വന്ദേ ഭാരതും നരേന്ദ്ര മോദിയും: കിനാവും യാഥാർത്ഥ്യവും | വഴിപോക്കൻ


By വഴിപോക്കൻ

6 min read
Read later
Print
Share

കാഴ്ചയുടെ ലോകമാണിത്. കെട്ടുകാഴ്ചയുടെ ലോകമെന്നും പറയാം. അങ്ങിനെ നോക്കുമ്പോൾ കഴിഞ്ഞ രണ്ട് ദിവസവും കാഴ്ചയുടെ മഹോത്സവങ്ങളായിരുന്നു. തൃശ്ശൂർ പൂരവും ആറ്റുകാൽ പൊങ്കാലയും സംഗമിക്കുന്ന കാഴ്ച. ഇതിപ്പോൾ കാഴ്ചയുടെ വിഭ്രമങ്ങൾ ഒന്നടങ്ങി. കണ്ണൂരിലെത്തിയ വന്ദേ ഭാരതിൽ കനത്ത മഴയിൽ എക്സിക്യൂട്ടീവ് കോച്ചിലേക്ക് വരുണദേവൻ കിനിഞ്ഞ്, സോറി, കനിഞ്ഞിറങ്ങി. നമ്മൾ കാണുന്നതല്ല മഴ കാണുന്നത്. വെള്ളത്തിന് വന്ദേ ഭാരതും പാസഞ്ചറും തമ്മിൽ വ്യത്യാസമില്ല.

തിരുവനന്തപുരം- കാസർകോട് വന്ദേ ഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യുന്നു | Photo: PTI

ഉന്മാദങ്ങളും ആരവങ്ങളും നിലച്ചു. മാധ്യമപ്രവർത്തകർക്ക് ശ്വാസം തിരിച്ചുകിട്ടി. മെത്രാന്മാരായ മെത്രാന്മാർ കുന്തിരിക്കവും ഈറയുമായി എത്തി വടക്കുനിന്നു വന്ന നേതാവിനെ വണങ്ങുകയും ആത്മസംതൃപ്തി അടയുകയും ചെയ്തു. ഇക്കുറി മുണ്ടിലായിരുന്നു അവതാരപുരുഷൻ. എത്രയെത്ര രാമായണങ്ങൾ എന്ന് രാമാനുജൻ പറഞ്ഞതുപോലെ എത്രയെത്ര മോദിമാർ...! മേഘാലയയിൽ ഒരു മോദി, ബന്ദിപ്പൂരിൽ മറ്റൊരു മോദി. ഉണ്ണി മുകുന്ദന്റെ മോദിയല്ല സുരേഷ് ഗോപിയുടെ മോദി. കെ. സുരേന്ദ്രൻ പറയുന്ന മോദിയെക്കുറിച്ചല്ല കുമ്മനം രാജശേഖരൻ പറയുന്നത്. ഓരോരുത്തർക്കും ഓരോ മോദി. പക്ഷേ, കൊച്ചിയിലെ റോഡ് ഷോയിൽ മോദി ഒരാളേ ഉണ്ടായിരുന്നുള്ളു. കൊച്ചിയിൽ മാത്രമല്ല, വന്ദേ ഭാരതിലും മോദി ഒരാളേ ഉണ്ടായിരുന്നുള്ളു. അല്ലെങ്കിൽ അങ്ങിനെയാണ് നമ്മുടെ മാധ്യമങ്ങൾക്ക് തോന്നിയത്, നമ്മളെ തോന്നിപ്പിച്ചത്. കല്ല്യാണവീട്ടിൽ മണവാളൻ, മരണവീട്ടിൽ പരേതൻ. എല്ലാ കണ്ണുകളും ഒരാളിലേക്ക്.

കാഴ്ചയുടെ ലോകമാണിത്. കെട്ടുകാഴ്ചയുടെ ലോകമെന്നും പറയാം. അങ്ങിനെ നോക്കുമ്പോൾ കഴിഞ്ഞ രണ്ട് ദിവസവും കാഴ്ചയുടെ മഹോത്സവങ്ങളായിരുന്നു. തൃശ്ശൂർ പൂരവും ആറ്റുകാൽ പൊങ്കാലയും സംഗമിക്കുന്ന കാഴ്ച. ഇതിപ്പോൾ കാഴ്ചയുടെ വിഭ്രമങ്ങൾ ഒന്നടങ്ങി. കണ്ണൂരിലെത്തിയ വന്ദേ ഭാരതിൽ കനത്ത മഴയിൽ എക്സിക്യൂട്ടീവ് കോച്ചിലേക്ക് വരുണദേവൻ കിനിഞ്ഞ്, സോറി, കനിഞ്ഞിറങ്ങി. നമ്മൾ കാണുന്നതല്ല മഴ കാണുന്നത്. വെള്ളത്തിന് വന്ദേ ഭാരതും പാസഞ്ചറും തമ്മിൽ വ്യത്യാസമില്ല (കോച്ചിലെ എയർ കണ്ടീഷണറിൽനിന്നാണു വെള്ളം ചോര്‍ന്നതെന്നാണ് റെയില്‍വെ പിന്നീട് നല്‍കിയ വിശദീകരണം.).

കാഴ്ചകൾ ഉത്സവങ്ങളാക്കി മാറ്റുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമുള്ള വൈദഗ്ധ്യം കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ കേരളം കണ്ടു. ഓരോ കാഴ്ചയ്ക്കും മറുവശങ്ങളുണ്ട്. മൂന്ന് വർഷം മുമ്പ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഹമ്മദാബാദിലെത്തിയപ്പോൾ അവിടത്തെ ചേരികൾ മറച്ചുവെയ്ക്കാൻ മുനിസിപ്പൽ കോർപറേഷൻ കെട്ടിയുയർത്തിയ മതിൽ ഓർക്കുന്നില്ലേ? മതിലാണോ മതിൽ മറയ്ക്കുന്ന ചേരികളാണാ യഥാർത്ഥ കാഴ്ച എന്നത് ഒരു ചോദ്യമാണ്.

സുധാൻഷു മണി

നെഹ്രുവും സുധാൻഷുവും

മോദിക്കെന്ന പോലെ വന്ദേ ഭാരതിനും പല മുഖങ്ങളുണ്ട്, പല സത്യങ്ങളും. ഡെൽഹി- വാരണാസി റൂട്ടിലോടുന്ന വന്ദേ ഭാരതല്ല തിരുവനന്തപുരം- കാസർകോട് പാതയിലോടുന്നത്. ഇനിയങ്ങോട്ട് നമ്മൾ സൗകര്യാർത്ഥം വന്ദേ ഭാരതിനെ വഭ എന്ന് വിളിക്കും. വഭയുടെ കഥ തുടങ്ങുന്നത് സുധാൻഷു മണി എന്ന റെയിൽവെ ഉദ്യോഗസ്ഥന്റെ തലച്ചോറിലാണ്. 2016-ൽ ചെന്നെയെിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ ജനറൽ മാനേജരായി സുധാൻഷു എത്തുന്നത് വന്ദേ ഭാരതിന്റെ ആശയവുമായാണ്. ഇന്ത്യൻ റെയിൽവെയുടെ മുഖച്ഛായ അക്ഷരാർത്ഥത്തിൽ മാറ്റിവരച്ച ആശയം. കൂടുതൽ വേഗവും കൂടുതൽ സൗന്ദര്യവുമുള്ള തീവണ്ടികൾ ഇന്ത്യൻ റെയിൽവെയുടെ സ്വന്തം ഫാക്ടറികളിൽ നിർമ്മിക്കാനാവില്ലെന്ന കാഴ്ചപ്പാടിന്റെ അട്ടിമറി കൂടിയായിരുന്നു അത്.

ഈ ആശയം മുന്നോട്ടു വെച്ചപ്പോൾ റെയിൽവെ ബോർഡിന് അതിനോട് ഒരു താൽപര്യവും ഉണ്ടായിരുന്നില്ല. ഇത്തരം തീവണ്ടികൾ ഇറക്കുമതി ചെയ്യുമ്പോൾ കിട്ടുന്ന കമ്മീഷനിലായിരുന്നു അവരുടെ കണ്ണ്. ഒടുവിൽ റെയിൽവെ ബോർഡ് ചെയർമാന്റെ കാല് പിടിച്ച് സുധാൻഷു പറഞ്ഞു: ''രണ്ടേ, രണ്ട് തീവണ്ടികൾ. അതിനുള്ള അനുവാദം മാത്രം മതി.'' ചെയർമാന്റെ കാല് പിടിക്കുന്നതിൽ ഖേദമുണ്ടായിരുന്നില്ലെന്ന് സുധാൻഷു പറയുന്നു: ''നമ്മുടെ അഹംഭാവവും പൊങ്ങച്ചവും ആരെങ്കിലും ഒരാൾ എന്നെങ്കിലും തകർക്കും. എങ്കിൽ പിന്നെ അത് നമ്മളായിട്ടു തന്നെ ചെയ്യുന്നതല്ലേ അതിന്റെ ഒരു ഭംഗി.''

സുധാൻഷുവിന്റെ മുന്നിൽ രണ്ട് കൊല്ലമാണുണ്ടായിരുന്നത്. 2018 ഡിസംബറിൽ സുധാൻഷുവിന് ജോലിയിൽനിന്ന് വിരമിക്കേണ്ടി വരും. ഐ.സി.എഫിലെ സഹപ്രവർത്തകർക്ക് മുന്നിൽ സുധാൻഷു സമയപരിധി വെച്ചു. 18 മാസങ്ങൾക്കുള്ളിൽ പുതിയ തീവണ്ടി പുറത്തിറക്കണം. സാധാരണ ഗതിയിൽ 40 മാസങ്ങളെങ്കിലും എടുക്കുന്ന പണിയാണ്. ഐ.സി.എഫിലെ ജീവനക്കാർ വെല്ലുവിളി സ്വീകരിച്ചു. 18 മാസം കൊണ്ട് തീവണ്ടി ട്രാക്കിലൂടെ ഓടി. ട്രെയിൻ 18 എന്നാണ് സുധാൻഷുവും കൂട്ടരും ഈ തീവണ്ടിയെ വിളിച്ചത്. 160 കിലോ മീറ്റർ വേഗത്തിൽ കുതിക്കാനാവുന്ന ഈ വണ്ടിയെ വന്ദേ ഭാരത് എന്ന് നാമകരണം ചെയ്ത് 2019-ൽ മോദി ഭരണകൂടം വാരാണസിക്കും ഡെൽഹിക്കുമിടയിൽ ആദ്യമായി ഇറക്കി.

പിന്നീട് പല റൂട്ടുകളിലും വന്ദേ ഭാരതിന്റെ സാന്നിദ്ധ്യമെത്തി. വഭയെക്കുറിച്ചുള്ള ഒരു പ്രസംഗത്തിൽ സുധാൻഷു എടുത്ത പറഞ്ഞ ഒരു പേര് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റേതാണ്. 1950-കളിൽ റെയിൽവെ കോച്ചുകൾ നിർമ്മിക്കാനായി ചെന്നൈയിൽ ഇന്റഗ്രൽ കോച്ച് ഫാക്ടറിക്ക് തുടക്കമിട്ടത് ജവഹർലാൽ നെഹ്രു സർക്കാരാണ്. സുധാൻഷുവിനെ ഇപ്പോൾ എത്രപേർ ഓർക്കുന്നുണ്ടെന്നറിയില്ല. ആത്മനിർഭരതയുടെ പാളങ്ങളിൽ വഭ ഓടുമ്പോൾ മോദിജി നെഹ്രുവിനെയോ സുധാൻഷുവിനെയോ ഓർത്തോ എന്നുമറിയില്ല.

ചോറ്റാനിക്കര അടിയാക്കൽത്താഴം പാടശേഖരത്തിൽ കെ റെയിൽ സർവ്വെയ്ക്കായി കൊണ്ടുവന്ന കല്ല് കുളത്തിൽ എറിയാനായി കൊണ്ടു പോവുന്നു | ഫോട്ടോ: മുരളീകൃഷ്ണൻ\മാതൃഭൂമി

ജനശതാബ്ദി; ഗരീബ്‌രഥും

വഭയ്ക്ക് മുമ്പും ഇവിടെ ഇന്ത്യൻ റെയിൽവേയും തീവണ്ടികളുമുണ്ട്. 1969-ൽ ഇന്ദിര ഗാന്ധിയുടെ കാലത്താണ് ആദ്യത്തെ രാജധാനി എക്സ്പ്രസ് വന്നത് 19 കൊല്ലങ്ങൾക്കപ്പുറം ശതാബ്ദി രാജീവിന്റെ കാലത്ത് ശതാബ്ദി എത്തി. ഇതേ ശതാബ്ദിയുടെ ജനകീയ മുഖമായാണ് 2002-ൽ ജനശതാബ്ദി ഓടിത്തുടങ്ങിയത്. അടൽ ബിഹാരി വാജ്പേയി ആയിരുന്നു അന്ന് ഇന്ത്യൻ പ്രധാനമന്ത്രി. ഗരീബ്രഥായിരുന്നു മൻമോഹൻ സിങ് സർക്കാരിന്റെ സംഭാവന. ഈ വണ്ടികളെല്ലാം ഫ്ളാഗ് ഒഫ് ചെയ്തത് പ്രധാനമന്ത്രിമാരായിരുന്നോ എന്നറിയില്ല. തീവണ്ടിക്ക് മുന്നിൽ കൊടി വീശുന്നതിനല്ല ജനങ്ങൾ തങ്ങളെ പ്രധാനമന്ത്രിയാക്കുന്നതെന്ന് ഇവർക്കെല്ലാം അറിവുണ്ടായിരുന്നോ എന്നുമറിയില്ല. എന്തായാലും വഭയ്ക്ക് മുന്നിൽ മറ്റെല്ലാം നിഷ്പ്രഭമാവുന്നു.

വഭയിലെ യാത്രയ്ക്ക് ആദ്യദിനങ്ങളിലേക്കുള്ള എല്ലാ ടിക്കറ്റുകളും വിറ്റുപോയതായാണ് റിപ്പോർട്ട്. വഭയിൽ ആളു കയറിയാൽ സിൽവർലൈന് സാദ്ധ്യതയുണ്ടെന്ന ചിന്തയിൽ സി.പി.എം. അനുഭാവികളും മോദിജിയെ നാണംകെടുത്തരുതെന്ന ചിന്തയിൽ ബി.ജെ.പി. അണികളുമാണോ പൊന്നിൻ വില കൊടുത്ത് കയറുന്നതെന്നറിയില്ല. കൊച്ചി മെട്രൊ തുടങ്ങിയപ്പോഴും ഇതായിരുന്നു അവസ്ഥ. ഇപ്പോൾ നിത്യേന ഒരു കോടി രൂപയോളം നഷ്ടത്തിലാണ് കൊച്ചി മെട്രൊ ഓടുന്നത്. അതായത് ഒരു കൊല്ലം 360 കോടിയുടെ നഷ്ടം. ജനത്തിനാവശ്യമുണ്ടോ എന്ന് നോക്കാത്തതുകൊണ്ടുളള പ്രശ്നമാണിത്.

കണ്ണൂരുനിന്നു തിരുവനന്തപുരത്തെത്താൻ ജനശതാബ്ദിക്ക് 9 മണിക്കൂർ 20 മിനിറ്റ് മതി. എ.സി. കോച്ചിൽ 755 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതേ റൂട്ടിൽ വഭയ്ക്ക് സാദാ എ.സിക്ക് 1,265 രൂപയും എക്സിക്യൂട്ടീവ് ചെയറിന് 2,415 രൂപയും നൽകണം. 160 കിലോ മീറ്റർ വേഗത്തിൽ ഓടുകയാണെങ്കിൽ ഈ നിരക്ക് ഈടാക്കുന്നത് മനസ്സിലാക്കാം. പരമാവധി 90 കിലോ മീറ്റർ വേഗത്തിൽ മാത്രം കേരളത്തിൽ ഓടുമ്പോൾ ഇത്രയും കൂടുതൽ നിരക്ക് നമ്മൾ സാദാ ജനം കൊടുക്കേണ്ടതുണ്ടോ?

സാദാ ജനത്തിന്റെ യാത്രാ ദുരിതം കുറയ്ക്കാനാണെങ്കിൽ റെയിൽവെ ചെയ്യേണ്ടത് കൂടുതൽ ജനശതാബ്ദികൾ ഓടിക്കുകയാണ്. ട്രാക്കിലെ വളവും തിരിവും പാതയുടെ ഇരട്ടിപ്പിക്കലും മൂന്നാം പാതയും സിഗ്നലുകളുടെ ആധുനികവത്കരണവും കഴിഞ്ഞ് 160 കിലോ മീറ്റർ വേഗം ആർജ്ജിക്കാനുള്ള പരിസരമുണ്ടായിട്ട് പോരെ വഭ ട്രാക്കിലിറക്കാൻ. വഭ വന്നതുകൊണ്ട് ഒരു ഗുണവുമുണ്ടായില്ലെന്ന് പറയാനാവില്ല. കെ റെയിൽ എന്ന റിയൽ എസ്റ്റേറ്റ് പദ്ധതിയുടെ ശവപ്പെട്ടിയിലുള്ള അവസാന ആണിയാണ് അനന്തപുരിയിൽ വഭ ഫ്്ളാഗ് ഓഫ് ചെയ്തുകൊണ്ട് മോദിജി അടിച്ചത്. വഭയുടെ സന്ദേശം പിടികിട്ടിയതുകൊണ്ടാകം പത്ത് മിനറ്റിറ്റോളം പ്രസംഗിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ കെ റെയിലിനെക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടാതിരുന്നത്.

കൊച്ചിയിൽ റോഡ് ഷോ നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി | Photo: PTI

അധികാരത്തിന്റെ ആൾരൂപം

കാഴ്ചകളിൽ അഭിരമിക്കുന്നവർക്ക് വഭയും മോദിയും നൽകുന്ന ആഹ്ളാദത്തിന് അതിരുകളുണ്ടാവില്ല. പക്ഷേ, കേരളം പിടിക്കാൻ ഈ വിഭ്രാാത്മക കാഴ്ചകൾ പോരെന്നുള്ളതാണ് വാസ്തവം. ഇത്രയൊക്കെ ശ്രമിച്ചിട്ടും കേരളത്തിന്റെ മനസ്സും ഭാവനയും പിടിക്കാൻ കെൽപുള്ള ഒരാളെപ്പോലും ബി.ജെ.പിക്ക് ഇനിയും കിട്ടിയിട്ടില്ല. ഞാനിതങ്ങെടുക്കുകയാണെന്ന് പറയാൻ ഏത് ഗോപിക്കും കഴിയും. വിട്ടുതരാൻ കേരള ജനതയ്ക്ക് മനസ്സുണ്ടോ എന്നതാണ് ചോദ്യം. ഇതറിയാവുന്നതുകൊണ്ടു കൂടിയാവാം കൊച്ചിയിലെ നിരത്തിൽ ഇറങ്ങി നടന്നപ്പോൾ കൂടെ വേറെയാരും വേണ്ടെന്ന് മോദിജി തീരുമാനിച്ചത്. ഒരു യോഗി ആദിത്യനാഥിനെ മാറ്റി നിർത്തിയാൽ ഇന്ത്യയിൽ ബാക്കിയെല്ലായിടത്തും ബി.ജെ.പിക്ക് എഴുന്നള്ളിക്കാൻ മോദി മാത്രമേയുള്ളു എന്നതാണ് യാഥാർത്ഥ്യം.

കാഴ്ചകൾപ്പുറത്തുള്ള മോദി ആരാണ്? താൻ അമാനുഷനാണെന്നും തെറ്റുകൾ പറ്റുന്ന സാധാരണ നേതാവല്ലെന്നും വിശ്വസിക്കുന്ന മോദിയാണത്. നേതാവും പ്രജകളും എന്ന ഫ്യൂഡൽ സംജ്ഞ. ജനാധിപത്യത്തിന്റെ പ്രസന്നമായ തുറസ്സുകൾക്ക് അപരിചിതവും അസാദ്ധ്യവുമായ ഈ ഇടങ്ങളിലാണ് മോദിയെ ആശിഷ് നന്ദിയെപ്പോലുള്ള സാമൂഹ്യ ശാസ്ത്രജ്ഞർ പ്രതിഷ്ഠിക്കുന്നത്. ഇത്തരമൊരു നേതാവിനെയാണ് ആൾക്കൂട്ടം ആവശ്യപ്പെടുന്നത്. എതിരാളിക്കു മുന്നിൽ ഒരിക്കലും പതറാത്ത നേതാവ്. പാക്കിസ്താനെ അങ്ങോട്ടു കയറി ആക്രമിക്കുന്ന നേതാവ്. ആ നേതാവിന് ഗംഗാഘട്ടിൽ കാലിടറിയാൽ അത് ഘട്ടിന്റെ കുഴപ്പമാണ്. ആ പടവ് പൊളിച്ചുകളയുകയെന്നതാണ് അതിനുള്ള പ്രതിവിധി.

മജോറിറ്റേറിയനിസം, ഹിന്ദുത്വവത്കരണം, മധ്യവർഗ്ഗ സമൂഹത്തിന്റെ ആശയാഭിലാഷങ്ങൾ പിടിച്ചെടുക്കൽ എന്നിവയാണ് മോദി സമർത്ഥമായി നടപ്പാക്കുന്നത്. ഇന്ത്യയെ ഇങ്ങനെ വിഘടിപ്പിക്കുന്ന കലാപരിപാടി ഇന്ദിരയുടെ അജണ്ടയിൽ ഉണ്ടായിരുന്നില്ല. ഒരു നേതാവ് എന്ന് പറഞ്ഞപ്പോഴും ഇന്ത്യ ഒരൊറ്റ ഇന്ത്യയല്ലെന്ന് ഇന്ദിരയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ടുകൂടിയാണ് 1976-ൽ ഭരണഘടന ഭേദഗതിയിലൂടെ ഇന്ദിര സർക്കാർ ഇന്ത്യയെ സോഷ്യലിസ്റ്റ്, മതേതര റിപ്പബ്‌ളിക്ക് ആക്കി മാറ്റിയത്.

എറണാകുളം തേവര എസ് എച്ച് കോളേജ് ഗ്രൗണ്ടിൽ നടന്ന യുവം 2023 ഉദ്ഘാടനം ചെയ്യുവാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അനിൽ ആന്റണിയെ അഭിന്ദിക്കുന്നു | ഫോട്ടോ: മുരളീകൃഷ്ണൻ\മാതൃഭൂമി

കേരളം എന്ന ബാലികേറാമല

കോർപറേറ്റ് ഒലിഗാർക്കിയുടെയും ഹിന്ദുത്വയുടെയും സമന്വയമാണ് മോദിയെ മോദിയാക്കുന്നത്. ഗുജറാത്തിൽ പിന്തുടർന്ന ഈ മാതൃകയാണ് ഇന്നിപ്പോൾ ഇന്ത്യയെമ്പാടും പകർത്താൻ മോദി ശ്രമിക്കുന്നത്. ആർ.എസ്.എസിന്റെ ഏകാശിലാത്മക ദേശീയ സങ്കൽപം കോർപറേറ്റുകൾക്ക് പ്രിയപ്പെട്ടതാകുന്നത് അതുയർത്തുന്ന ഒരു നേതാവ്, ഒരു ദേശം, ഒരു വപിണി എന്ന മോഹനാത്മകത കൊണ്ടാണ്. മദ്ധ്യവർഗ്ഗ സമൂഹമാണ് മോദിയുടെ പിൻബലം.

ബുദ്ധിജീവികളല്ല മധ്യവർഗ്ഗ സമൂഹമാണ് മോദിയെ മോദിയാക്കുന്നത്. അധികാരത്തിന്റെ ചൈനീസ് മാതൃകയുടെ പകർന്നാട്ടമാണിതെന്നത് രസകരമായ വൈരുദ്ധ്യമാവാം. അധികാരത്തിന്റെ സാദ്ധ്യതകളാണ് മോദി സദാ ആരായുന്നത്. വായുവിൽ ഒക്‌സിജൻ പോലെയാണ് മോദിക്ക് അധികാരം. ഒരേ സമയം പൗരാണിക ഇന്ത്യയെ ആരാധിക്കുകയും ആധുനിക ലോകത്തെ ആശയവിനിമയ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന മോദി പ്രത്യക്ഷത്തിൽ വൈരുദ്ധ്യങ്ങളുടെ കൂടാരമെന്ന് തോന്നിച്ചേക്കാം. പക്ഷേ, അധികാരത്തിന്റെ രാസവിദ്യയിൽ മോദിയുടെ ഇടപെടലുകൾ കണിശവും കർക്കശവുമാണ്.

മുണ്ടുടുക്കുന്നതുകൊണ്ടോ വഭ ട്രാക്കിൽ ഇറക്കുന്നതുകൊണ്ടോ ഈ പുള്ളികൾ മാഞ്ഞുപോകില്ല. അയ്യായിരത്തോളം ശാഖകളാണ് കേരളത്തിൽ ആർ.എസ്.എസിനുള്ളത്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ശാഖകളുള്ള സംസ്ഥാനം. എന്നിട്ടുമെന്നിട്ടും കേരളം ഇപ്പോഴും പിടിതരാതെ നിൽക്കുന്നത് എന്തുകൊണ്ടാണെന്ന് സംഘപരിവാർ തീർച്ചയായും ആലോചിക്കുന്നുണ്ടാവും. കേരളത്തിന്റെ സവിശേഷമായ സമൂഹഘടനയാണ് പ്രധാന കാരണം. 26% ശതമാനം മുസ്ലിങ്ങളും 18% ശതമാനം ക്രിസ്ത്യാനികളുമുണ്ടെന്നത് മാത്രമല്ല 54% ശതമാനം ഹിന്ദുക്കളിൽ ഭൂരിപക്ഷവും വലതുപക്ഷ സഹയാത്രികരല്ല എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം ദുഷ്‌കരമാക്കുന്നത്.

ഇതൊരു ബാലികേറാ മലയാണ്. കേരളം ഭേദിക്കാനാവണമെങ്കിൽ പുതിയൊരു സുഗ്രീവൻ വേണം. പി.സി. തോമസിനോ അൽഫോൻസ് കണ്ണന്താനത്തിനോ അതിനായില്ല. അനിൽ ആന്റണി കടൽതീരത്ത് കക്ക പെറുക്കുന്ന പയ്യൻ പോലുമാവുന്നില്ല. പംപ്ലാനിയും ആലഞ്ചേരിയും ആഞ്ഞുപിടിച്ചാലും സംഗതി നടക്കുമെന്ന് തോന്നുന്നില്ല. അമേരിക്കൻ കവി റോബർട്ട് ഫ്രോസ്റ്റിന്റെ വരികൾ ബിജെപിയെ സംബന്ധിച്ചിടത്തോളം അന്വർത്ഥമാവുന്നു:

''The woods are lovely, dark and deep,
But I have promises to keep,
And miles to go before I sleep,
And miles to go before I sleep.''

(ശ്യാമമഗാധം സുന്ദരം വനാന്തരം
പാലിക്കുവാനുണ്ടെനിക്ക് പ്രതിജ്ഞകൾ
നടക്കുവാനുണ്ട് കാതങ്ങൾ നിദ്രയ്ക്ക് മുമ്പിലായ്
നടക്കുവാനുണ്ട് കാതങ്ങൾ നിദ്രയ്ക്ക് മുമ്പിലായ്)

വഴിയിൽ കേട്ടത്: കേരളം പിടിക്കാൻ മോദിയെത്തിയത് മുണ്ടുടുത്ത്. ഇനിയിപ്പോൾ മുണ്ടുടുത്ത മോദിയെന്ന് ആരെ വിളിക്കുമെന്ന് വി.ഡി. സതീശൻ!

Content Highlights: Vande Bharat, Narednra Modi, New Train, Kerala BJP, Vazhipokkan

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sakshi Malik
Premium

9 min

അവസാനത്തിന്റെ ആരംഭം | വഴിപോക്കൻ

Jun 3, 2023


Prathibhashanam

6 min

ഇരയുടെ കരച്ചിൽ കേട്ട് ആനന്ദിക്കുന്നവരും ബിഷപ്പ് ഫ്രാങ്കോ കേസിന്റെ വിധിയും | പ്രതിഭാഷണം

Jan 20, 2022


Narendra Modi
Premium

8 min

അസമത്വത്തിന്റെ പെരുകൽ അഥവാ മോദി സർക്കാരിന്റെ ഒമ്പത് വർഷങ്ങൾ | വഴിപോക്കൻ

May 18, 2023

Most Commented