രാഷ്ട്രീയം ഇടക്കാല ജോലിയല്ലെന്ന് രാഹുലും കോണ്‍ഗ്രസും തിരിച്ചറിയണം| വഴിപോക്കന്‍


ബിജെപി  കോണ്‍ഗ്രസ് എന്ന ദ്വന്ദം മാറിമറിയുകയാണ്. ഇനിയങ്ങോട്ട് ഇന്ത്യന്‍ രാഷ്ട്രീയം പുതിയ സമവാക്യങ്ങള്‍ കാണും. പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് നിര്‍ണ്ണായക സ്ഥാനമുള്ള സമവാക്യങ്ങള്‍.

രാഹുൽ ഗാന്ധി| ഫോട്ടോ: എ.എൻ.ഐ

കോണ്‍ഗ്രസിനുള്ള സന്ദേശം കിറു കൃത്യമാണ്. കോണ്‍ഗ്രസിനുള്ള സന്ദേശം എന്ന് പറഞ്ഞാല്‍ രാഹുലിനും പ്രിയങ്കയ്ക്കുമുള്ള സന്ദേശം. രാഷട്രീയ പ്രവര്‍ത്തനം ഒരു പാര്‍ട്ട് ടൈം ജോലിയല്ല. അത് ദിവസത്തില്‍ 24 മണിക്കൂറും ആഴ്ചയില്‍ ഏഴ് ദിവസവും കൊല്ലത്തില്‍ 365 ദിവസവും ചെയ്യേണ്ട ജോലിയാണ്. ഹത്രസില്‍ ദളിത് പെണ്‍കുട്ടി നിര്‍ദ്ദയം കൊല്ലപ്പെടുമ്പോള്‍ പ്രതിഷേധ ജാഥ നയിക്കുന്നതില്‍ തീരുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനം. അത് നിരന്തരം തുടരേണ്ട കര്‍മ്മമാകുന്നു.

2019 ല്‍ ലോക്സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച രാഹുല്‍ ഗാന്ധിയാണ് ഇപ്പോഴും കോണ്‍ഗ്രസില്‍ അന്തിമ തീരുമാനങ്ങളെടുക്കുന്നത്. കൂട്ടിന് സഹോദരി പ്രിയങ്കയുമുണ്ട്. കേരളത്തില്‍ രമേശ് ചെന്നിത്തലയെ പ്രതിപക്ഷ സ്ഥാനത്ത് നിന്ന് മാറ്റുന്നതിലും രാജസ്ഥാനില്‍ അശോക് ഗെഹ്ലോത്ത് മുഖ്യമന്തിയായി തുടരുന്നതിലും പഞ്ചാബില്‍ അമരിന്ദറിനു പകരം ചന്നി വരുന്നതിലും അവസാന വാക്ക് രാഹുലിന്റേതാണ്. പക്ഷേ, നിലവില്‍ കോണ്‍ഗ്രസിനുള്ളില്‍ രാഹുല്‍ ആരാണ്? വയനാട്ടില്‍ നിന്നുള്ള എംപി മാത്രമാണദ്ദേഹം. അപ്പോള്‍ പിന്നെ എന്തടിസ്ഥാനത്തിലാണ് രാഹുല്‍ ഈ നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കുന്നത്? നെഹ്രുവിന്റെയും ഇന്ദിരയുടെയും ചെറുമകനാണ് എന്നതുകൊണ്ടു മാത്രം ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള ജനാധിപത്യ പാര്‍ട്ടിയുടെ ജീവാത്മാവും പരമാത്മാവുമാവാന്‍ രാഹുലിന് കഴിയുന്നുവെന്നതാണ് കോണ്‍ഗ്രസ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.

ഈ പ്രതിസന്ധിയിലേക്കാണ് ജി 23 എന്ന വിമത സംഘം വിരല്‍ ചൂണ്ടിയത്. 2020 ഓഗസ്റ്റിലായിരുന്നു ഗുലാം നബി ആസാദും കബില്‍ സിബലും ശശി തരൂരുമൊക്കെ ഉള്‍പ്പെട്ട സംഘം കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയയ്ക്ക് കത്തെഴുതിയത്. ഇതിപ്പോള്‍ രണ്ട്‌ വര്‍ഷമാവാറായിട്ടും അവര്‍ അന്ന് ഉന്നയിച്ച കാതലായ ഒരു പ്രശ്നവും പരിഹരിക്കപ്പെട്ടിട്ടില്ല. സമയമായിട്ടില്ലെന്നാണ് സോണിയ പറയുന്നത്. പക്ഷേ, കാലിനടിയില്‍ ഇനിയിപ്പോള്‍ ഒലിച്ചു പോകാന്‍ മണ്ണ് കാര്യമായൊന്നും അവശേഷിക്കുന്നില്ലെന്ന് സോണിയയ്ക്ക് പറഞ്ഞു കൊടുക്കാന്‍ എ കെ ആന്റണിക്കാവുമോ?

നെഹ്രു കുടുംബത്തിന് പുറത്ത് നിന്ന് ഒരാള്‍ കോണ്‍ഗ്രസിനെ നയിക്കണം. കാലത്തിന്റെ ചുവരെഴുത്തുകള്‍ അതാണ് വിളിച്ച് പറയുന്നത്. അത് വായിക്കാന്‍ പറ്റുന്നില്ലെങ്കില്‍ പിന്നെ വാനപ്രസ്ഥത്തിലേക്ക് തിരിയുന്നതായിരിക്കും ആന്റണിക്ക് നല്ലത്. ഉത്തരവാദിത്വമുള്ള ഒരു പദവിയും വഹിക്കാതെ അധികാരം കൈയ്യാളുന്ന കലാപരിപാടി രാഹുല്‍ നിര്‍ത്തണം. വെള്ളിത്തളികയിലെന്നവണ്ണം കോണ്‍ഗ്രസിന്റെ കൈയ്യിലിരുന്ന സംസ്ഥാനമാണ് പഞ്ചാബ്. അവിടെ അവസാന നിമിഷം അമരിന്ദറിനെ പുകച്ച് പുറത്ത് ചാടിച്ച് സിദ്ദുവിനെപ്പോലൊരു കോമാളിയുടെ താളത്തിന് ചവിട്ടാന്‍ രാഹുലും പ്രിയങ്കയും കാണിച്ച ആ ബുദ്ധിയുണ്ടല്ലോ , അതിന്റെ ഫലമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ അനുഭവിക്കുന്നത്.

പഞ്ചാബിലെ ജനങ്ങളെ നമിക്കുക തന്നെ വേണം. കോണ്‍ഗ്രസിന്റെ കോമഡിയോട് എത്ര ഗംഭീരമായാണ് പഞ്ചാബിലെ വോട്ടര്‍മാര്‍ പ്രതികരിച്ചിരിക്കുന്നത്. സിദ്ദുവിന്റെ മാത്രമല്ല ചന്നിയുടെ പടവും അവര്‍ മടക്കിക്കെട്ടി. കര്‍ഷക സമരത്തോട് ഒരു തരത്തിലുള്ള അനുഭാവവും പുലര്‍ത്താതിരുന്ന ബിജെപിയുമായി കൂട്ടുകൂടിയ അമരിന്ദറിനെയും അവര്‍ എടുത്ത് ചവറ്റുകൊട്ടയിലേക്കിട്ടു. പൊറാട്ട് നാടകങ്ങള്‍ മതിയായി എന്ന് പഞ്ചാബ് ജനത വിളിച്ചുപറയുകയാണ്. ബിജെപിക്കും കോണ്‍ഗ്രസിനും ഒരു ബദല്‍ എന്ന നിലയില്‍ പക്ഷേ, എഎപിക്ക് എത്രത്തോളം വളരാനാവും എന്നത് പക്ഷേ, വലിയൊരു ചോദ്യമാണ്.

നെഹ്രുകുടുംബം എന്ന് പറഞ്ഞ് ഇനിയും ഇരുന്നാല്‍ ഇരുപ്പ് മാത്രമേ ബാക്കിയുണ്ടാവുകയുള്ളു. ചത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ , തിരുവനന്തപുരം എം പി ശശി തരൂര്‍ , കര്‍ണ്ണാടകത്തിലെ പിസിസി പ്രസിഡന്റ് ഡി ശിവകുമാര്‍ എന്നിങ്ങനെ നേതാക്കള്‍ക്ക് ഒരു ക്ഷാമവുമില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അഖിലേന്ത്യ തലത്തില്‍ എവിടെയും ഇറക്കി കളിക്കാവുന്ന നേതാവണ് തരൂര്‍. യുപിയിലും പഞ്ചാബിലും തെലങ്കാനയിലും തമിഴ്നാട്ടിലും ഒരു പോലെ ജനത്തെ ആകര്‍ഷിക്കാന്‍ കഴിയുന്ന നേതാവ്. കൈയ്യില്‍ കസ്തൂരി ഇരിക്കുമ്പോള്‍ സുഗന്ധം അന്വേഷിച്ച് അറേബ്യന്‍ മാര്‍ക്കറ്റുകളിലേക്ക് പോകേണ്ട കാര്യമില്ലെന്ന് കെ സി വേണുഗോപാല്‍ പറയാനിടയില്ല. പക്ഷേ, എ കെ ആന്റണിക്കതിനാവണം. രാജ്യസഭയില്‍ നിന്ന് വിരമിക്കാനിരിക്കെ ഇനി പാര്‍ലമെന്റിലേക്കില്ലെന്ന് ആന്റണി വ്യക്തമാക്കിയിട്ടുണ്ട്. അങ്ങിനെയാണെങ്കില്‍ ആന്റണി ഏറ്റെടുക്കേണ്ട ദൗത്യം കോണ്‍ഗ്രസിനുള്ളിലെ ശുദ്ധി കലശമാണ്.

അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനുള്ള അവസാന മുന്നറിയിപ്പാണ്. എത്ര ഫലപ്രദമായാണ് ബിജെപി കരുക്കള്‍ നീക്കുന്നതെന്ന് ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. തിരഞ്ഞെടുപ്പുകള്‍ പിടിക്കാന്‍ ഹിന്ദുത്വയാണ് ഏറ്റവും ഫലപ്രദമായ ആയുധം എന്ന് ബിജെപി തിരിച്ചറിഞ്ഞിരിക്കുന്നു. ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ ഒരു ജനകീയ പദ്ധതി പോലും പ്രഖ്യാപിക്കപ്പെട്ടില്ല എന്നത് മറന്നുപോവരുത്. ഹരിദ്വാറിലെ വിദ്വേഷ പ്രസംഗത്തിന് പിന്നാലെയാണ് യുപിയിലെ തിരഞ്ഞെടുപ്പ് 80 ശതമാനവും 20 ശതമാനവും തമ്മിലാണെന്ന് യോഗി പരസ്യമായി പ്രഖ്യാപിച്ചത്. 2017 ല്‍ ഒരു മുസ്ലിമിനെപ്പോലും സ്ഥാനാര്‍ത്ഥിയാക്കാതെ ഉയര്‍ത്തിപ്പിടിച്ച ഹിന്ദുത്വ അജണ്ടയുടെ പല്ലും നഖവും രാകി മിനുക്കിയാണ് യോഗി ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിട്ടത്. അഞ്ച് കൊല്ലം മുമ്പ് ബിജെപിയാണ് യോഗിയെ മുഖ്യമന്ത്രിയാക്കിയത്. പക്ഷേ, ഇന്നിപ്പോള്‍ യോഗിക്ക് യുപിയിലെ ജനങ്ങളുടെ സമ്മതിദാനം ലഭിച്ചിരിക്കുന്നു.

യുപിയില്‍ മായാവതിയുടെ തകര്‍ച്ചയും കാണാതിരിക്കാനാവില്ല. എന്താരു വീഴ്ചയാണിത്! പിന്നാക്ക സമുദായങ്ങളുടെ വോട്ടുകള്‍ അഖിലേഷ് വളരെയധികം തിരിച്ചുപിടിച്ചിട്ടുണ്ട്. പക്ഷേ, ദളിത് വോട്ടുകള്‍ ബിജെപിയിലേക്ക് പോയിരിക്കുന്നു. ഒരു പക്ഷേ, ഈ തിരിമറിച്ചിലാവണം അഖിലേഷിന്റെ കണക്ക്കൂട്ടലുകള്‍ തെറ്റിച്ചത്. യുപിയില്‍ എസ്പി മുന്നണി കരുത്ത് കാണിച്ചുവെന്നത് ശ്രദ്ധേയമാണ്. ഇക്കുറി യുപി തിരിച്ചുപടിക്കാനാവും എന്ന് ആത്മവിശ്വാസത്തിലായിരുന്നു അഖിലേഷ്. പക്ഷേ, മണ്ഡല്‍ രാഷ്ട്രീയത്തിന് കീഴ്പ്പെടുത്താനാവുന്നതിനപ്പുറത്തേക്ക് ബിജെപിയുടെ കമണ്ഡല്‍ രാഷ്ട്രീയം വളര്‍ന്നിരിക്കുന്നു.

ഗൊരഖ്പുര്‍ മഠാധിപതിയായ യോഗിയെ ബിജെപി മുഖ്യമന്ത്രിയാക്കിയപ്പോള്‍ അത് ഹിന്ദു രാഷ്്രടത്തിന്റെ തുടക്കമാണെന്നാണ് ഭരണഘടന വിദഗ്ദന്‍ ഫലി എസ് നരിമാന്‍ പറഞ്ഞത്. 2025 ആര്‍എസ്എസ്സിന്റെ ശതാബ്ദി വര്‍ഷമാണ്. അന്ന് കേന്ദ്രത്തിലും യുപിയിലും ബിജെപി സര്‍ക്കാര്‍ തന്നെയാവണം എന്നത് സംഘത്തിന് നിര്‍ബ്ബന്ധമുള്ള കാര്യമാണ്. അതില്‍ ആദ്യത്തെ ലക്ഷ്യം അവര്‍ നേടിക്കഴിഞ്ഞു. രണ്ട് വര്‍ഷത്തിനപ്പുറം നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ മോദി തന്നെയാവും ബിജെപിയെ നയിക്കുക. പക്ഷേ, അതിനപ്പുറത്ത് ബിജെപി ഇന്ത്യയ്ക്കായി കാത്തുവെയ്ക്കുന്നത് യോഗി തന്നെയാണെന്ന് ഉറപ്പാണ്.

അഖിലേന്ത്യ തലത്തില്‍ വില പേശുന്നതിനുള്ള കോണ്‍ഗ്രസിന്റെ കഴിവ് നഷ്ടപ്പെടുകയാണ്. മമതയും സ്റ്റാലിനും ചന്ദ്രശേഖര്‍ റാവുവും പിണറായി വിജയനും കെജ്രിവാളും കൂടുതല്‍ ശക്തരാവുന്നതും ഈ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ അനന്തര ഫലമാണ്. ബിജെപി - കോണ്‍ഗ്രസ് എന്ന ദ്വന്ദം മാറിമറിയുകയാണ്. ഇനിയങ്ങോട്ട് ഇന്ത്യന്‍ രാഷ്ട്രീയം പുതിയ സമവാക്യങ്ങള്‍ കാണും. പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് നിര്‍ണ്ണായക സ്ഥാനമുള്ള സമവാക്യങ്ങള്‍. ജനാധിപത്യ ഇന്ത്യയും ഹിന്ദുത്വയും തമ്മിലുള്ള പോരാട്ടത്തില്‍ പുതിയൊരു യുഗം പിറക്കുകയാണ്. അടുത്ത അഞ്ച് കൊല്ലങ്ങള്‍ ഈ പരിണാമത്തില്‍ അതീവ നിര്‍ണ്ണായകമായിരിക്കും.

Content Highlights: vazhipokkan, congress

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


amritha

'സംഗീത പരിപാടിയില്ലെങ്കിലും ഞാന്‍ ജീവിക്കും'; തേയില നുള്ളി രസിച്ച് അമൃത

May 2, 2022

More from this section
Most Commented