ഗാന്ധി കുടുംബമേ, എന്തൊരു വീഴ്ചയാണിത്! | വഴിപോക്കൻ


വഴിപോക്കൻ

ചരിത്രവും കാലവും ഇപ്പോൾ ഉറ്റുനോക്കുന്നത് ഗാന്ധി കുടുംബം തലപ്പത്തില്ലാത്ത കോൺഗ്രസിനെയാണ്. കാലം ഉയർത്തിപ്പിടിക്കുന്ന ഈ ചുവരെഴുത്ത് കൃത്യമായി വായിക്കാനും അർത്ഥം ഗ്രഹിക്കാനും ഗാന്ധി കുടുംബത്തിനാവണം.

സോണിയ ഗാന്ധിയും രാഹുലും തിരഞ്ഞെടുപ്പ് റാലിക്കിടെ | Photo: PTI

അഹമ്മദ് പട്ടേൽ എവിടെയെന്ന് സോണിയ ഗാന്ധി ചിലപ്പോൾ അറിയാതെ ചോദിക്കുന്നുണ്ടാവും. ബാബു ഭായ് എന്ന് അടുപ്പമുള്ളവർ വിളിച്ചിരുന്ന അഹമ്മദ് പട്ടേലിന്റെ അഭാവം കോൺഗ്രസ് ഓരോ ദിവസവും അറിയുന്നുണ്ടെന്നാണ് അടുത്തിടെ ജയ്റാം രമേഷ് കുറിച്ചത്. പട്ടേൽ കൂടെയുണ്ടായിരുന്നെങ്കിൽ വിശ്വസ്തനും വിധേയനുമെന്ന് കരുതപ്പെട്ടിരുന്ന അശോക് ഗെഹ്ലോത്ത് രാജസ്ഥാനിൽ ഇപ്പോൾ കളിക്കുന്ന കളികളിൽ സോണിയയ്ക്ക് ഇങ്ങനെ അമ്പരക്കേണ്ടി വരുമായിരുന്നില്ല .

''എന്റെ രഹസ്യങ്ങൾ എന്നോടു കൂടി എന്റെ ശവക്കുഴിയിലേക്ക് പോകും'' എന്നാണ് ആത്മകഥ എഴുതാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഒരിക്കൽ അഹമ്മദ് പട്ടേൽ മറുപടി പറഞ്ഞത്. ഗാന്ധി കുടുംബത്തോടുള്ള പട്ടേലിന്റെ കൂറും വിശ്വസ്തതയും അത്രയും ഗാഢവും ആഴമാർന്നതുമായിരുന്നു. രക്തബന്ധമല്ല, പ്രണയവും വിവാഹവുമാണ് സോണിയയെ ഗാന്ധി കുടുംബത്തിലേക്ക് കൊണ്ടുവന്നത്. പക്ഷേ, വളരെ പെട്ടെന്നുതന്നെ ഇന്ദിര ഗാന്ധിയുടെ ഹൃദയത്തിൽ ഇടം പിടിക്കാൻ സോണിയയ്ക്ക് കഴിഞ്ഞു. പ്രിയപ്പെട്ട ഇളയ മകൻ സഞ്ജയ് ദാരുണമായി വിമാനാപകടത്തിൽ കൊല്ലപ്പെട്ടപ്പോൾ സഞ്ജയിന്റെ ഭാര്യ മനേകയിലേക്കല്ല, മൂത്ത മകൻ രാജീവിന്റെ ഭാര്യ സോണിയയിലേക്കാണ് സാന്ത്വനവും ആശ്വാസവും തേടി ഇന്ദിര തിരിഞ്ഞത്.

സോണിയ ഗാന്ധിയും അഹമ്മദ് പട്ടേലും | Photo: PTI

ഫിറോസ് ഗാന്ധിയുമായുള്ള വിവാഹമാണ് ഇന്ദിര പ്രിയദർശിനി നെഹ്രുവിനെ ഇന്ദിര ഗാന്ധിയാക്കിയത്. ആനയ്ക്ക് നെറ്റിപ്പട്ടമെന്നതുപോലെ ആ പേര് പിന്നീടങ്ങോട്ട് ഇന്ദിരയുടെ കുടുംബത്തിന്റെ മുദ്രയും അടയാളവുമായി. നെഹ്രു കുടുംബത്തിൽനിന്ന് ഗാന്ധി കുടുംബത്തിലേക്കുള്ള പരിണാമമാണ് ഒർർത്ഥത്തിൽ കോൺഗ്രസിനെ ഇന്നത്തെ കോൺഗ്രസ് ആക്കി മാറ്റിയത്. നെഹ്രു ഒരിക്കലും കുടുംബത്തിന്റെ പതാകാവാഹകനായിരുന്നില്ല.

ഡി.എം.കെ. സ്ഥാപകൻ അണ്ണാദുരൈ പറഞ്ഞതുപോലെ പാർട്ടിയാണ് കുടുംബം എന്നതായിരുന്നു നെഹ്രുവിന്റെ നിലപാട്. നെഹ്രു ജിവിച്ചിരിക്കെ 1959-ൽ ഇന്ദിര കോൺഗ്രസ് പ്രസിഡന്റായെങ്കിലും നെഹ്രുവിനെ സംബന്ധിച്ച് മകൾ കോൺഗ്രസിന്റെ പര്യായമോ മറുവാക്കോ ആയിരുന്നില്ല. അതുകൊണ്ടാണ് 1964-ൽ നെഹ്രു മരിച്ചപ്പോൾ കാമരാജിന്റെ നേതൃത്വത്തിലുള്ള സിൻഡിക്കറ്റിന് മൊറാർജി ദേശായിക്ക് ബദലായി ലാൽ ബഹാദൂർ ശാസ്ത്രിയെ പ്രധാനമന്ത്രി പദത്തിലേക്ക് കൊണ്ടുവരനായത്. ജയപ്രകാശ് നാരായണനായിരുന്നു അന്ന് ഭൂരിപക്ഷം പേരുടെയും പിന്തുണയുണ്ടായിരുന്നതെങ്കിലും ജെ.പി. അധികാരത്തിന്റെ ആ മാസ്മരിക പ്രലോഭനത്തിന് കീഴ്പെട്ടില്ല.

രാഹുൽ ഗാന്ധിയും അശോക് ഗെഹ്‌ലോത്തും | Photo: ANI

ഗൂംഗി ഗുഡിയയും പപ്പുവും

1966-ൽ ശാസ്ത്രിയുടെ അപ്രതീക്ഷിത മരണമാണ് ഇന്ദിരയെ ഇന്ത്യയിലെ ഏറ്റവും ശക്തമായ പദവിയിലേക്കെത്തിച്ചത്. ഒരിക്കൽകൂടി മൊറാർജിയോടുള്ള എതിർപ്പാണ് കാമരാജിനെയും കൂട്ടരേയും ഇന്ദിരയ്ക്ക് പിന്നിൽ അണിനിരത്തിയത്. ഇന്ദിരയെ കസേരയിലിരുത്തി ശരിക്കുമുള്ള കളി കളിക്കുന്നത് തങ്ങളായിരിക്കുമെന്ന ചിന്തയും സിൻഡിക്കറ്റിനെ നയിച്ചു. തുടക്കത്തിൽ വലിയൊരു പരിധി വരെ നിരാലംബയും അശരണയുമായിരുന്നു ഇന്ദിര. അശോക് മേത്തയും ബി.കെ. നെഹ്രുവും ദിനേഷ് സിങ്ങുമൊക്കെ അടങ്ങുന്ന ഉപദേശകവൃന്ദത്തിന് കാമരാജും അതുല്ല്യ ഘോഷും എസ്.കെ. പാട്ടിലും നിജലിംഗപ്പയുമടങ്ങുന്ന സിൻഡിക്കറ്റിനെ നേരിടുന്നതിനുള്ള വിഭവ ശേഷിയുണ്ടായിരുന്നില്ല.

ഈ പരിസരത്തിലാണ് റാം മനോഹർ ലോഹ്യയെന്ന, നാവിൽ വികട സരസ്വതി സദാ വിളയാടിയിരുന്ന സോഷ്യലിസ്റ്റ് നേതാവ് ഇന്ദിരയെ 'ഗൂംഗി ഗുഡിയ' (പൊട്ടിക്കാളി) എന്ന് വിളിച്ചത്. വർഷങ്ങൾക്ക് ശേഷം ഇന്ദിരയുടെ പേരക്കിടാവ് രാഹുൽ ഗാന്ധിയും സമാനമായ രിതിയിൽ എതിരാളികളാൽ പരിഹസിക്കപ്പെട്ടു. 'പപ്പു' എന്ന് രാഹുൽ അധിക്ഷേപിക്കപ്പെടുന്നതിനും ഗുംഗി ഗുഡിയ എന്ന് ഇന്ദിര അപഹസിക്കപ്പെടുന്നതിനും ഇടയിലുള്ള ചരിത്രം കോൺഗ്രസിന്റെ വർത്തമാന അവസ്ഥയിലേക്കുള്ള താക്കോലാവുന്നു.

1967-ലെ പൊതു തിരഞ്ഞെടുപ്പിൽ ഇന്ദിരയെ നോക്കുകുത്തിയാക്കിയാണ് സിൻഡിക്കറ്റ് കോൺഗ്രസ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്. വി.കെ. കൃഷ്ണമേനോന് സീറ്റില്ലെന്ന കാമരാജിന്റെയും കൂട്ടരുടെയും തീരുമാനം തിരുത്തുന്നതിന് ഇന്ദിരയ്ക്കായില്ല. പക്ഷേ, നാല് കൊല്ലത്തിനപ്പുറം 1971-ൽ ന്യൂസ് വീക്ക് ലേഖകൻ ഈ പൊതുതിരഞ്ഞെടുപ്പിൽ എന്താണ് വിഷയം എന്ന് ചോദിച്ചപ്പോൾ ''ഞാനാണ് വിഷയം'' എന്ന് പറയാനുള്ള നിലയിലേക്ക് ഇന്ദിര വളർന്നു കഴിഞ്ഞിരുന്നു. കോൺഗ്രസ് രണ്ടായി പിളർന്നപ്പോഴും ഇന്ദിര കുലുങ്ങിയില്ല. കാമരാജിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഒ തിരഞ്ഞെടുപ്പിൽ തകർന്നു തരിപ്പണമായി. പി.എൻ. ഹക്സർ എന്ന ബ്യൂറൊക്രാറ്റിന്റെ തലച്ചോറായിരുന്നു ആ തിരഞ്ഞെടുപ്പിൽ ഇന്ദിരയുടെ വിജയതന്ത്രങ്ങൾക്ക് പിന്നിൽ.

പി.എൻ. ഹക്സർ

വ്യക്തിപരമായ യുദ്ധമല്ല, പ്രത്യയശാസ്ത്രപരമായ യുദ്ധമാണ് സിൻഡിക്കറ്റിനെതിരെ നടത്തേണ്ടതെന്ന് ഇന്ദിരയോട് പറഞ്ഞത് ഹക്സറാണ്. ചന്ദ്രശേഖറും മോഹൻ ധാരിയയും കൃഷൻ കാന്തുമടങ്ങുന്ന യുവതുർക്കികൾ കാവൽ പടയാളികളായി ഈ യുദ്ധത്തിൽ ഇന്ദിരയുടെ കൂടെ നിന്നു. ബാങ്കുകളുടെ ദേശസാൽക്കരണം, പ്രിവി പഴ്സ് നിർത്തലാക്കൽ എന്നിവ ഇന്ദിരയുടെ ആവനാഴിയിലെ ബ്രഹ്‌മാസ്ത്രങ്ങളായി. ഗരീബീ ഹഠാവോ എന്ന മുദ്രാവാക്യം ഒരു ജനതയുടെ മുഴുവൻ മനസ്സും ഭാവനയും പിടിച്ചെടുത്തപ്പോൾ ഇന്ദിര ഹഠാവോ എന്ന ദുർബ്ബലമായ മുദ്രാവാക്യം ഉയർത്താനേ കാമരാജിനും കൂട്ടർക്കും കഴിഞ്ഞുള്ളു.

പൊട്ടിക്കാളി എന്ന വിളിപ്പേരിൽനിന്ന് ഇന്ദിര വേഗത്തിൽ മോചിതയായി. 1967 ഒക്ടോബർ 12-ന് അന്തരിച്ച റാം മനോഹർ ലോഹ്യയ്ക്ക് അതിന് സാക്ഷ്യം വഹിക്കാനായില്ലെങ്കിലും ലോഹ്യയുടെ കൂടാരത്തിലെ സോഷ്യലിസ്റ്റുകളെ ഇന്ദിരയുടെ പരിണാമം ഞെട്ടിച്ചു. അധികാരമായിരുന്നു ഈ പരിണാമത്തിൽ നിർണ്ണായകം.

കാമരാജിനെപ്പേലൊരു നിഷേധിയുടെ സ്ഥാനത്ത് ഡി.കെ. ബറുവയെപ്പോലൊരു വൈതാളികൻ കോൺഗ്രസിന്റെ തലപ്പത്തെത്തുന്നതും ഈ കാലയളവിൽ ഇന്ത്യ കണ്ടു. ഗൂംഗി ഗുഡിയ എന്ന അപമാനത്തിൽനിന്ന് ഇന്ദിരയാണ് ഇന്ത്യ എന്ന അതിഭാവുകത്വത്തിലേക്കുള്ള ഇന്ദിരയുടെ 'വളർച്ച' എല്ലാ അർത്ഥത്തിലും വിസ്മയിപ്പിക്കുന്നതായിരുന്നു. അധികാരം അതിന്റെ സമസ്ത മഹിമയിലും ശോഭയിലും ശക്തിയിലും ഇന്ദിരയ്ക്ക് മേൽ കുടപിടിച്ചു നിന്നപ്പോൾ ഗുംഗി ഗുഡിയ എന്ന വിളിപ്പേര് ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിയപ്പെട്ടു.

അശോക് ഗെഹ്‌ലോത്‌ | Photo: PTI

രാഹുലിന് സംഭവിക്കുന്നത്

രാഹുൽ ഗാന്ധി പക്ഷേ, ഇപ്പോഴും 'പപ്പു'വിൽനിന്ന് മോചിതനായിട്ടില്ല. അതിശക്തമായൊരു പ്രചാരണയന്ത്രം ബി.ജെ.പിക്കുണ്ടെന്നതു മാത്രമല്ല ഇതിനു കാരണം. ഇന്ദിരയെപ്പോലെ അധികാരത്തിൽ വിരാജിക്കുന്നതിന് ഇതുവരെ രാഹുലിനായില്ലെന്നതും വലിയൊരു കാരണമാണ്. പണം പല അപമാനങ്ങളെയും മാറ്റിമറിക്കും എന്നത് പോലെയാണ് അധികാരവും. രണ്ട് മരണങ്ങളാണ് രാജീവ് ഗാന്ധിയുടെ ജീവിതം മാറ്റിമറിച്ചത്.1 980-ൽ സഞ്ജയ് കൊല്ലപ്പെട്ടതും 1984-ൽ ഇന്ദിര വധിക്കപ്പെട്ടതും. അപ്രതീക്ഷിതമായാണ് രാഷ്ട്രീയത്തിലേക്കെത്തിയതെങ്കിലും രാജീവിന് ഇന്ദിരയെപ്പോലെയോ രാഹുലിനെപ്പോലെയോ അപമാനിതനാകേണ്ടി വന്നില്ല. അധികാരമായിരുന്നു കാരണം. തൊട്ടു പിന്നാലെ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ ഭൂരിപക്ഷവുമായി അധികാരം നിലനിർത്താൻ കഴിഞ്ഞതും രാജീവിന് തുണയായി. റാം മനോഹർ ലോഹ്യയും മൊറാർജിയും കാമരാജും പോലുള്ള പ്രബലരായ ശത്രുനിരയെയും രാജീവിന് നേരിടേണ്ടി വന്നിട്ടില്ല. 1984 മുതൽ 91 വരെ നീണ്ടു നിന്ന ഹ്രസ്വമായ രാഷ്ട്രീയജീവിതമേ രാജീവിനുണ്ടായിരുന്നുള്ളു എന്നും മറക്കാനാവില്ല.

സോണിയയ്ക്കും രാഹുലിനെപ്പോലെ വിയർക്കേണ്ടി വന്നിട്ടില്ല. കോൺഗ്രസ് തകർന്ന് തരിപ്പണമാവുമെന്ന ഘട്ടത്തിൽ രക്ഷകയെപ്പേലെയാണ് സോണിയ വന്നത്. എത്ര നിഷ്പ്രയാസമായാണ് സീതാറാം കേസരിയെ അട്ടിമറിച്ച് സോണിയ 1998-ൽ കോൺഗ്രസ് പ്രസിഡന്റായതെന്നോർക്കുക. വാജ്പേയിയും അദ്വാനിയുമായിരുന്നു ആ സമയത്ത് എതിർപക്ഷത്തെ പ്രമുഖ നേതാക്കളെന്നതും സോണിയയ്ക്ക് തുണയായി. നെഹ്രുവിനെയും ജയപ്രകാശ് നാരായണനെയും കണ്ടു വളർന്നവർക്ക് എതിരാളികളെ പപ്പു എന്ന് വിളിക്കാനാവുമായിരുന്നില്ല. അഹ്‌മദ് പട്ടേൽ എന്ന ഉപദേശകനും സോണിയയ്ക്ക് വലിയൊരു കവചമായിരുന്നു.

ശരദ് പവാറും സംഗ്മയും താരിഖ് അൻവറും വിട്ടുപോയപ്പോഴും മമതയും ജി.കെ. മൂപ്പനാരും തിരിച്ചുവരാതിരുന്നപ്പോഴും സോണിയയ്ക്ക് പിടിച്ചുനിൽക്കാനായത് ഒന്നൊന്നായി പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പുകൾ വിജയിക്കാനായി എന്നതു കൊണ്ടാണ്. 2004-ൽ അധികാരം വേണ്ടെന്ന് വെയ്ക്കാനുള്ള തീരുമാനം സോണിയയ്ക്ക് നേടിക്കൊടുത്ത രാഷ്ട്രീയമുന്നേറ്റം ചെറുതായിരുന്നില്ല. സോണിയയുടെ ആ ഒറ്റ തീരുമാനത്തിലാണ് ആർ.എസ്.എസ്. പൊടുന്നനെ നിരായുധരായത്. മൻമോഹൻ സിങ് എന്ന പ്രഗത്ഭനായ സാമ്പത്തിക ശാസ്ത്രജ്ഞനെ അധികാരക്കസേരയിൽ ഇരുത്താനായി എന്നതും സോണിയയുടെ നേട്ടമായിരുന്നു. സോണിയ രാഷ്ട്രീയ നേതാവും മൻമോഹൻ ഭരണകൂടത്തലവനും എന്ന ദ്വന്ദം പരസ്പരപൂരകമായി.

രാഹുലിന്റെ കഥ വ്യത്യസ്തമാണ്. രാഹുൽ ഇപ്പോഴും 'പപ്പു'വിന്റെ തടവറയിലാണ്. ഈ പ്രതിച്ഛായാ കെണിയിൽനിന്ന് രക്ഷ നേടാനുള്ള അവസരമായിരുന്നു 2019-ലെ തിരഞ്ഞെടുപ്പ്. പക്ഷേ, മോദിക്കും ബി.ജെ.പിക്കും മുന്നിൽ രാഹുലിന് അവസരത്തിനൊത്ത് ഉയരാനായില്ല. ഉത്തരവാദിത്വങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുന്നതല്ല രാഷ്ട്രീയ പ്രവർത്തനം. അത് ആഴ്ചയിൽ ഏഴു ദിവസവും ദിവസത്തിൽ 24 മണിക്കൂറും നിങ്ങളുടെ ശ്രദ്ധയും ജാഗ്രതയും ആവശ്യപ്പെടുന്നു. 2019-ൽ പ്രസിഡന്റ് സ്ഥാനം ഉപേക്ഷിച്ച ശേഷം രാഹുൽ നടത്തിയ ഇടപെടലുകൾ എല്ലാം തന്നെ അപക്വവും അനവസരത്തിലുള്ളതുമായിരുന്നു.

പാർട്ടിക്കുള്ളിൽ ഒരു പദവിയുമില്ലെങ്കിലും എല്ലാ നിർണ്ണായക തിരുമാനത്തിലും അവസാനവാക്കെന്ന അവസ്ഥ ജനാധിപത്യ വിരുദ്ധവും ഉത്തരവാദിത്വരഹിതവുമായി. ഒരു നേതാവിന് അയാൾ അർഹിക്കുന്ന ഉപദേശകരെയായിരിക്കാം കിട്ടുന്നത്. ഇന്ദിരയ്ക്ക് പി.എൻ. ഹക്സറും സോണിയയ്ക്ക് അഹമ്മദ് പട്ടേലും ആയിരുന്നെങ്കിൽ രാഹുലിന് അത് കെ.സി. വേണുഗോപാലാണ്. രാഹുൽ, പ്രിയങ്ക, കെ.സി. വേണുഗോപാൽ ത്രയം ഇടപെട്ടിട്ടുള്ള ഒരു രാഷ്ട്രീയ പ്രതിസന്ധിയും കൂടുതൽ വഷളാവുകയല്ലാതെ പരിഹരിക്കപ്പെട്ടിട്ടില്ല. പഞ്ചാബിൽ പ്രിയങ്കയാണ് സിദ്ധുവിനു വേണ്ടി കളത്തിലിറങ്ങിയത്. ആ കളി കൈവിട്ടുപോയപ്പോൾ ചന്നിയെ മുന്നിൽ നിർത്തി രാഹുൽ അടുത്ത കളി കളിച്ചു. അതോടെ പഞ്ചാബിൽ കോൺഗ്രസ് കളത്തിന് പുറത്തായി.

രാജസ്ഥാനിലെ അവസ്ഥ നോക്കുക. 2017-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുവേണ്ടി ഏറ്റവും കൂടുതൽ അദ്ധ്വാനിച്ചത് സച്ചിൻ പൈലറ്റായിരുന്നുവെന്ന് അശോക് ഗെഹ്ലോത്ത് പോലും സമ്മതിക്കും. പക്ഷേ, തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മുഖ്യമന്ത്രി സ്ഥാനം ഗെഹ്ലോത്ത് ഏറ്റെടുത്തു. ക്ഷമ കൈവിട്ടപ്പോൾ രണ്ടു കൊല്ലം മുമ്പ് സച്ചിൻ രണ്ടും കൽപിച്ച് കലാപത്തിനിറങ്ങി. ആ പടപ്പുറപ്പാട് ക്ലച്ചു പിടിച്ചില്ല. പഞ്ചാബിൽ കുറഞ്ഞപക്ഷം എം.എൽ.എമാരെങ്കിലും ഹൈക്കമാന്റിന്റെ കൂടെയുണ്ടായിരുന്നു. രാജസ്ഥാനിൽ അതുമില്ല.

നാലഞ്ച് ദിവസം മുമ്പ് വരെ അശോക് ഗെഹ്ലോത്തായിരുന്നു പാർട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി. പക്ഷെ, ഒന്ന് നേരം ഇരുട്ടി വെളുത്തപ്പോൾ എം.ജി.ആർ. പൊടുന്നനെ എം.എൻ. നമ്പ്യാരായി. ഹൈക്കമാൻഡിന്റെ വിശ്വസ്തൻ ശത്രുവും വിമതനുമാവുന്നു. എത്ര പെട്ടെന്നാണ് ഗാന്ധി കുടുംബം എന്ന ഹൈക്കമാൻഡ് ലോ കമാൻഡായി മാറുന്നത്. ഇത്രയും കടുത്ത പ്രതിസന്ധി, ഇങ്ങനെയൊരു മുഖം നഷ്ടപ്പെടൽ അടുത്ത കാലത്തൊന്നും ഹൈക്കമാൻഡിന് ഉണ്ടായിട്ടില്ല.

ഇന്ദിരയുടെയോ രാജീവിന്റെയോ കാലത്തായിരുന്നെങ്കിൽ ഇങ്ങനെയൊരു കലാപം നടത്താൻ ഒരു ഗെഹ്ലോത്തും തയ്യാറാവുമായിരുന്നില്ല. രാജസ്ഥാനിൽ കോൺഗ്രസ് നിയമസഭാകക്ഷിയുടെ യോഗം പോലും നടത്താൻ ഹൈക്കമാൻഡിന് ആയില്ലെന്നോർക്കുക. ഹൈക്കമാൻഡ് പറഞ്ഞയച്ച മല്ലികാർജുൻ ഖാർഗെയും അജയ് മാക്കനും നിസ്സഹായരും നിരായുധരുമായി നിൽക്കുന്ന കാഴ്ച കോൺഗ്രസ് ഇന്നെത്തിനിൽക്കുന്ന ഗതികേടിന്റെ നേർ സാക്ഷ്യമായിരുന്നു. സീസർ കുത്തേറ്റു വീണതിനെ ഓർമ്മിപ്പിച്ചുകൊണ്ട് ''അതെന്തൊരു വീഴ്ചയായിരുന്നു, എന്റെ നാട്ടുകാരേ'' എന്ന് മാർക്ക് ആന്റണി ചോദിച്ചത് ഓർത്തുപോവുന്നു. കോൺഗ്രസ്സുകാരേ, ഇതെന്തൊരു വീഴ്ചയാണ്...! പിന്നിൽനിന്നുള്ള ഗെഹ്ലോത്തിന്റെ കുത്തേറ്റ് ഗാന്ധി കുടുംബം ഒന്നാകെ വീണുപോയിരിക്കുന്നു.

ഇന്ദിര ഗാന്ധിയും നരസിംഹ റാവുവും | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്‌സ്‌

ആവർത്തിക്കുന്ന ചരിത്രം

ചരിത്ര വിദ്യാർത്ഥികളെ ഈ വീഴ്ച അത്ഭുതപ്പെടുത്തില്ല. കാരണം അധികാരത്തിന്റെ ചരിത്രം എന്നും വഞ്ചനകളുടെയും കുതികാൽവെട്ടിന്റേതുമാണ്. ഇന്ദ്രപ്രസ്ഥത്തിൽ അധികാരത്തിലിരുന്നവർ ഒരിക്കലും സമാധാനമായി ഉറങ്ങിയിട്ടില്ല. മുഗൾ ചക്രവർത്തിമാർ സദാ ഭീതിയിലായിരുന്നു. മക്കൾ പിതാക്കന്മാർക്കും സഹോദരങ്ങൾ സഹോദരങ്ങൾക്കുമെതിരെ കൊലക്കത്തിയുയർത്തിയ ചരിത്രമാണത്. കണ്ണു കുത്തിപ്പൊട്ടിച്ചും തടവറകളിലിട്ട് അടിച്ചുകൊന്നും നിലനിർത്തിയ അധികാരത്തിന്റെ ചരിത്രം. നെഹ്രുവിനെപ്പോലൊരു പ്രധാനമന്ത്രിക്ക് പോലും അവസാന നാളുകൾ ക്ലേശപരവും ദുരിതപൂർണ്ണവുമായിരുന്നു. കാമരാജിനെ ഉപയോഗിച്ച് പാർട്ടിക്കുള്ളിൽ നെഹ്രുവിന് നടത്തേണ്ടി വന്ന ശുദ്ധികലശം മറക്കാനാവില്ല.

ആരാണ് കൂടെ, ആരാണപ്പുറത്ത് എന്നറിയാനുള്ള നെഹ്രുവിന്റെ തന്ത്രമായിരുന്നു കാമരാജ് പദ്ധതി. 2014-ൽ മോദി ഇന്ത്യൻ പ്രധാനമന്ത്രിയായത് എൽ.കെ. അദ്വാനിയുടെ സ്വപ്നങ്ങളും പദ്ധതികളും തകർത്തുകൊണ്ടാണ്. ഇനിയിപ്പോൾ മോദിക്ക് നേരെ ബി.ജെ.പിക്കുള്ളിൽ എന്നാണൊരു പടയൊരുക്കമുണ്ടാവുക എന്നത് കണ്ടറിയേണ്ട സംഗതിയാണ്. പെഗാസസ് എന്ന ചാര സോഫ്റ്റ്വെയർ ഭരണകൂടത്തിന്റെയും അധികാരികളുടെയും ഭീതിയുടെ പരിണതഫലമാണ്.

1991-ൽ നരസിംഹ റാവുവിനെ വിളിച്ചുവരുത്തി പ്രധാനമന്ത്രി പദം ഏൽപിക്കുകയാണ് സോണിയ ഗാന്ധി ചെയ്തത്. വിശ്വസ്തനും വിധേയനുമായി റാവു എന്നും കൂടെയുണ്ടാവും എന്ന ചിന്തയിലായിരുന്നു ആ നീക്കം. പക്ഷേ, രണ്ടു കൊല്ലത്തിനുള്ളിൽ റാവു സോണിയയ്ക്കെതിരെ തിരിഞ്ഞു. ടെൻ ജനപഥിൽ പോയി സോണിയയയെ കാണുന്ന പരിപാടി റാവു നിർത്തി. പതുക്കെ, പതുക്കെ ഗാന്ധി കുടുംബം കോൺഗ്രസിൽ ആരുമല്ലാതാവുന്ന അവസ്ഥയിലേക്കാണ് റാവു കരുക്കൾ നീക്കിയത്. പക്ഷേ, ബാബറി മസ്ജിദ് തകർക്കപ്പെട്ടത് റാവുവിന്റെ അടിവേരിളക്കി. ഈ ഘട്ടത്തിൽ ഉപദ്രവമുണ്ടാക്കില്ലെന്നും കൂടെ നിൽക്കുമെന്നും കരുതിയാണ് സിതാറാം കേസരിയെ റാവു കോൺഗ്രസിന്റെ തലപ്പത്തേക്ക് കൊണ്ടുവന്നത്. തലയിലെ ഗാന്ധിത്തൊപ്പി ഊരി കൈയ്യിൽ പിടിച്ച് എന്നും ഒപ്പം നിൽക്കും എന്നാണ് അന്ന് കേസരി റാവുവിനോട് പറഞ്ഞതെന്ന് കേട്ടിരുന്നു. പക്ഷേ, ഇതേ കേസരി ഏറ്റവും ആദ്യത്തെ അവസരത്തിൽ തന്നെ റാവുവിനെതിരെ തിരിഞ്ഞു.

ഇന്നിപ്പോൾ ചരിത്രം ഗെഹ്ലോത്തിലൂടെ ആവർത്തിക്കുകയാണ്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം തീർച്ചയായും അതിനിർണ്ണായകവും സന്നിഗ്ദ്ധവുമായ ഘട്ടമാണിത്. 22 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായി കോൺഗ്രസിന്റെ തലപ്പത്തുനിന്നു ഗാന്ധി കുടുംബം പടിയിറങ്ങുന്നു. കുടുംബത്തിന്റെ ശക്തി വല്ലാതെ ക്ഷയിച്ചിരിക്കുന്ന സന്ദർഭത്തിലാണ് ഈ പടിയിറക്കം എന്നത് കാണാതിരിക്കാനാവില്ല. രാജസ്ഥാനിലെ തിരിച്ചടി ഗാന്ധി കുടുംബത്തിനെ വല്ലാതെ ദുർബ്ബലമാക്കിയിരിക്കുന്നു. ഇനിയിപ്പോൾ പഴയ പ്രതാപത്തിലേക്ക് ഗാന്ധി കുടുംബത്തിനൊരു തിരിച്ചുവരവ് എളുപ്പമല്ല.

ഗെഹ്ലോത്തിന് പകരം മല്ലികാർജുൻ ഖാർഗെയെയോ ദ്വിഗ്വിജയ് സിങ്ങിനെയോ മുകുൽ വാസ്നിക്കിനെയോ കളത്തിലിറക്കിയതുകൊണ്ടും ഗാന്ധി കുടുംബത്തിന്റെ അധീശത്വം നിലനിർത്താനാവില്ല. ഏറ്റവും വിശ്വസ്തനെന്നു കരുതപ്പെട്ട ഗെഹ്ലോത്തിന് ബ്രൂട്ടസായി മാറാമെങ്കിൽ ആരും എപ്പോൾ വേണമെങ്കിലും ശത്രുപാളയത്തിൽ അണി നിരന്നേക്കുമെന്ന് ഗാന്ധി കുടുംബം ഇപ്പോൾ തിരിച്ചറിയുന്നുണ്ടാവണം. എന്നിട്ടുമെന്നിട്ടും തരൂരിനെപ്പോലൊരു നേതാവിന്റെ മൂല്യവും പ്രസക്തിയും തിരിച്ചറിയാൻ ഗാന്ധി കുടുംബം വിസമ്മതിക്കുന്നുവെന്നത് കോൺഗ്രസ് നേരിടുന്ന പ്രതിസന്ധിയാണ്.

വാസ്തവത്തിൽ ഗാന്ധി കുടുംബം ഇതൊരു അവസരമായി കാണണം. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശരിക്കും സ്വതന്ത്രവും നീതിപൂർവ്വവുമായ മത്സരം നടക്കട്ടെ! പാർട്ടി പ്രതിനിധികൾ അവർക്ക് ഏറ്റവും ശരിയെന്ന് തോന്നുന്ന സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കട്ടെ! പ്രസിഡന്റ് സ്ഥാനത്തില്ലെന്ന് കരുതി ഗാന്ധി കുടുംബത്തിന്റെ പ്രസക്തി കോൺഗ്രസിൽ ഇല്ലാതാവുന്നില്ല. റാവുവിനും കേസരിക്കും മുന്നിൽ ഏഴു വർഷം കോൺഗ്രസിൽ ഗാന്ധി കുടുംബം ഒരു സുപ്രധാന പദവിയിലുമുണ്ടായിരുന്നില്ലെന്ന് മറക്കരുത്. മറ്റു വഴികളൊന്നുമില്ലെങ്കിൽ കുടുംബത്തെത്തേടി പാർട്ടി വീണ്ടും വരും. പക്ഷേ, ചരിത്രവും കാലവും ഇപ്പോൾ ഉറ്റുനോക്കുന്നത് ഗാന്ധി കുടുംബം തലപ്പത്തില്ലാത്ത കോൺഗ്രസിനെയാണ്.

കാലം മുന്നോട്ടുവെയ്ക്കുന്ന ഈ ചുവരെഴുത്ത് കൃത്യമായി വായിക്കാനും അർത്ഥം ഗ്രഹിക്കാനും ഗാന്ധി കുടുംബത്തിനാവണം. കോൺഗ്രസ് തകരാതിരിക്കേണ്ടത് രാഷ്ട്രത്തിന്റെ ആവശ്യമാണ്. കാരണം ഇന്ത്യൻ ബഹുസ്വരതയ്ക്കും മതേതരത്വത്തിനും ഒരു അഖിലേന്ത്യാ മുഖമുണ്ടെങ്കിൽ അതിപ്പോഴും കോൺഗ്രസാണ്.

വഴിയിൽ കേട്ടത്: ചീറ്റകൾക്ക് പേരിടാൻ മത്സരം നടത്തുമെന്ന് പ്രധാനമന്ത്രി മോദി. പണ്ട് എന്റയർ പൊളിറ്റിക്കൽ സയൻസ് ക്ലാസിൽ കൂടെ പഠിച്ചവരുടെ പേരുകൾ കിട്ടിയിരുന്നെങ്കിൽ ഒരു കൈ നോക്കാമായിരുന്നു.

Content Highlights: Gandhi Family, Congress President, Sonia, Rahul, Shashi Tharoor, Gehlot, Vazhipokkan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


10:28

വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented