മുല്ലപ്പെരിയാർ സ്പിൽവേ| ഫോട്ടോ: പി.പി രതീഷ്, മാതൃഭൂമി
മുല്ലപ്പെരിയാറിനെക്കുറിച്ച് പറയുമ്പോള്‍ 1876-ല്‍നിന്ന് തുടങ്ങേണ്ടി വരും. അന്ന് മദ്രാസ് സംസ്ഥാനം നേരിട്ട കൊടുംക്ഷാമത്തില്‍ ചുരുങ്ങിയത് പത്ത് ലക്ഷം പേരെങ്കിലും മരിച്ചതായാണ് കണക്ക്. ഈ ദുരന്തമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് പിറവി കൊടുക്കാന്‍ എ.ഒ. ഹ്യൂമിനെ പ്രേരിപ്പിച്ചത്. ഇന്ത്യന്‍ ജനതയോട് ബ്രിട്ടീഷ് ഭരണകൂടം കാട്ടുന്ന അനീതിക്കെതിരെ അന്ന് ശബ്ദിച്ചവരില്‍ ആധുനിക നഴ്സിങ് പ്രസ്ഥാനത്തിന്റെ സ്ഥാപക ഫ്ളോറന്‍സ് നൈറ്റിംഗേലുമുണ്ടായിരുന്നു.
വരള്‍ച്ചയായിരുന്നു ക്ഷാമത്തിന്റെ ഒരു കാരണം. കേരളം വര്‍ഷാവര്‍ഷം വെള്ളപ്പൊക്കം കൊണ്ട് പൊറുതി മുട്ടുമ്പോള്‍ മദ്രാസ് സംസ്ഥാനത്തിന്റെ തെക്കന്‍ പ്രവിശ്യകള്‍ വരള്‍ച്ചകൊണ്ട് പൊറുതിമുട്ടുന്ന അവസ്ഥ. പശ്ചിമഘട്ടത്തിലെ ശിവഗിരിക്കുന്നുകളില്നിന്ന് ഉടലെടുത്ത് അറബിക്കടലിലെത്തിച്ചേരുന്ന പെരിയാറിന് കുറുകെ അണകെട്ടി വെള്ളം സംഭരിച്ച് തേനി, ഡിണ്ടികല്‍, ശിവഗംഗ, മധുര, രാമനാഥപുരം പ്രദേശങ്ങളുടെ ദാഹമകറ്റുക എന്ന ആശയം മുളപൊട്ടിയത് ഈ പരിസരത്തിലാണ്. ജോണ്‍ പെനിക്വിക് എന്ന സേ്കാട്ടിഷ് എഞ്ചിനീയറാണ് പദ്ധതി പ്രാവര്‍ത്തികമാക്കിയത്. തേനിയിലും ഡിണ്ടികലിലുമൊക്ക പല കര്‍ഷക കുടുംബങ്ങളിലും ഇപ്പോഴും ജോണ്‍ പെനിക്വിക്കിന്റെ ഛായാ ചിത്രങ്ങള്‍ കാണാം.
മലേറിയയയോടും കോളറയോടും മാത്രമല്ല, കാട്ടുമൃഗങ്ങളോടും കാലാവസ്ഥയോടും ഏറ്റുമുട്ടിയാണ് പെനിക്വിക്കും സംഘവും മുല്ലപ്പെരിയാറില്‍ അണ കെട്ടിയത്. തമിഴകത്തിന്റെ പലയിടങ്ങളില്‍ നിന്നായെത്തിയ മൂവായിരത്തോളം പണിക്കാരില്‍ പകുതിയോളം പേരെങ്കിലും അണയുടെ പണി പൂര്‍ത്തിയാവുന്നതിനിടയില്‍ മരിച്ചു വീണിട്ടുണ്ടന്നാണ് റിപ്പോര്‍ട്ടുകള്‍. 1895-ല്‍ മുല്ലപ്പെരിയാര്‍ അണയുടെ നിര്‍മ്മാണം കഴിഞ്ഞപ്പോള്‍ പെനിക്വിക് പറഞ്ഞത് മരിച്ചുപോയ തൊഴിലാളികള്‍ക്കാണ് അണക്കെട്ട് സമര്‍പ്പിക്കുന്നതെന്നാണ്. 176 അടിയാണ് (53.6 മീറ്റര്‍ ) അണയുടെ ഉയരം. നീളം 1,200 അടിയും.

ഫയല്‍ ഫോട്ടോ: ബിജു വര്‍ഗീസ്, മാതൃഭൂമി
മൊത്തം 8,100 ഏക്കര്‍ വനപ്രദേശമാണ് മുല്ലപ്പെരിയാറിനായി തിരുവിതാംകൂര്‍ രാജകുടുംബം മദ്രാസ് റെസിഡന്‍സിക്ക് വിട്ടുകൊടുത്തത്. മൈസൂരില്‍നിന്നുള്ള പടയോട്ടങ്ങളില്‍ തിരുവിതാംകൂറിനെ രക്ഷിച്ചിരുന്നത് ബ്രിട്ടീഷ് ഇടപെടലായിരുന്നതിനാല് അണ കെട്ടാന്‍ ഭൂമി ചോദിച്ചപ്പോള്‍ പറ്റില്ലെന്ന് പറയാന്‍ രാജകുടുംബത്തിന് ആവുമായിരുന്നില്ല. ഏക്കറിന് അഞ്ച് രൂപ വെച്ച് 999 കൊല്ലത്തേക്കായിരുന്നു പാട്ടം.
ഈ പാട്ടം അവസാനം പുതുക്കിയത് 1970-ല്‍ സി. അച്ച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കെയാണ്. കമ്മ്യൂണിസ്റ്റുകാര്‍ പൊതുവെ അതിര്‍ത്തികളില്‍ വിശ്വസിക്കാത്തവരാണ്. പക്ഷേ, അതുകൊണ്ടുമാത്രമല്ല അച്ച്യുതമേനോന്‍ പാട്ടക്കരാര്‍ പുതുക്കാന്‍ തയ്യാറായത്. ഒരു കോടിയോളം പേര്‍ക്ക് കുടിവെള്ളവും 2.17 ലക്ഷം ഏക്കറില്‍ നെല്‍കൃഷിയും സാദ്ധ്യമാക്കുന്ന സംഗതിയാണ് മുല്ലപ്പെരിയാര്‍ അണയെന്നും തൊട്ടടുത്തുള്ള ഒരു സംസ്ഥാനത്തിന് ഉപകാരം ചെയ്യാന്‍ പറ്റുന്നില്ലെങ്കില്‍ ഭരണാധികാരിയായി ഇരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അച്ച്യുതമേനോന്‍ അറിയാമായിരുന്നു.
999 കൊല്ലത്തെ പാട്ടമൊക്കെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതോടെ പഴങ്കഥയായെന്നുള്ള വാദം സുപ്രീം കോടതി തള്ളിക്കളയുകയായിരുന്നു. കുടിവെള്ളത്തിനും കൃഷിക്കും എന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും തമിഴ്നാട് പിന്നീട് വെള്ളത്തില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനും തുടങ്ങി. ഈ വകയില്‍ തമിഴ്നാട് പ്രതിവര്‍ഷം പത്ത് ലക്ഷം രൂപ കേരളത്തിന് കൊടുക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഭൂമിയുടെ പാട്ടത്തിന് 7.5 ലക്ഷം രൂപയും ഒരു കൊല്ലം കേരളത്തിന് കിട്ടുന്നുണ്ട് ( ദീപ കന്തസ്വാമിയുടെ ലേഖനത്തില്‍ നിന്ന്.)
വെള്ളത്തിന്റെയും ഭൂമിയുടെയും ശരിക്കുള്ള വില ഇതിന്റെ പതിന്മടങ്ങ് വരും. പക്ഷേ, മനുഷ്യന് ജിവിക്കുന്നത് അപ്പം കൊണ്ടു മാത്രമല്ലെന്ന് ക്രിസ്തു പറഞ്ഞതുപോലെ, തൊട്ടടുത്ത് കിടക്കുന്ന രണ്ട് സംസ്ഥാനങ്ങള്‍ക്ക്, അതും ദ്രാവിഡകുലത്തിലെ രണ്ടംഗങ്ങള്‍ക്ക് എന്തിനുമേതിനും കാശു വേണമെന്ന് ശഠിക്കാനാവില്ലെന്നതാണ് വാസ്തവം. ജോണ്‍ പെനിക്വിക് 1911-ലാണ് മരിച്ചത്. അങ്ങേരുടെ ശവകുടീരത്തില്‍ പക്ഷേ, മുല്ലപ്പെരിയാര്‍ അണയെക്കുറിച്ച് ഒരു വാക്ക് പോലുമില്ല. മദ്രാസിലായിരിക്കെ സായിപ്പ് ക്രിക്കറ്റില്‍ അടിച്ചുകൂട്ടിയ റണ്ണുകളും വീഴ്ത്തിയ വിക്കറ്റുകളുടെ എണ്ണവുമാണ് കല്ലറയിലെ ഓര്മ്മക്കുറിപ്പിലുള്ളത്. വെള്ളം കിട്ടാതെ മരിച്ച തമിഴരെക്കുറിച്ചോ വെള്ളത്തില്‍ മുങ്ങി മരിച്ച കേരളീയരെക്കുറിച്ചോ ആയിരുന്നില്ല ജോണ്‍ പെനിക്വിക്കിന്റെ പിന്തലമുറയുടെ ഉത്ക്കണ്ഠ.
അതവിടെ നില്ക്കട്ടെ. നമ്മുടെ വിഷയം മുല്ലപ്പെരിയാറിന്റെ സുരക്ഷയാണ്. ആരെന്തു പറഞ്ഞാലും മുല്ലപ്പെരിയാര്‍ ഡീകമ്മീഷന്‍ ചെയ്യണമെന്നാണ് നടന് പൃഥ്വിരാജ് പറയുന്നത്. ഒരു കാര്യത്തെക്കുറിച്ച് ചുക്കും ചുണ്ണാമ്പും അറിയില്ലെങ്കിലും വലിയ വായില്‍ ഒച്ച വെയ്ക്കുക എന്നത് നമ്മുടെ ചില സിനിമക്കാര്‍ക്ക് പണ്ടേയുള്ള അസുഖമാണ്. വസ്തുതകള്‍ എന്തുതന്നെയായാലും മുല്ലപ്പെരിയാര്‍ ഡികമ്മീഷന്‍ ചെയ്യണമെന്നാണ് പൃഥിയുടെ ആവശ്യം. അതായത് മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്നത് വസ്തുതയും യാഥാര്ത്ഥ്യവുമാണെങ്കിലും അണക്കെട്ട് പൊളിക്കാന്‍ ഇനി അമാന്തം അരുതെന്നാണ് ടിയാന് പറയുന്നത്. ഒരു മാതിരി സിനിമാക്കാരേയൊന്നും കേരളത്തിലുള്ളവര്‍ തിരഞ്ഞെടുപ്പില്‍ ജയിപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് ഇതിലൂടെ വെളിപ്പെടുന്നുണ്ട്.
മുല്ലപ്പെരിയാര്‍ സുരക്ഷിതമാണെന്ന് പറഞ്ഞത് സുപ്രീം കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതിയാണ്. 2011-ല്‍ അന്നത്തെ സുപ്രീം കോടതി ചീഫ്ജസ്റ്റിസ് എ.എസ്. ആനന്ദ് അദ്ധ്യക്ഷനായാണ് ഈ പാനല്‍ നിലവില്‍ വന്നത്. സുപ്രീം കോടതി മുന്‍ ജഡ്ജിമാരായിരുന്ന ജസ്റ്റിസ് എ.ആര്. ലക്ഷ്മണനും ജസ്റ്റിസ് കെ.ടി. തോമസും എഞ്ചിനീയറിങ് വിദഗ്ദ്ധരായ ഡോ. സി.ഡി. തട്ടേയും ഡി.കെ. മേത്തയുമായിരുന്നു പാനിലിലെ മറ്റംഗങ്ങള്‍. അണക്കെട്ടുകളെക്കുറിച്ച് ആഴത്തില്‍ അറിവുള്ളവരാണ് തട്ടേയും മേത്തയുമെന്നത് ആരും ചോദ്യം ചെയ്യാനിടയില്ല.
മുല്ലപ്പെരിയാറിനെക്കുറിച്ചുള്ള വിശദമായ പഠനമാണ് ഇവര്‍ നടത്തിയതെന്നാണ് ജസ്റ്റിസ് തോമസ് സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. ഒരു കേരളീയനായതിനാല്‍ മുല്ലപ്പെരിയാറിനെക്കുറിച്ച് നാട്ടില്‍ പറഞ്ഞു കേട്ടിട്ടുള്ള സംഗതികള്‍ ജസ്റ്റിസ് തോമസിനെയും പേടിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ അണക്കെട്ട് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താന്‍ അദ്ദേഹം മറ്റൊരാളെക്കൂടി വീട്ടില്‍ പോയിക്കണ്ടു. ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും വിദഗ്ദനായ ഡാം എഞ്ചിനീയര്‍ എന്ന കീര്‍ത്തിയുള്ള ഡോ. കെ.സി. തോമസിനെയാണ് ജസ്റ്റിസ് തോമസ് അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ പോയിക്കണ്ടത്.
1922-ല്‍ ജനിച്ച കെ.സി. തോമസ് തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിലെ രണ്ടാം ബാച്ചുകാരനാണ്. അമേരിക്കയിലെ കാര്ണേഗി മെലന് സര്‍വ്വകലാശാലയില്‍നിന്നാണ് 1948-ല്‍ 26-ാമത്തെ വയസ്സില്‍ ഡാം എഞ്ചിനീയറിങ്ങില്‍ കെ.സി. തോമസ് ഡോക്ടറേറ്റ് നേടിയത്. ഹിരാക്കുഡ് അണക്കെട്ട് നിര്‍മ്മാണത്തില്‍ തുടക്കം മുതല്‍ കെ.സിയുണ്ടായിരുന്നു. 1978-ല്‍ കെ.സി. കേന്ദ്ര ജലക്കമ്മീഷന് ചെയര്‍മാനായി. ഈ കാലത്താണ് മുല്ലപ്പെരിയാര്‍ അണ സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഒന്നുകൂടി ബലപ്പെടുത്തിയത്. കെ.സിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു ഈ ബലപ്പെടുത്തല്‍.

ഈ ബലപ്പെടുത്തലിനെക്കുറിച്ച് കെ.സി. തോമസ് തന്നോട് പറഞ്ഞ കാര്യങ്ങള്‍ 2014 മെയ് 11-ന് ഇന്ത്യാ ടുഡെ ലേഖകന്‍ ബിന്ദുരാജിന് നല്കിയ അഭിമുഖത്തില്‍ ജസ്റ്റിസ് കെ.ടി. തോമസ് അക്കമിട്ട് നിരത്തുന്നുണ്ട്. കരിങ്കല്ലുകള്‍ അടുക്കിവെച്ച് കുമ്മായവും സുര്‍ക്കിയും ഉപയോഗിച്ച് പ്ലാസ്റ്റര്‍ ചെയ്താണ് പെനിക്വിക്കും കൂട്ടരും മുല്ലപ്പെരിയാറില്‍ അണ കെട്ടിയത്. ഇതിനെ കോണ്‍ക്രീറ്റ് കൊണ്ട് ബലപ്പെടുത്തുകയാണ് 1979 മുതല്‍ 1981 വരെ മൂന്ന് ഘട്ടങ്ങളായി ചെയ്തത്.
ജസ്റ്റിസ് തോമസിന്റെ വാക്കുകളിലേക്ക്: ''ഞാന്‍ കാണുമ്പോള്‍ കെ.സി. തോമസിന് 94 വയസസ്സായിരുന്നു ( 2020 മാര്‍ച്ച ്22-നാായിരുന്നു കെ.സിയുടെ മരണം). 4464 ടണ്‍ കോണ്‍ക്രീറ്റാണ് ആദ്യഘട്ടത്തില്‍ ഉപയോഗിച്ചത്. രണ്ടാം ഘട്ടത്തില്‍ 102 കൂറ്റന്‍ തൂണുകള്‍ തീര്‍ത്തു. ഈ തൂണുകളുടെ ഉള്ളിലെ ദ്വാരങ്ങളിലൂടെ ഉരുക്ക് കേബിളുകള്‍ ഡ്രില്ല് ചെയ്തിറക്കി. മൂന്നാം ഘട്ടത്തില്‍ അണയുടെ താഴെ പത്ത് മീറ്റര്‍ ഘനത്തില്‍ മതില് കെട്ടി. ഇതോടെ പഴയ അണ പുതിയതുപോലെ ബലമുള്ളതായി. ഇക്കാര്യം എന്തുകൊണ്ടാണ് കേരള സര്‍ക്കാര്‍ പറയാത്തതെന്ന് മനസ്സിലാവുന്നില്ല. ''
അണയുടെ സുരക്ഷ വീണ്ടും വിവാദമായ സാഹചര്യത്തില്‍ ജസ്റ്റിസ് കെ.ടി. തോമസിനെ കഴിഞ്ഞ ദിവസം ഫോണില്‍ ബന്ധപ്പെട്ടു. വെറുതെ ആളുകളുടെ വിമര്‍ശം കേള്‍ക്കാന്‍ താല്പര്യമില്ലെന്ന് ആദ്യം പറഞ്ഞെങ്കിലും അദ്ദേഹം ഏഴ് വര്‍ഷം മുമ്പ് പറഞ്ഞ കാര്യങ്ങള്‍ വീണ്ടും അടിവരയിട്ട് പറഞ്ഞു. അണ സുരക്ഷിതമാണെന്ന് സുപ്രീം കോടതിയുടെ വിദഗ്ദ്ധ സമിതി ചൂണ്ടിക്കാട്ടിയപ്പോള്‍ സന്തോഷിക്കുന്നതിന് പകരം വൈകാരികമായി ആക്രോശിക്കുകയാണ് രാഷ്ട്രീയ നേതാക്കളും മാദ്ധ്യമങ്ങളും ചെയ്തതെന്ന് ജസ്റ്റിസ് കെ.ടി. തോമസ് ഖേദത്തോടെ ഓര്‍മ്മിപ്പിച്ചു.
അണക്കെട്ട് സുരക്ഷിതമാണെന്ന റിപ്പോര്‍ട്ട് കേരളത്തിന് തിരിച്ചടിയാണെന്ന വിധത്തിലാണ് ചിത്രീകരിക്കപ്പെട്ടത്. ഗൃഹനാഥന് കാന്‍സറാണെന്ന സംശയത്തില്‍ പരിശോധന നടത്തി കാന്‍സര്‍ ഇല്ലെന്നറിഞ്ഞപ്പോള്‍ 'ഗൃഹനാഥന് ആരോഗ്യവാന്‍; വീട്ടുകാര്‍ക്ക് തിരിച്ചടി' എന്ന് പറയുന്നതു പോലെയാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയപ്പോള്‍ ചിരിക്കാതിരിക്കാനയില്ല.

ജസ്റ്റിസ് കെ.ടി. തോമസ് കേരളത്തിന് എതിരാണെന്നാണ് അന്ന് പല രാഷ്ട്രീയ നേതാക്കളും കുറ്റപ്പെടുത്തിയത്. പക്ഷേ, അതും കഴിഞ്ഞ് പല തവണ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയിലെത്തി. അണക്കെട്ട് ഇപ്പോഴും അവിടെ തകരാതെ നില്‍ക്കുന്നുണ്ട്. പുതിയൊരു അണ കെട്ടിക്കൂടേ എന്നാണ് വ്യാപകമായി ഉയരുന്ന ഒരു ചോദ്യം. പുതിയൊരു അണ മിക്കവാറും അസാദ്ധ്യമാണ്. 192 അടിയെങ്കിലും ഉയരത്തില്‍ അണ കെട്ടിയാലേ ഇപ്പോഴുള്ള ജലനിരപ്പ് നിലനിര്‍ത്താനാവുകയുള്ളു എന്നാണ് വിദഗ്ദര്‍ വ്യക്തമാക്കുന്നത്.
1,500 കോടിയോളമാണ് ഇതിന് ചെലവ് വരിക. 1,500 കോടി സംഘടിപ്പിക്കലല്ല പ്രശ്നം. അണയ്ക്കുള്ള പരിസ്്ഥിതി അനുമതി കിട്ടുക അത്യധികം പ്രയാസമായിരിക്കും. അത്രയധികം വനഭൂമി നശിപ്പിക്കാന്‍ ഈ കാലത്ത് തലയില്‍ ആള്‍താമസമുള്ള ഒരാള്‍ക്കും അനുമതി കൊടുക്കാനാവില്ല. മാത്രമല്ല, ചുരുങ്ങിയത് പത്തു കൊല്ലമെങ്കിലും വേണ്ടിവരും പുതിയ അണയുടെ നിര്‍മ്മാണത്തിന്. മുല്ലപ്പെരിയാറിനെ ചൊല്ലി നിലവിളിക്കുന്നവരുടെ സിദ്ധാന്തമനുസരിച്ചാണെങ്കില്‍ പത്തു കൊല്ലമല്ല ഒരു കൊല്ലം പോലും മുല്ലപ്പെരിയാര്‍ അതിജീവിക്കുക ദുഷ്കരമാണ്. പുതിയ അണക്കെട്ട് വേണമെന്ന് പറയുന്നവര്‍ ഒന്നുകില്‍ കണ്‍സ്ട്രക്ഷന്‍ ലോബിയുടെ ആള്‍ക്കാരായിരിക്കും, അല്ലെങ്കില്‍ ഈ പ്രശ്നത്തില്‍നിന്ന് ഒളിച്ചോടുന്നവര്‍.
പുതിയ അണയല്ല, മുല്ലപ്പെരിയാറില്‍നിന്നു തമിഴ്നാട് വെള്ളം കൊണ്ടു പോവുന്ന ടണലിന് താഴെ മറ്റൊരു ടണല്‍ തീര്‍ത്ത് അണയിലെ ജലനിരപ്പ് 100 അടിയായി കുറയ്ക്കുകയാണ് വേണ്ടതെന്ന് മുല്ലപ്പെരിയാര്‍ സമര സമിതിയുടെ അദ്ധ്യക്ഷനായിരുന്ന സി.പി. റോയ് ചൂണ്ടിക്കാട്ടിയത് ഈ ഘട്ടത്തില്‍ ഓര്‍ക്കുകയാണ്.നിലവില്‍ മുല്ലപ്പെരിയാറില്‍നിന്നു വെള്ളമൊഴുകുന്ന ടണല്‍ 104 അടി മുകളിലാണ്. അതിന് താഴെ 50 അടിയില്‍ പുതിയൊരു ടണല്‍ തീര്‍ത്താല്‍ അണക്കെട്ടിലെ ജലനിരപ്പ് 100 അടിയായി കുറയ്ക്കാനാവുമെന്നും അത് ഡീകമ്മീഷന്‍ ചെയ്യുന്നതിന് തുല്ല്യമായിരിക്കമെന്നാണ് റോയ് പറഞ്ഞത്. കഴിഞ്ഞ ദിവസം മാതൃഭൂമി ഡോട്ട് കോമിന് നല്കിയ അഭിമുഖത്തില്‍ പള്ളിവാസല്‍ പദ്ധതി മുന്‍ മാനേജര്‍ ജേക്കബ് ജോസ് പറഞ്ഞതും ഇതേ കാര്യമാണ്. ചെറിയ പണച്ചെലവേ ഇതിന് വരികയുള്ളു എന്നതാണ് മറ്റൊരു സവിശേഷത.
ആള്ക്കൂട്ടത്തിനൊപ്പമല്ല ഭരണാധികാരികളും നേതാക്കളും സഞ്ചരിക്കേണ്ടത്. ആള്‍ക്കൂട്ടത്തെ നയിക്കുന്നത് വൈകാരികതയാണ്. മുല്ലപ്പെരിയാര്‍ പോലുള്ള വിഷയങ്ങളില്‍ വൈകാരികതയ്ക്ക് അടിപ്പെട്ടാല്‍ ഫലം ഭീകരമായിരിക്കും. ആള്‍ക്കൂട്ടത്തിന് കീഴ്പ്പെടുമ്പോഴാണ് പിലാത്തോസിന് കൈ കഴുകേണ്ടി വരുന്നത്. ചെയ്യുന്നത് തെറ്റാണെന്നറിയുമ്പോള്‍ കൈ കഴുകല്‍ പാഴ് വ്യായാമമാണ്.
ഈ തിരിച്ചറിവ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനുണ്ടെന്നത് ചെറിയ കാര്യമല്ല. ഒരണക്കെട്ടും ലോകാവസാനംവരെ നില നില്ക്കില്ലെന്നറിയാന് റോക്കറ്റ് സയന്‍സൊന്നും പഠിക്കേണ്ട കാര്യമില്ല. മുല്ലപ്പെരിയാറിന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെങ്കില്‍ അത് നീക്കം ചെയ്യേണ്ടത് തമിഴ് ജനതയെ ഒപ്പം നിര്‍ത്തിക്കൊണ്ടായിരിക്കണം. ഇതിനു വേണ്ടത് സംഭാഷണമാണ്. ജനാധിപത്യത്തിന്റെ ആത്മാവും അന്തഃസത്തയും സംഭാഷണമാണ്.
കേരള - തമിഴ് മുഖ്യമന്ത്രിമാര്‍ ഒരു മേശയ്ക്കിരുപുറവും ഇരുന്ന് സംസാരിച്ചാല്‍ തീരാത്ത പ്രശ്നമൊന്നും മുല്ലപ്പെരിയാറില്‍ ഇല്ല. ആത്യന്തികമായി കോടതിയല്ല ജനങ്ങള്‍ തിരഞ്ഞെടുത്ത പ്രതിനിധികള്‍ തന്നെയാണ് ഇതുപോലുള്ള വിഷയങ്ങളില്‍ നീക്കുപോക്കുണ്ടാക്കേണ്ടത്. കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും വകതിരിവുള്ള നേതാക്കളാണ്. അവര്‍ സംസാരിക്കട്ടെ. അതിനുള്ള പരിസരമാണ് ഒരുങ്ങേണ്ടത്. സി.പി. റോയിയെ പോലുളളവര്‍ മുന്നോട്ടുവെച്ച പരിഹാരമാര്‍ഗങ്ങള്‍ നടപ്പാക്കുന്നതിന് ഇത്തരം സംഭാഷണങ്ങള്‍ അനിവാര്യമാണ്. ഒരു സംസ്ഥാനവും ഒരു ദ്വീപല്ലെന്ന ബോധം സിനിമക്കാര്‍ക്ക് ഇല്ലെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മാദ്ധ്യമങ്ങള്‍ക്കും തീര്‍ച്ചയായും ഉണ്ടായിരിക്കണം.
വഴിയില്‍ കേട്ടത്: പ്രധാനമന്ത്രി മോദി സാധാരണക്കാരനല്ലെന്നും ദൈവത്തിന്റെ അവതാരമാണെന്നും യു.പി. മന്ത്രി. അവതാരമാണെന്ന കാര്യത്തില്‍ അല്ലെങ്കിലും പണ്ടേ സംശയമുണ്ടായിരുന്നില്ല. ആരുടെ അവതാരമാണെന്ന് സുബ്രഹ്മണ്യം സ്വാമിയോടു കൂടി ഒന്നു ചോദിക്കുന്നത് നന്നായിരിക്കും!
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..