സോണിയയെ കാണാൻ മമത ബാനർജി എത്തിയപ്പോൾ| ഫോട്ടോ: പി.ടി.ഐ
മനുഷ്യരാണ് ചരിത്രം നിര്‍മ്മിക്കുന്നത്. ' In Defense of the Human Being ' എന്ന ശ്രദ്ധേയ ഗ്രന്ഥത്തിന്റെ രചയിതാവും ജര്‍മ്മന്‍ ദാര്‍ശനികനുമായ തോമസ് ഫുക്സിന്റെ വാക്കുകള്‍ ഏറെ പ്രസക്തമാണ്: '' ഉത്തരവാദിത്വം എന്ന് പറയുന്നത് സാങ്കേതികമല്ല, കൃത്രിമ ബുദ്ധിക്ക് വിട്ടുകൊടുക്കേണ്ട സംഗതിയല്ല അത്. ഈ ലോകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കഴിവുള്ള ഒരേയൊരു ജീവി വര്‍ഗ്ഗം മനുഷ്യരാണ്.'' ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്ത് ചെയ്യണം. അങ്ങിനെ ചെയ്യാതിരുന്നതിനെയാണ് മുന്‍ ബംഗാള്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന ജ്യോതി ബസു ' ചരിത്രപരമായ മണ്ടത്തരം' എന്ന് വിളിച്ചത്. 1996 ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി പദം കപ്പിനും ചുണ്ടിനുമിടയിലാണ് ബസുവിന് നഷ്ടമായത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു അഭിമുഖത്തില്‍ പത്രപ്രവര്‍ത്തകനായ ശേഖര്‍ ഗുപ്ത ചോദിച്ചപ്പോള്‍ ബസു പറഞ്ഞത് ആ പഴയ അഭിപ്രായത്തില്‍ താന്‍ ഉറച്ചു നില്‍ക്കുകയാണെന്നാണ്.
അന്ന് സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍സിങ് സുര്‍ജിത് ബസുവിനെ പ്രധാനമന്ത്രിയാക്കാം എന്ന കോണ്‍ഗ്രസ് നിര്ദ്ദേശത്തിനൊപ്പമായിരുന്നു. പക്ഷേ, പ്രകാശ് കാരാട്ടും യെച്ചൂരിയും അടക്കമുള്ള 'കടുംപിടിത്തക്കാര്‍ ' ബസുവിനെ വെട്ടി. വെറും 32 എംപിമാരെ വെച്ച് ഭരിക്കാന്‍ പോയാല്‍ പാര്‍ട്ടിക്ക് ഇഷ്ടമില്ലാത്ത പലതും ചെയ്യേണ്ടി വരുമെന്നും അതുകൊണ്ടുതന്നെ ഭരണം തല്ക്കാലം വേണ്ടെന്നുമായിരുന്നു കാരാട്ടിന്റെയും യെച്ചൂരിയുടെയും ലൈന്‍. സിപിഎം കേന്ദ്ര കമ്മിറ്റിയിലും പോളിറ്റ് ബ്യൂറൊയിലും ഈ നിലപാടിനായിരുന്നു മുന്‍തൂക്കം. പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് രാജിവെയ്ക്കാനൊരുങ്ങിയ സുര്‍ജിത്തിനെ അത്യധികം പ്രയാസപ്പെട്ടാണ് അടക്കി നിര്‍ത്തിയതെന്ന് ബസു തന്നെ പിന്നീട് പറഞ്ഞു. പിന്നീടൊരിക്കലും സിപിഎമ്മിനെ തേടി ഇങ്ങനെയൊരു ചരിത്ര നിമിഷം വന്നിട്ടില്ല. ഇനിയിപ്പോള്‍ അങ്ങിനെയൊരു നിമിഷം പിറക്കുമെന്ന് എം എ ബേബിയോ വിജയരാഘവനോ പോലും കരുതുന്നുണ്ടാവില്ല.
പക്ഷേ, ഇപ്പോള്‍ ഇന്ത്യയില്‍ മറ്റൊരു പാര്‍ട്ടി ചരിത്രവുമായി മുഖാമുഖം നില്‍ക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ പാര്‍ട്ടിയായ കോണ്‍ഗ്രസ്. നരേന്ദ്ര മോദി നേതൃത്വം നല്കുന്ന ബിജെപി 2024 ല്‍ മൂന്നാം വട്ടവും ഇന്ദ്രപ്രസ്ഥം പിടിക്കാന്‍ കച്ച കെട്ടുമ്പോള്‍ കാലവും ചരിത്രവും കോണ്‍ഗ്രസിനെ ഉറ്റുനോക്കുകയാണ്. ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ ആര് എസ് എസ്സിന്റെയും ബിജെപിയുടെയും യാഗാശ്വത്തെ പിടിച്ചുകെട്ടാന്‍ ബംഗാളില്‍ നിന്നും മമത ബാനര്‍ജി അങ്കം കുറിക്കുമ്പോള്‍ തുണ നില്ക്കാന് കോണ്‍ഗ്രസിനാവുമോ എന്നതാണ് ചോദ്യം. 25 കൊല്ലം മുമ്പ് സിപിഎമ്മിന് വെച്ചു നീട്ടിയതുപോലൊരു ഓഫര്‍ തൃണമൂലിനും മമതയ്ക്കും നല്കാന് കോണ്‍ഗ്രസ് തയ്യാറായാല്‍ അതൊരു ചരിത്ര മുഹൂര്‍ത്തമാവും.
ജ്യോതി ബസുവാകട്ടെ അടുത്ത പ്രധാനമന്ത്രി എന്ന് കോണ്‍ഗ്രസ് തീരുമാനിച്ചത് 96 ലെ തിരഞ്ഞെടുപ്പിന് ശേഷമാണ്. 140 സീറ്റാണ് അന്ന് കോണ്‍ഗ്രസിന് ലോിക്സഭയില് കിട്ടിയത്. ബിജെപിക്ക് 161 ഉം. തനിച്ച് ഭൂരിപക്ഷമില്ലാത്ത അവസ്ഥയില്‍ യുണൈറ്റഡ് ഫ്രണ്ട് എന്ന മുന്നണിക്ക് കീഴിലാവാം ഭരണമെന്നും അധികാരത്തില്‍ പങ്കുചേരാതെ പുറത്ത് നിന്ന് പിന്തുണ കൊടുക്കാമെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട്. സാധാരണ നിലയില്‍ തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷമാണ് മുന്നണി സംവിധാനത്തില്‍ പ്രധാനമന്ത്രിയെ നിശ്ചയിക്കുക. പക്ഷേ, 1996 അല്ല 2021. വാജ്പേയിയുടെയും അദ്വാനിയുടെയും ബിജെപിയല്ല മോദിയുടെയും അമിത് ഷായുടെയും ബിജെപി. മോദിയെ മുന്നില്‍ നിര്‍ത്തി ഒരു പ്രസിഡന്‍ഷ്യല്‍ മോഡല്‍ തിരഞ്ഞെടുപ്പാണ് കഴിഞ്ഞ രണ്ട് ലോക്സഭ തിരഞ്ഞെടുപ്പിലും ബിജെപി പയറ്റിയത്. മോദിക്ക് ബദല്‍ ആര് എന്നാണ് ചോദ്യം. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയ ബദല്‍ രാഹുല്‍ ഗാന്ധി ആയിരുന്നു. 2014 ല്‍ 44 സീറ്റുകളും 2019 ല്‍ 52 സീറ്റുകളും ആണ് ഈ ബദല്‍ ലോക്സഭയില്‍ നേടിയത്. 2019 ലെ തിരിച്ചടിയെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച രാഹുല്‍ ഇപ്പോള്‍ ഒരു തരത്തിലുള്ള ഉത്തരവാദിത്വവും പാര്‍ട്ടി സംഘടന സംവിധാനത്തില്‍ വഹിക്കുന്നില്ല.
മോദിക്ക് ബദല്‍

മോദിക്ക് ഒരു ബദല്‍ വേണം എന്ന തിരിച്ചറിവിലാണ് കോണ്‍ഗ്രസിനുള്ളില്‍ 23 നേതാക്കള്‍ പാര്‍ട്ടിക്ക് മുഴുവന്‍ സമയ പ്രസിഡന്റ് വേണമെന്ന ആവശ്യം ഉയര്‍ത്തിയത്. പാര്‍ട്ടിയുടെ അദ്ധ്യക്ഷയായി താനിവിടെയുണ്ടെന്ന സോണിയ ഗാന്ധിയുടെ മറുപടി ജി 23 നെ തത്ക്കാലത്തേക്ക് നിശ്ശബ്ദരാക്കിയിട്ടുണ്ടെന്നല്ലാതെ മോദിയുടെ ബദല്‍ ആരെന്ന ചോദ്യത്തിനുള്ള ഉത്തരമാവുന്നില്ല. ഇവിടെയാണ് മമതയുടെ രംഗപ്രവേശം പ്രസക്തമാവുന്നത്. ഗുജറാത്തിന്റെ മുഖ്യമന്ത്രി പദത്തില്‍ നിന്നാണ് മോദി ഇന്ത്യയുടെ ഭരണ സിരാകേന്ദ്രത്തിലേക്കെത്തിയത്. ആര്‍എസ്എസ്സിന്റെ ആശിര്‍വ്വാദത്തോടെ എല്‍ കെ അദ്വാനിയെ ഒതുക്കിക്കൊണ്ടുള്ള വരവില്‍ മോദിക്ക് ഹിന്ദുത്വ അകമ്പടിയായി. സാമ്പത്തിക മേഖലകളില്‍ വലിയ തിരിച്ചടി നേരിട്ടിട്ടും കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ വീണ്ടും വിജയിച്ചുകയറാന്‍ മോദിക്കായി. മോദി അജയ്യനാണ് എന്ന പ്രതീതി പക്ഷേ, ഇക്കഴിഞ്ഞ ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ തകര്‍ന്നു തരിപ്പണമായി. അടുത്തിടെ ഒരു നിയമസഭ തിരഞ്ഞെടുപ്പിലും ഇത്രയധികം സന്നാഹങ്ങളുമായി മോദി നേരിട്ട് പടയ്ക്കിറങ്ങിയിരുന്നില്ല. 294 അംഗ നിയമസഭയില്‍ 200 സീറ്റിലധികം പിടിക്കുമെന്നാണ് മോദിയുടെ മുഖ്യ അപ്പസ്തോലനായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വീരവാദം മുഴക്കിയത്. ഖേല ഹോബ് ( കളി മുന്നോട്ട് ) എന്ന മുദ്രാവാക്യവുമായി മമത ബാനര്‍ജി മോദിയുടെയും ഷായുടെയും പടപ്പുറപ്പാടിനെ വെല്ലുവിളിക്കുകയും ആ പോരാട്ടത്തില്‍ വന്‍ വിജയം നേടുകയും ചെയ്തു.
മമത ബാനര്‍ജിയുടെ അടുത്ത ലക്ഷ്യം ചെങ്കോട്ടയാണ്. രാഷ്ട്രം തൃണമൂലിനെ വിളിക്കുകയാണെന്നാണ് മമത അടുത്തിടെ പാര്‍ട്ടി മുഖ പത്രമായ ' ജാഗൊ ബംഗള' യില്‍ എഴുതിയത്. മമതയുടെ വാക്കുകളിലേക്ക് : '' ദേശീയ തലത്തില്‍ ബിജെപിയെ നേരിടുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടിരിക്കുന്നു. അതാണ് യാഥാര്‍ത്ഥ്യം. ഡെല്‍ഹിയിലെ രാഷ്ട്രീയ ഭൂമികയില്‍ ഇപ്പോള്‍ പേടിപ്പെടുത്തുന്ന ഒരു ശൂന്യതയുണ്ട്.'' ഈ ശൂന്യത നികത്തുക എന്ന ലക്ഷ്യമാണ് ഇപ്പോള്‍ മമതയെ നയിക്കുന്നത്. ഈ പോരാട്ടത്തില്‍ കോണ്‍ഗ്രസ് തന്റെ കൂടെ നിലയുറപ്പിക്കും എന്ന പ്രതീക്ഷ ആദ്യ ഘട്ടത്തില്‍ മമതയ്ക്കുണ്ടായിരുന്നു. ബംഗാളില്‍ മൂന്നാം വട്ടം മുഖ്യമന്ത്രിയായ ശേഷം ഇക്കഴിഞ്ഞ ജൂലായില്‍ ഡെല്‍ഹിയിലെത്തിയപ്പോള്‍ മമത കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെയും മകനും എംപിയുമായ രാഹുല്‍ ഗാന്ധിയെയും കണ്ടിരുന്നു. മമതയുടെ രാഷ്ട്രീയ ഉപദേശകന് പ്രശാന്ത് കിഷോറും കോണ്‍ഗ്രസ് നേതൃത്വവുമായി പല വട്ടം ചര്‍ച്ചകള്‍ നടത്തി. പക്ഷേ, കാലത്തിന്റെ ചുവരെഴുത്തുകള്‍ കൃത്യമായി വായിക്കുന്നതിന് പകരം മമതയെ ഒരു ഭീഷണിയായും പ്രശാന്ത് കിഷോറിനെ ബിജെപിയുടെ ട്രോജന്‍ കുതിരയായും കാണാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
മമത എന്ന സ്ട്രീറ്റ് ഫൈറ്റര്‍
മമത ബാനര്‍ജി അടിസ്ഥാനപരമായി ഒരു ' സട്രീറ്റ് ഫൈറ്റര്‍ ' ആണ്. ബംഗാളില്‍ കോണ്‍ഗ്രസ് നേതാവായിരിക്കെ 1993 ജനുവരി ഏഴിന് മമത നയിച്ച ഒരു പ്രക്ഷോഭം ഇപ്പോഴും രാഷ്ട്രീയ നിരീക്ഷകര്‍ അനുസ്മരിക്കാറുണ്ട്. സിപിഎമ്മിന്റെ എക്കാലത്തേയും വലിയ നേതാക്കളിലൊരാളയ ജ്യോതി ബസു ആയിരുന്നു അന്ന് ബംഗാള്‍ മുഖ്യമന്ത്രി. സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ മമത അന്ന് പ്രതികരിച്ചത് കൊല്ക്കെത്തയിലെ റൈറ്റേഴ്സ് ബില്‍ഡിങ്ങില്‍ മുഖ്യമന്ത്രി ബസുവിന്റെ ഓഫിസിന് പുറത്ത് കുത്തിയിരുന്നുകൊണ്ടാണ്. സമരം തുടങ്ങുമ്പോള്‍ ബസു ഓഫീസിലുണ്ടായിരുന്നില്ല. ഉച്ച ഭക്ഷണത്തിനായി അദ്ദേഹം വീട്ടിലായിരുന്നു. ഭക്ഷണം കഴിഞ്ഞ് ഓഫീസിലേക്ക് തിരിച്ച ബസുവിനോട് പോലീസ് ഓഫീസര്‍മാര്‍ തത്ക്കാലം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലേക്ക് പോകാന്‍ അഭ്യര്‍ത്ഥിച്ചു. പക്ഷേ, ജ്യോതി ബസു വഴങ്ങിയില്ല. ബംഗാളിന്റെ മുഖ്യമന്ത്രി താനാണെങ്കില്‍ താന്‍ മറ്റെങ്ങും പോവില്ലെന്നും തന്റെ ഓഫീസിലേക്ക് തന്നെ പോവുമെന്നുമായിരുന്നു ബസുവിന്റെ നിലപാട്.
മനീഷ് ഗുപ്ത എന്ന ഐ എ എസ് ഓഫീസറായിരുന്നു അന്ന് ബംഗാളിലെ ചീഫ് സെക്രട്ടറി. മമതയെ സെക്രട്ടറിയേറ്റില്‍ നിന്ന് ഒഴിപ്പിക്കാനുള്ള ദൗത്യത്തിന് അദ്ദേഹം തന്നെ മുന്നിട്ടിറങ്ങി. സമരത്തില്‍ നിന്നും പിന്മാറില്ലെന്ന് വാശിപിടിച്ച മമതയെ പോലിസ് ഒടുവില്‍ ബലം പ്രയോഗിച്ചാണ് നീക്കിയത്. മുഖ്യമന്ത്രിയുടെ ഓഫിസിനു മുന്നില്‍ നിന്ന് മമതയെ തലമുടിക്ക് കുത്തിപ്പിടിച്ച് പുറത്തേക്ക് കൊണ്ടുപോവുന്ന കാഴ്ച അടുത്ത ദിവസത്തെ പത്രങ്ങളില്‍ ഇടംപടിച്ചു. മമത പക്ഷേ, അന്നൊരു പ്രതിജ്ഞയെടുത്തു. അതിനും നാല് വര്‍ഷം മുമ്പ് ചെന്നൈയില്‍ ജയലളിത എടുത്തതുപോലൊരു പ്രതിജ്ഞ. തമിഴ്നാട് നിയമസഭയില്‍ 1989 ല്‍ ഡിഎംകെ അംഗങ്ങളുടെ കൈയ്യേറ്റത്തിന് വിധേയയായപ്പോള്‍ ഇനി നിയമസഭയിലേക്ക് വരുന്നത് മുഖ്യമന്ത്രിയായിട്ടായിരിക്കും എന്നായിരുന്നു ജയലളിതയുടെ പ്രതിജ്ഞ. ജ്യോതി ബസുവിന്റെ കസേരയില്‍ ഒരു ദിവസം താനുമിരിക്കും എന്നാണ് 1993 ജനുവരി ഏഴിന് മമത മനസ്സില്‍ കുറിച്ചിട്ടത്. 18 വര്‍ഷങ്ങള്‍ക്ക് ശേഷം 2011 ല്‍ മമതയുടെ പ്രതിജ്ഞ നിറവേറി. അന്ന് സെക്രട്ടറിയേറ്റില്‍ നിന്നും മമതയെ ഒഴിപ്പിക്കുന്നതിന് നേതൃത്വം നല്കിയ മനിഷ് ഗുപ്ത ഇന്നിപ്പോള്‍ മമതയുടെ പാര്‍ട്ടിയിലുണ്ട്. 2011 ല്‍ അന്നത്തെ മുഖ്യമന്ത്രി ബുദ്ധദേബിനെതിരെ ജാദവ്പൂര്‍ മണ്ഡലത്തില്‍ മമത കളത്തിലിറക്കിയത് ഇതേ മനിഷ് ഗുപ്തയെയാണ്.
അടുത്തിടെ സിബിഐ സംഘം കൊല്‍ക്കൊത്ത പോലിസ് കമ്മീഷണര്‍ രാജിവ് കുമാറിനെ കസ്റ്റഡിയിലെടുക്കാന്‍ എത്തിയപ്പോള്‍ മമത അതിനെതിരെ ധര്‍ണ്ണ ഇരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ സിബിഐക്ക് ബംഗാളില്‍ ഇടപെടാനാവില്ല എന്നായിരുന്നു മമതയുടെ നിലപാട്. സംസ്ഥാന ചീഫ് സെക്രട്ടറിയായിരുന്ന ആലാപന്‍ ബന്ദോപാദ്ധ്യായയെ കേന്ദ്ര സര്‍ക്കാര്‍ ഡെല്‍ഹിയിലേക്ക് ഡെപ്യൂട്ടേഷനില്‍ കൊടണ്ടുപോവാന് ശ്രമിച്ചപ്പോഴും മമത അതിനെ നേര്‍ക്ക് നേര് നേരിട്ടു. ബംഗാളില്‍ നാശം വിതച്ച യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രധാനമന്ത്രി മോദി വിളിച്ച യോഗത്തില്‍ നിന്ന് മമതയും ചീഫ് സെക്രട്ടറിയും വിട്ടു നിന്നതാണ് ചിഫ് സെക്രട്ടറിക്കെതിരെ നീങ്ങാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. കേന്ദ്ര നീക്കത്തില്‍ പ്രതിഷേധിച്ച് രാജിവെച്ച ആലാപനെ തന്റെ സര്‍ക്കാരിന്റെ ഉപദേഷ്ടാവായി നിയമിച്ചുകൊണ്ട് മോദി സര്‍ക്കാരിനെതിരെയുള്ള പോരാട്ടത്തില്‍ മമത സ്കോര്‍ ചെയ്തു. അന്ന് കൊല്ക്കെത്തയില് നടത്തിയ പത്ര സമ്മേളനത്തില്‍ മമത മോദിയെ പരസ്യമായി വെല്ലുവിളിച്ചു : '' Are they bonded labourers? There are many Bengali cadre officers at the Centre. Can I recall them without consultation, Mr prime minister, Mr busy prime Minister, Mr Mann-ki-baat prime minister?' മിസ്റ്റര്‍ മന് കി ബാത്ത് പ്രധാനമന്ത്രി എന്ന വിളിയിലൂടെ മോദി സര്‍ക്കാരിന്റെ അടിസ്ഥാനപരമായ ജനാധിപത്യ വിരുദ്ധതയാണ് മമത തുറന്നു കാട്ടിയത്.
കോണ്‍ഗ്രസ് പിന്തുണ അനിവാര്യം
മോദിയെ നേരിടാന്‍ ഇന്നിപ്പോള്‍ പ്രതിപക്ഷത്തിന്റെ കൈയ്യിലുള്ള ഏറ്റവും മൂര്‍ച്ചയേറിയ ആയുധമാണ് മമത എന്നതില്‍ സംശയമില്ല. അരവിന്ദ് കെജ്രിവാളിനോ, മായാവതിക്കോ, അഖിലേഷ് യാദവിനോ എന്തിന് എന്‍സിപി നേതാവ് ശരദ് പവറിനോ പോലും ഇന്നിപ്പോള്‍ മമതയ്ക്ക് പകരം നില്‍ക്കാനാവില്ല. വടക്കും തെ്ക്കുമുള്ള പ്രതിപക്ഷ നേതാക്കളുമായി കോണ്‍ഗ്രസ് നേതൃത്വത്തിനേക്കാള്‍ അടുപ്പവും ബന്ധവും മമതയ്ക്കുണ്ടെന്നതും കാണാതിരിക്കരുത്. തമിഴകത്തെ എം കെ സ്റ്റാലിനും ആന്ധ്രയിലെ ജഗന് മോഹനും ഒഡിഷയിലെ നവീന്‍ പട്നായിക്കും മമതയുടെ സൗഹൃദ വലയത്തിലുള്ളവരാണ്. മഹാരാഷ്ട്രയില്‍ ഇപ്പോള്‍ മമത നടത്തിക്കൊണ്ടിരിക്കുന്ന സന്ദര്‍ശനവും ഈ വലയം വിപുലമാക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്.
മോദിക്കെതിരെയുള്ള പോരാട്ടത്തില്‍ പക്ഷേ, മമതയെ സംബന്ധിച്ചിടത്തോളം ഏറ്റവും നിര്‍ണ്ണായകം കോണ്‍ഗ്രസ് എടുക്കുന്ന നിലാപാടാണ്. ഗുജറാത്തല്ല ഇന്ത്യ എന്നു പറയുന്നതു പോലെ തന്നെയാണ് ബംഗാളല്ല ഇന്ത്യ എന്ന് പറയുന്നതും. ബംഗാളിലെ 42 സീറ്റില്‍ 42 ഉം പിടിച്ചാലും കോണ്‍ഗ്രസിന്റെ പിന്തുണയില്ലാതെ മമതയ്ക്ക് ഇന്ദ്രപ്രസ്ഥം പിടിക്കാനാവില്ല. ചുരുങ്ങിയത് 200 ലോക്സഭാ സീറ്റിലെങ്കിലും ഇപ്പോഴും ബിജെപിയുടെ മുഖ്യ എതിരാളി കോണ്‍ഗ്രസാണ്. ഇവിടെയാണ് കോണ്‍ഗ്രസ് എന്ന ഇന്ത്യയിലെ ഏറ്റവും പ്രമുഖ പ്രതിപക്ഷ പാര്‍ട്ടി യാഥാര്‍ത്ഥ്യവുമായി മുഖാമുഖം നില്‍ക്കേണ്ടത്. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ചരിത്രപരമായിരിക്കും. മോദിയും ബിജെപിയും ഒരു വട്ടം കൂടി അധികാരത്തിലെത്തിയാല്‍ ആ ആഘാതത്തില്‍ നിന്ന് കരകയറാന്‍ ചിലപ്പോള്‍ കോണ്‍ഗ്രസിന് കഴിഞ്ഞെന്നു വരില്ല.
അതി വിശാലമായൊരു പ്രതിപക്ഷ നിരയ്ക്ക് രൂപം കൊടുത്തുകൊണ്ടു മാത്രമേ ഈ പോരാട്ടത്തില്‍ കോണ്‍ഗ്രസിന് മോദിയെയും ബിജെപിയേയും മറികടക്കാനാവുകയുള്ളു. ഈ പ്രതിപക്ഷ നിര യാഥാര്‍ത്ഥ്യമാവണമെങ്കില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്കൊരുങ്ങണം. മഹാരാഷ്്രടയില്‍ ബിജെപിക്കെതിരെ നടത്തിയ വിജയകരമായ പരീക്ഷണം കോണ്‍ഗ്രസിന് മുന്നിലുണ്ട്. 1990 ല്‍ ചന്ദ്രശേഖറിനും 96 ല്‍ ദേവ ഗൗഡയ്ക്കും 97 ല്‍ ഗുജ്റാളിനും പ്രധാനമന്ത്രി പദം വിട്ടുകൊടുത്തതും കോണ്‍ഗ്രസ് ഓര്‍ക്കണം. മമതയെ ശത്രു നിരയിലേക്കല്ല യുപിഎ എന്ന പ്രതിപക്ഷ നിരയിലേക്കാണ് കോണ്‍ഗ്രസ് കൊണ്ടുവരേണ്ടത്. ഈ പ്രതിപക്ഷ നിരയുടെ നേതൃത്വം കോണ്‍ഗ്രസിനായിരിക്കും .
യുപിഎ നിലിവിലില് ഇല്ലെന്നും പുതിയൊരു പ്രതിപക്ഷ നിരയ്ക്ക് രൂപം നല്‍കണമെന്നുമാണ് മമത കഴിഞ്ഞ ദിവസം ശരദ് പവാറുമായി മുംബൈയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞത്. മമതയുടെ ഈ വാക്കുകള്‍ കോണ്‍ഗ്രസ് ആത്മവിമര്ശനപരമായിട്ടാവണം കാണേണ്ടത്. യുപിഎ ഇപ്പോഴില്ല എന്ന് മമത പറഞ്ഞത് ശരിയാണ്. 2014 ന് ശേഷം യുപിഎയുടെ ഒരു യോഗം പോലും ചേര്‍ന്നിട്ടില്ല. പ്രതിപക്ഷ കക്ഷികളുടെ യോഗം സോണിയ ഗാന്ധിയോ രാഹുലോ വിളിക്കുന്നത് യുപിഎയുടെ പേരിലല്ല കോണ്‍ഗ്രസിന്റെ മേല്‍വിലാസത്തിലാണ്. പുതിയൊരു പ്രതിപക്ഷ നിര എന്ന് മമത പറയുമ്പോള്‍ അത് കോണ്‍ഗ്രസ് ഇതര മുന്നണി എന്ന അര്‍ത്ഥത്തിലല്ലെന്നും തൃണമൂല്‍ കൂടി ഉള്‍പ്പെട്ട സഖ്യം എന്ന വിവക്ഷയിലാണെന്നും കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിയണം. ഈ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായാണ് കോണ്‍ഗ്രസ് മമതയെ കൊണ്ടുവരേണ്ടത്.
സ്വാമി മമതയെ പ്രശംസിക്കുമ്പോള്‍
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം ഒരിക്കലും എളുപ്പമാവില്ല. നെഹ്രു കുടുംബത്തില്‍ നിന്നൊരാള്‍ അല്ല യുപിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്നത് അത്ര പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കോണ്ഗ്രസിനാവണമെന്നില്ല. പക്ഷേ, ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ വൈകുന്ന ഓരോ നിമിഷത്തിനും കോണ്‍ഗ്രസ് നല്കുന്ന വില വളരെ വലുതായിരിക്കും. അടുത്തിടെ കോണ്‍ഗ്രസില്‍ നിന്ന് തൃണമൂലിലേക്കെത്തിയ നേതാക്കളുടെ എണ്ണമെടുത്താല്‍ ഒരു പക്ഷേ, കോണ്‍ഗ്രസിന് കാര്യങ്ങളുടെ പോക്ക് പിടികിട്ടും. മഹിള മോര്‍ച്ച നേതാവ് സുഷ്മിത ദേബ്, ഗോവ മുന്‍ മുഖ്യമന്ത്രി ലുസിഞ്ഞൊ ഫലിറിയൊ, ഹരിയാനയില്‍ നിന്നും അശോക് തന്‍വാര്‍, കീര്‍ത്തി ആസാദ് എന്നിവര്‍ തൃണമൂലിലേക്ക് പോയത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് ആലോചിക്കണം. മേഘാലയയില്‍ 17 എംഎല്‍എമാരില്‍ 12 പേരും മുന്‍ മുഖ്യമന്ത്രി മുകുല്‍ സംഗ്മയ്ക്കൊപ്പം പാര്‍ട്ടി വിട്ട് തൃണമൂലിലേയ്ക്ക് ചേക്കേറിയതും കോണ്‍ഗ്രസിന്റെ കണ്ണ് തുറപ്പിക്കണം. ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയും ജനതാ ദള്‍ നേതാവ് പവന് വര്‍മ്മയും മമതയുടെ ക്യാമ്പിലെത്തിയത് കണ്ടില്ലെന്ന് നടിക്കാമെങ്കിലും സംഘപരിവാറുമായി ആത്മബന്ധമുള്ള സുബ്രഹ്മണ്യന് സ്വാമി മമതയ്ക്കായി ബാറ്റ് വീശുന്നത് കോണ്‍ഗ്രസിന് അവഗണിക്കാനാവില്ല.

ലോക്നായക് ജയപ്രകാശ് നാരായണ്‍ , മുന്‍ പ്രധാനമന്ത്രിമാരായ മൊറാര്‍ജി ദേശായി, ചന്ദ്രശേഖര്‍ എന്നിവരോടാണ് സ്വാമി മമതയെ തുലനം ചെയ്യുന്നത്. ഈ നേതാക്കളെ അടുത്തറിഞ്ഞിട്ടുള്ള കക്ഷിയാണ് സ്വാമി. പണ്ട് സോണിയയ്ക്കും ജയലളിതയ്ക്കുമൊപ്പം നിന്നുകൊണ്ട് വാജ്പേയി സര്‍ക്കാരിനെ വീഴ്ത്തിയ ചരിത്രവും സ്വാമിക്കുണ്ട്. ഇരു തലയ്ക്കും മൂര്‍ച്ചയുള്ള കായംകുളം വാളാണ് സ്വാമിയെന്ന് അറിഞ്ഞുകൊണ്ടു തന്നെയാവണം മമത സ്വാമിയെ കൂടെക്കൂട്ടുന്നത്. വരുന്ന ഏപ്രിലില്‍ സ്വാമിയുടെ രാജ്യസഭാംഗത്വത്തിന്റെ കാലാവധി കഴിയും. മിക്കവാറും സ്വാമിയുടെ അടുത്ത എംപി സ്ഥാനം മമതയുടെ സമ്മാനമായിരിക്കും. വാജ്പേയിയുമായി സ്വാമിക്കുണ്ടായിരുന്ന ശത്രുത പ്രസിദ്ധമായിരുന്നു. ജയലളിത നിര്‍ബ്ബന്ധം പിടിച്ചിട്ടും സ്വാമിയെ ധന മന്ത്രിയാക്കാന്‍ വാജ്പേയി തയ്യാറായില്ല. മോദിയുമായി സ്വാമിക്ക് വാജ്പേയിയോടുള്ള അകല്ച്ചയുണ്ടായിരുന്നില്ലെങ്കിലും തന്റെ ഉള്ത്തളത്തിലേക്ക് മോദിയും സ്വാമിക്ക് പ്രവേശനം നല്‍കിയില്ല. ബിജെപി ക്യാമ്പിലുള്ള ഏറ്റവും മികച്ച ധന ശാസ്ത്ര വിദഗ്ദനായിട്ടും സ്വാമിയെ ധന മന്ത്രിയാക്കുന്നതില്‍ നിന്ന് മോദിയും വിട്ടു നിന്നു.
സ്വാമിയും മമതയും തമ്മിലുള്ള കൂടിക്കാഴ്ച കോണ്‍ഗ്രസിനുള്ള മുന്നറിയിപ്പ് കൂടിയാണ്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് സ്വാമിയോടുള്ള എതിര്‍പ്പ് പരസ്യമാണ്. സ്വാമിയെ കൂടെക്കൂട്ടാന്‍ മമത ഒരുങ്ങുന്നുവെങ്കില്‍ അതിന്റെയര്‍ത്ഥം കോണ്‍ഗ്രസിനും മമതയ്ക്കുമിടയിലുള്ള അവസാനത്തെ പാലവും ഇല്ലാതാവുന്നുവെന്നാണ്. കോണ്‍ഗ്രസിന്റെ അഗ്നിശമന സേനകള്‍ രംഗത്തിറങ്ങേണ്ടത് ഈ തീപിടിത്തം ഒഴിവാക്കാനാണ്. അഹമ്മദ് പട്ടേലായിരുന്നു കോണ്‍ഗ്രസിന്റെ മുഖ്യ ട്രബിള്‍ ഷൂട്ടര്‍. സോണിയയ്ക്ക് എക്കാലത്തും എന്തിനും വിശ്വസിക്കാനും ആശ്രയിക്കാനും കഴിയുമായിരുന്ന ഒരാള്‍. പട്ടേലിന്റെ അസാന്നിദ്ധ്യം ഒരു പക്ഷേ, സോണിയ ഏറ്റവുമധികം അറിയുന്ന ദിനങ്ങളാവും ഇത്. സോണിയ ഇപ്പോള്‍ ഏറ്റവും അധികം ആശ്രയിക്കുന്നത് മക്കളായ രാഹുലിനെയും പ്രിയങ്കയെയുമാണെന്ന് തോന്നുന്നു. ഒരു പ്രായം കഴിയുമ്പോള്‍ നേതാക്കള്‍ക്ക് കുടുംബത്തോടും മക്കളോടുമുള്ള പ്രിയം കൂടിവരും. മമതയുമായുള്ള അകലം കോണ്‍ഗ്രസ് കുറയ്ക്കുന്നില്ലെങ്കില്‍ ആനന്ദ് ശര്‍മ്മയും മനീഷ് തിവാരിയും അടക്കമുള്ള ജി 23 നേതാക്കളില്‍ പലരും മമതയെ നേതാവായി കാണാനുള്ള സാദ്ധ്യത ഏറെയാണ്.
സ്വാമിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇന്നലെ (1-01-21) മുംബൈയില്‍ മേധ പട്കര്‍, ജാവേദ് അക്തര്‍, സ്വര ഭാസ്കര്‍, മുനവര്‍ ഫറൂഖി എന്നിവരുമായി മമത സംവാദത്തിലേര്‍പ്പെട്ടത്. മമത ഏകാധിപതിയാണെന്ന് വിമര്‍ശിക്കുന്നവര്‍ ഈ കൂടിക്കാഴ്ചയുടെ വീഡിയൊ കാണണം. അധികാരത്തിലെത്തിയാല്‍ യുഎപിഎ എന്ന കരിനിയമത്തോട് എന്താണ് ചെയ്യുക എന്ന സ്വര ഭാസ്കറിന്റെ ചോദ്യത്തിന് മമതയുടെ മറുപടി കൃത്യമാണ്. ''സാധാരണ മനുഷ്യര്‍ക്കെതിരെ ഒരിക്കലും യുഎപിഎ പ്രയോഗിക്കില്ല.'' ബംഗാളില്‍ തന്റെ സര്‍ക്കാര്‍ യുഎപിഎ പ്രയോഗിച്ചിട്ടുണ്ടോ എന്ന മമതയുടെ ചോദ്യത്തിന് സദസ്സിലുണ്ടായിരുന്ന ഒരു ബംഗാളി സ്വദേശി പറഞ്ഞത് ഓര്‍മ്മയില്‍ ഒന്നും വരില്ലെന്നാണ്. ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തില്‍ തങ്ങള്‍ മമതയ്ക്കൊപ്പമുണ്ടെന്ന് സ്വര ഭാസ്കറും മുനവര്‍ ഫറൂഖിയും മേധ പട്കറും പറയുമ്പോള്‍ സ്വാമിക്കും മമതയ്ക്കും ഇടയിലുള്ള അതിര്‍ത്തികളുടെ ചിത്രം കൂടിയാണ് തെളിയുന്നത്.
അര്‍ജുനനായി മമത, കൃഷ്ണനായി രാഹുല്‍
2024 ല്‍ കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെടാതിരിക്കണമെങ്കില്‍ ചുരുങ്ങിയത് 100 സീറ്റീലെങ്കിലും ജയിച്ചേ തീരൂ. നിലവില്‍ അതിനുള്ള ഒരേയൊരു വഴി പ്രതിപക്ഷ ഐക്യമാണ്. പ്രതിപക്ഷത്തെ ഇന്നിപ്പോള്‍ ഒന്നിപ്പിക്കാന്‍ കഴിവുള്ള ഒരു നേതാവുണ്ടെങ്കില്‍ അത് മമതയാണ്. മമതയുടെ ഈ പൊളിറ്റിക്കല്‍ , സോഷ്യല്‍ ക്യാപിറ്റലാണ് കോണ്‍ഗ്രസ് ഏറ്റെടുക്കേണ്ടത്. ഇലക്ടറല്‍ ബോണ്ടുകളും പിഎം കെയേഴ്സ് ഫണ്ടും കോര്‍പറേറ്റുകളും ചേര്‍ന്നുള്ള വലിയൊരു സന്നാഹമാണ് ബിജെപിയുടെയും മോദിയുടെയും കസ്റ്റഡിയിലുള്ളത്. പത്മവ്യൂഹത്തിന് പത്മവ്യൂഹവും കള്ളച്ചൂതിന് കള്ളച്ചൂതും ഒരുക്കണമെങ്കില്‍ ഒരു തരത്തിലുള്ള ഔട്ട്സോഴ്സിങ്ങും ആവശ്യമില്ലാത്ത പാര്‍ട്ടിയാണത്. മേല്‍തട്ടില്‍ പെഗാസസും അടിത്തട്ടില്‍ ആര്‍എസ്എസ്സും വിന്യസിക്കപ്പെടുന്ന അക്ഷൗഹിണി. ഇത്തരമൊരു സേനയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ മമതയെപ്പോലൊരു നേതാവിനെ വേണ്ടെന്നു വെയ്ക്കുന്നത് ആത്മഹത്യാപരമാണെന്ന് കോണ്‍ഗ്രസ് തിരിച്ചറിയണം.

കാര്‍ഷിക നിയമങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധിയോട് വൈകിയാണെങ്കിലും ബിജെപി നടത്തിയ പ്രതികരണം കോണ്‍ഗ്രസിന് പാഠമാവണം. ഒന്ന് പിന്നാക്കം പോവുന്നതാണ് അതിജീവനത്തിന്റെ വഴി തുറക്കുന്നതെങ്കില്‍ പിന്വലിയല് ശരിയായ തിരഞ്ഞെടുപ്പാണ്. മോദിയുടെ താന്‍പോരിമ തത്ക്കാലത്തേക്ക് മാറ്റിവെച്ചുകൊണ്ടാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാം എന്ന സുപ്രധാനമായ തീരുമാനത്തിന് ആര്‍എസ്എസ്സും ബിജെപിയും പച്ചക്കൊടി കാണിച്ചത്. കോര്‍പറേറ്റുകളുടെ അത്യാര്‍ത്തിയല്ല തിരഞ്ഞെടുപ്പിലെ വിജയമാണ് ആദ്യമുണ്ടാവേണ്ടത് എന്ന് ബിജെപിക്ക് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. ''അധികാരം കൊയ്യണം നാമാദ്യം, അതു കഴിഞ്ഞാവട്ടെ പൊന്നാര്യന്‍ '' എന്ന് ഇടശ്ശേരി പാടിയത് വെറുതെയല്ല.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞത് . അന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുല്‍ എഴുതിയ കത്തിലേക്ക് നമുക്കൊന്നു വരാം : '' വ്യക്തിപരമായി , എന്റെ സര്‍വ്വ കഴിവും വിനിയോഗിച്ചാണ് ഞാന്‍ പ്രധാനമന്ത്രിക്കും ആര്‍എസ്എസ്സിനും അവര്‍ പിടിച്ചെടുത്ത സകല സ്ഥാപനങ്ങള്‍ക്കുമെതിരെ പോരാടിയത്. ഞാന്‍ പോരാടി, കാരണം ഞാന്‍ ഇന്ത്യയെ അത്രയധികം സ്നേഹിക്കുന്നു. ഇന്ത്യയെ ഇന്ത്യയാക്കുന്ന ആശയങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നു അത്. പലപ്പോഴും ഈ പോരാട്ടത്തില്‍ ഞാന്‍ പൂര്‍ണ്ണമായും തനിച്ചായിരുന്നു, അതില്‍ ഞാന്‍ അത്യധികം അഭിമാനിക്കുന്നു.''
രാഹുല്‍ ഗാന്ധി അടിസ്ഥാനപരമായി സത്യസന്ധനായ വ്യക്തിയാണ്. ആര്‍എസ്എസ്സിനെതിരെയുള്ള പോരാട്ടത്തില്‍ താന്‍ പലപ്പോഴും പാര്‍ട്ടിക്കുള്ളില്‍ തനിച്ചായിപ്പോയി എന്ന് തുറന്നു പറയുന്ന രാഹുലിന്റെ ആര്‍ജ്ജവം നമ്മള് കാണാതിരിക്കരുത്. ഒരുപക്ഷേ, ഇപ്പോഴും താന്‍ ഒറ്റയ്ക്കാണെന്നുള്ള ബോദ്ധ്യമുള്ളതുകൊണ്ടാവാം രാഹുല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിയെത്താന്‍ മടി കാട്ടുന്നത്. ഇന്ത്യ എന്ന ആശയത്തിന്റെ പ്രസക്തി എന്നത്തേക്കാളും കൂടുതല്‍ ശക്തമായിരിക്കുന്ന സമയമാണിത്. ഈ പരിസരത്തില്‍ നിന്നുകൊണ്ടായിരിക്കണം രാഹുല്‍ മോദിക്കും ബിജെപിക്കുമെതിരെ പുതിയ യുദ്ധ മുഖം തുറക്കേണ്ടത്. ശരിയായ ആയുധങ്ങള്‍ ശരിയായ സമയത്ത് പ്രയോഗിക്കാനറിയുന്ന പാര്‍ത്ഥനാണ് ഇത്തരം യുദ്ധങ്ങളില്‍ മുന്നിരയിലുണ്ടാകേണ്ടത്. 2024 ലെ പോരാട്ടത്തില്‍ യുപിഎയുടെ അര്ജ്ജുനന് മമതയാവട്ടെ! രാഹുല്‍ കൃഷ്ണനും(തിരശീലയ്ക്ക് പിന്നില്‍ പ്രശാന്ത് കിഷോറും). അതൊരു ഗംഭീര സംയുക്തകമായിരിക്കും. കാലവും ചരിത്രവും ഈ ദശാസന്ധിയില്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെടുന്നത് ഇതാണ്. ചരിത്ര നിമിഷം ദാ ... ഇവിടെയുണ്ട്. പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസിന് കഴിയുമോ എന്നതാണ് ചോദ്യം.
വഴിയില്‍ കേട്ടത് : അധികാരം ആവശ്യമില്ലെന്നും ജനങ്ങളെ സേവിച്ചാല്‍ മതിയെന്നും 83 ാം മന് കി ബാത്തില്‍ പ്രധാനമന്ത്രി മോദി. സത്യാനന്തര കാലം എന്നു പറഞ്ഞാല്‍ ദാ... ഇതാണ് സംഗതി !
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..