ഗാന്ധി, അംബദ്കര്‍, നെഹ്‌റു: സി.പി.എമ്മിന് കിട്ടാതെ പോയ നേതാക്കള്‍ | വഴിപോക്കന്‍


2004-ല്‍ ലോക്സഭയില്‍ 43 അംഗങ്ങളുണ്ടായിരുന്ന സി.പി.എമ്മിന് ഇന്നിപ്പോള്‍ മൂന്ന് അംഗങ്ങളാണുള്ളത്. ഇന്ത്യന്‍ ജനതയുടെ മൊത്തം മനസ്സും ഭാവനയും പിടിച്ചെടുക്കാന്‍ കഴിയുന്ന ഒരു നേതൃതനിരയുടെ അഭാവം സി.പി.എം. നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ്. ഇന്ത്യയും ഇന്ത്യന്‍ ഇടതുപക്ഷവും നിര്‍ണ്ണായകമായൊരു കാലത്തിലൂടെ കടന്നുപോകുമ്പോഴാണ് കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസിന് ഏപ്രില്‍ ആറ് ബുധനാഴ്ച തുടക്കമാവുന്നത്.

ഫയൽ ചിത്രം

വിയറ്റ്നാമിലെ കമ്മ്യൂണിസ്റ്റ് നേതാവ് ഹോചിമിനുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ സുപ്രധാന സ്ഥാനമുള്ള കെ. ദാമോദരന്‍ ഇടതുപക്ഷ ചിന്തകന്‍ താരിഖ് അലിയുമായുള്ള ഒരു അഭിമുഖത്തില്‍ വിവരിക്കുന്നുണ്ട്. കൂടിക്കാഴ്ചയ്ക്കിടെ ദാമോദരന്‍ ഹോചിമിനോട് ചോദിക്കുന്ന ഒരു ചോദ്യം ഇതാണ്: ''വിയറ്റ്നാമിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അംഗബലത്തിലും ശക്തിയിലും സമാനമാണ്. താങ്കള്‍ക്ക് ഇവിടെ വിയറ്റ്നാമില്‍ വിപ്ലവത്തിന് നേതൃത്വം നല്‍കാനായി. എന്നാല്‍ ഞങ്ങള്‍ക്ക് ഇന്ത്യയില്‍ അതിന് കഴിയാതെ പോയത് എന്തുകൊണ്ടാണ്? '' ഇതിന് ഹോചിമിന്‍ നല്‍കിയ മറുപടി ചരിത്രപരം എന്ന് തന്നെ വിശേഷിപ്പിക്കേണ്ടി വരും: ''ഇന്ത്യയില്‍ നിങ്ങള്‍ക്ക് ഗാന്ധിയുണ്ടായിരുന്നു. ഇവിടെ ഞാനാണ് ഗാന്ധി.'' ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ചുള്ള കാച്ചിക്കുറുക്കിയ നിരീക്ഷണമായിരുന്നു ഹോചിമിന്റേത്. ഇന്ത്യയില്‍ ഇടതുപക്ഷത്തിന് സംഭവിക്കുന്ന അപചയവും തകര്‍ച്ചയും വിശകലനം ചെയ്യുമ്പോള്‍ ഹോചിമിനും ദാമോദരനും തമ്മിലുള്ള ഈ സംഭാഷണം എടുത്തുകാട്ടാന്‍ താരിഖ് അലി മറക്കാറില്ല. നാളെ 23-ാം സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ തുടങ്ങാനിരിക്കെ ഹോചിമിന്റെ ഈ നിരീക്ഷണം കൂടുതല്‍ കൂടുതല്‍ പ്രസക്തമാവുന്നുണ്ട്.

പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി തുടങ്ങിയവർ

എന്തുകൊണ്ടോ ഇന്ത്യയിലെ ഇടതുപക്ഷത്തിന്, പ്രത്യേകിച്ച് സി.പി.എമ്മിന്, ഹോചിമിന്റെ ഈ കണ്ടെത്തല്‍ ഉള്‍ക്കൊള്ളാനായില്ല. ഇന്ത്യയില്‍ ഇടതുപക്ഷമെന്നാല്‍ മുഖ്യമായും സി.പി.എമ്മാണ്. 1964-ല്‍ സി.പി.ഐ. വിട്ടിറങ്ങിപ്പോന്ന 32 പേര്‍ ( ഇവരില്‍ ഇപ്പോള്‍ ജിവിച്ചിരിക്കുന്നത് രണ്ടു പേരാണ് - വി.എസ്. അച്ച്യുതാനന്ദനും തമിഴകത്തെ സി.പി.എം. നേതാവ് എന്‍. ശങ്കരയ്യയും) ചേര്‍ന്ന് രൂപം നല്‍കിയ സി.പി.എമ്മിന് ഇപ്പോള്‍ 58 വയസ്സാണ് പ്രായം. 1920-ല്‍ ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നിലവില്‍ വന്നുവെന്ന് കരുതുന്ന സി.പി.എം. രണ്ട് വര്‍ഷം മുമ്പ് പ്രസ്ഥാനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിച്ചിരുന്നു. സി.പി.ഐ. പറയുന്നതും വിശ്വസിക്കുന്നതും 1925-ലാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉടലെടുത്തതെന്നാണ്. അതുകൊണ്ട് മൂന്നു വര്‍ഷത്തിനപ്പുറം ആർ.എസ്.എസ്. അവരുടെ ശതാബ്ദി ആഘോഷിക്കുമ്പോഴായിരിക്കും സി.പി.ഐയും നൂറാം വാര്‍ഷികം കൊണ്ടാടുക.

ബി.ജെ.പിയും സി.പി.എമ്മും

1980-ലാണ് ബി.ജെ.പി. എന്ന രാഷ്ട്രീയപ്രസ്ഥാനം രൂപമെടുത്തത്. അതിന് മുമ്പേ ജനസംഘം ഉണ്ടായിരുന്നു. അതിനും മുമ്പ് തന്നെ ആർ.എസ്.എസ്സും ഹിന്ദു മഹാസഭയുമുണ്ടായിരുന്നു. ആ നിലയ്ക്ക് നോക്കിയാല്‍ ബി.ജെ.പിക്കും നൂറു വയസ്സാകാന്‍ ഇനി മൂന്ന് വര്‍ഷമേയുള്ളു. എങ്കിലും തല്‍ക്കാലം നമുക്ക് ബി.ജെ.പിയെ 1980-ല്‍നിന്നും സി.പി.എമ്മിനെ 1964-ല്‍നിന്നും പിന്തുടരാം. 1984-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലാണ് ബി.ജെ.പി. ലോക്സഭയില്‍ സാന്നിദ്ധ്യമറിയിച്ചത്. ഇന്ദിര ഗാന്ധിയുടെ വധത്തിന് ശേഷം നടന്ന ആ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 404 സീറ്റുകളുമായി ഇന്ത്യ തൂത്തുവാരി. അന്ന് ബി.ജെ.പിക്ക് ലഭിച്ചത് രണ്ട് സീറ്റുകള്‍ മാത്രമാണ്. മൊത്തം വോട്ടിന്റെ 7.74 ശതമാനമായിരുന്നു ബി.ജെ.പിയുടെ വിഹിതം. സി.പി.എമ്മിന് അന്ന് 22 സീറ്റുകളില്‍ വിജയിക്കാനായി. 5.82 ശതമാനം വോട്ടും സി.പി.എമ്മിന് കിട്ടി. ലോക്സഭയില്‍ സി.പി.എമ്മിന്റെ ഏറ്റവും മികച്ച പ്രകടനം 2004-ലായിരുന്നു. 43 സീറ്റുകളിലാണ് അന്ന് പാര്‍ട്ടി വിജയക്കൊടി നാട്ടിയത്. ബി.ജെ.പി. 138 സീറ്റുകളിലും വിജയിച്ചു. 2009-ല്‍ രണ്ട് പാര്‍ട്ടികള്‍ക്കും സീറ്റ് കുറഞ്ഞു. ബി.ജെ.പി. 116 ഇടങ്ങളില്‍ വിജയിച്ചപ്പോള്‍ സി.പി.എം. 16 സീറ്റുകളാണ് സ്വന്തമാക്കിയത്. 2014-ല്‍ ബി.ജെ.പി. 282 സീറ്റുകളുമായി ചെങ്കോട്ടയില്‍ ആദ്യമായി അധികാരം പിടിച്ചു. അന്ന് സി.പി.എമ്മിന് കിട്ടിയത് ഒമ്പത് സീറ്റുകളാണ്. അഞ്ച് വര്‍ഷത്തിനപ്പുറം 2019-ല്‍ 303 സീറ്റുകളും 37 ശതമാനം വോട്ടുകളുമായി ബി.ജെ.പി. അധികാരം നിലനിര്‍ത്തിയപ്പോള്‍ സി.പി.എമ്മിന്റെ അംഗബലം മൂന്നിലേക്ക് ചുരുങ്ങി. വോട്ടിങ്ങ് വിഹിതം 1.73 ശതമാനം എന്ന ദയനീയ നിലയിലേക്ക് എത്തുകയും ചെയ്തു.

2011-ല്‍ സി.പി.എം. ബംഗാളില്‍ അധികാരത്തില്‍നിന്ന് പുറത്തായി. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് ബംഗാളില്‍ ഒരിടത്ത് പോലും ജയിക്കാനായില്ല. 1977 മുതല്‍ 34 കൊല്ലം തുടര്‍ച്ചയായി ബംഗാള്‍ ഭരിച്ച സി.പി.എമ്മിന് ഇപ്പോള്‍ നിയമസഭയില്‍ ഒരു പ്രതിനിധി പോലുമില്ലാത്ത അവസ്ഥയാണ്. കാല്‍ നൂറ്റാണ്ടോളം ഭരണം കൈയ്യാളിയിരുന്ന ത്രിപുരയിലും പാര്‍ട്ടി ഇപ്പോള്‍ കടുത്ത അസ്തിത്വ പ്രതിസന്ധിയിലാണ്. ലോക്സഭയില്‍ നിലവിലുള്ള മൂന്ന് സീറ്റുകളില്‍ രണ്ടെണ്ണം തമിഴകത്ത് ഡി.എം.കെയുടെ കാരുണ്യത്തില്‍ കിട്ടിയതാണ്. ഒരു ഘട്ടത്തില്‍ ലോക്സഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു സി.പി.എം. നേതാവ് എ.കെ. ഗോപാലന്‍. ഈ ലോക്സഭയില്‍ ഇന്നിപ്പോള്‍ സി.പി.എമ്മിന്റെ ശബ്ദം ഇന്നിപ്പോള്‍ അങ്ങേയറ്റം ദുര്‍ബ്ബലമായിരിക്കുന്നു. കേരളം എന്ന ചെറിയ സംസ്ഥാനമാണ് ഇപ്പോള്‍ സി.പി.എമ്മിന്റെ ആശ്രയവും അഭയവും.

രണ്ട് മണ്ടത്തരങ്ങള്‍

സി.പി.എമ്മിന്റെ തകര്‍ച്ചയെക്കുറിച്ച് നിരവധി ലേഖനങ്ങളും സിദ്ധാന്തങ്ങളും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. 2016-ല്‍ സി.പി.എം. മുന്‍ ജനറല്‍ സെക്രട്ടറിയും നിലവില്‍ പോളിറ്റ് ബ്യൂറൊ അംഗവുമായ പ്രകാശ് കാരാട്ട് ഇന്ത്യന്‍ എക്സ്പ്രസില്‍ ഒരു ലേഖനമെഴുതി. സി.പി.എമ്മിന്റെ സംഘടന സംബന്ധമായ അവസ്ഥകള്‍ വിശകലനം ചെയ്യുന്നതിന് 2015-ല്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന പ്ലീനം എടുത്ത തീരുമാനങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടുള്ള ലേഖനമായിരുന്നു അത്. ഇന്ത്യന്‍ സമൂഹത്തിന്റെ ഭാവനയും മനസ്സും പിടിച്ചെടുക്കുന്നതില്‍ സി.പി.എം. പരാജയപ്പെടുന്നതിനെക്കുറിച്ച് കാരാട്ട് ' Winning back the people ' എന്ന ശീര്‍ഷകമുള്ള ഈ ലേഖനത്തില്‍ ആശങ്കാകുലനാവുന്നുണ്ട്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് കൊല്‍ക്കൊത്ത പ്ലീനം മുന്നോട്ടുവെച്ച ആശയങ്ങള്‍ നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം കാരാട്ട് എടുത്തു പറയുന്നുമുണ്ട്. പക്ഷേ, സമീപകാലത്ത് പാര്‍ട്ടി കാണിച്ച രണ്ട് മണ്ടത്തരങ്ങള്‍ കാരാട്ട് ഈ ലേഖനത്തില്‍ ഓര്‍ക്കുന്നതേയില്ല. അമേരിക്കയുമായുള്ള ആണവായുധ കരാറിന്റെ പേരില്‍ യു.പി.എ. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച ഇടതുപക്ഷ നടപടി മാറ്റി നിര്‍ത്തിയുള്ള രണ്ട് മണ്ടത്തരങ്ങളാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

1996-ല്‍ ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കാതിരുന്നതാണ് ആദ്യത്തേത്. 'ചരിത്രപരമായ മണ്ടത്തരം' എന്നാണ് ബസു തന്നെ ഇതിനെ വിശേഷിപ്പിച്ചത്. 2004-ല്‍ യു.പി.എ. മന്ത്രിസഭയ്ക്ക് താങ്ങും തണലുമായി നിന്നത് സി.പി.എം. ഉള്‍പ്പെടുന്ന ഇടതുപക്ഷമാണ്. അന്ന് ആ മന്ത്രിസഭയില്‍ ചേരാതെ മാറി നിന്നതാണ് സി.പി.എം. കാണിച്ച രണ്ടാമത്തെ മണ്ടത്തരം. ജ്യോതി ബസു ഇന്ത്യന്‍ പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ അഖിലേന്ത്യ തലത്തില്‍ അത് സി.പി.എമ്മിന് നല്‍കുമായിരുന്ന ദൃശ്യപരത ( visibility ) അല്ലെങ്കില്‍ ശ്രദ്ധ എത്രയോ വലുതാകുമായിരുന്നു. ഇത് തന്നെയാണ് 2004-ല്‍ യു.പി.എ. സര്‍ക്കാരില്‍ സി.പി.എം. ചേര്‍ന്നിരുന്നെങ്കിലും സംഭവിക്കുമായിരുന്നത്. രാമചന്ദ്ര ഗുഹ ഒരു ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നതുപോലെ 96-ലേതിനേക്കാള്‍ വലിയ മണ്ടത്തരമാണ് സി.പി.എം. 2004-ല്‍ കാട്ടിയത്. കാരണം 96-ല്‍ ജ്യോതി ബസുവിന് പകരം പ്രധാനമന്ത്രിയായ ദേവഗൗഡയ്ക്ക് ഒരു കൊല്ലം പൂര്‍ണ്ണമായും അധികാരത്തില്‍ തുടരാനായില്ല. യു.പി.എ. മന്ത്രിസഭ അതേസമയം പത്ത് കൊല്ലം അധികാരത്തിലുണ്ടായിരുന്നു. ആരോഗ്യം, വിദ്യാഭ്യാസം പോലുള്ള സുപ്രധാന വകുപ്പുകള്‍ അന്ന് സി.പി.എം. ചോദിച്ചാല്‍ കോണ്‍ഗ്രസ് കൊടുക്കുമായിരുന്നു. ഈ വകുപ്പുകളൊക്കെ വെച്ച് പത്തു കൊല്ലം സി.പി.എം. കേന്ദ്രത്തില്‍ ഭരണത്തിലുണ്ടായിരുന്നെങ്കില്‍ പാര്‍ട്ടിയുടെ തലവര തന്നെ മാറിപ്പോകുമായിരുന്നു. പക്ഷേ, തോന്നേണ്ട ബുദ്ധി തോന്നേണ്ടപ്പോള്‍ തന്നെ തോന്നണം. ഇന്നിപ്പോള്‍ മൂന്ന് സീറ്റും 1.77 ശതമാനം വോട്ടും വെച്ച് ആകാശം നോക്കിയിരിക്കുമ്പോള്‍ കൈവിട്ടുപോയതെന്താണെന്ന് സി.പി.എം. ചിലപ്പോള്‍ തിരിച്ചറിയുന്നുണ്ടാവും.

ചെഗുവേര | ഫയല്‍ ഫോട്ടോ: എ.എഫ്.പി

ചെഗുവേരയും ഭഗത് സിങ്ങും

ഹോചിമിനില്‍നിന്നാണ് നമ്മള്‍ ഈ കുറിപ്പ് തുടങ്ങിയത്. നമുക്ക് ഹോചിമിനിലേക്ക് തന്നെ തിരിച്ചുപോവാം. വിയറ്റ്നാമിന് ഹോചിമിനും റഷ്യയ്ക്ക് ലെനിനും ചൈനയ്ക്ക് മാവോയും ക്യൂബയ്ക്ക് ഫിദല്‍ കാസ്ട്രോയും പോലെ ഒരു നേതാവ് സി.പി.എമ്മിനുണ്ടായില്ല എന്നതാണ് പാര്‍ട്ടി ഇന്ത്യയില്‍ എക്കാലത്തും നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഇന്ത്യയുടെ ലെനിനും മാവോയും ഹോചിമിനും ഗാന്ധിജിയായിരുന്നു. ഇന്ത്യയെ ഇന്ത്യയാക്കിയ മൂന്ന് നേതാക്കള്‍ - ഗാന്ധിജി, അംബദ്കര്‍, നെഹ്രു - സി.പി.എമ്മിന്റെ ഭൂതവും വര്‍ത്തമാനവുമായില്ല. പകരം ജര്‍മ്മനിയില്‍നിന്ന് മാര്‍ക്സിനേയും റഷ്യയില്‍നിന്ന് ലെനിനേയും ചൈനയില്‍നിന്ന് മാവോയേയും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് സി.പി.എം. ചെയ്തത്.

ഭഗത് സിങ്

ഈ ഇറക്കുമതി ഇന്ത്യന്‍ ജനത ഏറ്റെടുത്തില്ല. ഹോചിമിന്‍ പറഞ്ഞതുപോലെ ഇന്ത്യയില്‍ ഗാന്ധിയുള്ളപ്പോഴാണ് ഇത്തരം വിദേശ ചിന്തകരേയും നേതാക്കളേയും തേടി സി.പി.എം. നാടുവിട്ടത്. എന്തിനധികം പറയുന്നു, അടിമുടി കമ്മ്യൂണിസ്റ്റ്കാരനായിരുന്ന ഭഗത് സിങ്ങിനെപ്പോലും ചെഗുവേരയെപ്പോലെ ഏറ്റെടുക്കാനോ കൊണ്ടാടാനോ സി.പി.എമ്മിന് കഴിഞ്ഞില്ല.

ഗാന്ധിക്കും അംബദ്കറിനും നെഹ്‌റുവിനും സമശീര്‍ഷരായ ഒരു നേതാവിനെയും ഇന്ത്യയില്‍ സി.പി.എമ്മിന് ഇതുവരെ കിട്ടിയിട്ടില്ല. എ.കെ.ജിയും ഇ.എം.എസ്സും ജ്യോതി ബസുവും അവരുടേതായ നിലകളിലും തലങ്ങളിലും ഗംഭീരരാണെന്നതില്‍ സംശയമില്ല. പക്ഷേ, അടിസ്ഥാനപരമായി ഇവരെല്ലാവരും തന്നെ പ്രാദേശിക നേതാക്കളായിരുന്നു. ബംഗാള്‍ വിട്ടാല്‍ കേരളത്തിലാവും ജ്യോതി ബസുവിനെ തിരിച്ചറിയാന്‍ ആളുണ്ടാവുക. എ.കെ.ജിയേയും ഇ.എം.എസ്സിനേയും ഇന്നിപ്പോള്‍ എത്ര ബംഗാളികള്‍ക്ക് അറിയാന്‍ കഴിയും എന്നത് ഒരു ചോദ്യമാണ്. ഇന്ത്യയുടെ ഹൃദയഭൂമി ഹിന്ദി ബെല്‍റ്റാണ്. അവിടെയുള്ള ജനസമൂഹങ്ങള്‍ മനസ്സിലേക്കേറ്റെടുത്ത ഒരു നേതാവിനെ സി.പി.എമ്മിന് ചൂണ്ടിക്കാണിക്കാനാവുമോ?

ഗാന്ധിജി | വര: മദനന്‍

ഇതേ പ്രതിസന്ധി ബി.ജെ.പിക്കും ഉണ്ടായിരുന്നു. 1951-ല്‍ തുടങ്ങിയ ജനസംഘത്തിന്റെ സ്ഥാപക നേതാവ് ശ്യാമ പ്രസാദ് മുഖര്‍ജിയോ അതിനും മുമ്പേ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് അടിക്കല്ലിട്ട വി.ഡി. സവര്‍ക്കറോ ആര്‍.എസ്.എസ്. നേതാക്കളായിരുന്ന ഹെഡ്ഗേവാറോ ഗൊള്‍വാള്‍ക്കറോ ഇന്ത്യന്‍ ജനതയുടെ മനസ്സും ഭാവനയും പിടിച്ചെടുത്തിരുന്നില്ല. നരേന്ദ്ര മോദി വരുന്നതിനും മുമ്പ് ഇടക്കാലത്ത് വാജ്പേയിയാണ് ഈ പ്രതിസന്ധി മറികടക്കുന്നതിന് ഒരു പരിധി വരെയെങ്കിലും ബി.ജെ.പിയെ സഹായിച്ചത്. പക്ഷേ, ഈ വിഷമഘട്ടങ്ങളില്‍ ഹിന്ദുത്വ എന്ന പ്രത്യയശാസ്ത്രം ബി.ജെ.പിക്ക് നല്‍കിയ പിന്തുണ വളരെ വലുതാണ്. മുസ്ലിങ്ങളെ എതിര്‍പക്ഷത്ത് നിര്‍ത്തിക്കൊണ്ട് ഹിന്ദുത്വയുമായി ബി.ജെ.പി. കളിച്ച കളിയാണ് ആ പാര്‍ട്ടിയുടെ അടിത്തറ വിപുലമാക്കിയത്. ഇതിനൊപ്പം തന്നെ ബി.ജെ.പി. സമര്‍ത്ഥമായി ഒരു നേതാവിനെ ഏറ്റെടുത്തു- സര്‍ദാര്‍ പട്ടേലിനെ. ഗാന്ധിജിയെ പൂര്‍ണ്ണമായി ഏറ്റെടുക്കാനാവില്ലെന്ന തിരിച്ചറിവാണ് ബി.ജെ.പിയെ പട്ടേലിലേക്കെത്തിച്ചത്. നേതാജി സുഭാഷ്‌ ചന്ദ്ര ബോസിനെ സ്വന്തമാക്കുന്നതിനുള്ള ബി.ജെ.പിയുടെ നീക്കവും ഈ ഘട്ടത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.

ഇത്തരം ഒരേറ്റെടുക്കലും സി.പി.എമ്മിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. നെഹ്‌റുവിനെ ബൂര്‍ഷ്വ നേതാവ് എന്ന് പറഞ്ഞ് സി.പി.എമ്മിന് മാറ്റിനിര്‍ത്താനാവും. പക്ഷേ, ഗാന്ധിജിയെ, അതിനുമപ്പുറത്ത്, അംബദ്കറെ തിരിച്ചറിയാനും ഉള്‍ക്കൊള്ളാനുമാവാതെ പോയതാണ് സി.പി.എമ്മിന് സംഭവിച്ച ഏറ്റവും വലിയ മണ്ടത്തരം. ഗാന്ധിജി കോണ്‍ഗ്രസിന്റെ എക്കാലത്തെയും ഏറ്റവും വലിയ സ്വത്താണ്. നേരിട്ട് ബന്ധമില്ലെങ്കിലും ഗാന്ധി എന്ന രണ്ടാം പേര് ഇന്ദിര ഗാന്ധിക്കും കുടുംബത്തിനും നല്‍കിയ ബലവും ശേഷിയും എത്രയോ വലുതാണ്. കോണ്‍ഗ്രസുമായി ഇത്രയധികം ചേര്‍ന്നു നില്‍ക്കുന്ന ഒരാളെ ഏറ്റെടുക്കുക എന്നത് ഇതര പാര്‍ട്ടികള്‍ക്ക് ഒരിക്കലും എളുപ്പമല്ല. പക്ഷേ, ഗാന്ധിജി ഗാന്ധിജിയാണ്. ഗാന്ധിജിയെ മാറ്റി നിര്‍ത്തി ഇന്ത്യയുടെ ഭൂതവും വര്‍ത്തമാനവും ഭാവിയും നമുക്ക് വിലയിരുത്താനാവില്ല. അതുകൊണ്ടാണ് സവര്‍ക്കറുടെയും ഗോഡ്സെയുടെയും നിഴല്‍ തലയ്ക്ക് മീതെയുള്ളപ്പോഴും ബി.ജെ.പിക്ക് ഗാന്ധിജിയെ പൂര്‍ണ്ണമായും നിരാകരിക്കാനും നിഷേധിക്കാനുമാവാതെ പോവുന്നത്.

അംബദ്കറെ ഏറ്റെടുത്തിരുന്നെങ്കില്‍

ബി.ആർ. അംബദ്കർ

ഗാന്ധിജിയും നെഹ്‌റുവുമല്ല അംബദ്കര്‍. 2012 ഓഗസ്റ്റില്‍ ഔട്ട്ലുക്ക് വാരിക ഒരു സര്‍വ്വെ നടത്തി. ഗാന്ധിജിക്ക് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ മഹാന്‍ ആരാണെന്നായിരുന്നു ചോദ്യം. അമ്പത് പേരുടെ പട്ടികയില്‍നിന്ന് പത്ത് പേരെയാണ് ആദ്യം തിരഞ്ഞെടുത്തത്. 71 ലക്ഷം പേര്‍ ഈ സര്‍വ്വെയില്‍ പങ്കെടുത്തു. നെഹ്‌റു, അംബദ്കര്‍, സര്‍ദാര്‍ പട്ടേല്‍, ഇന്ദിര ഗാന്ധി, മദര്‍ തെരേസ, എ.പി.ജെ. അബ്ദുള്‍ കലാം, വാജ്പേയി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, ജെ.ആര്‍.ഡി. ടാറ്റ, ലത മങ്കേഷ്‌കര്‍ എന്നിവരാണ് ഈ പട്ടികയില്‍ ഇടം പിടിച്ച പത്ത് പേര്‍. തുടര്‍ന്ന് ഈ പത്ത് പേരില്‍നിന്ന് ഒന്നാമത്തെയാളെ കണ്ടെത്തുന്നതിനുള്ള സര്‍വ്വെ നടന്നു. 20 ലക്ഷം പേര്‍ പങ്കെടുത്ത ഈ സര്‍വ്വെയിലാണ് ജൂറിയുടെയടക്കം പലരുടെയും കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ട് അംബദ്കര്‍ ഒന്നാമനായത്. ആധുനിക ഇന്ത്യയുടെ ശില്‍പിയെന്നറിയപ്പെടുന്ന നെഹ്‌റുവിനെ മറികടന്ന് അംബദ്കര്‍ ഒന്നാമതെത്തിയത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നെന്ന് ജൂറി അംഗങ്ങളില്‍ പലരും അഭിപ്രായപ്പെട്ടു. പക്ഷേ, ഔട്ലുക്ക് പത്രാധിപര്‍ വിനോദ് മേത്ത അംബദ്കറിന്റെ മഹത്വം കൃത്യമായി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ സാധാരണ ജനതയുടെ ജീവിതം മാറ്റിത്തീര്‍ക്കുന്നതില്‍ അംബദ്കറെപ്പോലെ പങ്ക് വഹിച്ച മറ്റൊരാളില്ലെന്നുള്ള വസ്തുതയിലേക്കാണ് വിനോദ് വിരല്‍ ചൂണ്ടിയത്.

ജവഹർ ലാൽ നെഹ്‌റു

കുറച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഒരു ടെലിവിഷന്‍ റിപ്പോര്‍ട്ടറുമായി സംസാരിക്കുന്ന ഒരു വീഡിയോ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ദൈവങ്ങളല്ല, അംബദ്കറാണ് ഞങ്ങള്‍ക്ക് ശക്തി നല്‍കുന്നതെന്നാണ് ആ കുട്ടികള്‍ പറഞ്ഞത്. ഇന്ത്യയില്‍ ജാതിയെ അവഗണിച്ചുകൊണ്ട് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും മുന്നോട്ട് പോകാനാവില്ലെന്ന് അംബദ്കര്‍ കൃത്യമായി ചൂണ്ടിക്കാട്ടുന്നുണ്ട്. തൊഴിലിന്റെ വിഭജനം മാത്രമല്ല, തൊഴിലാളികളുടെ വിഭജനം കൂടിയാണ് ജാതി വ്യവസ്ഥ എന്നാണ് അംബദ്കര്‍ പറഞ്ഞത്. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്നതിന് പകരം മാര്‍ക്സിന്റെ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം യാന്ത്രികമായി പ്രയോഗിക്കാനാണ് ഇന്ത്യന്‍ മാര്‍ക്സിസ്റ്റുകള്‍ ശ്രമിച്ചത്. തൊഴിലാളികളും മുതലാളികളും എന്ന വര്‍ഗ്ഗ സങ്കല്‍പത്തിനപ്പുറത്തേക്ക് ജാതി എന്ന വ്യാളിയിലേക്ക് വ്യാപിക്കുന്ന ഇന്ത്യന്‍ സാമൂഹ്യ സങ്കീര്‍ണ്ണത മാര്‍ക്സിസ്റ്റുകള്‍ക്ക് സമസ്യയും പദപ്രശ്നവുമായി. വഴികളില്ലാത്ത ഇടമാണ് സത്യമെന്ന് (Truth is a pathless land) ജെ. കൃഷ്ണമൂര്‍ത്തി ഒരു പ്രഭാഷണത്തില്‍ പറയുന്നുണ്ട്. ഇന്ത്യയുടെ സത്യത്തിലേക്കുള്ള വഴി മാര്‍ക്സിനോ ലെനിനോ മാവോയ്ക്കോ തുറന്നിടാനായില്ല. പരമമായ സത്യം കണ്ടെത്തിയെന്ന് ഗാന്ധിജി പോലും അവകാശപ്പെടുന്നില്ലെന്നും നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. അതുകൊണ്ടാണല്ലോ ആത്മകഥയ്ക്ക് ' എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ' എന്ന് ഗാന്ധിജി പേരിട്ടത്. സത്യത്തിലേക്കുള്ള പാത കണ്ടെത്താനുള്ള ശ്രമമായിരുന്നു ഗാന്ധിജിയുടേത്. അംബദ്കറുടെ ദൗത്യവും ഈ വഴിക്കായിരുന്നു. കോടിക്കണക്കിന് വരുന്ന ദളിതര്‍ ആ വഴിയിലൂടെ വിമോചനത്തിന്റെ ഭൂമികയിലേക്ക് സഞ്ചരിച്ചു. ഇത്തരമൊരു സഞ്ചാരമാണ് സി.പി.എമ്മിന് അപ്രാപ്യമായത്. അംബദ്കറെ നഷ്ടപ്പെടുത്തിയതാണ് സി.പി.എമ്മിന് സംഭവിച്ച ഏറ്റവും വലിയ ചരിത്രപരമായ മണ്ടത്തരം.

തിരഞ്ഞെടുപ്പില്‍ മാത്രം നടത്തുന്ന പ്രവര്‍ത്തനങ്ങളല്ല ഇതിന് പരിഹാരമെന്നും ജനങ്ങള്‍ക്കിടയില്‍ നിരന്തരമായി പ്രവര്‍ത്തിച്ചുകൊണ്ടു മാത്രമേ സി.പി.എമ്മിന് ജനകീയ അടിത്തറ വിപുലമാക്കാനാവുകയുള്ളുവെന്നും കാരാട്ട് ഇന്ത്യന്‍ എകസ്പ്രസ് ലേഖനത്തില്‍ പറയുന്നുണ്ട്. ഹിന്ദുത്വയ്ക്കെതിരെയുള്ള പോരാട്ടമാണ് മുഖ്യമെന്നും ഇതിനായി പാര്‍ട്ടിയുടെ സ്വന്തം അടിത്തറ കാര്യമായി ബലപ്പെടുത്തേണ്ടതുണ്ടെന്നും കാരാട്ട് പറയുന്നു. കണ്ണൂരില്‍ ചേരാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുന്ന കരട് രാഷ്ട്രീയ പ്രമേയവും ഇതേ ആശയം തന്നെയാണ് മുന്നോട്ട് വെയ്ക്കുന്നത്. ആശയം കൃത്യമാണ്. പക്ഷേ, അതെങ്ങിനെ നേടിയെടുക്കും എന്നിടത്താണ് പ്രതിസന്ധി. സമൂര്‍ത്തമായ അവസ്ഥകളുടെ സമൂര്‍ത്തമായ വിശകലനമാണ് മാര്‍ക്സിസമെന്നും മാര്‍ക്സിസം ജീവിക്കുന്ന ശാസ്ത്രമാണെന്നും പറയുമ്പോള്‍ തന്നെ ഇന്ത്യന്‍ മണ്ണിനെയും ഇന്ത്യന്‍ കാലാവസ്ഥയെയും അറിയുന്ന ഒരു പ്രത്യയശാസ്ത്രം രൂപപ്പെടുത്തിയെടുക്കാന്‍ ഇന്ത്യയിലെ മാര്‍ക്സിസ്റ്റുകള്‍ക്കാവാതെ പോയി. ഇന്ത്യയിലെ മാര്‍ക്സിസ്റ്റുകള്‍ക്ക് ഒരു ഇന്ത്യന്‍ ഹോചിമിനോ ലെനിനോ മാവോയോ ഉണ്ടായില്ല. ആ സ്ഥാനത്തേക്ക് എന്തുകൊണ്ടും കടന്നുവരാന്‍ കഴിയുമായിരുന്ന അംബദ്കറെ ഏറ്റെടുക്കാന്‍ അവര്‍ക്കൊട്ടായതുമില്ല. രാജ്യം കണ്ട ആദ്യത്തെ പൊതുതിരഞ്ഞെടുപ്പില്‍ അംബദ്കറെ പരാജയപ്പെടുത്താന്‍ കൂട്ടു നിന്നുവെന്ന ആരോപണത്തിന്റെ നിഴല്‍ ഇപ്പോഴും സോഷ്യലിസ്റ്റുകളുടെയും കമ്മ്യൂണിസ്റ്റുകളുടെയും മേലുണ്ടെന്നത് കാണാതിരിക്കാനാവില്ല. കെ റെയില്‍ പോലൊരു വിഷയത്തില്‍ സമരമുഖത്തുള്ള ജനങ്ങളെ പൂര്‍ണ്ണമായും നിരാകരിക്കുന്ന ഒരു പ്രസ്ഥാനമായി മുന്നോട്ടുപോവാനാണ് സി.പി.എം. ഒരുങ്ങുന്നതെന്നത് സത്യത്തിലേക്കുള്ള വഴികള്‍ തുറക്കപ്പെടുന്നതിന് പകരം അടയ്ക്കപ്പെടുകയാണ് എന്നതിന്റെ സൂചനയാണ്.

ലെഫ്റ്റ് ഈസ് ഡെഡ്, ലോങ് ലിവ് ദ ലെഫ്റ്റ്

സ്വയം വിമര്‍ശിക്കുകയും നവീകരിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് ശ്രീനാരായണ ഗുരുവാണ് പറഞ്ഞത്. ഗുരു നടത്തിയ കണ്ണാടി പ്രതിഷ്ഠ പോലെ വിപ്ലവകരമായ മറ്റൊരു പ്രതിഷ്ഠ ആധുനിക കേരളമോ ഇന്ത്യയോ കണ്ടിട്ടില്ല. ഗുരുവിനെ സ്വാംശീകരിക്കുന്നതിലും സി.പി.എം. പരാജയപ്പെടുന്നതാണ് കേരളം കണ്ടത്. കാലം ആര്‍ക്ക് വേണ്ടിയും കാത്തു നില്‍ക്കുന്നില്ല. കാര്യങ്ങള്‍ മാറ്റിത്തീര്‍ക്കുന്നതിനുള്ള ബുദ്ധിയാണ് മനുഷ്യന്റെ സവിശേഷത. വ്യാഖ്യാനങ്ങളല്ല, ലോകത്തെ മാറ്റിത്തീര്‍ക്കുകയാണ് വേണ്ടതെന്ന മാര്‍ക്സിയന്‍ വചനത്തിന് ഒരു കാലത്തും പ്രസക്തി നഷ്ടപ്പെടുന്നില്ല. വേണ്ടത് ഇന്ത്യന്‍ പരിസരങ്ങളില്‍ നിന്നുകൊണ്ടുള്ള അന്വേഷണവും പ്രവര്‍ത്തനവുമാണ്. ഗുരുവും അയ്യങ്കാളിയും അംബ്ദകറും ഫൂലെയും ഗാന്ധിജിയും നെഹ്‌റുവും ഭഗത് സിങ്ങും ഉള്‍ച്ചേരുന്ന പുതിയൊരു രാഷ്ട്രീയ സമവാക്യത്തിന്റെ പിറവിയാണ് സി.പി.എമ്മിലൂടെ നിറവേറേണ്ടത്. സാമൂഹികനീതിയും ലിംഗനീതിയും ഒരുപോലെ സാക്ഷാത്കരിക്കപ്പെടുന്ന രാഷ്ട്രീയം.

സി.പി.എം. ക്ഷയിക്കുന്നു എന്ന് പറയുമ്പോള്‍ അത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ക്ഷയമാണ്, അത് മാനവികതയുടെയും മർദ്ദിത ജനതയുടെയും ക്ഷയമാണ്. വിവരാവകാശവും തൊഴിലുറപ്പ് പദ്ധതിയും അടക്കമുള്ള വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത് സി.പി.എമ്മിന്റെ വ്യക്തവും കൃത്യവുമായ ഇടപെടല്‍ കൊണ്ടുകൂടിയായിരുന്നുവെന്ന് നമ്മള്‍ മറക്കരുത്. ഭൂപരിഷ്‌കരണം അപൂര്‍ണ്ണമായിട്ടാണെങ്കിലും ഇന്ത്യയില്‍ നടപ്പായതിന് പിന്നിലും ഇടതുപക്ഷത്തിന്റെ പങ്ക് അവഗണിക്കാനാവില്ല. വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ സി.പി.എം. വഹിക്കുന്ന പങ്കും നിര്‍ണ്ണായകമാണ്. അതുകൊണ്ടുതന്നെയാണ് സി.പി.എം. ദുര്‍ബ്ബലമാവുമ്പോള്‍ നീതിയുടെ പക്ഷത്ത് നില്‍ക്കുന്നവര്‍ ആശങ്കാകുലരാവുന്നത്.

1958-ല്‍ ഹോചിമിന്‍ ഇന്ത്യയില്‍ വന്നപ്പോള്‍ എഴുത്തുകാരി അമൃത പ്രീതം അദ്ദേഹത്തെ കണ്ടിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം അമൃത എഴുതിയ കവിതയിലെ രണ്ട് വരികള്‍ മറക്കാനാവില്ല: ''വിയറ്റ്നാമിന്റെ മണ്ണില്‍നിന്ന് ഇന്നൊരു കാറ്റ് വന്ന് ചോദിച്ചു, ആരാണ് എന്റെ ചരിത്രത്തിന്റെ കണ്ണുകളില്‍നിന്നു കണ്ണീര്‍ തുടച്ചു മാറ്റിയത്?'' ഇന്ത്യയും ഇത്തരമൊരു കാറ്റിനായി കാതോര്‍ക്കുന്നുണ്ട്.

നാല് കൊല്ലം മുമ്പ് എഴുതിയ ലേഖനത്തില്‍ നവ ഇടത്പക്ഷത്തെക്കുറിച്ചുള്ള സങ്കല്‍പം യോഗേന്ദ്ര യാദവ് പങ്ക് വെയ്ക്കുന്നുണ്ട്. 'Left is dead, long live the Left' എന്ന വൈരുദ്ധ്യാത്മകമായ തലക്കെട്ടില്‍ വന്ന ഈ ലേഖനം യോഗേന്ദ്ര അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: ''സ്വാതന്ത്ര്യത്തോടുള്ള മനുഷ്യന്റെ അദമ്യമായ തൃഷ്ണ മനസ്സിലാക്കാന്‍ കഴിയാതെ പോവുന്ന, ഇന്ത്യന്‍ സാഹചര്യത്തിന്റെ അര്‍ത്ഥം പിടികിട്ടാതെ പോയ, യൂറോപ്യന്‍ ചിന്താപദ്ധതി കേന്ദ്രബിന്ദുവാകുന്ന ഇടതുപക്ഷം മരിച്ചിരിക്കുന്നു, എന്നാല്‍ സമത്വത്തിനും സാമൂഹികനീതിക്കും പാരിസ്ഥിതിക സുസ്ഥിരതയ്ക്കും ജനാധിപത്യ മൂല്യങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്ന ഇടതുപക്ഷം മരിക്കുന്നില്ല. ഈ ഇടതുപക്ഷം ഇന്ത്യയ്ക്ക് അന്യമല്ല, വാസ്തവത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ പ്രത്യയശാസ്ത്രം ഇടതുപക്ഷമാവുന്നു.'' യോഗേന്ദ്ര യാദവ് സി.പി.എമ്മിന് അഭിമതനല്ല. പക്ഷേ, അദ്ദേഹം മുന്നോട്ടുവെയ്ക്കുന്ന ഈ ചിന്ത അവഗണിക്കുന്നത് സി.പി.എമ്മിന് ആത്മഹത്യപരമായിരിക്കും.

വഴിയില്‍ കേട്ടത്: മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വര്‍ഗ്ഗീയ കലാപങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ബി.ജെ.പി. വക്താവ്. അതേസമയം, സര്‍ക്കാര്‍ ലോകസഭയില്‍: 2016- 20 കാലയളവില്‍ ഇന്ത്യയില്‍ 3,400 കലാപങ്ങളുണ്ടായി (സഞ്ജയ് ഝായുടെ ട്വീറ്റ്‌). ചിരിച്ചു കൊണ്ട് തെറി പറഞ്ഞാല്‍ ഒരു കുഴപ്പവുമില്ലെന്ന് ബഹുമാനപ്പെട്ട ഡല്‍ഹി ഹൈക്കോടതി പറഞ്ഞത് സഞ്ജയ് ഝാ അറിഞ്ഞില്ലെന്ന് തോന്നുന്നു!

Content Highlights: vazhipokkan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Andrew Symonds

1 min

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ട്‌സ് കാറപകടത്തില്‍ മരിച്ചു

May 15, 2022

More from this section
Most Commented