കരുണാകരന്റെയും പിണറായിയുടെയും പോലിസ് ഒന്നാവുമ്പോള്‍! വഴിപോക്കന്‍


വഴിപോക്കന്‍

* കെ ദാമോദരന്റെ വാക്കുകള്‍ സിപിഎമ്മിന് നേര്‍ക്ക് തിരിച്ചു പിടിച്ച കണ്ണാടിയായിരുന്നു. ഇങ്ങനെയൊരു കണ്ണാടി ഉയര്‍ത്താന്‍ കേരളത്തിലെ സിപിഎമ്മില്‍ ഇപ്പോള്‍ ആരുമില്ലെന്നതാണ് പാര്‍ട്ടി നേരിടുന്ന ദുര്യോഗം.

പാസിങ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിക്കുന്നു, ഫോട്ടോ: സിദ്ദിഖുൾ അക്ബർ

പോലിസിനെക്കുറിച്ച് പറയുമ്പോള്‍ അടിയന്തരാവസ്ഥ ഓര്‍ക്കാതിരിക്കാനാവില്ല. സ്വതന്ത്ര ഇന്ത്യയില്‍ പോലിസ് രാജ് അതിന്റെ കോമ്പല്ലുകള്‍ ഇതുപോലെ പുറത്തെടുത്ത മറ്റൊരു കാലമുണ്ടായിട്ടില്ല. അടിയന്തരവാസ്ഥയെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ള പുസ്തകങ്ങളില്‍ എന്തുകൊണ്ടും ശ്രദ്ധേയമാണ് പ്രിന്‍സ്റ്റണ്‍ സര്‍വ്വകലാശാല അദ്ധ്യാപകനും ഇന്ത്യന്‍ വംശജനുമായ ഗ്യന്‍ പ്രകാശിന്റെ '' അടിയന്തരവാസ്ഥ പുരാവൃത്തങ്ങള്‍ : ഇന്ദിര ഗാന്ധിയും ജനാധിപത്യത്തിന്റെ വഴിത്തിരിവും''( Emergency Chronicles : Indira Gandhi and Democracy's Turningpoint.''ഗ്യാനിന്റെ പുസ്തകത്തിന്റെ ആദ്യ അദ്ധ്യായം തുടങ്ങുന്നതിങ്ങനെയാണ് : ''1975 സെപ്റ്റംബര്‍ 25 ന്റെ പ്രഭാതം പൊട്ടിവിടര്‍ന്നപ്പോള്‍ പ്രബിര്‍ പുര്‍കായസ്ഥയ്ക്ക് അറിയുമായിരുന്നില്ല തന്റെ ജിവിതം അടിമുടി മാറിമറിയാന്‍ പോകുകയാണെന്ന്. ഡെല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാല കാമ്പസില്‍ പ്രബിര്‍ താമസിച്ചിരുന്ന ഗംഗ ഹോസ്റ്റലില്‍ എല്ലാം സാധാരണമട്ടിലായിരുന്നു. രാവിലെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങള്‍ നിര്‍വ്വഹിച്ച്, ഭക്ഷണം കഴിച്ച ശേഷം പ്രബിര്‍ കാമ്പസിലേക്ക് പുറപ്പെട്ടു. കുറച്ച് സമയത്തിന് ശേഷം പ്രബിര്‍ സ്‌കൂള്‍ ഒഫ് ലാംഗ്വേജസിന് മുന്നിലത്തെി. അവിടെ പ്രബിറിനെപ്പോലെ മറ്റ് മൂന്ന് എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ കാത്ത് നില്‍പുണ്ടായിരുന്നു. അവരിലൊരാള്‍ ദേവി പ്രസാദ് ത്രിപാഠി ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായിരുന്നു.''

emergency chronicles
ദേവി പ്രസാദ് അടക്കം ജെഎന്‍യുവില്‍ ബിരുദാനന്തര ബിരുദ പഠനം പൂര്‍ത്തിയാക്കിയ ചിലര്‍ക്ക് എംഫില്‍ പ്രവേശനം നിഷേധിച്ചതിനെതിരെ എസ്എഫ്ഐ ആഹ്വാനം ചെയ്ത സമരത്തില്‍ പങ്കെടുക്കാനാണ് പ്രബിര്‍ അടക്കമുള്ളവര്‍ സ്‌കൂള്‍ ഒഫ് ലാംഗ്വേജസിന് മുന്നില്‍ എത്തിയത്. ''കുറച്ച് നേരം സഹപാഠികളോട് സംസാരിച്ചതിന് ശേഷം ദേവി പ്രസാദ് ലൈബ്രറിയിലേക്ക് പോയി. ഏകദേശം പത്തു മണിയോടെ ഒരു കറുത്ത അംബാസഡര്‍ സ്‌കൂള്‍ ഒഫ് ലാംഗ്വേജസിന് മുന്നിലേക്കെത്തി. ആജാനുബാഹുവായ ഡെല്‍ഹി പോലിസ് ഡിഐജി പി എസ് ബിന്ദറായിരുന്നു സ്റ്റിയറിങ്ങിന് പിന്നില്‍. സ്ഥലം ഡിഎസ്പിയും രണ്ട് കോണ്‍സ്റ്റബിള്‍മാരുമായിരുന്നു കാറില്‍ ഒപ്പമുണ്ടായിരുന്നത്. എല്ലാവരും സിവില്‍ വേഷത്തിലായിരുന്നു.''

''കാര്‍ നിന്നതോടെ ബിന്ദര്‍ ചാടിയിറങ്ങി , പ്രബിറിന്റെ അടുത്തെത്തി ചോദിച്ചു : ''നീയാണോ ദേവി പ്രസാദ് ? താനല്ലെന്ന് പ്രബിര്‍ മറുപടി പറഞ്ഞു. പക്ഷേ, അടുത്ത നിമിഷം ചിലര്‍ തന്നെ കാറിലേക്ക് എടുത്ത് കയറ്റുന്നതാണ് പ്രബിര്‍ കണ്ടത്. കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ ചെറുക്കാന്‍ ശ്രമിച്ചു. പോലിസുകാര്‍ അവരെ തള്ളിമാറ്റി കാര്‍ മുന്നോട്ടെടുത്തു. കുറച്ചകലെയായി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ നില്‍ക്കുന്നതു കണ്ടപ്പോള്‍ താന്‍ രക്ഷപ്പെട്ടേക്കുമെന്ന് പ്രബിറിന് തോന്നി. പക്ഷേ, ആ വിദ്യാര്‍ത്ഥികളുടെ കണ്ണിലെ ഭയം കണ്ടപ്പോള്‍ പ്രബിറിന്റെ പ്രതീക്ഷ അസ്തമിച്ചു. പ്രബിറുമായി ബിന്ദറും കൂട്ടരും കാമ്പസിന് പുറത്തേക്ക് പോയി.''

പ്രബിര്‍ പിന്നെ പുറം ലോകം കാണുന്നത് ഒരു കൊല്ലത്തിന് ശേഷമാണ്. യഥാര്‍ത്ഥ ദേവി പ്രസാദിനെ അറസ്റ്റ് ചെയ്തിട്ടും പോലിസും കോടതിയും പ്രബിറിനെ വിട്ടയിച്ചില്ല. അടിയന്തരാവസ്ഥയായിരുന്നു കാലം. പൗരവാകാശങ്ങള്‍ക്ക് അന്ന് പുല്ല് വിലയായിരുന്നു. ജെഎന്‍യുവിലെ സ്‌കൂള്‍ ഒഫ് ലാംഗ്വേജസില്‍ ജര്‍മ്മന്‍ ഭാഷ പഠിച്ചിരുന്ന 19 കാരിയായിരുന്ന ഒരു യുവതിയെ സമരത്തിന്റെ ഭാഗമായി തടഞ്ഞതിനാണ് എസ്എഫ്ഐ നേതാവ് ദേവി പ്രസാദിനെത്തേടി പോലിസ് ഡിഐജി നേരിട്ടെത്തിയത്. അടിയന്തരാവസ്ഥയില്‍ ഇന്ത്യയില്‍ ഒരു രാജകുമാരനുണ്ടായിരുന്നെങ്കില്‍ അത് സഞ്ജയ്ഗാന്ധിയായിരുന്നു. സഞ്ജയിന്റെ ഭാര്യ മേനക ഗാന്ധിയെയാണ് സ്‌കൂള്‍ ഒഫ് ലാംഗ്വേജസിന് മുന്നില്‍ ദേവി പ്രസാദും കൂട്ടരും തടഞ്ഞത്.'' കാത്തിരുന്ന് കണ്ടോളൂ! നിന്റെയൊക്കെ തല തറയില്‍ കിടന്നുരുളും '' എന്ന് ആക്രോശിച്ചുകൊണ്ടാണ് അന്ന് മേനക ഗാന്ധി അവിടെ നിന്നും പോയത്. ദേവി പ്രസാദിന് പകരം ഒരു കൊല്ലം തിഹാറിലും മറ്റൊരു ജയിലിലുമായി കഴിച്ചുകൂട്ടേണ്ട ഗതികേട് പ്രബിറിനുണ്ടായത് ആ ആക്രോശത്തിന്റെ ഫലമായിരുന്നു.

ഏകദേശം ഒരു കൊല്ലത്തിനപ്പുറം 1976 മാര്‍ച്ച്‌ ഒന്നിനാണ് പി രാജന്‍ എന്ന എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയെ കോഴിക്കോട് നിന്നും പോലിസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് രാജനെ പുറം ലോകം കണ്ടിട്ടില്ല. അതിനും ഒരു മാസം മുമ്പ് നടന്ന കായണ്ണ പോലിസ് സ്റ്റേഷന്‍ ആക്രമണവുമായി ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു പോലിസ് രാജനെ അറസ്റ്റ് ചെയ്തത്. മകന് വേണ്ടി പിതാവ് ഈച്ചരവാരിയര്‍ നടത്തിയ പോരാട്ടം ഐതിഹാസികമാണ്. മകന്റെ ശരീരം പോലും കാണാന്‍ കിട്ടാതെ പോയ ആ പിതാവ് തന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ ഇങ്ങനെ എഴുതി : ''എന്തിനാണ് നിങ്ങള്‍ ഇപ്പോഴും എന്റെ നിരപരാധിയായ മകനെ അവന്റെ മരണശേഷവും മഴയില്‍ നിര്‍ത്തിയിരിക്കുന്നത്? ഞാന്‍ വാതില്‍ അടയ്ക്കുന്നില്ല. എന്റെ അദൃശ്യനായ മകനെങ്കിലും അറിയട്ടെ അവന്റെ പിതാവ് ഒരിക്കലും വാതില്‍ അടച്ചിടുന്നില്ലെന്ന്.''

k karunkaran
കെ. കരുണാകരന്‍| ഫയല്‍ ഫോട്ടോ: കെ.കെ സന്തോഷ്, മാതൃഭൂമി

കെ കരുണാകരനായിരുന്നു അടിയന്തരവാസ്ഥയില്‍ കേരളത്തിന്റെ ആഭ്യന്തര മന്ത്രി. അന്ന് പോലിസ് നിഷ്ഠൂരമായി തല്ലിച്ചതച്ചവരില്‍ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനുമുണ്ടായിരുന്നു. മര്‍ദ്ദനത്തിന്റെ ഫലമായി ചോരയില്‍ കുതിര്‍ന്ന ഷര്‍ട്ടുമായാണ് പിന്നീട് നിയമസഭയില്‍ പിണറായി പ്രസംഗിച്ചതെന്ന് കേട്ടിട്ടുണ്ട്. അടിയന്തരാവസ്ഥയുടെ 41 ാം വാര്‍ഷികത്തില്‍ 2016 ലാണ് പിണറായി വിജയന്‍ ആദ്യമായി കേരളത്തിന്റെ മുഖ്യമന്ത്രിയായത്. അധികാരമേറ്റ ശേഷം പിണറായി എടുത്ത നടപടികളിലൊന്ന് മുന്‍ പോലിസ് ഡിജിപി രമണ്‍ ശ്രിവാസ്തവയെ തന്റെ ഉപദേശകനായി നിയമിക്കുക എന്നതായിരുന്നു. രമണ്‍ ശ്രീവാസ്തവയ്ക്ക് കേരളത്തില്‍ ഒരു തലതൊട്ടപ്പനുണ്ടായിരുന്നെങ്കില്‍ അത് കെ കരുണാകരനായിരുന്നു. പിണറായിയാലും കരുണാകരനായാലും പോലിസ് മാറുന്നില്ല.

raman srivastava
രമണ്‍ ശ്രീവാസ്തവ|
ഫയല്‍ ഫോട്ടോ: ബിജു വര്‍ഗീസ്, മാതൃഭൂമി

ഭരണവും സമരവും എന്നായിരുന്നു ഇഎംഎസിന്റെ സിദ്ധാന്തം. അധികാരവുമായി കമ്മ്യൂണിസ്റ്റുകാര്‍ക്ക് അങ്ങിനെയങ്ങ് സമരസപ്പെടാനാവില്ല എന്ന നിലപാട് തറയില്‍ നിന്നുകൊണ്ടാണ് കേരളത്തില്‍ ഇഎംഎസ് ഭരണകൂടത്തെ നയിച്ചത്. ഭരണകൂടത്തിന്റെ മര്‍ദ്ദനോപാധിയാണ് പോലിസ് എന്ന് ഫ്രഞ്ച് എഴുത്തുകാരനും മാര്‍ക്സിസ്റ്റ് ചിന്തകനുമായ ലൂയി അള്‍ത്തൂസര്‍ നടത്തിയ നിരീക്ഷണം ഇഎംഎസ് തീര്‍ച്ചയായും ശ്രദ്ധിച്ചിട്ടുണ്ടാവണം . എന്നിട്ടും ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് കീഴില്‍ പോലിസ് നടത്തിയ വെടിവെയ്പിനെ പാര്‍ട്ടിക്ക് ന്യായീകരിക്കേണ്ടി വന്നതിനെക്കുറിച്ച് കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ കെ ദാമോദരന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്.

ന്യൂ ലെഫ്റ്റ് റിവ്യു മാസികയ്ക്ക് വേണ്ടി കെ ദാമോദരനുമായി ഇടതുപക്ഷ ചിന്തകന്‍ താരിഖ് നടത്തിയ അഭിമുഖത്തിലായിരുന്നുഈ തുറന്നുപറച്ചില്‍. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിലും ലോകത്തും നേരിട്ട പ്രതിസന്ധികളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചയാര്‍ന്ന നിരീക്ഷണങ്ങള്‍ ദാമോദരന്‍ ഈ അഭിമുഖത്തില്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്. 1958 ജൂലായ് 26ന് കൊല്ലത്തെ ചന്ദനത്തോപ്പില്‍ ഒരു കശുവണ്ടി സംസ്‌കരണ ശാലയില്‍ പണിമുടക്കിയ തൊഴിലാളികള്‍ക്ക് നേരെ പോലിസ് നടത്തിയ വെടിവെയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതിനക്കെുറിച്ചുള്ള ദാമോദരന്റെ വിലയിരുത്തല്‍ പിണറായി വിജയന്‍ തീര്‍ച്ചയായും ഒരു വട്ടം കൂടി ഒന്ന് വായിക്കണം.

കേരളത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് രണ്ട് തൊഴിലാളികള്‍ പോലിസ് വെടിവെയ്പില്‍ കൊല്ലപ്പെട്ടത്. ആര്‍എസ്പിയുടെ നേതൃത്വത്തിലുള്ള തൊഴിലാളി യൂണിയനിലെ പ്രവര്‍ത്തകരായിരുന്നു ഇവര്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അന്ന് സിപിഐ മാത്രമാണ്. സിപിഎം വരുന്നത് പിന്നെയും ആറു കൊല്ലങ്ങള്‍ കഴിഞ്ഞ് 1964 ലാണ്. സിപിഐയുടെ സംസ്ഥാന സമിതി യോഗം തിരുവനന്തപുരത്ത് നടക്കുന്നതിനിടയിലാണ് വെടിവെയ്പിന്റെ വാര്‍ത്ത എത്തിയത്. കമ്മ്യൂണിസ്റ്റ്കാര്‍ കേരളം ഭരിക്കുമ്പോള്‍ രണ്ട് തൊഴിലാളി സഖാക്കളെ പോലിസ് വെടിവെച്ചുകൊന്നെന്ന വാര്‍ത്ത കേട്ട് തങ്ങള്‍ തരിച്ചിരുന്നുപോയെന്നാണ് ദാമോദരന്‍ താരിഖ് അലിയോട് പറഞ്ഞത്. വെടിവെയ്പിനെ ന്യായീകരിക്കാനാവില്ലെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം അടിയന്തരമായി നല്‍കണമെന്നും പണിമുടക്കുന്ന തൊഴിലാളികളോട് പരസ്യമായി മാപ്പുചോദിക്കണമെന്നുമൊക്കെയാണ് യോഗത്തില്‍ ആദ്യം അഭിപ്രായമുയര്‍ന്നത്. എന്നാല്‍ രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു.

വിമോചന സമരം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. ഈ ഘട്ടത്തില്‍ പോലിസിനെ വിമര്‍ശിക്കുന്നത് അവരുടെ ആത്മവീര്യത്തെ ബാധിക്കുമെന്നും അത് കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ക്ക് ശക്തിപകരുമെന്നുമായിരുന്നു വലിയൊരു വിഭാഗം സഖാക്കളുടെ വാദം. അങ്ങിനെ ഒടുവില്‍ പാര്‍ട്ടി പാസ്സാക്കിയ പ്രമേയം പോലിസ് വെടിവെയ്പിനെ ന്യായീകരിക്കുന്നതായിരുന്നു. ഈ നിലപാട് ജനങ്ങളോട് വിശദീകരിക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയ ഒരാള്‍ കെ ദാമോദരനായിരുന്നു. പാര്‍ട്ടി തീരുമാനം തനിക്ക് ദഹിച്ചിട്ടില്ലെന്നും പോലിസ് വെടിവെയ്പിനെ ന്യായീകരിക്കാനാവില്ലെന്നും ഉള്ളിലുണ്ടായിരുന്നെങ്കിലും പാര്‍ട്ടിയുടെ തീരുമാനം താന്‍ ഏറ്റെടുത്തുവെന്ന് ദാമോദരന്‍ വ്യക്തമാക്കുന്നു. ഒന്നര മണിക്കൂറോളമാണ് അന്ന് പാര്‍ട്ടി തീരുമാനം ന്യായീകരിച്ച് കെ ദാമോദരന്‍ പ്രസംഗിച്ചത്. ആ നടപടി തന്നെ മാനസികമായി തകര്‍ത്തുകളഞ്ഞെന്ന് ദാമോദരന്‍ താരിഖ് അലിയോട് പറഞ്ഞു. നമുക്ക് ദാമോദരന്റെ തന്നെ വാക്കുകളിലേക്ക് വരാം : ''അന്ന് രാത്രി വീട്ടിലെത്തിയപ്പോള്‍ എനിക്ക് ഓക്കാനം വന്നു. ഒരു പോള കണ്ണടയ്ക്കാന്‍ എനിക്കായില്ല. പാര്‍ട്ടിയെ ഞാന്‍ ന്യായീകരിക്കരുതായിരുന്നു എന്നെനിക്ക് തോന്നി. എനിക്ക് ഭ്രാന്തു പിടിക്കുന്നതുപോലെയായിരുന്നു. ഞാന്‍ ഭാര്യയെ വഴക്ക് പറഞ്ഞു. എന്നെ ഇത്തരമെരു അവസ്ഥയിലെത്തിച്ച പാര്‍ട്ടി നേതാക്കാന്മാരോട് ആക്രോശിക്കുകയും അവരെ ശകാരിക്കുന്നതിനും പകരം ഞാന്‍ ഭാര്യയോട് വഴക്കിട്ടു. പിറ്റേന്ന് മൂന്ന് സ്ഥലങ്ങളില്‍ കൂടി ഇതേ പ്രസംഗം നടത്താന്‍ പാര്‍ട്ടി എന്നോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കുറി ഞാന്‍ അത് കണ്ണടച്ച് നിരസിച്ചു. പാര്‍ട്ടി അതംഗികരിക്കുകയും ചെയ്തു. ''

ഇക്കഴിഞ്ഞ ആറ് വര്‍ഷങ്ങളില്‍ പിണറായി സര്‍ക്കാര്‍ കേട്ടിട്ടുള്ള വിമര്‍ശനങ്ങളില്‍ ഏറിയ പങ്കും ആഭ്യന്തര വകുപ്പിനെച്ചൊല്ലിയായിരുന്നു. അലന്‍ - താഹമാരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവം നോക്കാം. യുഎപിഎ കരിനിയമമാണെന്ന കാര്യത്തില്‍ സിപിഎമ്മിന് സംശയമുണ്ടായിരുന്നില്ല. 2019 നവംബര്‍ നാലിന് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി പറഞ്ഞത് ഇതാണ്: '' യുഎപിഎ ജനാധിപത്യവിരുദ്ധമായ കരിനിയമമാണ്. പോലിസ് ഈ രണ്ട് യുവാക്കള്‍ക്കെതിരെ ഇത് പ്രയോഗിക്കരുതായിരുന്നു. '' പറഞ്ഞത് ചെറിയ ആളല്ല. ഡെമോക്രാറ്റിക് സെന്‍ട്രലിസം പിന്തുടരുന്ന ഒരു പാര്‍ട്ടിയുടെ ഏറ്റവും സുപ്രധാന പദവി വഹിക്കുന്നയാളാണ്. പക്ഷേ, പിണറായി വിജയന്‍ സര്‍ക്കാര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ വാക്കുകള്‍ കണക്കിലെടുത്തതേയില്ല. പോലിസിന്റെ ആത്മവീര്യം കെടുത്താനാവില്ലെന്ന 1959 ലെ ആ നയമാണ് പിണറായി സര്‍ക്കാര്‍ പൊടിതുടച്ചെടുത്തത്. മാവോയിസ്റ്റുകള്‍ സിപിഎമ്മിന്റെ ആജന്മ ശത്രുക്കളാണെന്ന പ്രതിരോധം സിപിഎം സംസ്ഥാന ഘടകം ഉയര്‍ത്തുകയും ചെയ്തു. ഈ നിലപാട് ആദ്യം മുന്നോട്ടുവെച്ചവരിലൊരാള്‍ സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി ജയരാജന്‍ ആയിരുന്നുവെന്നതും മറക്കരുത്. 2017 ല്‍ കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐ പി ജയരാജനു മേല്‍ യുഎപിഎ ചുമത്തിയപ്പോള്‍ സിപിഎം ഉണ്ടാക്കിയ ബഹളം ചില്ലറയായിരുന്നില്ല. ഇതേ ജയരാജനാണ് മാവോയിസ്റ്റ് ബന്ധം നാലയല്‍പക്കത്ത്കൂടി പോയിട്ടുണ്ടെങ്കില്‍ യുഎപിഎ ആകാം എന്ന് വെച്ചുകാച്ചിയത്.

അടിസ്ഥാന പ്രശ്നം പോലീസിനെതിരെ നിലപാടെടുക്കാനുള്ള പാര്‍ട്ടിയുടെ വൈമനസ്യമായിരുന്നു. പോലിസിനെതിരെ തിരിഞ്ഞാല്‍ അത് മുഖ്യമന്ത്രിക്കെതിരെ തിരിയുന്നതിന് തുല്യമാവുമെന്ന പേടിയില്‍ സിപിഎം കേരള ഘടകം ഒന്നടങ്കം യുഎപിഎയെ അനുകൂലിച്ചു. പാര്‍ട്ടിയുടെ കേന്ദ്ര ഘടകത്തിന്റെ പരിമിതികള്‍ ഒരുപക്ഷേ, യെച്ചൂരി നേരിട്ടറിഞ്ഞ സംഭവം കൂടിയായിരുന്നു അത്. വാളയാറില്‍ രണ്ട് കുരുന്നു പെണ്‍കുട്ടികള്‍ നിര്‍ദ്ദയം കൊല്ലപ്പെട്ടപ്പോഴും വരാപ്പുഴയില്‍ ശ്രീജിത് എന്ന യുവാവ് പോലിസ് കസ്റ്റഡിയില്‍ മരിച്ചപ്പോഴും അനുപമ എന്ന യുവതി തന്റെ കുഞ്ഞിനുവേണ്ടി പരാതി നല്‍കിയപ്പോഴും കണ്ണടച്ചത് ഇതേ പോലിസാണ്.

ഇതേ പോലിസാണ് തെന്മലയിലെ ദളിത് യുവാവിനേയും അയാളുടെ ഒമ്പത് വയസ്സുള്ള മകളേയും പൊതു ജനമദ്ധ്യേ മോഷ്ടാക്കളെന്ന് മുദ്ര കുത്തി പീഡിപ്പിച്ചത്. ഒരു വനിതാ പോലിസ് ഓഫീസറുടെ മൊബൈല്‍ ഫോണ്‍ കാണാതായതായിരുന്നു ഈ സംഭവത്തിന് കാരണം. കേരള പോലീസില്‍ നിലനില്‍ക്കുന്ന ഫ്യൂഡല്‍ മനോനിലയുടെ സുവ്യക്തമായ ദൃഷ്ടാന്തമാണ് ഇവിടെ കണ്ടത്. ഐഎസ്ആര്‍ഒയിലേക്ക് വന്‍ ട്രെയിലറുകളില്‍ ചരക്കെത്തുന്ന കാഴ്ച കാണാന്‍ എത്തിയവരായിരുന്നു അച്ഛനും മകളും. കാഴ്ചക്കാരെ നിയന്ത്രിക്കാനത്തെിയ പോലീസ് ഓഫീസറുടെ മൊബൈല്‍ ഫോണ്‍ കാണാതാവുന്നു. ദളിത് യുവാവിന്റെയുും മകളുടെയും പെരുമാറ്റമാണ് തന്നെ സംശയത്തിലാഴ്ത്തിയതെന്നാണ് വനിത പോലിസ് ഓഫീസര്‍ കോടതിയില്‍ പറഞ്ഞത്. കറുത്തവരെ സംശയദൃഷ്ടിയോടെ നോക്കുന്ന ഫ്യൂഡല്‍ കാഴ്ചപ്പാടല്ലാതെ മറ്റൊന്നുമായിരുന്നില്ല ഇത്. സ്ഥലത്തുണ്ടായിരുന്ന മറ്റൊരു പോലിസുകാരന്‍ ആ നമ്പറിലേക്ക് വിളിച്ചപ്പോള്‍ പോലിസ് വണ്ടിയില്‍ നിന്നാണ് റിങ്ടോണ്‍ കേട്ടത്. കാണാതായ ഫോണ്‍ അവിടെ ആ വണ്ടിക്കുള്ളിലുണ്ടായിരുന്നു.

എന്നിട്ടും ആ പെണ്‍കുട്ടിയോടും അച്ഛനോടും ഒന്ന് മാപ്പു പറയാനുള്ള മനസ്സ്പോലും ആ ഓഫീസര്‍ക്കുണ്ടായിരുന്നില്ല. അധികാര മത്ത് തലയ്ക്ക് പിടിച്ച ഓഫീസര്‍ എന്നാണ് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞത്. ഈ പോലിസ് ഓഫിസര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ എടുക്കാതിരുന്ന സംസ്ഥാന പോലിസ് മേധാവിയെയും കോടതി നിശിതമായി വിമര്‍ശിച്ചു. കാക്കിക്കുള്ളിലെ ഈഗോ പൊതുജനങ്ങളുടെ മെക്കിട്ട് കയറാനുള്ളതാവരുതെന്നാണ് കോടതി പോലിസിനെ ഓര്‍മ്മിപ്പിച്ചത്. ഈ കേസില്‍ കോടതി ഡിസംബര്‍ 15ന് വീണ്ടും വാദം കേള്‍ക്കാനിരിക്കുകയാണ്. കോടതിയുടെ അഭിപ്രായമറിഞ്ഞിട്ടായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക എന്നാണ് ദളിത് യുവാവ് മാദ്ധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്. പോലിസ് രാജല്ല ജനാധിപത്യമാണ് ഇന്ത്യയിലുള്ളതെന്ന് ഈ ' ഏമാന്മാര്‍ ' തിരിച്ചറിയണമെങ്കില്‍ ഭരണാധികാരികള്‍ ജനാധിപത്യ ബോധമുള്ളവരായിരിക്കണം. അധികാരത്തിന്റെ മത്ത് പോലിസുകാര്‍ക്ക് മാത്രമല്ല ഭരണത്തിന്റെ തലപ്പത്തിരിക്കുന്നവര്‍ക്കും പിടിക്കുമ്പോഴാണ് പോലിസ് രാജ് ഉടലെടുക്കുന്നത്.

ആലുവയില്‍ നീതി തേടി പോലിസ് സ്റ്റേഷനിലെത്തിയ ഒരു യുവതിയോടും പിതാവിനോടും അങ്ങേയറ്റം ദയാരഹിതമായി പെരുമാറിയ ഒരു പോലിസ് ഓഫിസറെ പിണറായി സര്‍ക്കാര്‍ ചെയ്തത് സ്ഥലം മാറ്റുക മാത്രമാണ്. തെന്മലയിലെ ദളിത് യുവാവിനോടും മകളോടും അനീതി കാട്ടിയ പോലിസ് ഓഫീസര്‍ക്കും സ്ഥലം മാറ്റം മാത്രമായിരുന്നു ' ശിക്ഷ.' പോലിസിനെ വഴിവിട്ട് സംരക്ഷിക്കേണ്ടി വരുന്നത് മടിയില്‍ കനപ്പെട്ടതെന്തോ ഉണ്ടാവുമ്പോഴാണ്. 2019 ഓഗസ്റ്റ് മൂന്നിന് തിരുവനന്തപുരത്ത് മദ്യപിച്ച് വണ്ടിയോടിച്ച് ഒരു പത്രപ്രവര്‍ത്തകനെ 'കൊലപ്പെടുത്തി'യ ശ്രീറാം വെങ്കട്ടരാമന്‍ എന്ന ഐഎഎസ് ഓഫിസറെ രക്ഷപ്പെടുത്തിയ പോലിസ് ഉദ്യോഗസ്ഥര്‍ക്കും ഒരു നടപടിയും നേരിടേണ്ടി വന്നില്ല. അതേസമയം അമേരിക്കയില്‍ ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്ത വര്‍ഗ്ഗക്കാരനെ കൊലപ്പെടുത്തിയ ഡെറക് ഷൊവിന്‍ എന്ന പോലിസുകാരന് 22 കൊല്ലം തടവ് ശിക്ഷ വിധിക്കപ്പെട്ടത് ഈ ഘട്ടത്തില്‍ ഒരു ഓര്‍മ്മപ്പെടുത്തലാവുന്നു.

അലന്‍ - താഹമാര്‍ക്കും വാളയാറിലെ കുട്ടികള്‍ക്കും ആലുവയിലെ യുവതിക്കും തെന്മലയിലെ യുവാവിനും നീതി നിഷേധിക്കപ്പെട്ടപ്പോള്‍ പൊള്ളാതിരുന്ന സിപിഎമ്മിന് പത്തനംതിട്ടയിലെ പെരിങ്ങര ബ്രാഞ്ച് സെക്രട്ടറി സാന്ദീപ് കൊല്ലപ്പെട്ടപ്പോള്‍ ശരിക്കും പൊള്ളി. അന്വേഷണം പൂര്‍ത്തിയാവും മുമ്പേ ജില്ലാ പോലിസ് മേധാവി കയറി വ്യക്തിപരമായ വൈരാഗ്യം നിമിത്തമായിരുന്നു കൊല എന്ന് പറഞ്ഞപ്പോഴാണ് സിപിഎമ്മിന് നൊന്തത്. ഒരു പാലമിട്ടാല്‍ ഒരു വഴിക്ക് മാത്രമല്ല വണ്ടിയോടുക എന്ന് സിപിഎം തിരിച്ചറിയാതിരുന്നതിന്റെ കുഴപ്പമാണിത്.

ഡെല്‍ഹി കലാപത്തില്‍ യെച്ചൂരിയെ ഡെല്‍ഹി പോലിസ് കുറ്റപ്പെടുത്തിയതും ഈ ഘട്ടത്തില്‍ നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. പൗരത്വ ഭേഗദതി നിയമ( സിഎഎ ) ത്തിനെതിരെ പ്രക്ഷോഭം നടത്താന്‍ യെച്ചൂരി ജനങ്ങളെ പ്രകോപിപ്പിച്ചു എന്നാണ് കുറ്റപത്രത്തില്‍ പോലിസ് പറഞ്ഞത്. ഡെല്‍ഹി പോലിസിന്റെ ഈ നടപടിയെക്കുറിച്ച് ഡെക്കാന്‍ ഹെറാള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ യെച്ചുൂരി പറഞ്ഞത് ഇതാണ് : '' ഇതൊരു രാഷ്ട്രീയ നായാട്ടാണ്. ഈ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ നിശ്ശബദ്മാക്കാനുള്ള നീക്കം. '' കേരളത്തില്‍ സിപിഎം സര്‍ക്കാര്‍ കൊണ്ടുവരാന്‍ ആലോചിച്ച പോലിസ് നിയമ ഭേദഗതി പിന്‍വലിപ്പിക്കാനായി എന്നത് മാത്രമാണ് ഇതിനിടയില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് കഴിഞ്ഞ ഒരു സംഗതി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് പിണറായി സര്‍ക്കാര്‍ ഇത്തരമൊരു നീക്കത്തിനൊരുങ്ങിയത്. തങ്ങള്‍ക്കിഷ്മില്ലാത്ത ആരെയും പിടിച്ച് അകത്തിടാന്‍ പോലിസിന് അധികാരം നല്‍കുന്ന ഒരു നിയമവുമായി നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത് ആത്മഹത്യയ്ക്ക് തുല്ല്യമാണെന്ന് യെച്ചൂരിക്കും കേന്ദ്ര നേതൃത്വത്തിനും വ്യക്തമായിരുന്നു.

സാധാരണക്കാരുടെ മെക്കിട്ട് കയറുമ്പോള്‍ മാത്രമേ കേരളത്തിലായാലും പുറത്തായാലും പോലിസിന് ശൗര്യമുള്ളു. അടിയന്തരാവസ്ഥയുടെ കാര്യം പറഞ്ഞാണ് ഈ ലേഖനം തുടങ്ങിയത്. അവസാനിപ്പിക്കുന്നതും അടിയന്തരാവസ്ഥയിലെ രസകരമായ ഒരു സംഭവം പരാമര്‍ശിച്ചുകൊണ്ടാവട്ടെ! പി രാജന്‍ അറസ്റ്റ് ചെയ്യപ്പെട്ട് നാല് മാസം കഴിഞ്ഞപ്പോള്‍ ഡെല്‍ഹിയില്‍ അധികാരത്തിന്റെ നെടുംകോട്ടയില്‍ ഒരു മനുഷ്യന്‍ ഇന്ദിരാഗാന്ധിയുടെ പോലിസിനെ തകര്‍ത്ത് തരിപ്പണമാക്കിയ കാഴ്ചയായിരുന്നു അത്. സുബ്രഹ്മണ്യന്‍ സ്വാമി എന്ന 37 കാരനായ യുവനേതാവാണ് ഇന്ദിരാ ഭരണകൂടത്തെ ഞെട്ടിച്ച് പാര്‍ലമെന്റിലെത്തി ഒരു മിനിറ്റ് പ്രസംഗിച്ചതിന് ശേഷം വന്നതു പോലെ തന്നെ പുറത്തുകടന്ന് രാജ്യം വിട്ട് പോയത്.

വിദേശത്തിയിരുന്ന സ്വാമി ഡെല്‍ഹി വഴി ബാങ്കോക്കിലേക്ക് പോകുന്ന വിമാനത്തില്‍ ടിക്കറ്റെടുക്കുന്നു. ട്രാന്‍സിറ്റ് യാത്രക്കാരനായിരുന്നതിനാല്‍ യാത്രാ പട്ടികയില്‍ സ്വാമിയുടെ പേരുണ്ടായിരുന്നില്ല. ഡെല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയ സ്വാമി നേരെ ലോഞ്ചിലേക്ക് പോയി. പുലര്‍ച്ചെ മൂന്നു മണി സമയം. ഒരേയൊരു പോലീസുകാരനാണ് അവിടെയുണ്ടായിരുന്നത്. കൈയ്യിലുണ്ടായിരുന്ന പാര്‍ലമെന്റ് പാസ് കാട്ടിയപ്പോള്‍ ആ പോലിസുകാരന്‍ തന്നെ സല്യൂട്ട് ചെയ്തെന്ന് സ്വാമി പറയുന്നു. ഇന്ദിരാ ഭരണകൂടം തലയ്ക്ക് വിലയിട്ടിരിക്കുന്നയാളാണ് മുന്നിലൂടെ കടന്നുപോകുന്നതെന്ന് പോലീസുകാരന്‍ കരുതിയതേയില്ല. സ്വാമി അവിടെ നിന്ന് അടുത്ത ഹോട്ടലിലേക്ക് പോയി. ഭാര്യയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി. സിഖുകാരുടെ തലപ്പാവും താടിയുമായാണ് ഭാര്യ വന്നത്. ഭാര്യ പോയ ശേഷം സിഖുകാരനായ ഒരു ടിവി മെക്കാനിക്കിന്റെ വേഷത്തില്‍ സ്വാമി വീട്ടിലെത്തി. ഭാര്യയെ വിളിച്ച് ടിവി നന്നാക്കാന്‍ വന്ന മെക്കാനിക്കാണെന്ന് പറഞ്ഞു. വീടിന് മുന്നില്‍ കാവലുണ്ടായിരുന്ന പോലിസുകാര്‍ ടിവി മെക്കാനിക്കിനെ സംശയിച്ചതേയില്ല.

വീടിനുള്ളിലേക്ക് പോയ ടിവി മെക്കാനിക്ക് അഞ്ച് ദിവസമാണ് വീട്ടില്‍ താമസിച്ചത്. ഒരു പോലീസുകാരനും ഇതിനിടയില്‍ ടിവി മെക്കാനിക്ക് സ്ഥലം വിട്ടോ എന്ന് അന്വേഷിച്ചതുപോലുമില്ല. അഞ്ചാം ദിവസം സ്വാമി ഭാര്യയ്ക്കൊപ്പം കാറില്‍ പാര്‍ലമെന്റിലേക്ക് പോയി. പാര്‍ലമെന്റില്‍ സ്വാമി എത്തുമ്പോള്‍ സ്പീക്കര്‍ അടുത്തിടെ മരണമടഞ്ഞ പാര്‍ലമെന്റ് അംഗങ്ങളുടെ പേരുകള്‍ വായിക്കുകയായിരുന്നു. പെട്ടെന്ന് സ്വാമിയെ കണ്ട് എല്ലാവരും അമ്പരന്നു. അപ്പോള്‍ സ്വാമി പറഞ്ഞു: '' മരണമടഞ്ഞവരുടെ കൂട്ടത്തില്‍ ജനാധിപത്യവും ഉള്‍പ്പെടുത്തണം. ജനാധിപത്യവും ഇവിടെ മരിച്ചിരിക്കുന്നു.'' സ്പീക്കര്‍ ഇടിവെട്ടേറ്റ പോലെ നോക്കി നില്‍ക്കെ സ്വാമി പാര്‍ലമെന്റിന് പുറത്തേക്ക് വന്നു, ഡെല്‍ഹിയില്‍ നിന്ന് ബോംബെയ്ക്ക് പോയി അവിടെ നിന്ന് നേപ്പാളിലേക്കും.

പോലീസിന്റെ ശൗരവ്യവും വീര്യവും മിക്കപ്പോഴും സാധാരണക്കാരുടെ നേരെയായിരിക്കും. കേരളത്തില്‍ അടുത്തിടെ മോന്‍സണ്‍ മാവുങ്കല്‍ എന്ന തട്ടിപ്പുകാരന്‍ എത്ര വിദഗ്ദമായാണ് ഡിജിപി ഉള്‍പ്പൈടെയുള്ളവരെ പറ്റിച്ചതെന്നോര്‍ക്കുക. ഈ പോലിസ് ഉദ്യോഗസ്ഥര്‍ക്കൊന്നും തന്നെ ഒരു തരത്തിലുള്ള അച്ചടക്ക നടപടികളും നേരിടേണ്ടി വന്നിട്ടില്ല. പാര്‍ട്ടിക്കും ഭരണത്തിനുമിടയില്‍ ഒരു തരത്തിലുള്ള അകലവുമില്ലാതാവുമ്പോള്‍ കരുണാകരന്റെ പോലിസും പിണറായിയുടെ പോലിസും ഒന്നാവുന്നു. അവിടെ ഭരണകൂടത്തിന്റെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ മാത്രമേയുള്ളു. കേരള പോലിസിലുള്ള ആര്‍എസ്എസ് ഗ്യങ്ങാണ് പോലിസിന്റെ നിരുത്തരവാദപരമായ സമീപനത്തിന് കാരണമെന്ന് സിപിഐ നേതാവ് ആനി രാജ പറഞ്ഞപ്പോള്‍ അവരെ ഒറ്റപ്പെടുത്താനാണ് സഖാക്കള്‍ കൂട്ടത്തോടെ രംഗത്തെത്തിയത്. ഒരര്‍ത്ഥത്തില്‍ പോലിസും ഉദ്യോഗസ്ഥ വൃന്ദവും പാറ്റകളെപ്പേലെയാണ്. ആണവ യുദ്ധം പോലും അതിജിവിക്കുന്നവരാണ് പാറ്റകള്‍ എന്ന് പറയാറുണ്ട്. ഏത് പാര്‍ട്ടി അധികാരത്തിലെത്തിയാലും പോലിസും ഉദ്യോഗസ്ഥ സംവിധാനത്തിനും മാറ്റമുണ്ടാവുന്നില്ല. കരുണാകരനും പിണറായിക്കുമിടയില്‍ അതിര്‍വരമ്പുകള്‍ ഇല്ലാതാവുന്നത് ജനാധിപത്യത്തിന്റെ ശോഷണമാണ് സൂചിപ്പിക്കുന്നത്.

k damodaran
കെ. ദാമോദരന്‍: ഫയല്‍ ഫോട്ടോ: പുനലൂര്‍ രാജന്‍, മാതൃഭൂമി

നീണ്ട 34 വര്‍ഷത്തെ ഭരണത്തിനു ശേഷം സിപിഎമ്മിന് 2011 ല്‍ ബംഗാള്‍ കൈവിട്ടുപോയപ്പോള്‍ പാര്‍ട്ടി സൈദ്ധാന്തികനും ജ്യോതിബസു സര്‍ക്കാരില്‍ ധനമന്ത്രിയുമായിരുന്ന അശോക് മിത്ര ദ ടെലഗ്രാഫില്‍ എഴുതിയ ഒരു ലേഖനമുണ്ട്. ഈ ലേഖനം വാസ്തവത്തില്‍ കേരളത്തിലെ സിപിഎം നേതാക്കള്‍ ഇന്നിപ്പോള്‍ ഒന്ന് മനസ്സിരുത്തി വായിക്കുന്നത് നന്നായിരിക്കും. പാര്‍ട്ടിക്ക് ജനങ്ങളുമായുള്ള ബന്ധം അറ്റുപോയതിനെക്കുറിച്ച് മിത്ര അതില്‍ സസൂക്ഷമം വിലയിരുത്തുന്നുണ്ട്. ആ ലേഖനം മിത്ര അവാസാനിപ്പിക്കുന്നത് ഇങ്ങനെയാണ് : ''കാര്യങ്ങള്‍ ഇങ്ങനെ തുറന്നെഴുതുന്നതിന് ആരോടും മാപ്പ് ചോദിക്കുന്നില്ല. സഖാക്കളേ, ഇതിനെയല്ലേ നമ്മള്‍ ആത്മ വിമര്‍ശം എന്ന് വിളിക്കുന്നത് ? ''

അധികാരം നിലനിര്‍ത്തുക എന്ന ഒരേയൊരു ലക്ഷ്യമായിരുന്നു 1958ലെ വെടിവെയ്പിനെ ന്യായീകരിക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചതെന്ന് കെ ദാമോദരന്‍ പറഞ്ഞതും നമ്മള്‍ ഓര്‍ക്കണം. മിത്രയുടെ ലേഖനവും കെ ദാമോദരന്റെ വാക്കുകളും കണ്ണാടികളാണ്. സിപിഎമ്മിന് നേര്‍ക്ക് തിരിച്ചു പിടിച്ച കണ്ണാടി. ഇങ്ങനെയൊരു കണ്ണാടി ഉയര്‍ത്താന്‍ കേരളത്തിലെ സിപഎമ്മില്‍ ഇപ്പോള്‍ ആരുമില്ലെന്നതാണ് പാര്‍ട്ടി നേരിടുന്ന ദുര്യോഗം.

വഴിയില്‍ കേട്ടത്: അയോദ്ധ്യ വിധി പ്രഖ്യാപിച്ചതിനു ശേഷം അന്ന് രാത്രിയില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ വിരുന്നിന് പോയെന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്. വിധി പറഞ്ഞ സഹജഡ്ജിമാര്‍ക്ക് ഭക്ഷണത്തിന് പുറമെ ആ ഹോട്ടലില്‍ ലഭ്യമായിരുന്നതില്‍ ഏറ്റവും മുന്തിയ വൈനും വാങ്ങിക്കൊടുത്തെന്ന് ' ജസ്റ്റിസ് ഫോര്‍ ജഡ്ജ് ' എന്ന ആത്മകഥയില്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്.
യുവര്‍ ഓണര്‍ , ലേശം ' ഉളുപ്പ് !'

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022

More from this section
Most Commented