ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എൻ.വി രമണ| ഫയൽ ചിത്രം ഫോട്ടോ: പി.ടി.ഐ
2018 ജനുവരി 12 ഇന്ത്യന്‍ ജൂഡീഷ്യറിയുടെ ചരിത്രത്തില്‍ അവിസ്മരണീയ ദിവസമാണ്. അന്നാണ് ചരിത്രത്തില്‍ ആദ്യമായി സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരെ പത്രസമ്മേളനം നടത്തിയത്. ജസ്റ്റിസുമാരായ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ലൊക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരായിരുന്നു 'കലാപകാരികള്‍'. കേസുകളുടെ വിതരണമായിരുന്നു വിഷയം. മാസ്റ്റര്‍ ഒഫ് ദ റോസ്റ്റര്‍ എന്ന തത്വപ്രകാരം ഏതൊക്കെ കേസ് ആരൊക്കെ കേള്‍ക്കണമെന്ന് ചീഫ് ജസ്റ്റിസിന് തീരുമാനിക്കാം. പക്ഷേ, എന്തിനുമേതിനും കീഴ്വഴക്കമുണ്ട്. സുപ്രധാന കേസുകള്‍ മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് കൈമാറുകയാണ് പതിവ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഈ പതിവ് തെറ്റിക്കുകയാണെന്നും നിവൃത്തികേടുകൊണ്ടാണ് പത്രസമ്മേളനം വിളിക്കേണ്ടി വന്നതെന്നും ജഡ്ജിമാര്‍ പറഞ്ഞു. ഏതെങ്കിലും സംഭവം കൃത്യമായി ചൂണ്ടിക്കാട്ടാനുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ജസ്റ്റിസ് ബി എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസിനു താഴെ തലമുതിര്‍ന്ന ജഡ്ജിമാരായി തങ്ങള്‍ നാലു പേരുണ്ടായിട്ടും ഈ കേസ് താരതമ്യേന ജൂനിയര്‍ ആയ ജസ്റ്റിസ് അരുണ്‍ മിശ്രയ്ക്ക് നല്‍കിയതിലേക്കാണ് ജസ്റ്റിസ് ഗൊഗായ് വിരല്‍ ചൂണ്ടിയത്.

എന്നിവര്‍ നടത്തിയ വാര്‍ത്താ സമ്മേളനം ഫയല്‍ ചിത്രം ഫോട്ടോ: പി.ടി.ഐ
ജസ്റ്റിസ ലോയയുടെ മരണം വന്‍ വിവാദമായിരുന്നു. 2014 ഡിസംബര്‍ ഒന്നിനാണ് ജസ്റ്റിസ് ലോയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണം എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ജഡ്ജിയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞത് ഈ റിപ്പോര്‍ട്ടില്‍ പഴുതുണ്ടെന്നായിരുന്നു. നിലവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷാ പ്രതിയായുള്ള ഒരു കേസിന്റെ വിചാരണ ജഡ്ജി ലോയ കേള്‍ക്കുന്ന ദിവസങ്ങളായിരുന്നു അത്. അമിത് ഷായെ കേസില്‍ നിന്നൊഴിവാക്കാന്‍ ജഡ്ജിയുടെ മേല്‍ വലിയ സമ്മര്‍ദ്ധങ്ങളുണ്ടായിരുന്നുവെന്ന് പിന്നീട് കാരവാന്‍ പോലുള്ള പ്രസിദ്ധീകരണങ്ങള്‍ എഴുതി. ഈ കേസാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസ് അരുണ്‍ മിശ്രയ്ക്ക് നല്‍കിയത്. ജസ്റ്റിസുമാരായ ചെലമേശ്വറിന്റെയും ഗൊഗോയിയുടെയും ഇടപെടലിനെ തുടര്‍ന്ന് ഈ കേസ് പിന്നീട് വാദം കേട്ടത് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ബഞ്ചായിരുന്നു. അസ്വാഭാവിക മരണത്തിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി കേസ് തള്ളുകയും ചെയ്തു.
ലോയ കേസ് സുപ്രീംകോടതി തള്ളിയതല്ല നമ്മുടെ വിഷയം. ചീഫ് ജസ്റ്റിസ് വി എന്‍ രമണയുടെ നേതൃത്വത്തില്‍ സുപ്രീംകോടതി നടത്തിക്കൊണ്ടിരിക്കുന്ന തിരിച്ചുവരവാണ് വിശകലനവും വിശ്ലേഷണവും അര്‍ഹിക്കുന്നത്. പെഗാസസ് കേസില്‍ സ്വതന്ത്ര അന്വേഷണത്തിനുള്ള സുപ്രീംകോടതിയുടെ ഉത്തരവ് ഒരു അപഭ്രംശമല്ലെന്നും ചീഫ് ജസ്റ്റിസ് രമണയുടെ അദ്ധ്യക്ഷതയില്‍ സുപ്രീംകോടതി കഴിഞ്ഞ ആറ് മാസക്കാലമായി നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് നല്‍കുന്ന ഊര്‍ജ്ജവും ആവേശവും ചെറുതല്ലെന്നും എടുത്തു പറയുക തന്നെ വേണം.

ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പിന്നാലെ ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന്റെ തലപ്പത്തെത്തിയത് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആണ്. പക്ഷേ, അത്ഭുതാവഹമെന്ന് പറയട്ടെ , അപ്പോഴും സുപ്രധാന കേസുകള്‍ ജസ്റ്റിസ് അരുണ്‍ മിശ്രയെ തന്നെ തേടിയെത്തി. എന്തിന് ചീഫ് ജസ്റ്റിസ് ഗൊഗോയിക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഢനക്കേസില്‍ വാദം കേട്ടതും ജസ്റ്റിസ് അരുണ്‍ മിശ്ര അടങ്ങുന്ന ബഞ്ചായിരുന്നു. 2014 ജൂലായില്‍ സുപ്രീംകോടതി ജഡ്ജിയാവുകയും 2020 സെപ്റ്റംബറില്‍ വിരമിക്കുകയും ചെയ്ത ജസ്റ്റിസ് അരുണ്‍ മിശ്ര അടുത്ത കാലത്ത് രാജ്യം കണ്ട ഏറ്റവും സ്വാധീനശക്തിയുള്ള ജഡ്ജിമാരിലൊരാളായിരുന്നു എന്നാണ് ദ വയറില്‍ എഴുതിയ ലേഖനത്തില്‍ വി വെങ്കടേശന്‍ ചൂണ്ടിക്കാട്ടിയത്.
ജസ്റ്റിസ് അരുണ്‍ മിശ്ര കൈകാര്യം ചെയ്ത ഒരു കേസ് സഹാറ - ബിര്‍ള പേപ്പറുകളുമായി ബന്ധപ്പെട്ടതായിരുന്നു. 2013 ല്‍ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ കോര്‍പറേറ്റ് ഓഫിസുകളിലും 2014 ല്‍ സഹാറയുടെ കോര്‍പറേറ്റ് ഓഫിസുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. ഇവിടങ്ങളില്‍ നിന്നും കിട്ടിയ പേപ്പറുകളില്‍ പല പണമിടപാടുകളുടെയും പരാമര്‍ശമുണ്ടെന്ന് ചൂണ്ടിക്കാട്ടി കോമണ്‍ കോസ് എന്ന സംഘടനയാണ് കേസ് നല്‍കിയത്. ഗുജറാത്ത് സിഎമ്മിന് 25 കോടി നല്‍കി എന്നായിരുന്നു ഒരു പരാമര്‍ശമെന്നും ഗുജറാത്ത് സിഎമ്മിന് പണം നല്‍കി എന്നായിരുന്നു മറ്റൊരു പരാമര്‍ശമെന്നും കോമണ്‍ കോസ് പരാതിയില്‍ പറഞ്ഞു. ഇപ്പോഴത്തെ പ്രധാനമന്ത്രി ന്ര്രേരന്ദ മോദിയായിരുന്നു അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി. ഗുജറാത്ത് സിഎം എന്നുദ്ദേശിക്കുന്നത് എന്താണെന്ന് ചോദിച്ചപ്പോള്‍ ബിര്‍ള ഗ്രൂപ്പ് എക്സിക്യൂട്ടിവ് പ്രസിഡന്റ് ശുഭേന്ദു അമിതാബിന്റെ മറുപടി രസകരമായിരുന്നു. ഗുജറാത്ത് ആല്‍ക്കലിസ് ആന്റ് കെമിക്കല്‍സ് എന്നാണ് ഇതിന്റെ വിശദ രൂപമെന്നാണ് ശുഭേന്ദു പറഞ്ഞത്. മോദിക്ക് പുറമെ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെയും ചത്തിസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങ്ങിന്റെയും പേരുകള്‍ രേഖകളിലുണ്ടെന്നും ആരോപണമുണ്ടായി.
ഈ പരാമര്‍ശങ്ങള്‍ പരിശോധിക്കാന്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു കോമണ്‍ കോസിന്റെ ആവശ്യം. എന്നാല്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അടങ്ങിയ ബെഞ്ച് കേസ് തള്ളിക്കളഞ്ഞു. ഭരണഘടനാപരമായ അധികാരം കൈയ്യാളുന്നവര്‍ക്കെതിരെ വളരെ ദുര്‍ബ്ബലമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും അന്വേഷണം ആവശ്യപ്പെടുന്ന തെളിവുകള്‍ ഹാജരാക്കാന്‍ പരാതിക്കാര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി വിധിയെഴുതി. ഈ റെയ്ഡുകള്‍ക്ക് നേതൃത്വം കൊടുത്ത ഐ ടി ഓഫീസര്‍ കെ വി ചൗധരിയെ മോദി സര്‍ക്കാര്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണര്‍ ആക്കുന്നതും രാജ്യം കണ്ടു. ഇക്കഴിഞ്ഞ ജൂണില്‍ ജസ്റ്റിസ് അരുണ്‍ മിശ്രയെ മോദി സര്‍ക്കാര്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷനാക്കിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോകളിലൊന്ന് റിട്ടയര്‍മെന്റിന് ശേഷം കിട്ടുന്ന ജോലികള്‍ റിട്ടയര്‍മെന്റിന് മുമ്പുള്ള വിധികളെ സ്വാധീനിക്കും എന്ന് അന്തരിച്ച ബിജെപി നേതാവ് അരുണ്‍ ജയ്റ്റ്ലി പാര്‍ലമെന്റില്‍ പ്രസംഗിക്കുന്നതായിരുന്നു.

എന്തുകൊണ്ട് ജസ്റ്റിസ് ഗൊഗോയിയും ജസ്റ്റിസ് അരുണ്‍ മിശ്രയെ കൈവിട്ടില്ലെന്നത് ഒരു മില്ല്യണ്‍ ഡോളര്‍ ചോദ്യമാണ്. പെഗാസസ് എന്ന ചാര സോഫ്റ്റ്വെയറില്‍ ഈ ചോദ്യത്തിനുള്ള ഉത്തരം ചിലപ്പോള്‍ ഉണ്ടായേക്കുമെന്ന് ഇന്ദ്രപ്രസ്ഥത്തിലെ അധികാര ഇടനാഴികളില്‍ അടക്കംപറച്ചിലുകളുണ്ട്. സിറ്റിസണ്‍ലാബും 17 മാദ്ധ്യമ സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ച യുവതിയുടെയും ബന്ധുക്കളുടെയും ഫോണുകള്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയിട്ടുണ്ടെന്നാണ്. പെഗാസസ് വഴി ഈ ഫോണുകളില്‍ നിന്നും കിട്ടിയ വിവരങ്ങളില്‍ ജസ്റ്റിസ് ഗൊഗോയിക്കെതിരെയുള്ള ലൈംഗിക പീഡനത്തിന്റെ വിശദാംശങ്ങളും ഉള്‍പ്പെട്ടിരിക്കാമെന്നത് അരിയാഹാരം കഴിക്കുന്നവരുടെ ചിന്തകളില്‍ മാത്രമാണോ ഉദിക്കുകയെന്നറിയില്ല.
പെഗാസസ് വാങ്ങിയിട്ടുണ്ടോ അതോ മറ്റാര്‍ക്കെങ്കിലും ഇതിനുള്ള അനുമതി നല്‍കിയിട്ടുണ്ടോ എന്നിങ്ങനെയുള്ള കോടതിയുടെ ചോദ്യങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ആകെ ചെയ്തത് രാജ്യ സുരക്ഷ എന്ന എക്കാലത്തെയും പ്രതിരോധം ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു. ഇവിടെയാണ് സുപ്രീംകോടതി ഗംഭീരമായ തിരിച്ചുവരവ് നടത്തിയത്. പൗര സമൂഹത്തിന്റെ സ്വകാര്യതയ്ക്ക് മേല്‍ കൈയ്യേറ്റം നടത്താന്‍ ദേശ സുരക്ഷ എന്ന ഉമ്മാക്കി പോരെന്ന് നല്ല വെടിപ്പായ ഭാഷയിലാണ് ചീഫ് ജസ്റ്റിസ് രമണ പറഞ്ഞത്. പ്രതിപക്ഷ നേതാക്കളുടെയും മാദ്ധ്യമ പ്രവര്‍ത്തകരുടെയും ഫോണുകള്‍ ചോര്‍ത്തപ്പെടുന്നുവെന്നത് കൈയ്യും കെട്ടി നോക്കിയിരുന്നാല്‍ അത് തകര്‍ക്കുക ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളെയാണെന്ന തിരിച്ചറിവില്‍ സുപ്രീംകോടതി നടത്തിയ ഈ ഇടപെടലിനെ ഗംഭീരം എന്ന് മാത്രമേ വിശേഷിപ്പിക്കാനാവുകയുള്ളു. സ്വകാര്യതയും സംസാര സ്വാതന്ത്ര്യവും ദേശ സുരക്ഷയുടെ അള്‍ത്താരയില്‍ ബലികഴിക്കാനാവില്ലെന്ന സുപ്രീംകോടതി നിലപാട് ഇന്ത്യന്‍ ഭരണഘടനയുടെ അന്തഃസത്ത തന്നെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്.
അധികാരത്തിന്റെ കൃത്യവും വ്യക്തവുമായ വിഭജനമാണ് ഇന്ത്യന്‍ ഭരണഘടന മുന്നോട്ടുവെയ്ക്കുന്നത്. ജുഡീഷ്യറിക്കും എക്സിക്യൂട്ടിവിനും നിയമനിര്‍മ്മാണ സഭകള്‍ക്കുമുള്ള അധികാരത്തിന്റെ അതിര്‍ത്തികളുടെ കാര്യത്തില്‍ ഭരണഘടനയുടെ നിലപാട് സംശയാതീതമാണ്. ഈ അതിര്‍ത്തികള്‍ മറികടന്ന് ഭരണകൂടം അഥവാ എക്സിക്യൂട്ടിവ് ആദ്യമായി ഇന്ത്യന്‍ ജനാധിപത്യം അട്ടിമറിച്ചത് 1975 ജൂണ്‍ 25ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു. പൗരസമൂഹത്തിന്റെ മൗലികാവകാശങ്ങളുടെ നിഷേധമായിരുന്നു അടിയന്തരാവസ്ഥ. അടിയന്തരവാസ്ഥയുമായി മുന്നോട്ടുപോകാന്‍ ഇന്ദിരാഗാന്ധിക്കായത് സുപ്രീംകോടതിയുടെ നിരുത്തരവാദപരമായ നിലപാടുകൊണ്ടായിരുന്നുവെന്ന വിമര്‍ശം പരക്കെ അംഗീകരിക്കപ്പെട്ടതാണ്. 1976 ല്‍ അടിയന്തരാവസ്ഥയുടെ മൂര്‍ദ്ധന്യാവസ്ഥയിലാണ് സുപ്രീംകോടതി എഡിഎം ജബല്‍പൂര്‍ കേസില്‍ വിധി പറഞ്ഞത്. ഒരു കാരണവും ബോധിപ്പിക്കാതെ പോലിസ് പ്രതിപക്ഷ നേതാക്കളേയും ഭരണകൂടത്തിന്റെ വിമര്‍ശകരേയും അറസ്റ്റ് ചെയ്യുകയും അവരെ എവിടെയാണ് കസ്റ്റഡിയില്‍ വെച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്താതിരിക്കുകയും ചെയ്യുന്നതിനെതിരെയുള്ള ഹേബിയസ് കോര്‍പസ് കേസായിരുന്നു അത്. ജനാധിപത്യ സമൂഹത്തില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജികള്‍ക്കുള്ള പ്രാധാന്യം സുപ്രധാനമാണ്. ഒരാളെ അന്യായമായി തടവില്‍ വെച്ചാല്‍ അയാളെ കോടതിയുടെ മുന്നില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെടുന്ന ഈ നിയമനടപടി ഭരണകൂടത്തിന് എക്കാലത്തും പേടിസ്വപ്നമാണ്.
പക്ഷേ, അടിയന്തരവാസ്ഥ ഭരണകൂടത്തിനെ ഇന്ത്യയിലെ എല്ലാ ഭരണഘടനസ്ഥാപനങ്ങളുടെയും മുകളില്‍ പ്രതിഷ്ഠിച്ചു. ഇതിനെതിരെയുള്ള കേസാണ് സുപ്രീംകോടതിയിലെത്തിയത്. ചീഫ് ജസ്റ്റിസ് എ എന്‍ റേ, ജസ്റ്റിസുമാരായ എച്ച് ആര്‍ ഖന്ന, എം എച്ച് ബെഗ്, വൈ വി ചന്ദ്രചൂഡ്, പി എന്‍ ഭഗവതി എന്നിവരടങ്ങിയ ബഞ്ചാണ് വാദം കേട്ടത്. ഭരണഘടനയുടെ 14, 21, 22, 19 വകുപ്പുകള്‍ ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് ഭരണകൂടത്തിന്റെ നടപടികള്‍ എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ അഞ്ചംഗ ബഞ്ചിന്റെ വിധി ഇന്ദിര സര്‍ക്കാരിന് അനുകൂലമായിരുന്നു. ഭരണഘടനയുടെ 359 ( 1 ) വകുപ്പ് പ്രകാരം ഈ അവകാശങ്ങള്‍ റദ്ദാക്കിക്കൊണ്ട് രാഷ്ട്രപതി ഉത്തരവ് പുറപ്പെടുവിച്ചതോടെ ഹേബിയസ് കോര്‍പസ് ഹര്‍ജികള്‍ക്ക് സാംഗത്യമില്ലാതായി എന്നാണ് സുപ്രീംകൊടതി വിധിച്ചത്. ഇന്ത്യന്‍ ജനാധിപത്യത്തിനെ അക്ഷരാര്‍ത്ഥത്തില്‍ വഴിയാധാരമാക്കുന്ന വിധിയായിരുന്നു അത്.

അഞ്ചംഗ ബെഞ്ചില്‍ ജസ്റ്റിസ് ഹന്‍സ്രാജ് ഖന്ന മാത്രമാണ് വ്യത്യസ്ത നിലപാടെടുത്തത്. ജസ്റ്റിസ് ഖന്നയുടെ ആ വിയോജിപ്പ് ഇന്ത്യന്‍ ജനാധിപത്യത്തില്‍ സുവര്‍ണ്ണലിപികളില്‍ എഴുതപ്പെടേണ്ട കുറിപ്പായി. പൗരന്മാരുടെ ജീവനും വ്യക്തി സ്വാതന്ത്ര്യത്തിനും മേല്‍ കൈകടത്താന്‍ ഒരു ഭരണകൂടത്തിനും അവകാശമില്ലെന്നാണ് ജസ്റ്റിസ് ഖന്ന എഴുതിയത്. ജീവനുള്ള അവകാശം ഭരണഘടനയ്ക്ക് മുന്‍പേ ഉള്ളതാണെന്നും ഭരണഘടനയ്ക്ക് പോലും ആ സ്വാതന്ത്ര്യം നിഷേധിക്കാനാവില്ലെന്നും ജസ്റ്റിസ് ഖന്ന അസന്നിദഗ്ദമായി പറഞ്ഞു. ഈ വിധി എഴുതുന്നതിന് മുമ്പ് തന്റെ വീട്ടകാരോട് ജസ്റ്റിസ് ഖന്ന ഒരു കാര്യം പറഞ്ഞു. തന്റെ ഈ വിയോജിപ്പ് തനിക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പദവി നഷ്ടപ്പെടുത്തുമെന്നായിരുന്നു ജസ്റ്റിസ് ഖന്നയുടെ പ്രവചനം. ചീഫ് ജസ്റ്റിസ് എ എന്‍ റേ കഴിഞ്ഞാല്‍ സുപ്രീംകോടതിയിലെ ഏറ്റവും സീനിയര്‍ ജഡ്ജിയായിരുന്ന ജസ്റ്റിസ് ഖന്നയാണ് സ്വാഭാവികമായും അടുത്ത ചീഫ് ജസ്റ്റിസ് ആകേണ്ടിയിരുന്നത്. പക്ഷേ, ഭരണകൂടത്തിനെതിരെ ശബ്ദിച്ച ജസ്റ്റിസ് ഖന്നയെ ചീഫ് ജസ്റ്റിസാക്കാന്‍ ഇന്ദിര സര്‍ക്കാര്‍ ഒരുക്കമായിരുന്നില്ല. കേശവാനന്ദഭാരതി കേസില്‍ ഭരണഘടനയുടെ അടിസ്ഥാന ഘടന മാറ്റിമറിക്കാനാവില്ലെന്ന വിധിയിലും ജസ്റ്റിസ് ഖന്നയുടെ പങ്ക് നിര്‍ണ്ണായകമായിരുന്നു. അങ്ങിനെയാണ് ജസ്റ്റിസ് ഖന്നയെ മറികടന്ന് എം എച്ച് ബെഗിനെ ഇന്ദിര സര്‍ക്കാര്‍ ചീഫ് ജസ്റ്റിസാക്കിയത്. ഒരു നിമിഷം പോലും വൈകാതെ ജസ്റ്റിസ് ഖന്ന സുപ്രീംകോടതിയില്‍ നിന്ന് രാജിവെയ്ക്കുകയും ചെയ്തു.
1976 ഏപ്രില്‍ 30ന് ന്യൂയോര്‍ക്ക് ടൈംസ് എഴുതിയ മുഖപ്രസംഗം ഇവിടെ അനുസ്മരിക്കേണ്ടതായുണ്ട്. ഇന്ത്യന്‍ ജനാധിപത്യം എപ്പോഴെങ്കിലും സ്വാതന്ത്ര്യത്തിലേക്ക് തിരിച്ചുവരികയാണെങ്കില്‍ ജസ്റ്റിസ് ഖന്നയ്ക്ക് തീര്‍ച്ചയായും ഒരു മണ്ഡപം തീര്‍ക്കണമെന്നാണ് ന്യയോര്‍ക്ക് ടൈംസ് പറഞ്ഞത്. ഇന്ദിര സര്‍ക്കാരിന്റെ പതനത്തിന് ശേഷം അധികാരത്തിലെത്തിയ മൊറാര്‍ജി സര്‍ക്കാര്‍ ജസ്റ്റിസ് ഖന്നയോട് മുന്‍ ഭരണകൂടത്തിന്റെ അതിക്രമങ്ങള്‍ അന്വേഷിക്കുന്ന കമ്മീഷന്റെ ചെയര്‍മാന്‍ ആകണമെന്ന് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ജസ്റ്റിസ് ഖന്ന ആ ഓഫര്‍ നിരസിച്ചു. ഇന്ദിര സര്‍ക്കാരിനെതിരെ നിലപാടെടുത്ത താന്‍ അവര്‍ക്തെിരെയുള്ള അന്വേഷണകമ്മീഷന്റെ ചെയര്‍മാനായാല്‍ തന്റെ നിഷ്പക്ഷതയെക്കുറിച്ച് ജനങ്ങള്‍ക്ക് സംശയമുണ്ടാവും എന്നാണ് ജസ്റ്റിസ് ഖന്ന ചൂണ്ടിക്കാട്ടിയത്.
അന്ന് ആ അഞ്ചംഗ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് പി എന്‍ ഭഗവതി പിന്നീട് ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി. 30 കൊല്ലങ്ങള്‍ക്ക് ശേഷം 2006 ല്‍ ജസ്റ്റിസ് ഭഗവതി പറഞ്ഞത് അന്നത്തെ ഭൂരിപക്ഷ വിധി തെറ്റായിരുന്നുവെന്നാണ്. ''അതെന്റെ മനഃസാക്ഷിക്കെതിരായിരുന്നു. ആ വിധി ജസ്റ്റിസ് ഭഗവതിയുടേതായിരുന്നില്ല.'' സ്വകാര്യത മൗലികാവകാശമാണെന്ന് വ്യക്തമാക്കിക്കൊണ്ട് 2017 ല്‍ ഒമ്പതംഗ സുപ്രീംകോടതി ബെഞ്ച് നിലപാടെടുത്തപ്പോള്‍ അതില്‍ സുപ്രധാനമായ നിരീക്ഷണങ്ങള്‍ നടത്തിയത് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡായിരുന്നു. അടിയന്തരവാസ്ഥയില്‍ ഭരണകൂടത്തിനെ പിന്താങ്ങിയ വിധിയില്‍ ഭാഗഭാക്കായിരുന്ന ജസ്റ്റിസ് വൈ വി ചന്ദ്രചൂഡിന്റെ മകന്‍. തന്റെ വിധിയില്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പിതാവിന്റെ വിധി തള്ളിപ്പറഞ്ഞു. ജസ്റ്റിസ് ഖന്ന ഉയര്‍ത്തിപ്പിടിച്ച മഹത്തായ മൂല്യബോധത്തിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ടാണ് സ്വകാര്യത ജീവ വായു പോലെ പൗരസമൂഹത്തിന് സുപ്രധാനമാണെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എഴുതിയത്.
ഇക്കാര്യങ്ങള്‍ ഇത്രയും വിശദമായി പരാമര്‍ശിക്കേണ്ടി വന്നത് ചീഫ് ജസ്റ്റിസ് വി എന്‍ രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പെഗാസസ് കേസില്‍ പുറപ്പെടുവിച്ച വിധി ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം എത്രമാത്രം നിര്‍ണ്ണായകമാണെന്ന് വ്യക്തമാക്കുന്നതിനാണ്. ഭരണഘടനയുണ്ടായിരുന്നിട്ടും നാസി ജര്‍മ്മനിയില്‍ ഹിറ്റ്ലര്‍ക്കും സംഘത്തിനും ജനാധിപത്യം അട്ടിമറിക്കാനായത് കോടതിയുടെ നിസ്സംഗതയും നിരുത്തരവാദിത്വവും കൊണ്ടായിരുന്നുവെന്ന് നിരീക്ഷണമുണ്ട്. പാക്കിസ്താനില്‍ ജനാധിപത്യത്തിന്റെ തകര്‍ച്ചയുണ്ടായതും ഇതേ പരിസരങ്ങളിലാണെന്നതും ഓര്‍ക്കേണ്ടതുണ്ട്. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ചീഫ് ജസ്റ്റിസായിരുന്ന സമയത്താണ് കുപ്രസിദ്ധമായ മുദ്ര വെച്ച കവറുകള്‍ രംഗപ്രവേശം ചെയ്തത്. റഫേല്‍ വിമാന ഇടപാട്, അസമിലെ എന്‍ ആര്‍ സി , സിബിഐ കേസ് എന്നിവയിലൊക്കെ വിവരങ്ങള്‍ മുദ്ര വെച്ച കവറില്‍ തരാനാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആവശ്യപ്പെട്ടത്. കോടതിയുടെ വിധികള്‍ എന്തിന്റെ അടിസ്ഥാനത്തിലാണെന്നറിയാനുള്ള പൗരസമൂഹത്തിന്റെ അവകാശമാണ് ഈ നിലപാടിലൂടെ നിഷേധിക്കപ്പെട്ടതെന്നാണ് പ്രശസ്ത അഭിഭാഷകന്‍ ഗൗതം ഭാട്ടിയ ചൂണ്ടിക്കാട്ടിയത്. വിധിക്കടിസ്ഥാനമായ വിവരങ്ങള്‍ മൂടിവെയ്ക്കപ്പെടുമ്പോള്‍ വിധിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യതയ്ക്കാണ് ഇളക്കം തട്ടുന്നത്.

ഇക്കഴിഞ്ഞ ആറ് മാസങ്ങളില്‍ സുപ്രീംകോടതിയുടെ ഭാഗത്തു നിന്നുണ്ടായ മൂന്ന് ഇടപെടലുകളാണ് നമുക്ക് മുന്നില്‍ പ്രതീക്ഷയുടെ വിളക്ക് മരങ്ങളാവുന്നത്. ആദ്യത്തേ് പെഗാസസ് വിധിയാണ്. മോദി സര്‍ക്കാരിന് മുഖമടച്ചുകിട്ടിയ പ്രഹരമാണ് സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ ഈ വിധി. രണ്ടാമത്തേത് വാക്സിനേഷന്‍ പോളിസിയിലുള്ള സുപ്രീംകോടതിയുടെ ഇടപെടലായിരുന്നു. വാക്സിന്‍ നയം കോര്‍പറേറ്റുകള്‍ക്കനുകൂലമായി പൊളിച്ചെഴുതിയ മോദി സര്‍ക്കാരിന് അതില്‍ നിന്ന് പിന്‍മാറേണ്ടി വന്നത് സുപ്രീംകോടതിയുടെ നിശിത വിമര്‍ശം കാരണമാണ്. ഭരണഘടനയുടെ തുടക്കത്തില്‍ പറയുന്ന ''ഭാരതം സംസ്ഥാനങ്ങളുടെ സംഘാതമാണെന്ന'' വാക്യം ചൂണ്ടിക്കാട്ടി എന്തുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ വാക്സിന്‍ ഒന്നിച്ച് വാങ്ങി എല്ലാ സംസ്ഥാനങ്ങള്‍ക്കും വിതരണം ചെയ്യാത്തതെന്നും സംസ്ഥാനങ്ങള്‍ക്ക് ഒരു വിലയും കേന്ദ്രത്തിന് മറ്റൊരു വിലയും എന്ന നയം അംഗീകരിക്കാനാവില്ലെന്നും സുപ്രീംകോടതി പറഞ്ഞപ്പോള്‍ മോദി സര്‍ക്കാരിന് മുന്നില്‍ മറ്റ് വഴികളൊന്നുമുണ്ടായിരുന്നില്ല. ഉത്തര്‍പ്രദേശിലെ ലംഘിപൂര്‍ ഖേരിയില്‍ കര്‍ഷകരെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്‍ കാറിടിച്ചുകൊന്നുവെന്ന കേസില്‍ അറസ്റ്റ് വൈകിയപ്പോള്‍ സുപ്രീംകോടതി നടത്തിയ ഇടപെടലാണ് മൂന്നാമത്തേത്. എന്തൊരു കൃത്യമായ ഇടപെടല്‍ എന്നാണ് പ്രമുഖ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ ഈ ഉത്തരവിനെ വിശേഷിപ്പിച്ചത്.
വിവാദത്തിന്റെ നിഴലിലായിരുന്നു ജസ്റ്റിസ് രമണയുടെ ചിഫ് ജസ്റ്റിസ് പദവിയിലേക്കുള്ള വരവ്. ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി വലിയ ആരോപണമാണ് ജസ്റ്റിസ് രമണയ്ക്കെതിരെ ഉന്നയിച്ചത്. ഈ ആരോപണങ്ങള്‍ പക്ഷേ, സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി തള്ളിക്കളഞ്ഞു. ഇതോടെ പെഗാസസുകളുടെ കഴുകന്‍ കണ്ണുകളില്‍ നിന്നുള്ള ജസ്റ്റിസ് രമണയുടെ പ്രതിരോധം പഴുതില്ലാത്തതായി. ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റശേഷം ഇക്കഴിഞ്ഞ മെയ് 30 ന് നടത്തിയ പി ഡി ദേശായ് സ്മാരക പ്രഭാഷണത്തില്‍ ജസ്റ്റിസ് രമണ നടത്തിയ പരാമര്‍ശം ശ്രദ്ധേയമായിരുന്നു : '' ഏതാനും വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഭരണാധികാരിയെ മാറ്റാം എന്നതുകൊണ്ടുമാത്രം ഏകാധിപതികള്‍ ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്താനാവില്ല. '' നിയമനിര്‍മ്മാണ സഭകളും ഭരണകൂടവും ജുഡീഷ്യറിയെ നിയന്ത്രിക്കുന്ന അവസ്ഥ അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസ് രമണ അസന്നിഗ്ദമായി പറഞ്ഞു.

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ജനാധിപത്യത്തിന് പരമപ്രധാനമാണ്. എത്ര ശക്തനായ ഭരണാധികാരിയുടെ മുന്നിലും അടിയറവ് വെയ്ക്കേണ്ട സംഗതിയല്ല അത്. ആരും നിയമത്തിന് അതീതരല്ലെന്നതാണ് പരിഷ്‌കൃത സമൂഹത്തിന്റെ അടിസ്ഥാനം. സമ്പത്തും അധികാരവുമല്ല നീതിയുടെ സാന്നിദ്ധ്യമാണ് ഈ അടിസ്ഥാനം നിര്‍ണ്ണയിക്കുന്നത്. ഈ സത്യത്തിന്റെ പതാകയാണ് ലംഘിപൂരിലും വാക്സിന്‍ പോളിസിയിലും പെഗാസസിലും സുപ്രീംകോടതി ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് പല്ലും നഖവും നല്‍കിയ ടി എന്‍ ശേഷനെ ഓര്‍ത്തുപോവുന്നു. ശേഷന്റെ അഗ്രഷന്‍ ജസ്റ്റിസ് രമണയ്ക്കന്യമാണ്. വിനയത്തിന്റെയും സൗമ്യതയുടെയും ഭാഷയിലാണ് ജസ്റ്റിസ് രമണ സംസാരിക്കുക. പക്ഷേ, ആ വാക്കുകളില്‍ ഇന്ത്യന്‍ ജനത വലിയൊരു പ്രതീക്ഷ കാണുന്നുണ്ട്. ആരുമില്ലാത്തവര്‍ക്ക് ദൈവം തുണ എന്ന് പറയുന്നതു പോലെ തന്നെയാണ് ആരുമില്ലാത്തവര്‍ക്ക് കോടതിയുണ്ട് എന്ന് പറയുന്നതും. ആ വിശ്വാസമാണ് ഇന്നിപ്പോള്‍ ജസ്റ്റിസ് രമണയുടെ നേതൃത്വത്തില്‍ സുപ്രീംകോടതി വീണ്ടെടുക്കുന്നത്.
വഴിയില്‍ കേട്ടത് : മതത്തിന്റെ പേരില്‍ ഒരാളെ ആക്രമിക്കുന്നത് അതിദയനീയമാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്ലി. '' ഞങ്ങള്‍ 200 ശതമാനവും ഷമിക്കൊപ്പമാണ്. '' ടി 20 ക്രിക്കറ്റ് ലോക കപ്പില്‍ ഇന്ത്യയുടെ പെയ്സ് ബൗളര്‍ മുഹമ്മദ് ഷമിയുടെ പ്രകടനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ട്രോളുകള്‍ക്കുള്ള കൊഹ്ലിയുടെ പ്രതികരണമായിരുന്നു ഇത്. പറയേണ്ട കാര്യം പറയേണ്ട സമയത്ത് പറഞ്ഞതിന് കൊഹ്ലിക്കിരിക്കട്ടെ ഒരു കുതിരപ്പവന്‍ !
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..