക്കുന്നതിൽ കാമരാജിനും കൂട്ടർക്കും വലിയ വെല്ലുവിളികളൊന്നും നേരിടേണ്ടി വരാതിരുന്നത്.

പക്ഷേ, പാർട്ടിയുടെയും ഭരണത്തിന്റെയും തലപ്പത്തേക്ക് ഇന്ദിരയെത്തിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ബാല്യം മുതലേ അരക്ഷിതബോധമായിരുന്നു ഇന്ദിരയുടെ കൂടപ്പിറപ്പ്. ചെറുപ്പത്തിൽ അമ്മ കമലയ്ക്ക് നെഹ്രു കുടുംബത്തിൽ നേരിടേണ്ടി വന്ന ഒറ്റപ്പെടൽ, പിന്നീട് അധികാരത്തിലെത്തിയപ്പോൾ കാമരാജിന്റെ നേതൃത്വത്തിലുള്ള സിൻഡിക്കറ്റിന്റെ ഉപജാപകങ്ങൾ ഇവയെല്ലാം ചേർന്ന് ഇന്ദിരയെ കുടുംബത്തിന്റെ അത്താണിയും ആശ്രയവുമാക്കി. തനിക്ക് ശേഷം ഇളയ മകൻ സഞ്ജയ്, സഞ്ജയിന്റെ അഭാവത്തിൽ മൂത്ത മകൻ രാജീവ് എന്ന ചിന്തയിലേക്ക് ഇന്ദിര എത്തിയതോടെയാണ് കോൺഗ്രസിനുള്ളിലെ അപചയം രൂക്ഷമാമാവാൻ തുടങ്ങിയത്.

മുത്തശ്ശിയുടെയും പിതാവിന്റെയും ദാരുണവധങ്ങൾ രാഹുലിന്റെ സ്വഭാവഘടനയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടാവാം. എവിടെയും ഒരു ശത്രു ഒളിച്ചിരിപ്പുണ്ടെന്നുള്ള ഭയം അറിയാതെ തന്നെ രാഹുലിന്റെ ഉള്ളിന്റെയുള്ളിലേക്ക് കടന്നുകൂടിയിട്ടുമുണ്ടാവാം. ഇന്ദിരയും ജയലളിതയുമൊക്കെ ഇത്തരം അരക്ഷിതബോധം നേരിട്ടിട്ടുണ്ട്. അവർക്ക് പക്ഷേ, കാലക്രമത്തിൽ അതിനെ മറികടക്കാൻ കഴിഞ്ഞു. അത്തരമൊരു പരിണാമം രാഹുലിൽ നമുക്ക് കാണാനാവുന്നില്ല.

ഇന്ദിരയുടെ സ്‌കൂളിൽ രാഷ്ട്രീയ മാമ്മോദീസ മുങ്ങിയ സോണിയ അതേ വഴിയിലൂടെ നീങ്ങിയതിൽ അത്ഭുതപ്പെടാനില്ല. തനിക്ക് പകരം രാഹുലിനെ മാത്രമേ സോണിയയ്ക്ക് കോൺഗ്രസിന്റെ തലപ്പത്ത് കാണാനാവുന്നുള്ളു. പ്രസിഡന്റായി ഒരു പാവയെ അവരോധിച്ചിട്ട് കോൺഗ്രസിനു മേൽ ഗാന്ധി കുടുംബത്തിന്റെ സമ്പൂർണ്ണ നിയന്ത്രണം തുടരണമെന്നാണ് സോണിയ ആഗ്രഹിക്കുന്നത്. ഈയൊരു ചിന്താസരണിയുമായി കോൺഗ്രസിന് അധികം കാലം മുന്നോട്ടു പോകാനാവില്ല.

നെഹ്രുവിന്റെയും ഇന്ദിരയുടെയും ഇന്ത്യയല്ല സമകാലിക ഇന്ത്യയെന്ന് സോണിയ തിരിച്ചറിയേണ്ടിയിരിക്കുന്നു. ഹിമാലയത്തിലും ബർമ്മയിലുമൊക്കെ ധ്യാനിക്കാൻ പോകുന്നതിന് പകരം ഗാന്ധിജിയുടെ ആത്മകഥ ഒന്ന് മനസ്സിരുത്തി വായിക്കാൻ രാഹുൽ ഗാന്ധി തയ്യാറാവണം. അതുമല്ലെങ്കിൽ മുത്തച്ഛൻ എഴുതിയ 'ഇന്ത്യയെ കണ്ടെത്തൽ' എന്ന പുസ്തകമെങ്കിലും വായിക്കാൻ രാഹുൽ മെനക്കെടണമായിരുന്നു. ട്വിറ്ററിലെ വാചകമടി കൊണ്ട് ബി.ജെ.പിയെയും ആർ.എസ്.എസിനെയും നേരിടാനാവുമെന്നാണ രാഹുൽ കരുതുന്നത്. ഈ കഥയില്ലായ്മയും കാതലില്ലായ്മയുമാണ് താനൊരു പൂണൂൽധാരിയായ കാശ്മീരി ബ്രാഹ്‌മണനാണെന്നാക്കെയുള്ള വങ്കത്തരങ്ങൾ എഴുന്നള്ളിക്കുന്നതിലേക്ക് രാഹുലിനെ നയിച്ചത്.

അശോക് ഗെഹ്‌ലോത്‌ | Photo: PTI

വരണം പുതിയ നേതൃത്വം

കോൺഗ്രസ് മാറണമെങ്കിൽ പുതിയ നേതൃത്വം വരണം. ഗാന്ധി കുടുംബമോ ഗാന്ധി കുടുംബത്തിന്റെ പ്രതിനിധികളോ അല്ല, ഇന്ത്യൻ ജനതയുടെ മനസ്സും ഭാവനയും പിടിച്ചെടുക്കാൻ കഴിയുന്ന നേതാക്കൾ മുന്നോട്ടു വരണം. ഇവരെ കണ്ടെത്തി, അവർക്ക് ബാറ്റൺ കൈമാറുകയാണ് രാഹുൽ ഗാന്ധി ഇപ്പോൾ ചെയ്യേണ്ടത്. കോൺഗ്രസിന്റെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തിട്ട്, ആ നേതാവിന്റെ നേതൃത്വത്തിലാവണമായിരുന്നു ഭാരത് ജോഡോ യാത്ര. പക്ഷേ, കല്ല്യാണവീട്ടിൽ പോയാൽ മണവാളൻ ആകണമെന്ന ചിന്തയിലാണ് രാഹുലുമെന്ന് തോന്നുന്നു. സാമൂഹ്യ മാദ്ധ്യമങ്ങളിലെ പ്രസ്താവനകളിൽ ഹരം കൊള്ളുന്നതിൽ ഇന്നത്തെ കാലത്ത് കുറ്റം പറയാനാവില്ല. പക്ഷേ, രാഷ്ട്രീയ പ്രവർത്തനം അത് മാത്രമല്ല, 24 മണിക്കൂറും 365 ദിവസവും സമർപ്പണം ആവശ്യമുള്ള മേഖലയാണ് രാഷ്ട്രീയം.

ഭൂപേഷ് ഭാഗൽ, ഡി.കെ. ശിവകുമാർ, ശശി തരൂർ എന്നിവരെപ്പോലുള്ളവരെയാണ് കോൺഗ്രസ് ഹൈക്കമാന്റ് മുൻനിരയിലേക്ക് കൊണ്ടുവേരണ്ടത്. കോൺഗ്രസിനോടുള്ള അദമ്യമായ സ്നേഹം കൊണ്ടല്ല ഈ കുറിപ്പെഴുതുന്നത്. ഒരു പാർട്ടി, ഒരു രാഷ്ട്രം, ഒരു സംസ്‌കാരം എന്ന നിലയിലേക്കുള്ള യാത്ര ഇന്ത്യൻ ജനാധിപത്യത്തിനും ജനങ്ങൾക്കും ഗുണകരമാവില്ല എന്ന തിരിച്ചറിവിന്റെ വെളിച്ചത്തിലുള്ള കുറിപ്പാണിത്. പൊരുതുന്ന ഒരു കോൺഗ്രസിനെയാണ് ഇന്ത്യൻ ജനാധിപത്യം ഇപ്പോൾ ആവശ്യപ്പെടുന്നത്.

ചത്തീസ്ഗഡ് വിട്ട് ദേശീയ ധാരയിലേക്ക് ഭാഗൽ വരാനുള്ള സാദ്ധ്യത കുറവാണ്. ഡി.കെ. ശിവകുമാറാണെങ്കിൽ കർണാടകത്തിൽ കോൺഗ്രസിനെ രക്ഷിച്ചെടുക്കാൻ പെടാപ്പാട് നടത്തിക്കൊണ്ടിരിക്കുകയാണ്. ഇവർ രണ്ട് പേരും കോൺഗ്രസ് പ്രസിഡന്റ് സ്ഥാനാർത്ഥിയാവാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ല. പക്ഷേ, ശശി തരൂർ സന്നദ്ധത സൂചിപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം മാതൃഭൂമിയുടെ ഇംഗ്ളീഷ് പോർട്ടലിൽ എഴുതിയ ലേഖനത്തിലാണ് തരൂർ ഈ സൂചന നൽകിയത്. പ്രസിഡന്റ് സ്ഥാനത്തേക്ക് കാര്യമായെ മത്സരമുണ്ടാവുമെന്നും അത് പാർട്ടിയെ പല തലങ്ങളിൽ ഉണർത്തുമെന്നുമാണ് തരൂർ എഴുതിയത്. നിലവിൽ കോൺഗ്രസിന്റെ അവസ്ഥ മേൽവിലാസമില്ലാത്ത കവർ പോലെയാണെന്ന വിമർശം ശക്തമാണെന്നും തരൂർ ചൂണ്ടിക്കാട്ടി.

വരുന്ന സെപ്റ്റംബർ 24 മുതൽ 30 വരെയാണ് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടത്. ഒരേയൊരാൾ മാത്രമേയുള്ളെങ്കിൽ സെപ്റ്റംബർ 30-നു തന്നെ കോൺഗ്രസിന്റെ പുതിയ പ്രസിഡന്റ് ആരാണെന്ന് അറിയാനാവും. മത്സരിക്കാൻ ആളുണ്ടെങ്കിൽ ഒക്ടോബർ 17-നായിരിക്കും തിരഞ്ഞെടുപ്പ്. മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല എന്നാണ് തരൂർ വ്യക്തമാക്കുന്നതെന്നാണ് അറിയുന്നത്. ഹൈക്കമാന്റ് ഗെഹ്ലൊത്തിനെ കളത്തിലിറക്കിയാൽ തരൂർ പ്രതിയോഗിയാവുമോ എന്നത് കണ്ടറിയേണ്ടി വരും.

ഗാന്ധിജിയുടെ സ്വന്തം സ്ഥാനാർത്ഥിയായിരുന്ന പട്ടാഭി സീതാരാമയ്യയെ പരാജയപ്പെടുത്തിയാണ് സുഭാഷ് ചന്ദ്രബോസ് 1939-ൽ കോൺഗ്രസ് പ്രസിഡന്റായത്. പക്ഷേ, ഇത്തരമൊരു അട്ടിമറി ഇന്നിപ്പോൾ കോൺഗ്രസിൽ ഏറെക്കുറെ അസാദ്ധ്യമാണ്. 2001-ലാണ് കോൺഗ്രസിൽ അവസാനമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരമുണ്ടായത്. അന്ന് സോണിയ ഗാന്ധിയോട് ഏറ്റമുട്ടിയ ജിതേന്ദ്ര പ്രസാദ് ദയനീയമായി പരാജയപ്പെട്ടു. മൊത്തം ഒമ്പതിനായിരത്തോളം പ്രതിനിധികളാണ് കോൺഗ്രസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുക എന്നാണ് കഴിഞ്ഞ ദിവസം പാർട്ടിയുടെ സംഘടന ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞത്. 2001-ൽ സോണിയയ്ക്ക് 7,448 വോട്ടുകൾ കിട്ടിയപ്പോൾ പ്രസാദയ്ക്ക് കിട്ടിയത് 94 വോട്ടുകളാണ്.

ഓർക്കണം ചേറ്റൂർ ശങ്കരൻ നായരെ

ചേറ്റൂർ ശങ്കരൻ നായർ

ഗാന്ധി കുടുംബത്തിനോട് കൂറു പുലർത്തുന്നവരാണ് പ്രതിനിധികളിൽ ഏറെയും. അതുകൊണ്ടുതന്നെ കുടുംബം ഒരു സ്ഥാനാർത്ഥിയെ പിന്തുണച്ചാൽ ആ സ്ഥാനാർത്ഥിക്കായിരിക്കും വിജയമുണ്ടാവുക. കുടുംബത്തിന്റെ പിന്തുണ ഇല്ലാതെ വിജയിച്ചുകയറുക എന്ന് പറഞ്ഞാൽ അത്ഭുതം തന്നെ സംഭവിക്കേണ്ടി വരും. കോൺഗ്രസും ഇന്ത്യൻ ജനാധിപത്യവും അതിനിർണ്ണായകമായ പ്രതിസന്ധിയിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന നാളുകളാണിത്. ഈ ഘട്ടത്തിൽ രാഷ്ട്രത്തോടുള്ള കടമയാണ് കുടുംബ താൽപര്യങ്ങളേക്കാൾ വലുതെന്ന് ഗാന്ധി കുടുംബം തിരിച്ചറിയണം.

ശശി തരൂരിനെപ്പോലൊരു നേതാവിനെ കോൺഗ്രസിന്റെ തലപ്പത്തേക്ക് കൊണ്ടുവരാനായാൽ അത് സൃഷ്ടിക്കുന്ന മാറ്റം ചെറുതായിരിക്കില്ല. നരസിംഹറാവു പ്രധാനമന്ത്രിയായതും കോൺഗ്രസ് പ്രസിഡന്റായതും ആത്യന്തികമായി കുടുംബത്തിനെ ഉലയ്ക്കുകയാണ് ചെയ്തതെന്ന ചരിത്രത്തിന്റെ പുറത്തായിരിക്കരുത് ഈ ഘട്ടത്തിൽ ഗാന്ധി കുടുംബം തീരുമാനമെടുക്കേണ്ടത്. കോൺഗ്രസിന്റെ നിലനിൽപും അതിജീവനവുമാണ് വേണ്ടതെങ്കിൽ നരേന്ദ്ര മോദിയെ നേരിടാൻ കഴിയുന്ന , സംഘപരിവാറുമായി ആശയതലത്തിലും പ്രായോഗികതലത്തിലും കൊമ്പ്കോർക്കാൻ കഴിയുന്ന ഒരു നേതാവാണ് കോൺഗ്രസ് പ്രസിഡന്റാവേണ്ടത്.

നേതൃശേഷിയും ജനകീയതയും ഒരു പോലെ സമ്മേളിക്കുന്ന ഒരാളാണ് വേണ്ടത്. ഈ ഗുണങ്ങളുള്ള, തരൂരിനേക്കാൾ മികവുറ്റ മറ്റൊരു നേതാവ് കളത്തിലിറങ്ങിയാൽ ഗാന്ധി കുടുംബത്തിന് ആ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാം. കൈയ്യിൽ കസ്തൂരി വെച്ചിട്ട് കോൺഗ്രസ് എന്തിനാണ് ഒരു നേതാവിനെത്തേടി അലയുന്നതെന്ന് മുമ്പൊരിക്കൽ ഈ കോളത്തിൽ ചോദിച്ചിരുന്നു.

ഇതിനു മുമ്പ് ഒരു മലയാളി കോൺഗ്രസിന്റെ പ്രസിഡന്റായത് 1897-ലാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തെ വിറപ്പിച്ച കക്ഷിയായിരുന്നു പാലക്കാട്ടുകാരന്‍ സി ശങ്കരന്‍ നായര്‍
. ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ പഞ്ചാബ് ലഫ്റ്റ്നന്റ് ഗവർണ്ണർ മൈക്കൽ ഡയറിനെതിരെയായിരുന്നു ലണ്ടനിലെ ബ്രിട്ടീഷ് കോടതിയിൽ ശങ്കരൻ നായരുടെ നിയമ യുദ്ധം. ' The case that shook the empire' എന്ന പേരിൽ ഈ നിയമയുദ്ധത്തെക്കുറിച്ച് അദ്ദേഹത്തിന്റെ പേരക്കിടാവ് രഘു പാലാട്ടും ഭാര്യ പുഷ്പ പാലാട്ടും ചേർന്ന് പുസ്‌കം രചിച്ചിട്ടുണ്ട്.

അഞ്ചര ആഴ്ച നീണ്ടുനിന്ന നിയമയുദ്ധത്തിൽ ഡയറിനായിരുന്നു വിജയം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഉപാസകർ അടങ്ങിയ ജൂറിയിൽനിന്ന് മറിച്ചൊരു വിധി ആരും പ്രതീക്ഷിച്ചിരുന്നില്ല. ഡയറിന് മാനഹാനിയുണ്ടാക്കിയെന്ന കുറ്റത്തിന് 500 പൗണ്ട് പിഴയൊടുക്കണമെന്നും ജൂറി നിർദ്ദേശിച്ചു. 12 അംഗ ജൂറിയിൽ ഹരോൾഡ് ലാസ്‌കി മാത്രമാണ് വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയത്. ശങ്കരൻ നായർ മാപ്പ് പറഞ്ഞാൽ 500 പൗണ്ട് നൽകേണ്ടതില്ലെന്ന് ഡയർ നിലപാടെടുത്തു. പക്ഷേ, മാപ്പ് പറയാൻ വേറെ ആളെ നോക്കണമെന്നും 500 പൗണ്ട് പിഴയടക്കാൻ തയ്യാറാണെന്നുമാണ് ശങ്കരൻ നായർ നിലപാടെടുത്തത്.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഗാന്ധിജിയുടെ നയങ്ങൾക്കെതിരെ കടുത്ത വിമർശം ഉന്നയിക്കാൻ ശങ്കരൻ നായർക്ക് മടിയുണ്ടായിരുന്നില്ല. 'Gandhi and Anarchy' എ്ന്ന പേരിൽ 1922-ൽ ശങ്കരൻ നായർ എഴുതിയ പുസ്തകം പ്രസിദ്ധമാണ്. പാലക്കാട് ജില്ലയിൽ മങ്കരയാണ് ശങ്കരൻ നായരുടെ ജന്മദേശം. ശശി തരൂരിന്റെ നാടായ തരൂർ പാലക്കാട് ആലത്തൂർ താലൂക്കിലാണ്. ആലത്തൂരിന്റെ അതിർത്തിയായ പെരിങ്ങോട്ടുകുറിശ്ശിയെ മങ്കരയിൽനിന്ന് വേർതിരിക്കുന്നത് ഭാരതപ്പുഴയാണ്.

തരൂർ കോൺഗ്രസ് പ്രസിഡന്റാവാനുള്ള സാദ്ധ്യത ഇന്നത്തെ അവസ്ഥയിൽ തുലോം വിരളമാണ്. ഗാന്ധി കുടുംബത്തിന്, പ്രത്യേകിച്ച് രാഹുൽ ഗാന്ധിക്ക് തരൂരിനോട് വലിയ മമതയൊന്നും ഇല്ലെന്നതാണ് കാര്യം. കുടുംബത്തോടുള്ള വിധേയത്വമാണ് കോൺഗ്രസിൽ സ്ഥാനമാനങ്ങൾക്കുള്ള ആത്യന്തിക മാനദണ്ഡമെങ്കിൽ ശങ്കരൻ നായരുടെ പിൻഗാമി ആവാനുള്ള നറുക്ക് തരൂരിന് കിട്ടാനിടയില്ല.

പക്ഷേ, കോൺഗ്രസിന്റെ ജനാധിപത്യ ചരിത്രത്തിന് യശസ്സ് വർദ്ധിക്കണമെങ്കിൽ ഇത്തരമൊരു മത്സരം അനിവാര്യമാണ്. ഇന്ത്യയിലെവിടെയും തരൂരിന് തരൂരിന്റേതായ ഇടമുണ്ട്. തന്റേതായ നിലയിൽ നാലാളെ ഇന്ത്യയിലെവിടെയും ആകർഷിക്കാൻ ഗാന്ധി കുടുംബാംഗങ്ങൾ കഴിഞ്ഞാൽ ഇന്നിപ്പോൾ കോൺഗ്രസിൽ തരൂർ മാത്രമേയുള്ളു. ചരിത്രത്തിലും സാഹിത്യത്തിലും തരൂരിനുള്ള അവഗാഹത്തിൽ ആർക്കും സംശയമുണ്ടാവില്ല. ജനകീയതയിലും തരൂർ മുന്നിൽ തന്നെയാണെന്ന് കഴിഞ്ഞ മൂന്നു വട്ടം തുടർച്ചയായി തിരുവനന്തപുരം നിലനിർത്തിക്കൊണ്ട് തരൂർ തെളിയിച്ചിട്ടുണ്ട്. തരൂരായിരുന്നില്ല സ്ഥാനാർത്ഥിയെങ്കിൽ അനന്തപുരി ലോക്സഭ മണ്ഡലത്തിൽ ബി.ജെ.പിയുടെ താമര എപ്പോഴേ വിരിയുമായിരുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടി എന്ന് വിശേഷണമാണ് കോൺഗ്രസുകാർ സ്വന്തം പാർട്ടിക്ക് നൽകുന്നത്. ആ വിശേഷണം അർത്ഥപൂർണ്ണമാവണമെങ്കിൽ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വതന്ത്രവും നിഷ്പക്ഷവുമാർന്ന മത്സരമുണ്ടാവണം. പരസ്പര ബഹുമാനത്തിലും വിശ്വാസത്തിലും അടിയുറച്ച മത്സരം. തരൂർ തന്നെ ചൂണ്ടിക്കാട്ടിയതു പോലെ തെരേസയ്ക്കും ബോറിസ് ജോൺസനും പിൻഗാമിയാവാനുള്ള മത്സരത്തിൽ നിരവധി പേർ രംഗപ്രവേശം ചെയ്തപ്പോൾ ബ്രിട്ടനിലെ കൊൺസർവേറ്റിവ് പാർട്ടിയുടെ ജനസമ്മതിയും ഉണർവ്വും വർദ്ധിക്കുകയാണുണ്ടായത്. പരസ്പര ബഹുമാനത്തിലും വിശ്വാസത്തിലും അടിയുറച്ച മത്സരം.

വഴിയിൽ കേട്ടത്: പത്രപ്രവർത്തകനായ വിർ സാങ്വി കോൺഗ്രസിനെക്കുറിച്ചെഴുതിയ ലേഖനം അവസാനിപ്പിച്ചത് ഇങ്ങനെയാണ്: ''They say you can't teach a pilot how to take off without also teaching him how to land. The Congress has the opposite problem. It is in thrall to an obstinate pilot who doens't even know how to take off. But he has certainly learned how to crash-land'' (എങ്ങിനെ താഴെ ഇറങ്ങണമെന്ന് പഠിപ്പിക്കുന്നില്ലെങ്കിൽ എങ്ങിനെ വിമാനം റൺവെയിൽനിന്ന് പറത്തി ഉയർത്താനാവുമെന്ന് ഒരു പൈലറ്റിനെ പഠിപ്പാനാവില്ല. കോൺഗ്രസിന്റെ ഇപ്പോഴത്തെ പ്രശ്നം നേരെ വിപരീതമാണ്. വിമാനം എങ്ങിനെ പറത്തി ഉയർത്താനാവുമെന്ന് അറിയില്ലെങ്കിലും സംഗതി നിലത്തിടിച്ചിറക്കേണ്ടത് എങ്ങിനെയാണെന്ന് പഠിച്ചുകഴിഞ്ഞ ശാഠ്യക്കാരനായ ഒരു പൈലറ്റിന്റെ ഗർവ്വിനും അധികാരത്തിനും മുന്നിലാണ് കോൺഗ്രസിപ്പോൾ).

Content Highlights: Shashi Tharoor, Rahul Gandhi, Congress, INC, AICC President, Vazhipokkan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented