ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനെ തഴഞ്ഞ് അയ്യപ്പനും കോശിക്കും അവാര്‍ഡ് കൊടുക്കുമ്പോള്‍|വഴിപോക്കന്‍


 ബ്രാഹ്‌മിനിക്കല്‍ പാട്രിയാര്‍ക്കിയെ ജിയൊ ബേബി സുക്ഷ്മവും നിശിതവുമായി ചോദ്യം ചെയ്യുമ്പോള്‍ അതിനോട് അതിസമര്‍ത്ഥമായി അനുരഞ്ജനത്തിലേര്‍പ്പെടുകയാണ് സച്ചി ചെയ്യുന്നത്. ഈ അനുരഞ്ജനമാണ് സമകാലിക അധികാരി വര്‍ഗ്ഗം ആവശ്യപ്പെടുന്നത്. അതുകൊണ്ടുതന്നെയാണ് ജിയൊ ബേബിയുടെ സിനിമ തിരസ്‌കരിക്കപ്പെടുന്നതും സച്ചിയുടെ സംരംഭം അംഗീകരിക്കപ്പെടുകയും ചെയ്യുന്നത്.

ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, അയ്യപ്പനും കോശിയും സിനിമകളിൽ നിന്ന്

ഈ കുറിപ്പെഴുതുന്നതിനായി ആദ്യം ചെയ്തത് സംവിധായകന്‍ ജിയൊ ബേബിയോട് സംസാരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ട ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കായി ജിയൊ ബേബി അദ്ദേഹത്തിന്റെ സിനിമയായ ' ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ' സമര്‍പ്പിച്ചിട്ടുണ്ടായിരുന്നോ എന്നാണറിയേണ്ടിയിരുന്നത്. 2020 ല്‍ സെന്‍സറിങ്ങ് കഴിഞ്ഞ സിനിമകളാണ് ഇത്തവണത്തെ ദേശീയ പുരസ്‌കാരങ്ങള്‍ക്ക് സംവിധായകന്‍ വിപുല്‍ ഷാ അദ്ധ്യക്ഷനായ ജൂറി പരിഗണിച്ചത്.

2021 ജനുവരിയിലാണ് ജിയൊയുടെ സിനിമ പ്രദര്‍ശനത്തിനെത്തിയത്. ഈ ആശയക്കുഴപ്പം പരിഹരിക്കാനാണ് ജിയൊയെ മൊബൈലില്‍ വിളിച്ചത്. ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ സെന്‍സറിങ് 2020 ലായിരുന്നെന്നും അതുകൊണ്ടുതന്നെ ചിത്രം അവാര്‍ഡിനായി അയച്ചിരുന്നെന്നും ജിയൊ പറഞ്ഞു. അതായത് ഇക്കുറി പുരസ്‌കാരങ്ങള്‍ കിട്ടിയ സൂരറൈ പോര്‍ട്രിനും അയ്യപ്പനും കോശിക്കുമൊപ്പം ജിയൊയുടെ സിനിമയും മത്സരത്തിനുണ്ടായിരുന്നു. പക്ഷേ, ഒരു പുരസ്‌കാരത്തിന് പോലും ഈ സിനിമ യോഗ്യമാണെന്ന് ജൂറിക്ക് തോന്നിയില്ല. ഇതിലൊരു അനീതിയുണ്ട് എന്ന പ്രത്യക്ഷവും പ്രകടവുമായ വിചാരത്തിന്റെ പുറത്താണ് ഈ കുറിപ്പ്.

പ്രിഥ്വിരാജ്,സച്ചി,ബിജു മേനോൻ

ഇക്കഴിഞ്ഞ നൂറു കൊല്ലങ്ങളില്‍ കേരളീയ സമൂഹത്തില്‍ സ്ത്രീയുടെ വിമോചനം എത്രമാത്രം സാദ്ധ്യമായിട്ടുണ്ടെന്നുള്ള അന്വേഷണത്തില്‍ നിര്‍ണ്ണായക സ്ഥാനമുള്ള രണ്ട് കലാസൃഷ്ടികളാണ് അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കും ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനും. 1928 ലാണ് ശ്രീനാരായണ ഗുരു മരിക്കുന്നത്. അതിന് തൊട്ടടുത്ത കൊല്ലം അതായത് 1929 ഡിസംബറിലായിരുന്നു വി ടി ഭട്ടതിരിപ്പാടിന്റെ 'അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് ' എന്ന നാടകത്തിന്റെ അവതരണം. എടക്കുന്നിയിലെ വടക്കിനിയേടത്തില്ലത്തെ മുറ്റത്ത് ആദ്യമായി ആ നാടകം അരങ്ങേറിയതിനെക്കുറിച്ച് വി ടി എഴുതിയിട്ടുണ്ട്. അണിയറയില്‍ അന്ന് വി ടിക്കൊപ്പം ഉണ്ടായിരുന്ന ഒരാള്‍ ഇ എം എസ് ആയിരുന്നു. ഇല്ലത്തെ നാലുകെട്ടിനകത്തിരുന്നാണ് നമ്പൂതിരി സമുദായത്തിലെ സ്ത്രീകള്‍ തങ്ങളുടെ ജീവിതം പ്രമേയമായ നാടകം കണ്ടത്. നാടകത്തിലെ ഓരോ രംഗവും, ഓരോ സംഭാഷണവും സദസ്സിനെ ഇളക്കിമറിക്കുന്നത് കണ്ട് ഇഎംഎസ് തന്റെ കഴുത്തില്‍ കെട്ടിപ്പിടിച്ച് തുള്ളിച്ചാടി എന്നാണ് വി ടി എഴുതുന്നത്.

വി.ടി ഭട്ടതിരിപ്പാട്

92 കൊല്ലങ്ങള്‍ക്കിപ്പുറത്ത് ജിയോ ബേബി എന്ന സംവിധായകന്റെ ' ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ 'ബ്രാഹ്‌മിനിക്കല്‍ പാട്രിയാര്‍ക്കി (വരേണ്യ ആണ്‍മേല്‍ക്കോയ്മ) യെ കീറിയെറിയുന്നത് കാണാന്‍ വി ടിയോ ഇഎംഎസ്സോ ഇവിടെയില്ല. ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഉള്ളുകൊണ്ടെങ്കിലും രണ്ടു പേരും തുള്ളിച്ചാടുമായിരുന്നു. സമകാലിക ഇന്ത്യയില്‍ അധികാരം കൈയ്യാളുന്നവര്‍ക്ക് ദഹിക്കുന്ന പ്രമേയവും അവതരണവുമല്ല ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റേത്. ഹിന്ദുത്വയുടെ അടരുകള്‍ ഇത്രയും സൂക്ഷ്മമായി തുറന്നെടുക്കുന്ന മറ്റൊരു സിനിമ സമകാലിക ഇന്ത്യന്‍ സമൂഹം കണ്ടിട്ടില്ല. മഹത്തായ ഭാരതീയ അടുക്കള എന്ന പേരില്‍ തന്നെ നിശിതവും കണിശവുമായ പരിഹാസവും വിമര്‍ശവുമുണ്ട്.

നിമിഷ വിജയന്‍ അവതരിപ്പിക്കുന്ന നായികയ്ക്ക് സിനിമയില്‍ പേരില്ല. ഇന്ത്യന്‍ ആണ്‍ മേല്‍ക്കോയ്മ അടുക്കളകളില്‍ ബലികൊടുക്കുന്ന സ്ത്രീകളുടെ പ്രതിനിധിയാണവര്‍. ബ്രാഹ്‌മിനിക്കല്‍ പാട്രിയാര്‍ക്കി ഊട്ടിയുറപ്പിക്കുന്ന ശുദ്ധി, അശുദ്ധി സങ്കല്‍പങ്ങളാണ് അതി വിദഗ്ദനായ ഒരു സര്‍ജനെപ്പോലെ ജിയൊ ബേബി ഈ സിനിമിയില്‍ കീറിമുറിക്കുന്നതും വെട്ടിമാറ്റുന്നതും. പുരുഷനെ ശുദ്ധനാക്കി നിലനിര്‍ത്താന്‍ അടുക്കളയുടെ അശുദ്ധിയത്രയും പേറേണ്ടി വരുന്നവരാണ് സ്ത്രീകള്‍. കുട്ടിയെ കുളിപ്പിക്കുന്നതും അടുക്കള വൃത്തിയാക്കുന്നതും സ്ത്രീയുടെ ജോലിയാവുന്നത് സവര്‍ണ്ണ പുരുഷന്‍ സദാ ശുദ്ധനായി നിലകൊള്ളേണ്ടവനാണെന്ന ബ്രാഹ്‌മിനിക്കല്‍ ചിന്തയുടെ ഉത്പന്നമാണെന്ന് കാഞ്ച ഇളയ്യ ' Why I am not a Hindu? A Sudra Critique of Hindutva Philosophy, Culture and Political Economy' എന്ന ഗ്രന്ഥത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ജിയൊ ബേബി

അശുദ്ധിയും ശുദ്ധിയും ശൂന്യതയില്‍ നിന്നും പൊട്ടിമുളയ്ക്കുന്നതല്ല. ഇവിടെ നുമക്കിടയില്‍, നമ്മുടെ ജീവിതത്തിന്റെ വ്യത്യസ്തവും വിഭിന്നവുമായ അടരുകളില്‍ നിന്നാണ് ഈ സങ്കല്‍പങ്ങള്‍ പിറവിയെടുക്കുന്നത്. മനുഷ്യ ജിവിതത്തിന്റെ എല്ലാ വ്യവഹാരങ്ങളിലുമെന്നതുപോലെ ഈ സങ്കല്‍പങ്ങള്‍ക്കും അവയുടേതായ രാഷ്ട്രീയമുണ്ട്. ഇത്തരമൊരു ജീവിത സന്ദര്‍ഭം ' സെബാസ്റ്റ്യനും മക്കളും : മൃദംഗ നിര്‍മ്മാതാക്കളുടെ ലഘു ചരിത്രം ' എന്ന പുസ്തകത്തില്‍ പ്രശസ്ത സംഗീതജ്ഞന്‍ ടിഎം കൃഷ്ണ വിവരിക്കുന്നുണ്ട്. ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും പ്രമുഖ മൃദംഗ വാദകരിലൊരാളായ പാലക്കാട് മണി അയ്യരുടെ ജീവിതത്തില്‍ നിന്നുള്ള സംഭവമാണത്. നല്ല മൃദംഗമുണ്ടാവുന്നത് നല്ല തോലില്‍ നിന്നാണ്. മണി അയ്യര്‍ക്കുള്ള മൃദംഗത്തിനായി നല്ല തോലുള്ള പശുവിനെ കണ്ടെത്തിയിരുന്നത് അള്‍ക്കട്ടന്‍ എന്നു പേരുള്ളയാളാണ്. മണി അയ്യര്‍ ഒരു ദിവസം വീടിന് പുറത്ത് പോകുന്നതിന് മുമ്പ് അള്‍ക്കട്ടനെ വിളിച്ച് നൂറു രൂപ കൊടുത്ത ശേഷം നല്ല തോല് സംഘടിപ്പിക്കാന്‍ പറയുന്നു. കുറച്ചു കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചെത്തുന്ന മണി അയ്യര്‍ കാണുന്നത് ഒരു പശുവുമായി വീടിന് മുന്നില്‍ നില്‍ക്കുന്ന അള്‍ക്കട്ടനെയാണ്. പശുവിന്റെ ഉടമ ഈ തോലിന് 120 രൂപ ആവശ്യപ്പെട്ടെന്നും അത് അയ്യര്‍ക്ക് സ്വീകാര്യമാണോയെന്നറിയാനാണ് പശുവുമായി വന്നതെന്നും അള്‍ക്കട്ടന്‍ പറഞ്ഞു.

അയ്യര്‍ക്കത് ഞെട്ടലായിരുന്നു. പശുവിന്റെ തോലുകൊണ്ടാണ് മൃദംഗമുണ്ടാക്കുന്നതെന്ന് അറിയാമെങ്കിലും ഇങ്ങനെയൊരു നേര്‍ക്ക് നേര്‍ കൂടിക്കാഴ്ച അയ്യര്‍ പ്രതീക്ഷിച്ചിരുന്നില്ല. മൃദഗം ഒരു വേദ വാദ്യോപകരണമാണെന്നും അതില്‍ നിന്നുയരുന്ന ശബ്ദം ദൈവദത്തമാണെന്നുമുള്ള വിശ്വാസത്തിലൂടെയാണ് ഈ പ്രതിസന്ധി അയ്യരെപ്പോലുള്ളവര്‍ മറികടന്നിരുന്നത്. തോലില്‍ നിന്നും ശബ്ദം മാറ്റി നിര്‍ത്തുന്ന പ്രക്രിയ എന്നാണ് കൃഷ്ണ ഇതേക്കുറിച്ച് പറയുന്നത്. തോലിനായി കൊല്ലപ്പെടുന്ന പശുവുമായി മുഖാമുഖം വരുമ്പോള്‍ മണി അയ്യര്‍ അകപ്പെടുന്നത് വല്ലാത്തൊരു പ്രതിസന്ധിയിലാണ്. ഒരു നാട്യത്തിനും ഈ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുത്താനാവില്ല. ഈ യാഥാര്‍ത്ഥ്യവുമായി മുഖാമുഖം നില്‍ക്കേണ്ടി വന്നത് അയ്യരെ സംബന്ധിച്ചിടത്തോളം എല്ലാ അര്‍ത്ഥത്തിലും 'ഷോക്ക്' ആയിരുന്നു. പിന്നീട് രാജാജിയോട് ഈ പ്രതിസന്ധി അയ്യര്‍ പങ്ക് വെയ്ക്കുന്നുണ്ട്. മൃദംഗത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള അയ്യരുടെ സന്ദേഹം രാജാജി പക്ഷേ, സമര്‍ത്ഥമായി തള്ളിക്കളയുന്നു. നദികളുടെയും ഋഷികളുടെയും മൂലം അന്വേഷിക്കരുതന്നൊണ് രാജാജി അയ്യരോട് പറയുന്നത്. അതൊരു ഒഴിഞ്ഞുമാറലാണ്. അത്യധികം ചിന്താശേഷിയോടെ രാജാജി നടത്തിയ കള്ളക്കളി എന്നും ഇതിനെ വിശേഷിപ്പിക്കാം.

അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് നാടകത്തിൽ നിന്ന്

ജിയൊ ബേബിയുടെ സിനിമയില്‍ ഇങ്ങനെയുള്ള ഒളിച്ചുകളികളോ ഒഴിഞ്ഞുമാറലോ ഇല്ല. പാട്രിയാര്‍ക്കിയെ അതിന്റെ മടയില്‍ കയറിയാണ് ജിയൊ നേരിടുന്നത്. ബ്രാഹ്‌മണീയമായ ആണധികാരവുമായി ബേബിയുടെ സിനിമ ഒരു തരത്തിലുള്ള സന്ധിയിലുമേര്‍പ്പെടുന്നില്ല. നൃത്താദ്ധ്യാപകയാവാന്‍ താല്‍പര്യപ്പെടുന്ന മരുമകളെ ബിരുദാനന്തര ബിരുദമുണ്ടായിട്ടും തന്റെ ഭാര്യ പുറത്തൊരിടത്തും ജോലി അന്വേഷിച്ചു പോവാതിരുന്നതിനെക്കുറിച്ചാണ് ഭര്‍തൃപിതാവ് ഓര്‍മ്മിപ്പിക്കുന്നത്. ബ്രാഹ്‌മിനിക്കല്‍ ആണ്‍ മേല്‍ക്കോയ്മയ്ക്ക് സ്ത്രീയുടെ വിദ്യാഭ്യാസവും മികവുകളും പരിഗണന അര്‍ഹിക്കുന്ന വിഷയങ്ങളല്ല. അടുക്കളയില്‍ എരിഞ്ഞുതീരാനും വംശ പരമ്പര നിലനിര്‍ത്താനുമുള്ള ഉപകരണം മാത്രമാണ് അവരെ സംബന്ധിച്ചിടത്തോളം അവള്‍.

അടുക്കളയില്‍ ബാക്കിയാവുന്ന മലിനജലം ഭര്‍ത്താവിന്റെയും ഭര്‍തൃപിതാവിന്റെയും ശരീരത്തിലേക്ക് ഒഴിച്ചുകൊണ്ടാണ് നിമിഷയുടെ കഥാപാത്രം ആത്യന്തികമായി ബ്രാഹ്‌മിനിക്കല്‍ പാട്രിയാര്‍ക്കിയെ നേരിടുന്നത്. ഉഷ്ണം ഉഷ്ണേന ശാന്തി എന്ന കലാപരിപാടിയാണിത്. മാലിന്യത്തെ മാലിന്യം കൊണ്ട് നേരിടുന്ന പരിഹാരക്രിയ. അടുക്കളയില്‍ നിന്ന് അരങ്ങത്തക്കല്ല ജീവിതത്തിന്റെ വിശാലവും പ്രകാശ ഭരിതവുമായ തുറസ്സുകളിലേക്കുള്ള ഒരു സ്ത്രീയുടെ യാത്രയാണത്. സത്രീയുടെ വിമോചന പ്രഖ്യാപനത്തിന്റെ പ്രകടനപത്രികയായി ജിയൊയുടെ സിനിമ മാറുന്നത് ഇവിടെയാണ്. നിത്യേനയെന്നോണം നമ്മുടെ കണ്‍മുന്നില്‍ അരങ്ങേറുന്ന അനീതിയും ചൂഷണവുമാണ് ജിയൊ ബേബി തന്റെ സിനിമയിലൂടെ തുറന്നുകാട്ടുന്നത്. ഈ തുറന്നുകാട്ടലാണ് ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയ സമിതി കണ്ടില്ലെന്ന് നടിച്ചിരിക്കുന്നത്.

എന്നിട്ട് അവര്‍ തിരഞ്ഞെടുത്തിരിക്കുന്നത് സൂററൈ പോട്രും അയ്യപ്പനും കോശിയും പോലുള്ള സിനിമകളാണ്. ഒരേ സമയം മനുഷ്യരെ അസ്വസ്ഥമാക്കുകയും വിമോചിപ്പിക്കുകയും ചെയ്യുന്ന സിനിമയാണ് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍. എന്നാല്‍ അയ്യപ്പനും കോശിയും സൂററൈ പോട്രും സൂപ്പര്‍ താര സങ്കല്‍പങ്ങള്‍ക്ക് ഉടവുകളൊന്നും പറ്റൊരുതെന്ന നിര്‍ബ്ബന്ധം പേറുന്ന സിനിമകളാണ്. ഒരു പുതിയ ഭാവുകത്വവും ഈ സിനിമകള്‍ മുന്നോട്ടുവെയ്ക്കുന്നില്ല. സൂര്യ എന്ന സൂപ്പര്‍സ്റ്റാറിന്റെ നിഴലില്‍ നിന്ന് സൂററൈ പോട്രിനെ വിമോചിപ്പിക്കുന്നതില്‍ സംവിധായിക സുധ കൊങ്കര പരാജയപ്പെട്ടുപോവുന്നു. ഈ പരാജയത്തില്‍ നിന്നാണ് സൂററൈ പോട്ര് ഒരു മെലൊഡ്രാമയായി പരിണമിക്കുന്നത്.

തന്ത ചെയ്യുന്ന തോന്നിവാസത്തിന് ഭാര്യയുടെ കരണം അടിച്ചുപുകയ്ക്കുന്നവനാണ് സച്ചിയുടെ സിനിമയിലെ ഒരു നായകന്‍. ജയിലിലേയ്ക്ക് പോകുന്ന ഭാര്യയ്ക്കൊപ്പമുള്ള കുട്ടിയെ വേണമെങ്കില്‍ ഏറ്റെടുക്കാം എന്ന് പോലിസ് ഓഫീസര്‍ പറയുമ്പോള്‍ അതിന്റെ ആവശ്യമില്ലെന്നും കുട്ടിയെ വളര്‍ത്തേണ്ടത് ഭാര്യ തന്നെയാണെന്നും പറയുന്നവനാണ് സിനിമയിലെ അടുത്ത നായകന്‍. ഈ നായകന്മാര്‍ ആണധികാരത്തിന്റെ പ്രദര്‍ശനശാലകളാണ്. പാട്രിയാര്‍ക്കിയെ ചോദ്യം ചെയ്യുകയും നേരിടുകയും ചെയ്യുന്ന സിനിമയല്ല അതിനെ ഊട്ടിയുറപ്പിക്കുന്ന സിനിമകളാണ് ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയ സമിതിക്ക് പ്രിയങ്കരമാവുന്നതെന്നത് അവരുടെ തിരഞ്ഞെടുപ്പിന് പിന്നിലുള്ള രാഷ്ട്രീയം തന്നെയാണ് മറനീക്കി പുറത്തു കൊണ്ടുവരുന്നത്.

സൂരറൈ പോര്‍ട്ര് സിനിമ പോസ്റ്റർ

അയ്യപ്പനും കോശിയും എന്ന പേരില്‍ തന്നെ കാപട്യമുണ്ട്. അയ്യപ്പന്‍ എന്ന പേരിനൊപ്പം കേരളം ഇതുവരെ കേട്ടിരുന്നത് വാവര്‍ എന്ന പേരാണ്. അയ്യപ്പനും വാവരും എന്ന സ്മൃതിയില്‍ നിന്നും വാവര്‍ മാറ്റിനിര്‍ത്തപ്പെടുമ്പോള്‍ പകരം വരുന്നത് കോശിയാണെന്നത് കാണാതിരിക്കാനാവില്ല. എന്തുകൊണ്ട് വാവരുടെ സ്ഥാനത്ത് കോശി വന്നുവെന്നും കോയയോ സിദ്ദിക്കോ വന്നില്ലെന്നുമാണ് ചോദ്യം . നിലവില്‍ ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിക്ക് പാര്‍ലമെന്റിലോ നിയമസഭകളിലോ ഒരു മുസ്ലിം പ്രതിനിധി പോലുമില്ല എന്നത് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. ഈ രാഷ്ട്രീയ പരിസരമാണ് തന്റെ സിനിമയില്‍ സച്ചി ഏറ്റെടുക്കുന്നത്. ബ്രാഹ്‌മിനിക്കല്‍ പാട്രിയാര്‍ക്കിയെ ജിയൊ ബേബി സുക്ഷ്മവും നിശിതവുമായി ചോദ്യം ചെയ്യുമ്പോള്‍ അതിനോട് അതിസമര്‍ത്ഥമായി അനുരഞ്ജനത്തിലേര്‍പ്പെടുകയാണ് സച്ചി ചെയ്യുന്നത്. ഈ അനുരഞ്ജനമാണ് സമകാലിക അധികാരി വര്‍ഗ്ഗം ആവശ്യപ്പെടുന്നത്. ഇതൊരു വര്‍ഗ്ഗ താല്‍പര്യമാണ്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ വിമോചന ആശയങ്ങളുടെ എതിര്‍പക്ഷത്ത് നില്‍ക്കുന്ന വര്‍ഗ്ഗ താല്‍പര്യം. ഈ രാഷ്ട്രീയ പരിസരത്തിലാണ് ജിയൊ ബേബിയുടെ സിനിമ തിരസ്‌കരിക്കപ്പെടുന്നതും സച്ചിയുടെ സംരംഭം അംഗീകരിക്കപ്പെടുകയും ചെയ്യുന്നത്.

ലൈവ് വയർ എന്ന പോര്‍ട്ടലില്‍ മൈഥിലി നായര്‍ ജിയൊയുടെ സിനിമയെക്കുറിച്ചെഴുതിയ നിരൂപണം ഈ ഘട്ടത്തില്‍ ഓര്‍ത്തുപോവുന്നു . 'ജോലിക്കാരിയായ ഒരമ്മ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ നിരൂപണം ചെയ്യുന്നു ' എന്ന തലക്കട്ടില്‍ പ്രസിദ്ധീകരിച്ച ഈ നിരൂപണം അടിസ്ഥാനപരമായി മൈഥിലിയും അമ്മയും തമ്മിലുള്ള സംഭാഷണമാണ്. കല്ല്യാണം കഴിച്ചതിനുശേഷവും സ്വന്തം നിശ്ചയപ്രകാരം ബിരുദാനന്തരബിരുദം നേടുകയും ജോലിക്ക് പോവുകയും ചെയ്തയാളാണ് മൈഥിലിയുടെ അമ്മ. നിരൂപണത്തിന്റെ അവസാനഭാഗത്ത് മൈഥിലി അമ്മയോട് സിനിമയെക്കുറിച്ച് അന്തിമമായി എന്താണ് പറയാനുള്ളതെന്ന് ചോദിക്കുന്നു. അമ്മയുടെ മറുപടി ഇതാണ്: '' The reviewers are right. It's an absolute must watch. It's a must watch because it's putting up a very jarring mirror to existing structures, and it's a must watch because it'll make a lot of people uncomfortable. Cinema needs substance - such storytelling needs space because cinema like this can change the way you think.''

ജിയൊയുടെ സിനിമ നമുക്ക് മുന്നിലുയരുന്ന കണ്ണാടിയാണ്. അതില്‍ നമ്മള്‍ കാണുന്നത് നമ്മളെത്തന്നെയാണ്. മൈഥിലയുടെ അമ്മ പറയുന്നതുപോലെ സാസ്ഥ്യം കെടുത്തുന്ന കാഴ്ചയാണത്. അയ്യപ്പനും കോശിയിലുമുള്ളത് കെട്ടുകാഴ്ചകളുടെ ഘോഷയാത്രയാണ്. അയ്യപ്പന്‍നായരെപ്പോലൊരു പോലിസ് ഇന്‍സ്പെക്ടര്‍ വെള്ളരിക്കാപ്പട്ടണങ്ങളില്‍ മാത്രമേ ഉണ്ടാവുകയുള്ളു. ബിജുമേനോന്‍ എന്ന നടന്റെ അഭിനയമികവല്ല ഇവിടെ വിഷയം. ബിജുമേനോന്‍ അയ്യപ്പന്‍നായരെ അവിസ്മരണീയമാക്കുന്നുണ്ട്. പക്ഷേ, അതുകൊണ്ട് അയ്യപ്പനും കോശിയും മികച്ച സിനിമയാവുന്നില്ല, അതിന്റെ സംവിധായകന്‍ മികച്ച സംവിധായകനും. മമ്മൂട്ടി തകര്‍ത്തഭിനയിച്ചു എന്നുള്ളതുകൊണ്ട് ' പുഴു ' എന്ന സിനിമ മികച്ച സിനിമയാവുന്നില്ല എന്നതുപോലെ തന്നെയാണിത്.

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ എന്നു പറയുന്നത് നമ്മള്‍ പൊതുജനങ്ങളുടെ കാശുകൊണ്ട് കൊടുക്കുന്ന പുരസ്‌കാരങ്ങളാണ്. ഏതെങ്കിലും സ്വകാര്യ സംരംഭകര്‍ നല്‍കുന്ന അവാര്‍ഡുകളായിരുന്നെങ്കില്‍ ഇങ്ങനെയൊരു വിമര്‍ശം ഇവിടെ ഉയര്‍ത്താന്‍ മെനക്കെടില്ലായിരുന്നു. ഇത് പക്ഷേ,നമ്മള്‍ കൊടുക്കുന്ന നികുതിപ്പണം ഉപയോഗിച്ചുള്ള കളിയാണ്. അവിടെ അടിസ്ഥാനപരമായ സത്യസന്ധത പാലിക്കപ്പെടാതെ പോവുമ്പോള്‍ നിശ്ശബദ്ത പാലിക്കുന്നത് എല്ലാ അര്‍ത്ഥത്തിലും കുറ്റമാവുന്നു. ഇതുവരെ മലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവും മികച്ച അഞ്ച് സിനിമകളുടെ പേര് പറയാന്‍ പറഞ്ഞാല്‍ അതിലൊന്ന് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനായിരിക്കും. എന്നാല്‍ അമ്പത് സിനിമകളുടെ പട്ടികയില്‍ പോലും അയ്യപ്പനും കോശിയും ഉണ്ടാവില്ല. കാലം ഒന്നിനും കണക്ക് ചോദിക്കാതിരിക്കുന്നില്ല. 1930 ല്‍ പുറത്തിറിങ്ങിയ വിഗതകുമാരനാണ് ആദ്യ മലയാള സിനിമ. മലയാള സിനിമയ്ക്ക് നൂറ് വയസ്സ് തികയാന്‍ എട്ട് കൊല്ലം കൂടിയേ ഉള്ളു എന്ന് സാരം. 2030 ല്‍ മലയാള സിനിമയുടെ കണക്കെടുപ്പ് നടത്തുമ്പോള്‍ അവസാന ചിരി ജിയൊ ബേബിക്ക് തന്നെയായിരിക്കും എന്നതില്‍ സംശയമില്ല.

വഴിയില്‍ കേട്ടത്: ഇത്തവണ അവാര്‍ഡിന് പരിഗണിക്കപ്പെട്ട സിനിമകളുടെ മികവ് പത്തംഗ ജൂറിയെ അത്ഭുതപ്പെടുത്തിയെന്ന് ജൂറി ചെയര്‍മാന്‍ വിപുല്‍ ഷാ. കഴിഞ്ഞ വര്‍ഷം ഏറ്റവും മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത് പ്രിയദര്‍ശന്റെ കുഞ്ഞാലിമരയ്ക്കാര്‍ ആയിരുന്നുവെന്ന് ഓര്‍ക്കുമ്പോള്‍ ഷായുടെ അത്ഭുതം ഒരത്ഭുതമാണോ!

Content Highlights: vazhipokkan

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented