വളരുമ്പോഴും കണ്ണില്‍ ചോരയില്ലാത്ത കേന്ദ്ര സര്‍ക്കാര്‍ | പ്രതിഭാഷണം


ധനമന്ത്രി നിർമല സീതാരാമൻ ബജറ്റുമായി

കോവിഡ് കാലത്തെ രണ്ടാമത്തെ ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഫെബ്രുവരി ഒന്നിന് ഇന്ത്യയുടെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. 39.45 ലക്ഷം കോടി രൂപയുടെ ബജറ്റാണിത്. കണക്കുകളുടെ വിശദാംശങ്ങളിലേക്കു കടന്നു ചെല്ലാനല്ല ഈ കുറിപ്പില്‍ ആഗ്രഹിക്കുന്നത്. എങ്കിലും, ബജറ്റ് സര്‍ക്കാരിന്റെ ബാലന്‍സ് ഷീറ്റ് ആയതുകൊണ്ട് കണക്കുകളുടെ അകമ്പടിയില്ലാതെ സംസാരിക്കുന്നതും ശരിയല്ല.

കോവിഡ് കാലത്തെ ആദ്യത്തെ ബജറ്റിലെ (20-21) യഥാര്‍ഥ(actuals) കണക്കുകള്‍ ഈ ബജറ്റില്‍ പുറത്തു വന്നപ്പോള്‍ ആ വര്‍ഷം നികുതി വരുമാനമായി ആകെ 16.33 ലക്ഷം കോടി ലഭിച്ചു. ബജറ്റ് എസ്റ്റിമേറ്റില്‍ പ്രതീക്ഷിച്ചത് 17.88 ലക്ഷം കോടി നികുതി കിട്ടും എന്നാണ്. പക്ഷേ, എല്ലാവരേയും അമ്പരിപ്പിച്ചുകൊണ്ട് 20.78 ലക്ഷം കോടി നികുതിയിനത്തില്‍ കിട്ടി. (ഇതില്‍ കേന്ദ്ര വിഹിതം മാത്രം 17.65 ലക്ഷം കോടിയാണ്). നികുതിയിതര വരുമാനവും പ്രതീക്ഷിച്ചതിലധികമാണ്. 2.4 ലക്ഷം കോടി പ്രതീക്ഷിച്ചത് 3.1 ലക്ഷം കോടിയായി. ആകെ വരവ് റവന്യൂ വരവും കടമെടുപ്പും അടക്കം 37.7 ലക്ഷം കോടിയാണ്. സ്വാഭാവികമായും അതുതന്നെയാണ് ആകെ ചെലവും. റവന്യൂ ചെലവുകള്‍ക്ക് മാത്രം 31.67 ലക്ഷം കോടി ചെലവഴിച്ചിട്ടുണ്ട് എന്ന് കാണാം. പലിശ അടയ്ക്കുന്നതിന് 8.13 ലക്ഷം കോടിയും ചെലവിട്ടിരിക്കുന്നു.

വരവ്-ചെലവ് പട്ടികയിലേക്ക് കൂടുതല്‍ പോകുന്നതിന് മുമ്പ് എല്ലാവരും ശ്രദ്ധിക്കാറുളളത് റവന്യൂ കമ്മി എവിടെ നില്‍ക്കുന്നു എന്നുളളതാണ്. റവന്യൂ കമ്മി പ്രതീക്ഷിച്ചതിനേക്കാള്‍ കുറവാണ് ഈ വര്‍ഷം.

ധനക്കമ്മിയുടെ സ്ഥിതിയും അതു തന്നെയാണ് 20-21-ല്‍ ജി.ഡി.പിയുടെ 9.2 ശതമാനം ധനക്കമ്മിയുണ്ടായിരുന്നെങ്കില്‍ ഇന്നത് 6.9 ശതമാനമായി കുറഞ്ഞു.6.8 ആണ് പ്രതീക്ഷിച്ചത്. പ്രൈമറി ഡെഫിസിറ്റും പ്രതീക്ഷിച്ചത് 3.1 ആയിരുന്നു ഒരല്പം കൂടി 3.3 ആയി. പക്ഷേ 20-21-ല്‍ അത് 5.8% ആയിരുന്നു.

ഈ പശ്ചാത്തലത്തിലാണ് അടുത്തവര്‍ഷം(22-23) 22 ലക്ഷം കോടി ടാക്‌സ് ലഭിക്കും എന്ന് ധനമന്ത്രി പറഞ്ഞത്. കടമടക്കം എല്ലാത്തരത്തിലുളള വരവുകളും കൂടി 39.45 ലക്ഷം കോടി ലഭിക്കും. അതുതന്നെയാണ് ബജറ്റിന്റെ അടങ്കല്‍.

തീര്‍ച്ചയായും കേന്ദ്രസര്‍ക്കാര്‍ ഈ മോശമായ കാലത്ത് കോവിഡിന്റെ രണ്ടാം തരംഗത്തിനിടയില്‍ റവന്യൂ വരുമാനം വര്‍ധിപ്പിക്കുകയും റവന്യൂ ഡെഫിസിറ്റ് കുറയ്ക്കുകയും ധനക്കമ്മി കുറയ്ക്കുകയും ചെയ്തു എന്നത് എടുത്തുപറയേണ്ട വസ്തുത തന്നെയാണ്. പക്ഷേ, ബജറ്റ് കണക്കപ്പിളളമാര്‍ക്ക് വായിക്കാനുളള ഒരു പുസ്തകം മാത്രമല്ല. അതിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്. രാഷ്ട്രീയ പ്രാധാന്യമെന്നത് സമൂഹത്തിന്റെ സര്‍വതല സ്പര്‍ശിയായ പ്രതിഭാസമാണ്. വരവ് കുറയുകയും ധനക്കമ്മിയും റവന്യൂക്കമ്മിയും വളരുകയും ചെയ്യുമ്പോള്‍ സാധാരണക്കാരിലേക്ക് നേരിട്ട് പണമെത്തിക്കാന്‍ ബുദ്ധിമുട്ട് ഉണ്ട് എന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കില്‍ അതിനെ അംഗീകരിക്കുന്നവരായിരിക്കും അധികം പേരും. പക്ഷേ ഞെക്കിപ്പിഴിഞ്ഞിട്ടാണെങ്കിലും വരവ് കൂടി, പണപ്പെട്ടിയില്‍ പണം വരുമ്പോള്‍, ഈ ദുരന്തകാലത്ത് സാധാരണക്കാര്‍ പ്രതീക്ഷിക്കുന്നത് ഈ ദുരന്തത്തിന്റെ ഇരകളെ സര്‍ക്കാരിന്റെ പണപ്പെട്ടി സഹായിക്കും എന്നാണ്. പക്ഷേ, ബജറ്റു പ്രസംഗത്തിന്റെ ആദ്യവാചകത്തില്‍ കോവിഡ് ദുരന്തത്തെ കുറിച്ച് പരാമര്‍ശിച്ചു പോയ ധനമന്ത്രി പിന്നെ ആ വിഷയത്തിലേക്ക് തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല.

ബജറ്റിന് തലേ ദിവസം അവതരിപ്പിച്ച എക്കണോമിക് സര്‍വേയിലും ഇത്തരത്തിലുളള ദുരന്തത്തിന്റെ വിശദാംശങ്ങളുമില്ല എന്നതാണ് ശ്രദ്ധേയം. എക്കണോമിക് സര്‍വേ വളരെ വിശദമായി എല്ലാ കാര്യങ്ങളും പറയുന്ന കൂട്ടത്തില്‍ വാക്‌സിനേഷനെ കുറിച്ച് ഏറെ വാചാലമാകുന്നുമുണ്ട്.

വാക്‌സിനേഷന്‍ ഇന്ത്യയില്‍ നന്നായി നടന്നു എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ലോകശരാശരിയോടൊപ്പം ഇന്ത്യ എത്തി(50%). ഒന്നാമത്തെ വാക്‌സിനേഷന്‍ കേരളത്തില്‍ 97 ശതമാനമായപ്പോള്‍ തെലങ്കാനയില്‍ നൂറു ശതമാനമായിരിക്കുന്നു. നല്ല കാര്യം പക്ഷേ, വാക്‌സിനേഷന്‍ വേണ്ടി വന്നത് കോവിഡ് ദുരന്തം വന്നതുകൊണ്ടാണ്. കോവിഡ് ദുരന്തത്തില്‍ എത്ര പേര്‍ മരിച്ചു? ആ മരിച്ച കണക്കുകളുടെ ശരി തെറ്റുകള്‍ എവിടെ?

പത്രമാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്ന 'അധിക മരണ(excess death)ത്തെ'ക്കുറിച്ച് സര്‍ക്കാരിന് എന്താണ് പറയാനുളളത്?ഇത്തരം കാര്യങ്ങളൊന്നും കണ്ടമട്ട് കാണിക്കുന്നില്ല ബജറ്റും എക്കണോമിക് സര്‍വേയും. മരിച്ചവരുടെ എണ്ണത്തെക്കുറിച്ച് ബജറ്റ് നിശബ്ദമാണ്. ജീവന്‍ നഷ്ടപ്പെട്ടവരുടെ കാര്യത്തില്‍ നിശബ്ദത കാണിക്കുമ്പോള്‍ ജീവിതം നഷ്ടപ്പെട്ടവരെ കുറിച്ച് ബജറ്റും എക്കണോമിക് സര്‍വേയും വാചാലമാകുമെന്ന് കരുതുന്നവര്‍ വിഡ്ഢികള്‍ അല്ലേ? അങ്ങനെ ഒന്നും സംഭവിക്കാത്ത മട്ടില്‍ വാക്‌സിനേഷന്‍ എന്നത് വളരെ നിര്‍മമമായ ഒരു പൊതുജനാരോഗ്യ പ്രവര്‍ത്തനം എന്ന നിലയിലാണ് ബജറ്റ് കടന്നുപോകുന്നത്. ഞങ്ങളുടെ പ്രയോരിറ്റി ഇതല്ല എന്ന് ബി.ജെ.പി. ഒരിക്കല്‍ കൂടി പറയുകയാണ് ഈ നിശബ്ദതയിലൂടെ.

നേരിട്ടാര്‍ക്കും ഈ സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് നിങ്ങള്‍ കരുതേണ്ടതില്ല. അതിന് കണ്ണില്‍ ചോരയില്ലായ്മ എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്. അങ്ങനെ വിളിക്കപ്പെടുന്നത് കൊണ്ട് ഒരു ദുഃഖവും ഇന്ത്യയുടെ ഭരണാധികാരികള്‍ക്കില്ല താനും. മറിച്ച് ഒരു 'വികസനമാര്‍ഗം' അവര്‍ തന്നെ കണ്ടുവെച്ചിട്ടുണ്ട്. അതാണ് അടിസ്ഥാന സൗകര്യ വിപുലീകരണം. ബജറ്റിന്റെ ഭാഷയില്‍ 'ഗതി ശക്തി'

ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തിലേക്ക് പണം പമ്പു ചെയ്താല്‍ ഇന്ത്യ താനെ വികസിക്കും എന്ന ബോധ്യത്തില്‍ ആത്മാര്‍ഥമായി മുഴുകിയിരിക്കുകയാണ് ഇന്ത്യാ ഗവണ്‍മെന്റ്. അടിസ്ഥാനസൗകര്യ വികസനം അല്ലെങ്കില്‍ അടിസ്ഥാനസൗകര്യ വിസ്‌ഫോടനം തീര്‍ച്ചയായും നല്ല ഫലങ്ങള്‍ ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയമുളള ഒരാളല്ല ഈ ലേഖകന്‍. പക്ഷേ അതുമാത്രം മതിയോ?

ഇന്ത്യയുടെ വ്യവസായിക മേഖലയിലേക്ക് നാം നോക്കിയാല്‍ കഴിഞ്ഞ ഒന്നു രണ്ട് ദശാബ്ദക്കാലമായി കാണുന്ന ഏറ്റവും പ്രധാനപ്പെട്ട വളര്‍ച്ചാമേഖലയാണ് MSME സെക്ടര്‍.13 കോടി MSME കള്‍ ഇന്ത്യയിലുണ്ട്. അതില്‍ നല്ലൊരു ശതമാനവും മൈക്രോ സ്‌മോള്‍ എന്റര്‍പ്രൈസസ് (MSE)ആണ്. ആ വിഭാഗം പത്രഭാഷയില്‍ പറഞ്ഞാല്‍ തകര്‍ന്നടിഞ്ഞു. അവരോട് ബജറ്റ് പറയുന്നത് നിങ്ങള്‍ക്ക് എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീം ഉണ്ടെന്നാണ്. അതിന്റെ അര്‍ഥം സര്‍ക്കാര്‍ ഗ്യാരണ്ടി നിന്നുകൊണ്ട് വീണ്ടും അവര്‍ക്ക് ലോണെടുക്കാം എന്നുമാത്രമാണ്. എടുത്ത ലോണിന്റെ പലിശ കുറയ്ക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറല്ല എന്നര്‍ഥം. അപ്പോഴാണ് ക്രെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റ് ഫോര്‍ മൈക്രോ ആന്‍ഡ് സ്‌മോള്‍ എന്റര്‍പ്രൈസസ് എന്ന പദ്ധതി കൂടി പ്രഖ്യാപിച്ചിരിക്കുന്നത്. അതിനെയും ആരും എതിര്‍ക്കുന്നില്ല. പക്ഷേ, ആ പദ്ധതിയും കൂടുതല്‍ ലോണ്‍ നല്‍കാം എന്ന വാഗ്ദാനമാണ് മുന്നോട്ടുവെക്കുന്നത്.

ഇനി കാര്‍ഷിക മേഖലയിലേക്ക് നോക്കാം. നമ്മുടെ സമ്പദ്ഘടന കോവിഡ് കാലത്ത് ലോകത്തെ എല്ലാ സമ്പദ്ഘടനയും പോലെ തന്നെ ഏഴു ശതമാനത്തിലധികം ചുരുങ്ങി. കോവിഡിന് മുമ്പുളള കാലഘട്ടത്തില്‍ അഞ്ചു ശതമാനം വളര്‍ച്ചാനിരക്ക് പോലും നമുക്ക് തൃപ്തിയായിരുന്നില്ല. പക്ഷേ, പൂജ്യത്തില്‍നിന്നു താഴേക്കാണ് ലോകത്തെമ്പാടും സമ്പദ്ഘടന കൂപ്പുകുത്തിയത്. അതിനാരും ഇന്ത്യന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തില്ല. പക്ഷേ, ഇന്ന് ഏതാണ്ട് 9 ശതമാനത്തിലേക്ക് സമ്പദ്ഘടന വളരുകയാണ്. അതും അഭിമാനകരമായ കാര്യമാണ്. കോവിഡിന് തൊട്ടുമുമ്പുണ്ടായ അളവിലേക്ക് നമ്മുടെ ജി.ഡി.പി. എത്തുന്നു. നൂറില്‍നിന്നു ഏഴു കുറഞ്ഞ് 93 ആയിടത്തുനിന്ന് നൂറിലേക്ക് തിരിച്ചെത്തുന്നു, അല്ലെങ്കില്‍ 101 ആകുന്നു. നല്ല കാര്യം. പക്ഷേ ഈ തകര്‍ച്ചയുടെ കാലത്തും വളര്‍ച്ച കാണിച്ച ഒരു മേഖലയുണ്ട്. അതു നമ്മുടെ കാര്‍ഷികമേഖലയാണ്, 3.6 ശതമാനം. കാര്‍ഷികമേഖലയിലെ സാമാന്യം നല്ല വളര്‍ച്ചയാണിത്. കാര്‍ഷിക മേഖല നാലുശതമാനത്തിലധികം വളരുന്നത് ഫലത്തില്‍ അപ്രായോഗികമാണ്. അങ്ങനെ തകര്‍ച്ചയുടെ കാലത്തുപോലും നമ്മുടെ തകര്‍ച്ചയുടെ വലിപ്പം കുറച്ച, വളര്‍ച്ചയുണ്ടാക്കി നമുക്ക് ധാന്യങ്ങളും പഴവര്‍ഗങ്ങളും പാലും പഞ്ചസാരയും മത്സ്യവും മാംസവും എല്ലാം ഒരുക്കി തന്ന നമ്മുടെ കര്‍ഷകലക്ഷങ്ങളുടെ അവരുടെ സ്ഥിതിയെന്താണ്? അവര്‍ക്ക് ഗവണ്‍മെന്റ് എന്തെങ്കിലും ആനുകൂല്യങ്ങള്‍ നല്‍കിയോ? ഒരു പാരിതോഷികമായിട്ടെങ്കില്‍ പോലും? ഇല്ല. അവര്‍ക്ക് മുന്‍കാലത്ത് നല്‍കിക്കൊണ്ടിരുന്ന മിനിമം സപ്പോര്‍ട്ട് പ്രൈസ് നല്‍കുന്നുണ്ട്, നല്ല കാര്യം.

ഈ ദുരന്തകാലത്താണ് കാര്‍ഷിക മാരണ നിയമങ്ങള്‍ കൊണ്ടുവന്നതും, കര്‍ഷകരെ അക്ഷരാര്‍ഥത്തില്‍ കണ്ണുനീര്‍ കുടിപ്പിച്ചതും നമുക്കോര്‍മയുണ്ട്. സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയ ട്രാക്ടറുകളുടെ സമീപത്ത് ചെന്നിരുന്ന് കൊടുംതണുപ്പിനോട് പൊരുതിയ പഞ്ചാബിലെ കര്‍ഷകരുടെ ചിത്രം നമ്മുടെ മുന്നിലുണ്ട്. കൊടും തണുപ്പും, കൊടും ചൂടും അനുഭവിച്ച് മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ പഞ്ചാബിലെയും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെയും കര്‍ഷകര്‍ വലിച്ചെറിഞ്ഞു. ആ സമരത്തെ കുറിച്ച് പരാമര്‍ശിച്ചില്ലെങ്കില്‍ പോലും, കര്‍ഷകരെ ഒന്നാശ്വസിപ്പിക്കാന്‍ അവര്‍ക്ക് എന്തെങ്കിലും ഒരു പാരിതോഷികം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

ഇന്ത്യയുടെ മധ്യവര്‍ഗം ലോകത്തെ, പ്രത്യേകിച്ച് യൂറോപ്പിലെ പലരാജ്യങ്ങളുടെ ജനസംഖ്യയേക്കാള്‍ വലുതാണ്. അവര്‍ കാത്തിരുന്നത് ഈ ദുരന്തകാലത്ത് ചെറിയ ആദായനികുതി ഇളവാണ്. അതുണ്ടായില്ല. എത്രയോ വര്‍ഷമായി നിലനില്‍ക്കുന്ന ഇന്‍കംടാക്‌സ് സ്ലാബ് ഒന്നുയര്‍ത്തിയാല്‍ ഇക്കാലത്തുണ്ടായ ആരോഗ്യസംബന്ധമായ ചെലവുകള്‍, മറ്റുപല നഷ്ടങ്ങള്‍ മുതലായവ നികത്താന്‍ അവര്‍ക്ക് സാധിക്കുമായിരുന്നു. എന്നുമാത്രമല്ല അവരാ പണവുമായി മാര്‍ക്കറ്റിലേക്ക് കടന്നുവരുമായിരുന്നു.

അങ്ങനെ ഈ നല്‍കുന്ന എല്ലാ ഇളവുകളും മാര്‍ക്കറ്റിനെ ത്രസിപ്പിക്കുമായിരുന്നു. കര്‍ഷകരും ചെറുകിട വ്യവസായികളും ഇടത്തരക്കാരും അവര്‍ക്ക് ലഭിക്കുന്ന പതിനായിരമോ, ഇരുപ്പത്തയ്യായിരമോ രൂപയുടെ ആനുകൂല്യവുമായി മാര്‍ക്കറ്റിലേക്ക് വരുമ്പോള്‍ വന്‍കിട വ്യവസായികള്‍ അടക്കം ഉല്പാദിപ്പിക്കുന്ന വ്യാവസായിക ഉല്പന്നങ്ങള്‍, അത് തുണിയായാലും സൈക്കിളായാലും റേഡിയോ ആയാലും ടെലിവിഷന്‍ ആയാലും കൂടുതല്‍ വിറ്റഴിക്കപ്പെടുകയും ഇക്കോണമി കൂടുതല്‍ ഉത്തേജിപ്പിക്കപ്പെടുകയും ചെയ്യുമെന്നുളളത് സാമാന്യമായ സാമ്പത്തിക ശാസ്ത്ര തത്വം മാത്രമാണ്.

തൊഴിലുറപ്പ് പദ്ധതിയിലൂടെ കര്‍ഷക തൊഴിലാളികള്‍ക്കും, നടന്നുവലഞ്ഞ് വീണ്ടും നഗരത്തിലേക്ക് തിരിച്ചുപോകുന്ന നിര്‍മാണ തൊഴിലാളികള്‍ക്കും, അവരുടെ കുടുംബങ്ങള്‍ക്കും എന്തെങ്കിലും അധികമായി ചെയ്‌തോ?ചെയ്തില്ല. തൊഴിലുറപ്പ് പദ്ധതിയുടെ തുക ഈ വര്‍ഷം 98,000 ആയിരുന്നുവെങ്കില്‍ അടുത്ത വര്‍ഷം 73,000 മാത്രമാണ്. 20-21 കാലത്ത് കോടിക്കണക്കിന് തൊഴിലാളികള്‍ നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് തിരിച്ചെത്തിയപ്പോള്‍ അത് 1,11,000 ആയി ഉയര്‍ത്തി എന്ന വസ്തുത അംഗീകരിക്കാതെയല്ല ഈ കുറവിനെ വിമര്‍ശിക്കുന്നത്. മറിച്ച് ഗണ്യമായ ഒരു വര്‍ധനവ് തൊഴിലുറപ്പ് പദ്ധതിക്ക് നല്‍കുകയും കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടതുപോലെ നഗരങ്ങളില്‍ക്കൂടി തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുകയും ചെയ്താല്‍ ചെറിയ വാടകവീട്ടില്‍ താമസിക്കുന്ന തൊഴിലാളികള്‍, വാടക കുടിശ്ശിക കൊണ്ട് പൊറുതിമുട്ടുന്ന സാധാരണക്കാര്‍ എന്നിവര്‍ക്കെല്ലാം ആശ്വാസമാകുമായിരുന്നു. പക്ഷേ ഈ ഇക്കണോമിക്‌സ് ബിജെപിക്ക് മനസ്സിലാകില്ല. അവര് ഇപ്പോഴും ഇറ്റിറ്റുവീഴുന്ന ആനുകൂല്യങ്ങള്‍ താഴെത്തട്ടിലുളളവര്‍ എടുത്തുകൊളളട്ടേ എന്ന വാദക്കാരാണ്. ഇതിനെയാണ് പരമ്പരാഗതമായി ട്രിക്ലിങ് ഇഫക്ട് (trickling effect)

വന്‍കിട പദ്ധതികളില്‍ നിന്ന് ഇറ്റിറ്റ് വീഴുന്ന ആനുകൂല്യങ്ങള്‍ കൊണ്ടുവേണം സാധാരണക്കാര്‍ ജീവിക്കാന്‍.ഇത് തികച്ചും തെറ്റായ ജനവിരുദ്ധമായ സമീപനമാണ്. കൂടുതല്‍ തൊഴിലാളികളെ 150 വര്‍ഷം മുമ്പ് മാര്‍ക്‌സിനെ പോലുളളവര്‍ പറഞ്ഞ മിച്ച ജനസംഖ്യയായി തൊഴില്‍ രഹിതരായി നിലനിര്‍ത്തുന്നതിലൂടെ കുറഞ്ഞകൂലിക്ക് പണിക്ക് ആളെ കിട്ടും. സര്‍ക്കാരിന്റെ വലിയ ദേശീയപാതയും റെയില്‍ പദ്ധതികളും നടപ്പാക്കുമ്പോള്‍ തൊഴിലാളികളുടെ ഡിമാന്റ് വര്‍ധിക്കും, കൂലി വര്‍ധിക്കും. അതുകൊണ്ട് അധ്വാനത്തിന്റെ സപ്ലൈ വര്‍ധിക്കണമെങ്കില്‍ അവരുടെ പ്രയാസങ്ങള്‍ വര്‍ധിക്കേണ്ടതായിട്ടുണ്ടെന്ന് കണ്ണില്‍ചോരയില്ലാത്ത സാമ്പത്തിക ശാസ്ത്രഞ്ജന്മാര്‍ 19-ാം നൂറ്റാണ്ടില്‍ പറഞ്ഞുവെച്ചത് 21-ം നൂറ്റാണ്ടിലും നടപ്പാക്കുകയാണോ ബിജെപി എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ വിമര്‍ശിക്കാന്‍ സാധ്യമല്ല.

കാര്‍ഷിക മേഖലയിലും ഗണ്യമായ ഒരു വര്‍ധനവ് വരുത്തിയെന്ന് പറയാനാകില്ല. കൃഷികൊണ്ട് പിടിച്ചുനിന്ന ഇന്ത്യ, കൃഷിയെ ഏറ്റവും കൂടുതല്‍ സഹായിക്കേണ്ട ഘട്ടമായിരുന്നു ഇത്. കേവലമായ ധാന്യ ഉല്പാദനംപോലെ പാല്, മുട്ട, തുടങ്ങിയ ഉല്പന്നങ്ങളുടെ വര്‍ധനവും ഉണ്ടായിരിക്കുന്നു. നേരത്തേ സൂചിപ്പിച്ച എംഎസ്എംഇകള്‍ ഉപയോഗിച്ചുകൊണ്ട് വലിയൊരു കാര്‍ഷിക സംസ്‌കരണ മേഖലയെ നമുക്ക് വളര്‍ത്തിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. അവര്‍ക്കും നേരിട്ട് നല്‍കുന്ന ഒരു സഹായം ബജറ്റില്‍ എവിടെയും കാണാനില്ല.

ഇതിനെല്ലാമുപരി, ഈ ലേഖകനെ അതിശയിപ്പിക്കുന്ന കാര്യം ഒറ്റനോട്ടത്തിലുളള ബജറ്റ് കണക്കുകളില്‍ പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് വേണ്ടിയിട്ടുളള പദ്ധതികള്‍ തുലോം കുറച്ചാണ് അവതരിപ്പിച്ചിട്ടുളളത്. 130 പ്രധാനപ്പെട്ട സ്‌കീമുകള്‍ വായിച്ചാല്‍ അതില്‍ ഏകദേശം15,000 കോടിയുടെ സ്‌കീമാണ് കാണാന്‍ കഴിയുക. അതിലധികമായിരിക്കാം ആകെയുളള നീക്കിയിരിപ്പ്. പക്ഷേ, പ്ലാനിങ് കമ്മിഷന്‍ പിരിച്ചുവിട്ട്, പ്ലാന്‍ ഇല്ലാതായപ്പോള്‍ സബ് പ്ലാനുകള്‍(SCP-TSP)ചിതറിപ്പോയി. മുന്‍കാലത്ത് ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ചെലവുകള്‍ക്ക് രണ്ടിനമുണ്ടായിരുന്നു. അതിനെ പ്ലാന്‍- നോണ്‍പ്ലാന്‍ എന്നാണ് വിളിച്ചുകൊണ്ടിരുന്നത്. അതൊരു സാങ്കേതികത്വമല്ലേയെന്ന് ചില വായനക്കാര്‍ക്കെങ്കിലും തോന്നാം. പക്ഷേ, അല്ല. അതില്‍ ഒരു രാഷ്ട്രീയമുണ്ട്. പദ്ധതിച്ചെലവ് പറയുമ്പോള്‍ അതിന്റെ ഇത്ര ശതമാനം എസ്‌സി-എസ്ടി എന്ന് കണക്ക് കൃത്യമായി പറയാറുണ്ട്. ഇന്ന് ബജറ്റ് രേഖകളില്‍ പട്ടികജാതി-പട്ടികവര്‍ഗത്തിന് വേണ്ടി നീക്കിവെച്ച തുക കൃത്യമായി കണ്ടുപിടിക്കണമെങ്കില്‍ ഒരു കമ്മിറ്റിയെ നിയോഗിക്കേണ്ട സ്ഥിതിയാണ്.

സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് വേണ്ടി ഇന്ദിരാഗാന്ധിയുടെ കാലത്ത് ആരംഭിച്ചതാണ് എസ്‌സി സബ്പ്ലാനും(special component plan)ട്രൈബല്‍ സബ് പ്ലാനും(TSP). ഈ സബ്പ്ലാനുകളാണ് ചിതറിയിരിക്കുന്നത്.​ അതൊന്നു കൂട്ടിച്ചേര്‍ത്ത് പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കുളള ആകെ പദ്ധതികളെ ഒരു അനുബന്ധമായി അവതരിപ്പിക്കാന്‍ പോലും നിര്‍മല സീതാരാമന്‍ ശ്രമിച്ചില്ല എന്നത് ബിജെപി സര്‍ക്കാരിന് ഭൂഷണമല്ല.

ഈ ബജറ്റ് ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്. കോവിഡിന്റെ രണ്ടുവര്‍ഷങ്ങളില്‍ ആദ്യത്തെ വര്‍ഷം ഇന്ത്യയുടെ സമ്പദ്ഘടനയും ഇന്ത്യസര്‍ക്കാരിന്റെ ധനസ്ഥിതിയും നെഗറ്റീവായെങ്കില്‍ രണ്ടാംവര്‍ഷം അതുണ്ടായിട്ടില്ല. സമ്പദ്ഘടനയും(economy)ധനസ്ഥിതിയും (finance)വളരുകയാണ്. പക്ഷേ അങ്ങനെ വളരുമ്പോള്‍ അസമത്വം വളര്‍ന്നാലും ഈ സര്‍ക്കാരിന് അത് ബാധകമല്ല. ഈ സമീപനം മാറിയേ പറ്റൂ. അതിനായി ജനങ്ങളുടെ ശബ്ദം ഉയരുന്നതോടൊപ്പം തന്നെ ഭരണകക്ഷിയില്‍ തെല്ലെങ്കിലും ജനാധിപത്യ ബോധമുളളവരുടെ ശബ്ദമെങ്കിലും ഉയരേണ്ടിയിരിക്കുന്നു.

Content Highlights: Union Budget 2022-23 C P john Column Pratibhashanam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented