ഉടക്കിയുടക്കി കുരുക്കിലാവുന്നത് സർക്കാർ; പോവുന്നത് ഭരണപ്രതിസന്ധിയിലേക്ക് | പ്രതിഭാഷണം


സി.പി.ജോണ്‍ഫോട്ടോ | മാതൃഭൂമി

സാങ്കേതിക സര്‍വകലാശാല വി.സിയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയതിനെ തുടര്‍ന്നുണ്ടായ കോലാഹലം ചെറുതായിരുന്നില്ല. അത് വലിയ രാഷ്ട്രീയ പ്രശ്‌നമായി വളരുകയും ഗവര്‍ണറും ഗവണ്‍മെന്റും തമ്മിലുളള വൈരുധ്യത്തിലേക്കും സംഘര്‍ഷത്തിലേക്കും ഒടുവില്‍ രാജ്ഭവന് മുമ്പില്‍ നടന്ന വലിയ പ്രക്ഷോഭത്തിലേക്കും എത്തിച്ചേര്‍ന്നു.

പ്രക്ഷോഭം നടന്ന നവംബര്‍ 15-ന് തൊട്ടുതലേന്ന് ഫിഷറീസ് സര്‍വകലാശാല വി.സിയുടെ നിയമനം ഹൈക്കോടതി നേരത്തേ പറഞ്ഞ കാരണങ്ങള്‍ കൊണ്ടുതന്നെ റദ്ദാക്കി. രാജ്ഭവന് മുന്നില്‍ യെച്ചൂരിയും കാനം രാജേന്ദ്രനും പ്രസംഗിക്കുമ്പോള്‍ വെറ്റിനറി വി.സിയും പുറത്തുപോയി. ഇനി പുറത്തുപോകാന്‍ കാത്ത് നില്‍ക്കുന്നത് എം.ജി., കുസാറ്റ്, സംസ്‌കൃതം, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി, ശ്രീനാരായണ യൂണിവേഴ്‌സിറ്റി, കാലിക്കറ്റ്, കണ്ണൂര്‍, മലയാളം യൂണിവേഴ്‌സിറ്റികള്‍ എന്നിവിടങ്ങളിലെ വി.സിമാരാണ്. എന്നുപറഞ്ഞാല്‍ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഏറ്റവും നിര്‍ണായകമായ വി.സി. നിയമനങ്ങള്‍ നടന്നത് ചട്ടവിരുദ്ധമായിട്ടാണ്.ചട്ടവിരുദ്ധമായി നടന്ന ഈ നിയമനങ്ങളുടെ ഫലമായി ഉന്നതവിദ്യാഭ്യാസ മേഖല ഒരു വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. വൈസ്ചാന്‍സലര്‍മാര്‍ ഒപ്പിട്ട ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് മൂല്യമുണ്ടോ, വിലയുണ്ടോ എന്ന് ഈ കോളത്തില്‍ ചോദിച്ചിരുന്നു. അതിന് ഉചിതമായ മറുപടി ഔദ്യോഗികമായി ആരും നല്‍കിയിട്ടില്ല. ആന്ധ്രയിലെ ഹൈക്കോടതി ജഡ്ജിമാരെ നിയമിച്ചത് തെറ്റാണ് എന്ന് കണ്ടതിന് ശേഷം ഇത്തരം ab initio void നിയമനങ്ങള്‍ നടന്നാലും അവരെടുത്ത തീരുമാനങ്ങള്‍ റദ്ദാക്കപ്പെടുകയില്ലെന്ന് സുപ്രീം കോടതി പറഞ്ഞതിന്റെ ബലത്തിലാണ് ഇപ്പോഴും വി.സിമാര്‍ ഒപ്പിട്ട സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വിലയുണ്ട് എന്ന് സര്‍ക്കാര്‍ പക്ഷക്കാര്‍ വാദിക്കുന്നത്. എന്തുമാകട്ടേ, അതുസംബന്ധിച്ച് സുപ്രീം കോടതിയുടെ തന്നെ ഒരു വിശദീകരണം വാങ്ങിവെക്കുന്നതാണ് വിദ്യാര്‍ഥികള്‍ക്ക് നല്ലത് എന്നുമാത്രം തല്‍ക്കാലം പറഞ്ഞുവെക്കട്ടേ.

എന്താണ് കോടതിയിലേക്ക് വി.സി. നിയമനങ്ങള്‍ വലിച്ചിഴയ്ക്കപ്പെടാനുളള അടിസ്ഥാനകാരണം? ഇത് മുന്‍കാലങ്ങളില്‍ ഇല്ലാത്ത ഒരു പതിവായിരുന്നു എന്ന് ചിന്തിക്കുന്നവരുണ്ട്. ശരിയാണ്, മുന്‍കാലങ്ങളില്‍ അതത് സംസ്ഥാന നിയമസഭകള്‍ പാസ്സാക്കിയ നിയമങ്ങള്‍ ആയിരുന്നു സര്‍വകലാശാലയുടെ എല്ലാതരം നിയമനങ്ങളുടെയും അടിസ്ഥാനം. എന്നാല്‍ 2010-13-18 വര്‍ഷങ്ങളില്‍ യു.ജി.സി. അതിന്റെ ചട്ടങ്ങള്‍ കര്‍ശനമാക്കി. പക്ഷേ, കേരളത്തില്‍ യുജിസിയുടെ ചട്ടങ്ങള്‍ നിലനില്‍ക്കുമ്പോഴും അതിനെ പലപ്പോഴും മറികടന്നുകൊണ്ട് സംസ്ഥാന നിയമസഭ പാസ്സാക്കിയ സര്‍വകലാശാല ചട്ടങ്ങള്‍ക്ക് അനുസരിച്ചാണ് നിയമനങ്ങളാണ് നടന്നിരുന്നത് എന്നതാണ് വാസ്തവം.

2016-ല്‍ രാധാകൃഷ്ണപ്പിളള എന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുളള കോളേജിലെ അധ്യാപകന്‍ നല്‍കിയ കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഒരു കാര്യം കൃത്യമായി പറഞ്ഞു. യു.ജി.സി. ചട്ടങ്ങള്‍ എന്താണോ, അതാണ് നിയമം. അതിനെ മറികടന്ന് നടത്തുന്ന എല്ലാ നിയമനങ്ങളും തെറ്റാണ്. ഇതിനെതിരേ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ കേസെടുക്കാന്‍ പോലും തയ്യാറായില്ല. അതിനര്‍ഥം യു.ജി.സി. ചട്ടങ്ങള്‍ എന്താണോ അത് പാലിക്കാന്‍ ഗവണ്‍മെന്റ് ബാധ്യസ്ഥമാണ്. ചാന്‍സലറും ബാധ്യസ്ഥനാണ്.

ഇവിടെയാണ് പിണറായി സര്‍ക്കാരിന് പിശകുപറ്റുന്നത്. ചട്ടങ്ങള്‍ മറികടന്നുകൊണ്ട് നടത്തുന്ന നിയമനങ്ങള്‍ ചാന്‍സലറിലൂടെ നടത്തുന്നത് സര്‍ക്കാരാണ്. സര്‍ക്കാരാണ് ചാന്‍സലറുടെ മുന്നില്‍ പട്ടിക കൊടുക്കുന്നത്. ആ പട്ടികയില്‍ പലപ്പോഴും ഒറ്റപ്പേരു മാത്രമാണ് ഉണ്ടാകുന്നത്. യോഗ്യരായ ആളുകളില്ലെങ്കില്‍ എന്തു ചെയ്യും? ഒരു പേരു മാത്രം കൊടുക്കുന്നതില്‍ എന്താണ് തെറ്റെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. മുഖ്യമന്ത്രി മനസ്സിലാക്കേണ്ടത് ചട്ടമെന്താണോ അത് പാലിക്കാന്‍ മുഖ്യമന്ത്രിക്കും ബാധ്യതയുണ്ട് എന്നാണ്‌.

യോഗ്യതയുണ്ട് എന്ന വാദം യു.ജി.സി. അംഗീകരിക്കുന്നില്ല. ഒരു സര്‍വകലാശാലയുടെ വൈസ് ചാന്‍സലറാകാന്‍ ഒരാളെ മാത്രമേ കിട്ടിയുളളൂ എന്നുപറഞ്ഞാല്‍ ഞങ്ങളുടെ ഇഷ്ടക്കാരനായ ഒരാളെ നിങ്ങള്‍ നിയമിക്കണമെന്ന് വായിച്ചെടുക്കുകയാണ് സാധാരണക്കാര്‍ ചെയ്യുക. അതുകൊണ്ട് ഞങ്ങള്‍ക്കിഷ്ടമുളളവരുടെ പേര് മാത്രമേ തരൂ, മറ്റാരുടേയും പേരുകള്‍ തരാനില്ല എന്ന പിണറായി സര്‍ക്കാരിന്റെ സൂത്രം കോടതിയില്‍ ചെലവായില്ലെന്നതാണ് യാഥാര്‍ഥ്യം.

പത്തു വര്‍ഷത്തെ പ്രൊഫസര്‍ഷിപ്പ് എന്ന വിഷയം മുന്‍കാലങ്ങളില്‍ പ്രസക്തമല്ലായിരുന്നു. അധ്യാപകനായിരുന്നുവെങ്കിലും പിന്നീട് എം.എല്‍.എയും മന്ത്രിയും വീണ്ടും എം.എല്‍.എയുമായ ജോസഫ് മുണ്ടശ്ശേരി മാസ്റ്ററാണ് എം.എല്‍.എ. ആയിരിക്കുമ്പോള്‍ കൊച്ചി യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലറായത്. പ്രഗത്ഭനായ അക്കാദമീഷ്യന്‍ എന്നതായിരുന്നു അക്കാലത്തെ നിയമം.ഇന്നതുപോര.അത്തരം ഒരു നിയമമുളളപ്പോള്‍ മുണ്ടശ്ശേരി മാസ്റ്ററെ പോലെ ഉളളവര്‍ ആകുന്നതില്‍ യാതൊരു തെറ്റുമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് ചട്ടം മാറിയിരിക്കുന്നു. ആ മാറിയ ചട്ടങ്ങളാണ് ഹൈക്കോടതിയും സുപ്രീംകോടതിയും അംഗീകരിച്ചിട്ടുളളത്. സുപ്രീം കോടതിയും ഹൈക്കോടതിയും അംഗീകരിച്ച ചട്ടങ്ങളെ മറികടക്കാന്‍ എനിക്ക് അധികാരമുണ്ട് എന്ന തെറ്റിദ്ധാരണയാണ് പിണറായി സര്‍ക്കാരിനെ കുഴിയില്‍ ചാടിച്ചിരിക്കുന്നത്.

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നുപറഞ്ഞതുപോലെ ഗവര്‍ണറുടെ മെക്കിട്ട് കയറിയിട്ട് കാര്യമില്ല. ഇവിടെ ഗവര്‍ണറും ഗവണ്‍മെന്റും ഒന്നായിരുന്നു. ഗവര്‍ണര്‍, ചാന്‍സലര്‍ എന്ന നിലയില്‍ ഗവണ്‍മെന്റിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുകയാണ് പലപ്പോഴും ചെയ്തിട്ടുളളത്. അതുകൊണ്ട് ഗവര്‍ണര്‍ക്കും താന്‍ ശരി ചെയ്തുവെന്നും സര്‍ക്കാര്‍ തെറ്റു ചെയ്തുവെന്നും പറയാന്‍ സാധ്യമല്ല. ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണറും സര്‍ക്കാരും നടത്തിയിട്ടുളള സാങ്കേതിക സര്‍വകലാശാലയിലെ വൈസ് ചാന്‍സലറായിരുന്ന രാജശ്രീയുടെ കാര്യത്തിലും ഫിഷറീസ് സര്‍വകലാശാലയിലെ വൈസ് ചാന്‍സലറായിരുന്ന റെജി ജോണിന്റെ കാര്യത്തിലും ഇപ്പോള്‍ വെറ്റിനറി വൈസ് ചാന്‍സലറുടെ കാര്യത്തിലും ഇതുതന്നെയാണ്‌
അയോഗ്യതയ്ക്ക് കാരണമായത്.

ഈ സാഹചര്യത്തില്‍ സര്‍വകലാശാലയിലെ പ്രതിസന്ധിയെ രാഷ്ട്രീയവത്ക്കരിക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ പരിഹാസ്യമാണ്. സ്വന്തം ഭരണവൈകല്യങ്ങള്‍ മറയ്ക്കുന്നതിന് വേണ്ടിയാണ് ഗവര്‍ണറും സര്‍ക്കാരും പാടുപെട്ടുകൊണ്ടിരിക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ രണ്ടാം വട്ടം വൈസ്ചാന്‍സറായി തിരിച്ചുവരുന്നതിനെ ഗവര്‍ണര്‍ ആദ്യ ഘട്ടത്തില്‍ ചാന്‍സലര്‍ എന്ന നിലയില്‍ എതിര്‍ത്തുവെങ്കിലും പിന്നീട് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ വഴങ്ങി. തനിക്കൊരു തെറ്റു പറ്റിയെന്നാണ് ഗവര്‍ണര്‍ പറയുന്നത്. തെറ്റു പറ്റാവുന്ന ഒരു ജോലിയല്ല ഗവര്‍ണറുടേത്. ഗവര്‍ണര്‍ക്ക് തെറ്റു പറ്റിയാല്‍ ഗവര്‍ണര്‍ ഇറങ്ങിപ്പോകണമെന്നാണ് ഈ ലേഖകന്റെ അഭിപ്രായം.

സര്‍ക്കാരും സര്‍വകലാശാല ചാന്‍സലറും ഉന്നതവിദ്യാഭ്യാസമേഖലയില്‍ നടത്തിയിട്ടുളള നിയമനങ്ങളെ സുപ്രീം കോടതിയും ഹൈക്കോടതിയും ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ കേരളത്തില്‍ നടക്കുന്നത് ഗവര്‍ണറും ഗവണ്‍മെന്റും തമ്മിലുളള തെരുവുയുദ്ധമാണ്. ഇത് പ്രശ്‌നത്തെ തിരിച്ചുവിടാനായി രണ്ടു കൂട്ടരും നടത്തുന്ന വ്യത്യസ്തമായ പുകമറയാണ് ഇതെന്ന് പറയേണ്ടി വന്നിരിക്കുന്നു.

ഇനി രാജ്ഭവന് മുന്നിലെ അസാധാരണമായ സമരത്തിന്റെ വിശദാംശങ്ങളിലേക്ക് കടന്നുനോക്കാം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായിട്ടാണ് പിണറായി
സംസാരിച്ചതെങ്കില്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒരു മര്യാദക്കാരനാണ് എന്നും മുപ്പതു വര്‍ഷക്കാലമായി തന്റെ സുഹൃത്താണെന്നും പറഞ്ഞുകൊണ്ടാണ് യെച്ചൂരി പ്രസംഗം തുടങ്ങിയത്. ഇത് ദേശീയ തലത്തില്‍ ബി.ജെ.പി. നടത്തുന്ന ഗവര്‍ണര്‍മാരെ ഉപയോഗിച്ചുകൊണ്ടുളള അതിക്രമത്തിന്റെ ഭാഗമാണ് എന്നു വരുത്തിത്തീര്‍ക്കാനാണ് യെച്ചൂരി ശ്രമിച്ചത്. എന്നാല്‍ പിണറായി ശ്രമിച്ചുകൊണ്ടിരുന്നത് അതല്ല. ആരിഫ് മുഹമ്മദ് ഖാന്‍ എന്ന ഗവര്‍ണര്‍ ഇവിടെ നടത്തുന്ന അതിക്രമത്തെ ചെറുത്തുതോല്‍പിക്കാനാണ് തന്റെ ശ്രമമെന്നായിരുന്നു.

മാത്രമല്ല വി.സി. നിയമനങ്ങളിലെ ചട്ടവിരുദ്ധമായ കാര്യങ്ങളെ കുറിച്ച് അറിഞ്ഞുകൊണ്ടുതന്നെയാകാം യെച്ചൂരി അതേക്കുറിച്ച് ഒരക്ഷരം പറഞ്ഞില്ല. യെച്ചൂരി മിടുക്കനായ ഒരു വിദ്യാര്‍ഥിയായിരുന്നു. യെച്ചൂരിയുടെ എക്‌ണോമിക്‌സ് എം.എയുടെ റെക്കോഡ് അടുത്തകാലത്ത് പോലും ആരും ജെ.എന്‍.യുവില്‍ ഭേദിച്ചിട്ടില്ലെന്നാണ് കേട്ടിട്ടുളളത്. അദ്ദേഹത്തിന് കാര്യങ്ങള്‍ നന്നായി അറിയാം. അതുകൊണ്ട് ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടുളള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല ,ഇത് ദേശീയ തലത്തില്‍ നടക്കുന്ന പൊതുവായ ഗവര്‍ണമാരുടെ അക്രമത്തിന്റെ ഭാഗമായി ചുരുക്കി കാണിക്കാനും ഗവര്‍ണറെ എങ്ങനെയെങ്കിലും തന്റെ വരുതിയിലേക്ക് കൊണ്ടുവരാനുമാണ് യെച്ചൂരിയുടെ ശ്രമം.

മാത്രമല്ല, ഈ സമരത്തില്‍നിന്നു മന്ത്രിമാരും മുഖ്യമന്ത്രിയും മാറിനിന്നു. എന്തിനു മാറിനിന്നു എന്ന് വ്യക്തമല്ല. കേരള മന്ത്രിമാരും മുഖ്യമന്ത്രിയും സമരരംഗത്ത് ഇതിന് മുമ്പ് വന്നിട്ടുണ്ട്. അതൊരു നല്ല കാര്യത്തിനായിരുന്നു. നോട്ട് നിരോധിച്ച സമയത്ത് അതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉയര്‍ന്നുവന്ന് സഹകരണമേഖലയാകെ പ്രതിസന്ധിയിലായപ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും റിസര്‍വ് ബാങ്കിന്റെ മുന്നില്‍ ഒരു ദിവസം നീണ്ടു നിന്ന സത്യാഗ്രഹം നടത്തിയത് കേരള സഹകരണ പ്രസ്ഥാനത്തിന് വലിയ ഗുണമായി ഭവിച്ചു. പ്രത്യേകമായി നിയമസഭ കൂടി കേരളത്തിന്റെ ആശങ്ക അറിയിക്കുകയും ചെയ്തു. അത്തരത്തില്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും സമരം നടന്നിട്ടുണ്ട്.

ഈ സമരം രാജ്ഭവന് മുന്നിലേക്ക് പോകുന്നത് പന്തിയല്ലെന്ന തോന്നല്‍ സി.പി.എമ്മിനകത്ത് ഉണ്ടായി. അല്ലെങ്കില്‍ അത്തരത്തില്‍ ഒരു വീണ്ടുവിചാരമുണ്ടായി എന്നുവേണം കരുതാന്‍. രാജ്ഭവനില്‍ നടന്ന സമരം വിദ്യാഭ്യാസ സംരക്ഷണ സമിതി നടത്തി എന്നാണ് പറയുന്നത്. വിദ്യാഭ്യാസ സംരക്ഷണ സമിതിയെ നയിക്കുന്നത് യെച്ചൂരിയും എം.വി. ഗോവിന്ദനും കാനം രാജേന്ദ്രനും തമിഴ്‌നാട്ടില്‍ നിന്ന് വന്ന ഡി.എം.കെ. നേതാവുമാണ് എന്നത് മറ്റൊരു കാര്യം. എന്തിന് പറയുന്നു. എല്‍.ഡി.എഫിന്റെ കണ്‍വീനറായ ഇ.പി. ജയരാജന്‍ പോലും സമരരംഗത്ത് നിന്ന് മാറിനില്‍ക്കുകയാണ് ചെയ്തത്. അതുകൊണ്ട് രാജ്ഭവന്റെ മുന്നിലുളള ഭരണകക്ഷിയുടെ സമരത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി അല്പം ഭയക്കുന്നു എന്നുതന്നെ വേണം കരുതാന്‍. എന്തായാലും കാര്യങ്ങള്‍ കൈവിട്ട് പോവുകയാണോ എന്ന നിലയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ചിന്തിക്കുന്നത്.

ഈ സമരത്തില്‍ പങ്കെടുത്തുകൊണ്ട് എം.വി. ഗോവിന്ദന്‍ അറിഞ്ഞോ അറിയാതെയോ നടത്തിയ ഒരു പ്രസ്താവന ഏറെ ശ്രദ്ധേയമാണ്. വി.സി. നിയമനത്തില്‍ ഗവര്‍ണര്‍ക്ക് തെറ്റുപറ്റിയെന്നാണ് എം.വി. ഗോവിന്ദന്‍ ഇപ്പോള്‍ പറയുന്നത്. വി.സി. നിയമനത്തില്‍ ഗവര്‍ണര്‍ക്ക് പങ്കില്ല, ചാന്‍സലര്‍ക്കാണ് പങ്ക് അദ്ദേഹം മറന്നുപോയതാകാം. പക്ഷേ ഗവര്‍ണര്‍ എന്ന പേരില്‍ ഇറങ്ങുന്ന ഉത്തരവുകള്‍ അത് സര്‍ക്കാരിന്റെ തന്നെയാണ് എന്ന് എം.വി. ഗോവിന്ദനും സി.പി.എമ്മും മനസ്സിലാക്കണം. സെക്രട്ടറിയേറ്റിലെ അണ്ടര്‍ സെക്രട്ടറിമാര്‍ മുതല്‍ മുകളിലേക്കുളള എല്ലാ സെക്രട്ടറിമാരും ഇടുന്ന ഉത്തരവുകള്‍ ഫോര്‍ ദ ഗവര്‍ണര്‍ എന്ന അടിക്കുറിപ്പോടുകൂടിയാണ് ഇറങ്ങുന്നത് എന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. അതുകൊണ്ട് ഗവര്‍ണര്‍ എന്ന പദവിയില്‍ ഇരുന്നുകൊണ്ട് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്. ആരാണോ ചാന്‍സലര്‍ അദ്ദേഹത്തിന് വലിയ അധികാരമുണ്ടെന്ന് പലപ്പോഴും ഇടതുപക്ഷ ജനാധിപത്യ മുന്നണി മറന്നുപോകുന്നു.

ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ മാറ്റാനുളള ഓര്‍ഡിനന്‍സും രാജ്ഭവനില്‍ എത്തിച്ചിട്ടുണ്ട്. അതു കണ്ട ഭാവം പോലും ഗവര്‍ണര്‍ നടിക്കുന്നില്ല. ആ ഓര്‍ഡിനന്‍സിലും ഗവര്‍ണറുടെ ഒപ്പു വേണമെന്ന് ചിന്തിക്കുവാന്‍ സി.പി.എമ്മില്‍ ആരുമില്ലേ എന്ന് ചോദിക്കാനാണ് ഈ ലേഖകന്‍ ഇഷ്ടപ്പെടുന്നത്. അതുപോലെ തന്നെ നിയമസഭ പാസാക്കിയ ലോകായുക്ത ബില്ലിലും ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല. ഗവര്‍ണറെ പിണക്കിക്കൊണ്ട് പുതിയ നിയമങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യമല്ലെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. എന്നാല്‍, മന്ത്രിസഭയെടുക്കുന്ന തീരുമാനങ്ങളില്‍ രണ്ടു തവണ മടക്കിയാല്‍ ഒപ്പുവെക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണ്. പക്ഷേ ബില്ലുകള്‍, ഓര്‍ഡിനന്‍സുകള്‍ രാഷ്ട്രപതിക്ക് അയച്ചുകൊടുക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. രാഷ്ട്രപതിക്ക് അയച്ചാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലേ തീരുമാനം ഉണ്ടാകൂ.

അതിനര്‍ഥം ഗവര്‍ണറുമായി പൂര്‍ണമായി പ്രതിസന്ധിയിലായ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരു ഭരണക്കുരുക്കിലേക്കാണ് ചെന്നുകയറിയിരിക്കുന്നത്. ചളിയിലിറങ്ങിയ ആനയെപ്പോലെ കയറാന്‍ പറ്റാതെ നില്‍ക്കുകയാണ് ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാര്‍. എന്തായാലും രാജ്ഭവന് മുന്നില്‍ നടന്ന ഇടതുമുന്നണിയുടെ വിദ്യാഭ്യാസ സംരക്ഷണ സമിതിയെന്ന പേരിലുളള സമരം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. കാരണം സമരത്തിന്റെ അന്നും തലേന്നും സമരത്തിന്റെ അടിസ്ഥാനമായ വൈസ് ചാന്‍സലര്‍ നിയമനത്തിന്റെ കാര്യത്തില്‍ ഹൈക്കോടതിയില്‍ നിന്നും സര്‍ക്കാരിന് കനത്ത പ്രഹരങ്ങള്‍ കിട്ടി.

ഇനിയെങ്കിലും തെറ്റുതിരുത്തുകയും വന്‍ഭൂരിപക്ഷമുളള സര്‍ക്കാര്‍ എന്ന നിലയില്‍ ചട്ടങ്ങള്‍ അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കൂ എന്ന് തീരുമാനിക്കുകയും ചെയ്യാതെ, പറ്റിയ തെറ്റുകള്‍ തിരുത്താതെ, ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന് ഒരിഞ്ച് മുന്നോട്ടുപോകാന്‍ സാധ്യമല്ല. അല്ലെങ്കില്‍
ഇത് ഭരണ പ്രതിസന്ധിയിലേക്കാണ് കേരളത്തെ നയിക്കുക.

Content Highlights: VC appointment, Kerala Governor, CM Pinarayi Vijayan, CP John writes, pratibhashanam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022

Most Commented