ഗവര്‍ണ്ണര്‍, താങ്കളെയല്ല, പിണറായി സര്‍ക്കാരിനെയാണ് കേരളത്തിലെ ജനങ്ങള്‍ തിരഞ്ഞെടുത്തത്! | വഴിപോക്കന്‍


വഴിപോക്കന്‍

* ഗവര്‍ണ്ണര്‍ പുറത്തു നിന്നും വരികയാണ്. മുഖ്യമന്ത്രിമാര്‍ ജനങ്ങള്‍ക്കിടയില്‍ നിന്നും. ഈ വ്യത്യാസം മറന്നുപോവുമ്പോഴാണ് ആരിഫ് മുഹമ്മദ് ഖാനെപ്പോലുള്ളവര്‍ ജനാധിപത്യ വിരുദ്ധതയുടെ കെണികളില്‍ വീണുപോവുന്നത്.

ഫയൽ ഫോട്ടോ| കേരള ഗവർണറായി ചുമതലയേറ്റ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി സ്വീകരിക്കുന്നു

മല ബെനിവള്‍ എന്ന മുന്‍ ഗുജറാത്ത് ഗവര്‍ണ്ണറെ കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല. 1954 ല്‍ രാജസ്ഥാനില്‍ 27 ാമത്തെ വയസ്സില്‍ മന്ത്രിയാവുമ്പോള്‍ ആ സ്ഥാനത്തെത്തുന്ന ആദ്യ രാജസ്ഥാന്‍ വനിതയായിരുന്നു കമല. കമലയെ പക്ഷേ, ഇന്ത്യന്‍ രാഷ്ട്രീയ നിരീക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങിയത് 2009 ല്‍ അവര്‍ ഗുജറാത്ത് ഗവര്‍ണ്ണറായി നിയമിക്കപ്പെട്ടതോടെയാണ്. 2009 നവംബര്‍ 27 മുതല്‍ 2014 ജൂലായ് ആറ് വരെ കമല ഗുജറാത്ത് ഗവര്‍ണ്ണറായിരുന്നു.

kamala beniwal
കമല ബെനിവാള്‍

ആ അഞ്ച് വര്‍ഷവും കമലയുടെ പ്രധാന ജോലി അന്നത്തെ ഗുജറാത്ത്മുഖ്യമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഏറ്റുമുട്ടലായിരുന്നു. ഗുജറാത്തിലെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ എന്ന നിലയില്‍ വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തില്‍ കമല നിരന്തരമായി ഇടപെട്ടു. ഒടുവില്‍ മോദി സര്‍ക്കാരിനോട് ആലോചിക്കാതെ സ്വന്തം നിലയ്ക്ക് ലോകായുക്തയെ നിയമിക്കാന്‍ വരെ കമല തയ്യാറായി.

ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് ആര്‍ എ മേത്തയെയാണ് കമല ബെനിവാള്‍ ലോകായുക്തയായി 2011 ല്‍ നിയമിച്ചത്. 2002 ല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായതിന് ശേഷം ലോകായുക്ത നിയമനം നടന്നിട്ടുണ്ടായിരുന്നില്ല. ലോകായുക്തയാവാന്‍ ജസ്റ്റിസ് മേത്ത എന്തുകൊണ്ടും യോഗ്യനാണെന്നാണ് ഇക്കാര്യത്തില്‍ ഗവര്‍ണ്ണര്‍ക്ക് അന്നത്തെ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഭാസ്‌കര്‍ ഭട്ടാചാര്യ ഉപദേശം നല്‍കിയത്. പക്ഷേ, പല ഘട്ടങ്ങളിലും തന്റെ സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടുള്ള ജസ്റ്റിസ് മേത്ത ലോകായുക്തയാവുന്നത് മുഖ്യമന്ത്രി മോദിക്ക് ദഹിക്കുന്ന കാര്യമായിരുന്നില്ല.

justice r a mehta
ജസ്റ്റിസ് ആര്‍.എ മേത്ത| ഫോട്ടോ: പി.ടി.ഐ

ഗവര്‍ണ്ണറുടെ നടപടി മോദി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തു. 2013 ജനുവരിയില്‍ മോദി സര്‍ക്കാരിന്റെ എതിര്‍പ്പുകള്‍ തള്ളിക്കളഞ്ഞ് സുപ്രീംകോടതി ജസ്റ്റിസ് മേത്തയുടെ നിയമനം അംഗീകരിച്ചു. പക്ഷേ, ജസ്റ്റിസ് മേത്ത ലോകായുക്ത സ്ഥാനം നിരസിച്ചു.

സുപ്രീംകോടതി അനുകൂല നിലപാടെടുത്തിട്ടും ജസ്റ്റിസ് മേത്ത തന്നെ തേടിയെത്തിയ ആ വലിയ പദവി വേണ്ടെന്നു വെച്ചു. താന്‍ പക്ഷപാതപരമായിട്ടാണ് പെരുമാറുന്നതെന്ന് വിശ്വസിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് തന്നെ വേദനിപ്പിച്ചെന്നും ഒരു പദവിയും തന്നെ പ്രലോഭിപ്പിക്കുന്നില്ലെന്നുമാണ് ജസ്റ്റിസ് മേത്ത പറഞ്ഞത്. ജസ്റ്റിസ് മേത്തയല്ല നമ്മുടെ വിഷയം. ആദര്‍ശങ്ങള്‍ കൈവിടാത്ത മനുഷ്യര്‍ നമുക്കിടയില്‍ ഇപ്പോഴുമുണ്ടെന്ന് കാണിക്കാനാണ് ജസ്റ്റിസ് മേത്തയെക്കുറിച്ച് ഇവിടെ ഇത്രയും പറഞ്ഞത്.

നമ്മുടെ വിഷയം ഗവര്‍ണ്ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലാണ്. എട്ട് കൊല്ലം മുമ്പ് ഗുജറാത്ത് ലോകായുക്ത നിയമനത്തില്‍ ഗവര്‍ണ്ണറെ ശരിവെച്ച സുപ്രീംകോടതി വ്യക്തമാക്കിയ ഒരു കാര്യം സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കലല്ല ഗവര്‍ണ്ണറുടെ ജോലി എന്നാണ്.

ലോകായുക്തയുടെ നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് തന്നെ ബാധിക്കില്ലെന്ന ഗവര്‍ണ്ണറുടെ വാദം ഭരണഘടനയുടെ അന്തഃസത്തയ്ക്ക് എതിരാണെന്നാണ് സുപ്രീംകോടതി ഗവര്‍ണ്ണറെ ഓര്‍മ്മിപ്പിച്ചത് : '' The governor's version of events, stated in her letter dated 3.3.2010, to the effect that she was not bound by the aid and advice of the council of ministers, and that she had the exclusive right to appoint the Lokayukta, is most certainly not in accordance with the spirit of the Constitution'' എന്നിട്ടും ഗവര്‍ണ്ണറുടെ നടപടി ശരിവെയക്കുന്നത് രണ്ട് കാര്യങ്ങളുടെ അടിസ്ഥാനത്തിലാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ലോകായുക്തയുടെ പദവിയില്‍ കഴിഞ്ഞ ഒമ്പത് കൊല്ലമായി നിയമനം നടന്നിട്ടില്ലെന്നതും ജസ്റ്റിസ് മേത്തയുടെ നിയമനം ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സര്‍വ്വാത്മനാ അംഗീകരിക്കുന്നുണ്ടെന്നതുമാണ് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനമായത്.

ആ വിധിയില്‍ സുപ്രീംകോടതി ആവര്‍ത്തിച്ച് വ്യക്തമാക്കിയ ഒരു കാര്യം ഇതായിരുന്നു. : '' 'The present governor has misjudged her role and has insisted, that under the (1986) Act, the council of ministers has no role to play in the appointment of the Lokayukta, and that she could therefore, fill it up in consultation with the chief justice of Gujarat High Court and the leader of Opposition. Such attitude is not in conformity, or in consonance with the democratic set-up of government envisaged in our Constitution,' അതായത് സംസ്ഥാന സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ ഒരു കലാപരിപാടിയായി കൊണ്ടുനടക്കുന്നത് ഒരു ഗവര്‍ണ്ണര്‍ക്കും ഭൂഷണമല്ലെന്നും അത് അടിസ്ഥാനപരമായി ജനാധിപത്യത്തിന്റെ നിരാകരണവും നിഷേധവുമാണെന്നുമാണ് സുപ്രീംകോടതി പറഞ്ഞുവെച്ചത്.

2014 ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ആദ്യം ചെയ്ത നടപടികളിലൊന്ന് കമല ബെനിവാളിനെ മിസോറാമിലേക്ക് തട്ടുകയായിരുന്നു. 2014 ജൂലായ് ആറിനാണ് കമല മിസോറാം ഗവര്‍ണ്ണറായത്. ഒരു മാസത്തിനപ്പുറം ഓഗസ്റ്റ് ആറിന് രാഷ്ട്രപതി കമലയെ ഗവര്‍ണ്ണര്‍ സ്ഥാനത്ത് നിന്ന് പിരിച്ചുവിട്ടു. ഒന്നും മറക്കാനും പൊറുക്കാനും തന്നെ കിട്ടില്ലെന്ന് മോദി അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധത്തില്‍ വ്യക്തമാക്കുകയായിരുന്നു.

ചാന്‍സലറുടെ പദവിയിലിരുന്ന് കമല സര്‍ക്കാരിനെതിരെ നീങ്ങിയപ്പോള്‍ മോദി സര്‍ക്കാര്‍ ചാന്‍സലറുടെ അധികാരങ്ങള്‍ വെട്ടിനിരത്തുന്ന നിയമം കൊണ്ടുവന്നു. ഈ നീക്കത്തിന് മോദി സര്‍ക്കാര്‍ മുഖ്യമായും കൂട്ടു പിടിച്ചത് ജസ്റ്റിസ് പൂഞ്ചി കമ്മീഷന്‍ റിപ്പോര്‍ട്ടായിരുന്നു. പിണറായി സര്‍ക്കാരിനെതിരെ സര്‍വ്വകലാശാല വിഷയത്തില്‍ വാളോങ്ങുന്നതിന് മുമ്പ് കേരള ഗവര്‍ണ്ണര്‍ ഈ റിപ്പോര്‍ട്ട് ഒരു തവണയെങ്കിലും ഒന്ന് മനസ്സിരുത്തി വായിച്ചിരുന്നെങ്കില്‍ എന്നാശിച്ചുപോവുകയാണ്.

ജസ്റ്റിസ് മദന്‍ മോഹന്‍ പുഞ്ചി
ജസ്റ്റിസ് മദന്‍ മോഹന്‍ പുഞ്ചി

2007 ല്‍ മന്‍മോഹന്‍സിങ് സര്‍ക്കാരാണ് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് മദന്‍ മോഹന്‍ പുഞ്ചിയുടെ അദ്ധ്യക്ഷതയില്‍ കേന്ദ്ര -സംസ്ഥാന ബന്ധങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചത്. 2010 ല്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഡോക്ടര്‍ എന്‍ ആര്‍ മാധവമേനോന്‍, ധിരേന്ദ്ര സിങ് , വിനോദ കുമാര്‍ ദിഗ്ഗല്‍, വിജയ് ശങ്കര്‍ എന്നിവരായിരുന്നു കമ്മിറ്റിയിലെ ഇതര അംഗങ്ങള്‍. ഗവര്‍ണ്ണര്‍മാര്‍ ചാന്‍സലര്‍ പദവി വഹിക്കേണ്ടതുണ്ടോ എന്ന കാര്യം കമ്മിറ്റി വിശദമായി പരിശോധിച്ചു.

ഗവര്‍ണ്ണറുടേത് ഭരണഘടനപരമായ പദവിയാണ്. അതേസമയം ചാന്‍സലറുടേത് ഭരണഘടന അനുശാസിക്കുന്ന പദവിയല്ല. ഭരണഘടനയുടെ കാവലാളായി പ്രവര്‍ത്തിക്കേണ്ട ഗവര്‍ണ്ണര്‍ അതിനാണ് പ്രാമുഖ്യം നല്‍കേണ്ടതെന്നും ചാന്‍സലര്‍ പദവി പോലുള്ള സംഗതികളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് വേണ്ടതെന്നുമാണ് ജസ്റ്റിസ് പുഞ്ചി കമ്മിറ്റി പറഞ്ഞത്. ചാന്‍സലര്‍ എന്ന നിലയില്‍ ഏകപക്ഷീയമായി ഗവര്‍ണ്ണര്‍ നടപടികള്‍ സ്വീകരിച്ചാല്‍ അത് സംസ്ഥാന സര്‍ക്കാരിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാവുമെന്നും ഗവര്‍ണ്ണറെ ചാന്‍സലറാക്കുന്ന കലാപരിപാടി അവാസാനിപ്പിക്കണമെന്നുമായിരുന്നു പുഞ്ചി കമ്മിറ്റിയുടെ ശുപാര്‍ശ.

കമ്മിറ്റികളെ നിയമിക്കുകയല്ലാതെ കമ്മിറ്റികളുടെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ പൊതുവെ ഒരു ഭരണകൂടവും ശുഷ്‌കാന്തി പുലര്‍ത്താറില്ല. അന്ന് ജസ്റ്റിസ് പുഞ്ചി കമ്മിറ്റി പറഞ്ഞത് മന്‍മോഹന്‍ സര്‍ക്കാര്‍ കേട്ടിരുന്നെങ്കില്‍ ഇന്നിപ്പോള്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇത്തരം വേലകളുമായി കളത്തിലിറങ്ങുമായിരുന്നില്ല. വിസി നിയമനത്തില്‍ പിണറായി സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നുവെന്നാണ് ഗവര്‍ണ്ണര്‍ ആരിഫ് പറയുന്നത്. കണ്ണൂര്‍ വി സിയുടെ പുനര്‍നിയമനത്തില്‍ ഒപ്പുവെച്ച ശേഷമാണ് ഗവര്‍ണ്ണര്‍ക്ക് ഉള്‍വിളിയുണ്ടായത്. വിസിയെ നിയമിക്കുന്നതിന് അതിന്റേതായ ചിട്ടവട്ടങ്ങളുണ്ട്. വളയമില്ലാതെ ചാടാന്‍ പറ്റുന്ന കലാപരിപാടിയല്ല വിസി നിയമനം. എവിടെയെങ്കിലും നിയമ ലംഘനമുണ്ടായിട്ടുണ്ടെങ്കില്‍ ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണ്ണര്‍ക്ക് ചൂണ്ടിക്കാട്ടാം. ഇവിടെ പക്ഷേ, ഗവര്‍ണ്ണര്‍ താന്‍ വഹിക്കുന്ന ഭരണഘടന പദവി മറക്കുകയും ഒരു കേന്ദ്രസര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയുടെ വക്താവിനെപ്പേിലെ പെരുമാറുകയുമാണ്.

മുഖ്യമന്ത്രി പിണറായി വിജയനോട് ഒരു തരത്തിലുള്ള ഭക്തിയും ഇതെഴുതുന്ന ആള്‍ക്കില്ല. പിണറായിയുടെ ഏകാധിപത്യ പ്രവണതകള്‍ പല വട്ടം ഇതേ കോളത്തില്‍ നിശിതമായി വിമര്‍ശിക്കാന്‍ മടി കാട്ടിയിട്ടുമില്ല. പക്ഷേ, വിസി നിയമനത്തില്‍ ഗവര്‍ണ്ണറുടെ ആക്ഷേപങ്ങള്‍ക്ക് ഒന്നൊന്നായി മറുപടി പറഞ്ഞുകൊണ്ട് പിണറായി കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനം എന്തുകൊണ്ടും ശ്രദ്ധേയവും പഠനാര്‍ഹവുമായിരുന്നു. ഗവര്‍ണ്ണറോട് ഏറ്റുമുട്ടാനല്ല ഒന്നുചേര്‍ന്ന് പോകാനാണ് ആഗ്രഹിക്കുന്നതെന്നാവര്‍ത്തിച്ച് വ്യക്തമാക്കിയ മുഖ്യമന്ത്രി തികഞ്ഞ സംയമനത്തോടും സമചിത്തതയോടെയുമാണ് വാക്കുകള്‍ പ്രയോഗിച്ചത്. സിഎഎയ്ക്കെതിരെ കേരള നിയമസഭ പ്രമേയം പാസ്സാക്കുന്നത് തടയാന്‍ നേരത്തെ ഗവര്‍ണ്ണര്‍ ഇടങ്കോലിട്ടത് വലിയ വിവാദമായിരുന്നു.

ഭരണഘടനയോട് ഇത്രയധികം മതിപ്പുണ്ടായിരുന്നെങ്കില്‍ സിഎഎ നടപ്പാക്കിയ ബിജെപി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് രാജിവെയ്ക്കുകയാണ് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്യേണ്ടിയിരുന്നത്. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കാനുള്ള ഒരു നീക്കം ഇന്ത്യയുടെ മതേതരത്വത്തിന്റെ ആത്മാവിനെയാണ് ഇല്ലാതാക്കുന്നതെന്ന് ഗവര്‍ണ്ണര്‍ തിരിച്ചറിയണമായിരുന്നു. അതിന് പകരം ബ്രിട്ടീഷ് റസിഡന്റിനെപ്പോലെ ഗവര്‍ണ്ണര്‍ പെരുമാറുന്നത് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ജനാധിപത്യ കേരളത്തിന്റെ പരിസരത്ത് നിന്നുകൊണ്ടുതന്നെയാണ്.

വിസി നിയമനത്തില്‍ രാഷ്ട്രീയ ഇടപെടലുകള്‍ വേണ്ടെന്നാണ് കേരള ഗവര്‍ണ്ണര്‍ പറയുന്നത്. ഗവര്‍ണ്ണര്‍ തന്നെ രാഷ്ട്രീയ നിയമനമാണ്. തങ്ങളുടെ രാഷ്ട്രീയ ചിന്താഗതികളുമായി ഒത്തുപോകുന്നവരെയാണ് ഓരോ പാര്‍ട്ടിയും അവര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തുമ്പോള്‍ ഗവര്‍ണ്ണര്‍മാരായി നിയമിക്കുന്നത്. ഒരു ബിജെപിക്കാരനെയും മാര്‍ക്സിസറ്റുകാരനെയും കോണ്‍ഗ്രസ് ഭരണകൂടങ്ങള്‍ ഗവര്‍ണ്ണറായി നിയമിച്ച ചരിത്രമില്ല. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ആദ്യം എടുത്ത നടപടികളിലൊന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണ്ണര്‍മാരെ കളത്തില്‍ നിന്ന് പറഞ്ഞുവിടുകയായിരുന്നു. ആരിഫ് മുഹമ്മദ് ഖാന്റെ പാണ്ഡിത്യമോ ഭരണമികവോ അല്ല അദ്ദേഹം ഒരു കോണ്‍ഗ്രസ് വിരുദ്ധനാണെന്നതും ബിജെപിയുടെ ആശയങ്ങളുമായി യോജിപ്പുള്ളയാളാണെന്നതുമാണ്. കേരള ഗവര്‍ണ്ണര്‍ നിയമനത്തില്‍ മോദി സര്‍ക്കാര്‍ മുഖ്യമായും കണക്കിലെടുത്തിരിക്കുക.

ഗവര്‍ണ്ണര്‍മാര്‍ കേന്ദ്രം നാമനിര്‍ദ്ദേശം ചെയ്യുന്നവരായിരിക്കണമെന്നത് ഗാന്ധിജിയും നെഹ്രുവും അംബദ്കറുമൊക്കെ തത്വത്തില്‍ അംഗികരിച്ചതാണ്. ഗവര്‍ണ്ണര്‍ രാഷ്ട്രീയ മുക്തമായി കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ടി നിലകൊള്ളുമെന്ന കാഴ്ചപ്പാടാണ് ഇവരെ നയിച്ചത്. സിദ്ധാന്തവും പ്രയോഗവും പലപ്പോഴും സമാന്തരപാതകളാണ്. 1959 ല്‍ ഇതേ നെഹ്രുവിന്റെ കാലത്താണ് കേരളത്തിലെ ഇ എം എസ് മന്ത്രിസഭയെ പിരിച്ചുവിടാന്‍ ഗവര്‍ണ്ണര്‍ രാമകൃഷ്ണറാവു ശുപാര്‍ശ ചെയ്തത്. ഇന്ദിരാഗാന്ധിയുടെ കാലത്ത് ഗവര്‍ണ്ണര്‍മാര്‍ കേന്ദ്ര സര്‍ക്കാരിന്റെ കളിപ്പാവകളായിരുന്നു. അതിനുശേഷമിങ്ങോട്ട് ഒരു കേന്ദ്ര സര്‍ക്കാരും ഗവര്‍ണ്ണര്‍മാര്‍ക്ക് സ്വാതന്ത്ര്യം കൊടുത്തിട്ടില്ല. ഗവര്‍ണ്ണര്‍മാരെ നിയമിക്കുംമുമ്പ് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിക്കണമെന്ന് സര്‍ക്കാരിയ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. പക്ഷേ, ഒരു കേന്ദ്ര സര്‍ക്കാരും ഇക്കാര്യം നടപ്പാക്കിയിട്ടില്ല.

ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന് വിവരമില്ലെന്ന് ആരും പറയില്ല. പക്ഷേ, വിവരമുള്ളവര്‍ എല്ലാവരും വിവേകമതികളാവണമെന്നില്ല. വിവരവും വിവേകവും ഒന്നിച്ച് പോകണമെന്ന് ഒരു ഭരണഘടനയ്ക്കും നിര്‍ബ്ബന്ധിക്കാനുമാവില്ല. പൗരത്വ ഭേദഗതി നിയമ വിവാദത്തില്‍ കേരളത്തിലെ മാദ്ധ്യമങ്ങളുമായും പൊതു ഇടങ്ങളിലും ഗവര്‍ണ്ണര്‍ നടത്തിയ സംവാദങ്ങളില്‍ അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ പ്രതിഫലനമുണ്ടായിരുന്നു. പക്ഷേ, പാണ്ഡിത്യമല്ല ആത്യന്തികമായി മാനവികതയും നീതിബോധവുമാണ് ജനാധിപത്യ സമൂഹം ആവശ്യപ്പെടുന്നത്. സിഎഎയുടെ കാര്യത്തില്‍ ഭരണഘടനയുടെ ആത്മാവിന് മുറിവേറ്റതും മോദി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധതയും തിരിച്ചറിയാന്‍ ആരിഫ് മുഹമ്മദ് ഖാന് കഴിയാതെ പോയത് ഈ മൗലിക മൂല്യങ്ങളുടെ അഭാവത്തിലാണ്.

1985 ല്‍ഷബാനു കേസിലെ സുപ്രീംകോടതി വിധി അട്ടിമറിക്കാന്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നപ്പോള്‍ അതില്‍ പ്രതിഷേധിച്ച് മന്ത്രിസ്ഥാനം രാജിവെച്ചയാളാണ് ആരിഫ് മുഹമ്മദ് ഖാന്‍. മുസ്ലിം സ്ത്രീകള്‍ക്ക് നീതി നിഷേധിക്കുന്നതിനെതിരെയുള്ള വ്യക്തവും സുധീരവുമായ നിലപാടായിരുന്നു അത്. പിന്നീട് അദ്ദേഹം ജനതാദളിലേക്ക് പോയി, പിന്നെ കുറെ നാള്‍ ബി എസ് പിയില്‍ . അവിടെ നിന്ന് ബിജെപിയിലേക്ക്. 2007 ല്‍ ആരിഫ് ബിജെപി വിട്ടു. യുപിയില്‍ പാര്‍ട്ടി കളങ്കിതര്‍ക്ക് സീറ്റ് നല്‍കുന്നുവെന്ന ആരോപണമാണ് ബിജെപി വിട്ടപ്പോള്‍ ആരിഫ് ഉന്നയിച്ചത്.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം 2015 ല്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബിജെപിയിലേക്ക് തിരിച്ചെത്തി. ജമ്മുകാശ്മീരില്‍ ഭരണഘടനയുടെ 370 ാം വകുപ്പ് നിര്‍വ്വീര്യമാക്കിയ മോദി സര്‍ക്കാര്‍ നടപടി ഇന്ത്യന്‍ ജനാധിപത്യത്തെ തളര്‍ത്തിയ കാലത്താണ് ആരിഫിനെ ബിജെപി സര്‍ക്കാര്‍ കേരളത്തിലെക്ക് വിട്ടത്. മുസ്ലിം സമുദായത്തിന് നിര്‍ണ്ണായക സാന്നിദ്ധ്യമുള്ള കേരളം പോലൊരു സംസ്ഥാനത്ത് ആരിഫിനെ നിയമിക്കുമ്പോള്‍ മോദി സര്‍ക്കാരിന് വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരുന്നിരിക്കും. പക്ഷേ, കേരളത്തിലെ ജനങ്ങള്‍ തിരഞ്ഞെടുത്തത് പിണറായി വിജയന്‍ സര്‍ക്കാരിനെയാണെന്നും ബിജെപിയെ തിരസ്‌കരിക്കുകയാണ് കേരള ജനത ചെയ്തതെന്നും ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഓര്‍ക്കുക തന്നെ വേണം.

എത്ര ഗവര്‍ണ്ണര്‍മാരെ ജനങ്ങള്‍ ഓര്‍ക്കുന്നുണ്ടെന്നും കേരള ഗവര്‍ണ്ണര്‍ ആലോചിക്കണം. കേരളത്തിലെ മുന്‍ കാല മുഖ്യമന്ത്രിമാര്‍ - ഇഎംഎസ് മുതല്‍ ഉമ്മന്‍ചാണ്ടി വരെയുള്ളവര്‍- ജനഹൃദയങ്ങളില്‍ ഇടംപിടിച്ചവരാണ്. അങ്ങിനെ ജനങ്ങള്‍ നെഞ്ചിലേറ്റിയ ഒരു ഗവര്‍ണ്ണറും കേരളത്തിലെന്നല്ല ഒരു സംസ്ഥാനത്തമുണ്ടായിട്ടില്ല. കാരണം ഗവര്‍ണ്ണര്‍ പുറത്തു നിന്നും വരികയാണ്. മുഖ്യമന്ത്രിമാര്‍ ജനങ്ങള്‍ക്കിടയില്‍ നിന്നും. ഈ വ്യത്യാസം മറന്നുപോവുമ്പോഴാണ് ആരിഫ് മുഹമ്മദ് ഖാനെപ്പോലുള്ളവര്‍ ജനാധിപത്യ വിരുദ്ധതയുടെ കെണികളില്‍ വീണുപോവുന്നത്.

വഴിയില്‍ കേട്ടത് : ഇന്ത്യ ഹിന്ദുക്കളുടേതാണെന്നും ഹിന്ദുത്വവാദികളുടേതല്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. നെഹ്രു മുക്ത ഭാരതമാണോ പേരക്കിടാവിന്റെയും ലക്ഷ്യം ?

Content Highlights: Governor, the people of Kerala have elected the Pinarayi government, not you!

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


amritha

'സംഗീത പരിപാടിയില്ലെങ്കിലും ഞാന്‍ ജീവിക്കും'; തേയില നുള്ളി രസിച്ച് അമൃത

May 2, 2022

More from this section
Most Commented