വി എസ്സിന് സിപിഎമ്മില്‍ പിന്‍ഗാമികളില്ലാതെ വരുമ്പോള്‍| വഴിപോക്കന്‍


വഴിപോക്കന്‍

പിണറായിയുടെ രണ്ടാം മന്ത്രിസഭ നോക്കൂ. സിപിഎമ്മില്‍ നിന്നുള്ള എല്ലാ മന്ത്രിമാരും പുതുമുഖങ്ങളാണ്. പക്ഷേ, ഈ പുതുമുഖങ്ങളില്‍ വിഎസ്സിന്റെ അനുയായികളോ ശിഷ്യരോ ഇല്ല. വിട്ടുവീഴ്ചകളുടെയും അനുരഞ്ജനങ്ങളുടെയും മാര്‍ഗ്ഗങ്ങളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് വി എസ്സിന്റെ നിലപാടുകളുടെ പിന്തുടര്‍ച്ച അവകാശപ്പെടാനാവില്ല.

വി.എസ് അച്യുതാനന്ദൻ | ഫയൽ ചിത്രം: ബി.മുരളീകൃഷ്ണൻ, മാതൃഭൂമി

അഞ്ച് കൊല്ലം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2016 മെയ് 20 ന് തിരുവനന്തപുരത്ത് എകെജി സെന്ററില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഒരു പ്രഖ്യാപനം നടത്തി : ''സഖാവ് വി എസ് അച്ച്യുതാനന്ദന്‍ കേരളത്തിലെ ഫിദല്‍ കാസ്ട്രൊയാണ്. ഫിദലിനെപ്പോലെ വിഎസ്സും ഉപദേശിക്കുകയും വഴികാട്ടുകയും പ്രചോദിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.'' പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനായിരുന്നു യെച്ചൂരിയുടെ തൊട്ടടുത്ത്. ഫിദല്‍ - വിഎസ് താരതമ്യം ഉയര്‍ത്തിക്കാട്ടുമ്പോള്‍ യെച്ചൂരിയുടെ മുഖത്ത് ഒരു കൂസൃതിച്ചിരിയുണ്ടായിരുന്നു. വിഎസ്സിനേക്കാള്‍ മൂന്ന് വയസ്സ് ഇളയതാണ് ഫിദല്‍. 1923 ലാണ് വിഎസ്സിന്റെ ജനനം. ഫിദല്‍ ഈ ഭൂമിയിലേക്ക് വന്നത് 1926 ലും. ഈയൊരു സമകാലികത ഒഴിച്ചുനിര്‍ത്തിയാല്‍ വിഎസ്സിനും ഫിദലിനും ഇടയില്‍ സമാനതകളില്ല എന്ന യാഥാര്‍ത്ഥ്യം ഉള്ളില്‍ കിടന്ന് തികട്ടിയതുകൊണ്ടാവണം യെച്ചൂരിയുടെ മുഖത്ത് ആ കുസൃതിച്ചിരി വിരിഞ്ഞത്. ക്യൂബയുടെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്നു ഫിദല്‍. പാര്‍ട്ടിയിലും മരണം വരെ ഫദിലിന് അനിഷേദ്ധ്യ സ്ഥാനമുണ്ടായിരുന്നു. അതായിരുന്നില്ല വി എസ്സിന്റെ അവസ്ഥ. 2006 മുതല്‍ 2011 വരെ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തന്റെ പാര്‍ട്ടിയായ സിപിഎമ്മില്‍ വി എസ് എല്ലാ അര്‍ത്ഥത്തിലും പ്രതിപക്ഷത്തായിരുന്നു. പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാന്‍ സിപിഎം തീരുമാനിച്ചതോടെ വി എസ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഉപയോഗം കഴിഞ്ഞ ഒരു അല്‍ഗൊരിതമാവുകയും ചെയ്തു.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു വി എസിന്റെ 98 ാം പിറന്നാള്‍. ഓട്ടം ഒഫ് ദ പേട്രിയാര്‍ക്ക് ( കുലപതിയുടെ ശിശിരകാലം ) എന്ന പേരില്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വെസിന്റെ ഒരു രചനയുണ്ട്. മരങ്ങള്‍ക്കെന്നപോലെ മനുഷ്യര്‍ക്കും ഇലകൊഴിയും കാലമുണ്ട്. മരങ്ങള്‍ക്ക് തുടര്‍ച്ചയുണ്ട്. ഒരു മരവും അങ്ങിനെയങ്ങ് വംശനാശത്തിനിരയാവാറില്ല. സിപിഎം എന്ന പാര്‍ട്ടിയില്‍ പക്ഷേ, വി എസ്സിന് തുടര്‍ച്ചയുണ്ടോ എന്നത് ഈ ഘട്ടത്തില്‍ അനിവാര്യമായും ചോദിക്കപ്പെടേണ്ട ചോദ്യമാണ്. വി എസ് ആരാണെന്നും എന്താണെന്നും കണ്ടെത്തുന്നതിലൂടെ മാത്രമേ ഈ ചോദ്യത്തിനുള്ള ഉത്തരത്തിലേക്ക് നമുക്ക് എത്താനാവുകയുള്ളു.

എതിര് എന്ന് പേരിട്ടിട്ടുള്ള ആത്മകഥയില്‍ പ്രൊഫസര്‍ എം കുഞ്ഞാമന്‍ വി എസ്സിനെക്കുറിച്ച് പറയുന്ന ശ്രദ്ധേയമായ വാക്യമുണ്ട്. കേരളസര്‍വ്വകലാശാലയിലെ അദ്ധ്യാപക ജോലി വിട്ട് കുഞ്ഞാമന്‍ തുല്‍ജാപ്പൂരിലുള്ള ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യല്‍ സയന്‍സസില്‍ ചേരാന്‍ തീരുമാനിച്ച സമയം. തുല്‍ജാപ്പൂരിലേക്ക് പോകുന്നതിന് മുമ്പ് കുഞ്ഞാമന്‍ അന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന വി എസ്സിനെ കാണാന്‍ സെക്രട്ടറിയേറ്റിലേക്ക് പോകുന്നു. ഇനി കുഞ്ഞാമന്റെ വാക്യത്തിലേക്ക് : '' അവിടെ വി എസ് ഇരിക്കുന്നു , നമ്മളെപ്പോലെ ഒരാളായിട്ട്.'' ഈ വാക്യത്തില്‍ വി എസ്സിന്റെ ആകത്തുകയുണ്ട്. കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും നേതാവും വി എസ് ആകുന്നതെങ്ങിനെയെന്ന് കുഞ്ഞാമന്‍ പറയുന്നത് വളച്ചുകെട്ടുകളില്ലാതെയാണ്. ഒരു സംഭാഷണത്തില്‍ വി എസ്സിനെക്കുറിച്ചുള്ള ഈ നിരീക്ഷണം കുഞ്ഞാമന്‍ വികസിപ്പിക്കുകയുണ്ടായി. '' വി എസ്സിനെക്കുറിച്ച് പറയുമ്പോള്‍ അധികാരം എന്ന വാക്ക് ഉപയോഗിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അതൊരു തരം ' organic, moral force ' ആയിരുന്നു. ധാര്‍മ്മികതയുടെ പിന്‍ബലമാണത്.

vs
വി.എസ് അച്യുതാനന്ദന്‍|
ഫയല്‍ ചിത്രം: സി.ബിജു, മാതൃഭൂമി

പരാജയങ്ങള്‍ ഭക്ഷിച്ച മനുഷ്യന്‍ എന്നാണ് എം എന്‍ വിജയന്‍ വി എസ്സിനെക്കുറിച്ച് പറഞ്ഞത്. നാലാമത്തെ വയസ്സിലാണ് വിഎസ്സിന് അമ്മയെ നഷ്ടപ്പെട്ടത്. വസൂരി പിടിച്ചായിരുന്നു അമ്മയുടെ മരണം. അന്ന് വസൂരിക്ക് ചികിത്സയില്ല. വസൂരി ബാധിതരെ തനിച്ച് ഒരു കുടിലിലേക്ക് മാറ്റും. അവിടെ അവര്‍ മരണം കാത്ത് കിടക്കും. ഒരു തോടിനപ്പുറത്തുള്ള കുടിലില്‍ തനിച്ചു കഴിയുന്ന അമ്മ ജനലയുടെ പഴുതിലൂടെ ഇങ്ങേക്കരയില്‍ നില്‍ക്കുന്ന തന്നെ ഉറ്റുനോക്കാറുണ്ടായിരുന്നതിനെക്കുറിച്ച് വിഎസ് എഴുതിയത് ഓര്‍ക്കുന്നു. വിഎസ്സിനെ എക്കാലത്തും പിന്തുടരുന്ന ഓര്‍മ്മയാണത്. പിതാവും മരിച്ചതോടെ പതിനൊന്നാമത്തെ വയസ്സില്‍ വിഎസ്സിന് പഠനം അവസാനിപ്പിക്കേണ്ടി വന്നു. പിന്നീടങ്ങോട്ട് ജീവിതം തന്നെയായിരുന്നു വി എസ്സിന്റെ സ്‌കൂളും സര്‍വ്വകലാശാലയും. വിജയങ്ങളേക്കാളുപരി പരാജയങ്ങളാണ് വി എസ്സിനെ നിര്‍വ്വച്ചിക്കുകയും നിര്‍ണ്ണയിക്കുകയും ചെയ്യുന്നതെന്ന് പറയേണ്ടിവരും. 1996 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാരാരിക്കുളത്ത് നേരിടേണ്ടി വന്ന പരാജയവും മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരെ നടത്തിയ ഓപ്പറേഷനിലുണ്ടായ തിരിച്ചടിയുമൊക്കെ മാറ്റിവെച്ചുകൊണ്ട് വി എസ്സിന്റെ രാഷ്ട്രീയ ജീവിത രേഖ പൂര്‍ത്തിയാക്കാനാവില്ല.

ഈ പരാജയങ്ങളുടെ കണ്ണിയിലാണ് പോളിറ്റ് ബ്യൂറോയില്‍ നിന്നുള്ള വി എസ്സിന്റെ പുറത്താക്കപ്പെടലും ഇടം പിടിക്കുന്നത്. കുഞ്ഞാമന്‍ ചൂണ്ടിക്കാട്ടുന്നതുപോലെ ഈ പരാജയങ്ങള്‍ ഒരര്‍ത്ഥത്തില്‍ വിജയങ്ങളാണ്. വി എസ് എന്തിന് വേണ്ടി നിലകൊള്ളുന്നുവോ ആ ആശയങ്ങളുടെ വിജയമാണ് ഈ തിരിച്ചടികളിലുള്ളത്. വി എസ് കേരളത്തിന്റെ ഫിദല്‍ കാസ്ട്രൊ ആണെന്ന യെച്ചൂരിയുടെ നിരീക്ഷണം അസംബന്ധമായ തമാശയാകുന്നതും ഈ പരിസരത്തിലാണ്. ആഗോള താപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും പരിസ്ഥിതി നശീകരണത്തിനുമിടയില്‍ പ്രകൃതി നേരിടുന്ന സംഘര്‍ഷങ്ങളിലൂടെ കേരളം കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന നാളുകളാണിത്. 2018 ലെയും 19 ലെയും 21 ലെയും മഴക്കെടുതികള്‍ വാസ്തവത്തില്‍ നമ്മളെ ഓര്‍മ്മിപ്പിക്കേണ്ടത് മാധവ് ഗാഡ്ഗിലിനെ മാത്രമല്ല വി എസ് മുന്നോട്ടുവെച്ച പരിസ്ഥിതി രാഷ്ട്രീയം കൂടിയാണ്.

ദുര്‍ബ്ബലര്‍ക്കൊപ്പം നിലയുറപ്പിക്കുന്ന രാഷ്ട്രീയമാണത്. അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കുവേണ്ടി ഉയരുന്ന ശബ്ദമാണത്. സൈലന്റ് വാലി പ്രക്ഷോഭത്തിന്റെ നാളുകളില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന പി കെ വാസുദേവന്‍ നായര്‍ പറഞ്ഞത് '' Ecology is a luxuary for keralites '' എന്നായിരുന്നു. സൈലന്റ് വാലിയില്‍ വെളിപ്പെട്ടത് കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ നിരക്ഷതയായിരുന്നു. ഇഎംഎസ് പോലും ഈ പ്രതിസന്ധിയുടെ ചുഴിയില്‍ അകപ്പെട്ടു. ഇന്ദിരാഗാന്ധി എന്ന ഒരൊറ്റ നേതാവാണ് സൈലന്റ്വാലിയില്‍ ഇതിനെല്ലാം അപവാദമായത്. ഇന്ദിരയുടെ ഉറച്ച നിലപാടാണ് സൈലന്റ് വാലി ആത്യന്തികമായി രക്ഷിച്ചെടുത്തത് എന്നു പറയാന്‍ ഒരു മടിയും കാട്ടേണ്ട കാര്യമില്ല. 21 ാം നൂറ്റാണ്ടിന്റെ പിറവിയോടെ കേരളത്തില്‍ ഈ വഴിയിലൂടെ നടന്ന ഒരു നേതാവുണ്ടെങ്കില്‍ അത് വി എസ്സാണ്.

ഒരു മാഫിയ സംഘത്തിനും വി എസ്സിനെ വശപ്പെടുത്താനോ പ്രലോഭിപ്പിക്കാനോ ആയിട്ടില്ല. മുഖ്യമന്ത്രിയായിരിക്കെ വിയര്‍ത്തൊലിച്ച് കസേരയില്‍ ഇരിക്കുന്ന വി എസ്സിനെ കുഞ്ഞാമന്‍ ഓര്‍ക്കുന്നുണ്ട്. അധികാരം കൊണ്ടുവരുന്ന സുഖകരമായ തണുപ്പിലേക്ക് വീണുപോയില്ല എന്നത് വി എസ്സിനെ തീര്‍ച്ചയായും അടയാളപ്പെടുത്തുന്നുണ്ട്. പി കെ കുഞ്ഞാലിക്കുട്ടിക്കും ആര്‍ ബാലകൃഷ്ണ പിള്ളയ്ക്കും എതിരെയുള്ള വി എസിന്റെ നിയമ പോരാട്ടങ്ങള്‍ സിപിഎം എത്രമാത്രം ഏറ്റെടുത്തു എന്ന ചോദ്യം അടിസ്ഥാനപരമായി ധാര്‍മ്മികമായ ചോദ്യമാവുന്നു. ലീല ഹോട്ടല്‍ ഉടമ ക്യാപ്റ്റന്‍ കൃഷ്ണന്‍നായരുടെ ആതിഥ്യം സ്വീകരിക്കാത്ത രണ്ട് കേരള നേതാക്കള്‍ ഇഎംഎസും വിഎസ്സുമാണെന്ന ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ നിരീക്ഷണവും ഈ ഘട്ടത്തില്‍ അനുസ്മരിക്കണം. വിഎസ്സിന് പാര്‍ട്ടിയില്‍ പിന്‍ഗാമികളില്ലാതാവുന്നു എന്നത് ഇതിന്റെ കൂടെ ചേര്‍ത്തു വായിക്കാനുള്ളതാണ്. സിപിഎമ്മില്‍ പിണറായി വിജയന്‍ ഏക ശബ്ദമായി മാറുന്നതും ഇതേ പരിസരത്തിലാണ് വിശകലനം ചെയ്യപ്പെടേണ്ടത്. പിണറായിയുടെ രണ്ടാം മന്ത്രിസഭ നോക്കൂ. സിപിഎമ്മില്‍ നിന്നുള്ള എല്ലാ മന്ത്രിമാരും പുതുമുഖങ്ങളാണ്. പക്ഷേ, ഈ പുതുമുഖങ്ങളില്‍ വിഎസ്സിന്റെ അനുയായികളോ ശിഷ്യരോ ഇല്ല. വിട്ടുവീഴ്ചകളുടെയും അനുരഞ്ജനങ്ങളുടെയും മാര്‍ഗ്ഗങ്ങളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് വി എസ്സിന്റെ നിലപാടുകളുടെ പിന്തുടര്‍ച്ച അവകാശപ്പെടാനാവില്ല.

താമസ സ്ഥലങ്ങളുടെ അമ്പത് മീറ്ററിനുള്ളില്‍ ഖനനം നടത്താമെന്ന് വ്യവസ്ഥയുണ്ടാക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന് നേതൃത്വം നല്‍കാന്‍ വി എസ്സിനാവില്ല. കേരളം അടുത്ത കാലത്ത് കണ്ട ഏറ്റവും വലിയ പരിസ്ഥിതി വിരുദ്ധ നിയമത്തിന് മുകളിലാണ് പിണറായി സര്‍ക്കാര്‍ ഇരിക്കുന്നതെന്നത് വി എസ്സിനെപ്പോലൊരു നേതാവിന്റെ പ്രസക്തിയും പ്രാധാന്യവും തന്നെയാണ് എടുത്തുകാട്ടുന്നത്. 2016 ല്‍ അധികാരത്തലെത്തിയതിന് തൊട്ടു പിന്നാലെ പിണറായി വിജയന്‍ സര്‍ക്കാര്‍ എടുത്ത നടപടികളിലൊന്ന് ക്വാറികള്‍ യഥേഷ്ടം അനുവദിക്കലായിരുന്നു. കേരളം പോലൊരു ചെറിയ സംസ്ഥാനത്ത് നിലവില്‍ 5,924 ക്വാറികളുണ്ടെന്നാണറിയുന്നത്. ഇവയില്‍ പലതും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവയാണ്. 2018 ലെ പ്രളയത്തിന് ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ 223 ക്വാറികള്‍ക്കാണ് പെര്‍മിറ്റ് നല്‍കിയത്. ഇന്ന് ( ഒക്ടോബര്‍ 23 , 2021) ബിസിനസ് ലൈനില്‍ വന്ന ഒരു റിപ്പോര്‍ട്ടുണ്ട്. കേരള കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അതോറിറ്റിയുടെ അനുമതി ഇല്ലാതെയാണ് കേരളത്തിലെ പല പ്രമുഖ ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നതെന്ന സിഎജി റിപ്പോര്‍ട്ടിനെക്കുറിച്ചാണ് ബിസിനസ് ലൈന്‍ വാര്‍ത്തയിലുള്ളത്. ഈ റിപ്പോര്‍ട്ട് ഇതുവരെ കേരള നിയമസഭയില്‍ ചര്‍ച്ചയ്ക്ക് വെച്ചിട്ടില്ലെന്നും ബിസിനസ് ലൈന്‍ പറയുന്നു. വി എസ്സിനെപോലൊരു നേതാവ് പാര്‍ട്ടിക്കും ഭരണകൂടത്തിനും അനഭിമതനാകുന്നത് എന്തുകൊണ്ടാണെന്ന് ഈ ക്വാറികളും ഈ റിപ്പോര്‍ട്ടും പറഞ്ഞു തരും.

ഇന്ത്യയിലെ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ഇടത് സഹയാത്രികനുമായ പ്രഭാത് പട്നായിക് 2013 ഫെബ്രുവരിയില്‍ വി എസ്സിനെക്കുറിച്ച് മനോഹരമായ ഒരു കുറിപ്പ് എഴുതിയിരുന്നു. കമ്മ്യൂണിസത്തിന്റെ ക്ലാസ്സിക്കല്‍ കാലത്തിനു ശേഷം ഇത്രയും ജനപ്രീതിയുള്ള ഒരു കമ്മ്യൂണിസ്റ്റ് നേതാവിനെ കണ്ടെത്തുക വിഷമകരമാണെന്നാണ് പട്നായിക് ചൂണ്ടിക്കാട്ടിയത്. ആ കുറിപ്പ് പട്നായിക് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ് : '' ലളിത ജിവിതം, ആര്‍ജ്ജവം, സമത്വം , സാഹോദര്യം, സ്വാതന്ത്ര്യം എന്നീ മൂല്യങ്ങളോടുള്ള അടിയുറച്ച പ്രതിബദ്ധത - ഇവയാണ് വി എസ്സിനെ ജനങ്ങളുടെ പ്രിയങ്കരനായ നേതാവാക്കുന്നത്.''

ഒരു മനുഷ്യനും പരിപൂര്‍ണ്ണത അവകാശപ്പെടാനാവില്ല. അതുകൊണ്ടുതന്നെ വി എസ്സിനെ ദൈവതുല്യനാക്കുന്നത് പൊറുക്കാനാവാത്ത അപരാധമായിരിക്കും. ദൗര്‍ബ്ബല്ല്യങ്ങളില്ലെന്നതല്ല ഈ ദൗര്‍ലബ്ബ്യങ്ങള്‍ മറികടക്കുന്ന മൂല്യബോധമുണ്ടെന്നതാണ് വി എസ്സിനെ സമകാലിക കേരളത്തിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ നേതാവാക്കുന്നത്. ഒരു കുംഭകോണത്തിന്റെയും കരിനിഴല്‍ വി എസ്സിന് മേലില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയായി 12 വര്‍ഷം ,പ്രതിപക്ഷ നേതാവായി പത്ത് വര്‍ഷം, മുഖ്യമന്ത്രിയായി അഞ്ച് വര്‍ഷം - അധികാരവുമായി ഇത്രയും കാലം അടത്തിടപഴകേണ്ടി വന്നിട്ടും അതിന്റെ കറകള്‍ കൊണ്ട് മുഷിയുകയോ ചുളിയുകയോ ചെയ്തില്ലെന്നതു തന്നെയാണ് വി എസിനുള്ള ഏറ്റവും വലിയ സാക്ഷ്യ പത്രം.

vs
വി.എസ് അച്യുതാനന്ദന്‍. കെ കെ രമയെ കാണാനെത്തിയപ്പോള്‍ ഫയല്‍ ചിത്രം:

2012 മെയ് നാലിന് വടകരയില്‍ ടി പി ചന്ദ്രശേഖരന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടപ്പോള്‍ വി എസ് ചോദിച്ചു : ''എങ്ങിനെയാണ് ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ വെട്ടി കഷണങ്ങളാക്കാനാവുക? മനുഷ്യനാണെന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? '' പാര്‍ട്ടിയുടെ പതാകയല്ല മാനവികതയുടെ പതാകയാണ് വി എസ് ഉയര്‍ത്തുന്നത്. 1967 ഒക്ടോബര്‍ എട്ടിനാണ് ബൊളിവിയന്‍ പടയാളികള്‍ ചെഗുവേരയെ വെടിവെച്ചു കൊന്നത്. തന്നെ കൊല്ലാന്‍ നിയോഗിക്കപ്പെട്ട സെര്‍ജന്റ് ജയ്മി ടെറാനോട് ചെ അവസാനമായി പറഞ്ഞത് ഇതാണ് : '' എന്നെ കൊല്ലാനാണ് നിങ്ങള്‍ വന്നിരിക്കുന്നതെന്ന് എനിക്കറിയാം , നിറയൊഴിക്കൂ, നിങ്ങള്‍ കൊല്ലാന്‍ പോകുന്നത് ഒരു മനുഷ്യനെയാണ്. '' ഫിദലിനോടല്ല . ചെയോടാണ് വാസ്തവത്തില്‍ യെച്ചൂരി വി എസ്സിനെ ഉപമിക്കേണ്ടിയിരുന്നത്. ഒരു പ്രസ്ഥാനത്തിന്റെ മാത്രം ഹീറൊ അല്ല ചെ ഇപ്പോള്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചട്ടക്കൂടുകള്‍ ഭേദിച്ച വ്യക്തിത്വമാണ് ചെയുടേത്. കേരളത്തില്‍ വി എസ് സിപിഎമ്മിന്റെ മാത്രം പോരാളിയല്ലെന്ന് നമുക്കറിയാം. പാര്‍ശ്വവത്കരിക്കപ്പെടുന്നവരുടെ മൊത്തം വിചാരങ്ങളും വികാരങ്ങളും വി എസ്സിനൊപ്പമുണ്ട്. കേരളീയരുടെ മനസ്സും ഭാവനയും ഇതുപോലെ പിടിച്ചെടുത്ത മറ്റൊരു നേതാവ് സമിപകാലത്തുണ്ടായിട്ടില്ല.

ആ അര്‍ത്ഥത്തില്‍ വി എസ് അവസാനത്തെ കമ്മ്യൂണിസ്റ്റാണ്. സാര്‍വ്വലൗകികതയുടെ കൊടി ഉയര്‍ത്തുന്ന കമ്മ്യൂണിസ്റ്റ്. അയാള്‍ക്ക് പാര്‍ട്ടിക്ക് കീഴ്പെട്ടു നില്‍ക്കനാവില്ല. കോര്‍പറേറ്റുകളുടെ ആജ്ഞാനുവര്‍ത്തിയാവാന്‍ അയാള്‍ക്കാവില്ല. അയാള്‍ അയാളുടെ വഴിയിലൂടെ നടക്കുന്നു. അമേരിക്കന്‍ കവി റോബര്‍ട്ട് ഫ്രോസ്റ്റിന്റെ വരികള്‍ ഓര്‍ക്കാതിരിക്കാനാവുന്നില്ല :
''Two roads diverged in a wood and I-
I took the one less traveled by,
And that has made all the difference.'' (കാട്ടില്‍ വഴി രണ്ടായി പിരിഞ്ഞു. ചുരുക്കം പേര്‍ നടന്നുപോയ വഴിയാണ് ഞാന്‍ തിരഞ്ഞെടുത്തത് , അത് തന്നെയാണ് എല്ലാം വ്യത്യസ്തമാക്കിയത്. '' എല്ലാ കലാപകാരികളും അടിസ്ഥാനപരമായി ഏകാകികളാണ്. വ്യവസ്ഥിതിയുടെ ഉപോത്പന്നമാകാനല്ല വ്യവസ്ഥിതികള്‍ മാറ്റിത്തീര്‍ക്കുകയാണ് അവരുടെ ലക്ഷ്യം. വി എസ്സിന് സിപിഎമ്മില്‍ പിന്തുടര്‍ച്ചയുണ്ടാകുന്നാല്ലെന്നത് കേരളം ഇന്ന് രാഷ്ട്രീയതലത്തില്‍ നേരിടുന്ന ദാരിദ്ര്യത്തിന്റെ ആഴവും പരപ്പുമാണ് വ്യക്തമാക്കുന്നത്. പക്ഷേ, വി എസ് ഒരു പാര്‍ട്ടിയുടെ സ്വത്തല്ല. അതുകൊണ്ടുതന്നെ ഒരു പാര്‍ട്ടിയും ഏറ്റെടുക്കുന്നില്ലെങ്കിലും വി എസ് ഇവിടെ ഈ കേരളത്തില്‍ ജനങ്ങളുടെ മനസ്സില്‍ നിത്യ ഹരിത സാന്നിദ്ധ്യമായിരിക്കും.

വഴിയില്‍ കേട്ടത് : പാര്‍ട്ടി യുവജന സംഘടന മുന്‍ നേതാക്കളുടെ കുഞ്ഞിനെ അനധികൃതമായി ദത്ത് നല്‍കിയ സംഭവത്തില്‍ ഇടപെടാനാവില്ലെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ നേതൃത്വം. വര്‍ഗ്ഗമല്ല ജാതിയാണ് പ്രശ്നം! വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദവുമായി ഒത്തുപോകുന്ന സംഗതിയാണോയെന്ന് പരിശോധിക്കാന്‍ സഖാവ് ബേബിയുടെ അദ്ധ്യക്ഷതയില്‍ അന്വേഷണ കമ്മീഷന് സാദ്ധ്യതയുണ്ട്!

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


Gyanvapi Mosque

2 min

'ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം സംരക്ഷിക്കണം, നിസ്‌കാരം തടയരുത്' - സുപ്രീംകോടതി

May 17, 2022

More from this section
Most Commented