വി.എസ് അച്യുതാനന്ദൻ (ഫയൽ ഫോട്ടോ) മാതൃഭൂമി
ചെക്ക് നോവലിസ്റ്റ് മിലാന്‍ കുന്ദേരയുടെ 'ചിരിയുടെയും മറവിയുടെയും പുസ്തകം' ( The Book Of Laughter and Forgetting ) എന്ന നോവലില്‍ രസകരമായ ഒരു രംഗമുണ്ട്. 1948ലെ ശൈത്യകാലത്ത് ചെക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് ക്ലെമന്റ് ഗൊട്ട്വാള്‍ഡ് പ്രാഗിലെ ബറൊക് കൊട്ടാരത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന്കൊണ്ട് വലിയൊരു ജനസഞ്ചയത്തെ അഭിവാദ്യം ചെയ്യുന്നു. ഗൊട്ട്വാള്‍ഡിനൊപ്പം പാര്‍ട്ടിയിലെ പല പ്രമുഖ സഖാക്കളുമുണ്ട്. അവരിലൊരാള്‍ സഖാവ് ക്ലെമന്റിസ് ആണ്. ചെക്ക് റിപ്പബ്ലിക്കില്‍ സോവിയറ്റ് യൂണിയന്റെ സഹായത്തോടെ കമ്മ്യൂണിസം പുനഃസ്ഥാപിക്കാന്‍ മുന്‍നിരയിലുണ്ടായിരുന്ന നേതാവാണ് ക്ലെമന്റിസ്. അന്തരീക്ഷത്തില്‍ മഞ്ഞുപൊഴിയവെ സഖാവ് ഗൊട്ട്വാള്‍ഡ് തലയില്‍ തൊപ്പിയില്ലാതെയാണ് നില്‍ക്കുന്നതെന്ന് ക്ലെമന്റിസ് ശ്രദ്ധിക്കുന്നു. പൊടുന്നനെ ഒരുള്‍വിളിയാലെന്ന പോലെ ക്ലെമന്റിസ് തന്റെ തലയിലെ രോമത്തൊപ്പി എടുത്ത് ഗൊട്ട്വാള്‍ഡിന്റെ തലയില്‍ വെയ്ക്കുന്നു. ഈ നിമിഷം വലിയൊരു ചരിത്ര മുഹൂര്‍ത്തമായി കൊണ്ടാടപ്പെടുന്നു. കമ്മ്യൂണിസ്റ്റ് സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും നിമിഷം. ഈ ചരിത്ര മുഹൂര്‍ത്തത്തിന്റെ ആയിരക്കണക്കിന് ഫോട്ടോഗ്രാഫുകളാണ് പാര്‍ട്ടി രാജ്യമെമ്പാടും വിതരണം ചെയ്തത്. പ്രാഗിലെ ഓള്‍ഡ് ടൗണ്‍ സ്‌ക്വയറില്‍ ഈ ഫോട്ടൊയുടെ വലിയൊരു പകര്‍പ്പ് ഇടംപിടിച്ചു.
അധികം വൈകും മുമ്പ് സഖാവ് ക്ലെമന്റിസ് പാര്‍ട്ടിക്ക് അനഭിമതനായി. ഒറ്റുകാരനും ചതിയനുമായി ചിത്രീകരിക്കപ്പെട്ട ക്ലെമന്റിസ് പാര്‍ട്ടിയുടെയും ഭരണകൂടത്തിന്റെയും ശത്രുവായി. അതോടെ ക്ലെമന്റിസ് ചരിത്രത്തിന് പുറത്തായെന്ന് കുന്ദേര എഴുതുന്നു. സഖാവ് ഗൊട്ട്വാള്‍ഡിനെ ക്ലെമന്റിസ് തൊപ്പി അണിയിക്കുന്ന ചിത്രം പിന്‍വലിക്കപ്പെട്ടു. പിന്നീട് വന്ന ചിത്രത്തില്‍ ക്ലെമന്റിസ് ഉണ്ടായിരുന്നില്ല. പക്ഷേ, ഒരു കാര്യം പാര്‍ട്ടിക്ക് ഇല്ലാതാക്കാനായില്ല. സഖാവ് ഗൊട്ട്വാള്‍ഡിന്റെ തലയിലെ രോമത്തൊപ്പി. ക്ലെമന്റിസ് ചരിത്രത്തിന് പുറത്തേക്ക് വലിച്ചെറിയപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ തൊപ്പി ഗൊട്ട്വാള്‍ഡിന്റെ തലയില്‍ അവശേഷിച്ചു.

ചരിത്രം ഇങ്ങനെയൊക്കെയായിരിക്കാം ചിലപ്പോള്‍ ചില കാര്യങ്ങള്‍ നമ്മളെ ഓര്‍മ്മപ്പെടുത്തുന്നത്. എത്ര ശ്രമിച്ചാലും മായ്ക്കാനാവാത്ത ആ തൊപ്പി പോലെ ചില യാഥാര്‍ത്ഥ്യങ്ങള്‍ നമ്മുടെ മുന്നില്‍ മാഞ്ഞുപോവാതെ നിലനില്‍ക്കും. കഴിഞ്ഞ ദിവസം മാതൃഭൂമി പത്രത്തില്‍ സിപിഎം നേതാവ് എ കെ ബാലന്‍ എഴുതിയ ലേഖനമാണ് കുന്ദേരയെയും ക്ലെമന്റിസിനെയും ഓര്‍മ്മയിലേക്ക് കൊണ്ടുവന്നത്. 23 ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി എറണാകുളത്ത് മാര്‍ച്ച് ഒന്ന് മുതല്‍ നാല് വരെ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന് മുന്നോട്ടിയായാണ് ബാലന്‍ എറണാകുളം മുതല്‍ എറണാകുളം വരെ എന്ന ലേഖനം എഴുതിയത്. ഈ ലേഖനത്തില്‍ ബാലന്‍ പരാമര്‍ശിക്കാത്ത ഒരു പേര് വി എസ് അച്ച്യുതാനന്ദന്റേതാണ്. മുഖ്യമന്ത്രി പിണറായി വിജയന് പ്രശംസയും പിന്തുണയും നല്‍കുന്ന ലേഖനത്തില്‍ പാര്‍ട്ടിയുടെ ഏറ്റവും ജനകീയനായ നേതാവിന്റെ പേരില്ലാതെ പോവുന്നത് യാദൃച്ഛികമാവാനിടയില്ല. 2016 ലെ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയെ മുന്നില്‍ നിന്ന് നയിച്ചത് വി എസ്സായിരുന്നു. ആ അര്‍ത്ഥത്തില്‍ പിണറായിയുടെ മുഖ്യമന്ത്രി പദം വി എസ്സിന്റെ സംഭാവനയായിരുന്നു.
സഖാവ് വി എസ് സിപിഎമ്മിന്റെ ഫിദല്‍ കാസ്ട്രോയാണ് എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് വി എസ് യുഗത്തിന് തിരശ്ശീലയിടുന്ന പ്രക്രിയ അന്ന് സിപിഎം ജനറല്‍ സെക്രട്ട്രറി സീതാറാം യെച്ചൂരി തുടങ്ങി വെച്ചത്. ആ പ്രക്രിയയുടെ സമാപ്തിയിലേക്കാണ് ( മറവിയുടെ പുസ്തകത്തിലേക്കുള്ള വി എസ്സിന്റെ മാറ്റിപ്രതിഷ്ഠിക്കല്‍ ) എറണാകുളം സമ്മേളനം സഞ്ചരിക്കുന്നതെന്ന വ്യക്തമായ സൂചനയാണ് സഖാവ് ബാലന്റെ ലേഖനത്തിലുള്ളത്. ശാരീരിക പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ വി എസ് ഇത്തവണ എറണാകുളം സമ്മേളനത്തില്‍ പങ്കെടുക്കില്ല. 1964 ല്‍ സിപിഐ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഇറങ്ങിപ്പോന്ന് സിപിഎമ്മിന് രൂപം നല്‍കിയ 32 പേരില്‍ ജീവിച്ചിരിക്കുന്ന ഏക മലയാളിയാണ് വിഎസ്. ആ വിഎസ്സിന്റെ അഭാവത്തിലാണ് എറണാകുളം സമ്മേളനം നടക്കുന്നത്. എങ്കിലും ക്ലെമന്റിസിന്റെ ആ രോമത്തൊപ്പി പോലെ വി എസ്സിന്റെ ഒരു നിഴല്‍ ഈ സമ്മേളനത്തിലും സിപിഎമ്മിന് മേലുണ്ടാവും.
മൂന്നര പതിറ്റാണ്ടിന് ശേഷം വീണ്ടും എറണാകുളത്തേക്ക്

37 വര്‍ഷം മുമ്പ് 1985 ലാണ് ഇതിന് മുമ്പ് പാര്‍ട്ടി സംസ്ഥാന സമ്മേളനം എറണാകുളത്ത് നടന്നതെന്ന് ബാലന്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ബദല്‍ രേഖയുമായി എം വി രാഘവന്‍ പാര്‍ട്ടിയെ പിടിച്ചുകുലുക്കിയ കാലമായിരുന്നു അത്. രാഘവന്റെ വെല്ലുവിളി പാര്‍ട്ടിയെ വിഷമിപ്പിച്ചു എന്നത് വസ്തുതയാണ്. ഇഎംഎസ്സിനും നായനാര്‍ക്കും ഗൗരിയമ്മയ്ക്കും പിന്നില്‍ പാര്‍ട്ടിയിലെ രണ്ടാംനിര നേതൃത്വത്തിന്റെ ശബ്ദവും മുഖവുമായിരുന്നു രാഘവന്‍. രാഘവന്‍ പുറത്തുപോയതോടെയാണ് സിപിഎമ്മില്‍ പിണറായിയുടെ വളര്‍ച്ച തുടങ്ങുന്നത്. ഒരു വ്യാഴവട്ടം പിന്നിട്ടപ്പോള്‍ 1998 ലെ പാലക്കാട് സംസ്ഥാന സമ്മേളനത്തില്‍ പിണറായി സിപിഎം സംസ്ഥാന സെക്രട്ടറിയായി. പിന്നിടങ്ങോട്ട് 2015 ല്‍ ആലപ്പുഴ സമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറിയാവുന്നതു വരെ 17 വര്‍ഷം പിണറായിയായിരുന്നു സിപിഎമ്മിന്റെ അമരത്ത്.
ആലപ്പുഴ സമ്മേളനത്തിലെ നിര്‍ണായക നിമിഷങ്ങളിലൊന്ന് വി എസ്സിന്റെ ഇറങ്ങിപ്പോക്കായിരുന്നു. വിയോജിപ്പുകളും എതിര്‍പ്പുകളുമാണ് ജനാധിപത്യത്തിന്റെ കാതല്‍. ഇഎംഎസിനെക്കുറിച്ച് പ്രൊഫസര്‍ കുഞ്ഞാമന്‍ പറയുന്ന ഒരു കാര്യമുണ്ട്. കേരള സര്‍വ്വകലാശാലയില്‍ സാമ്പത്തിക ശാസ്ത്ര വിഭാഗം അദ്ധ്യാപകനായിരുന്ന കുഞ്ഞാമന്‍ എകെജി സെന്ററില്‍ നടന്നിരുന്ന സെമിനാറുകളില്‍ പതിവായി പങ്കെടുക്കുമായിരുന്നു. പലപ്പോഴും നിശിതമായ വിമർശങ്ങള്‍ ഉയര്‍ത്തിയിരുന്ന കുഞ്ഞാമന്‍ ഇടക്കാലത്ത് നിശ്ശബ്ദത പാലിക്കുന്നത് കണ്ടപ്പോള്‍ ഒരു ദിവസം ഇഎംഎസ് അടുത്തുചെന്ന് കാരണം ചോദിച്ചു. ഇഎംഎസ്സിനെയും മറ്റും താന്‍ വിമര്‍ശിക്കുന്നത് പല സഖാക്കള്‍ക്കും ഇഷ്ടപ്പെടുന്നില്ലെന്നും അത്കൊണ്ടാണ് താന്‍ നിശ്ശബ്ദനായിരിക്കുന്നതെന്നും കുഞ്ഞാമന്‍ പറഞ്ഞു. അപ്പോള്‍ ഇഎംഎസ് പറഞ്ഞ മറുപടി ജനാധിപത്യ വിശ്വാസികള്‍ക്ക് ഒരിക്കലും മറക്കാനാവില്ല. '' എന്നെ വിമര്‍ശിക്കണം. വിമര്‍ശിക്കാതിരിക്കാന്‍ ഞാന്‍ ദൈവമല്ല. '' വൈതാളികരല്ല വിമര്‍ശകരാണ് ഏത് പ്രസ്ഥാനത്തെയും വളര്‍ത്തുന്നതെന്ന് ഇഎംഎസ്സിനറിയാമായിരുന്നു.
വിയോജിപ്പുകളും വ്യത്യസ്ത അഭിപ്രായങ്ങളും വിഭാഗീയതയായാണ് സിപിഎം കാണുന്നതെന്നത് ശ്രദ്ധേയമാണ്. പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന ആശയ സമരങ്ങള്‍ വിഭാഗീയതയായി മുദ്ര കുത്തപ്പെടുമ്പോള്‍ ജനാധിപത്യത്തിന്റെ സുന്ദരവും സുരഭിലവുമാര്‍ന്നതുമായ പരിസരങ്ങളാണ് നിരാകരിക്കപ്പെടുകയും നിഷേധിക്കപ്പെടുകയും ചെയ്യുന്നത്. 2018 ല്‍ തൃശ്ശൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ രണ്ടാം വട്ടം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ ഒരു പ്രഖ്യാപനം പാര്‍ട്ടിയില്‍ വിഭാഗീയത അവസാനിച്ചിരിക്കുന്നു എന്നായിരുന്നു. ഇനിയങ്ങോട്ട് പാര്‍ട്ടിക്ക് ഒരു ശബ്ദവും ഒരു മുഖവുമായിരിക്കുമെന്ന വ്യക്തമായ സൂചനയോടെയാണ് തൃശ്ശൂര്‍ സമ്മേളനത്തിന് കൊടിയിറങ്ങിയത്. ആ മുഖവും ശബ്ദവും ആരുടേതാണെന്ന് ഇന്നിപ്പോള്‍ സിപിഎമ്മില്‍ ആര്‍ക്കും ഒരു തരത്തിലുമുള്ള അവ്യക്തത ഉണ്ടാവാനിടയില്ല.
തുടര്‍ഭരണവും പിണറായിയും
തൃശ്ശൂര്‍ സമ്മേളനത്തിന്റെ അവസാന ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ കോടിയേരി തന്റെ മുന്നിലുള്ള അജണ്ടകള്‍ അവതരിപ്പിച്ചു. തുടര്‍ഭരണമായിരുന്നു അതില്‍ മുഖ്യം. കേരളത്തില്‍ എന്തുകൊണ്ട് ഒരു ബംഗാള്‍ ആവര്‍ത്തിക്കാനാവുന്നില്ല എന്നത് സിപിഎം നേരിടുന്ന ചോദ്യങ്ങളിലൊന്നാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ 50 ശതമാനത്തിലധികം വോട്ടുകള്‍ നേടി തുടര്‍ച്ചയായി രണ്ടാം വട്ടവും അധികാരത്തില്‍ വരാനാണ് സിപിഎം ലക്ഷ്യമിടുന്നതെന്നാണ് കോടിയേരി പറഞ്ഞത്. ഇതില്‍ തുടര്‍ഭരണം എന്ന ചരിത്ര നേട്ടം കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി കൈവരിച്ചു. ആ നേട്ടത്തിന് മേല്‍നോട്ടം വഹിക്കാന്‍ പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ കോടിയേരി ഉണ്ടായിരുന്നില്ലെന്നത് മറ്റൊരു കാര്യമാണ്. പക്ഷേ, 50 ശതമാനത്തിലധികം വോട്ടുകള്‍ എന്ന ലക്ഷ്യത്തിലെത്താന്‍ പാര്‍ട്ടിക്കായില്ല. 45 ശതമാനം വോട്ടാണ് 2021 ല്‍ ഇടത് മുന്നണിക്ക് കിട്ടിയത്. 2006 ല്‍ വിഎസ്സിന്റെ നേതൃത്വത്തില്‍ ഇടത് മുന്നണി 48 ശതമാനം നേടിയിരുന്നുവെന്ന വസ്തുത ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.
സിപിഎമ്മില്‍ ഇപ്പോള്‍ പിണറായിക്ക് എതാരാളികളില്ല. പാര്‍ട്ടിയിലും ഭരണത്തിലും പിണറായിയുടെ ആധിപത്യം സമ്പൂര്‍ണ്ണമാണ്. ഏത് ബഹുമതി കിട്ടുമ്പോഴും സംഗീതജ്ഞന്‍ എ ആര്‍ റഹ്മാന്‍ പറയുന്ന ഒരു കാര്യമുണ്ട് : '' എല്ലാ ആദരവും തമ്പുരാന്.'' സമാനമായ പ്രതികരണമാണ് ഇപ്പോള്‍ സിപിഎമ്മില്‍ ബാലനുള്‍പ്പെടെയുള്ള നേതാക്കള്‍ ഉയര്‍ത്തുക : '' എല്ലാ ബഹുമതിയും പിണറായിക്ക്. '' ഒന്നാം പിണറായി സര്‍ക്കാരില്‍ ഏറ്റവുമധികം പഴി കേട്ട വകുപ്പ് പിണറായി കൈകാര്യം ചെയ്ത ആഭ്യന്തരമായിരുന്നു. പോലിസ് നിയമത്തില്‍ കൊണ്ടുവരാന്‍ പദ്ധതിയിട്ട ഭേദഗതി പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം ഇടപെട്ട് പിന്‍വലിപ്പിച്ച അവസ്ഥ വരെയുണ്ടായി. പക്ഷേ, തുടര്‍ഭരണം കിട്ടിയപ്പോള്‍ ആഭ്യന്തരം പിണറായിയില്‍ നിന്നും എടുത്തുമാറ്റുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും സിപിഎമ്മിനായില്ല.
തുടര്‍ഭരണത്തില്‍ കെ കെ ശൈലജയ്ക്ക് പോലും ഇടം കിട്ടാതെ വന്നപ്പോഴും പിണറായിക്ക് ഇളവ് കിട്ടി. ജി സുധാകരനും ഇ പി ജയരാജനും തോമസ് ഐസക്കിനും നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെടുന്നതും കേരളം കണ്ടു. പിണറായിക്കും കോടിയേരിക്കും പിന്നില്‍ പാര്‍ട്ടിയിലെ ഏറ്റവും കരുത്തുറ്റ നേതാവ് എന്ന വിശേഷണമുണ്ടായിരുന്ന പി ജയരാജന്‍ ഒതുക്കപ്പെടുന്നതും ഈ കാലത്താണ്. 75 വയസ്സ് കഴിഞ്ഞവര്‍ പാര്‍ട്ടിയുടെ സുപ്രധാന സ്ഥാനങ്ങളില്‍ വേണ്ടെന്ന തീരുമാനം നടപ്പാകുന്നതോടെ പല നേതാക്കള്‍ക്കും വിരമിക്കേണ്ടി വരുമെങ്കിലും ഇളവ് കിട്ടുന്ന ആദ്യത്തെയാള്‍ പിണറായി ആയിരിക്കുമെന്നുറപ്പാണ്. വ്യക്തിപൂജയുടെ പേരില്‍ പി ജയരാജന്‍ നിശിതമായി വിമര്‍ശിക്കപ്പെട്ടപ്പോള്‍ പാര്‍ട്ടിയുടെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് അരങ്ങേറിയ തിരുവാതിരക്കളിയില്‍ പിണറായിക്ക് കിട്ടിയ പുകഴ്ത്തലുകള്‍ പാര്‍ട്ടിയില്‍ പ്രശ്നമായില്ലെന്നതും കാണാതെ പോവരുത്.
സര്‍ണക്കടത്ത് കേസിലും സ്പ്രിങ്ക്ളര്‍ ഇടപാടിലുമൊക്കെ മുഖ്യമന്ത്രിയുടെ ഓഫിസും പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറും പ്രതിക്കൂട്ടിലായതോ സംസ്ഥാനത്തെ ക്രമസമാധാന പരിപാലനത്തില്‍ വന്നിട്ടുള്ള വീഴ്ചകള്‍ പാര്‍ട്ടിക്കുണ്ടാക്കുന്ന ക്ഷീണമോ എറണാകുളം സമ്മേളനത്തില്‍ കാര്യമായി ഉന്നയിക്കപ്പെടാനിടയില്ല. ശരിക്കും പഠിച്ചിട്ടാണോ കെ റെയില്‍ പദ്ധതിയുമായി സംസ്ഥാന ഭരണകൂടം മുന്നോട്ടുപോകുന്നതെന്ന ചോദ്യവും സമ്മേളനത്തില്‍ ഉയരുന്ന കാര്യം സംശയമാണ്. കാരണം ഇഎംഎസ്സോ നായനാരോ കെആര്‍ ഗൗരിയോ വി എസ്സോ അല്ല പിണറായി വിജയനാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ ജിവാത്മാവും പരമാത്മാവും. വിമര്‍ശിക്കാതിരിക്കാന്‍ താന്‍ ദൈവമല്ലെന്ന് പറഞ്ഞ ഇഎംഎസ് സമ്മേളന നഗരിയിലെ വലിയ ഫോട്ടോകളില്‍ ഒന്നു മാത്രമാവുന്നു.
കോടിയേരിയും രണ്ടാം നിരയും
എറണാകുളം സമ്മേളനം ഒരിക്കല്‍ കൂടി കോടിയേരിയെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുമെന്നത് ഉറപ്പായിട്ടുണ്ട്. 2025 ല്‍ നടക്കാനിരിക്കുന്ന അടുത്ത സംസ്ഥാന സമ്മേളനത്തില്‍ കോടിയേരിക്ക് പക്ഷേ, സ്ഥാനമൊഴിയേണ്ടി വരും. അതിനും ഒരു വര്‍ഷമപ്പുറത്ത് 2026 ല്‍ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ് വരും. അന്ന് പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി താനായിരിക്കും എന്ന് തന്നെയാവും കോടിയേരി കണക്കുകൂട്ടുന്നത്. നിലവില്‍ അതിനുള്ള സാദ്ധ്യതയാണ് കൂടുതല്‍. 2015 ല്‍ ആലപ്പുഴ സമ്മേളനത്തില്‍ പിണറായി പാര്‍ട്ടി സെക്രട്ടറി സ്ഥാനമൊഴിഞ്ഞത് മുഖ്യമന്ത്രി പദം ലക്ഷ്യമിട്ടായിരുന്നു. അടുത്ത നിയമസഭ തിരഞ്ഞെടുപ്പാവുമ്പോഴേക്കും പിണറായിക്ക് 81 വയസ്സാവും. തുടര്‍ച്ചയായി രണ്ടു വട്ടത്തില്‍ കൂടുതല്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന നിലപാടും പിണറായിക്ക് വിനയാവും. അങ്ങിനെ വരുമ്പോള്‍ പാര്‍ട്ടിയിലും ഭരണത്തിലും തലപ്പത്ത് പുതിയ മുഖങ്ങള്‍ക്ക് വരാതിരിക്കാനാവില്ല.
ഈ മാറ്റത്തിനുള്ള അടിത്തറ എറണാകുളം സമ്മേളനത്തില്‍ രൂപപ്പെടുന്നതിനുള്ള സാദ്ധ്യതയുണ്ട്. മൂന്നു കൊല്ലത്തിനപ്പുറം കോടിയേരി പാര്‍ട്ടിയുടെ അമരത്ത് നിന്ന് മാറുമ്പോള്‍ ആരാവും പുതിയ സെക്രട്ടറിയെന്ന ചോദ്യത്തിന് പക്ഷേ, ഇപ്പോള്‍ കൃത്യമായ ഉത്തരമില്ല. ഇ പി ജയരാജനും പി ജയരാജനും തോമസ് ഐസക്കുമൊക്കെ ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാനുള്ള സാദ്ധ്യതകള്‍ വിരളമാണ്. കെ കെ ശൈലജയിലൂടെ ഇതാദ്യമായി സിപിഎമ്മിന് ഒരു വനിതാ സെക്രട്ടറി എന്ന പരികല്‍പനയും പൂവണിയാനിടയില്ല. സിപിഎമ്മിന്റെ വരുംകാല മുഖവും ശബ്ദവുമായി മുഹമ്മദ് റിയാസാണോ പി രാജീവാണോ ഉയര്‍ന്നു വരികയെന്നതിനും ചില സൂചനകള്‍ എറണാകുളം സമ്മേളനത്തിലുണ്ടാവും.
വിയോജിപ്പുകള്‍ അവസാനിക്കുന്നില്ല
ജനാധിപത്യത്തില്‍ വിയോജിപ്പുകള്‍ക്ക് അവസാനമില്ല. അങ്ങിനെയുണ്ടായാല്‍ അതിനര്‍ത്ഥം ആ പാര്‍ട്ടി മരിക്കുകയാണെന്നാണ്. സിപിഎമ്മില്‍ വിഭാഗീയതകള്‍ അവസാനിച്ചു എന്ന് പാര്‍ട്ടി നേതൃത്വം അവകാശപ്പെടുമ്പോഴും അടിത്തട്ടില്‍ ചില കനലുകള്‍ ഇപ്പോഴും എരിയുന്നുണ്ട്. ജി സുധാകരനും തോമസ് ഐസക്കും പി ജയരാജനും കെ കെ ശൈലജയുമൊക്കെ നിലവില്‍ നിശ്ശബ്ദരാണ്. എറണാകുളം സമ്മേളനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പ്രതിനിധികളില്‍ 95 ശതമാനവും ഔദ്യോഗിക പക്ഷത്തുള്ളവരാണെന്നിരിക്കെ വിയോജിപ്പിന്റെ കൊടി ഉയരാനുള്ള സാദ്ധ്യത കുറവാണ്. പക്ഷേ, അതിനര്‍ത്ഥം പാര്‍ട്ടിയില്‍ വിമതര്‍ ഇല്ലാതാവുകയാണ് എന്നല്ല.
പിണറായിയെപ്പോലെ പാര്‍ട്ടിയില്‍ സമ്പൂര്‍ണ ആധിപത്യം നേടാന്‍ കോടിയേരിക്കാവുമോയെന്നത് സംശയമാണ്. പിണറായിയോടുള്ള സമീപനമാവില്ല കോടിയേരിയോട് കേന്ദ്ര നേതൃത്വത്തിന്. ഇടക്കാലത്ത് പാര്‍ട്ടിയുടെ കേരള ഘടകത്തിന് മേലുള്ള സ്വാധീനത്തില്‍ ഇടിവുണ്ടായത് കേന്ദ്ര നേതൃത്വത്തിന് ക്ഷീണമായിരുന്നു. യുഎപിഎ ചുമത്തുന്ന വിഷയത്തിലും കെ കെ ശൈലജയെപ്പേലുള്ളവരെ രണ്ടാം പിണറായി സര്‍ക്കാരില്‍ നിന്നൊഴിവാക്കിയതിലും ഫലപ്രദമായി ഇടപെടാന്‍ കേന്ദ്ര നേതൃത്വത്തിനായില്ല എന്ന വിമര്‍ശം ശക്തമാണ്. അതുകൊണ്ടുതന്നെ പിണറായി അനന്തര കാലം സിപിഎം കേന്ദ്ര നേതൃത്തിന്റെ ശക്തമായ തിരിച്ചുവരവിനും സാക്ഷ്യം വഹിച്ചേക്കാം.
നിലവില്‍ പിണറായി മന്ത്രിസഭയില്‍ മുഖ്യമന്ത്രി കഴിഞ്ഞാല്‍ പബ്ളിസിറ്റി കിട്ടുന്ന ഏക മന്ത്രി മുഹമ്മദ് റിയാസാണ്. ധനകാര്യം നോക്കുന്ന ബാലഗോപാലിനോ വ്യവസായത്തിന്റെ ചുമതലയുള്ള പി രാജീവിനോ റിയാസിന് കിട്ടുന്ന അംഗീകാരവും ശ്രദ്ധയുമില്ലെന്നുള്ളത് പകല്‍ പോലെ വ്യക്തമാണ്. പക്ഷേ, പെന്‍ഡുലത്തിന്റെ ഈ നില ഇതുപോലെ അധികനാള്‍ തുടരണമെന്നില്ല. താത്വിക തലത്തില്‍ പയറ്റി നില്‍ക്കാന്‍ കഴിയുന്ന നേതാക്കളുടെ എണ്ണം സിപിഎമ്മില്‍ കുറയുകയാണെന്ന വിമര്‍ശമുണ്ട്. എം എ ബേബിക്ക് ശേഷം ഒരു താത്വിക മുഖം സിപിഎമ്മില്‍ രൂപപ്പെടുന്നുണ്ടെങ്കില്‍ അത് രാജീവിന്റേതാണ്. ഭരണത്തിലും ഇതേ മികവ് പുലര്‍ത്താന്‍ രാജീവിനായാല്‍ പാര്‍ട്ടിക്കുള്ളിലെ സമവാക്യങ്ങള്‍ മാറിമറിയും. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തില്‍ യെച്ചൂരിയുടെയും പ്രകാശ് കാരാട്ടിന്റെയും വലിയ പിന്തുണയും രാജീവിനുണ്ടെന്നത് കാണാതിരിക്കാനാവില്ല. സാബു ജേക്കബ്ബിന്റെയും കിറ്റക്സിന്റെയും കലാപങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ വ്യവസായ വകുപ്പ് വലിയ വിവാദങ്ങളിലൊന്നും പെട്ടിട്ടില്ല എന്നതും സ്മരണീയമാണ്.
വിഎസ് മാറിനില്‍ക്കുന്ന സമ്മേളനം എന്ന് എടുത്ത് പറയേണ്ടി വരുന്നത് വി എസ് ഒരു ധാര്‍മ്മിക ബോദ്ധ്യമാണ് എന്നതുകൊണ്ടാണ്. സിപിഎം സഹയാത്രികന്‍ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ ആ നിരീക്ഷണം ഓര്‍ക്കുന്നില്ലേ? ലീല ഹോട്ടല്‍ ഗ്രൂപ്പ് മേധാവി അന്തരിച്ച ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരുടെ ആതിഥേയത്വം സ്വീകരിക്കാത്ത രണ്ട് മുഖ്യമന്ത്രിമാര്‍ ഇഎംഎസ്സും വിഎസ്സുമാണെന്നാണ് കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞത്. അതൊരു നിലപാടാണ്. ഒറ്റപ്പെട്ട വീഴ്ചകളോ സംഭവങ്ങളോ അല്ല, നീതിയാണ് ഇങ്ങനെയുള്ള മനുഷ്യരുടെ ജീവിതം നിര്‍ണയിക്കുന്നത്. വിഎസ്സിനെ വിഎസ്സാക്കുന്നത് ഈ ധാര്‍മ്മിക ബോദ്ധ്യമാണ്. അതുകൊണ്ടുതന്നെ എറണാകുളം സമ്മേളനം അടയാളപ്പെടുത്തപ്പെടുന്നത് ഈ മനുഷ്യന്റെ അഭാവം കൊണ്ടാവാം.
1961 ല്‍ യൂറി ഗഗാറിന്‍ ആദ്യമായി ബഹിരാകാശത്തെത്തിയതിനെക്കുറിച്ച് എന്ത് പറയുന്നു എന്ന ചോദ്യത്തിന് പ്രശസ്ത പത്രപ്രവര്‍ത്തകനായിരുന്ന സി പി രാമചന്ദ്രന്‍ നല്‍കിയ ഗംഭീരമായൊരു മറുപടിയുണ്ട്. ഒരു കാര്യം ചരിത്രപരമാവുന്നത് അത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യര്‍ക്കുണ്ടാവുമ്പോഴാണ് എന്നാണ് സി പി പറഞ്ഞത്. പഴയ സോവിയറ്റ് യൂണിയനില്‍ വ്യക്തി സ്വാതന്ത്ര്യം വലിയ തമാശയായിരുന്നു. ഗഗാറിനോട് പോകാന്‍ പറഞ്ഞു; ഗഗാറിന്‍ പോയി. ഇതിനപ്പുറത്ത് ആ യാത്രയ്ക്ക് വലിയ സാംഗത്യമൊന്നുമില്ല എന്ന യാഥാര്‍ത്ഥ്യത്തിലേയ്ക്കാണ് സി പി വിരല്‍ ചൂണ്ടിയത്. സ്വാതന്ത്ര്യം ഒരു മാനദണ്ഡമായി വന്നാല്‍ എറണാകുളം സമ്മേളനം ചരിത്രപരമാവുമോ എന്ന ചോദ്യത്തിന് മറുപടി പറയാന്‍ പി ജയരാജനോ തോമസ് ഐസക്കിനോ പോലും രണ്ടാമതൊന്നാലോചിക്കേണ്ടി വരില്ല.
വഴിയില്‍ കേട്ടത് : യുക്രൈൻ യുദ്ധം നിര്‍ഭാഗ്യകരം; അതേസമയം റഷ്യയുടെ സുരക്ഷാ ആശങ്കകള്‍ ന്യായമെന്നും സിപിഎം പോളിറ്റ് ബ്യൂറൊ! തന്നെ , തന്നെ ! ചൈന ചൈനയുടേതെന്നും ഇന്ത്യ ഇന്ത്യയുടേതെന്നും പറയുന്ന ആ പഴയ ലൈനില്‍ നിന്നും ഒരു മാറ്റവുമില്ലല്ലോ , സഖാവേ!
Content Highlights: vazhipokkan,vs achuthanandan, pinaryi vijayan,cpm state conference
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..