പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് | Photo: AFP
പാകിസ്താന്റെ 'റിസര്‍വ് ബാങ്കാ'യ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താന്റെ കണക്കുകള്‍ പ്രകാരം 2014-ന് ശേഷം രാജ്യത്തെ ഏറ്റവും കുറഞ്ഞ വിദേശനാണ്യശേഖരമാണ് ഇപ്പോഴുള്ളത്. വെറും മൂന്നാഴ്ചത്തേക്കുള്ള ഇറക്കുമതിക്കായുള്ള 430 കോടി ഡോളറിന്റെ ശേഖരം. ജനുവരി 13-ന് വന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. വാണിജ്യ ബാങ്കുകളുടെ കൈവശം 580 കോടി വിദേശനാണ്യ ശേഖരമുണ്ടന്നാണ്.
2019-ല്‍ അന്തര്‍ദേശീയ നാണ്യനിധിയുമായി എത്തിച്ചേര്‍ന്നിട്ടുള്ള ധാരണപ്രകാരം 110 കോടി വായ്പയായി ലഭിക്കുമെന്ന് പാകിസ്താന് കരുതുന്നു. ഉഭയകക്ഷി ധാരണകളുള്ള രാജ്യങ്ങളില്‍നിന്നു സഹായം ലഭിക്കുമെന്നുമാണ് പാക് പ്രതീക്ഷ. ഇതിനിടെ, യു.എ.ഇ. 100 കോടി രൂപ നല്‍കുകയും വായ്പയായി മറ്റൊരു 200 കോടി രൂപ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതേസമയത്താണ്, ഇന്ത്യയുമായി ഇനി യുദ്ധത്തിനില്ലെന്നും സമാധാനമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നുമുള്ള പ്രതികരണം ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ അറബിയ ടി.വിക്ക് നല്കിയ അഭിമുഖത്തില്‍ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്.
മോദിയോട് ഷഹബാസ് ഷെരീഫ് അഭ്യര്‍ത്ഥിച്ചത്
ഇന്ത്യയുമായി നടത്തിയ മൂന്ന് യുദ്ധങ്ങളില്‍നിന്ന് പാഠം പഠിച്ചെന്നും ഇനി സമാധാനമാണ് ആഗ്രഹിക്കുന്നത് എന്നുമായിരുന്നു പാക് പ്രധാനമന്ത്രി അല്‍ അറബിയക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. "കശ്മീർ ഉള്‍പ്പെടെ ഇരുരാജ്യങ്ങള്‍ക്കിടയിലും കത്തിനില്‍ക്കുന്ന വിഷയങ്ങളില്‍ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ആത്മാര്‍ഥവും ഗൗരവമുള്ളതുമായ ചര്‍ച്ചകള്‍ നടത്താം. ഇക്കാര്യം അടുത്തിടെ യു.എ.ഇയിലേക്ക് നടത്തിയ സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാനോട് സൂചിപ്പിച്ചിരുന്നു. അദ്ദേഹം പാകിസ്താന്റെ സഹോദരനാണ്. ചര്‍ച്ചയ്ക്കായി ഇരുരാജ്യങ്ങളേയും ഒരു മേശയ്ക്ക് ചുറ്റും കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിക്കും." ഷെഹബാസ് പറഞ്ഞു.
"യുദ്ധങ്ങള്‍ സമ്മാനിച്ചത് സാമ്പത്തിക പ്രതിസന്ധിയും ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണ്. ഞങ്ങള്‍ക്ക് ദാരിദ്ര്യം നിര്‍മ്മാര്‍ജനം ചെയ്യണം. വളര്‍ച്ച കൈവരിക്കണം. വിദ്യാഭ്യാസം ലഭ്യമാക്കണം. ജനങ്ങള്‍ക്ക് ആരോഗ്യ സംവിധാനങ്ങള്‍ ഉറപ്പുവരുത്തുകയും ജോലി നല്‍കുകയും വേണം." അതിനു പകരം, ബോംബുകള്‍ക്കും വെടിക്കോപ്പുകള്‍ക്കും രാജ്യത്തിന്റെ വിഭവങ്ങള്‍ പാഴാക്കാന്‍ തങ്ങളില്ലെന്നുമായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള ഷഹബാസ് ഷെരീഫിന്റെ സന്ദേശം.

തിരുത്തെന്നും വ്യക്തതയെന്നും
പട്ടാള- ഭരണകൂട അട്ടിമറികളുടെ നീണ്ട ചരിത്രമുള്ള രാജ്യമാണ് പാകിസ്താന്. ഇവിടെ ഓരോ പ്രധാനമന്ത്രിയുടേയും രാഷ്ട്രീയ ആയുസ്സ് നിര്‍ണ്ണയിക്കുന്നതില്‍, ഇന്ത്യയോട് അവര്‍ എന്ത് നിലപാട് സ്വീകരിക്കുന്നു എന്നത് കൂടി പ്രധാന ഘടകമായി വരാറുണ്ട്. ഇന്ത്യയുമായി സമാധാന ചര്‍ച്ചകള്‍ക്ക് താത്പര്യമുണ്ടെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ തിരുത്തുമായി പ്രധാനമന്ത്രിയുടെ വക്താവ് രംഗത്ത് വന്നിരുന്നു. ഔദ്യോഗിക ഭാഷയില്‍ അത് വ്യക്തത വരുത്തലാണെങ്കിലും മാറി നിന്ന് നോക്കുന്നവര്‍ക്ക് അത് തിരുത്തോ, പറഞ്ഞതില്‍നിന്നുള്ള പിന്നാക്കം പോകലോ ആണ്. കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്കുന്ന 370-ാം വകുപ്പ് പുനഃസ്ഥാപിച്ചാല്‍ മാത്രമേ സന്ധി ചര്‍ച്ചകള്‍ സാധ്യമാവൂ എന്ന് പ്രധാനമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നായിരുന്നു വക്താവിന്റെ വിശദീകരണം. എന്നാല്‍, പാകിസ്താനില്‍ പ്രധാനമന്ത്രിയുടെ ആദ്യ പ്രസ്താവനയുണ്ടാക്കിയ പ്രതികരണങ്ങളുടെ പശ്ചാത്തലത്തിലാണ് തിരുത്തെന്നതാണ് വാസ്തവം.
ഷഹബാസിനെതിരെ വടിയോങ്ങി, തല്ല് തിരിച്ചടിച്ചു
അല്‍ അറബിയ ടി.വിക്ക് നല്കിയ അഭിമുഖത്തിലെ ഇന്ത്യയോടുള്ള സമീപനത്തെക്കുറിച്ചുള്ള വാക്കുകള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പാകിസ്താന് തെഹരീകെ ഇന്‍സാഫ് പാര്‍ട്ടി നേതാക്കളാണ് ആദ്യം ഷഹബാസ് ഷെരീഫിനെതിരെ രംഗത്തെത്തിയത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ വീഡിയോ ഉയര്‍ത്തിക്കാട്ടിയായിരുന്നു വിമര്‍ശനം. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനിടെ രാജസ്ഥാനിലെ ബാര്‍മറില്‍ മോദി നടത്തിയ പ്രസംഗമായിരുന്നു ആയുധം.
'പാകിസ്താന്റെ അഹന്ത നമ്മള് ഇല്ലാതാക്കി. പിച്ചപ്പാത്രവുമായി ലോകം മുഴുവന്‍ സഞ്ചരിക്കുന്ന അവസ്ഥയിലേക്ക് നമ്മള് പാകിസ്താനെ എത്തിച്ചു. പാകിസ്താനെ പേടിക്കുന്നത് നമ്മള് അവസാനിപ്പിച്ചിരിക്കുന്നു. അവര്‍ക്ക് ആണവായുധങ്ങള്‍ ഉണ്ടെങ്കില്‍, നമ്മുടേത് ദീപാവലിക്ക് പൊട്ടിക്കാന്‍ വെച്ചതല്ല.'- എന്നായിരുന്നു ഇമ്രാന് ഖാന്റെ പാര്ട്ടിക്കാര് പ്രചരിപ്പിച്ച വീഡിയോയില്‍ മോദി പറയുന്നത്. രാജ്യത്തെ നാണം കെടുത്തിയ പ്രസ്താവന നടത്തുന്ന ഇന്ത്യയോട് അനുനയ സമീപനം സ്വീകരിക്കുന്നുവെന്ന് കാണിക്കാനായിരുന്നു പാക് പ്രതിപക്ഷം ഈ വീഡിയോ പ്രചരിപ്പിച്ചത്. നിലവിലുള്ളത് കഴിവുകെട്ട സര്‍ക്കാരാണെന്നും പാകിസ്താന് സൈന്യം രാജ്യത്തെ മോശം അവസ്ഥയിലെത്തിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളായിരുന്നു ഓരോ നേതാക്കളും ഉന്നയിച്ചത്.
എന്നാല്‍, പണി കിട്ടിയത് മോദി പാകിസ്താനെതിരെ പ്രസ്തുത പ്രസ്താവന നടത്തുമ്പോള്‍, പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ആയിരുന്നു എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടതോടെയാണ്. 2019-ല്‍ മോദി രാജസ്ഥാനില്‍ പ്രസംഗിക്കുമ്പോള്‍ ഇമ്രാന് ഖാനായിരുന്നു പ്രധാനമന്ത്രിയെന്ന് പാക് മാധ്യമപ്രവര്‍ത്തക നൈല ഇനായത്ത് ചൂണ്ടിക്കാണിച്ചതോടെയാണ് 'ഇമ്രാന് സൈന്യം' ശരിക്കും പെട്ടുപോയത്.

പാകിസ്താനിലൊരു ലങ്ക?
വിദേശനാണ്യശേഖരമില്ലാതെ പോയതിനെ തുടര്‍ന്ന് ഇറക്കുമതി നിലച്ചുപോയതാണ് ശ്രീലങ്കന്‍ ജനതയെ സാമ്പത്തിക ഞെരുക്കത്തിലേക്കും കടുത്ത പ്രതിഷേധങ്ങളിലേക്കും എത്തിച്ചത്. പാകിസ്താനും സമാനവഴിയിലാണെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. 2021-ല്‍ 12.3 ആയിരുന്ന പാകിസ്താന്റെ പണപ്പെരുപ്പം 2022 ഡിസംബര്‍ ആവുമ്പോള്‍ 24.5 ശതമാനമാണ്. കഴിഞ്ഞ വര്‍ഷമുണ്ടായ മഹാപ്രളയവും പാകിസ്താന്റെ സാമ്പത്തിക വളര്‍ച്ചയെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രളയത്തിന്റെ പ്രഹരം ബാധിക്കുന്നതിന് മുമ്പ്, സെപ്റ്റംബറില്‍ പണപ്പെരുപ്പം പാകിസ്താന്റെ 47 വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കിലായിരുന്നു. ശാരീരികാധ്വാനം ഏറെയുള്ള ജോലി ചെയ്യുന്ന പാകിസ്താന്‍കാരുടെ വാങ്ങല്‍ ശേഷിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 25 ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്ക്. താഴേക്കിടയിലുള്ളവരുടേയും മധ്യവര്‍ഗത്തില്‍ താഴേക്കിടയിലുള്ളവരുടേയും പ്രതിദിന വരുമാനം രണ്ടു ഡോളറായി കുറഞ്ഞു.
പാകിസ്താനി രൂപ യു.എസ്. ഡോളറുമായി വിനിമയ നിരക്ക് അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. ജി.ഡി.പിയിലെ കടം 77.8 ശതമാനമാണ്. അഞ്ച് വര്‍ഷം മുമ്പ് 60.8% ആയിരുന്നപ്പോഴാണിത്. വര്‍ഷാദ്യത്തില്‍ രാജ്യത്തിന്റെ പൊതുകടം പാകിസ്താനി രൂപയില്‍ 62.46 ലക്ഷം കോടി രൂപയാണ്. സര്‍ക്കാരുകള്‍ മാറി വന്നതിന് പിന്നാലെയുണ്ടായ രാഷ്ട്രീയ അസ്ഥിരതയ്ക്കൊപ്പം, പുതിയ സര്‍ക്കാരിന്റെ വികലമായ സാമ്പത്തിക നയങ്ങളുടെ ഫലം കൂടിയാണ് പാകിസ്താനി ജനത നിലവില്‍ അനുഭവിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. സൗദിയില്‍ നിന്നും യു.എ.ഇയില്‍ നിന്നുമായി നിലവില്‍ 400 കോടി രൂപയോളം പാകിസ്താന് ലഭിച്ചുകഴിഞ്ഞു. നിലവിലെ അവസ്ഥ സംബന്ധിച്ച് പാക് പ്രധാനമന്ത്രിയുടെ തന്നെ ഒരു പ്രസ്താവന അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ ഉയര്‍ത്തിക്കാട്ടുന്നത് ഇങ്ങനെയാണ്: 'ഒരു കയ്യില്‍ ആണവായുധം പിടിച്ച് മറ്റൊരു കൈകൊണ്ട് പിച്ച തെണ്ടേണ്ട അവസ്ഥ അപമാനകരമാണ്.'
പ്രളയത്തിന്റെ കെടുതികളില്‍നിന്ന് മോചനത്തിനു ശ്രമിക്കുന്ന പാകിസ്താന് 900 കോടി രൂപ ജനീവയില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ സഹായധനം ലഭിച്ചിരുന്നു. സൗദി കൂടുതല്‍ സഹായത്തിന് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇതൊന്നും സാമ്പത്തിക പ്രതിസന്ധിക്ക് മേല്‍ ഒരു മുറിവുണക്കല്‍ പോലുമാവില്ലെന്നാണ് കരുതപ്പെടുന്നത്.

മെലിയുന്ന പ്രതിരോധ ബജറ്റ്
ജി.ഡി.പിയുടെ 2.8 ശതമാനത്തില്‍നിന്ന് 2.2%ശതമാനമായി 2022-23 വര്‍ഷത്തെ പ്രതിരോധ ബജറ്റില്‍ കാര്യമായ കുറവ് പാകിസ്താന് വരുത്തിയിരുന്നു. രൂപയിടിഞ്ഞതും പണപ്പെരുപ്പവുമാണ് ബജറ്റ് വെട്ടിക്കുറയ്ക്കാനുള്ള കാരണമായി സൈനിക വക്താവ് ബാബര്‍ ഇഫ്തിഖര്‍ അറിയിച്ചിരുന്നത്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ സൈനിക വിന്യാസം ഒരുക്കുന്നതിന് പുറമേ, പാകിസ്താനുള്ളില്‍ തന്നെ ഭീകരവാദ സംഘടനകളുമായി സൈന്യം നിരന്തര സംഘര്‍ഷത്തിലാണ്. 2002 മുതല്‍ തെഹ്രികെ താലിബാന് പാകിസ്താന് സൈന്യം ഏറ്റുമുട്ടലിലാണ്. ആഭ്യന്തരസംഘര്‍ഷങ്ങളും സാമ്പത്തിക ഞെരുക്കവും അനുഭവിക്കുന്നതിനിടെ അതിര്‍ത്തിയില്‍ ഇനിയും ഒരു സംഘര്‍ഷമുണ്ടാവുന്നത് വലിയ ബാധ്യതകളിലേക്ക് പാകിസ്താനെ എത്തിക്കും.
ഷഹബാസ് അല്ല ആദ്യം
ഇന്ത്യയുമായി സാമാധാനശ്രമങ്ങള്‍ വേണമെന്ന് പരസ്യപ്രസ്താവന നടത്തുന്ന ആദ്യത്തെ പാക് പ്രധാനമന്ത്രിയല്ല ഷഹബാസ് ഷെരീഫ്. 2015-ല്‍, ഇന്ത്യയുമായുള്ള സമാധാനശ്രമങ്ങള്‍ക്ക് നാലിന പദ്ധതി അന്നത്തെ പ്രധാനമന്ത്രിയും നിലവിലെ പ്രധാനമന്ത്രിയുടെ സഹോദരനുമായ നവാസ് ഷെരീഫ് ഐക്യരാഷ്ട്ര സംഘടനയ്ക്ക് മുന്നില്‍ വെച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്ലാമാബാദില് അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് ഷഹബാസിന് മുമ്പ് പ്രധാനമന്ത്രിയായിരുന്ന ഇമ്രാന് ഖാനും തുറന്നുപറഞ്ഞിരുന്നു. എന്നാല്‍, അന്ന് സാമാധാനശ്രമങ്ങള്‍ക്ക് തടസ്സമായി ചൂണ്ടിക്കാട്ടിയത്, ഇന്ത്യ ഭരിക്കുന്ന സര്‍ക്കാര്‍ ആര്.എസ്.എസ്. പ്രത്യയശാസ്ത്രത്തെ പ്രതിനിധീകരിക്കുന്നുവെന്നാണ്. ജമ്മു- കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞതും ഒരു തടസ്സമായി അന്ന് ഇമ്രാന് ചൂണ്ടിക്കാട്ടി.

ലോകനേതൃത്വത്തിലേക്ക് ഇന്ത്യ?
ഷഹബാസ് ഷെരീഫ് സമാധാന ആഗ്രഹം പ്രകടിപ്പിച്ച സമയത്തിനും വളരെയേറെ പ്രത്യേകതയുണ്ട്. ഇന്ത്യയുടെ അധ്യക്ഷതയില്‍ ജി20 ഉച്ചകോടി നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിക്കുള്ള സന്ദേശമെന്ന നിലയില്‍ പാക് പ്രധാനമന്ത്രിയുടെ പ്രതികരണം വരുന്നത്. ജി20 ഉച്ചകോടിയിലൂടെ ലോകരാജ്യങ്ങളുടെ നേതൃനിരയിലേക്ക് ഇന്ത്യയെത്തുന്നുവെന്ന തോന്നല്‍ ഷഹബാസിന്റെ പ്രസ്താവനയ്ക്ക് പിന്നിലുണ്ടെന്ന വായന വിദഗ്ധര്‍ നല്‍കുന്നുണ്ട്. അതേസമയം, ഷഹബാസിന്റെ സന്ദേശം മോദിക്കല്ല, ലോകരാജ്യങ്ങള്‍ക്കാണ് എന്നും വിലയിരുത്തലുണ്ട്. ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നു എന്ന് പ്രഖ്യാപിക്കുകയും എന്നാല്‍, പാകിസ്താനോടുള്ള സമീപനം തിരഞ്ഞെടുപ്പ് വിഷയമാവുന്ന ഇന്ത്യയില്‍ പൊതുതിരഞ്ഞെടുപ്പ് വരാനിരിക്കെ സമാധാനശ്രമങ്ങള്‍ക്ക് തങ്ങള്‍ മുന്‍കൈ എടുക്കാത്തതല്ലെന്നും രാഷ്ട്രീയകാരണങ്ങളാല്‍ ഇന്ത്യക്ക് അതിനൊപ്പം നില്ക്കാന് കഴിയാത്തതാണെന്നുമുള്ള പ്രതീതി നിര്‍മ്മിക്കാനും പാകിസ്താന് ഈയൊരു പ്രസ്താവനയിലൂടെ സാധിക്കും.
Content Highlights: what is behind the statement of shehbaz sharif about peace attempt with india
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..