നാല് യുവതികള്‍ പറയുന്നു: കേരളം ഇപ്പോഴും ഭ്രാന്താലയമാണ് | വഴിപോക്കന്‍


വഴിപോക്കന്‍

* ജാതി, ഇവിടെ ഈ കേരളത്തില്‍ ജീവിക്കുന്ന യാഥാര്‍ത്ഥ്യമാണ്. ജാതിയുടെ സാന്നിദ്ധ്യമില്ലാതെ ഒരു ശരാശരി മലയാളിയുടെ ജീവിതത്തില്‍ ഒരു ദിവസം പോലും കടന്നു പോവുന്നില്ല. നാരായണഗുരു പ്രതിഷ്ഠിച്ച കണ്ണാടിക്ക് മുന്നില്‍ നമ്മള്‍ , കേരളീയര്‍ ഇതാ തീര്‍ത്തും തുറന്നുകാണിക്കപ്പെടുന്നു.

ചിത്ര, അനുപമ, ദീപ, സജിത

മഹാരാഷ്ട്രയിലെ നന്ദെഡില്‍ ഒറ്റമുറി വീട്ടിലാണ് സൂരജ് യെങ്ഡെ പിറന്നുവീണത്. മഴക്കാലത്ത് അമ്മയും അച്ഛനും രാത്രിയില്‍ ഉറങ്ങാറില്ലെന്ന് സൂരജ് മനസ്സിലാക്കുന്നത് പിന്നീടാണ്. മേല്‍ക്കൂരയില്‍ നിന്ന് ഒലിച്ചിറങ്ങുന്ന വെള്ളം മൂന്നു മക്കളുടെ ദേഹത്ത് വീഴാതിരിക്കാന്‍ പാത്രങ്ങളും ബക്കറ്റുകളും മാറി മാറി പിടിക്കുന്നതിനിടയില്‍ സൂരജിന്റെ മാതാപിതാക്കളായ മിളിന്ദും രോഹിണിയും എങ്ങിനെയാണുറങ്ങുക? നന്ദെഡിലെ ആ ഒറ്റമുറി വീട്ടിലേക്ക് ഇപ്പോഴും സൂരജ് ഇടയ്ക്ക് വരാറുണ്ട്. അമേരിക്കയിലെ ഹാര്‍വേര്‍ഡ് സര്‍വ്വകലാശാലയില്‍ ഗവേഷകനായ സൂരജ് യെങ്ഡെ ഇന്നിപ്പോള്‍ ലോകമറിയുന്ന ദളിത് ബുദ്ധിജീവിയാണ്. തന്റെ മുന്‍ഗാമിയായ അംബദ്കറെപ്പോലെ ലണ്ടനിലും അമേരിക്കയിലും ഉന്നത വിദ്യാഭ്യാസം നടത്തിയ സൂരജ് അടുത്തിടെ നന്ദെഡിലെത്തിയപ്പോള്‍ കൂടെ പത്രപ്രവര്‍ത്തകനായ ഫിലിപ് മാര്‍ട്ടിനുമുണ്ടായിരുന്നു. നന്ദെഡ് സര്‍വ്വകലാശാലായില്‍ വിദ്യാര്‍ത്ഥികളുമായി സൂരജ് നടത്തിയ സംഭാഷണം ഉദ്ധരിച്ചുകൊണ്ടാണ് ഈ യാത്രയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഫിലിപ് അവസാനിപ്പിക്കുന്നത്. സംഭാഷണത്തിനിടയില്‍ ഒരു യുവാവ് സൂരജിനോട് ചോദിക്കുന്നു : ''ഞാന്‍ അമേരിക്കയിലെത്തിയാലും എന്റെ ജാതി എന്നെ പിന്തുടരുമോ? '' സൂരജിന്റെ മറുപടി കിറുകൃത്യമാണ്: '' തീര്‍ച്ചയായും, നിഴലുപോലെ .''

അടുത്തിടെ കേരളത്തില്‍ നാല് യുവതികള്‍ - അനുപമ, ദീപ, സജിത, ചിത്ര -വിളിച്ചു പറഞ്ഞത് ഈ സത്യമാണ്. ജാതി, ഇവിടെ ഈ കേരളത്തില്‍ ജീവിക്കുന്ന യാഥാര്‍ത്ഥ്യമാണ്. ജാതിയുടെ സാന്നിദ്ധ്യമില്ലാതെ ഒരു ശരാശരി മലയാളിയുടെ ജീവിതത്തില്‍ ഒരു ദിവസം പോലും കടന്നു പോവുന്നില്ല.

sajith & husband
സജിതയും ഭര്‍ത്താവ് റഹ്മാനും

ആദ്യം നമുക്ക് സജിതയെക്കുറിച്ച് പറയാം. പേര് കൊണ്ട് ഈ യുവതിയെ ഇപ്പോള്‍ ആരും തിരിച്ചറിഞ്ഞെന്നു വരില്ല. പത്ത് കൊല്ലം ഭര്‍ത്താവിന്റെ വീട്ടില്‍ ഒളിച്ചു താമസിക്കേണ്ടി വന്ന പാലക്കാട്ട് അയിലൂര്‍ സ്വദേശിനി എന്ന് പറഞ്ഞാല്‍ ആളെ മനസ്സിലാവും. ദിവ്യ പ്രണയം എന്ന അലങ്കാരമൊക്കെ ചാര്‍ത്തി മാദ്ധ്യമങ്ങള്‍ ആഘോഷിച്ച ഈ യുവതിയെ പത്ത് കൊല്ലം സമൂഹത്തില്‍ അദൃശ്യയാക്കിയത് യഥാര്‍ത്ഥത്തില്‍ ജാതിയായിരുന്നു. തീര്‍ത്തും അടിസ്ഥാനപരമായ ഒരു ചോദ്യത്തില്‍ നിന്ന് നമുക്ക് തുടങ്ങാം. ചെറിയൊരു വീട്ടില്‍ പത്ത് കൊല്ലം ഒരു യുവതിയെ ഒരു മുറിയില്‍ അടച്ചിട്ടിട്ടും ആ വീട്ടുകാര്‍ അതറിഞ്ഞില്ല എന്നത് വിശ്വസിക്കാനാവുമോ? ഒരിക്കലുമില്ല.

പത്ത് കൊല്ലം ഒരു യുവതിക്ക് സ്വാതന്ത്ര്യത്തിന്റെ വെളിച്ചവും വായുവും നിഷേധിക്കപ്പെട്ടു എന്നതാണ് ഈ കഥയുടെ അടിത്തട്ടില്‍ കിടക്കുന്നത്. ഇതിന്റെ ആത്യന്തിക ഉത്തരവാദിത്വം സജിതയുടെ ഭര്‍ത്താവിനോ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കോ അല്ല നമ്മള്‍ എല്ലാവരും അടങ്ങുന്ന കേരളീയ സമൂഹത്തിന് തന്നെയാണ് എന്നതാണ് വാസ്തവം. ഈ സ്വാതന്ത്ര്യ നിഷേധത്തിന്റെ അടിസ്ഥാന കാരണം ജാതിയാണ്. കടങ്കഥയുടെ അടരുകള്‍ ഒന്നൊന്നായി അടര്‍ത്തി മാറ്റുമ്പോള്‍ നമുക്ക് മുന്നില്‍ തെളിഞ്ഞുവരുന്നത് ജാതിയുടെ വൃത്തികെട്ട കോമ്പല്ലുകള്‍ തന്നെയാണ്. ജാതിയില്‍ താഴെയായിപ്പോയി എന്ന കുറ്റത്തിനാണ് തന്റെ ജിവിതത്തിലെ ഏറ്റവും സുപ്രധാനമായ പത്ത് കൊല്ലങ്ങള്‍ ആ പെണ്‍കുട്ടിക്ക് ഹോമിക്കേണ്ടി വന്നത്. തങ്ങളുടെ മകന്‍ പ്രേമിച്ചതും കൂടെ താമസിപ്പിച്ചതും ജാതിയില്‍ താഴെയായ പെണ്‍കുട്ടിയെ ആണ് എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ റഹ്മാന്റെ മാതാപിതാക്കള്‍ക്കാവാതെ പോവുന്നിടത്താണ് സജിതയുടെ തടവ് ജിവിതം തുടങ്ങുന്നത്. ബ്രാഹ്മണ സമുദായത്തില്‍ നിന്നോ നായര്‍ സമുദായത്തില്‍ നിന്നോ എന്തിന് ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നോ ഉള്ള ഒരു യുവതിയായിരുന്നു സജിതയുടെ സ്ഥാനത്തെങ്കില്‍ ഈ തടവ് ജീവിതം ഉണ്ടാവുമായിരുന്നില്ല.

Chithra and her son near their plastic shed
ചിത്രയും മകനും പ്ലാസ്റ്റിക് കൂരയ്ക്കരികില്‍

ആലപ്പുഴയില്‍ ചിത്ര എന്ന വീട്ടമ്മയുടെ പോരാട്ടവും ജാതിയോടു തന്നെയാണ്. സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ വീട് വെയ്ക്കാന്‍ പോലും ദളിതര്‍ക്കാവാത്ത കേരളത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്നത് ഒരു സമൂഹമെന്ന നിലയില്‍ നമ്മുടെ യാത്ര എന്തുമാത്രം പിന്നോട്ടാണെന്ന് കൃത്യമായും രേഖപ്പെടുത്തുന്നുണ്ട്. ജാതി തൊഴില്‍ വിഭജനം മാത്രമല്ലെന്നും അത് തൊഴിലാളികളുടെ വിഭജനം കൂടിയാണെന്നും അംബദ്കര്‍ നിരീക്ഷിക്കുന്നത് വെറുതെയല്ല. ' Elephant in the room' എന്നൊരു പ്രയോഗം ഇംഗ്ളിഷ് ഭാഷയിലുണ്ട്. മുറിക്കുള്ളിലൊരു ആനയങ്ങിനെ നിറഞ്ഞു നില്‍ക്കുമ്പോഴും അതിനെ കണ്ടില്ലെന്ന് നടിക്കുന്നതിനെക്കുറിച്ചുള്ള പരാമര്‍ശമാണിത്. നമ്മുടെ മുറികള്‍ക്കുള്ളില്‍ നിറഞ്ഞു നില്‍ക്കുന്നത് ജാതി എന്ന ആനയാണ്. പക്ഷേ, അത് സമ്മതിക്കുന്നതിനോ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനോ നമുക്ക് മടിയാണ്. കാരണം ഈ ആന നമ്മള്‍ തന്നെയാണ്, ആനയെക്കുറിച്ചുള്ള സംസാരം ആത്യന്തികമായി വിരല്‍ ചൂണ്ടുക നമ്മുടെ നേര്‍ക്ക് തന്നെയായിരിക്കും. പക്ഷേ, എത്ര നാള്‍ ഈ ആനയെ കണ്ടില്ലെന്ന് നടിക്കാന്‍ നമുക്കാവും എന്നാണ് അനുപമയും ദീപയും ചിത്രയും സജിതയും ചോദിക്കുന്നത്.

തിരുവനന്തപുരത്ത് അനുപമ സ്വന്തം കുഞ്ഞിനായി നടത്തുന്ന പോരാട്ടത്തിലേക്ക് നമുക്ക് വരാം. സ്വന്തം കുഞ്ഞിനെ വീണ്ടെടുക്കാനുള്ള അമ്മയുടെ സമരമായി അനുപമയുടെ പോരാട്ടം ചിത്രീകരിക്കപ്പെടുമ്പോള്‍ അതില്‍ നിന്നും ഒഴിവാക്കപ്പെടുന്ന ഘടകം ജാതി തന്നെയാണ്. സജിതയുടെയും റഹ്മാന്റെയും ജീവിതത്തിലെന്നപോലെ തന്നെ അനുപമയുടെയും അജിത്തിന്റെയും ജീവിതത്തിലും മുഖ്യ വില്ലന്‍ ജാതിയാണ്. രണ്ടിടത്തും രണ്ടുപേരുടെയും കുടുംബങ്ങള്‍ക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുമായുള്ള ബന്ധവും കാണാതിരിക്കാനാവില്ല.

anupama with husband
അനുപമയും ഭര്‍ത്താവ് അജിത്തും| ഫോട്ടോ: ബിജു വര്‍ഗീസ്, മാതൃഭൂമി

ജാതിക്കെതിരെയുളള സമരത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ പരാജയപ്പെടുന്നത് എന്തുകൊണ്ടാണെന്ന് പ്രൊഫസര്‍ കുഞ്ഞാമനെപ്പോലുള്ളവര്‍ നിരീക്ഷിക്കുന്നത് ഈ പരിസരത്തിലാണ്. എന്തുകൊണ്ട് സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറിയായി ഒരു ദളിതനുണ്ടാവുന്നില്ലെന്നും എന്തുകൊണ്ട് പോളിറ്റ്ബ്യൂറോയില്‍ ഒരു ദളിതന്‍ അംഗമാവുന്നില്ലെന്നുമുള്ള ചോദ്യങ്ങളും ഇതോടൊപ്പം തന്നെ ചേര്‍ത്തുവെയ്ക്കേണ്ടതായുണ്ട്.

അനുപമയുമായി മാതൃഭൂമിഡോട്ട്കോം നടത്തിയ സംഭാഷണത്തില്‍ ഈ സത്യം പുറത്തുവരുന്നുണ്ട്. ''നിനക്ക് കല്ല്യാണം കഴിക്കാന്‍ ഒരു ദളിതനെ മാത്രമേ കിട്ടിയുള്ളോ? ''എന്ന് പിതാവ് ചോദിച്ചത് അനുപമ അനുസ്മരിക്കുന്നുണ്ട്. അനുപമയുടെ പിതാവിനെ വിചാരണ ചെയ്യാന്‍ വേണ്ടിയല്ല ഇതിവിടെ പരാമര്‍ശിക്കുന്നത്. വ്യക്തികളെയല്ല , ഞാനും നിങ്ങളും അടങ്ങുന്ന കേരളം എന്ന സമൂഹത്തെയാണ് ഇവിടെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. സമൂഹത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ ഉന്നത ജാതിയില്‍ നിന്നുള്ള മരുമകനും മരുമകളുമായാല്‍ മക്കളുടെ പ്രണയങ്ങള്‍ അംഗീകരിക്കാന്‍ മാതാപിതാക്കള്‍ക്ക് ഒരു മടിയുമുണ്ടാവില്ല. അനുപമയുയുടെ ജീവിത പങ്കാളിയായ അജിത് നേരിട്ട മോറല്‍ പൊലിസിങ് നമ്മള്‍ മറക്കരുത്. ആ ചെറുപ്പക്കാരനെതിരെ എത്ര നിഷ്ഠൂരമായാണ് നമ്മുടെ സദാചാരവാദികള്‍ പെരുമാറിയത്. സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ഇടതുപക്ഷ വക്താക്കളായി പ്രത്യക്ഷപ്പെടുന്ന പലരും ഈ ചെറുപ്പക്കാരനെതിരെയുള്ള ക്വൊട്ടേഷന്‍ സ്വയം ഏറ്റെടുക്കുകയായിരുന്നു. അനുപമയുടെ പേരാട്ടത്തിനൊപ്പമുണ്ടന്ന് പ്രഖ്യാപിച്ചവര്‍ പോലും അജിത്തിനെ തള്ളിപ്പറയുകയും അവഹേളിക്കുകയും ചെയ്തത് കാണാതിരിക്കാനാവില്ല.

അടുത്ത ജന്മത്തില്‍ ഒരു ബ്രാഹ്മണനാകണമെന്ന് നടന്‍ സുരേഷ് ഗോപി ആഗ്രഹിക്കുന്നത് ബ്രാഹ്മണ്യത്തിന്റെ അടരുകള്‍ എത്രമാത്രം ആഴത്തിലാണ് വേരോടിയിരിക്കുന്നത് എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. പക്ഷേ, ബ്രാഹ്മണിക്കല്‍ പേട്രിയാര്‍ക്കി ( ബ്രാഹ്മണീയമായ ആണധികാര വ്യവസ്ഥ) എന്ന് പറയുന്നത് ഹിന്ദുക്കളില്‍ മാത്രമായി ഒതുങ്ങുന്ന സംഗതിയല്ല. ക്രിസ്ത്യാനികളിലും മുസ്ലിങ്ങളിലും ഇതിന്റെ സാന്നിദ്ധ്യം ശക്തമാണ്. അതുകൊണ്ടാണ് അനുപമയുടെ കുഞ്ഞിനെപ്പോലും നാടു കടത്തണമെന്ന ചിന്തയുണ്ടാവുന്നത്. അതുകൊണ്ടുതന്നെയാണ് സജിതയ്ക്ക് പത്ത് കൊല്ലം പുറം ലോകം കാണാതെ ജീവിക്കേണ്ടി വരുന്നത്.

deepa

ജാതിയുടെ ഈ ദംഷ്ട്രകള്‍ തന്നെയാണ് ദീപയെന്ന ഗവേഷക വിദ്യാര്‍ത്ഥിനിയുടെ ജീവിതം നരകമാക്കുന്നത്. രണ്ടു കൊല്ലം മുമ്പ് കോട്ടയത്ത് കെവിന്‍ എന്ന യുവാവ് ദാരുണമായി കൊല്ലപ്പെട്ടതും ഈ ഘട്ടത്തില്‍ ഓര്‍ക്കുക തന്നെ വേണം. ദളിതനായിരുന്നു എന്ന ഒരൊറ്റ കാരണം കൊണ്ടാണ് ആ ചെറുപ്പക്കാരന്റെ ജീവന്‍ കൊലയാളികള്‍ ഇല്ലാതാക്കിയത്. പ്രണയത്തിന് കണ്ണും മൂക്കുമില്ലായിരിക്കാം പക്ഷേ, ജീവനും ജീവിതത്തിനും ഇന്ത്യയില്‍ എപ്പോഴും ജാതിയുണ്ട്.

അഞ്ച് കൊല്ലം മുമ്പ് 2016 ജനുവരി 17ന് ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ അന്തിമ കുറിപ്പ് പോലെ ജാതിയെ ചോദ്യം ചെയ്ത മറ്റൊന്ന് അടുത്ത കാലത്തുണ്ടായിട്ടില്ല. '' എന്റെ ജന്മമാണ് എന്റെ മാരകമായ അപകടം ''എന്ന് രോഹിത് ആ കുറിപ്പിലെഴുതി. ശാസ്ത്രത്തെക്കുറിച്ച് എഴുതിയിരുന്ന കാള്‍ സാഗനെപ്പോലൊരു എഴുത്തുകാരനാവണമെന്നായിരുന്നു രോഹിതിന്റെ ആഗ്രഹം. ''എന്നിട്ട് , ഇതാ ഞാന്‍ എഴുതുന്ന ഒരേയൊരു കത്ത് ഈ കുറിപ്പാണ്, '' എന്റെ ദൈവമേ ! എന്താരു എഴുത്താണിതെന്ന് നമ്മള്‍ അറിയാതെ പറഞ്ഞുപോവുന്നു.

രോഹിതിന്റെ ആത്മഹത്യാ കുറിപ്പില്‍ നിന്ന് ചില വാക്യങ്ങള്‍ ഇവിടെ എടുത്തുകൊടുക്കുന്നു : ''ചെറുപ്പത്തിലെ ഒറ്റപ്പെടലില്‍ നിന്ന് എനിക്ക് ഇതുവരെ പുറത്തുവരാനായിട്ടില്ല. സര്‍വ്വകാലാശാല എനിക്ക് തരേണ്ട ഫെലോഷിപ് , 1,75,00 രൂപ , തന്നിട്ടില്ല. ഈ എഴുത്ത് വായിക്കുന്ന നിങ്ങള്‍ക്ക് എനിക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനാവുമെങ്കില്‍ ആ പണം എന്റെ കുടുംബത്തിന് ലഭ്യമാക്കണം. രാംജിക്ക് ഞാന്‍ 40,000 രൂപ കൊടുക്കാനുണ്ട്. അവന്‍ അത് തിരിച്ച് ചോദിച്ചിട്ടില്ല. പക്ഷേ, അതവന് കൊടുക്കണം. എന്റെ ശവസംസ്‌കാരം നിശ്ശബ്ദവും അലോസരവുമില്ലാത്തതുമാവട്ടെ. ഞാന്‍ വെറുതെ വന്നു പോയി എന്ന മട്ടില്‍ പെരുമാറുക. എനിക്ക് വേണ്ടി കരയരുത്. ജീവിച്ചിരിക്കുന്നതിനേക്കാള്‍ മരണത്തിലാണ് എന്റെ സന്തോഷമെന്നറിയുക. അവസാനമായി ഒരിക്കല്‍കൂടി പറയട്ടെ , ജെയ് ഭീം! ഇതെന്റെ തീരുമാനമാണ്. എന്റെ ശത്രുക്കളെയോ സുഹൃത്തുക്കളെയോ ഇതിന്റെ പേരില്‍ കുറ്റപ്പെടുത്തരുത്. ഈ നിമിഷം എനിക്ക് മുറിവുകളില്ല. ഞാന്‍ ദുഃഖിതനല്ല. ശൂന്യതയാണ് എന്നെ ഇപ്പോള്‍ പൊതിയുന്നത്. അതുകൊണ്ടാണ് ഞാന്‍ ഇത് ചെയ്യുന്നത്. ''

ശൂന്യതയുടെ മുനമ്പിലാണ് ആത്മഹത്യകള്‍ സംഭവിക്കുന്നത്. വിദ്യാഭ്യാസമാണ് ദളിതരുടെ വിമോചന മാര്‍ഗ്ഗം എന്ന് അംബദ്കര്‍ കൃത്യമായി നിരീക്ഷിച്ചിട്ടുണ്ട്. '' ഭൗതികമായ എന്ത് മെച്ചവും നമുക്ക് വേണ്ടെന്ന് വെയ്ക്കാനാവും എന്നാല്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മാത്രം നമുക്ക് ഒരു വിട്ടുവീഴ്ചയുമാവില്ല'' എന്നാണ് അംബദ്കര്‍ പറഞ്ഞത്. ഇന്ത്യയുടെ സാമൂഹ്യ - രാഷ്ട്രീയ ഭൂപടത്തില്‍ അംബദ്കര്‍ സുവ്യക്തമായ ഇടം നേടിയെടുത്തത് വിദ്യാഭ്യാസത്തിന്റെ പിന്‍ബലത്തിലാണ്. ലണ്ടന്‍ സ്‌കൂള്‍ ഒഫ് ഇക്കണോമിക്സില്‍ നിന്നും കൊളംബിയ സര്‍വ്വകലാശാലയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ അംബദ്കറെ അവഗണിക്കാനോ പിന്നാമ്പുറങ്ങളിലേക്ക് തള്ളാനോ ഇന്ത്യയുടെ പൊളിറ്റിക്കല്‍ ഹയരാര്‍ക്കി ( രാഷ്ട്രീയ അധികാര ശ്രേണി) ക്കാവുമായിരുന്നില്ല. തന്റെ മാതാപിതാക്കള്‍ തന്നെ ഇംഗ്ളിഷ് മീഡിയം സ്‌കൂളില്‍ പഠിക്കാനയച്ചതിന്റെ ഗുണമാണ് താനിപ്പോള്‍ അനുഭവിക്കുന്നതെന്ന് സൂരജ് യെങ്ഡെ പറയുന്നതും വെറുതെയല്ല. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും കടം വാങ്ങിയാണ് ഒരു സ്വകാര്യ ബാങ്കില്‍ പ്യൂണായിരുന്ന മിളിന്ദ് മകന്‍ സൂരജിനെ തന്റെ മാനേജരുടെ മകന്‍ പഠിക്കുന്ന അതേ സ്‌കൂളില്‍ ചേര്‍ത്തത്.

വിദ്യയിലൂടെയുള്ള ഈ മുന്നേറ്റമാണ് രോഹിത് വെമുലയും ലക്ഷ്യമിട്ടത്. പക്ഷേ, ജാതിയുടെ നീരാളിപ്പിടിത്തത്തില്‍ ആ മോഹം പൊലിഞ്ഞു. ദീപയ്ക്ക് ഒരു പക്ഷേ, അതിജീവനം സാദ്ധ്യമായത് രോഹിത് വെമുലയുടെ ജീവിതം നല്‍കിയ ഊര്‍ജ്ജം കൊണ്ടുകൂടിയാവാം. തോറ്റുപോകരുതെന്ന് ആ പെണ്‍കുട്ടിയോട് രോഹിതിന്റെ ആ അവസാന കുറിപ്പ് വിളിച്ചുപറഞ്ഞിട്ടുണ്ടാവാം. മഹാത്മ ഗാന്ധിയുടെ പേരിലുള്ള സര്‍വ്വകലാശാലയില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി നേരിടേണ്ടി വന്ന ജാതീയമായ വിവേചനത്തിനെതിരെയാണ് ഈ പെണ്‍കുട്ടിക്ക് പരസ്യമായി പോരാട്ടത്തിനിറങ്ങേണ്ടി വന്നത്. ലിംഗപരമായ അസമത്വത്തിനൊപ്പമോ അതിനപ്പുറമോ ആണ് ജാതിയുടെ കോമ്പല്ലുകള്‍ നമ്മുടെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലും ദളിത് യുവാക്കളെ തകര്‍ത്തുകൊണ്ടിരിക്കുന്നതെന്നത് അനിഷേദ്ധ്യമായ വസ്തുതയാണ്. നന്ദകുമാര്‍ കളരിക്കല്‍ എന്ന അദ്ധ്യാപകനും വകുപ്പ് മേധാവിയും ഒരു പ്രതീകമാണ്. നമ്മുടെ വിദ്യാഭ്യാസ മേഖല എത്രമാത്രം ബ്രാഹ്മണവത്ക്കരിക്കപ്പെട്ടിട്ടുണ്ട് എന്നതിന്റെ ജീവിക്കുന്ന പ്രതീകം. അടുത്തിടെ പുറത്തിറങ്ങിയ ജയ് ഭീം എന്ന തമിഴ് ചിത്രത്തിലെ നായിക സെങ്കനി ഇപ്പോള്‍ എവിടെയാണെന്നന്വേഷിച്ച് പോയ മാതൃഭൂമി ലേഖകന്‍ കണ്ടത് അവര്‍ ഒരു പുറമ്പോക്കില്‍ കൂരയില്‍ കഴിയുന്നതായാണ്. ദളിതരുടെ ജീവിതം ഇപ്പോഴും സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലാണെന്ന വാസ്തവമാണ് സിനിമയ്ക്കപ്പുറത്തും നമുക്ക് നേരെ മുഖാമുഖം നില്‍ക്കുന്നത്.

ambedkar
1936 ലാണ് ജാതിയുടെ ഉന്മൂലനം എന്ന ഗംഭീരമായ പ്രബന്ധം അംബദ്കര്‍ എഴുതുന്നത്. ലാഹോര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ജട് - പട് - തൊടക്ക് മണ്ഡല്‍ എന്ന ജാതി വിരുദ്ധ പ്രസ്ഥാനത്തിന്റെ വാര്‍ഷിക യോഗത്തില്‍ ആ വര്‍ഷം അദ്ധ്യക്ഷത വഹിക്കേണ്ടിയിരുന്നത് അംബദ്കറാണ്. അദ്ധ്യക്ഷ പ്രസംഗം നേരത്തെ തന്നെ തയ്യാറാക്കി അംബദ്കര്‍ സംഘടനയുടെ ഭാരവാഹികള്‍ക്ക് അയച്ചുകൊടുത്തു. ഹിന്ദു മതത്തിനെതിരെ നിശിത വിമര്‍ശമാണ് പ്രസംഗത്തില്‍ അംബദ്കര്‍ ഉന്നയിച്ചത്. ഈ വിമര്‍ശം ഒഴിവാക്കണമെന്ന് ഭാരവാഹികള്‍ അംബദ്കറോട് ആവശ്യപ്പെട്ടു. ഒരു കോമ പോലും മാറ്റില്ലെന്നായിരുന്നു അംബ്ദകറുടെ മറുപടി. ഒടുവില്‍ യോഗം തന്നെ മാറ്റിവെയ്ക്കപ്പെട്ടു. അംബ്ദകര്‍ സ്വന്തം നിലയ്ക്ക് തന്റെ പ്രസംഗം അച്ചടിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്തു. അംബ്ദകറുടെ നിലപാടുകളെ വിമര്‍ശിച്ച ഗാന്ധിജി പറഞ്ഞത് അംബദ്കറുടെ പ്രസംഗം തിരുത്തണമെന്നാവശ്യപ്പെട്ട ഭാരവാഹികളുടെ നടപടികള്‍ ശരിയല്ലെന്നാണ്. പറയാനുള്ള കാര്യങ്ങള്‍ പറയാനുള്ള അംബ്ദ്കറുടെ സ്വാതന്ത്ര്യത്തിനൊപ്പമാണ് താനെന്നാണ് ഗാന്ധിജി പറഞ്ഞത്.

അംബ്ദകറുടെ ഏറ്റവും മഹത്തായ കൃതി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജാതിയുടെ ഉന്മൂലനത്തില്‍ നിന്നുള്ള ഒരു ഭാഗം ഇവിടെ എടുത്തുകൊടുക്കുകയാണ് : '' വെറുതെ പയ്യാരം പറയുന്നതില്‍ അര്‍ത്ഥമില്ല. വേദങ്ങളും ശാസ്ത്രങ്ങളും ജനങ്ങള്‍ എങ്ങിനെയാണ് മനസ്സിലാക്കുന്നത് എന്നതിലാണ് കാര്യം. ബുദ്ധന്‍ എടുത്ത സമിപനമാണ് നിങ്ങള്‍ എടുക്കേണ്ടത്. ഗുരു നാനാക്ക് എടുത്ത സമീപനമാണ് നിങ്ങള എടുക്കേണ്ടത്. നിങ്ങള്‍ വേദങ്ങളും ശാസ്ത്രങ്ങളും അവഗണിച്ചാല്‍ മാത്രം പോര, ബുദ്ധനും നാനാക്കും ചെയ്തതുപോലെ അവയുടെ ആധികാരികത തകര്‍ക്കാന്‍ നിങ്ങള്‍ക്കാവണം.നിങ്ങളുടെ മതത്തിലാണ് പ്രശ്നമെന്ന് ഹിന്ദുക്കളോട് പറയാനുള്ള ധൈര്യം നിങ്ങള്‍ക്കുണ്ടാവണം - ജാതിയെ ന്യായീകരിക്കുന്ന നിലപാട് സൃഷ്ടിക്കുന്ന മതമാണ് പ്രശ്നം. ജാതിക്ക് ദൈവീകതയുടെ അടിസ്ഥാനമുണ്ട്. ഈ അടിസ്ഥാനമാണ് തകര്‍ക്കപ്പെടേണ്ടത്. ആത്യന്തികമായി ശാസ്ത്രങ്ങളുടെയും വേദങ്ങളുടെയും ആധികാരികത തകര്‍ക്കപ്പെടണമെന്നര്‍ത്ഥം. '' ഇതിനുള്ള നീക്കം ബ്രാഹ്മണരുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കരുതെന്ന് അംബദ്കര്‍ പറയുന്നുണ്ട്. ബ്രാഹ്മണരുടെ കാലുകള്‍ ഉറപ്പിക്കപ്പെട്ടിരിക്കുന്നത് ദളിതരുടെ മേലാണ്. ദളിതര്‍ ഇളകിയാല്‍ ബ്രാഹ്മണ്യം തകരും. അതുകൊണ്ട് തന്നെ ഇത്തരമൊരു ഇളക്കലിന് ബ്രാഹ്മണര്‍ തയ്യാറാവില്ല. ''പോപ്പിന് വിപ്ലവകാരിയാവാനാവില്ല എന്ന് പറയുന്നത് പോലെയാണിത്. വിപ്ലവകാരിയായ ഒരാള്‍ പോപ്പാവില്ല. പോപ്പാവുന്ന ഒരാള്‍ക്ക് വിപ്ലവകാരിയുമാവാനാവില്ല. ജാതി തകര്‍ക്കുന്നതിന് ഒരു ബ്രാഹ്മണന്‍ മുന്നിട്ടിറങ്ങുമെന്ന് കരുതുന്നത് നീലക്കണ്ണുകളുള്ള കുട്ടികളെ കൊല്ലമണമെന്ന നിയമം ബ്രിട്ടീഷ് പാര്‍ലമെന്റ് പാസ്സാക്കുമെന്ന് കരുതുന്നത് പോലെയാണ്.''

ജാതിയുടെ ഉന്മൂലനത്തിന് അംബദ്കര്‍ മുന്നോട്ടുവെയ്ക്കുന്ന ഒരു വഴി മിശ്രവിവാഹമാണ്. രക്തം രക്തത്തോട് കലരുമ്പോഴാണ് ജാതിയുടെ വേരുകള്‍ അറുത്തുമാറ്റപ്പെടുക്കയെന്ന് അംബദ്കര്‍ പറയുന്നു. കെവിനും അനീഷും കൊല്ലപ്പെട്ടത് ഈ മിശ്രണം ഇല്ലാതാക്കാനാണ്. രണ്ട് ജാതിയില്‍പ്പെടുന്നവര്‍ വിവാഹിതരാവുമ്പോള്‍ അവരെ സംരക്ഷിക്കേണ്ടത് സമൂഹമാണെന്ന് സൂരജ് യെങ്‌ഡെ പറയുന്നുണ്ട്. '' അവരെ സംരക്ഷിക്കൂ, അവരെ പിന്തുണയ്ക്കൂ '' എന്നാണ് സൂരജ് പറയുന്നത്. ഇന്ത്യയില്‍ സംസ്‌കാരം എന്നു പറഞ്ഞാല്‍ ജാതിയാണെന്ന് സംഗീതജ്ഞന്‍ ടി എം കൃഷ്ണയുമായുള്ള അഭിമുഖത്തില്‍ സൂരജ് യെങ്‌ഡെ പറയുന്നുണ്ട്. പണമില്ലെങ്കിലും വലിയ വീടില്ലെങ്കിലും ബ്രാഹ്മണനായി ജനിച്ചു എന്ന ആനുകൂല്യം താന്‍ എപ്പോഴും അനുഭവിക്കുന്നുണ്ടെന്ന് ടി എം കൃഷ്ണ സമ്മതിക്കുന്നതും ഇതേ പരിസരത്തിലാണ് കാണേണ്ടത്. ജാതി ഇവിടെ നമുക്ക് മുന്നിലും ചുറ്റിലുമുണ്ട്. ഒരു നീരാളിയെപ്പോലെ അത് നമ്മുടെ ചെറുപ്പക്കാരെ, കാമുകരെ, കമിതാക്കളെ വരിഞ്ഞുമുറുക്കുന്നു. ഇന്ത്യയില്‍ എത്രയോ മേഖലകളില്‍ മാതൃകയാണെന്ന് അഭിമാനിക്കുന്നവരാണ് നമ്മള്‍ കേരളീയര്‍. കേരള മോഡല്‍ വികസനം, കേരള മോഡല്‍ ആരോഗ്യ പരിപാലനം , കേരള മോഡല്‍ വിദ്യാഭ്യാസം. പക്ഷേ, ഈ നേട്ടങ്ങളെയെല്ലാം തന്നെ നമ്മുടെ ജാതി ബോധം തകര്‍ത്തുകളയുന്നു.

suraj yengde
സൂരജ് യെങ്ഡെ

ഇന്ത്യയില്‍ സംസ്‌കാരം എന്ന് പറഞ്ഞാല്‍ ജാതിയാണെന്ന് സൂരജ് യെങ്ഡെ ചൂണ്ടിക്കാട്ടുന്നുണ്ട്. വേദങ്ങളും ശാസ്ത്രങ്ങളും ചെറുപ്പത്തിലേ മനഃപാഠമാക്കുന്ന ബ്രാഹ്മണരുടെ രീതിയാണ് നമ്മുടെ പാഠ്യ പദ്ധതികളിലുള്ളത്. വിദ്യാഭ്യാസത്തില്‍ സ്വാഭാവികമായ ഒരു മേല്‍ക്കൈ നേടാന്‍ ഇത് ബ്രാബ്മണരെ സഹായിക്കുന്നു. ഇന്ത്യയിലേക്ക് വന്ന എല്ലാ വിദേശ സേനകള്‍ക്കും ഉപദേശം നല്‍കിയിരുന്നത് ബ്രാഹ്മണരായിരുന്നുവെന്നതും മറക്കരുതെന്ന് സൂരജ് പറയുന്നുണ്ട്. ബാബറായാലും അക്ബറായാലും ബ്രിട്ടീഷുകാരായാലും ഉപദേശിയായി ബ്രാഹ്മണനുണ്ടായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തില്‍ ജപ്പാന്‍ സൈന്യം ഇന്ത്യ കീഴടക്കിയേക്കുമെന്ന പ്രതീതിയുണ്ടായപ്പോള്‍ ചെന്നൈയിലെ ബ്രാഹ്മണര്‍ ജാപ്പാനിസ് ഭാഷ പഠിക്കാന്‍ തയ്യാറെടുത്തു എന്നത് ഒരു തമാശയാവണമെന്നില്ല എന്നതാണ് അവസ്ഥ. പറഞ്ഞുവന്നത് ഏത് സംവിധാനത്തിലും തങ്ങളുടെ അധീശത്വവും ആധിപത്യവും നിലനിര്‍ത്താന്‍ ബ്രാഹ്മണര്‍ക്കായിരുന്നു എന്നാണ്.

1948 ജനുവരി 30ന് ഗാന്ധിജി കൊല്ലപ്പെട്ട വാര്‍ത്ത വന്നപ്പോള്‍ താന്‍ ജിദ്ദു കൃഷ്ണമൂര്‍ത്തി താമസിച്ചിരുന്ന വീട്ടിലായിരുന്നുവെന്ന് എഴുത്തുകാരിയും കൃഷ്ണമൂര്‍ത്തിയുടെ ജീവചരിത്രകാരിയുമായ പുപുല്‍ ജയ്ക്കര്‍ ഓര്‍ക്കുന്നുണ്ട്. ഗാന്ധിജിയെ കൊന്നത് ഒരു മുസ്ലീമാവരുതേ എന്നായിരുന്നു എല്ലാവരുടെയും പ്രാര്‍ത്ഥന. കൊലപാതകി ഒരു ബ്രാഹ്മണാണെന്നറിഞ്ഞപ്പോള്‍ അവിടെയുണ്ടായിരുന്ന മിക്കവരും ആശ്വാസത്തോടെ നെടുവീര്‍പ്പിടുകയായിരുന്നുവെന്ന് പുപുല്‍ ഓര്‍ക്കുന്നുണ്ട്. വിവരമറിഞ്ഞപ്പോള്‍ കൃഷ്ണമൂര്‍ത്തിയുടെ പ്രതികരണം ഇതായിരുന്നു : ''ഗാന്ധിജിയുടെ അകാലമരണത്തിന്റെ യഥാര്‍ത്ഥ കാരണം നിങ്ങളില്‍ തന്നെയാണുള്ളത്. നിങ്ങളാണ് യഥാര്‍ത്ഥ കാരണം. കാരണം നിങ്ങള്‍ വര്‍ഗ്ഗീയവാദിയാണ്, സ്വത്തിലൂടെയും ജാതിയിലൂടെയും മതങ്ങളിലൂടെയും പ്രത്യയശാസ്ത്രങ്ങളിലൂടെയും നിങ്ങളാണ് വെറുപ്പും വിഭജനവും പ്രോത്സാഹിപ്പിക്കുന്നത്. ഹിന്ദുവാണെന്നും മുസ്ലിമാണെന്നും പാഴ്സിയാണെന്നും നിങ്ങള്‍ സ്വയം വിളിക്കുമ്പോള്‍ അത് സംഘര്‍ഷം ഉളവാക്കുക തന്നെ ചെയ്യും. '' ജിദ്ദുവിന്റെ വാക്കുകള്‍ മൂര്‍ച്ചയേറിയ ഉളി പോലെയാണ്. അത് നമ്മുടെ കാപട്യങ്ങള്‍ ചീന്തിയെറിയുന്നു. നാരായണഗുരു പ്രതിഷ്ഠിച്ച കണ്ണാടിക്ക് മുന്നില്‍ നമ്മള്‍, കേരളീയര്‍ ഇതാ തീര്‍ത്തും തുറന്നുകാണിക്കപ്പെടുന്നു.

വഴിയില്‍ കേട്ടത് : ഗുജറാത്ത് കലാപത്തിലെ കൂട്ടാളികള്‍ക്കെല്ലാം സ്ഥാനമാനങ്ങള്‍ കിട്ടിയെന്ന് സീനിയര്‍ അഭിഭാഷകന്‍ കബില്‍ സിബല്‍ സുപ്രീംകോടതിയില്‍. അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരുടെ പങ്ക് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘ തലവന്‍ ആര്‍ കെ രാഘവന്‍ സൈപ്രസ് ഹൈക്കമ്മീഷണറായി. അന്നത്തെ അഹമ്മദാബാദ് പോലിസ് കമ്മീഷണര്‍ പി സി പാണ്ഡെ പിന്നീട് സംസ്ഥാന ഡിജിപിയായെന്നും കബില്‍ സിബല്‍. അന്ന് 'മുഖ്യ' നെതിരെ നിന്ന പോലിസ് ഓഫീസര്‍ സഞ്ജിവ് ഭട്ട് ഇപ്പോള്‍ ജയിലാണെന്ന ്കൂടി പറഞ്ഞാലല്ലേ കബില്‍ സാര്‍ ഈ വൃത്തം പൂര്‍ത്തിയാവുകയുള്ളു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


amritha

'സംഗീത പരിപാടിയില്ലെങ്കിലും ഞാന്‍ ജീവിക്കും'; തേയില നുള്ളി രസിച്ച് അമൃത

May 2, 2022

Most Commented