
യോഗി ആദിത്യനാഥ്
ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ ഗംഭീര വിജയത്തിന് ശേഷം കേരളത്തില്‍ മുഖ്യമന്ത്രിയായി കാന്തപുരം അബൂബക്കര്‍ മുസല്യാരെ സിപിഎം തിരഞ്ഞെടുത്തിരുന്നെങ്കില്‍ എങ്ങിനെയുണ്ടാവും? അല്ലെങ്കില്‍ 2011 ലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കേരളത്തിലെ മുഖ്യമന്ത്രിയായി തിരുവനന്തപുരം ആര്‍ച്ച് ബിഷപ് സൂസപാക്യം വരട്ടെയെന്ന് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിരുന്നെങ്കില്‍ എങ്ങിനെയുണ്ടാവും? സമാനമായൊരു നീക്കമാണ് അഞ്ച് വര്‍ഷം മുമ്പ് ഉത്തര്‍പ്രദേശില്‍ ബിജെപി നടത്തിയത്. ഇന്ത്യയില്‍ ഏറ്റവും അധികം ജനങ്ങളുള്ള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി ഗൊരക്നാഥ് മഠത്തിലെ മുഖ്യപുരോഹിതന്‍ യോഗി ആദിത്യനാഥിനെ തിരഞ്ഞെടുത്തതിലൂടെ സമകാലിക ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അട്ടിമറികളിലൊന്നിനാണ് ബിജെപി കാര്‍മ്മികത്വം വഹിച്ചത്.
ഇന്ത്യന്‍ ഭരണഘടനയുടെ നേര്‍ക്കുയരുന്ന വെല്ലുവിളി എന്നായിരുന്നു ഈ നീക്കത്തെക്കുറിച്ച് രാജ്യത്തെ മുന്‍ നിര അഭിഭാഷകന് ഫലി എസ് നരിമാന്റെ നിരീക്ഷണം. '' The Constitution is under threat.'' നരിമാന്റെ വാക്കുകള്‍ കൃത്യവും കണിശവുമായിരുന്നു. മതേതര ഇന്ത്യയില്‍ സുപ്രധാനമായൊരു ഭരണഘടന സ്ഥാപനം ഒരു മഠാധിപതിയെ ഏല്പിക്കുന്നതിലൂടെ ബിജെപി നല്കുന്ന സന്ദേശത്തിലേക്കുള്ള വിരല്‍ചൂണ്ടലായിരുന്നു അത്. '' രാജ്യം എങ്ങോട്ടാണ് പോകുന്നതെന്ന് നിങ്ങള്‍ കാണുന്നില്ലേ?'' തന്നെ അഭിമുഖം ചെയ്യാനെത്തിയ മാദ്ധ്യമ പ്രവര്ത്തകന് ശേഖര്‍ ഗുപ്തയോട് നരിമാന് ചോദിച്ചു. '' നിങ്ങള്‍ക്കിത് മനസ്സിലാകുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ തലയും കണ്ണുകളും പരിശോധിക്കണം.'' പ്രധാനമന്ത്രി മോദിയോട് പാര്‍ലമെന്റില്‍ പ്രതിപക്ഷ എംപിമാര്‍ താനുന്നയിക്കുന്ന ഈ ചോദ്യം ചോദിക്കണമെന്നും നരിമാന് പറഞ്ഞു: '' ഒരു ഹിന്ദു രാഷ്ട്രത്തിന്റെ തുടക്കമാണോ ഇത്?''
മുറിയിലെ ആനയെ കാണാതെ പോകുന്നതിനെക്കുറിച്ച് താത്വികമായ നിരീക്ഷണങ്ങളുണ്ട്. ആന മുറിയിലിങ്ങനെ നിറഞ്ഞുനില്‍ക്കുകയാണ് , എന്നിട്ടും പലരും അതിനെ കാണുന്നില്ല; അല്ലെങ്കില്‍ കണ്ടില്ലെന്ന് നടിക്കുന്നു. യുപിയിലെ നിയമസഭ തിരഞ്ഞെടുപ്പ് വേദിയില്‍ നിറഞ്ഞ് നില്ക്കുന്ന ആന ഫലി എസ് നരിമാന്റെ ചോദ്യമാണ്. 2017 ല്‍ യോഗിയെന്ന മഠാധിപതിയെ മുഖ്യമന്ത്രിയാക്കിയത് ജനങ്ങളല്ല, ബിജെപിയാണ്. യോഗി അന്ന് ഗൊരക്പുര്‍ എം പിയായിരുന്നു, നിയമസഭാംഗമായിരുന്നില്ല. പക്ഷേ, ഇന്നിപ്പോള്‍ ഗൊരക്പുരില്‍ നിന്ന് യോഗി നിയമസഭയിലേക്ക് മത്സരിക്കുന്നുണ്ട്. ഹിന്ദുത്വ അജണ്ടയുടെ ഇന്ത്യയിലെ ഏറ്റവും ശക്തനായ വക്താവാണ് യോഗി. യോഗിയുടെ അടുത്ത അനുയായികളിലൊരാളായ ഡോക്ടര്‍ രാധാ മോഹന്‍ അഗര്‍വാള്‍ ഒരിക്കല്‍ പരസ്യമായി പ്രഖ്യാപിച്ചത് ഇതാണ്: '' ഗൊരക്പുര്‍ ഹിന്ദു രാഷ്്രടമാണ്. യോഗിജിയാണ് ഇവിടത്തെ പ്രസിഡന്റും പ്രധാനമന്ത്രിയും.'' ഈ അജണ്ട ഉയര്‍ത്തിപ്പിടിച്ചാണ് യോഗി ഇപ്പോള്‍ യുപിയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പോരാട്ടം നയിക്കുന്നത്.
ശേഖര്‍ ഗുപ്തയുമായുള്ള അഭിമുഖത്തില്‍ നരിമാന് മുന്നോട്ടുവെയ്ക്കുന്ന ഗംഭീരമായൊരു നിരീക്ഷണമുണ്ട്. ഭരണഘടനയ്ക്ക് രൂപം നല്കിയ അസംബ്ളിയില്‍ 85 ശതമാനം പേരും ഹിന്ദുക്കളായിരുന്നുവെന്നും രാജ്യത്തിന്റെ പ്രഥമ രാഷ്ട്രപതി ഡോക്ടര്‍ രാജേന്ദ്ര പ്രസാദിനെപ്പോലുള്ള യാഥാസ്ഥിതികരായ ഹിന്ദുക്കളായിരുന്നു അവരില്‍ വലിയൊരു പങ്കെന്നും അങ്ങിനെയുള്ള അസംബ്ളിയാണ് ഇന്ത്യയ്ക്ക് മതേതരത്വത്തിലധിഷ്ഠിതമായ ഭരണഘടന നല്‍കിയതെന്നുമാണ് നരിമാന് ചൂണ്ടിക്കാട്ടിയത്. ഈ ഭരണഘടനയാണിപ്പോള് യുപിയില്‍ യോഗിയുമായി മുഖാമുഖം നില്‍ക്കുന്നത്.
യോഗിയും ഗൊരക്നാഥ് മഠവും

1998 ല്‍ ഗൊരക്പുരില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ യോഗി ആദിത്യനാഥിന് 26 വയസ്സായിരുന്നു പ്രായം. ആ ലോക്സഭയിലെ ബേബിയായിരുന്നു യോഗിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗൊരക്നാഥ് മഠത്തില്‍ യോഗിക്ക് മുമ്പ് മുഖ്യ പുരോഹിതരായിരുന്ന മഹന്ത് അവൈദ്യയും മഹന്ത് ദിഗ്വിജയ്നാഥും ഇതേ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലെത്തിയിട്ടുണ്ട്. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള മഠമാണ് ഗൊരക്പുരിലേത്. പതിനൊന്നാം നൂറ്റാണ്ടില്‍ ഗൊരക്നാഥ് എന്ന സന്യാസിയാണ് ഗൊരക്പുരിലെ മഠത്തിന് രൂപം നല്‍കിയതെന്നാണ് പറയപ്പെടുന്നത്. മത്സ്യേന്ദ്രനാഥ് ആയിരുന്നു ഗൊരക്നാഥിന്റെ ഗുരു. ഗൊരക്നാഥ് പീഠം ജാതിക്കും മതത്തിനും അതീതമായി നിലകൊണ്ടിരുന്ന ഹിന്ദു വിഭാഗമായിരുന്നു എന്നതിന് വ്യക്തമായ സൂചനകളും തെളിവുകളുമുണ്ട്.
സൂഫിസം ഗൊരക്നാഥ് മഠാധിപതികളുടെ ചിന്തയേയയും പ്രവൃത്തികളേയും കാര്യമായി സ്വാധിനിച്ചിരുന്നു. കബീറിന്റെ ശ്ലോകങ്ങള്‍ ഗൊരക്നാഥ് ക്ഷേത്രത്തിന്റെ ചുവരുകളില്‍ ഇടം പിടിച്ചിരുന്നു. ഗൊരക്നാഥിലും പരിസരങ്ങളിലും മുസ്ലിം യോഗികളുടെ എണ്ണം കുറവായിരുന്നില്ല. ഗൊരക്പുരിലെ മുസ്ലിം യോഗികളെക്കുറിച്ചുള്ള ലേഖനത്തില്‍ മാദ്ധ്യമപ്രവര്ത്തകന് മനോജ് സിങ് ഇത്തരത്തിലുള്ള ചില യോഗികളുമായുള്ള സംഭാഷണങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്. അതില്‍ ഒരു മുസ്ലിം യോഗിയുടെ വാക്കുകള്‍ ശ്രദ്ധേയമാണ് : '' ഞങ്ങളുടെ വീടുകളില്‍ ഖുര്‍ആനും രാമായണവും അടുത്തടുത്താണ് സൂക്ഷിച്ചിട്ടുള്ളത്. ഗൊരക്നാഥിന്റെയും അദ്ദേഹത്തിന്റെ ശിഷ്യരായ ഗോപിചന്ദിന്റെയും ഭര്തഹരിയുടെയും കഥകളാണ് ഞങ്ങള്‍ പാടി നടക്കുന്നത്. നേരത്തെ ഞങ്ങള്‍ യോഗികള്‍ മാത്രമായിരുന്നു. ആരും ഞങ്ങളുടെ മതം അന്വേഷിച്ചിരുന്നില്ല. പക്ഷേ, ഇപ്പോള്‍ കാലം വല്ലാതെ മോശമായിരിക്കുന്നു. ആളുകള്‍ ആദ്യം ചോദിക്കുന്നത് ഞങ്ങളുടെ മതമാണ്.''
ഗൊരക്നാഥ് മഠാധിപതിയായിരുന്ന മഹന്ത് ദിഗ്വിജയ്നാഥ് 1937 ല്‍ ഹിന്ദു മഹാസഭയയില് ചേരുന്നതോടെയാണ് ഗൊരക്നാഥ് മഠത്തിന്റെ സ്വഭാവ ഘടനയ്ക്ക് മാറ്റം വരുന്നത്. 1949 ല്‍ ബാബ്രി മസ്ജിദില്‍ രാമ ശില സ്ഥാപിക്കാന്‍ നേതൃത്വം നല്കിയവരില് ദിഗ്വിജയ്നാഥുമുണ്ടായിരുന്നു. ദിഗ്വിജയിന്റെ ശിഷ്യന് മഹന്ത് അവൈദ്യയുടെ നേതൃത്വത്തില്‍ ഗൊരക്നാഥ് മഠം ഒന്നുകൂടി വലത്തേക്ക് ചാഞ്ഞു. മഹന്ത് അവൈദയ്യാണ് യോഗിയെ മഠത്തിന്റെ അധിപനായി അവരോധിച്ചത്. യോഗിയുടെ മുന്നില്‍ രണ്ട് വഴികളുണ്ടായിരുന്നില്ല. ഇന്ത്യയുടെ ഹൃദയ ഭൂമിയില്‍ ഹിന്ദുത്വയുടെ ഏറ്റവും ശക്തനായ വക്താവും പ്രചാരകനുമായി യോഗി മാറുന്ന കാഴ്ചയാണ് യുപി പിന്നീട് കണ്ടത്.
ഗൊരക്പുരില്‍ യോഗി ഒരാളല്ല, ഒരു പ്രസ്ഥാനമാണ്. 2002 ലെ തിരഞ്ഞെടുപ്പില്‍ യോഗി ബിജെപി നേതൃത്വവുമായി രസത്തിലായിരുന്നില്ല. അന്ന് ഗൊരക്പുരിലും പരസിരങ്ങളിലും യോഗിയുടെ നീരസത്തിന്റെ ചൂട് ബിജെപി അറിഞ്ഞു. യോഗിയുടെ പിന്തുണയോടെ മത്സരിച്ച രാധാ മോഹന്‍ അഗര്‍വാള്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ യോഗി പിന്തുണയ്ക്കാതിരുന്ന പല ബിജെപി സ്ഥാനാര്‍ഥികളും പരാജിതരായി. സാധാരണഗതിയില്‍ ഇത്തരത്തിലുള്ള അച്ചടക്കലംഘനങ്ങള്‍ ബിജെപി വെച്ചു പൊറുപ്പിക്കുന്നതല്ല. പക്ഷേ, യോഗി എന്ന ഗൊരക്നാഥ് പീഠാധിപതിയോട് ഉടക്കിയാല്‍ പണി പാളുമെന്ന് ബിജെപി നേതൃത്വത്തിന് ആരും പറഞ്ഞുകൊടുക്കേണ്ടിയിരുന്നില്ല. യോഗി മുഖ്യമന്ത്രിയായതിനെത്തുടര്‍ന്ന് 2018 ല്‍ ഗൊരക്പുര്‍ ലോക്സഭ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി നിലംപരിശായതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം. അന്ന് യോഗി നിര്‍ദ്ദേശിച്ച ആളെയല്ല ബിജെപി അവിടെ സ്ഥാനാര്‍ത്ഥിയാക്കിയത്. യോഗി അറിയാതെ ഗൊരക്പുരില്‍ ഒരീച്ച പോലും പറക്കില്ലെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയുണ്ടെന്ന് ഗൊരക്പുരുകാര് പറയില്ല. '' ഗൊരക്പുരില്‍ താമസിക്കണമെങ്കില്‍ യോഗി , യോഗി എന്ന് വിളിക്കണം'' എന്ന മുദ്രാവാക്യം ഹിന്ദു യുവ വാഹിനിക്കാര്‍ ഉയര്‍ത്തുന്നത് ഈ പരിസരത്തിലാണ്.
യുപിയുടെ പ്രാധാന്യം

2025 ആര്‍എസ്എസ്സിന്റെ ശതാബ്ധി വര്‍ഷമാണ്. മൂന്ന് കൊല്ലങ്ങള്‍ക്കപ്പുറത്ത് സംഘത്തിന് നൂറു വയസ്സാവുമ്പോള്‍ യുപിയിലും കേന്ദ്രത്തിലും ഒരു പോലെ ബിജെപി സര്ക്കാരുണ്ടായിരിക്കണം എന്നത് ആര്‍എസ്എസ്സിന് നിര്‍ബ്ബന്ധമാണ്. ഈ മെഗാ പദ്ധതിയുടെ ഭാഗമായാണ് 2017 ല്‍ യോഗി യുപിയില്‍ മുഖ്യമന്ത്രിയായത്. സംസ്ഥാനത്തെ 20 ശതമാനം വരുന്ന മുസ്ലിം സമുദായത്തില്‍ നിന്ന് ഒരാളെപ്പോലും സ്ഥാനാര്‍ത്ഥിയാക്കേണ്ടതില്ലെന്ന് ബിജെപി പ്രഖ്യാപിച്ചതും ഈ അജണ്ടയുടെ ഭാഗമായിട്ടായിരുന്നു. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുപിയില്‍ ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുണ്ടായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ബിജെപിയുടെ മുഖവും ശബ്ദവും. 403 അംഗ നിയമസഭയില്‍ 312 സീറ്റുകള്‍ എന്ന ഗംഭീര നേട്ടം കൈവരിച്ചപ്പോള്‍ ആര്‍എസ്എസ്സിന്റെ ആശിര്‍വ്വാദത്തോടെ യുപിയില്‍ ബിജെപി യോഗിയെ മുഖ്യമന്ത്രിയാക്കി. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറത്ത് ഇന്നിപ്പോള്‍ എന്തൊക്കെപ്പറഞ്ഞാലും യുപിയില്‍ ബിജെപിയുടെ മുഖം യോഗിയാണ്. ഈ തിരഞ്ഞെടുപ്പില്‍ മോദിയല്ല യോഗിയാണ് യുപിയിലെ നിര്‍ണ്ണായക ഘടകം. ഇതിനുള്ള ബഹുമതി നമ്മള് യോഗിക്ക് കൊടുത്തേ തീരൂ. 1998 മുതല്‍ അഞ്ച് തവണ ലോക്സഭയിലേക്കെത്തിയ പാരമ്പര്യമുണ്ടെങ്കിലും മുഖ്യമന്ത്രിയാവുമ്പോള്‍ യോഗിക്ക് രാഷ്ട്രീയ നിരീക്ഷകര്‍ വലിയ പ്രാധാന്യം കല്പിച്ചിരുന്നില്ല. പക്ഷേ, ഇതാദ്യമായി ഒരു ബിജെപി മുഖ്യമന്ത്രി യുപിയില്‍ അഞ്ച് വര്‍ഷം തികയ്ക്കുന്നത് രാജ്യം കാണുകയാണ്. രാജ്നാഥ് സിങ്ങിനോ കല്ല്യാണ്സിങ്ങിനോ കൈവരിക്കാനാവാതിരുന്ന നേട്ടം.
ബംഗാള്‍ തിരഞ്ഞെടുപ്പിലേറ്റ പ്രഹരം ബിജെപി പ്രതീക്ഷിച്ചതല്ല. യുപിയില്‍ ഒരു തരത്തിലുള്ള അലംഭാവവും അനാസ്ഥയും ഉണ്ടാവരുതെന്ന് ബിജെപിക്ക് നിര്‍ബ്ബന്ധമുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് ജിതിന് പ്രസാദയെ അടര്‍ത്തിയെടുത്തത് ഇതിന്റെ ഭാഗമായാണ്. മുലായത്തിന്റെ മരുമകള്‍ അപര്‍ണ്ണയെ അടര്‍ത്തിയെടുത്തതും വെറുതെയല്ല. 80 സീറ്റുകളുള്ള യുപിക്ക് 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിലുള്ള പ്രാധാന്യം ബിജെപിക്ക് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. 245 അംഗ രാജ്യസഭയില്‍ ബിജെപിക്ക് 97 അംഗങ്ങളാണുള്ളത്. തനിച്ചുള്ള ഭൂരിപക്ഷത്തിന് 26 സീറ്റിന്റെ കുറവ്. യുപിയില്‍ നിന്നുള്ള 31 സീറ്റുകളില്‍ 21 ഉം ബിജെപിയുടെ കൈയ്യിലാണ്. ഈ നിയമസഭ തിരഞ്ഞെടുപ്പില്‍ യുപി കൈവിട്ടുപോയാല്‍ ദേശീയ തലത്തില്‍ അതിന്റെ ഗുരുതരമായ ആദ്യ പ്രത്യാഘാതം രാജ്യസഭയിലായിരിക്കും. ഈ ജൂലായില്‍ യുപിയില്‍ 11 രാജ്യസഭ സീറ്റുകളില്‍ ഒഴിവ് വരും. നിയമസഭയില്‍ ഭൂരിപക്ഷമില്ലെങ്കില്‍ അിതന്റെ പ്രതിഫലനം രാജ്യസഭയിലുണ്ടാവുമെന്നര്ത്ഥം. ഈ വര്‍ഷം നടക്കാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ അനാവശ്യ തലവേദന സൃഷ്ടിക്കാനും യുപി നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിനായേക്കും.അതുകൊണ്ടുതന്നെ യുപിയുടെ കാര്യത്തില്‍ ഒരു റിസ്കിനും ബിജെപിക്കാവില്ല. യുപിയില്‍ ഗുജറാത്ത് ആവര്‍ത്തിക്കാനാണ് യോഗിയും ബിജെപിയും ശ്രമിക്കുന്നത്. 2002 ല്‍ മോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായതിന് ശേഷം പിന്നീടിങ്ങോട്ട് ഗുജറാത്തില്‍ ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടിട്ടില്ല.
കൊറോണയും കര്‍ഷക പ്രതിഷേധവും
പ്രതിപക്ഷമല്ല, കൊറോണയാണ് യോഗിയെ ആദ്യം പിടിച്ച് കുലുക്കിയത്. ഗംഗയില്‍ ഒഴുകി നടന്ന ശവങ്ങള് യോഗിയുടെയും ബിജെപി നേതൃത്വത്തിന്റെയും ഉറക്കം കെടുത്തി. കോവിഡ് 19 എന്ന മഹാമാരിയുടെ രണ്ടാം വ്യാപനത്തില്‍ പകച്ചു നില്ക്കുന്ന യുപി ഭരണകൂടത്തെയാണ് രാജ്യം കണ്ടത്. ഓക്സിജന്‍ ദൗര്‍ല്ലഭ്യതയും ആസ്പത്രി കിടക്കകളുടെ അഭാവവും മരുന്നുകളുടെ ക്ഷാമവും ഒരുപോലെ യോഗി സര്‍ക്കാരിനെ വേട്ടയാടി. ഓക്സിജന്‍ ക്ഷാമത്തെക്കുറിച്ച് പറഞ്ഞാല്‍ ജയിലില്‍ പോകേണ്ടിവരുമെന്ന ഭീഷണി ഭരണകൂടം ഉയര്‍ത്തുന്ന കാഴ്ചയും യുപിയിലുണ്ടായി. ഉറ്റവര്‍ കണ്മുന്നില് ശ്വാസം കിട്ടാതെ പിടഞ്ഞുമരിക്കുന്നതുപോലൊരു ദുരന്തം വേറെയില്ല. ഇതില്‍ നിന്നുടലെടുക്കുന്ന ജന രോഷം നേരിടാന്‍ ഒരു പ്രത്യയശാസ്ത്രത്തിനുമാവില്ല. നിയമസഭ തിരഞ്ഞെടുപ്പിന് ഒമ്പത് മാസങ്ങള്‍ കൂടിയുണ്ടല്ലോ എന്നത് മാത്രമായിരുന്നു അന്ന് യോഗിയുടെ ആശ്വാസം.
ആരോഗ്യ മേഖലയില്‍ തന്റെ സര്‍ക്കാര്‍ നിഷ്ക്രിയമല്ലെന്നാണ് യോഗി ചൂണ്ടിക്കാട്ടുന്നത്. യോഗി അധികാരത്തിലെത്തുമ്പോള്‍ യുപിയില്‍ 12 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളാണുണ്ടായിരുന്നത്. ഇപ്പോള്‍ പുതുതായി 30 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. നോയിഡയില്‍ മെഗാ ഫിലിം സിറ്റി പദ്ധതി , കൂടുതല്‍ വിമാനത്താവളങ്ങള്‍ എന്നിവ യോഗി ഭരണകൂടം ലക്ഷ്യമിടുന്നുണ്ട്. ഭൂമി മാഫിയയ്ക്കെതിരെയുള്ള നടപടികളാണ് യോഗി എടുത്തുകാട്ടുന്ന ഒരു നേട്ടം. 10,90,000 കോടി രൂപയുടെ സമ്പദ് വ്യവസ്ഥ 21,73,000 കോടി രൂപയിലേക്ക് വളര്‍ത്തിയെന്നും യോഗി അവകാശപ്പെടുന്നു. റേഷന്‍ കടകളില്‍ ഇപ്പോള്‍ ഗോതമ്പും അരിയും മാത്രമല്ല പയറ് വര്‍ഗങ്ങളും ഭക്ഷ്യ എണ്ണയും ലഭ്യമാക്കാനും യോഗി സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ട്. വികാസ് ദുബെയെപ്പോലുള്ള മാഫിയ തലവന്മാരെ വെടിവെച്ചുകൊന്ന യുപി പോലീസിന്റെ നടപടികള്‍ തന്റെ സര്‍ക്കാരിന്റെ വിജയങ്ങളാണെന്ന് പ്രഖ്യാപിക്കാന്‍ യോഗിക്ക് ഒരു മടിയുമില്ല. ആന്റി റോമിയോ സ്ക്വാഡുകളും ലൗ ജിഹാദിനെതിരെയുള്ള നിയമവും സിദ്ദിഖ് കാപ്പനെപ്പോലയുള്ള പത്രപ്രവര്‍ത്തകരുടെ ജയില്‍ വാസവും ജനാധിപത്യ സമൂഹത്തിന് അനുചിതമായിരിക്കാം. പക്ഷേ, യുപിയില്‍ ബിജെപിയുടെ വോട്ട് ബാങ്കിനെ പ്രീണിപ്പിച്ചു നിര്‍ത്താന്‍ ഇത്തരം നടപടികള്‍ അനിവാര്യമാണെന്നാണ് യോഗി കരുതുന്നത്.
ഇന്നിപ്പോള്‍ യോഗിയെ അലട്ടുന്നത് കൊറോണയല്ല, കര്‍ഷകരാണ്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ഉയര്‍ത്തിയ പ്രതിഷേധത്തിനിടയിലാണ് ലഖിംപുര്‍ ഖേരിയില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ വാഹനവ്യൂഹം ഇടിച്ച് കര്‍ഷകര്‍ കൊല്ലപ്പെട്ടത്. കര്‍ഷകരുടെ നിലപാട് പടിഞ്ഞാറന്‍ യുപിയില്‍ ബിജെപിക്ക് കാര്യമായ തിരിച്ചടി നല്‍കുമെന്നാണ് എസ്പി നേതാവ് അഖിലേഷ് യാദവ് കണക്ക് കൂട്ടുന്നത്. മുന്‍പ്രധാനമന്ത്രി ചരണ്‍സിങ്ങിന്റെ പേരക്കിടാവ് ജയന്ത് ചൗധരി നയിക്കുന്ന ആര് എല്‍ ഡിയുമായുള്ള കൂട്ടുകെട്ട് കര്‍ഷകരുടെ പിന്തുണ എസ്പി സഖ്യത്തിന് ഉറപ്പാക്കിയിട്ടുണ്ടെന്നും അഖിലേഷ് കരുതുന്നു.
2012 മുതല്‍ 2017 വരെ യുപി ഭരിച്ച ചരിത്രം അഖിലേഷിനുണ്ട്. തന്ത്രശാലിയായ പിതാവിനേയും എതിരേ നിന്ന ബന്ധുക്കളയേും നേരിട്ടാണ് അഖിലേഷ് സമാജ് വാദി പാര്‍ട്ടി കൈപ്പിടിയിലാക്കിയത്. ജാതി സമവാക്യങ്ങളുടെ കളരിയില്‍ ആവനാഴിയിലെ സമസ്ത ആയുധങ്ങളും എടുത്തുകൊണ്ടാണ് ഇക്കുറി അഖിലേഷ് ബിജെപിയേയും യോഗിയേയും നേരിടുന്നത്. ഈ പോരാട്ടം എത്രമാത്രം നിര്‍ണ്ണായകമാണെന്നും ഇവിടെ കാലിടറിയാല്‍ അതിന് നല്‍കേണ്ടി വരുന്ന വില അത്രയേറെ കനത്തതായിരിക്കുമെന്നും അഖിലേഷിനറിയാം. പക്ഷേ, കര്‍ഷക പ്രതിഷേധം ശരിക്കും പ്രയോജനപ്പെടുത്താനാവണമെങ്കില് യുപിയില്‍ പ്രതിപക്ഷം ഒന്നിക്കുക തന്നെ വേണം
ഭിന്നിച്ചു നില്ക്കുന്ന പ്രതിപക്ഷം

പ്രതിപക്ഷത്തിന്റെ ഭിന്നത യോഗിക്ക് നല്കുന്ന സമാശ്വാസം ചില്ലറയല്ല. കോണ്‍ഗ്രസും എസ്പിയും ഒന്നിച്ചായിരുന്നു 2017 ലെ മത്സരം. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ എസ്പിയും ബിഎസ്പിയും ഒന്നിച്ച് നിന്നു. പക്ഷേ, ഫലമുണ്ടായില്ല. ഒന്നിക്കണമെങ്കില്‍ പ്രതിപക്ഷം മൊത്തത്തില്‍ ഒന്നിക്കണം. ബംഗാളില്‍ ഇക്കുറി മമത ബാനര്‍ജിയെ തുണച്ച ഒരു ഘടകം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമാണ്. പക്ഷേ, യുപിയില്‍ 20 ശതമാനം വരുന്ന മുസ്ലിം വോട്ടുകള്‍ക്കായി എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസും ഒവൈസിയുടെ നേതൃത്വത്തിലുള്ള ഭഗിധാരി പരിവര്‍ത്തന്‍ മോര്‍ച്ചയും തമ്മിലടിക്കുമ്പോള്‍ ബിജെപിയുടെ കൂടാരത്തില്‍ ആശങ്കയുടെ കാര്‍മേഘങ്ങള്‍ കുറയുന്നു. യുപിയിലുടനീളം അഖിലേഷിന്റെ റാലികളില്‍ വന്‍ ജനക്കൂട്ടമെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷേ, ഈ ജനക്കൂട്ടം യോഗിയെ വീഴ്ത്തുന്ന വോട്ടായി മാറുമോ എന്നതാണ് ബാക്കിയാവുന്ന ചോദ്യം.
യുപി ഗുജറാത്താക്കുക ബിജെപിക്ക് എളുപ്പമല്ല. ഗുജറാത്തില്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായതിനു ശേഷം ഒരു പുതിയ മദ്ധ്യവര്‍ഗ്ഗം ഉടലെടുത്തിരുന്നു. ഹിന്ദുത്വയുടെ മൂശയില്‍ വാര്‍ത്തെടുത്ത ഈ മദ്ധ്യവര്‍ഗ്ഗമാണ് ഗുജറാത്തില്‍ ബിജെപിയുടെ അധികാരത്തുടര്‍ച്ച സാദ്ധ്യമാക്കിയ നിര്‍ണ്ണായക ഘടകം. ഇങ്ങനെയാരു മദ്ധ്യവര്‍ഗ്ഗം നിലവില്‍ യുപിയില്‍ ഇല്ല. മണ്ഡല് രാഷ്ട്രീയത്തിന്റെ ചൂടും ചൂരും അനുഭവിച്ചിട്ടുള്ളവരാണ് യുപിയിലെ വലിയെിരു വിഭാഗം വോട്ടര്‍മാര്‍. മുസ്ലിങ്ങള്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളെ ലക്ഷ്യമിട്ട് വി പി സിങ് സര്‍ക്കാര്‍ മണ്ഡല് കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കിയ പശ്ചാത്തലത്തിലാണ് 1990 ല്‍ എല്‍ കെ അദ്വാനി രാമജന്മഭൂമിയിലേക്ക് രഥയാത്ര നടത്തിയത്. ജാതിയുടെ ഉള്‍പ്പിരിവുകള്‍ ഹിന്ദുത്വയുടെ വിശാലകുടക്കീഴില് മറയ്ക്കാനുള്ള നീക്കത്തില്‍ ബിജെപി വിജയിച്ചതിന്റെ തെളിവായിരുന്നു 2017 ലെ തിരഞ്ഞെടുപ്പ് ഫലം. പക്ഷേ, അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറത്ത് പിന്നാക്ക സമുദായങ്ങളില്‍ അസ്വസ്ഥതയും പ്രതിഷേധവും ഉടലെടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രജപുത്രരുടെയും ബ്രാഹ്മണരുടെയും അധീശത്വത്തില്‍ നിന്ന് കുതറി മാറാനുള്ള ഈ ശ്രമമാണ് സ്വാമി പ്രസാദ് മൗര്യയെപ്പോലുള്ളവരെ എസ് പി ക്യാമ്പിലെത്തിച്ചിരിക്കുന്നത്.
ഹിന്ദുത്വയുടെ മുന്നേറ്റം

ഗംഗയിലെ ശവങ്ങള്‍ക്കും കര്‍ഷക രോഷത്തിനുമുള്ള പ്രതിവിധി ഹിന്ദുത്വയാണെന്ന് ബിജെപി ഉറച്ചു വിശ്വസിക്കുന്നുണ്ടാവാം.ഗൊരക്നാഥ് മഠത്തിന്റെ തത്വസംഹിതകള്‍ പ്രതിപാദിക്കുന്ന ' ഗൊരക് ബാനി' യിലെ ഒരു സൂക്തം ഇതാണ് : '' ജന്മം കൊണ്ട് ഹിന്ദുവും, കര്‍മ്മം കൊണ്ട് യോഗിയും , ബുദ്ധി കൊണ്ട് മുസ്ലിമുമാണ് ഞാന്‍.'' സഹിഷ്ണുത കൊടി അടയാളമായിരുന്ന ഒരു കാലത്തിന്റെ അടയാളപ്പെടുത്തലാണിത്. ഗൊരക് ബാനിയിലെ ഈ ദര്‍ശനം ഇന്നിപ്പോള്‍ യോഗിയോ ഹിന്ദുത്വ സൈദ്ധാന്തികരോ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നുണ്ടാവില്ല. സാരംഗിയില്‍ രാമായണം പാടി നടക്കുന്ന മുസ്ലിം യോഗികള്‍ യുപിയില്‍ പഴങ്കഥയാവുകയാണ്. അധികാരത്തിന്റെ കോട്ടകള്‍ നിലനിര്‍ത്താന്‍ മതവും വര്‍ഗ്ഗീയതയും ആയുധമാവുമ്പോള്‍ സഹിഷ്ണുതയുടെ സ്ഥാനം പടിക്ക് പുറത്താവുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അത്യധികം നിര്‍ണ്ണായകമായൊരു പരീക്ഷണ വേദിയാവുകയാണ് യുപി. മതേതര ഇന്ത്യ ചങ്കിടിപ്പോടെ ഉറ്റുനോക്കുന്ന പരീക്ഷണം.
വഴിയില്‍ കേട്ടത് : ക്രിപ്റ്റൊ കറന്‍സി ഇടപാടുകളിലെ ലാഭത്തിന്മേല് 30 ശതമാനം നികുതി ചുമത്തുന്നതുകൊണ്ട് സംഗതി നിയമപരമായെന്ന് കരുതരുതെന്ന് കേന്ദ്ര ധന മന്ത്രി നിര്‍മ്മല സീതാരമാന്. 30 ശതമാനം നികുതി കൊടുത്താലും ഇടപാട് നിയമപരമല്ലെങ്കില്‍ പിന്നെ നികുതി കൊടുക്കുന്നതെന്തിനാണ്? നിര്‍മ്മലാജീ , ശരിക്കും ജെഎന്‍യുവില്‍ സാമ്പത്തിക ശാസ്ത്രം തന്നെയാണോ പഠിച്ചത് , അതോ എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സോ?
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..