ഫോട്ടോ: റോയിറ്റേഴ്‌സ്
ജീവിതം പാഠപുസ്തകങ്ങളില്‍ ഒതുങ്ങുന്ന ഒന്നല്ല. കോമണ്‍സെന്‍സ് എന്നു പറയുന്ന ഒരു സാധനമുണ്ട്. വകതിരിവ് എന്ന് അസ്സല്‍ മലയാളത്തില്‍ പറയാവുന്ന ഈ സംഗതിയാണു ജീവിതത്തെ ജീവിതയോഗ്യമാക്കുന്നത്. ജീവിതത്തിലെന്ന പോലെ രാഷ്ട്രീയത്തിലും വകതിരിവില്ലെങ്കില്‍ കാര്യം കട്ടപ്പൊകയാവും.
ഡല്‍ഹി കലാപം ഒരു പാടു ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കെയാണു കലാപം പൊട്ടിപ്പുറപ്പെട്ടത്. പ്രധാനമന്ത്രി മോദിക്ക് അങ്ങേയറ്റം പ്രിയപ്പെട്ട സന്ദര്‍ശനമായിരുന്നു ട്രമ്പിന്റേത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ ചെന്നൈയിലാണു വരവേറ്റതെങ്കില്‍ ട്രംപിനെ അഹമ്മദാബാദിലും ഡല്‍ഹിയിലുമാണു മോദി കെട്ടിപ്പിടിച്ചു സ്വീകരിച്ചത്.
ഷി ജിന്‍പിങ്ങല്ല ട്രംപെന്ന് മോദിക്ക് ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. ട്രംപ് പ്രശംസ കൊണ്ടു മോദിയെ പൊതിയുമ്പോഴാണു ഡല്‍ഹി കത്തിയത്. സ്വാഭാവികമായും ട്രംപിന്റെ സന്ദര്‍ശനത്തിന്റെ തിളക്കം അവിടെത്തീര്‍ന്നു. അപ്പോള്‍ ഉയരുന്ന ഒരു ചോദ്യമിതാണ്. ഈയൊരു ഘട്ടത്തില്‍ ഇങ്ങനെയൊരു കലാപം മോദി എങ്ങിനെയാണു കാണുക?
ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുരളീധറിന്റെ സ്ഥലം മാറ്റമാണു മറ്റൊരു നിര്‍ണ്ണായക ചോദ്യത്തിനു കാരണമാവുന്നത്. ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റാന്‍ നേരത്തെ നിശ്ചയിച്ചിരുന്നുവെന്നാണു കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറയുന്നത്. പ്രസാദിനെ ഇക്കാര്യത്തില്‍ അവിശ്വസിക്കേണ്ട കാര്യമില്ല. ജഡ്ജിമാരുടെ സ്ഥലം മാറ്റമെങ്കിലും കൃത്യമായി അറിയുന്നില്ലെങ്കില്‍ പിന്നെ നിയമമന്ത്രി എന്നും പറഞ്ഞു ഞെളിഞ്ഞിരിക്കേണ്ട ആവശ്യമില്ല. ചോദ്യം ജഡ്ജിയുടെ സ്ഥലം മാറ്റത്തെക്കുറിച്ചല്ല, സ്ഥലം മാറ്റിയ സമയത്തെക്കുറിച്ചാണ്. എന്തിനാണു രാത്രിക്കു രാത്രി ഇത്രയും തിടുക്കത്തില്‍ ജഡ്ജിയുടെ സ്ഥലംമാറ്റ ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവെച്ചത്?
ഡല്‍ഹി കലാപം മോദിയുടെയോ ഇസ്ലാമിക് തീവ്രാദികളുടെയോ സൃഷ്ടിയല്ലെന്നും ബി.ജെ.പി. സൃഷ്ടിച്ച ധ്രുവീകരണത്തിന്റെ സൃഷ്ടിയാണെന്നുമാണു സാമൂഹ്യവിമര്‍ശകന്‍ യോഗേന്ദ്ര യാദവ് പറയുന്നത്. ട്രംപിന്റെ സന്ദര്‍ശനവേളയില്‍ ഒരു കലാപം ഉടലെടുക്കുന്നതില്‍ മോദിക്ക് താല്‍പര്യമുണ്ടാവില്ലെന്നും അത്തരമൊരു കലാപം മോദിക്ക് ഒരു തരത്തിലുള്ള ഗുണവും ചെയ്യില്ലെന്നും ഇങ്ങനെയൊരു കലാപത്തിനു കോപ്പു കൂട്ടാനുള്ള ശേഷിയോ ശേമുഷിയോ ഡല്‍ഹിയിലെ ഇസ്ലാമിക് തീവ്രവാദികള്‍ക്കില്ലെന്നുമാണ് ദ പ്രിന്റില്‍ എഴുതിയ കുറിപ്പില്‍ യോഗേന്ദ്ര യാദവ് ചൂണ്ടിക്കാട്ടുന്നത്. ബി.ജെ.പി. നേതാക്കള്‍ ഉത്പാദിപ്പിച്ച വര്‍ഗ്ഗീയ ധ്രുവീകരണം കലാപത്തില്‍ കലാശിക്കുന്ന കാഴ്ചയാണ് ഡല്‍ഹിയിലുണ്ടായതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
ഇവിടെ സ്വാഭാവകമായി ഉയരുന്ന ചോദ്യം രണ്ടു നാള്‍ ഡല്‍ഹി കത്തിയപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എന്തുകൊണ്ടു മുഖം തിരിഞ്ഞുനിന്നു എന്നതാണ്. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും എന്തുകൊണ്ട് ഈ നിര്‍ണ്ണായക ദിനങ്ങളില്‍ മൗനമവലംബിച്ചു? കലാപത്തിന്റെ ആസൂത്രണവും രൂപവും മോദി അറിഞ്ഞിട്ടുണ്ടാവണമെന്നില്ല എന്ന വാദഗതി ഉയര്‍ത്തുമ്പോള്‍ തന്നെ ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ യോഗേന്ദ്ര യാദവിനാവുന്നില്ല എന്നതു ശ്രദ്ധേയമാണ്.
ഇതിനുള്ള ഉത്തരം തേടുമ്പോഴാണു നമ്മള്‍ വകതിരിവിലേക്ക് എത്തുന്നത്. കലാപങ്ങള്‍ പിള്ളേരുകളിയല്ലെന്നും അത് ഒരു സമൂഹത്തെ ഒന്നാകെ തകര്‍ത്തെറിയുമെന്നും രാഷ്ട്രീയ നേതാക്കള്‍ക്ക് ആരെങ്കിലും പറഞ്ഞു കൊടുക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല. ഒരു മാതിരി വകതിരിവുള്ളവരാരും തന്നെ ഇത്തരം വൃത്തികെട്ട കലാപരിപാടികള്‍ക്കു കൂട്ടുനില്‍ക്കില്ല.
ചില നേതാക്കള്‍ സ്‌കൂളിലെ തെമ്മാടിപ്പിള്ളേരെ പോലെയാണു പെരുമാറുന്നതെന്ന നിരീകഷണം ഇവിടെയാണുണ്ടാവുന്നത്. സ്‌കൂളിലെ തെമ്മാടികള്‍ക്ക് ആരും പ്രശ്നമല്ല. വകതിരിവ് എന്നത് അവരുടെ നാലയല്‍പ്പക്കത്തു കൂടി പോയിട്ടുണ്ടാവില്ല. തങ്ങള്‍ക്കിഷ്ടമില്ലാത്ത ആരുടെ മെക്കിട്ടും ഇവര്‍ കയറും. അതിനിപ്പോള്‍ ഇന്ന സമയമെന്നോ ഇന്ന സ്ഥലമെന്നോ ഉള്ള പ്രശ്നമുണ്ടാവില്ല. പേടിപ്പിക്കുകയാണു ലക്ഷ്യം. ഒരാളും തങ്ങള്‍ക്കെതിരെ നില്‍ക്കരുത്. എതിര്‍ത്താല്‍ എതിര്‍ക്കുന്നവര്‍ വിവരമറിയും. അതിനൊരുമ്പെട്ടിറങ്ങുമ്പോള്‍ മറ്റുള്ളവര്‍ എന്തു ചിന്തിക്കുമെന്നോ എന്തു പറയുമെന്നോ ഇവര്‍ ആലോചിക്കാറില്ല.
അല്ലെങ്കില്‍ പിന്നെ ജസ്റ്റിസ് മുരളീധറിന്റെ സ്ഥലം മാറ്റത്തില്‍ എന്തു യുക്തിയാണുള്ളത്? രാത്രിക്കു രാത്രി അങ്ങേരെ മാറ്റേണ്ട എന്താവശ്യമാണുള്ളത്? ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസ് വാസ്തവത്തില്‍ ജസ്റ്റിസ് മുരളീധറല്ല കേള്‍ക്കേണ്ടിയിരുന്നത്. ചീഫ് ജസ്റ്റിസ് ഡി.എന്‍. പട്ടേലിന്റെ ബഞ്ചാണ് കേസ് കേള്‍ക്കേണ്ടിയിരുന്നത്. ചീഫ് ജസ്റ്റിസ് അവധിയിലായിരുന്നതിനാലാണ് കേസ് മുരളീധറിന്റെ അടുത്തേക്കു വന്നത്.
ചീഫ് ജസ്റ്റിസ് തിരിച്ചെത്തുമ്പോള്‍ കേസും അദ്ദേഹത്തിന്റെ ബഞ്ചിലേക്കു പോവും. അങ്ങിനെ വരുമ്പോള്‍ ജസ്റ്റിസ് മുരളീധറിനെ രണ്ടു ദിവസം കഴിഞ്ഞായാലും സ്ഥലം മാറ്റാവുന്നതേയുള്ളു. പക്ഷേ, അതിനുള്ള ക്ഷമയോ വകതിരിവോ ഉണ്ടായില്ല. കാരണം മറ്റൊന്നുമല്ല. പേടിപ്പിക്കണമെങ്കില്‍ ഇങ്ങനെയൊക്കെ ചെയ്യണമെന്നാണു ചിലര്‍ ധരിച്ചുവെച്ചിരിക്കുന്നത്. ലജ്ജ, അപമാനം, ഉളുപ്പ് എന്നിവയൊന്നും ഇക്കൂട്ടര്‍ക്കു പറഞ്ഞിട്ടുള്ളതല്ല. ലോകം എന്തു വിചാരിക്കും എന്നതിനെക്കുറിച്ചൊന്നും ഒരു വേവലാതിയും ഇവര്‍ക്കില്ല. തങ്ങള്‍ക്കിഷ്ടമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്നവരെ ഇവര്‍ രാത്രിക്കു രാത്രി സ്ഥലം മാറ്റും.
വകതിരിവില്ലായ്മ ഒരു സാംക്രമികരോഗമാവുകയാണോ എന്നു സംശയിക്കുന്നവരെ കുറ്റം പറയാനാവില്ല. ബി.ജെ.പി. നേതാവ് കപില്‍ മിശ്രയുള്‍പ്പെടെ വിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ എഫ്.ഐ.ആര്‍. എഴുതുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഒരു ദിവസമാണ് ജസ്റ്റിസ് മുരളീധര്‍ അനുവിദച്ചത്. എന്നാല്‍ തൊട്ടടുത്ത ദിവസം ഇതേ കേസില്‍ വാദം കേട്ട ചിഫ് ജസ്റ്റിസ് ഡി.എന്‍. പട്ടേലിന്റെ ബഞ്ച് ഒരു മാസമാണ് പോലീസിനു സമയം നല്‍കിയിരിക്കുന്നത്.
അക്രമത്തിന് ആഹ്വാനം ചെയ്ത നേതാക്കള്‍ക്കെതിരെ കേസ് എടുക്കണമോയെന്നു തീരുമാനിക്കാന്‍ ഒരു മാസം സമയം...! 38 പേരാണ് ഡല്‍ഹിയിലെ അക്രമണങ്ങളില്‍ മരിച്ചത്. ഇരുന്നൂറോളം പേര്‍ക്കു പരിക്കുണ്ട്. മരണസംഖ്യ ഇനിയും കൂടാം. നിരവധി വീടുകളും വ്യാപാരസ്ഥാപനങ്ങളും തീവെച്ചു നശിപ്പിച്ചു. ഇതിനൊക്കെ തുടക്കമിട്ടെന്നു വിമര്‍ശിക്കപ്പെടുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ പക്ഷേ, പോലീസിന് പറ്റുന്നില്ല. പറ്റാത്ത പണിയെടുക്കാന്‍ എന്തിനാണവരെ നിര്‍ബ്ബന്ധിക്കുന്നതെന്നാണ് കോടതിയും ചോദിക്കുന്നത്.
ഇതിനിടയിലും ഈ ലോകത്തു ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ചില ഘടകങ്ങളുണ്ട്. ഭരണകൂടമല്ല, ഗുരുദ്വാരകള്‍ തുറന്നുകൊടുത്ത സിഖുകാരും വീടുകള്‍ തുറന്നിട്ട ഹിന്ദുക്കളുമാണു കലാപത്തിന്റെ പിടിയില്‍നിന്നു നിരവധി കുടുംബങ്ങളെ സംരക്ഷിച്ചത്. ഈ പാരസ്പര്യത്തിനും സാഹോദര്യത്തിനുമൊപ്പമാണ് ജസ്റ്റിസ് മുരളീധറിനെപ്പോലുള്ളവരും കടന്നുവരുന്നത്.
പഞ്ചാബിലേക്കു പോയാലും ജസ്റ്റിസ് മുരളീധറൊക്കെ ഈ ഭൂമിയില്‍ ഇപ്പോഴുമുണ്ടല്ലോ എന്ന ആശ്വാസത്തിലേ സാധാരണ മനുഷ്യര്‍ക്ക്, വകതിരിവുള്ളവര്‍ക്ക് ഇവിടെ ദൈനംദിന വ്യവഹാരങ്ങളുമായി മുന്നോട്ടുപോവാനാവുകയുള്ളു. വകതിരിവുണ്ടെന്നു കരുതിയിരുന്ന കെജ്രിവാളിനെപ്പോലുള്ളവര്‍ വല്ലാതെ നിരാശപ്പെടുത്തിക്കളഞ്ഞ ഈ കാലത്ത് ജസ്റ്റിസ് മുരളീധറിനെപ്പോലുള്ളവരാണു നമ്മുടെ അവസാനത്തെ പിടിവള്ളി.
വഴിയില്‍ കേട്ടത്: എന്‍.ആര്‍.സിക്കെതിരെ പ്രമേയം പാസ്സാക്കി ബിഹാര്‍ നിയമസഭ. എന്‍.ആര്‍.സി. നടപ്പാക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്ന് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചത് ആഭ്യന്തരമന്ത്രി അമിത്ഷായാണ്. അപ്പോള്‍ ബിഹാര്‍ ബി.ജെ.പി. നേതാവും ഉപമുഖ്യമന്ത്രിയുമായ സുശീല്‍ മോദി തള്ളിപ്പറഞ്ഞിരിക്കുന്നതു സാക്ഷാല്‍ അമിത്ജിയെ ആണോ?
Content Highlights: Useless leaders and Justice Muralidhar | Vazhipokkan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..