നൊബേൽ ജേതാക്കളായ മരിയ റെസ്സയും ദിമിത്രി മുറടോവും| photo: AFP
മരിയ റെസ്സയെയും ദിമിത്രി മുറട്ടോവിനെയും കുറിച്ച് എഴുതുമ്പോള്‍ ഗൗരി ലങ്കേഷിനെ മറക്കരുത്. നൊബേല്‍ സമ്മാനം മരണാനന്തരം കൊടുക്കാറില്ല. ഇല്ലെങ്കില്‍ റെസ്സയ്ക്കും മുറട്ടോവിനും ഒപ്പം ഗൗരിയും ചിലപ്പോള്‍ ഈ വര്‍ഷത്തെ നൊബേല്‍ സമാധാന സമ്മാന പട്ടികയിലുണ്ടാകുമായിരുന്നു. നൊബേല്‍ സമ്മാനത്തിനപ്പുറത്ത് ഒന്നുമില്ല എന്ന അര്‍ത്ഥത്തിലല്ല ഇതെഴുതുന്നത്. ഗാന്ധിജിക്കും ടോള്‍സ്റ്റോയ്ക്കും നോബേല്‍ കിട്ടിയിട്ടില്ല എന്ന വസ്തുത നമ്മുടെ മുന്നിലുണ്ട്. പക്ഷേ, ഇക്കുറി നൊബേല്‍ സമാധാന സമ്മാനം നിരവധി കാര്യങ്ങള്‍ നമ്മോട് വിളിച്ചു പറയുന്നുണ്ട്. റെസ്സയും മുറട്ടോവും ആദരിക്കപ്പെടുമ്പോള്‍ അത് രണ്ട് പത്രപ്രവര്‍ത്തകര്‍ക്കോ രണ്ട് രാജ്യങ്ങള്‍ക്കോ ഉള്ള ബഹുമതി മാത്രമല്ല. ദസ്തയോവ്സ്കിയുടെ ഗംഭീരമായ നോവല്‍ കാരമസോവ് സഹോദരന്മാരില് ഒരു കഥാപാത്രം ഒരു സ്ത്രീയുടെ മുന്നില്‍ നമസ്കരിക്കുമ്പോള്‍ പറയുന്നില്ലേ: 'ഞാന്‍ നിങ്ങള്‍ക്ക് മുന്നിലല്ല ,സഹിക്കുന്ന മൊത്തം മനുഷ്യരുടെയും മുന്നിലാണ് നമസ്കരിച്ചത്.''
ഒരു സംഭവവും ശൂന്യതയില്‍ നിന്നുണ്ടാവുന്നില്ല. ഈ വര്‍ഷം സമാധാനത്തിനുള്ള നൊബേലിന് രണ്ട് പത്രപ്രവര്‍ത്തകരെ തിരഞ്ഞെടുക്കുമ്പോള്‍ നൊബേല്‍ സമാധാന സമ്മാന സമിതിയുടെ കണ്ണുകളും കാതുകളും ഒരു പാട് കാര്യങ്ങളിലേക്ക് തുറന്നിട്ടുണ്ടാവണം. അധികാരവും സത്യവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍, ഭരണകൂടം തന്നെ സൃഷ്ടിക്കുന്ന വ്യാജ വാര്‍ത്തകള്‍, കൊല ചെയ്യപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്യുന്ന പത്രപ്രവര്‍ത്തകര്‍ - ഇടപെടേണ്ട സമയത്ത് കൃത്യമായി ഇടപെടേണ്ടതെങ്ങിനെയാണെന്ന് തന്നെയാണ് നൊബേല്‍ സമാധാന സമിതിയുടെ ഈ തിരഞ്ഞെടുപ്പ് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കുന്നത്.
നാല് കൊല്ലം മുമ്പ് 2017 സെപ്റ്റംബര്‍ അഞ്ചിനാണ് ഗൗരിയെ അക്രമികള്‍ വെടിവെച്ചു കൊന്നത്. ഒരര്‍ത്ഥത്തില്‍ ആ വെടിയുണ്ടകളുടെ സഞ്ചാരം 1948 ജനുവരി 30 ന് തുടങ്ങിയതാണ്. ആധുനിക ലോകത്തില്‍ സമാധാനത്തിന് ഒരു അപ്പോസ്തലനുണ്ടെങ്കില് ആ അപ്പോസ്തലനെയാണ് അന്ന് വെടിവെച്ചു വീഴ്ത്തിയത്. സത്യം വിളിച്ചു പറയുന്നവര്‍ക്ക് വെടിയുണ്ടകളും മര്‍ദനവും പുതിയ സംഗതിയല്ല. ദൂതരെ ആക്രമിക്കരുത് എന്നത് യുദ്ധങ്ങളില്‍ പോലും പാലിക്കപ്പെടുന്ന സംഗതിയാണ്. പക്ഷേ, കണ്ണാടിയില്‍ നോക്കുന്ന അഭിനവ ഭരണാധികാരികള്‍ക്ക് കണ്ണാടിയിലെ പ്രതിബിംബം അലോസരമുണ്ടാക്കുന്നു. അവര്‍ അവരുടെ കിങ്കരന്മാരെ വിളിച്ചുവരുത്തുന്നു, കണ്ണാടികള്‍ തകര്‍ക്കുന്നു.
1975 ജൂണ്‍ 25ന് രാത്രി 11 മണിയോടെയാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉറ്റ അനുയായിയും ബംഗാള്‍ മുഖ്യമന്ത്രിയുമായിരുന്ന സിദ്ധാര്‍ത്ഥ് ശങ്കര്‍ റേയ്ക്കൊപ്പം രാഷ്ട്രപതി ഭവനിലെത്തി പ്രസിഡന്റ് ഫക്രുദ്ദിന്‍ അലി അഹമ്മദിനെ കണ്ടത്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നുവെന്ന കടലാസില്‍ ഒരു ചോദ്യവും ചോദിക്കാതെ രാഷ്ട്രപതി ഒപ്പിട്ടുകൊടുത്തു. നിമിഷങ്ങള്‍ക്കുള്ളില്‍ ഡെല്‍ഹിയിലെ ബഹദൂര്‍ഷാ മാര്‍ഗില്‍ വൈദ്യുതി ബന്ധം നിലച്ചു. രാജ്യ തലസ്ഥാനത്തെ പ്രമുഖ പത്രങ്ങളുടെ ഓഫീസും അച്ചടി ശാലകളും ഇവിടെയായിരുന്നു. ജയപ്രകാശ് നാരായണനും മൊറാര്‍ജി ദേശായിയും ചന്ദ്രശേഖറും അടക്കമുള്ള പ്രധാനപ്പെട്ട പ്രതിപക്ഷ നേതാക്കളെ രാത്രിക്ക് രാത്രി അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് അടുത്ത ദിവസം ജനങ്ങള്‍ അറിയാതിരിക്കാനാണ് പത്ര സ്ഥാപനങ്ങളിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചത്. അടുത്ത ദിവസം രാവിലെ ഏഴരയോടെ ബിബിസിയാണ് ഇന്ത്യയില്‍ അടിയന്തരാവസ്ഥ നിലവില്‍ വന്നത് ലോകത്തെ ആദ്യം അറിയിച്ചത്. തൊട്ടു പിന്നാലെ ആകാശവാണിയില്‍ ഇന്ദിരാഗാന്ധിയുടെ അറിയിപ്പ് വന്നു. പിന്നീടങ്ങോട്ട് ഒന്നര വര്‍ഷത്തോളം ഇന്ത്യയില്‍ സ്വതന്ത്ര പത്രപ്രവര്‍ത്തനം വെള്ളത്തില്‍ വരച്ച വരയായി.
വിയോജിക്കുന്നതിനുള്ള സ്വാതന്ത്ര്യമാണ് ഏറ്റവും വലിയ സ്വാതന്ത്ര്യം. സംസാര സ്വാതന്ത്ര്യം എന്നു പറഞ്ഞാല്‍ ഭരണകൂടത്തിന് ഇഷ്ടമുള്ള കാര്യങ്ങള്‍ പറയാനുള്ള അവസരവും അവകാശവുമല്ല. സംസാരിച്ചു കഴിഞ്ഞാലും സ്വാതന്ത്ര്യമുണ്ടാവണമെന്ന് 2008 ല്‍ ചിത്രകാരന് എം എഫ് ഹുസൈന് അനുകൂലമായ വിധി പുറപ്പെടുവിച്ചുകൊണ്ട് ഡെല്‍ഹി ഹൈക്കോടതിയിലെ ജഡ്ജി ജസ്റ്റിസ് എസ് കെ കൗള്‍ നടത്തിയ നിരീക്ഷണം ഇന്ത്യന്‍ ജനാധിപത്യത്തിലെ സുവര്‍ണ്ണ രേഖകളിലൊന്നാണ്. ഈ തൊണ്ണൂറാം വയസ്സില്‍ ഹുസൈന് അദ്ദേഹത്തിനിഷ്ടപ്പെട്ട കാര്യം (ചിത്രം വരയ്ക്കല്‍) ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടാവണമെന്നും ജസ്റ്റിസ് കൗള്‍ പറഞ്ഞു. എട്ടു കൊല്ലത്തിനപ്പുറം തമിഴ് എഴുത്തുകാരന് പെരുമാള്‍ മുരുകനെ സാഹിത്യ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ഇതേ ജസ്റ്റിസ് കൗളായിരുന്നുവെന്നതും ഓര്‍ക്കേണ്ടതുണ്ട്.
1976 ഏപ്രിലില്‍ ഡെല്‍ഹിയിലെ തുര്‍ക്ക്മാന്‍ ഗേറ്റില്‍ ചേരികള്‍ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാനുള്ള ഭരണകൂടത്തിന്റെ നീക്കത്തില്‍ ആറു പേര് ദാരുണമായി കൊല്ലപ്പെട്ടു. അപ്പോള്‍ ഡെല്‍ഹിയിലുണ്ടായിരുന്ന ജമ്മു കാശ്മിര്‍ മുഖ്യമന്ത്രി ഷെയ്ക്ക് അബ്ദുള്ള വിവരമറിഞ്ഞ് തുര്‍ക്ക്മാന്‍ ഗേറ്റിലെത്തി. അബ്ദുള്ളയെ തടയാനുള്ള ധൈര്യം അന്ന് ഭരണകൂടത്തിനുണ്ടായിരുന്നില്ല. ഉത്തര്‍പ്രദേശിലെ ലഖിംപൂരിലേക്ക് പോകാനൊരുങ്ങിയ പഞ്ചാബ്, ചത്തിസ്ഗഡ് മുഖ്യമന്ത്രിമാര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ചത് ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. തുര്‍ക്ക്മാന്‍ ഗേറ്റിലെ കാഴ്ചകള്‍ അബ്ദുള്ളയെ ഞെട്ടിപ്പിച്ചു. രാഷ്ട്രപതി ഫക്രുദ്ദിന്‍ അലി അഹമ്മദും വിവരമറിഞ്ഞ് ദുഃഖിതനായി. രണ്ടു പേരും ഇന്ദിരയെ പ്രതിഷേധമറിയിച്ചു. പക്ഷേ, മകന് സഞ്ജയിനെ പിണക്കാന്‍ തയ്യാറാല്ലാതിരുന്ന ഇന്ദിര ഈ പ്രതിഷേധങ്ങള്‍ അവഗണിച്ചുവെന്ന് ഇന്ദിരയുടെ ജീവചരിത്രരനും പത്രപ്രവര്‍ത്തകനുമായ ഇന്ദര്‍ മല്‍ഹോത്ര എഴുതുന്നുണ്ട്.
അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനു മുമ്പ് പുലര്‍ച്ചെ ആറു മണിക്ക് ഇന്ദിര കേന്ദ്ര മന്ത്രിസഭ യോഗം വിളിച്ചിരുന്നു. ആ യോഗത്തില്‍ ചില വിയോജിപ്പുകള്‍ ഉയര്‍ത്തിയത് പ്രതിരോധ മന്ത്രി സ്വരണ്സിങ്ങായിരുന്നു എന്ന് ഇന്ദര്‍ മല്‍ഹോത്ര വ്യക്തമാക്കുന്നുണ്ട്. പോലിസിന് കൂടുതല്‍ അധികാരം നല്കുന്ന പരിപാടി ശരിയാവില്ലെന്നാണ് സ്വരണ്‍സിങ് പറഞ്ഞത്. അടുത്ത മന്ത്രിസഭാ അഴിച്ചുപണിയില്‍ സ്വരണ്‍സിങ്ങിന് പ്രതിരോധ മന്ത്രി സ്ഥാനം നഷ്ടമായി. സഞ്ജയിനെ വിമര്‍ശിച്ച പി എന്‍ ഹക്സറിന്റെ കുടുംബം അടിയന്തരാവസ്ഥക്കാലത്ത് നേരിട്ട തിരിച്ചടികള്‍ ചരിത്രമാണ്. 1970 കളില്‍ അടിയന്തരാവസ്ഥയ്ക്ക് തൊട്ടു മുമ്പു വരെ ഇന്ത്യയിലെ ഏറ്റവും ശക്തനായ ഉദ്യോഗസ്ഥനായിരുന്നു ഹക്സര്‍ എന്ന് മറക്കരുത്.

കഴിഞ്ഞ ദിവസം ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അഴിച്ചുപണി ഒന്ന് ശ്രദ്ധിക്കുക. സമിതിയില്‍ നിന്ന് പുറത്തുപോയ മൂന്ന് പ്രമുഖര്‍ സുബ്രഹ്മണ്യം സ്വാമിയും മനേകയും വരുണ്ഗാന്ധിയുമാണ്. മൂന്നു പേരും ഭരണകൂടത്തിനെതിരെ വിമര്‍ശം ഉന്നയിച്ചവരാണ്. ഒരു വിമര്‍ശവും അനുവദിക്കാനാവില്ല എന്ന ഭീതിദമായ അവസ്ഥയിലക്കോണ് രാജ്യം പൊയ്ക്കൊണ്ടിരിക്കുന്നത് എന്ന യാഥാര്ത്ഥ്യത്തിലക്കോണ് ഈ പുറത്താക്കലുകള്‍ വിരല്‍ ചൂണ്ടുന്നത്.
ജനാധിപത്യം അടിസ്ഥാനപരമായി സംഭാഷണമാണ്. ആത്മഗതങ്ങളിലൂടെയല്ല ഡയലോഗിലൂടെയാണ് ജനാധിപത്യം വികസിക്കുന്നത്. അടിയന്തരവസ്ഥയില്‍ സംഭാഷണങ്ങളുണ്ടായിരുന്നില്ല. ഇന്ദിരയുടെ ഗുരുവെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ജിദ്ദു കൃഷ്ണമൂര്‍ത്തി 1975 ല്‍ ഇന്ത്യയിലേക്ക് വന്നില്ല. അമേരിക്കയില്‍ താമസമായിരുന്ന ജിദ്ദു സാധാരണഗതിയില്‍ വര്‍ഷത്തിലൊരിക്കല്‍ ഇന്ത്യയിലെത്തി സുഹൃത്തുക്കളുമായി സംഭാഷണത്തിലേര്‍പ്പെടുക പതിവായിരുന്നു. പക്ഷേ, അടിയന്തരാവസ്ഥയില്‍ പ്രതിഷേധിച്ച് ജിദ്ദു ആ വര്‍ഷം വന്നില്ല. അടുത്ത വര്‍ഷം ഇന്ദിര ഉറ്റ ചങ്ങാതി പുപുല്‍ ജയ്കറിനെക്കൊണ്ട് സ്വാധീനം ചെലുത്തി ജിദ്ദുവിനെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. അടിയന്തരാവസ്ഥയുടെ ആ കടുത്ത ദിനങ്ങളില്‍ ഇന്ദിര ജിദ്ദുവിനെ കണ്ടത് പുപുല്‍ വിവരിച്ചിട്ടുണ്ട്. ജിദ്ദുവിന് മുന്നില്‍ ഇന്ദിര വിതുമ്പിക്കരഞ്ഞു : ''ഞാനിപ്പോള്‍ പുലിപ്പുറത്താണ് സഞ്ചരിക്കുന്നത്. എങ്ങിനെ താഴെ ഇറങ്ങണമെന്ന് എനിക്കറിയില്ല. '' ദുര്‍ഗയെന്ന് വാജ്പേയി വിശേഷിപ്പിച്ച ഇന്ദിരയാണ് ജിദ്ദുവിന് മുന്നില്‍ വഴിയറിയാത്ത കുട്ടിയെപ്പോലെ കരഞ്ഞത്. ജിദ്ദുവിന്റെ മറുപടി ഇതായിരുന്നു : ''നിങ്ങള്‍ക്ക് പുലിയേക്കാള്‍ ബുദ്ധിയുണ്ട്. അതുകൊണ്ട് അതിന്റെ പുറത്ത് നിന്ന് നിങ്ങള്ക്കിറങ്ങാനാവും.'' അടിയന്തരാവസ്ഥ എന്ന പുലിപ്പുറത്ത് നിന്ന് ഇന്ദിര ഇറങ്ങിയത് പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകൊണ്ടാണ്. ഇന്ദിരയുടെ ഏകാധിപത്യ ഭരണം വലിച്ചെറിഞ്ഞുകൊണ്ട് അന്ന് ഇന്ത്യന്‍ ജനാധിപത്യം വീണ്ടെടുത്തത് ഉത്തരേന്ത്യയിലെ നിരക്ഷരരായ ജനങ്ങളായിരുന്നു.
ജനാധിപത്യ വിരുദ്ധതയാണ് ഇന്നിപ്പോള്‍ മോദി സര്‍ക്കാരിന്റെ മുഖമുദ്രയെന്ന വിമര്‍ശം ശക്തമാണ്. ഇക്കഴിഞ്ഞ ഏഴു വര്‍ഷങ്ങളില്‍ ഒരു പത്രസമ്മേളനം പോലും പ്രധാനമന്ത്രയെന്ന നിലയില്‍ മോദി വിളിച്ചുകൂട്ടിയിട്ടില്ല. 2019 ലെ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ പാര്‍ട്ടി പ്രസിഡന്റ് അമിത് ഷായ്ക്കൊപ്പം മോദി പത്രസമ്മേളനത്തില്‍ പങ്കെടുത്തെങ്കിലും ഒരു ചോദ്യത്തിന് പോലും മറുപടി പറഞ്ഞില്ല. മാദ്ധ്യമ പ്രവര്‍ത്തകര്‍ പൊതു ജനത്തിന്റെ പ്രതിനിധികളാണ്. മാദ്ധ്യമങ്ങളെ അവഗണിക്കുക എന്ന് പറഞ്ഞാല്‍ ജനങ്ങളെ അവഗണിക്കുക എന്ന് തന്നെയാണര്‍ത്ഥം. മലയാളി പത്രപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് യുപിയില്‍ ജയിലിലടയ്ക്കപ്പെട്ടിട്ട് ഇക്കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് ഒരു കൊല്ലം തികഞ്ഞു. ഒരു തരത്തിലുള്ള വിചാരണയും നേരിടാതെ ഒരു പത്രപ്രവര്ത്തകന് ജയിലിനുള്ളില്‍ തുടരുകയാണ്. മരിയ റെസ്സയ്ക്കും ദിമിത്രി മുറട്ടോവിനുമുള്ള നൊബേല്‍ സമ്മാനം മോദി - യോഗി സര്‍ക്കാരുകളോട് ഒരു പിടി ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്.
അസ്സമില്‍ പോലിസ് നിര്‍ദ്ദയം വെടിവെച്ചുകൊന്ന മൊയ്നുല്‍ ഹഖിന്റെയും ഷെയ്ക്ക് ഫരീക്കിന്റെയും കുടുംബങ്ങളോട് ഒരാശ്വാസവാക്ക് പോലും പ്രധാനമന്ത്രി മോദിയുടെ ഭാഗത്തു നിന്നുണ്ടായില്ല. ഐക്യരാഷ്ട്ര സംഘടനയില്‍ പോയി ഇന്ത്യയെ ജനാധിപത്യങ്ങളുടെ മാതാവ് എന്ന് മോദി വിശേഷിപ്പിച്ച ദിനങ്ങളിലാണ് അസമിലെ അരും കൊലകള്‍ നടന്നത്. ലഖിംപൂരില്‍ എട്ടു പേര് കൊല്ലപ്പെട്ട സംഭവത്തിലും ഒരു തരത്തിലുള്ള ഖേദ പ്രകടനങ്ങളും മോദിയുടെയോ യോഗിയുടെയോ ഭാഗത്തു നിന്നുണ്ടായില്ല. 2014 ലെ തിരഞ്ഞെടുപ്പിന് മുമ്പ് റോയിട്ടേഴ്സിന്റെ രണ്ട് റിപ്പോര്‍ട്ടര്‍മാര്‍ക്ക് നരേന്ദ്ര മോദി അഭിമുഖം നല്‍കിയിരുന്നു. 2002 ലെ ഗുജറാത്ത് കലാപത്തില്‍ ഖേദിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മോദിയുടെ മറുപടി ഇതായിരുന്നു : ''ഒരാള്‍ കാറോടിക്കുകയാണെന്ന് കരുതുക, നമ്മള് പുറകില്‍ ഇരിക്കുകയാണെന്നും കരുതുക, അപ്പോള്‍ ഒരു പട്ടിക്കുട്ടി ടയറിനടിയില്‍ പെട്ടാല്‍ അത് വേദനാജനകമായിരിക്കില്ലേ? തീര്‍ച്ചയായും . മുഖ്യമന്ത്രിയായാലും അല്ലെങ്കിലും ഞാന്‍ മനുഷ്യ ജീവിയാണ്. എവിടെയെങ്കിലും മോശമായത് എന്തങ്കിലും സംഭവിച്ചാല്‍ ദുഃഖമുണ്ടാവുക സ്വാഭാവികമാണ്. '' ഈ മറുപടി അന്ന് വലിയ വിവാദമായി. ആയിരത്തോളം പേര് ദാരുണമായി കൊല്ലപ്പെട്ട ഒരു കലാപത്തെ നായ്ക്കുട്ടി കാറിനടിയില്‍ പെടുന്നതിനോടാണോ ഉപമിക്കുന്നതെന്ന വിമര്‍ശമാണ് മുഖ്യമായും ഉയര്‍ന്നത്.
സഹജാവബോധം ( empathy ) ആണ് മനുഷ്യരെ മനുഷ്യരാക്കുന്നത്. വേദനിക്കുന്നവന് അപരനല്ലെന്നും താന്‍ തന്നെയാണെന്നുമുള്ള തിരിച്ചറിവാണത്. പഴയ ബര്മ്മയിലൂടെയുള്ള ഒരു യാത്രയെക്കുറിച്ച് പോള്തെറൊ എന്ന സഞ്ചാര സാഹിത്യകാരന് ഒരിക്കല്‍ എഴുതിയിരുന്നു. റങ്കൂണില്‍ തന്നെയും കൊണ്ട് യാത്ര ചെയ്ത സൈക്കിള്‍ റിക്ഷക്കാരന് പെന്ഷന് പറ്റിയ ഒരദ്ധ്യാപകനാണെന്നും തുച്ഛമായ പെന്ഷന് കൊണ്ട് കുടുംബം പോറ്റാനാവാതെ വന്നതിനാല്‍ സൈക്കിള്‍ റിക്ഷ ചവിട്ടുകയാണെന്നും അയാള്‍ക്ക് തന്റെ അതേ പ്രായമാണെന്നും താന്‍ ജനിച്ച അതേ മാസം അതേകൊല്ലം തന്നെയാണ് അയാള്‍ ജനിച്ചതെന്നും തെറോ മനസ്സിലാക്കുന്നുണ്ട്. തുടര്‍ന്ന് തെറൊ എഴുതുന്നു : '' അമേരിക്കയ്ക്ക് പകരം ബര്‍മ്മയിലായിരുന്നു എന്റെ ജനനമെങ്കില്‍ ഞാനാകുമായിരുന്നു ആ റിക്ഷക്കാരന്. ഒരര്‍ത്ഥത്തില്‍ അയാള്‍ ഞാന്‍ തന്നെയാണ്.'' മരിയ റെസ്സയ്ക്ക് നെബേല്‍ കിട്ടിയപ്പോള്‍ ഇന്ത്യയിലെ പ്രമുഖ പത്രപ്രവര്‍ത്തക റാണ അയൂബിന്റെ പ്രതികരണം ഇതോടൊപ്പം ചേര്‍ത്തുവായിക്കാം. ഇന്ത്യയില്‍ ഭരണകൂടത്തെ വിമര്‍ശിച്ചതിനും വസ്തുതകള്‍ റിപ്പോര്‍ട്ട് ചെയ്തതിനും കേസുകളും സ്വഭാവഹത്യകളും നേരിടേണ്ടി വന്നപ്പോള്‍ തന്നെ ആദ്യം വിളിച്ചവരിലൊരാള്‍ മരിയയായിരുന്നുവെന്നാണ് റാണ അയൂബ് പറഞ്ഞത്. '' ഈ നൊബേല്‍ മരിയയ്ക്ക് മാത്രമുള്ളതല്ല, അപ്രിയമായ സത്യം വിളിച്ചു പറയുന്ന ഓരോ ജേര്ണലിസ്റ്റിനുമുള്ളതാണ്. ''
2018 ല്‍ വാന്‍ ഇഫ്രയുടെ പുരസ്കാരം ഏറ്റവാങ്ങിക്കൊണ്ട് മരിയ റെസ്സ നടത്തിയ പ്രസംഗം ഇന്ന് ടെലിഗ്രാഫില്‍ എഴുതിയ കുറിപ്പില്‍ ആര് . രാജഗോപാല്‍ അനുസ്മരിക്കുന്നുണ്ട്. പ്രസംഗത്തിനൊടുവില്‍ മരിയ പത്രപ്രവര്‍ത്തകരോട് ഒരു ചോദ്യം ചോദിക്കുന്നു :
'' വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് എന്താണ് നിങ്ങളെ തടയുക? ''
'' ഒന്നിനും തടയാനാവില്ല.''
'' മരണത്തിനും ? ''
'' ഹേയ്, നിങ്ങള്‍ക്ക് എന്നെ കൊല്ലേണ്ടി വരും. ''
ഗൗരി ലങ്കേഷിനെ കൊന്നതുകൊണ്ട് സ്വതന്ത്ര പത്രപ്രവര്‍ത്തനം ഇല്ലാതാവുന്നില്ല. സിദ്ദിഖ് കാപ്പനെ ജയിലിലടച്ചതുകൊണ്ടും സത്യം ആരും വിളിച്ചു പറയാതിരിക്കുന്നില്ല. പത്രപ്രവര്‍ത്തനം ഒരു ജോലി മാത്രമല്ല, അതൊരു ദൗത്യവും പാഷനുമാണ്. രക്തം കൊണ്ടും പ്രാണനും കൊണ്ട് അതടയാളപ്പെടുത്തുന്നവര്ക്കുള്ള അംഗീകാരമാണ് കഴിഞ്ഞ ദിവസം മരിയയെയും ദിമിത്രിയെയും തേടിയെത്തിയത്. കാണാന്‍ കണ്ണുള്ളവര്‍ കാണട്ടെ, കേള്‍ക്കാന്‍ കാതുള്ളവര്‍ കേള്‍ക്കട്ടെ !
വഴിയില്‍ കേട്ടത്: ലഖിംപുര്‍ സംഭവത്തില്‍ പ്രധാനമന്ത്രി മോദി നിശ്ശബ്ദത പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് കപിൽ സിബല്‍. സഹതാപം എന്നൊരു വാക്ക് മാത്രം മോദിയില്‍ നിന്നു കേട്ടാല്‍ മതിയെന്നും സിബല്‍ . ട്വിറ്ററിലും ഫെയ്സ്ബുക്കിലും പ്രസ്താവന ഇറക്കുന്നത് മാത്രമല്ല പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനം എന്ന് ഈ കപിൽ സാറിന് എന്നാണ് തിരിച്ചറിവുണ്ടാവുക?
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..