മോന്‍സണ്‍ മാവുങ്കലും സൗജന്യ ശാപ്പാടുകളും| വഴിപോക്കന്‍


വഴിപോക്കന്‍

സരിതയും സ്വപ്നയും മോന്‍സണുമൊക്കെ കൂട്ടുകച്ചവടത്തിലെ കണ്ണികളാണ്. വിഎസ്സിനെപ്പോലൊരു നേതാവിന്റെ പ്രസക്തി ഇവിടെയാണ്. സൗജന്യ ശാപ്പാടുകള്‍ നിരാകരിക്കാന്‍ കഴിയുന്ന രാഷ്ട്രീയ നേതൃത്വത്തിനേ മോന്‍സണ്‍മാരുടെ ഉത്ഭവവും വളര്‍ച്ചയും തടയാനാവുകയുള്ളു.

മോൺസൻ മാവുങ്കൽ| Photo: facebook.com|DrMonsonMavunkal

1989 ലാണെന്നാണ് ഓര്‍മ്മ. തിരുവനന്തപുരത്ത് നിന്ന് ഒരു ' വന്‍ വാര്‍ത്ത ' വന്നു. കഷണ്ടിക്ക് പ്രതിവിധിയായി ഒരു എണ്ണ കണ്ടുപിടിച്ചിരിക്കുന്നു. അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ല എന്ന പഴഞ്ചൊല്ല് തിരുത്തണമെന്നും ഇനിയങ്ങോട്ട് അസൂയയ്ക്ക് മാത്രമേ മരുന്നില്ലാതുള്ളു എന്നൊക്കെയുള്ള അടിപൊളി ഡയലോഗുകളുടെ അകമ്പടിയോടെയുള്ള വാര്‍ത്ത. പ്രമുഖ ഇംഗ്ളീഷ് വാരികയായിരുന്ന ഇലസ്ട്രേറ്റഡ് വീക്ക്ലി ആ ദിവസങ്ങളിലൊന്നില്‍ പുറത്തിറങ്ങിയത് ഈ കവര്‍ സ്റ്റോറിയുമായിട്ടായിരുന്നു. പ്രമുഖ നടനും സര്‍വ്വോപരി കഷണ്ടിക്കാരനുമായ അനുപം ഖേര്‍ കൈയ്യില്‍ ഒരു കുപ്പി എണ്ണയുമായി ഈ കവര്‍സ്റ്റോറിയുടെ മുഖചിത്രത്തിന് പോസ് ചെയ്തു. അന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന വി പി സിങും കഷണ്ടിക്കുള്ള മരുന്നിനായി തിരുവനന്തപുരത്തേക്ക് ആളെ വിട്ടതായി ചില കരക്കമ്പികള്‍ വന്നിരുന്നു. സംഗതി എന്തായാലും ആഴ്ചകള്‍ക്കുള്ളില്‍ എണ്ണ വന്‍ ഹിറ്റായി. എണ്ണയുടെ ഉത്പാദകന്‍ കേരളത്തില്‍ ഏറ്റവുമധികം നികുതി കൊടുക്കുന്ന വ്യക്തിയാവുകയും ചെയ്തു. എന്നാല്‍ എണ്ണ തേച്ച് തലയില്‍ മുടി കിളിര്‍ത്ത ഒരാളെപ്പോലും അന്നും ഇന്നും കണ്ടെത്താനായിട്ടില്ല എന്നാണ് മെഡിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദര്‍ പറയുന്നത്. ഏതെണ്ണയും കൈയ്യില്‍ തേച്ച് തലയില്‍ പുരട്ടിയാല്‍ ഒന്ന് രണ്ട് മുടിയെങ്കിലും കൈയ്യില്‍ പറ്റിപ്പിടിക്കുമെന്നും എണ്ണ തേച്ചാല്‍ മുടി വരുമെന്ന് പറയുന്നത് ഇതുകൊണ്ടാണെന്നുമാണ് സരസനായ ഒരു ആയുര്‍വ്വേദ വൈദ്യന്‍ പറഞ്ഞത്.

പച്ചവെള്ളത്തില്‍ നിന്ന് പെട്രോളുണ്ടാക്കാമെന്ന് രാജപാളയത്തുകാരന്‍ രാമര്‍ പിള്ളൈ 1996 ല്‍ പ്രഖ്യാപിച്ചപ്പോള്‍ അത് വിശ്വസിച്ചവരില്‍ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും വിദ്യാഭ്യാസ വിചക്ഷണരും ഉദ്യോസ്ഥരുമുണ്ടായിരുന്നു. കാന്‍സറിന് പ്രതിവിധിയാണ് ലക്ഷ്മി തരു എന്ന മരത്തിന്റെ ഇലയും പൂവുമിട്ട് തിളപ്പിച്ച വെള്ളം എന്ന പ്രചാരണം ഏറ്റെടുക്കാനും പലര്‍ക്കും മടിയുണ്ടായില്ല. തട്ടിപ്പുകള്‍ക്ക് പല രൂപവും ഭാവവമുണ്ട്. പക്ഷേ, അതിന് ഇരയാവുന്നവര്‍ക്ക് പൊതുവിലുള്ള ഒരു ഘടകം ഇവരെല്ലാവരും തന്നെ എളുപ്പ വഴിയില്‍ ക്രിയ ചെയ്യുന്നവരാണെന്നുള്ളതാണ്. എളുപ്പത്തില്‍, വളരെ വേഗത്തില്‍ പണമുണ്ടാക്കുക എന്നതാണ് മുഖ്യ ആകര്‍ഷണം. കൈ നനയാതെ മീന്‍ പിടിക്കണം. അപ്പോള്‍ പിന്നെ ഒരു കാര്യത്തിലും സംശയമുണ്ടാവില്ല, ഒരു ചോദ്യവും ചോദിക്കില്ല. തട്ടിപ്പുകാര്‍ പറയുന്നതത്രയും തൊണ്ട തൊടാതെ വിഴുങ്ങും. കാരണം അത്രയും വലിയ പ്രലോഭനത്തിന്റെ വലയാണ് മുന്നിലങ്ങിനെ നീണ്ടു നിവര്‍ന്നു കിടക്കുന്നത്.

ഈ വലയിലേക്കാണ് സംസ്ഥാനത്തെ പോലീസ് മേധാവിയും സഹപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും ചലച്ചിത്ര താരങ്ങളും മാദ്ധ്യമ പ്രവര്‍ത്തകരും ഒരു മടിയുമില്ലാതെ നടന്നുകയറിയത്. എണ്ണയുടെയും പെട്രോളിന്റെയും സ്ഥാനത്ത് പുരവാസ്തുക്കളായി എന്ന മാറ്റമേയുള്ളു. പുരാവസ്തുക്കള്‍ ഒരു മറയായിരുന്നു. മോന്‍സണ്‍ മാവുങ്കല്‍ ആര്‍ക്കെങ്കിലും പുരാവസ്തു വിറ്റതായി ഇതുവരെ തെളിവ് കിട്ടിയിട്ടില്ല. മോന്‍സന്റെ കൈവശമുണ്ടായിരുന്നത് പുരാവസ്തുക്കളല്ലെന്നും പണിയറിയാവുന്ന ഒരു ആശാരി തീര്‍ത്ത ഫര്‍ണിച്ചറുകള്‍ മാത്രമാണെന്നും ഇപ്പോള്‍ നമുക്കിറയാം.

ഈ മറ ഉപയോഗിച്ച് കോടികളുടെ ബിസിനസ് സങ്കല്‍പങ്ങള്‍ വിപണനം ചെയ്യുകയാണ് മോന്‍സണ്‍ മാവുങ്കല്‍ ചെയ്തത്. അതിനുള്ള നിക്ഷേപമായിരുന്നു താരങ്ങളുടെ ചികിത്സാചെലവും പിറന്നാള്‍ ആഘോഷങ്ങളും പ്രസ്‌ക്ലബ്ബുകളുടെ വാര്‍ഷികദിനാഘോഷങ്ങളും ഏറ്റെടുക്കല്‍. There is no free lunch എന്ന് ആംഗലേയത്തില്‍ ഒരു ചൊല്ലുണ്ട്. സൗജന്യ ശാപ്പാട് എന്നൊരു പരിപാടി ഇല്ലെന്നര്‍ത്ഥം. എന്തിനുമേതിനും ഒരു വിലയുണ്ട്. ശാപ്പാട് വെറുതെയാണെന്ന് പറഞ്ഞാലും അതിന് എന്തെങ്കിലും ഒരു വില പിന്നീട് കൊടുക്കേണ്ടി വരും. ചെയ്തു തന്ന ഉപകാരത്തിന് എന്താണ് തിരിച്ചുചെയ്യേണ്ടത് എന്ന് മരിയൊ പുസൊയുടെ ഗോഡ്ഫാദര്‍ എന്ന നോവലില്‍ ഒരു ബേക്കറിക്കാരന്‍ മഫിയതലവന്‍ വിറ്റൊ കോര്‍ലിയോണിനോട് ചോദിക്കുന്നുണ്ട്. ഇപ്പോള്‍ ഒന്നും വേണ്ട; അവസരം വരുമ്പോള്‍ പറയാം എന്നാണ് കൊര്‍ലിയോണ്‍ മറുപടി പറയുന്നത്. ചിലപ്പോള്‍ നിശ്ശബ്ദത, ചിലപ്പോള്‍ ഒരു ശുപാര്‍ശ, ചിലപ്പോള്‍ അതിനുമപ്പുറത്തുള്ള സഹായങ്ങള്‍ -- ഒരു പാലമിട്ടാല്‍ അത് ഒരു വഴിക്കുള്ള സഞ്ചാരം മാത്രമാവില്ല എന്ന് തിരിച്ചറിയാന്‍ ലോക്നാഥ് ബെഹ്റയെപ്പോലുള്ള ഒരു പോലിസ് മേധാവിക്ക് തിരിച്ചറിയാനാവുന്നില്ലെങ്കില്‍ പിന്നെ സാധാരണ മനുഷ്യരുടെ കാര്യം പറയേണ്ടതുണ്ടോ!

Monson Mavunkal

ആര്‍എസ്എസ് സഹയാത്രികനും തുഗ്ലക്ക് പത്രാധിപരുമായ എസ് ഗുരുമൂര്‍ത്തി 2003 ഒക്ടോബറില്‍ എഴുതിയ ഒരു കുറിപ്പ് ഒന്നോര്‍ത്തെടുക്കുകയാണ്. അംബാനിയുടെ റിലയന്‍സ് ഇന്‍ഫൊകോം അഖിലേന്ത്യാ തലത്തില്‍ മൊബൈല്‍ ഫോണ്‍ സര്‍വ്വീസ് തുടങ്ങിയതില്‍ വന്‍ക്രമക്കേടുണ്ടായിരുന്നുവെന്നാണ് ഗുരുമൂര്‍ത്തി എഴുതിയത്. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ചുരുക്കിപ്പറയാം. ലിമിറ്റഡ് മൊബൈല്‍ സര്‍വ്വീസിനുള്ള ലൈസന്‍സാണ് റിലയന്‍സിനുണ്ടായിരുന്നത്. ഇതുപയോഗിച്ച് ഏറിവന്നാല്‍ ഒരു കോഡ്ലസ് ഫോണ്‍ കൊണ്ടുനടക്കാം എന്നായിരുന്നു ഗുരുമൂര്‍ത്തിയുടെ നിരീക്ഷണം. പക്ഷേ, ഈ ലൈസന്‍സ് ഉപയോഗിച്ച് റിലയന്‍സ് അഖിലേന്ത്യ തലത്തില്‍ മൊബൈല്‍ ഫോണ്‍ സര്‍വ്വീസ് ദാതാക്കളായി. അന്നത്തെ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയി ആയിരുന്നു ഈ സംരംഭത്തിന്റെ ഉദ്ഘാടകന്‍. ആദ്യത്തെ നിയമരഹിത ടെലിഫോണ്‍ വിളി സ്വീകരിച്ചത് ഇന്ത്യന്‍ പ്രധാനമന്ത്രി ആയിരുന്നു എന്നാണ് ഗുരുമൂര്‍ത്തി ഇതെക്കുറിച്ച് പറഞ്ഞത്. ആരുടെ ജാതകവും തലക്കുറിയും എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാന്‍ അധികാരവും സംവിധാനവുമുള്ളയാളാണ് പ്രധാനമന്ത്രി. പക്ഷേ, ചില ഘട്ടങ്ങളില്‍ ഈ നിരീക്ഷണ സംവിധാനങ്ങളെല്ലാം തന്നെ നോക്കുകുത്തികളാവുന്നു. കൈഅയച്ചുള്ള സംഭാവനകള്‍ക്ക്, സൗജന്യ ശാപ്പാടുകള്‍ക്ക് കൊടുക്കേണ്ടി വരുന്ന വിലയാണത്. ആദ്യം നിയമം ലംഘിക്കുക പിന്നീട് അതിന് നിയമസാധുത നേടുക എന്ന പരിപാടി ഒരു കലയാക്കി മാറ്റിയവരാണ് റിലയന്‍സ് എന്ന പരിഹാസവും ഗുരുമൂര്‍ത്തി ഉയര്‍ത്തി. എന്തുകൊണ്ട് ഈ ഇളവ് സ്വര്‍ണ്ണം കള്ളക്കടത്ത് നടത്തിയ ഹാജി മസ്താനും ദാവൂദ് ഇബ്രാഹിമിനും കിട്ടുന്നില്ലെന്ന ചോദ്യവും ഗുരുമൂര്‍ത്തി മുന്നോട്ടുവെച്ചു.

അടുത്തിടെ സ്വര്‍ണ്ണക്കള്ളക്കടത്തു കേസില്‍ വിവാദ നായികയായ സ്വപ്ന സുരേഷിന്റെ കാര്യം നോക്കാം. വ്യാജ ബിരുദം കൈക്കലാക്കിയാണ് സ്വപ്ന ജോലി നേടിയത്. ഒരു ലക്ഷം രൂപയാണ് ഇതിനായി ഇവര്‍ ചെലവാക്കിയതെന്നും 19 ലക്ഷത്തോളം രൂപയാണ് അവര്‍ക്ക് വാര്‍ഷിക ശമ്പളമായി കിട്ടിയതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ മൂക്കിന്‍ തുമ്പത്ത് അരങ്ങേറിയ തട്ടിപ്പാണിത്.

ബെംഗളുരുവിലെ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ (എഫ് എസ് എല്‍) അരങ്ങേറിയ ഗുരുതരമായ തട്ടിപ്പിനെക്കുറിച്ച് ' നിശ്ശബ്ദ അട്ടിമറി ' എന്ന പുസ്‌കത്തില്‍ പത്രപ്രവര്‍ത്തകന്‍ ജോസി ജോസഫ് എഴുതുന്നുണ്ട്. ഡോക്ടര്‍ നാര്‍ക്കൊ എന്നറിയപ്പെട്ടിരുന്ന ഡോക്ടര്‍ മാലതിയാണ് ഇവിടെ കുറ്റവാളികള്‍ക്കുള്ള നാര്‍ക്കൊ ടെസ്റ്റുകള്‍ നടത്തിയിരുന്നത്. ബോംബെ സ്ഫോടനങ്ങളില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്ന വാഹിദ് എന്നയാള്‍ ഈ പരിശോധനകള്‍ക്ക് വിധേയനായിരുന്നു. നിരോധിക്കപ്പെട്ട സിമി എന്ന സംഘടനയുടെ പ്രസിഡന്റ് ആരാണെന്ന് ചോദിച്ചപ്പോള്‍ വാഹിദ് ഇന്ത്യന്‍ പ്രസിഡന്റായിരുന്ന പ്രതിഭ പാട്ടീലിന്റെ പേരാണ് പറഞ്ഞത്. അപ്പോള്‍ ഡോക്ടര്‍ മാലതി സിമിയുടെ പ്രസിഡന്റിന്റെ പേര് അങ്ങോട്ട് പറഞ്ഞുകൊടുത്തു. സ്ഫോടനം നടത്താന്‍ എത്രപേര്‍ കൂടെയുണ്ടായിരുന്നു എന്ന ചോദ്യത്തിന് ആരുമുണ്ടായിരുന്നില്ല എന്നായിരുന്നു വാഹിദിന്റെ മറുപടി. അപ്പോള്‍ മാലിനിയുടെ ചോദ്യം മൂന്ന് കഴിഞ്ഞാല്‍ അടുത്ത അക്കം ഏതാണെന്നായിരുന്നു. നാല് എന്ന് വാഹിദ് പറഞ്ഞപ്പോള്‍ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട രേഖയില്‍ നാല് പേര്‍ സ്ഫോടനത്തിന് സഹായികളായിട്ടുണ്ടായിരുന്നു എന്നായി.

jonson mavunkal

മാലിനിയുടെ കഥ അവിടെ തീരുന്നില്ല. യോഗ്യതാ സര്‍ട്ടിഫിക്കറ്റിലും പ്രായം കാണിക്കുന്ന രേഖയിലും ഡോക്ടര്‍ മാലിനി കൃത്രിമം കാട്ടിയിരുന്നുവെന്ന് പോലീസ് പിന്നീട് കണ്ടെത്തി. ഇതെത്തുടര്‍ന്ന് 2009 ഫെബ്രുവരി 25ന് ഡോക്ടര്‍ മാലിനിയെ കര്‍ണ്ണാടക സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. മുംബൈ, മലെഗൊണ്‍ സ്ഫോടനങ്ങള്‍, വ്യാജ മുദ്രപ്പത്ര കുംഭകോണം, സിസ്റ്റര്‍ അഭയ കേസ് എന്നിവയുള്‍പ്പെടെ ആയിരത്തോളം നാര്‍കൊ ടെസ്റ്റുകള്‍ ഇതിനകം ഡോക്ടര്‍ മാലിനി നടത്തിയിരുന്നു. തട്ടിപ്പുകാരിയായ ഒരു ഡോക്ടര്‍ നടത്തിയ ഈ പരിശോധനകള്‍ പക്ഷേ, പുനഃപരിശോധിക്കുന്നതിനുള്ള ഒരു നടപടിയും ആരുടെ ഭാഗത്തു നിന്നുമുണ്ടായില്ല.

രാഷ്ട്രീയം ദുഷിക്കുമ്പോള്‍ സമൂഹം മൊത്തം ദുഷിക്കുമെന്ന് ചിന്തകനും എഴുത്തുകാരനുമായ ജോര്‍ജ് ഓര്‍വെല്‍ പറഞ്ഞത് വെറുതെയല്ല. സത്യത്തിന്റെ മന്ത്രാലയം നുണകള്‍ പ്രചരിപ്പിക്കുന്നതും സമാധാന മന്ത്രാലയം യുദ്ധത്തിന് നേതൃത്വം നല്‍കുന്നതും അങ്ങിനെയാണ്. എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സും 15 ലക്ഷം ബാങ്ക് അക്കൗണ്ടിലെത്തുമെന്ന പ്രചാരണവും ഒരു സമൂഹത്തിന്റെ രാഷ്ട്രീയം ഇന്നെത്തി നില്‍ക്കുന്ന അപചയത്തിന്റെ ചിത്രങ്ങളാണ്. പറയുന്നതൊന്നും ചെയ്യുന്നത് മറ്റൊന്നുമാവുമ്പോള്‍, ഇരട്ട ഭാഷണം മുഖമുദ്രയാവുമ്പോള്‍ അതിന്റെ പ്രതിഫലനം തീര്‍ച്ചയായും സമൂഹത്തിലുണ്ടാവും. ഭരണകൂടവുമായി ബന്ധപ്പെട്ട ശക്തികളാണ് ഏറ്റവുമധികം നുണ പ്രചരിപ്പിക്കുന്നതെന്നത് ഈ ഘട്ടത്തില്‍ മറക്കാനാവില്ല. ഐക്യരാഷ്ട്ര സംഘടനയില്‍ പോയി ജനാധിപത്യത്തെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുമ്പോള്‍ സ്വന്തം നാട്ടില്‍ ജനാധിപത്യം അനുദിനം ക്ഷയിച്ചുകൊണ്ടിരിക്കുന്ന കാര്യം നമ്മുടെ ഭരണാധികാരികള്‍ സൗകര്യപൂര്‍വ്വം മറക്കുന്നു. നിയമസഭയ്ക്കുള്ളില്‍ കൈയ്യാങ്കളി നടത്തിയിട്ട് അത് തുറന്നുപറയാനുള്ള ആര്‍ജ്ജവമില്ലാത്തവരും ഈ അപചയത്തിന്റെ പ്രതിനിധികളാണ്. ഇത്തരമൊരു പരിസരത്തില്‍ ഹരിശ്ചന്ദ്രന്മാരല്ല മോന്‍സണ്‍ മാവുങ്കല്‍മാരാണ് വളര്‍ന്ന് പന്തലിക്കുക.

1946 ല്‍ ഗാന്ധിജിയുമായി സംഭാഷണം നടത്താന്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രതിനിധിയായി ഡെല്‍ഹിയിലെത്തിയ ഫ്രെഡറിക് പെത്വിക് ലോറന്‍സ് എന്ന ലേബര്‍ പാര്‍ട്ടി നേതാവ് ഗാന്ധിജി അപ്പോള്‍ താമസിക്കുകയായിരുന്ന ജി ഡി ബിര്‍ള ഹൗസിലേക്ക് പോകുന്നുണ്ട്. ബിര്‍ള ഹൗസിന്റെ ഉള്ളിലേക്ക് പക്ഷേ. ലോറന്‍സ് പോയില്ല. അദ്ദേഹം ഗാന്ധിജിയുടെ പ്രതിനിധി സുധിര്‍ഘോഷിനെ കാണാന്‍ പുറത്ത് കാത്തു നിന്നു. ഒരു വ്യവസായിയുടെ ആതിഥ്യം സ്വീകരിക്കാനാവില്ല എന്ന നിര്‍ബ്ബന്ധമുണ്ടായിരുന്നതുകൊണ്ടാണ് സോഷ്യലിസ്റ്റ് വിശ്വാസിയായിരുന്ന ലോറന്‍സ് പുറത്തു നിന്നത്. ബിര്‍ളയുടെ ആതിഥ്യം സ്വീകരിച്ചിരുന്ന ഗാന്ധിജി അതിനെ നേരിട്ടത് തനിക്ക് വേണ്ടി ബിര്‍ള ചെലവഴിച്ച ഒരോ പൈസയുടെയും കണക്ക് കൃത്യമായി രേഖപ്പെടുത്തിക്കൊണ്ടാണ്. ഒരു ശാപ്പാടും സൗജന്യമല്ലെന്ന് ഗാന്ധിജിക്ക് ആരും പറഞ്ഞുകൊടുക്കേണ്ടിയിരുന്നില്ല. ബിര്‍ളയും ടാറ്റയും അംബലാലുമൊന്നും കണക്ക് ചോദിച്ചിരുന്നില്ലെങ്കിലും തന്റെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കല്ല ആ പണം പ്രയോജനപ്പെടുത്തിയിരുന്നതെന്ന് പൊതുജനം അറിയണമെന്ന് ഗാന്ധിജിക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു. ബിര്‍ളയടക്കമുള്ള വ്യവസായികള്‍ക്ക് താല്‍പര്യമില്ലാതിരുന്ന സോഷ്യലിസ്റ്റ് അനുഭാവി നെഹ്രുവിനെ പ്രധാനമന്ത്രിയാക്കാന്‍ ഗാന്ധിജിക്കായതും ഈ സുതാര്യത ഒന്നുകൊണ്ടുതന്നെയാണ്.

Mons mavunkal

ഒളി ക്യാമറകള്‍ പറയാത്തത് എന്ന പുസ്‌കത്തില്‍ കമ്മ്യൂണിസ്റ്റ് നേതാവും പത്രപ്രവര്‍ത്തകനുമായ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പറയുന്ന ഒരു സംഭവമുണ്ട്. തിരുവനന്തപുരത്ത് നിന്ന് മുംബൈ വഴി ഇഎംഎസും കുഞ്ഞനന്തന്‍നായരും ഡെല്‍ഹിക്ക് പോകുന്നു. മുംബൈയിലെത്തിയപ്പോള്‍ കനത്ത മൂടല്‍ മഞ്ഞ്. ഡെല്‍ഹിക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയതായി അറിയിപ്പ് വന്നു. എവിടെയാ ഒന്ന് വിശ്രമിക്കുക എന്ന് ഇഎംഎസ് ചോദിച്ചപ്പോള്‍ കുഞ്ഞനന്തന്‍ നായര്‍ ലീല ഹോട്ടല്‍ ഉടമ ക്യാപ്റ്റന്‍ കൃഷ്ണന്‍നായരെ ഓര്‍ത്തു. ലീലയിലേക്ക് പോകാമെന്ന കുഞ്ഞനന്തന്‍ നായരുടെ അഭിപ്രായം ഇഎംഎസ് മുളയോടെ നുള്ളി. '' അയ്യയ്യോ വേണ്ട .'' എന്നാണ് രണ്ട് കൈയ്യും വിടര്‍ത്തി ഇഎംഎസ് പറഞ്ഞത്. രണ്ടു വട്ടം കേരള മുഖ്യമന്ത്രിയായിരുന്ന ഇഎംഎസിന് സൗജന്യ ശാപ്പാടുകളുടെ കെണിയെക്കുറിച്ച് നല്ല ബോദ്ധ്യമുണ്ടായിരുന്നു. വിമാനത്താവളം അധികൃതര്‍ ഏര്‍പ്പാടാക്കിക്കൊടുത്ത ഒരു ചെറിയ മുറിയിലാണ് ഇഎംഎസും താനും വിശ്രമിച്ചതെന്ന് ബെര്‍ലിന്‍ ഓര്‍ക്കുന്നു. ഇഎംഎസ്സിനെക്കൂടാതെ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരുടെ ആതിഥ്യം സ്വീകരിക്കാത്ത ഒരു പ്രധാന നേതാവ് മാത്രമേ കേരളത്തിലുണ്ടാവൂ എന്ന് ബെര്‍ലിന്‍ എഴുതുന്നുണ്ട്. ഇത് വായിക്കുന്നവരുടെ മനസ്സില്‍ ആ രണ്ടാമന്റെ പേര് തീര്‍ച്ചയായും വന്നുകാണുമെന്ന് കരുതുന്നു. കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രി വി എസ് അച്ച്യുതാനന്ദന്‍. സൗജന്യ ശാപ്പാടുകളോട് കൃത്യമായ അകലം പാലിച്ചതുകൊണ്ടാണ് വിഎസ്സിന് മൂന്നാറിലേക്കും മതികെട്ടാനിലേക്കുമൊക്കെ നിര്‍ഭയമായി സഞ്ചരിക്കാനായത്.

അധികാര കേന്ദ്രങ്ങളുമായി അടുത്തു നില്‍ക്കുന്നവര്‍ തഴച്ചുവളരുന്ന ക്രോണി ക്യാപിറ്റലിസ (ചങ്ങാത്ത മൂതലാളിത്തം) ത്തിന്റെ ഉപോത്പന്നങ്ങളാണ് മോന്‍സണും കൂട്ടരും. ഭരണകൂടത്തിലെ ഉന്നതരുമായുള്ള ചങ്ങാത്തമല്ല അവരുടെ വിമര്‍ശമാണ് ഒരു പത്രപ്രവര്‍ത്തകന്റെ അഭിമാന മുദ്ര എന്ന് പറഞ്ഞ ഔട്ട്ലുക്ക് പത്രാധിപര്‍ വിനോദ് മേത്തയേയും ഈ ഘട്ടത്തില്‍ ഓര്‍ക്കുന്നു. മോന്‍സണ്‍ മാവുങ്കല്‍ ഒരു ലക്ഷണമാണ്. നമ്മുടെ സമൂഹത്തെ കാര്‍ന്നു തിന്നുന്ന രോഗത്തിന്റെ ലക്ഷണം. ഇതിനുള്ള ചികിത്സ വേരില്‍ തന്നെ നടത്തണം. ധാര്‍മ്മിക ശക്തിയില്ലാത്ത രാഷ്ട്രീയ നേതൃത്വത്തിന് ഈ ചികിത്സയ്ക്ക് നേതൃത്വം കൊടുക്കാനാവില്ല. സരിതയും സ്വപ്നയും മോന്‍സണുമൊക്കെ കൂട്ടുകച്ചവടത്തിലെ കണ്ണികളാണ്. വിഎസ്സിനെപ്പോലൊരു നേതാവിന്റെ പ്രസക്തി ഇവിടെയാണ്. സൗജന്യ ശാപ്പാടുകള്‍ നിരാകരിക്കാന്‍ കഴിയുന്ന രാഷ്ട്രീയ നേതൃത്വത്തിനേ മോന്‍സണ്‍മാരുടെ ഉത്ഭവവും വളര്‍ച്ചയും തടയാനാവുകയുള്ളു.

വഴിയില്‍ കേട്ടത്: ബിജെപി വാഗ്ദാനം ചെയ്ത രാമരാജ്യമല്ല ഇതെന്നും കൊലപാതകങ്ങളുടെ നാടായി ഇന്ത്യ മാറിയിരിക്കുന്നുവെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ വെറും ജുംലയാണെന്ന് അമിത് ഭായ് പറഞ്ഞത് ദീദി മറന്നുപോയെന്നു തോന്നുന്നു!

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


amritha

'സംഗീത പരിപാടിയില്ലെങ്കിലും ഞാന്‍ ജീവിക്കും'; തേയില നുള്ളി രസിച്ച് അമൃത

May 2, 2022

Most Commented