
പിണറായി വിജയൻ ഫയൽ ചിത്രം, കെ റെയിൽ പ്രതിഷേധക്കാരെ പോലീസ് നീക്കുന്നു
പതിനഞ്ച് കൊല്ലം മുമ്പ് 2007 ല്‍ കനേഡിയന്‍ എഴുത്തുകാരിയായ നയോമി ക്ലൈന്‍ രചിച്ച പുസ്തകമാണ് ' The Shock Doctrine: The Rise of Disaster Capitalism.' മുതലാളിത്തത്തിന്റെ അതിഭീകരമായൊരു പുതിയ മുഖമാണ് ഈ പുസ്തകത്തില്‍ നയോമി തുറന്നുകാട്ടിയത്. പ്രകൃതി നിര്‍മ്മിതവും മനുഷ്യ നിര്‍മ്മിതവുമായ ദുരന്തങ്ങള്‍ ലാഭമുണ്ടാക്കുന്നതിനായി മുതലാളിത്ത ശക്തികള്‍ എങ്ങിനെയാണ് ഉപയോഗിക്കുന്നതെന്ന് ഉദാഹരണ സഹിതം നയോമി ഈ ഗ്രന്ഥത്തില്‍ വെളിപ്പെടുത്തുന്നു. 2003 ലെ ഇറാഖ് യുദ്ധവും 2005ല്‍ അമേരിക്കയില്‍ നാശം വിതച്ച കത്രീന ചുഴലിക്കാറ്റും വന്‍കിട കോര്‍പറേറ്റുകള്‍ മുതലെടുത്തത് ചൂണ്ടിക്കാട്ടിയാണ് ജനാധിപത്യ വ്യവസ്ഥിതിയില്‍ ഭരണകൂടങ്ങളും കോര്‍പറേറ്റുകളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ ആഴവും പരപ്പും നയോമി ചികഞ്ഞെടുക്കുന്നത്.
ജനം നടുങ്ങിപ്പോകുന്ന ദുരന്തങ്ങള്‍ ഭരണകൂടങ്ങള്‍ക്കും വന്‍കിട കമ്പനികള്‍ക്കും വലിയ അവസരങ്ങളാണ് തുറന്നിടുന്നത്. 1992 ല്‍ ബാബ്രി മസ്ജിദ് തകര്‍ക്കപ്പെട്ടത് ഇന്ത്യയില്‍ സൃഷ്ടിച്ച നടുക്കവും ഭീതിയും സമാനതകളില്ലാത്തതായിരുന്നു. പക്ഷേ, ഈ അസ്വാസ്ഥ്യത്തിനിടയിലാണ് നരസിംഹ റാവുവും മന്മോഹന് സിങ്ങും ചേര്‍ന്ന് ഇന്ത്യയില്‍ നവ ഉദാരവത്കരണ സാമ്പത്തിക നയങ്ങള്‍ക്ക് തുടക്കമിട്ടത്. രാജ്യമെമ്പാടും വര്‍ഗ്ഗീയതയുടെ വിത്തുകള്‍ മുളപൊട്ടുകയും പടര്‍ന്ന് പന്തലിക്കുകയും ചെയ്യുന്നതിനിടയിലാണ് കോണ്‍ഗ്രസ് അതുവരെ പിന്തുടര്ന്നിരുന്ന നെഹ്രുവിയന്‍ നയങ്ങള്‍ ആസൂത്രിതമായി തകര്‍ക്കപ്പെട്ടതും പുത്തന്‍ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കപ്പെടുകയും ചെയ്തതെന്നത് ഒട്ടും യാദൃച്ഛികമായിരുന്നില്ലെന്ന് തിരിഞ്ഞുനോക്കുമ്പോള്‍ വ്യക്തമാവുന്നു. വാജ്പേയി സര്‍ക്കാരിന്റെ കാലത്തെ കാര്‍ഗില്‍ യുദ്ധവും ഇതേ രീതിയില്‍ വരികള്‍ക്കിടയില്‍ വായിക്കപ്പെടേണ്ടതാണ്. 2002 ലെ കലാപത്തോടെയാണ് ഗുജറാത്ത് നിയോ ലിബറല്‍ നയങ്ങളുടെ തകര്‍പ്പന്‍ പരീക്ഷണശാലയാവുന്നത്.
ചിലി കുഴിച്ചുമൂടുന്നു, കേരളം ഏറ്റെടുക്കുന്നു
വലിയൊരു സാമ്പത്തിക പ്രതിസന്ധിയുടെ മുനമ്പില്‍ നിന്ന് ഇന്ത്യയെ കരകയറ്റിയ സര്‍ക്കാരായിരുന്നു നരസിംഹ റാവുവിന്റേതെന്ന കാഴ്ചപ്പാടുണ്ട്. ആ കാഴ്ചപ്പാടിന്റെ വിശകലനത്തിനും വിമര്‍ശത്തിനും വിശദമായ മറ്റൊരു ലേഖനം വേണ്ടി വരും. ഇന്ത്യന്‍ സമൂഹത്തില്‍ ഈ നയങ്ങള്‍ സൃഷ്ടിച്ച വലിയൊരു പ്രത്യാഘാതം സാമ്പത്തിക അസമത്വത്തിന്റെ വ്യാപനമാണ്. 2004 ല്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ അധികാരമേറ്റതിനെ തുടര്‍ന്ന് ധനമന്ത്രി പി ചിദംബരം ശക്തമായി നടപ്പാക്കിയ പാര്‍ട്ടിസിപ്പേറ്ററി നോട്ട്സ് ( തുടങ്ങി വെച്ചത് യശ്വന്ത് സിന്‍ഹയാണെങ്കിലും ഇതിന്റെ സാദ്ധ്യതകള്‍ ശരിക്കും മുതലെടുത്തത് ചിദംബരമാണ്) ഇന്ത്യന്‍ വിപണിയിലേക്ക് കൊണ്ടുവന്ന വിദേശ മൂലധനമാണ് ഈ വ്യാപനത്തിന് ആക്കം കൂട്ടിയത്. ഒരു നിയന്ത്രണവുമില്ലാതെ വിദേശ മൂലധനം ഇന്ത്യയിലേക്കെത്തിയ ഈ കാലഘട്ടത്തിലാണ് ഇന്ത്യയില്‍ റിയല്‍ എസ്റ്റേറ്റ് ബൂം ഉണ്ടാവുന്നതും ഭൂമിയുടെ വില ആകാശം തുളച്ച് ഉയരാന്‍ തുടങ്ങിയതും. 2004 ന് മുമ്പ് നാട്ടില്‍ ഭൂമിക്കുണ്ടായിരുന്ന വിലയും ഇപ്പോഴത്തെ വിലയും തുലനം ചെയ്താല്‍ ഇത് കൃത്യമായി മനസ്സിലാവും. എല്ലാം കമ്പോളത്തിന് വിട്ടുകൊടുക്കുക എന്നതാണ് നവ ഉദാരവത്കരണ സാമ്പത്തിക നയങ്ങളുടെ രത്നച്ചുരുക്കം. അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന് മില്‍ട്ടണ്‍ ഫ്രീഡ്മാന്റെ നേതൃത്വത്തിലുള്ള ചിക്കാഗോ ബോയ്സ് എന്ന് വിളിക്കപ്പെട്ട ഒരു സംഘമാണ് ഈ നയങ്ങള്‍ ഊട്ടി വളര്‍ത്തിയത്..jpg?$p=4435370&w=610&q=0.8)
1973 ല്‍ ചിലിയില്‍ സാല്‍വദോര്‍ അലെന്‍ഡെ സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ചെടുത്ത അഗസ്റ്റൊ പിനോഷെയുടെ ഏകാധിപത്യ ഭരണകൂടത്തിന്റെ സാമ്പത്തിക ഉപദേശകര്‍ മില്‍ട്ടണ്‍ ഫ്രീഡ്മാനും സംഘവുമായിരുന്നു. നിയോ ലിബറലസിത്തിന്റെ തൊട്ടില് എന്ന് ചിലി അറിയപ്പെടാന്‍ തുടങ്ങിയതും ഇതിലൂടെയാണ്. സാമ്പത്തിക നേട്ടങ്ങളുടെ പറുദീസയായിരുന്നു ചിക്കാഗോ ബോയ്സിന്റെ വാഗ്ദാനം. പക്ഷേ, നിയോ ലിബറലിസം ചിലിയുടെ സാമ്പത്തിക അടിത്തറ ഇളക്കി. പട്ടിണിയും പരിവട്ടവും വേട്ടയാടിയ ചിലിയില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 11 ന് സ്ഥാനമേറ്റ പുതിയ പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് എന്ന ഇടതുപക്ഷ നേതാവ് ആദ്യം നടത്തിയ പ്രസ്താവന ഇതായിരുന്നു : ''നിയോ ലിബറലിസം പിറന്നുവീണ ചിലിയില്‍ ഞങ്ങള്‍ അതിനെ കുഴിച്ചുമൂടും.''
ചിലി കുഴിച്ചുമൂടാനൊരുങ്ങുന്ന സാധനമാണ് പിണറായി സര്‍ക്കാര്‍ സസന്തോഷം ഏറ്റെടുക്കുന്നതെന്നാണ് വിമര്‍ശമുയരുന്നത്. ദുരന്തങ്ങള്‍ അവസരമാക്കി ലാഭം കൊയ്യുന്ന ഡിസാസ്റ്റര്‍ ക്യാപിറ്റലിസം കേരളത്തിലും പ്രയോഗിക്കപ്പെടുന്നുവെന്നര്ത്ഥം. പ്രകൃതി നിര്‍മ്മിത ദുരന്തങ്ങള്‍ മാത്രമല്ല മനുഷ്യ നിര്‍മ്മിത ദുരന്തങ്ങളും എങ്ങിനെ ഉപയോഗിക്കണമെന്ന് വന്‍കിട കോര്പറേറ്റുകള്ക്കറിയാം. 2016 ല്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനം വന്‍കിട കോര്‍പറേറ്റുകള്‍ മുതലെടുത്തത് രഹസ്യമല്ല. ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടി ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്ന രാഷ്ട്രീയ പ്രസ്ഥാനമായി മാറുന്നതിന്റെ തുടക്കം ഇതിലൂടെയായിരുന്നു. കോവിഡ് മഹാമാരിയും കോര്‍പറേറ്റുകള്‍ക്ക് പുതിയ അവസരങ്ങള്‍ നല്കി. കോവിഡും ലോക്ക്ഡൗണുകളും ഇന്ത്യന്‍ ജനതയെ തച്ചുതകര്ക്കുന്നതിനിടയിലാണ് മോദി സര്‍ക്കാര്‍ സ്വകാര്യവത്കരണത്തിന് ആക്കം കൂട്ടിയത്. റെയില്‍വേയും എല്‍ഐസിയും അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കുന്നതിന് മോദി സര്‍ക്കാരിനാവുന്നത് കോവിഡ് മഹാമാരിക്ക് മുന്നില്‍ ഇന്ത്യന്‍ സമൂഹം നടുങ്ങി നില്‍ക്കുകയാണ് എന്നത് കൊണ്ടുകൂടിയാണ്.
മറക്കരുത് ഗീതയെ
.jpg?$p=9ce069e&w=610&q=0.8)
ഇത്രയും കാര്യങ്ങള്‍ ആമുഖമായി പറയേണ്ടി വന്നത് കെ റെയിലുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധ സമരങ്ങള്‍ പിണറായി സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതി കാണുന്നത് കൊണ്ടാണ്. കെ റെയില്‍ ഒരു സുപ്രഭാതത്തില്‍ ആകാശത്ത് നിന്ന് പൊട്ടി വീണ പദ്ധതിയല്ല. റാവു - മന്മോഹന് സിങ് പ്രഭൃതികള്‍ നടപ്പാക്കിയ നവ ഉദാരവത്കരണ സാമ്പത്തിക നയങ്ങള്‍ ഒരു ഇടതുപക്ഷ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതെങ്ങിനെയാണെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കെ റെയില്‍. അതിനുള്ള പരിസരം ഒരുക്കിക്കൊടുത്തത് രണ്ട് ദുരന്തങ്ങളാണ് - പ്രളയവും കോവിഡും.
2016 ല്‍ ആദ്യ പിണറായി വിജയന് സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ നടത്തിയ ആദ്യ നിയമനങ്ങളിലൊന്ന് ഗീത ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവാക്കുക എന്നതായിരുന്നു. മില്‍ട്ടണ്‍ ഫ്രീഡ്മാനും സംഘവും മുന്നോട്ടുകൊണ്ടുപോയ നിയോ ലിബറല്‍ നയങ്ങളുടെ പ്രയോക്താവായ ഗീതയെ പിണറായി വിജയന് സര്‍ക്കാര്‍ സാമ്പത്തിക ഉപദേഷ്ടാവാക്കിയത് നിഷ്കളങ്കമായ നടപടിയായിരുന്നില്ലെന്ന് ഇപ്പോള്‍ നമുക്ക് തിരിച്ചറിയാനാവും. ഇടതുപക്ഷ കൂടാരത്തില്‍ നിന്ന് തന്നെ വിമര്‍ശമുയര്‍ന്നെങ്കിലും ഗീതയുടെ നിയമനം വേണ്ടെന്ന് വെയ്ക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറായില്ല. ഒടുവില്‍ ഐഎംഎഫിന്റെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞയായി നിയമനം ലഭിച്ചപ്പോള്‍ ഗീത ഈ പദവി സ്വയം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.
നയം മാറ്റുന്നത് മുഖ്യമന്ത്രിയാവുമ്പോള്‍
ഈ മാര്‍ച്ച് ആദ്യം കൊച്ചിയില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലെ കേന്ദ്ര ബിന്ദു മുഖ്യമന്ത്രി പിണറായി വിജയന് അവതരിപ്പിച്ച നവ കേരള വികസന രേഖയാണ്. 1992 ല്‍ മന്‍മോഹന്‍സിങ് അവതരിപ്പിച്ച ബജറ്റിനെ ഓര്‍മ്മിപ്പിക്കുന്ന ഈ രേഖ തയ്യാറാക്കാന്‍ ഗീത ഗോപിനാഥ് പിണറായിയെ സഹായിച്ചിട്ടുണ്ടോ എന്നറിയില്ല. അറിയാവുന്ന കാര്യം ഈ രേഖ എല്ലാ അര്‍ത്ഥത്തിലും നവ ഉദാരവത്കരണ സാമ്പത്തിക നയങ്ങളുടെ ഏറ്റെടുക്കലാവുന്നു എന്നതാണ്. രേഖ പൂര്‍ണ്ണമായും പൊതു ജനത്തിന്റെ കൈയ്യിലേക്കെത്തിയിട്ടില്ല. ഏപ്രിലില്‍ കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച ശേഷമേ പിണറായിയുടെ രേഖ സിപിഎമ്മിന്റെ ഔദ്യോഗിക നയമാവുകയുള്ളു.ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപം അനുവദിക്കണമെന്നതാണ് രേഖ മുന്നോട്ട് വെയ്ക്കുന്ന ഒരു മുഖ്യ സംഗതി. അതായത് സ്വകാര്യ സര്‍വ്വകലാശാലകള്‍ വരെ സ്ഥാപിക്കപ്പെടുന്നതിന് കേരളത്തില്‍ കളമൊരുങ്ങുകയാണ് എന്നര്‍തഥം. സ്വകാര്യ സര്‍വ്വകലാശാലകളില്‍ സംവരണം അടക്കമുള്ള സാമൂഹിക നീതികള്‍ക്ക് സ്ഥാനമുണ്ടാവില്ല. അതുറപ്പാക്കാന്‍ സാമൂഹിക നിയന്ത്രണം കൊണ്ടുവരുമെന്നൊക്കെ യെച്ചൂരിയും കൂട്ടരും പറയുന്നുണ്ടെങ്കിലും അതൊക്കെ വെള്ളത്തില്‍ വരച്ച രേഖകളാവാനാണ് സാദ്ധ്യത.
വാസ്തവത്തില്‍ സിപിഎമ്മിന്റെ നയ വ്യതിയാനവുമായി ബന്ധപ്പെട്ട രേഖ അവതരിപ്പിക്കേണ്ടത് പാര്‍ട്ടി സെക്രട്ടറിയാണ്. പക്ഷേ, ഇവിടെ ഈ രേഖയുടെ പിതൃത്വം മുഖ്യമന്ത്രി പിണറായി വിജയനാണ്. പാര്‍ട്ടിയാണ് സര്‍ക്കാരിനെ നയിക്കുന്നതെന്ന സിപിഎം നേതൃത്വത്തിന്റെ നിലപാട് എത്രമാത്രം പൊള്ളയാണെന്ന് ഈ ഒരൊറ്റ സംഭവവിവകാസം പകല്‍ പോലെ വ്യക്തമാക്കുന്നുണ്ട്. കെ റെയില്‍ (സില്‍വര്‍ലൈന്‍ പദ്ധതിയെന്നാണ് ഇതിന്റെ ശരിക്കുള്ള പേരെങ്കിലും കൂടുതല്‍ അറിയപ്പെടുന്നത് കെ റെയില്‍ എന്നാണെന്നുള്ളതിനാലാണ് ഈ ലേഖനത്തില്‍ കെ റെയില്‍ എന്ന പദം തന്നെ ഉപയോഗിക്കുന്നത്) ഒരര്‍ത്ഥത്തില്‍ പിണറായി വിജയന് സര്‍ക്കാരിന്റെ പരീക്ഷണ കളരിയാണ്. നവ കേരള വികസന രേഖ പാര്‍ട്ടി ഫോറത്തില്‍ അവതരിപ്പിക്കും മുമ്പ് തന്നെ നടപ്പാക്കുന്നതിന്റെ ഉദാഹരണം. കോവിഡ് മഹാമാരിയില്‍ കേരളം നടുങ്ങി നില്‍ക്കുമ്പോഴാണ് കെ റെയിലുമായി പിണറായി സര്‍ക്കാര്‍ രംഗപ്രവേശം ചെയ്യുന്നത്.
%20(1)%20(1).jpg?$p=8b394ed&w=610&q=0.8)
കോവിഡ് മഹാമാരിക്കിടയില്‍ പിണറായി സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ച സ്പ്രിങ്ക്ളര്‍, ഇഎംസിസി ഇടപാടുകളും ഇവിടെ ഓര്‍ക്കേണ്ടതായുണ്ട്. രണ്ടിടപാടുകളും സുതാര്യമായിരുന്നില്ല. രണ്ടിലും ദല്ലാള്‍ മുതലാളിത്തത്തിന്റെ ( ക്രോണി ക്യാപിറ്റലിസം) നിഴലുണ്ടായിരുന്നു. 2950 കോടി രൂപ ചെലവിട്ട് ആഴക്കടല്‍ മത്സ്യബന്ധനം പോഷിപ്പിക്കുന്നതിനായി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്പറേഷന് ( കെഎസ്ഐഎന്‍സി) ധാരണപത്രം ഒപ്പിട്ട ഇഎംസിസി ഇന്റര്‍നാഷനല്‍ എന്ന കമ്പനിയുടെ മേല്‍വിലാസം പോലും വ്യാജമായിരുന്നെന്നാണ് ആരോപണം ഉയര്‍ന്നത്. ഈ രണ്ട് ഇടപാടുകളില്‍ നിന്നും പിണറായി സര്‍ക്കാര്‍ പിന്‍വലിഞ്ഞത് അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവസരത്തിനൊത്ത് ഉണര്‍ന്ന് പ്രവര്ത്തിച്ചതുകൊണ്ടായിരുന്നുവെന്നതും കാണാതിരിക്കേണ്ട കാര്യമില്ല.
കെ റെയിലിനായി പ്രചാരണ പ്രളയം
ദുരന്തങ്ങള്‍ അവസരമാക്കി മാറ്റാന്‍ ഭരണകൂടവും കോര്‍പറേറ്റുകളും രംഗത്തിറങ്ങുമ്പോള്‍ അവരാദ്യം ചെയ്യുക അതിനായുള്ള ആശയ പ്രചാരണമാണ്. കെ റെയിലിന്റെ കാര്യത്തില്‍ സിപിഎം ഇത്തരം ആശയ പ്രചരങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. കെ റെയിലിന് അനുകൂലമായി സാമൂഹിക മാദ്ധ്യമങ്ങളായ ഫെയ്സ്ബുക്കിലും വാട്ട്സാപ്പിലും വന്‍ പ്രചരണമാണ് സിപഎം അനുകൂലികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതുവരെ കേരളം കണ്ടിട്ടില്ലാത്ത നിലയിലുള്ള ആശയ പ്രചാരണമാണ് നടക്കുന്നത്. ജനീവയില്‍ നിന്നും ഡെന്മാര്ക്കില് നിന്നും ജപ്പാനില്‍ നിന്നുമൊക്കെ കെ റെയില്‍ അനുകൂല സാഹിത്യവുമായി സിപിഎം സൈബര്‍ പോരാളികള്‍ കളം നിറഞ്ഞ് കളിക്കുന്നു. ഇവരുടെ ആവേശവും വീറും കാണുമ്പോള്‍ ഇന്നായിരുന്നെങ്കില്‍ സൈലന്റ് വാലിയില്‍ എപ്പോള്‍ അണക്കെട്ട് വരുമായിരുന്നു എന്ന് മാത്രം ആലോചിച്ചാല്‍ മതി.വിമാനത്താവളത്തിനും ഹൈവേയ്ക്കും അണക്കെട്ടിനുമൊക്കെ സ്ഥലം വിട്ടുകൊടുക്കാമെങ്കില് എന്തുകൊണ്ട് കെ റെയിലിനും ഭൂമി വിട്ടുകൊടുത്തുകൂടാ എന്നൊക്കെയുള്ള തീര്‍ത്തും നിഷ്കളങ്കമെന്ന് തോന്നിപ്പിക്കുന്ന ചോദ്യങ്ങള്‍ ഇപ്പോള്‍ സിപിഎം അനുകൂല സൈബര്‍ പോരാളികള്‍ ഉയര്‍ത്തുന്നുണ്ട്. മാര്‍ക്കറ്റ് വിലയുടെ നാലിരട്ടി കിട്ടിയാല്‍ ഭൂമി വിട്ടുകൊടുക്കുന്നതിന് എന്തിനാണ് വിഷമിക്കുന്നതെന്നും ഇവര്‍ ചോദിക്കുന്നു. നാട്ടില്‍ ഒരു സെന്റ് ഭൂമിയെങ്കിലും വിറ്റിട്ടുള്ളവര്ക്കറിയാം രജിസ്ട്രേഷനില്‍ കാണിക്കുന്ന വിലയ്ക്ക് ഒരിടത്തും ഭൂമി കിട്ടില്ലെന്ന്. ഈ വിലയുടെ നാലിരട്ടി കൊടുത്താലും ഭൂമി വിട്ടുകൊടുക്കുന്ന ഒരാള്‍ക്ക് അതേ സൗകര്യങ്ങളുള്ള ഭൂമി മറ്റൊരിടത്ത് വാങ്ങാനാവണമെന്നില്ല.
ജനിച്ചു വളര്‍ന്ന വീടും മണ്ണും കൈവിടുകയെന്ന് പറഞ്ഞാല്‍ അതൊട്ടും തന്നെ എളുപ്പമുള്ള സംഗതിയല്ല. വീടും ഭൂമിയും എന്നു പറഞ്ഞാല്‍ കല്ലും മണ്ണും മാത്രമല്ല. നമ്മള് ജനിച്ചു വളര്‍ന്ന പരിസരം കൂടിയാണത്. നമ്മള് നമ്മളായ പരിസരം. അയല്പക്കക്കാരും നാട്ടുകാരുമൊക്കെ ചേര്‍ന്നുള്ള മാനസികമായ വലിയൊരു ബന്ധം കൂടിയാണ് വലിച്ചുപറിച്ചെറിയേണ്ടി വരുന്നത്. ഇങ്ങനെ കുടിയൊഴിഞ്ഞുപോകാന്‍ പറ്റില്ലെന്ന് പറയുന്നവരെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ പോലിസിനെ വിട്ട് അടിച്ചൊതുക്കാന്‍ ശ്രമിക്കുന്നത്. ഇതിനെയാണ് മണ്ണും കുടിയും വിട്ടുകൊടുക്കാതെ നാട്ടില്‍ എങ്ങിനെയാണ് വികസനം വരികയെന്ന ചോദ്യവുമായി സിപിഎം അനുകൂലികള്‍ ന്യായീകരിക്കുന്നത്.
എന്തിനാണ് ഇത്തരമൊരു വികസനം എന്ന ചോദ്യം ചോദിക്കേണ്ടി വരുന്നത് ഈ പശ്ചാത്തലത്തിലാണ്. രണ്ട് ലക്ഷം കോടി രൂപ ചെലവഴിച്ച് അര്ദ്ധാതി വേഗ റെയില്‍പാത നിര്‍മ്മിക്കുന്നതുകൊണ്ട് ആര്‍ക്കാണ് പ്രയോജനം? കെ റെയിലിന്റെ സാമൂഹിക , പരിസ്ഥിതി, ആഘാതങ്ങള്‍ ഭീകരമായിരിക്കുമെന്നാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. രണ്ട് പ്രളയങ്ങള്‍ തുടര്‍ച്ചയായി നേരിട്ടവരാണ് നമ്മള്. കാലാവസ്ഥാ വ്യതിയാനം എന്നത് ആമസോണ്‍ മഴക്കാടുകളില്‍ മാത്രമല്ല ഈ കേരളത്തിന്റെ നടുമുറ്റത്തുമുള്ള യാഥാര്‍ത്ഥ്യമാണ്. ഇതൊന്നും കണക്കിലെടുക്കാതെ ദല്ലാള്‍ മുതലാളിമാരുടെ ഇംഗിതം നടപ്പാക്കുകയെന്ന ദൗത്യവുമായി ഒരു ഇടത്പക്ഷ സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുന്ന കാഴ്ച എല്ലാ അര്‍ത്ഥത്തിലും ഞെട്ടിപ്പിക്കുന്നു.
കടത്തിന് മേല്‍ കടവുമായി കേരളം
രണ്ട് ലക്ഷം കോടി രൂപയോളമാണ് കെ റെയില്‍ പൂര്‍ത്തിയാകുമ്പോഴേക്കും ചെലവാകുക എന്നാണറിയുന്നത്. ഇതില്‍ ഏറിയ പങ്കും കടമായിരിക്കും. സാമ്പത്തിക വിദഗ്ദനും തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡിസ് മുന്‍ ഡയറക്ടറുമായ കെ പി കണ്ണന് അടുത്തിടെ ഒരു ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ ശ്രദ്ധേയമാണ്. നിലവില്‍ വന്‍ വരുമാന കമ്മിയാണ് കേരളം അഭിമുഖീകരിക്കുന്നത്. അതായത് ചെലവും വരുമാനവും തമ്മില്‍ വലിയ വിടവുണ്ട്. പത്ത് കൊല്ലം മുമ്പ് ഈ അന്തരം 19 ശതമാനമായിരുന്നു. ഇപ്പോള്‍ ഇത് 48 ശതമാനമാണ്. നൂറു രൂപ ചെലവാക്കുന്നുണ്ടെങ്കില്‍ 52 രൂപയേ വരുമാനമുള്ളു. ബാക്കി 48 രൂപ കടം വാങ്ങിയാണുണ്ടാക്കുന്നത്. കടം വാങ്ങുന്നതില്‍ പ്രശ്നമില്ലെന്ന് തോമസ് ഐസക്കും ബാലഗോപാലും പറയുന്നത് ശരിയാണ്. പക്ഷേ, വാങ്ങുന്ന കടത്തിലേറെയും ശമ്പളവും പെന്‍ഷനും അതുപോലെ തന്നെ നേരത്തെ വാങ്ങിയ കടം വീട്ടാനുമാണ് ഉപയോഗിക്കപ്പെടുന്നതെങ്കില്‍ കടം കൂടിക്കൊണ്ടേയിരിക്കും. മൂന്നരലക്ഷം കോടി രൂപയോളം പൊതുക്കടമുള്ള സംസ്ഥാനമാണ് കേരളമെന്നും ഓര്‍ക്കേണ്ടതുണ്ട്.
കടം ശരിക്കും വീട്ടാന്‍ കഴിയണമെങ്കില്‍ കടം വാങ്ങുന്ന കാശ് കൊണ്ട് വരുമാനമുണ്ടാക്കാന്‍ കഴിയണം. കെ റെയിലിനായി വാങ്ങുന്ന കടം വീട്ടണമെങ്കില്‍ കെ റെയില്‍ ലാഭത്തിലാവണം. കെ റെയില്‍ ലാഭത്തിലാവുന്ന കാര്യത്തെക്കുറിച്ച് ആലേിചിക്കുകയേ വേണ്ടെന്നാണ് ഈ മേഖലയിലെ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. കെ റെയില്‍ ഒരു കടക്കണിയാകുമെന്നര്ത്ഥം. ഈ കടമൊന്നും എകെജി സെന്ററില്‍ നിന്നല്ല വീട്ടുക. നമ്മള് പൊതു ജനം പെട്രോളിനും മദ്യത്തിനും വാഹനങ്ങള്‍ക്കും ഭൂമി രജിസ്ട്രേഷനുമൊക്കെ കൂടുതല്‍ നികുതി കൊടുക്കേണ്ടി വരും. അതായത് വില കൂടിക്കൊണ്ടേയിരിക്കും സാധാരണ ജനങ്ങളുടെ ജീവിതം കൂടുതല്‍ കൂടുതല്‍ ദുരിതമയമായിക്കൊണ്ടേയിരിക്കും.
ജപ്പാന് ഇന്റര്‍നാഷനല്‍ കോഓപ്പറേഷന്‍ ഏജന്‍സിയില്‍ നിന്നും ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്കില്‍ നിന്നും കടമെടുത്ത് കെ റെയില്‍ പൂര്‍ത്തിയാക്കുമെന്നാണ് പിണറായി സര്‍ക്കാര്‍ പറയുന്നത്. അര ശതമാനവും ഒന്നര ശതമാനവുമൊക്കെയേ ഇതിന് പലിശ വരൂ എന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ രണ്ട് പ്രശ്നങ്ങളുണ്ട്. ഒന്ന് പലിശ കുറവാണെങ്കിലും തിരിച്ചടവ് ദീര്ഘകാലത്തേക്കാവുമ്പോള് നല്ലൊരു തുക പലിശയായി കൊടുക്കേണ്ടി വരും. വായ്പയെടുക്കുന്നതും തിരിച്ചടക്കുന്നതും ഡോളറിലാണ്, രൂപയിലല്ല. ഒരു പത്ത് കൊല്ലം കഴിയുമ്പോള്‍ ഡോളര്‍ വില എവിടെയെത്തി നില്ക്കുമെന്നാലോചിച്ചാല് തിരിച്ചടിക്കേണ്ടി വരുന്നത് കടമെടുക്കുന്നതിന്റെ എത്ര ഇരട്ടിയായിരിക്കുമെന്നറിയാനാവും.
2018 ല്‍ പ്രളയം വന്നപ്പോള്‍ പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച റീ ബില്‍ഡ് കേരള ഓര്‍ക്കുന്നുണ്ടോ? 31,000 കോടി രൂപ ചെലവിട്ട് മൂന്നു കൊല്ലത്തിനുള്ളില്‍ കേരളം പുതുക്കിപ്പണിയുമെന്നായിരുന്നു സുന്ദര മോഹന വാഗ്ദാനം. നാലാം കൊല്ലത്തിലേക്ക് കടക്കുമ്പോഴും റീ ബില്‍ഡ് കേരള ഒരിടത്തുമെത്തിയിട്ടില്ല. പതിനൊന്ന് ദിവസം മുമ്പ് അവതരിപ്പിച്ച ബജറ്റില്‍ 1,600 കോടി രൂപ ഇതിനായി ധനമന്ത്രി വകയിരുത്തിയിട്ടുണ്ട്. അതായത് കേരളത്തിന്റെ പുതുക്കിപ്പണിയലിന് ഇനിയും നാളേറെയെടുക്കും. ഇതിനിടയിലാണ് കെ റെയില്‍ അഞ്ച് കൊല്ലം കൊണ്ട് തീര്‍ക്കുമെന്ന വീമ്പിളക്കല്‍.
ബദലുണ്ടെന്ന് പറയുന്നത് പരിഷത്താണ്
ജനിച്ചു വളര്‍ന്ന മണ്ണും വീടും വിട്ടുകൊടുക്കണമെങ്കില്‍ അതിന് തക്കതായ കാരണം വേണം. അത്തരമൊരു കാരണം, അതായത് ജനങ്ങള്‍ക്ക് ബോദ്ധ്യപ്പെടുന്ന കാരണം ഈ വിഷയത്തില്‍ മുന്നോട്ടുവെയ്ക്കാന്‍ പിണറായി സര്‍ക്കാരിന്റെ കൈയ്യില്‍ ഇല്ലെന്നത് പകല്‍വെളിച്ചം പോലെ വ്യക്തമാണ്. തീവണ്ടികളുടെ വേഗം കൂട്ടാന്‍ പാത ഇരട്ടിപ്പിക്കലിനും സിഗ്നല്‍ സംവിധാനം നവീകരിക്കുന്നതിനുമാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്തും ആര് വി ജി മേനോനെപ്പോലുള്ള എഞ്ചിനീയറിങ് വിദഗ്ദരും പറയുന്നത് പിണറായി സര്‍ക്കാര്‍ എന്തുകൊണ്ടാണ് കേള്‍ക്കാതെ പോവുന്നത്? ജില്ലകള്‍ തോറും യോഗം വിളിച്ച് കെ റെയിലിനെക്കുറിച്ച് വിശദീകരിക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി എന്തുകൊണ്ടാണ് ശാസ്ത്ര സാഹിത്യ പരിഷത്തുമായും ആര്‍വിജി മേനോനെപ്പോലുള്ളവരുമായും ചര്‍ച്ച നടത്താത്തത്?

കുളത്തില്‍ എറിയുവാനായി കൊണ്ടുപോകുന്നു| ഫോട്ടോ: ബി മുരളീകൃഷ്ണന്
ഈ ബദല്‍ മാര്‍ഗ്ഗങ്ങള്‍ റിയല്‍ എസ്റ്റേറ്റ് ലോബിക്കും ദല്ലാള്‍ മുതലാളിമാര്‍ക്കും കണ്ണില്‍ പിടിക്കില്ല. കെ റെയിലിന്റെ ഭാഗമായി സ്ഥാപിക്കപ്പെടുന്ന മാളുകളും മറ്റ് റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളും കൊണ്ടുവരുന്ന വന്‍ ലാഭ വിഹിതത്തിലാണ് ഇവരുടെ കണ്ണ്. ബംഗാളിലെ നന്ദിഗ്രാമിലും സിംഗൂരിലും സിപിഎം സര്‍ക്കാര്‍ ഇതിനാണ് ശ്രമിച്ചത്. അന്ന് പക്ഷേ, ആ ഉദ്യമം വിജയിച്ചില്ല. കാരണം ബുദ്ധദേബ് സര്‍ക്കാര്‍ ഇതിനായി നീങ്ങുമ്പോള്‍ ബംഗാള്‍ ഒരു ദുരന്തത്തിന്റെ പിടിയിലായിരുന്നില്ല. കോവിഡിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ നീക്കങ്ങളെങ്കില്‍ കോര്‍പറേറ്റുകളും ഭരണകൂടവും വിജയിക്കാനുള്ള സാദ്ധ്യത ഏറെയാണ്.
ജനങ്ങളുടെ ആവലാതികള്‍ കേള്‍ക്കുമെന്ന് പറയുമ്പോള്‍ തന്നെയാണ് പ്രതിഷേധിക്കുന്നവരെ പോലീസിനെക്കൊണ്ട് മര്ദ്ധിച്ചൊതുക്കാന് പിണറായി സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നത്. കെ റെയില്‍ നടപ്പാക്കാന്‍ ഭരണകൂടം തീരുമാനിച്ച് കഴിഞ്ഞു. എതിര്‍ക്കുന്നവരെ ബലം പ്രയോഗിച്ച് നിശ്ശബ്ദരാക്കുകയാണ് ഇനിയിപ്പോള്‍ സര്‍ക്കാരിന് മുന്നിലുള്ള മാര്‍ഗ്ഗം. അതാണ് ഇപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നതും. നവ കേരള വികസന രേഖ നടപ്പാക്കാന്‍ പിണറായി സര്‍ക്കാര്‍ ഏറ്റവുമധികം ആശ്രയിക്കേണ്ടി വരിക പോലിസിനെയായിരിക്കും.
ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങള്‍
നയോമി ക്ലൈന്‍ ഷോക്ക് ഡോക്ട്രിന്‍ എഴുതുന്നതിനും 68 കൊല്ലം മുമ്പ് 1939 ലാണ് ജോണ്‍ സ്റ്റൈന്‍ബെക്ക് എന്ന അമേരിക്കന്‍ സാഹിത്യകാരന് ' The Grapes of Wrath ' ( ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങള്‍ ) എന്ന നോവല്‍ എഴുതിയത്. അമേരിക്ക നേരിട്ട വന്‍ സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് ഒക്ലഹോമയില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട കര്‍ഷകരുടെ കഥ പറയുന്ന നോവലാണിത്. ഈ നോവലിന്റെ അഞ്ചാം അദ്ധ്യായത്തില്‍ മനസ്സിനെ വല്ലാതെ തൊടുന്ന ഒരു രംഗമുണ്ട്. താന്‍ ജനിച്ചു വളര്‍ന്ന കുടിലിനു മുന്നില്‍ ഒരു കര്ഷകന് നില്‍ക്കുകയാണ്. ആയാളുടെ മുന്നില്‍ ഒരു ട്രാക്റ്ററും ആ ട്രാക്റ്ററില്‍ കര്ഷകന് പരിചയമുള്ള ഒരു ചെറുപ്പക്കാരന് ഡ്രൈവറുമുണ്ട്. നീ ആ ജോ ഡേവിസിന്റെ മകനല്ലേ എന്ന് കര്ഷകന് ട്രാക്റ്റര്‍ ഓടിക്കുന്ന ചെറുപ്പക്കാരനോട് ചോദിക്കുന്നു. അയാള്‍ അതെ എന്നുത്തരം പറയുന്നു.ജോയുടെ മകനായിട്ടും നീ ബാങ്ക് പറയുന്നത് കേട്ട് ഞങ്ങളുടെ കിടപ്പാടങ്ങള്‍ പിഴുതെറിയാന്‍ ട്രാക്റ്ററുമായി വന്നിരിക്കുകയാണോ എന്ന് കര്ഷകന് ചോദിക്കുന്നു. അപ്പോള്‍ ആ ചെറുപ്പക്കാരന് പറയുന്ന മറുപടി ഇതാണ് : '' നിത്യേന മൂന്ന് ഡോളറിനാണ് ഞാന്‍ ഈ പണി എടുക്കുന്നത്. ഇത് കിട്ടിയിട്ടു വേണം എന്റെ കുടുംബം കഴിയാന്‍. ''മൂന്ന് ഡോളറിനായി നീ നൂറകണക്കിന് മനുഷ്യരുടെ കിടപ്പാടങ്ങളാണ് ഇല്ലാതാക്കുന്നതെന്നും വേണ്ടി വന്നാല്‍ നിന്നെ കൊല്ലുമെന്നും കര്ഷകന് ചെറുപ്പക്കാരനോട് പറയുന്നു. അപ്പോള്‍ ചെറുപ്പക്കാരന് നല്കുന്ന മറുപടി ശ്രദ്ധേയമാണ് : '' എന്നെ കൊന്നാല്‍ ഭരണകൂടം നിങ്ങളെ തൂക്കിലേറ്റും. മാത്രമല്ല, നിങ്ങള്‍ തൂക്കിലേറുന്നതിന് മുമ്പ് തന്നെ ട്രാകറ്ററുമായി മറ്റൊരാള്‍ ഇവിടെയെത്തിയിരിക്കും.''ചെറുപ്പക്കാരന് ഉപകരണം മാത്രമാണ്. ചെറുപ്പക്കാരന് പിന്നില്‍ ബാങ്കും ബാങ്കിന് പിന്നില്‍ ഭരണകൂടവുമുണ്ട്.
കെ റെയിലിനെതിരെ സമരത്തിനിറങ്ങുന്നവരെ അടിച്ചൊതുക്കുന്ന പോലിസ് ഒരു ഉപകരണമാണ്. ഭരണകൂടത്തിന്റെ ഉപകരണം. ഈ ഭരണകൂടത്തിന്റെ തലപ്പത്തിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനോട് ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ ഏപ്രില്‍ 6,7,8,9 തിയ്യതികളില്‍ കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനാവണം. ആര്‍ക്ക് വേണ്ടിയാണ് കെ റെയില്‍ എന്നും ആരുടെ വികസനമാണ് കേരളത്തിലെ ഇടത്പക്ഷ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും കോണ്‍ഗ്രസിനെത്തുന്ന പ്രതിനിധികള്‍ ചോദിക്കണം. കെ റെയിലിന് ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന് പറയുന്ന പരിഷത്തിന്റെ വാക്കുകള്‍ തള്ളിക്കളയുകയും ആ പ്രസ്ഥാനത്തിന്റെ നേതാക്കളെ ശാസിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്നും ചോദിക്കണം. ജനത്തെ കണ്ണീരിലും ദുരിതത്തിലുമാഴ്ത്തിയല്ല ഒരു ഭരണാധികാരി ചരിത്രത്തില്‍ ഇടം പിടിക്കേണ്ടതെന്ന് മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കിപ്പറയാന്‍ പാര്‍ട്ടിക്കാവണം. വിയോജിക്കുന്നതിനും എതിര്‍ക്കുന്നതിനുമുള്ള പരിസരമാണ് ജനാധിപത്യത്തെ ജനാധിപത്യമാക്കുന്നത്. അതുകൊണ്ടുതന്നെ കെ റെയില്‍ വിരുദ്ധ സമരത്തിനെതിരെയുള്ള ഭരണകൂടത്തിന്റെ നീക്കങ്ങള്‍ ആത്യന്തികമായി ജനാധിപത്യത്തിന് തന്നെ എതിരെയുള്ള നീക്കങ്ങളാണെന്ന് പറയാന്‍ രണ്ടുവട്ടം ആലോചിക്കേണ്ടതില്ല.
വഴിയില്‍ കേട്ടത്:പ്രധാനമന്ത്രി മോദി രണ്ട് മണിക്കൂര്‍ മാത്രമേ ഉറങ്ങാറുള്ളുവെന്നും ഈ പരീക്ഷണത്തില്‍ വിജയിച്ചാല്‍ അദ്ദേഹം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നേതാവായി മാറുമെന്നും ബിജെപി മഹാരാഷ്ട്ര ഘടകം പ്രസിഡന്റ് ചന്ദ്രകാന്ത് പട്ടേല്‍. ഈ പരീക്ഷണത്തില്‍ മോദിജി വിജയിക്കുമെന്നുള്ളതില് ഒരു സംശയവും ഇതെഴുതുന്നയാള്‍ക്കില്ല. കാരണം എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സ് പഠിക്കുന്നവര്‍ക്ക് ഇതല്ല, ഇതിലും വലിയ കടമ്പകള്‍ പുഷ്പം പോലെ മറികടക്കാനാവും!
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..