കടലാസുപുലി ആവരുത്‌ ഡബ്ല്യു.സി.സി. | വഴിപോക്കൻ


വഴിപോക്കൻ

അധികാരത്തോട് അടുത്തുനിൽക്കുന്തോറും അനീതിക്കെതിരെയുള്ള പോരാട്ടം ദുർബ്ബലമാവും എന്നതു ചരിത്രം നൽകുന്ന പാഠമാണ്. ഈ ചരിത്രമാണ് ഡബ്ല്യു.സി.സി. മറന്നുപോവുന്നത്. ഈ മറവിയാണ് ഡബ്ല്യു.സി.സിയെ ഇന്നത്തെ നിസ്സഹായാവസ്ഥയിലേക്ക് എത്തിച്ചത്. ഇവിടെയാണ് ഡബ്ല്യു.സി.സി. ഒരു കടലാസുപുലിയുടെ റോളിലേക്കു താഴുന്നതും അപചയിക്കുന്നതും.

ഡബ്ല്യു.സി.സി. രൂപീകരണവേളയിൽ എടുത്ത ചിത്രം | ഫോട്ടോ: മാതൃഭൂമി

ഞ്ചു വർഷം മുമ്പ് 2017-ൽ കേരളത്തെ ഞെട്ടിച്ച ഒരു സംഭവത്തിൽനിന്നാണ് ഡബ്ല്യു.സി.സി.(W.C.C. - Women in Cinema Collective) എന്ന സംഘടന രൂപമെടുക്കുന്നത്. അതൊരു ഗംഭീര തുടക്കമായിരുന്നു. കലാപവും ഭാവനയും ഒരുപോലെ അതിരിട്ട തുടക്കം. ഒരു യുവനടിയെ കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയിൽ, തട്ടിക്കൊണ്ടുപോയി കാറിൽവെച്ചു ലൈംഗികമായി പീഡിപ്പിക്കുകയും പീഡനരംഗങ്ങൾ ചിത്രീകരിക്കുകയും ചെയ്തതു പോലൊരു കുറ്റകൃത്യം കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായിരുന്നു.

ഇരയുടെ നിസ്സഹായതയും അപമാനവും ചൂഷണം ചെയ്തു സാധാരണഗതിയിൽ ഇത്തരം കേസുകളിൽ കുറ്റവാളികൾ സമർത്ഥമായി രക്ഷപ്പെടുകയാണ് പതിവ്. പക്ഷേ, യുവനടിയുടെ പ്രതികരണം അനിതരസാധാരണവും അനന്യവുമായിരുന്നു. അക്രമികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്ന് അവർ ഉറച്ച നിലപാടെടുത്തു. അക്രമിക്കപ്പെട്ട താനല്ല, അക്രമിച്ച കുറ്റവാളികളാണു സമൂഹത്തിന് മുന്നിൽ കരയേണ്ടതെന്നും അവരാണു തുറന്നുകാട്ടപ്പെടേണ്ടതെന്നുമുള്ള നീതിയുടെയും ന്യായത്തിന്റെയും അടിത്തറയിൽനിന്ന് ഉടലെടുത്ത നിലപാടായിരുന്നു അത്.

ഇത്രയും ധീരമായൊരു നിലപാടെടുത്ത യുവനടിയോട് ഐക്യപ്പെടുക എന്ന ചരിത്രപരമായ കടമയാണ് ഒരു കൂട്ടം വനിത ചലച്ചിത്രപ്രവർത്തകർ ഏറ്റെടുത്തത്. അനീതിക്കെതിരെയുള്ള ചെറുത്തുനിൽപും പോരാട്ടവും ഡബ്ല്യു.സി.സിയുടെ അടയാളവും മുദ്രാവാക്യവുമായി. മറ്റെല്ലായിടത്തും എന്നപോലെ മലയാള ചലച്ചിത്ര മേഖലയും ആൺമേൽക്കോയ്മ പത്തി വിടർത്തിയാടുന്ന ഇടമാണ്. പതിറ്റാണ്ടുകളായി സ്ത്രീകൾ അടിച്ചമർത്തപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന ഈ ഇടത്തിൽ ഒരു കലാപത്തിനൊരുങ്ങുന്നത് ഒരിക്കലും ഒരു ചെറിയ കാര്യമായിരുന്നില്ല.

എ.എം.എം.എ. (അസോസിയേഷൻ ഒഫ് മലയാളം മൂവി ആക്ടേഴ്സ്) എന്ന സംഘടനയായിരുന്നു അതുവരെ മലയാള ചലച്ചിത്ര മേഖലയിലെ പ്രബല സംഘടന. നടി ആക്രമിക്കപ്പെട്ട കേസിൽ ഈ സംഘടന എടുത്ത നിലപാടുകൾ അങ്ങേയറ്റം പ്രതിലോമപരവും ജനാധിപത്യ വിരുദ്ധവുമായിരുന്നു. ചലച്ചിത്രലോകത്തു മാത്രമല്ല, രാഷ്ട്രീയ അധികാര മേഖലകളിലും അതിശക്തമായ സ്വാധിനമുള്ളവരാണ് ഈ സംഘടനയുടെ തലപ്പത്തുള്ളവർ. നടിയെ ആക്രമിച്ച കേസിൽ പ്രതിസ്ഥാനത്തുള്ള ദിലീപ് എന്ന നടനു പരിരക്ഷ നൽകുന്നതിലായിരുന്നു ഈ സംഘടനയ്ക്ക് ഏറെ താൽപര്യമെന്ന വിമർശം ശൂന്യതയിൽനിന്ന് ഉടലെടുത്ത ഒന്നായിരുന്നില്ല.

ലിംഗനീതി എന്ന വിഷയം കേരള സമൂഹത്തിൽ ചർച്ചചെയ്യപ്പെടുന്നതിൽ ഡബ്ല്യു.സി.സി. വഹിച്ച പങ്കു നിസ്തുലമാണ്.ചിന്തിക്കുന്ന വനിതാ സിനിമ പ്രവർത്തകർ എന്ന ആശയം മലയാളിക്ക് അന്യമായിരുന്നു. അഭിനയത്തിലായാലും സംവിധാനം അടക്കമുള്ള ഇതര ചലച്ചിത്ര പ്രവർത്തന മേഖലയിലായിലും പുരുഷന്റെ സഹായി എന്ന പരിമിതപ്പെടുത്തലിനെ സ്ത്രീകളുടെ ഒരു കൂട്ടായ്മ ചെറുക്കുന്നതും തകർക്കുന്നതും അടിസ്ഥാനപരമായി വിപ്ലവം തന്നെയായിരുന്നു. ലോകത്തെ വ്യാഖ്യാനിക്കുകയല്ല മാറ്റിത്തീർക്കുകയാണു വേണ്ടതെന്ന മാർക്സിയൻ പരികൽപനയുടെ പ്രയോഗവും നിറവേറലും അതിലുണ്ടായിരുന്നു.

പക്ഷേ, അഞ്ചാം വർഷത്തിലേക്കു കടക്കുമ്പോൾ ഡബ്ല്യു.സി.സി. മുന്നോട്ടുവെയ്ക്കുന്ന ചിത്രം പ്രസന്നഭരിതമോ പ്രകാശഭരിതമോ അല്ല. പൊരുതുന്ന ഒരു കൂട്ടായ്മ എന്ന നിലയിൽനിന്ന് ഒരു കടലാസ് സംഘടന എന്ന നിലയിലേക്കു പരിണമിക്കുമ്പോൾ നിശ്ശബ്ദത പാലിക്കുന്നതു ചരിത്രപരമായ കുറ്റമായിരിക്കും എന്ന ഉൾവിളിയിൽനിന്നാണ് ഈ കുറിപ്പെഴുതുന്നതെന്നും സംഘടനയുടെ അർത്ഥമോ പ്രസക്തിയോ ചോദ്യം ചെയ്യുക എന്നത് ഈ കുറിപ്പിന്റെ ഉദ്ദേശ്യത്തിൽ പെടുന്നില്ലെന്നും ഈ ഘട്ടത്തിൽ വ്യക്തമാക്കിക്കൊള്ളട്ടെ!

വ്യക്തിയായാലും പ്രസ്ഥാനമായാലും വാഴ്ത്തലുകളിലൂടെയല്ല, വിമർശത്തിലൂടെയാണു വളരുകയും മുന്നേറുകയും ചെയ്യുന്നതെന്ന കാഴ്ചപ്പാടാണ് ഈ കുറിപ്പിന്റെ വെളിച്ചവും വഴികാട്ടിയും. വ്യക്തികളല്ല, സംഘടനയും സംഘടനയുടെ നിലപാടുമാണ് ഇവിടെ പരിശോധിക്കപ്പെടുന്നത്.

ഡബ്ല്യു.സി.സി. അംഗങ്ങൾ 2017-ൽ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചപ്പോൾ.

ഒരു ഫോട്ടോ പറയുന്നത്

ഒരു നിമിഷം നമുക്ക് ഇതോടൊപ്പം എടുത്തുകൊടുത്തിരിക്കുന്ന ഫോട്ടോയിലേക്കൊന്നു നോക്കാം. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഡബ്ല്യു.സി.സി. പ്രവർത്തകർ നിൽക്കുന്ന ഫോട്ടോയാണിത്. 2017 മെയ് 18-ന് എടുത്ത ഫോട്ടോ ആണിതെന്നാണു വിവരം. പണവും അധികാരവും ഒരുപോലെ മൂലധനം ആയവർക്കെതിരെ പോരാട്ടത്തിനൊരുങ്ങുമ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ അനുഗ്രഹവും ആശീർവ്വാദവും നൽകുന്ന പിന്തുണ ചെറുതാവില്ല എന്ന ചിന്തയിലായിരിക്കണം ഡബ്ല്യു.സി.സി. പ്രവർത്തകർ മുഖ്യമന്ത്രിയെ കാണാനെത്തിയത്.

അധർമ്മവും ചൂഷണവുമായി ഒരു തരത്തിലുള്ള അനുരഞ്ജനവും ഇല്ലെന്നു പ്രഖ്യാപിക്കുന്ന ഒരു വിരാടുപുരുഷനെപ്പോലെ മുഖ്യമന്ത്രി പിണറായി വിജയൻ ഡബ്ല്യു.സി.സിയുടെ ദൗത്യത്തിനു കുട പിടിക്കുന്ന ചിത്രമാണിത്. ഡബ്ല്യു.സി.സിയുടെ തലവര മാറിമറിയുന്നത് ഇവിടെവെച്ചാണ്. രാഷ്ട്രീയ അധികാരം ഒരു ദ്വീപല്ലെന്നും അതിനൊരു ചരിത്രവും പരിസരവുമുണ്ടെന്നും അവിടെ ബിസിനസ് ഫൈനാൻസ് ക്യാപിറ്റലിന്റെ ഇഴ പിരിയാത്ത കണ്ണികളുണ്ടെന്നുമുള്ള തിരിച്ചറിവിന്റെ അഭാവത്തിൽ നടന്ന ഈ കൂടിക്കാഴ്ച പിന്നീടങ്ങോട്ട് ഡബ്ല്യു.സി.സിയുടെ ബാദ്ധ്യതയും ഭാരവുമായി.

അധികാരത്തോട് അടുത്തുനിൽക്കുന്തോറും അനീതിക്കെതിരെയുള്ള പോരാട്ടം ദുർബ്ബലമാവും എന്നതു ചരിത്രം നൽകുന്ന പാഠമാണ്. ചലച്ചിത്ര മേഖലയിൽ വനിതകൾ നേരിടുന്ന അനീതിയും അക്രമവും പരിശോധിക്കുന്നതിനും പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനും ഒരു കമ്മിറ്റിയെ നിയമിച്ചുകൊണ്ട് കേരള സർക്കാർ ഉത്തരവിട്ടപ്പോൾ അതൊരു വലിയ നേട്ടമായി ആഘോഷിക്കപ്പെട്ടു. തീർച്ചയായും അതൊരു നേട്ടമായിരുന്നു. ജസ്റ്റിസ് ഹേമയുടെ അദ്ധ്യക്ഷതയിൽ നടി ശാരദയും മുൻ ഐ.എ.എസ.് ഓഫീസർ കെ.ബി. വത്സലകുമാരിയും അടങ്ങിയ ഈ കമ്മിറ്റി രണ്ടു കൊല്ലത്തിനപ്പുറം 2019 ഡിസംബർ 31-നു മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് കൈമാറി. മലയാള ചലച്ചിത്ര മേഖലയിലെ നിരവധി വനിത പ്രവർത്തകർ ജസ്റ്റിസ് കമ്മിറ്റിയോടു തങ്ങൾ നേരിട്ട തിക്താനുഭവങ്ങൾ പങ്കുവെച്ചിരുന്നു. കേരള സർക്കാരിലും ജസ്റ്റിസ് ഹേമ കമ്മിറ്റിയിലും, സർവ്വോപരി ഡബ്ല്യു.സി.സിയിലുമുള്ള വിശ്വാസമാണ് ഈ പ്രവർത്തകരുടെ തുറന്നുപറച്ചിലിന് ഊർജ്ജമായത്.

ഈ കമ്മിറ്റി റിപ്പോർട്ടിനോടു പിണറായി സർക്കാർ ചെയ്തത് എന്താണ്? രണ്ടു കൊല്ലത്തോളം സർക്കാർ ഇതിനു മുകളിൽ അടയിരുന്നു. ഇതിനിടയിൽ 2021-ൽ നിയമസഭ തിരഞ്ഞെടുപ്പു വന്നു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിക്കു കേരളത്തിലെ ജനങ്ങൾ ചരിത്രവിജയം നൽകി വീണ്ടും അധികാരത്തിലേറ്റി. രണ്ടു കൊല്ലമായിട്ടും ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒന്നും നടക്കുന്നില്ലെന്ന ആരോപണം ശക്തമായപ്പോൾ സർക്കാർ തനിനിറം പുറത്തെടുത്തു. തങ്ങൾ തന്നെ നിയമിച്ച കമ്മിറ്റി നൽകിയ റിപ്പോർട്ട് പഠിക്കാൻ രണ്ടാം പിണറായി സർക്കാർ മറ്റൊരു കമ്മിറ്റിയെ നിയമിച്ചു.

ചലച്ചിത്ര അക്കാദമിയുടെ സെക്രട്ടറി, സാംസ്‌കാരിക വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി, നിയമ വകുപ്പിലെ അണ്ടർ സെക്രട്ടറി എന്നിവരടങ്ങിയ കമ്മിറ്റി. നേരത്തെ സ്പ്രിങ്ക്ളർ വിവാദം അന്വേഷിച്ച മാധവൻ നമ്പ്യാർ കമ്മിറ്റി റിപ്പോർട്ട് പഠിക്കാൻ മറ്റൊരു കമ്മിറ്റിയെ നിയമിച്ചതിന്റെ തനിയാവർത്തനം. മാധവൻ നമ്പ്യാർ കമ്മിറ്റിയുടെ റിപ്പോർട്ടിലുള്ള വിമർശങ്ങളെല്ലാം നല്ല പത്തരമാറ്റ് വെള്ള സിമന്റ് കൊണ്ട് പൂശി പുതിയ കമ്മിറ്റി സർക്കാരിന് ശുദ്ധിപത്രം നൽകുകയും ചെയ്തു.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറുന്നു.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടും പിണറായി സർക്കാരും

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പഠിക്കാൻ പുതിയൊരു കമ്മിറ്റിയെ നിയമിച്ച സർക്കാർ നീക്കം എല്ലാ അർത്ഥത്തിലും ഡബ്ല്യു.സി.സിയോടുള്ള വഞ്ചനയായിരുന്നു. തങ്ങളെ വിശ്വസിച്ച ഒരു കൂട്ടായ്മയെ പുറംകാൽകൊണ്ട് സർക്കാർ ചവിട്ടിത്തള്ളുന്ന കാഴ്ചയായിരുന്നു അത്. ഈ വൃത്തികേടിനോട്, ഈ വഞ്ചനയോട് പക്ഷേ, കാര്യമായൊന്നും ചെയ്യാൻ ഡബ്ല്യു.സി.സിക്കായില്ല. ജനാധിപത്യ പ്രവർത്തകയായ ആശ ജോമിസ് മാതൃഭൂമി ഡോട്ട് കോമിന് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞതുപോലെ മലയാള ചലച്ചിത്ര മേഖലയിൽ സംഭവിക്കുമായിരുന്ന മീ ടു മൂവ്മെന്റിനെ ഫലപ്രദമായി തടയുകയാണു സർക്കാർ ചെയ്തത്.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നാൽ പല വൻകക്ഷികളും പൊതുസമൂഹത്തിനു മുന്നിൽ തുറന്നുകാട്ടപ്പെടും. സർക്കാരിനെ സംബന്ധിച്ചിടത്തോളം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഒരേസമയം പ്രതിരോധവും ആയുധവുമായി. ഡബ്ല്യു.സി.സിയുടെ മുന്നേറ്റം തടയുന്നതിനുള്ള പ്രതിരോധവും മലയാള ചലച്ചിത്ര മേഖലയിലെ അതികായരെ വരുതിക്കു നിർത്തുന്നതിനുള്ള ആയുധവും.

ഇടതുമുന്നണിയെ നയിക്കുന്ന സി.പി.എം. പാട്രിയാർക്കിയുടെ കനത്ത നിഴലിലാണെന്ന യാഥാർത്ഥ്യം തിരിച്ചറിയാനാവാതെ പോയതാണ് ഡബ്ല്യു.സി.സിക്ക് വിനയായത്. 1964-ൽ നിലവിൽ വന്ന സി.പി.എമ്മിൽ ഇക്കണ്ട 58 കൊല്ലങ്ങളിൽ ഒരിക്കലും ഒരു വനിതയും പാർട്ടിയിലെ പരമോന്നത പദവിയായ ജനറൽ സെക്രട്ടറി പദത്തിലെത്തിയിട്ടില്ല. പാർട്ടിക്ക് അധികാരം കിട്ടിയ ബംഗാളിലും ത്രിപുരയിലും കേരളത്തിലും ഒരു വനിതയെ മുഖ്യമന്ത്രിയാക്കാൻ പാർട്ടിക്കായിട്ടില്ല.

കേരളത്തിൽ 1987-ൽ കെ.ആർ. ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാനുള്ള അവസരം കിട്ടിയപ്പോൾ അതു വേണ്ടെന്നു വെയ്ക്കുകയാണു പാർട്ടി ചെയ്തത്. ഈ മൂന്നു സംസ്ഥാനങ്ങളിലും ഇതുവരെ പാർട്ടിക്കു സംസ്ഥാന സെക്രട്ടറിയായി ഒരു വനിതയെ കൊണ്ടുവരാനായിട്ടില്ല. എന്തിന്..., കേരളത്തിൽ ഇതുവരെ ജില്ലാതലത്തിൽ പോലും പാർട്ടിക്ക് ഒരു വനിത സെക്രട്ടറിയുണ്ടായിട്ടില്ല. കെ.കെ. ശൈലജയെ വീണ്ടും മന്ത്രിയാക്കാതെ മാറ്റിനിർത്തിയ പാർട്ടി പദ്ധതി വാദത്തിനായി അംഗീകരിച്ചാൽതന്നെ എന്തുകൊണ്ട് പാർട്ടിക്കുള്ളിൽ അവർക്കു കൂടുതൽ ചുമതലകളും ഉത്തരവാദിത്വവും നൽകിയില്ല എന്ന ചോദ്യത്തിന് ഉത്തരമില്ല.

ഒരു സന്നിഗ്ദ്ധഘട്ടത്തിൽ ഇടപെട്ടുകൊണ്ടു ലോകത്തെ മാറ്റിത്തീർക്കുന്നതാണു വിപ്ലവമെന്ന മാർക്സിയൻ ആശയം സ്വന്തം കോക്കസുകൾക്ക് വേണ്ടി മാത്രം പ്രയോഗിക്കപ്പെടുന്ന ദുവരവസ്ഥ തീർച്ചയായും സി.പി.എം. അഭിമുഖീകരിക്കുന്നുണ്ട്. ഈ ചരിത്രമാണ് ഡബ്ല്യു.സി.സി. മറന്നുപോയത്. ഈ മറവിയാണ് ഡബ്ല്യു.സി.സിയെ ഇന്നത്തെ നിസ്സഹായാവസ്ഥയിലേക്ക് എത്തിച്ചത്. ഇവിടെയാണ് ഡബ്ല്യു.സി.സി. ഒരു കടലാസുപുലിയുടെ റോളിലേക്കു താഴുന്നതും അപചയിക്കുന്നതും.

നടി ആക്രമിക്കപ്പെട്ട സംഭവമാണ് ഡബ്ല്യു.സി.സിയുടെ പിറവിക്കു കാരണമായ പ്രധാന ഘടകം. ഇവിടെയും തുടർച്ചയായി നീതി നിഷേധിക്കപ്പെടുന്നതാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ഏറ്റവും അവസാനം നടന്ന കാര്യം നോക്കുക. കേസ് അന്വേഷണം നിർണായക ഘട്ടത്തിലെത്തി നിൽക്കെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നു. ഒരു അട്ടിമറി ഇതിലുണ്ടെന്ന സംശയം സ്വാഭാവികമാണ്. സർക്കാരിന്റെ ഇടപെടൽ ഇരയ്ക്കനുകൂലമായല്ല, പ്രതികൾക്കനുകൂലമായാണ് എന്ന ആരോപണത്തിനു മൂർച്ച കൂട്ടുന്ന സംഭവവികാസമാണിത്. പക്ഷേ, ഡബ്ല്യു.സി.സിയുടെ പ്രതികരണം എന്താണ്? ഒരു പ്രതിഷേധക്കുറിപ്പ്. ഡബ്ല്യു.സി.സിയുടെ അസ്തിത്വവും നിലനിൽപും ചോദ്യം ചെയ്യുന്ന സമീപനമാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലും നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണത്തിലും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. എന്നാൽ, ഇതിനെതിരെ സക്രിയമായ ഒരു സമരവും ഒരു പ്രക്ഷോഭവും ഇതുവരെ ഡബ്ല്യു.സി.സിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

ഇതിനിടയിൽ സർക്കാർ നടത്തിയ മറ്റൊരു അട്ടിമറി, നടി ഭാവനയെ തിരുവനന്തപുരത്തെ ചലച്ചിത്ര മേളയിൽ പങ്കെടുപ്പിക്കുക എന്നതായിരുന്നു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ അടയിരിക്കുന്ന ഒരു സർക്കാർ സംഘടിപ്പിച്ച ചലച്ചിത്രമേള ബഹിഷ്‌കരിക്കുന്നതിനു പകരം, ആ ചലച്ചിത്രമേളയുടെ ഭാഗമായി അതിന്റെ തലപ്പത്തിരിക്കുന്നവർക്കും ഭരണകൂടത്തിനും താമ്രപത്രം നൽകുന്ന കർമ്മമാണു നടിയുടെ മേൽ അടിച്ചേൽപിക്കപ്പെട്ടത്. ചലച്ചിത്രമേളയിലേക്കുള്ള ക്ഷണം കെണിയും പ്രലോഭനവുമാണെന്നു തിരിച്ചറിയാൻ ഡബ്ല്യു.സി.സിക്കു കഴിയാതെ പോയിടത്താണ് സർക്കാർ വിജയിച്ചത്.

ഇതേ ചലച്ചിത്ര അക്കാദമി കൊച്ചിയിൽ സംഘടിപ്പിച്ച ചലച്ചിത്രമേളയിലും ഡബ്ല്യു.സി.സി. അംഗങ്ങൾ ആമോദത്തോടെ പങ്കെടുത്തു. ചലച്ചിത്ര അക്കാമദിയുടെ മേളയുടെ ഭാഗമാവുക എന്നു പറഞ്ഞാൽ സർക്കാരിന്റെ ഭാഗമാവുക എന്നു തന്നെയാണ്. ''There is no free lunch'' എന്ന വാക്യം എവിടെയും ബാധകമാണ്. സർക്കാരിനോടൊപ്പം നിൽക്കുമ്പോൾ സർക്കാരിനെതിരെ നീങ്ങാൻ കഴിയില്ല. അപ്പോൾപിന്നെ ആകപ്പാടെ ചെയ്യാൻ കഴിയുന്നത് മിനിസ്‌കർട്ട് ധരിച്ചുവന്നു ചായക്കോപ്പയിൽ കൊടുങ്കാറ്റുണ്ടാക്കുകയാണ്. വസ്ത്രധാരണം ഓരോരുത്തരുടെയും അവകാശമാണ്. ഒരാൾ എന്തു ധരിക്കണമെന്ന് അവ(ന)ളാണു തീരുമാനിക്കേണ്ടത്. പക്ഷേ, ഒരാളുടെ നിലപാടിനെ നമുക്കു കൃത്യമായി അളക്കാനും വിലയിരുത്താനുമാവും. നീതി നിഷേധിക്കുന്ന ഒരു സംവിധാനത്തിന്റെ ഭാഗമായി നിന്നുകൊണ്ട് എന്തു വിപ്ലവം പറഞ്ഞാലും അതു ചിലമ്പും കൈത്താളവും പോലെ പൊള്ളയായിരിക്കും. വസ്ത്രമല്ല, നിലപാടാണ് അശ്ലീലം എന്നു പറയേണ്ടിവരുന്നത് ഈ പരിസരത്തിലാണ്.

ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തിയ പ്രക്ഷോഭം | ഫോട്ടോ: മാതൃഭൂമി

കന്യാസ്ത്രീകൾ, പെമ്പിളൈ ഒരുമൈ, പെൺകൂട്ട്

ഈ ഘട്ടത്തിലാണ് ചില സമരങ്ങൾ നമ്മൾ ഓർത്തെടുക്കേണ്ടത്. 2018 സെപ്റ്റംബറിൽ കൊച്ചിയിൽ നടന്ന കന്യാസ്ത്രീ സമരം എങ്ങിനെയാണു മറക്കാനാവുക? ബിഷപ് ഫ്രാങ്കോയുടെ അതിക്രമത്തിനതെിരെ അഞ്ചു കന്യാസ്ത്രികളാണ് അന്ന് തെരുവിലിറങ്ങിയത്. പ്രാർത്ഥനയും സേവനവുമായി ജീവിച്ചിരുന്ന ഈ കന്യാസ്ത്രീകൾ കടുത്ത അനീതിയുടെ മുനമ്പിലാണു പ്രക്ഷോഭത്തിന്റെ പാത തിരഞ്ഞെടുത്തത്. കോൺവെന്റുകൾക്കുള്ളിൽ പീഡനങ്ങൾ സഹിക്കുന്നതിന് അതിരുകളുണ്ടെന്ന തിരിച്ചറിവിൽ അവർ പോരാട്ടം തന്നെയാണ് ജീവിതം എന്നുറപ്പിച്ചു.

പീഡകർ ഈ ലോകത്ത് സുഖിച്ചു ജിവിക്കുമ്പോൾ ഇരകൾ മാത്രം പരലോകത്തു നീതിക്കായി കാത്തിരിക്കുന്നതിൽ അർത്ഥമില്ലെന്ന പ്രഖ്യാപനം കൂടിയായിരുന്നു അത്. ഒരേസമയം സഭയ്ക്കും ഭരണകൂടത്തിനുമെതിരെയുള്ള ഈ പോരാട്ടത്തിന്റെ അർത്ഥതലങ്ങൾ വളരെ വലുതായിരുന്നു. കേരള ഹൈക്കോടതിക്കു പുറത്തു കന്യാസ്ത്രീകൾ നീതിക്കായി സത്യാഗ്രഹം നടത്തിയപ്പോൾ അതിനനുകൂലമായി ഉയർന്ന പൊതുവികാരം അതിശക്തമായിരുന്നു. ഫ്രത്യേക അന്വേഷണ സംഘത്തിന് സർക്കാർ രൂപം നൽകിയത് ഈ സമരത്തെ തുടർന്നാണ്. സെപ്റ്റംബർ അവസാനത്തോടെ ബിഷപ് ഫ്രാങ്കൊ അറസ്റ്റ് ചെയ്യപ്പെടുന്നതും കേരളം കണ്ടു.

പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയെ സമരപ്പന്തലിൽനിന്ന് പോലീസ് നീക്കുന്നു | ഫോട്ടോ: മാതൃഭൂമി

അതിനും മൂന്നു വർഷം മുമ്പു മറ്റൊരു സെപ്റ്റംബറിലാണു മൂന്നാറിൽ പെമ്പിളൈ ഒരുമൈയുടെ ആഭിമുഖ്യത്തിൽ സമരമുണ്ടായത്. ദളിതരായ വനിതകളായിരുന്നു പ്രക്ഷോഭകരിൽ ഭൂരിപക്ഷവും. തേയിലത്തോട്ടങ്ങളിലെ ദിവസക്കൂലി 232 രൂപയിൽനിന്ന് 500 രൂപയാക്കണമെന്നും വാർഷിക ബോണസ് 20 ശതമാനമാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. തോട്ടമുടകളോടു മാത്രമല്ല ഈ സമരത്തിൽ വനിതകൾ ഏറ്റുമുട്ടിയത്. പ്രബലരായ ട്രേഡ് യൂണിയൻ നേതൃത്വത്തിനെതിരെയും അവർക്കു പൊരുതേണ്ടി വന്നു.

എല്ലാ അർത്ഥത്തിലും ഐതിഹാസികമായ പോരാട്ടമായിരുന്നു അത്. പതിറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ടവർ നീതിക്കായി തെരുവിൽ ഇറങ്ങിയ സമരം. തീർത്തും സാധാരണക്കാരായ വനിതകൾ ചരിത്രത്തിൽ ഇടം പിടിക്കുന്നതെങ്ങിനെയെന്ന് ആ സമരം കാണിച്ചുതന്നു. കൂലി കൂട്ടുന്നതിനും ബോണസ് പ്രഖ്യാപിക്കുന്നതിനും തോട്ടം ഉടമകൾക്കു തയ്യാറാവേണ്ടി വന്നുവെന്നതും നിത്യജീവിത വ്യവഹാരത്തിനപ്പുറത്തേക്കു രാഷ്ട്രീയ ഇടപെടൽ നടത്താൻ കഴിവുള്ളവരാണു സ്ത്രീകൾ എന്നു തെളിയിക്കാനായി എന്നതും പെമ്പിളൈ ഒരുമൈയുടെ ബാക്കിപത്രമാണ്.

പെൺകൂട്ട് അംഗങ്ങളോടൊപ്പം വിജി | ഫോട്ടോ: മാതൃഭൂമി

2018-ൽ തന്നെയാണ് ബി.ബി.സി. കേരളത്തിൽനിന്ന് ഒരു വനിതയെ അവരുടെ നൂറു വനിതകളുടെ പട്ടികയിലേക്കു തിരഞ്ഞെടുത്തത്. കോഴിക്കോട് സ്വദേശി വിജിയായിരുന്നു ആ വനിത. കോഴിക്കോട്ടെ കടകളിൽ മണിക്കൂറുകളോളം പണിയെടുക്കുന്ന സ്ത്രീകൾക്ക് ഒന്നിരിക്കുന്നതിനോ മൂത്രമൊഴിക്കുന്നതിനോ പോലും സൗകര്യമില്ലാത്ത അവസ്ഥയ്ക്ക് എതിരെയാണ് വിജി സമരം ചെയ്തത്.അസംഘടിത മേഖലയിലെ തൊഴിലാളികൾക്കു മൊത്തത്തിൽ ഊർജ്ജവും ആവേശവുമായി മാറിയ സമരം. ഈ രണ്ട് ആവശ്യങ്ങളും നേടിയെടുക്കുന്നതിന് വിജി നേതൃത്വം നൽകിയ പെൺകൂട്ടിനു കഴിഞ്ഞുവെന്നതു ചരിത്രമാണ്.

പറഞ്ഞുവന്നതു സമരം അത്താഴവിരുന്നല്ലെന്നും സ്വീകരണമുറിയിലെ സംവാദങ്ങളിൽ ഒതുങ്ങുകയും ഒടുങ്ങേണ്ടുകയും ചെയ്യേണ്ടതല്ലെന്നുമാണ്. കന്യാസ്ത്രികളും പെമ്പിളൈ ഒരുമൈയും പെൺകൂട്ടും ചെയ്തതുപോലെ ഡബ്ല്യു.സി.സിയും തെരുവിലിറങ്ങണം. നീതിക്കു വേണ്ടി അധികാരത്തിനെതിരെ പൊരുതുമ്പോൾ അതു വാക്കുകളിൽനിന്നു പ്രവൃത്തിയിലേക്ക് പരിണമിക്കേണ്ടതുണ്ട്. ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഡബ്ല്യു.സി.സി. സെക്രട്ടറിയേറ്റിന് പുറത്ത് സമരം തുടങ്ങിയാൽ ഇപ്പോൾ പിണറായി സർക്കാർ കളിക്കുന്ന വൃത്തികെട്ട കളി അതോടെ തീരും.

നടനും നിർമ്മാതാവുമായ വിജയ് ബാബു പ്രതിയായ കേസ് വിളിച്ചുപറയുന്നതു മലയാള ചലച്ചിത്ര മേഖലയിൽ ആണധികാരത്തിന്റെ വാഴ്ച അഭംഗുരം തുടരുകയാണെന്നാണ്. എത്ര നിർല്ലജ്ജവും നിർദ്ദയവുമായാണ് താൻ വഞ്ചിക്കുകയും പീഡിപ്പിക്കുകയും ചെയ്ത ഒരു യുവതിയുടെ പേര് ഇയാൾ പരസ്യപ്പെടുത്തിയത്. ഡബ്ല്യു.സി.സിയുടെ പ്രസക്തിയും അർത്ഥവും കൂടുതൽ കൂടുതൽ മലയാള ചലച്ചിത്ര മേഖലയും പൊതുസമൂഹവും ആവശ്യപ്പെടുന്ന സമയമാണിത്. ഈ ഘട്ടത്തിൽ ചരിത്രവും കാലവും ആവശ്യപ്പെടുന്ന കടമയും ഉത്തരവാദിത്വവും നിറവേറ്റുന്നതിൽ ഡബ്ല്യു.സി.സി പരാജയപ്പെടരുത്. അ്ത്തരമൊരു പരാജയം ആത്യന്തികമായി ക്ഷീണിപ്പിക്കുന്നതു ജനാധിപത്യത്തെ തന്നെയായിരിക്കും. അധികാരത്തോടു സത്യം വിളിച്ചു പറയുമ്പോഴാണു പോരാട്ടം പോരാട്ടമാവുന്നത്.

വഴിയിൽ കേട്ടത്: ഗുജറാത്ത് സർക്കാരിന്റെ ഭരണപരിഷ്‌കാരം പഠിക്കാൻ കേരളത്തിൽനിന്ന് ഉദ്യോഗസ്ഥ സംഘം. ജാഗ്രതക്കുറവ്, ഒറ്റപ്പെട്ട സംഭവം. പോരട്ടെ ന്യായീകരണങ്ങൾ...!

Content Highlights: W.C.C. should not be a paper tiger | Vazhipokkan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section
Most Commented