മുംബൈയിലെ സവർക്കറുടെ പ്രതിമ, ഗാന്ധിജിയുടെ രേഖാചിത്രം | ഫോട്ടോ: പിടിഐ, ഇ.എം. ജയറാം
115 കൊല്ലം മുമ്പ് 1906-ല്‍ ഇതുപോലൊരു ഒക്ടോബറിലാണ് ഗാന്ധിജിയും വിനായക് ദാമോദര്‍ സവര്‍ക്കര്‍ എന്ന വി. ഡി. സവര്‍ക്കറും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച നടക്കുന്നത്. ഗാന്ധിജിക്ക് 37-ഉം സവര്‍ക്കര്‍ക്ക് 23-ഉം പ്രായം. ലണ്ടനിലെ ഇന്ത്യാഹൗസില്‍ സവര്‍ക്കറുടെ താമസ സ്ഥലത്തേക്ക് ഗാന്ധിജി എത്തുന്നു. സവര്‍ക്കര്‍ അടുക്കളയില്‍ പാചക വൃത്തിയിലായിരുന്നു. ഭക്ഷണം കഴിഞ്ഞാകാം ചര്‍ച്ച എന്നായി സവര്‍ക്കര്‍. അടുപ്പത്ത് വേവുന്നതെന്താണെന്ന് ഗാന്ധിജിയുടെ ചോദ്യം. നല്ല ഒന്നാന്തരം ചെമ്മീന്‍ എന്ന് സവര്‍ക്കര്‍. മറാത്തി ചിത്പവന്‍ ബ്രാഹ്മണനായ സവര്‍ക്കര്‍ പച്ചക്കറി മാത്രം കഴിക്കുന്നയാളല്ല എന്ന അറിവ് ഗാന്ധിജിയെ അലോസരപ്പെടുത്തി. സവര്‍ക്കര്‍ക്കൊപ്പം തീന്മേശ പങ്കിടാന്‍ ഗാന്ധിജി വിസമ്മതിച്ചു. ഗാന്ധിജിയും സവര്‍ക്കറും തമ്മിലുള്ള അന്തരം പക്ഷേ, ഭക്ഷണ ശീലത്തില്‍ മാത്രമായിരുന്നില്ല. ഇന്ത്യയുടെ ഭൂതവും വര്‍ത്തമാനവും ഭാവിയും വിലയിരുത്തുന്നതിലും സവര്‍ക്കര്‍ക്കും ഗാന്ധിജിക്കും ഒരിക്കലും ഒരു സംഗമസ്ഥാനം കണ്ടെത്താനായിരുന്നില്ല.
എതിര്‍ക്കുന്നവരെ വെറുക്കുന്ന പരിപാടി ഗാന്ധിജിക്കുണ്ടായിരുന്നില്ല. 1939-ലും 40-ലും അഡോള്‍ഫ് ഹിറ്റ്ലര്‍ക്ക് ഗാന്ധിജി കത്തെഴുതുന്നുണ്ട്. 'പ്രിയപ്പെട്ട സുഹൃത്തേ' എന്നാണ് ഗാന്ധിജി ഈ കത്തുകളില്‍ ഹിറ്റ്ലറെ അഭിസംബോധന ചെയ്യുന്നത്. അംബദ്കറുമായും സുഭാഷ് ചന്ദ്ര ബോസുമായും ഗാന്ധിജിക്കുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പ്രശസ്തമാണ്. നെഹ്രുവുമായും ഗാന്ധിജിക്ക് പല വിഷയങ്ങളിലും കടുത്ത വിയോജിപ്പുകളുണ്ടായിരുന്നു. പക്ഷേ, ഇവരെ ആരെയും തന്റെ ശത്രുക്കളായിട്ടല്ല ഗാന്ധിജി കണ്ടിരുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചക്രവാളങ്ങള്‍ വികസിപ്പിച്ച തര്‍ക്കങ്ങളും സംവാദങ്ങളുമായിരുന്നു ആ നാളുകളിലേത്. വാക്കിനും ചെയ്തിക്കുമിടയിലുള്ള അകലം ഇല്ലാതാകണം എന്നതായിരുന്നു ഗാന്ധിജിയുടെ സുപ്രധാന മുദ്രാവാക്യം. ജീവിതം തന്നെ സന്ദേശമാകണം എന്ന പ്രമാണമായിരുന്നു അത്.
1926-ല്‍ സവര്‍ക്കറുടെ ഒരു ജീവചരിത്രം പുറത്തിറങ്ങി. ചിത്രഗുപ്തന് എന്നായിരുന്നു രചയിതാവിന്റെ തൂലികാ നാമം. 'Life of Barrister Savarkar ' എന്ന പേരിലുള്ള ആ ജീവചരിത്രത്തില്‍ ഗ്രന്ഥകാരന് സവര്‍ക്കര്‍ക്ക് മേല്‍ പ്രശംസകള്‍ കോരിച്ചൊരിയുന്നുണ്ട്. ആധുനിക ഇന്ത്യയിലെ ഏറ്റവും മിടുക്കരായ വിപ്ലവകാരികളിലൊരാളാവാനിരുന്ന ഈ കുട്ടി ചിത്പവന്‍ ബ്രാഹ്മണ ജാതിയില്‍ പിറന്നതില്‍ അത്ഭുതമില്ല എന്ന വാക്യങ്ങളോടെയാണ് സവര്‍ക്കറുടെ ജീവചരിത്രം തുടങ്ങുന്നത്. അനിതരസാധാരണമായ പ്രതിഭകളുള്ള കുട്ടിയായിരുന്നുവെന്നും വളരെ ചെറുപ്പത്തിലേ തന്നെ നൂറുകണക്കിന് ഗീതകങ്ങള്‍ രചിക്കുന്നതിനുള്ള അപാരമായ സാഹിത്യ വാസന സവര്ക്കര്ക്കുണ്ടായിരുന്നുവെന്നും രചയിതാവ് എഴുതുന്നുണ്ട്. സവര്‍ക്കറുടെ പേരു കേട്ടാല്‍ തന്നെ എതിരാളികള്‍ വിറയ്ക്കുമായിരുന്നെന്നും പുസ്തകത്തിലുണ്ട്. രണ്ട് ദശകങ്ങള്‍ കഴിഞ്ഞ് 1946-ല്‍ ഈ പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കിയപ്പോള്‍ പ്രസാധകരായ വീര്‍ സവര്‍ക്കര്‍ പ്രകാശന് വെളിപ്പെടുത്തിയത് രചയിതാവായ ചിത്രഗുപ്തന് സവര്‍ക്കര്‍ തന്നെയായിരുന്നുവെന്നാണ്. അന്ന് ജീവിച്ചിരിപ്പുണ്ടായിരുന്ന സവര്‍ക്കര്‍ ഈ വെളിപ്പെടുത്തല്‍ നിഷേധിച്ചതായി കേട്ടിട്ടില്ല.
സ്വന്തം ജീവചരിത്രം വേറൊരു പേരില്‍ എഴുതിയ മറ്റൊരാള്‍ സാക്ഷാല്‍ അഡോള്‍ഫ് ഹിറ്റ്ലറായിരുന്നുവെന്ന് ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷകനായ നിര്‍മ്മല്യ കജൂരി ഒരു കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ജീസസ് എന്നും ജര്‍മ്മനിയുടെ രക്ഷകന് എന്നുമൊക്കെയാണ് ഈ ജീവചരിത്രത്തില്‍ ഹിറ്റ്ലര്‍ സ്വയം വിശേഷിപ്പിച്ചത്. ചെറുപ്പത്തില്‍ മുതലകളെ വെറും കൈകൊണ്ട് പിടിക്കുകയും ഹിമാലയ സാനുക്കളിലെ ഗുഹകളിലേക്ക് സായാഹ്ന സവാരികള്‍ നടത്തുകയും ചെയ്തിട്ടുള്ള മറ്റൊരു മഹാനെയും ഈ അവസരത്തില്‍ സ്മരിക്കുന്നതില്‍ വായനക്കാര്‍ പ്രകോപിതരാവില്ലെന്ന് കരുതട്ടെ!
സവര്‍ക്കറുടെ ജീവചരിത്രം പുറത്തിറങ്ങി 11 വര്‍ഷങ്ങള്‍ക്ക് ശേഷം കൊല്‍ക്കൊത്തയില്‍ നിന്നുള്ള മോഡേണ്‍ റിവ്യു എന്ന മാസികയില്‍ ഒരു ലേഖനം വന്നു. ചാണക്യന് എന്ന തൂലികാനാമമായിരുന്നു ലേഖകന്റേത്. കോണ്‍ഗ്രസ് പ്രസിഡന്റായി സ്ഥാനമേറ്റ ജവഹര്‍ലാല്‍ നെഹ്രു ഒരു ഏകാധിപതിയാവാനുള്ള സാദ്ധ്യതയുണ്ടെന്നും ജനാധിപത്യത്തില്‍ സീസര്‍മാര്‍ ആവശ്യമില്ലെന്നും മുന്നറിയിപ്പ് നല്കുന്ന ലേഖനമായിരുന്നു അത്. രചയിതാവായ ചാണക്യന് സാക്ഷാല്‍ നെഹ്രു തന്നെയായിരുന്നുവെന്നാണ് പിന്നീട് തെളിഞ്ഞത്. സ്വന്തം ജീവചരിത്രത്തിന് സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന് പേരിട്ട ഗാന്ധിജിക്ക് സ്വയം വിമര്‍ശിക്കുന്നതില്‍ ഒരു മടിയുമുണ്ടായിരുന്നില്ല. ഗാന്ധിജിയുടെയും നെഹ്രുവിന്റെയും വഴികള്‍ സവര്‍ക്കറുടെ സഞ്ചാര പഥവുമായി കൂട്ടിമുട്ടുന്ന പ്രശ്നമേയില്ലെന്ന് സാരം.
പക്ഷേ, സവര്‍ക്കര്‍ക്ക് ഗാന്ധിജിയുടെ അനുഗ്രഹവും ആശിര്‍വ്വാദവും വേണമെന്നാണ് ഇപ്പോള്‍ ആര്‍എസ്എസ്സും ബിജെപിയും കരുതുന്നത്. കോണ്‍ഗ്രസിന് ഗാന്ധിജിയും നെഹ്രുവുമുള്ളതുപോലെ ബിജെപിക്ക് ഒരു ബിംബം (icon) ഇല്ല. സവര്‍ക്കറില്‍ അത്തരമൊരു ബിംബം കണ്ടെത്താനാണ് ബിജെപി ശ്രമിക്കുന്നത്. 1951-ല്‍ രൂപംകൊണ്ട ഭാരതീയ ജന സംഘ് സവര്‍ക്കറെ യുഗപുരുഷനായി പ്രതിഷ്ഠിച്ചിരുന്നില്ല. 1990-കളില്‍ ഹിന്ദുത്വയുടെ ചിറകുകളിലേറി ഇന്ത്യ പിടിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് ആര്‍എസ്എസ്സും ബിജെപിയും സവര്‍ക്കറെ ഏറ്റെടുക്കുന്നതെന്ന് ചരിത്രകാരനും ഭരണഘടനാ വിദഗ്ദനുമായ എ. ജി. നൂറാനി ചൂണ്ടിക്കാട്ടുന്നുണ്ട്.
സവര്‍ക്കര്‍ നേരിടുന്ന വലിയൊരു പ്രശ്നം ഗാന്ധി വധത്തിന്റെ നിഴലാണ്. 1948 ജനുവരി 30-ന് ഗാന്ധിജിയെ ഗോഡ്സെ വെടിവെച്ചു കൊന്ന കേസിലെ ഒമ്പത് പ്രതികളില്‍ ഒരാളായിരുന്നു സവര്‍ക്കര്‍. ആ കേസില്‍ മാപ്പുസാക്ഷിയായിരുന്ന ദിഗംബര്‍ ബാഡ്ജെ സവര്‍ക്കറും ഗോഡ്സെയും തമ്മിലുള്ള കൂടിക്കാഴ്ചകള്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. ഗാന്ധിജി കൊല്ലപ്പെടുന്നതിനും 13 ദിവസം മുമ്പ് ജനുവരി 17-ന് നാരായണ്‍ ആപ്തെയും ഗോഡ്സെയും സവര്‍ക്കറുടെ വീട്ടിലെത്തി സവര്‍ക്കറെ കണ്ടിരുന്നുവെന്നും 'വിജയശ്രീലാളിതരായി തിരിച്ചു വരൂ ' എന്ന ആശംസയോടെ സവര്‍ക്കര്‍ ഇരുവരെയും യാത്രയാക്കി എന്നുമാണ് ദിഗംബര്‍ മൊഴി നല്‍കിയത്. ഗാന്ധി വധക്കേസില്‍ വിധി പറഞ്ഞ ജഡ്ജി ആത്മ ചരണിന് ദിഗംബറിന്റെ സത്യസന്ധതയില്‍ അവിശ്വാസമുണ്ടായിരുന്നില്ല. പക്ഷേ, ദിഗംബറിന്റെ മൊഴി സതന്ത്രമായി സാധൂകരിക്കുന്നതിനുള്ള തെളിവുകള്‍ ഇല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി ആത്മ ചരണ്‍ ഗൂഢാലോചന കുറ്റത്തില്‍ നിന്ന് സവര്‍ക്കറെ ഒഴിവാക്കിയത്.
എന്നാല്‍, ഈ കേസ് സസൂക്ഷ്മം പിന്തുടര്ന്നിരുന്ന അന്നത്തെ ആഭ്യന്തര മന്ത്രി സര്‍ദാര്‍ പട്ടേല്‍ പ്രധാനമന്ത്രി നെഹ്രുവിന് എഴുതിയ കത്തില്‍ പറഞ്ഞത് ഇതാണ്: ''സവര്‍ക്കറുടെ കീഴില്‍ ഹിന്ദുമഹാസഭയിലെ ഒരു തീവ്ര സംഘമാണ് ഗൂഢാലോചനയ്ക്ക് രൂപം നല്കിയതും നിറവേറ്റിയതും.'' 1948 ഏപ്രില്‍ മൂന്നിന് ബോംബെ നിയമസഭയില്‍ അന്നത്തെ ആഭ്യന്തര മന്ത്രി മൊറാര്‍ജി ദേശായി പറഞ്ഞതും ഈ ഘട്ടത്തില്‍ മറക്കാനാവില്ല. സവര്‍ക്കറുടെ ശ്രേഷ്ഠ കര്‍മ്മങ്ങള്‍ ചൂണ്ടിക്കാട്ടിയ ഒരംഗത്തോട് മൊറാര്‍ജി പറഞ്ഞത് ഇങ്ങനെയാണ്: ''ആ ഭൂതകാല സേവനങ്ങള്‍ എല്ലാം തന്നെ ഈ ഒരൊറ്റ ചെയ്തിയിലൂടെ ഇല്ലതായി എന്ന് ഞാന്‍ ചൂണ്ടിക്കാട്ടുകയാണ്.''
പിന്നീട് 1965-ല്‍ ഗാന്ധി വധം വിശദമായി അന്വേഷിച്ച ജസ്റ്റിസ് ജീവന്‍ലാല്‍ കപൂര്‍ കമ്മീഷനും ഇതേ നിഗമനത്തിലാണ് എത്തിയത്. സവര്‍ക്കറുടെ ബോഡിഗാര്‍ഡ് അപ്പ രാമചന്ദ്ര കസറും സെക്രട്ടറി ഗജാനന്‍ വിഷ്ണു ദാംലെയും കമ്മീഷന് സവര്‍ക്കറും ഗോഡ്സെയും തമ്മിലുള്ള കൂടിക്കാഴ്ചകളുടെ വിശദാംശങ്ങള്‍ നല്‍കിയിരുന്നു. 1948 ജനുവരി 14-നും 17-നും 23-നും ഇരുവരും തമ്മില്‍ കണ്ടിരുന്നുവെന്നാണ് കസറും ദാംലെയും കമ്മീഷനോട് പറഞ്ഞത്. ഈ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് കപൂര്‍ തന്റെ റിപ്പോര്‍ട്ടില്‍ കുറിച്ചത് ഇങ്ങനെയാണ് : ''സവര്‍ക്കറും അദ്ദേഹത്തിന്റെ സംഘവും ചേര്‍ന്ന് വധിക്കാനുള്ള ഗൂഢാലോചന നടത്തിയെന്ന സിദ്ധാന്തമൊഴികെ മറ്റെന്തിനെയും ഈ വസ്തുകള്‍ ഇല്ലാതാക്കുന്നുണ്ട് (സവര്‍ക്കര്‍ ആന്റ് ഗാന്ധി: എ. ജി. നൂറാനി, ഫ്രന്റ്ലൈന്‍, 2003 മാര്‍ച്ച് 28)
ഇന്ത്യയെ മതരാഷ്ട്രമാക്കുന്നതിനുള്ള വലതുപക്ഷ ശക്തികളുടെ നീക്കം പൊളിഞ്ഞത് ഗാന്ധി വധത്തെ തുടര്‍ന്നാണ്. ആ അര്‍ത്ഥത്തില്‍ മതേതര ഇന്ത്യയുടെ അടിത്തറ നിലനില്‍ക്കുന്നത് ഗാന്ധിജിയുടെ രക്തത്തിലും മജ്ജയിലുമാണെന്ന് പറയേണ്ടി വരും. 2003 ഫെബ്രുവരി 26-ന് സവര്‍ക്കറുടെ ഛായാചിത്രം പാര്‍ലമെന്റില്‍ ഗാന്ധിജിക്കഭിമുഖമായി സ്ഥാപിച്ചുകൊണ്ടാണ് ബിജെപി സവര്‍ക്കറെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഉമ്മറത്തിരുത്തുന്നതിനുള്ള ആസൂത്രിത നീക്കത്തിന് അടിവരയിട്ടത്. ബിജെപിയിലെ മിതവാദികളുടെ മുഖമെന്നറിയപ്പെട്ടിരുന്ന അടല്ബിഹാരിവാജ്പേയി ആയിരുന്നു അന്നാ നീക്കത്തിന്റെ തലതൊട്ടപ്പന്. ഇന്നിപ്പോള്‍ മാപ്പപേക്ഷയുടെ കളങ്കത്തില്‍ നിന്നും സവര്‍ക്കറെ മോചിപ്പിക്കുന്നതിന് ബിജെപി നിയോഗിച്ചിരിക്കുന്നത് നിലവില്‍ മോദി മന്ത്രിസഭയിലെ മിതവാദിയായി അറിയപ്പെടുന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിങിനെയാണെന്നത് യാദൃശ്ചികമല്ല.
ഗാന്ധിജി പറഞ്ഞിട്ടാണ് സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിനോട് മാപ്പപേക്ഷിച്ചത് എന്ന പ്രസ്താവനയിലൂടെ ഗാന്ധി വധത്തിന്റെ കരിനിഴലില്‍ നിന്നും സവര്‍ക്കറെ മോചിപ്പിക്കുക എന്ന ലക്ഷ്യവും ബിജെപിക്കുണ്ട്. വാസ്തവത്തില്‍ സവര്‍ക്കര്‍ മാപ്പ് ചോദിച്ചുകൊണ്ടുള്ള ആദ്യ അപേക്ഷ നല്‍കുന്നത് 1911-ലാണ്. പിന്നീട് 1913-ലും 14-ലും സവര്‍ക്കര്‍ ഇതേ രീതിയില്‍ അപേക്ഷ നല്‍കുന്നുണ്ട്. ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തുന്നത് 1915-ലാണ്. സവര്‍ക്കറുടെ സഹോദരന് നാരായണറാവു എഴുതിയ ഒരു കത്തിനുള്ള മറുപടിയില്‍ 1920-ല്‍ സവര്‍ക്കര്‍ ഒരു പരാതി നല്കട്ടെ എന്ന് ഗാന്ധിജി പറയുന്നുണ്ടെന്നത് വാസ്തമാണ്. എന്നാല്‍ അതില്‍ ഗാന്ധിജി വ്യക്തമായി പറയുന്ന ഒരു കാര്യം, താന്‍ ചെയ്തത് ഒരു രാഷ്ട്രീയ പ്രവൃത്തിയായിരുന്നുവെന്ന് പരാതിയില്‍ സവര്‍ക്കര്‍ കൃത്യമായി രേഖപ്പെടുത്തണമെന്നാണ്. ബ്രിട്ടീഷ് സര്‍ക്കാരിനോട് സവര്‍ക്കര്‍ മാപ്പ് ചോദിക്കണം എന്ന് ഗാന്ധിജി പറഞ്ഞതായി ഒരു രേഖയുമില്ല.
നിയമലംഘന പ്രസ്ഥാനമായിരുന്നു ഗാന്ധിജിയുടെ മുഖ്യ സമരായുധം. ഭരണകൂടം അധാര്‍മ്മികമായി പെരുമാറുമ്പോള്‍ അവരുടെ നിയമങ്ങള്‍ ലംഘിക്കപ്പെടണമെന്ന കാര്യത്തില്‍ ഗാന്ധിജിക്ക് സംശയമുണ്ടായിരുന്നില്ല. അങ്ങിനെയാരാള് ബ്രിട്ടീഷ് സര്‍ക്കാരിനോട് മാപ്പ് ചോദിക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ല. താന്‍ ചെയ്യാത്ത ഒരു കാര്യം മറ്റൊരാള്‍ ചെയ്യണമെന്ന് വേറെയാരു പറഞ്ഞാലും ഗാന്ധിജി പറയില്ലെന്ന കാര്യത്തില്‍ നൂറല്ല ഇരുന്നൂറ് ശതമാനം ഉറപ്പ് ഇന്ത്യന്‍ ജനതയ്ക്കുണ്ട്. ബ്രിട്ടീഷ് ഭരണകൂടത്തിന് നിരുപാധികമായ പിന്തുണ വാഗ്ദാനം ചെയ്തതിനെത്തുടര്‍ന്നാണ് സവര്‍ക്കറെ ആന്‍ഡമാനിലെ ജയിലില്‍ നിന്നും മഹാരാഷ്ട്രയിലെ രത്നഗിരിയിലേക്ക് മാറ്റിയതെന്ന വസ്തുതയും വിസ്മരിക്കാനാവില്ല.
എടുത്തുപറയേണ്ട ഒരു ഭൂതകാലം സവര്ക്കര്ക്കുണ്ടെന്നത് ശരിയാണ്. 1857-ലെ ഇന്ത്യന്‍ സ്വാതന്ത്യ സമരത്തെക്കുറിച്ചുള്ള സവര്‍ക്കറുടെ പുസ്തകം 1909-ലാണ് പുറത്തുവന്നത്. ഫ്രഞ്ച് , അമേരിക്കന്‍ വിപ്ലവങ്ങളും 1857-ലെ കലാപത്തെക്കുറിച്ച് കാള്‍ മാര്‍ക്സ് എഴുതിയ ലേഖനവും ഈ രചനയില്‍ സവര്‍ക്കറെ സ്വാധീനിച്ചിരുന്നു. ഇന്ത്യന്‍ ചരിത്ര രചനയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ പുസ്തകമായാണ് സവര്‍ക്കറുടെ ഈ കൃതി വിലയിരുത്തപ്പെടുന്നത്. ജാതി വ്യവസ്ഥയോട് സവര്‍ക്കര്‍ക്ക് മതിപ്പുണ്ടായിരുന്നില്ല. സവര്‍ക്കര്‍ അടിസ്ഥാനപരമായി യുക്തിവാദിയായിരുന്നു. പശു സംരക്ഷണം വേണമെന്നും, എന്നാല്‍ പശു ആരാധനയോട് യോജിപ്പില്ലെന്നുമാണ് സവര്‍ക്കര്‍ പറഞ്ഞിരുന്നത്.
പക്ഷേ, 1911-ല്‍ ആന്‍ഡമാന്‍ ജയിലിലെത്തുന്നതോടെ പുതിയൊരു സവര്‍ക്കര്‍ രൂപം കൊള്ളുന്നുണ്ട്. ഹിന്ദുത്വയുടെ ആശയങ്ങള്‍ സവര്‍ക്കറില്‍ രൂഢമൂലമാവുന്നത് ഈ കാലത്താണ്. പിതൃഭൂമിയും പുണ്യഭൂമിയും ഒന്നായിരിക്കണമെന്നും ഇന്ത്യ പ്രാഥമികമായി ഹിന്ദു രാഷ്ട്രമാണെന്നും സവര്‍ക്കര്‍ പ്രഖ്യാപിക്കുന്നതും ഇതേ കാലത്താണ്. ദ്വിരാഷ്ട്ര വാദത്തില്‍ സവര്‍ക്കറും ജിന്നയും ഒരു പോലെയാണ് ചിന്തിക്കുന്നതെന്ന് ബി. ആര്. അംബദ്കര്‍ 'പാക്കിസ്താന് അഥവാ ഇന്ത്യയുടെ വിഭജനം' എന്ന ഗ്രന്ഥത്തില്‍ ചൂണ്ടിക്കാട്ടുന്നത് ഈ പരിസരത്തിലാണ്. ഇന്ത്യയില്‍ രണ്ട് രാഷ്ട്രങ്ങളുണ്ടെന്നും മുസ്ലിങ്ങളുടെ രാഷ്ട്രം ഹിന്ദു രാഷ്ട്രത്തിന്റെ അധീശത്വത്തിലായിരിക്കണം എന്നുമുള്ള സവര്‍ക്കറുടെ നിലപാട് അംബദ്കര്‍ നിഷ്കരുണം തള്ളുന്നത് ഈ പുസ്തകത്തിലാണ്.
ആന്‍ഡമാനില്‍ നിന്ന് മഹാരാഷ്ട്രയിലേക്കെത്തുന്ന സവര്‍ക്കര്‍ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെയുള്ള കോണ്‍ഗ്രസിന്റെ സമരപരിപാടികളുമായി ഒരു തരത്തിലും യോജിച്ചിരുന്നില്ല. ബഹുസ്വരതയില്‍ അധിഷ്ഠിതമായ ജനാധിപത്യ സംവിധാനമായിരുന്നില്ല സവര്‍ക്കര്‍ക്ക് ഇന്ത്യയുടെ ഭാവിയെക്കുറിച്ചുണ്ടായിരുന്നത്. 'ഈശ്വര്‍ അള്ളാ തേരോ നാം, സബ്കൊ സന്മതി ദേ, ഭഗ്വാന്' എന്ന വരികളുടെ പൊരുള്‍ സവര്‍ക്കര്‍ക്ക് അന്യമായിരുന്നു. പശു ആരാധന നിരാകരിക്കുകയും ശാസ്ത്രിയ സമീപനങ്ങള്‍ ഉദ്ഘോഷിക്കുകയും ചെയ്ത സവര്‍ക്കറല്ല ഹിന്ദുത്വയുടെ പരമാചാര്യനായ സവര്‍ക്കറെയാണ് ബിജെപി ഏറ്റെടുക്കുന്നത്. ആ സവര്‍ക്കറെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ബിംബമാക്കാനുള്ള ശ്രമത്തില്‍ ഗാന്ധിജിയുടെ സമ്മതി അനിവാര്യമാണെന്ന് ബിജെപി തിരിച്ചറിയുന്നു. ഇല്ലാത്തത് ഉണ്ടാക്കുക എന്നത് അഭിനവ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു കലയായി അഭ്യസിക്കുന്നവരാണ് ബിജെപി എന്ന വിമര്‍ശം പണ്ടേയുണ്ട്. സവര്‍ക്കര്‍ക്കും ഗാന്ധിജിക്കുമിടയില് പാലമുണ്ടാക്കാനുള്ള ബിജെപിയുടെ നീക്കം ഇത്തരമൊരു കലാപരിപാടിയാണ്. പക്ഷേ, ഈശാവാസ്യോപനിഷത്തിലെ ആ വാക്യം ഈ ഘട്ടത്തില്‍ ബിജെപി ഒന്നോര്‍ക്കുന്നത് നന്നായിരിക്കും:
''ഹിരണ്മയേനപാത്രേണ
സത്യ സ്യാപി ഹിതം മുഖം
തത്വം പൂഷന്നപാവൃണ
സത്യധര്‍മ്മായ ദൃഷ്ടയേ'' (സ്വര്‍ണമയമായ പാത്രംകൊണ്ട് സത്യത്തിന്റെ മുഖം മൂടപ്പെട്ടിരിക്കുന്നു- അല്ലയോ സൂര്യദേവ, ആ മൂടി മാറ്റി സത്യംകാണിച്ചു തരണമേ). സത്യം ഒരര്‍ത്ഥത്തില്‍ സൂര്യപ്രകാശം തന്നെയാണ്. ഏതിരുട്ടിലും ജ്വലിക്കുന്ന ഓര്‍മ്മകളാണ് ഗാന്ധിജിയുടേത്. സത്യം ജീവിത വ്രതമാക്കിയ ആ മനുഷ്യനോട് കളിക്കുമ്പോള്‍ ആരായാലും ഒന്ന് സൂക്ഷിക്കുന്നത് നന്നായിരിക്കും.
വഴിയില്‍ കേട്ടത്: സവര്‍ക്കര്‍ ഗാന്ധിജിയുടെ ആരോഗ്യത്തില്‍ ശ്രദ്ധാലുവായിരുന്നുവെന്ന് ആര്.എസ്.എസ്. സര്‍സംഘചാലക് മോഹന്‍ ഭാഗവത്.
കാവ്യം സുഗേയം കഥ രാഘവീയം, കര്‍ത്താവ് നാഗ്പൂരിലുളവായ ദിവ്യന്, ആനന്ദലബ്ധിക്കിനിയെന്തു വേണം!
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..