പ്രതീക്താത്മക ചിത്രം (Photo: AFP)
ഇന്ത്യയുടെ ജനസംഖ്യ ചൈനയുടെ ജനസംഖ്യയേക്കാള്‍ അധികമാകാന്‍ പോകുന്നു എന്ന വാര്‍ത്ത ഏറെ പ്രാധാന്യമുള്ളതാണ്. ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട ലോക ജനസംഖ്യാ റിപ്പോര്‍ട്ടിലെ കണക്കുകള്‍ പ്രകാരം 2023 മധ്യത്തോടുകൂടി ഇന്ത്യയില്‍ ചൈനയേക്കാള്‍ 29 ലക്ഷം ആളുകള്‍ അധികം ഉണ്ടാകും. 142.86 കോടി ജനങ്ങളാണ് ഇന്ത്യയില്‍ ഉണ്ടാവുകയെങ്കില്‍ ചൈനയില്‍ 142.57 കോടി ജനങ്ങളാണ് ഉണ്ടാവുക എന്ന് കണക്കാക്കപ്പെട്ടുകഴിഞ്ഞു.
ലോകജനസംഖ്യ നവംബര്‍ 2022 ല്‍ തന്നെ 800 കോടി കഴിഞ്ഞിരുന്നു. ഇനി ഇവിടെ നിന്നങ്ങോട്ടുള്ള ലോകജനസംഖ്യാ വര്‍ധനവിന്റെ കാര്യത്തില്‍ ആശങ്കകള്‍ പലയിടത്തും ഉണ്ടെങ്കിലും പൊതുവില്‍ ജനസംഖ്യ കുറയുന്ന ട്രെന്‍ഡാണ് മിക്ക രാജ്യങ്ങളിലും കാണാന്‍ സാധിക്കുന്നത്. ലോക ജനസംഖ്യാ വര്‍ധനവിന്റെ അളവും ഗണ്യമായ തരത്തില്‍ കുറഞ്ഞിരിക്കുന്നു.
ഈ അടുത്തകാലത്തായി വലിയതരത്തില്‍ വര്‍ധിച്ച ജനസംഖ്യയുടെ പകുതിയും എട്ടുരാജ്യങ്ങളില്‍ നിന്നാണ് ഉണ്ടായിട്ടുള്ളത്. അതില്‍ ഇന്ത്യക്ക് പുറമേ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഈജിപ്ത്, എത്യോപ്യ, നൈജീരിയ, പാകിസ്താന്‍, ഫിലിപ്പീന്‍സ്, ടാന്‍സാനിയ എന്നീ രാജ്യങ്ങളാണ് ഉള്‍പ്പെടുന്നത്. ചൈനയാകട്ടേ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതില്‍ തീര്‍ച്ചയായും സന്തോഷത്തിലാണ്.
ചൈനയുടെ വിപ്ലവത്തിന് ശേഷം 1953-ലെ ആദ്യത്തെ സെന്‍സസ് എടുത്തപ്പോള്‍ 53 കോടി ജനങ്ങളേ ചൈനയില്‍ ഉണ്ടായിരുന്നുള്ളൂ. അവിടെ നിന്നങ്ങോട്ട് ജനസംഖ്യാ നിയന്ത്രണം ആവശ്യമാണ് എന്ന് അവര്‍ക്ക് നിര്‍ദേശം കിട്ടിയെങ്കിലും മാവോ സേ തൂങ്ങിന്റെ ധാരണ അനുസരിച്ച് കൂടുതല്‍ ജനങ്ങള്‍ ചൈനയെ കൂടുതല്‍ ശക്തമാക്കും എന്നാണ് കരുതിയിരുന്നത്. പക്ഷേ 1970 ആയപ്പോഴേക്കും ചൈനയില്‍ വലിയ ജനസംഖ്യ വിപ്ലവം തന്നെ നടന്നു. അതിന്റെ ഫലമായി ജനസംഖ്യ നിരക്ക് ഒരു സ്ത്രീക്ക് എത്ര കുട്ടികള്‍ ഉണ്ടെന്ന കണക്കില്‍ ആറായി ഉയര്‍ന്നു. ഒരു സ്ത്രീക്ക് രണ്ട് കുട്ടികള്‍ എന്ന കണക്കിലെത്തുമ്പോഴാണ് ജനസംഖ്യ വര്‍ധിക്കാതെ നില്‍ക്കുക എന്നാണ് സങ്ക്‌ലപം.
ഡെങ് ഷിയോപിങ്ങിന്റെ കാലത്തോടെ ചൈന അതികഠിനമായ ജനസംഖ്യ നിയന്ത്രണത്തിലേക്ക് കടന്നു. രാഷ്ട്രീയമായ അമിതാധികാര ശക്തി ഉപയോഗിച്ചുകൊണ്ട് ഒരു കുട്ടി മതി എന്നതിലേക്കെത്തുകയും കൂടുതല്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ പിഴ ഈടാക്കുമെന്നായി. ഇന്ത്യയുടെ സ്ഥിതിയും സമാനമാണ്. ഇന്ത്യക്കും സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം വലിയതോതില്‍ ജനസംഖ്യാ വര്‍ധനവ് നടന്നു. പലപ്പോഴും രാഷ്ട്രീയമായ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ ബേബി ബൂം ഉണ്ടാകാറുണ്ട്. അതിന്റെ കാരണങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടൊന്നുമില്ല. രണ്ടാംലോക മഹായുദ്ധത്തിന് ശേഷം അമേരിക്കയിലുണ്ടായ ബേബി ബൂമിന്റെ കാരണങ്ങള്‍ എന്താണ് എന്നതിന് കൃത്യമായ വിശദീകരണങ്ങള്‍ ഒന്നുമില്ല. എന്തായാലും സ്വാതന്ത്ര്യം ലഭിച്ച ഇന്ത്യയും ധാരാളം കുഞ്ഞുങ്ങളെ പ്രസവിച്ചു.
1970 ആയപ്പോഴേക്കും ഇന്ത്യയും ഈ വിസ്‌ഫോടനം നിയന്ത്രിച്ചേ മതിയാകൂ എന്നിടത്തേക്ക് വന്നു. അക്കാലത്ത് അധികാരത്തില്‍ ഇരുന്ന ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഐക്യരാഷ്ട്രസഭയുടെ പിന്തുണയോടുകൂടി നടത്തിയ ഇന്ത്യ പോപ്പുലേഷന്‍ പ്രൊജക്ട് ഇന്ത്യയുടെ ദശാബ്ദ വളര്‍ച്ചാനിരക്ക് ഇതിനകം 24ല്‍ നിന്ന് 16 ആയി ചുരുക്കിയിട്ടുണ്ട്. പത്തുവര്‍ഷത്തിനിടയില്‍ ആയിരം പേര്‍ എത്ര പേരായി വളരുന്നു എന്നതാണ് ദശാബ്ദ ജനസംഖ്യാവര്‍ധന കണക്ക്.
ഇക്കാര്യത്തില്‍ കേരളത്തിന്റെ കാര്യവും ശ്രദ്ധേയമാണ്. 1970-ല്‍ ഇന്ത്യയ്ക്ക് ഡെക്കേഡണല്‍ ഗ്രോത്ത് റേറ്റ്(ദശാബ്ദ ജനസംഖ്യാവര്‍ധന കണക്ക്) 24 ആയിരുന്നുവെങ്കില്‍ കേരളത്തില്‍ 27 ആയിരുന്നു. ഇന്ന് കേരളം എത്തിനില്‍ക്കുന്നത് 4.75ല്‍ ആണ്. ഇത് 2011ലെ കണക്കാണ്. 2011-ല്‍ തന്നെ ഇടുക്കി പത്തനംതിട്ട ജില്ലകളില്‍ ഗ്രോത്ത് റേറ്റ് നെഗറ്റീവ് ആയി എന്നുപറഞ്ഞാല്‍ 2001-ല്‍ ആയിരം പേര്‍ ഉണ്ടായിരുന്നത് 997ഉം 998ഉം ആയി ചുരുങ്ങി. ഇന്ത്യയുടെ ജനസംഖ്യ കണക്കെടുപ്പ് ഇനിയും നീണ്ടുപോവുകയാണ്. 2021-ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസ് കോവിഡ് കാരണം മാറ്റിവെച്ചുവെങ്കിലും ഇനിയും അത് നീണ്ടുപോകുന്നത് ശുഭകരമല്ല. ഇപ്പോള്‍ കണക്കെടുപ്പ് നടക്കുകയാണെങ്കില്‍ കേരളത്തിലെ ജനസംഖ്യ പല ജില്ലകളിലും നല്ല തോതില്‍ കുറഞ്ഞിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കേരളം ഏതാണ്ട് ജനസംഖ്യ വര്‍ധിക്കാത്ത ഒരു സംസ്ഥാനമായി മാറിയിട്ടുണ്ട് എന്ന് പൊതുവില്‍ കണക്കാക്കാം. കേരളത്തിലെ ഏറ്റവും വലിയ ജനസംഖ്യാവര്‍ധന നിരക്കുണ്ടായിരുന്ന മലപ്പുറം ജില്ലയിലാണ് വര്‍ധനയുടെ നിരക്കില്‍ ഏറ്റവും കുറവുണ്ടായത്. ഇന്ത്യന്‍ ശരാശരി 16 ആയിരിക്കുമ്പോള്‍ ഗ്രോത്ത് റേറ്റ് 13ലേക്ക് താഴ്ന്നിരുന്നു. പുതിയ കണക്കുകളില്‍ അവിടെ ജനസംഖ്യാ വര്‍ധനാ നിരക്ക് ഗണ്യമായി കുറയും എന്ന കാര്യത്തിലും സംശയമില്ല.
ഇന്ത്യന്‍ ജനസംഖ്യയുടെ വര്‍ധനവിനെ കുറിച്ച് വിശകലനം ചെയ്യുമ്പോള്‍ ഇന്ത്യയെ ഒരൊറ്റ യൂണിറ്റായി കണക്കാക്കാന്‍ സാധ്യമല്ല. ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനങ്ങളില്‍ ജനസംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുന്നത് കൂടുതല്‍ വേഗത്തിലാണ്. ഇപ്പോഴും ഉത്തരേന്ത്യന്‍ സംസ്ഥാനമായ യു.പി.യിലും മറ്റും 2.3 ശതമാനം കണ്ട് വര്‍ധനവ് ഉണ്ട്. ഇത് വലിയ തോതില്‍ യു.പിക്കാരുടെ ജനസംഖ്യ വര്‍ധിപ്പിക്കും. എന്നാല്‍ മഹാരാഷ്ട്രയില്‍ ഇത് 1.7 ആണ്. പഞ്ചാബില്‍ ആകട്ടേ 1.61ഉം. അതായത് ഒരു സ്ത്രീക്ക് രണ്ടുകുട്ടികള്‍ പോലും മഹാരാഷ്ട്രയിലോ പഞ്ചാബിലോ ഉണ്ടാകുന്നില്ല. മറിച്ച് യുപിയില്‍ അത് 2.3 ആണ് താനും.
ജനസംഖ്യ വെറുതെ കൂടുന്നതുകൊണ്ടോ, കുറയുന്നതുകൊണ്ടോ കാര്യമില്ല. ജനസംഖ്യ വളരെ കുറയുന്നത് നല്ലതല്ല. തീര്‍ച്ചയായും ലോകത്തെ പല രാജ്യങ്ങളും ആ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ജനസംഖ്യ കുറച്ച രാജ്യങ്ങളില്‍ ജര്‍മനി-ജപ്പാന്‍-ഫിന്‍ലാന്‍ഡ്-ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ വൃദ്ധന്മാരുടെ ജനസംഖ്യ അളവ് ഏറെ വര്‍ധിച്ചിരിക്കുന്നു. ജപ്പാനില്‍ 30 ശതമാനം പേരും അറുപത് വയസ്സിന് മുകളില്‍ ഉള്ളവരാണ്. ജര്‍മനിയില്‍ ഏതാണ്ട് നാലില്‍ ഒന്നും. ഇത്തരത്തില്‍ മൂന്നിലൊന്നും നാലിലൊന്നും പേര്‍ വൃദ്ധന്മാരാകുന്ന രാജ്യങ്ങള്‍ വൃദ്ധരാജ്യങ്ങള്‍ എന്ന് വിളിക്കപ്പെടാവുന്നതാണ്. അവിടെ കൂടുതല്‍ കുട്ടികള്‍ ജനിച്ചില്ലെങ്കില്‍ ഉദാഹരണത്തിന് ജപ്പാനില്‍ വൃദ്ധന്മാരുടെ ജനസംഖ്യ പകുതിയാവുകയാണ് എന്ന് ദീര്‍ഘകാലത്തില്‍ സങ്ക്‌ലപിച്ചാല്‍, പണിയെടുക്കാന്‍ മറ്റുസ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ എത്തേണ്ടി വരും.
എന്നാല്‍ ജനസംഖ്യ കൂടുമ്പോഴാകട്ടേ ദാരിദ്ര്യത്തില്‍ വര്‍ധനവ് ഉണ്ടാകുന്നു. ജനസംഖ്യ ഒരു പരിധിവരെ നിയന്ത്രിച്ചില്ലായിരുന്നുവെങ്കില്‍ ഇന്ത്യയും ചൈനയും ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് എത്രയോ വര്‍ഷം മുമ്പുതന്നെ ചെന്നുവീഴുമായിരുന്നു. ജനസംഖ്യ കുറഞ്ഞ കാലത്തും ഇന്ത്യയിലും ചൈനയിലും പട്ടിണി ഉണ്ടായിരുന്നത് നമുക്ക് അറിയാം. പേള്‍ എസ് ബക്കിന്റെ 'നല്ല ഭൂമി' എന്ന പ്രസിദ്ധമായ പുസ്തകത്തില്‍ ചൈനയിലെ പട്ടിണിമരണങ്ങളെ കുറിച്ചും പട്ടിണി സൃഷ്ടിച്ച കലാപങ്ങളെ കുറിച്ചും ഹൃദയഭേദകമായി വര്‍ണിച്ചതായി കാണാം.
ഇന്ത്യയിലെ സ്ഥിതിയും മറ്റൊന്നായിരുന്നില്ല. 1943-ല്‍ നമ്മുടെ ജനസംഖ്യ വളരെ കുറവായിരുന്നുവെങ്കിലും ലക്ഷക്കണക്കിന് ആളുകളാണ് ഭക്ഷണം കഴിക്കാതെ പട്ടിണി കിടന്ന് മരിച്ചത്. നാല്‍പതുകളിലുണ്ടായ ബംഗാള്‍ ക്ഷാമം ലോക ജനശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി. ഭക്ഷണ സാധനങ്ങള്‍ ഇല്ലാത്തതുകൊണ്ട് മാത്രമായിരുന്നില്ല ആളുകള്‍ മരിച്ചത്. മറിച്ച് ഇന്ത്യയിലുണ്ടാക്കിയ ഭക്ഷ്യവസ്തുക്കള്‍ ഒന്നും രണ്ടും ലോക മഹായുദ്ധങ്ങള്‍ക്ക് വേണ്ടി യൂറോപ്പിലേക്ക് കയറ്റി അയയ്ക്കുകയും ഇന്ത്യയില്‍ ഉണ്ടായിരുന്ന ഭക്ഷ്യവസ്തുക്കള്‍ തന്നെ ഭരണാധികാരികളുടെ മൗനാനുവാദത്തോടെ പൂഴ്ത്തിവെക്കുകയും ചെയ്തപ്പോഴാണ് ബംഗാളും മറ്റുപ്രദേശങ്ങളും ക്ഷാമത്തില്‍ അകപ്പെട്ടത്. രാജാരവിവര്‍മയുടെ തെരുവിലെ പട്ടിണിക്കാരുടെ ചിത്രം ഓര്‍ത്തെടുക്കാവുന്നതാണ്.
വൃദ്ധ ജനസംഖ്യ കൂടുന്നത് വലിയ പ്രശ്‌നമാണ് എന്നതുപോലെ തന്നെ 10-24 വയസ്സിന് ഇടയിലുള്ളവരുടെ വര്‍ധനവും കേവലമായി ഉണ്ടായതുകൊണ്ട് കാര്യമില്ല. മലാവി എന്ന രാജ്യത്ത് 35ശതമാനം പേരും ഈ വിഭാഗത്തില്‍ പെടുന്നവരാണ്. ദക്ഷിണ സുഡാനിലും സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലും 34 ശതമാനം പേരും 10-24നും ഇടയില്‍ ഉള്ളവരാണ്. പക്ഷേ ഈ രാജ്യങ്ങളില്‍ കാര്യമായ വികസനമില്ല. അതുകൊണ്ട് ചെറുപ്പക്കാര്‍ ഉണ്ടായതുകൊണ്ടുമാത്രം വികസനം ഉണ്ടാകണമെന്നില്ല, അവര്‍ പണി ചെയ്യാന്‍ പ്രാപ്തിയുള്ളവരായിരിക്കണം. വിദ്യാഭ്യാസമുള്ളവരായിരിക്കണം. സര്‍വോപരി ആരോഗ്യമുള്ളവരായിരിക്കണം. ഈ അര്‍ഥത്തില്‍ നോക്കുമ്പോള്‍ ഇന്ത്യയില്‍ 10-24നും ഇടയില്‍ 26 ശതമാനം ആളുകള്‍ ഉളളത് ഒരു അര്‍ഥത്തില്‍ നമ്മുടെ നേട്ടവും മറ്റൊരു അര്‍ഥത്തില്‍ വെല്ലുവിളിയുമാണ് അമേരിക്കയില്‍ 19 ശതമാനംപേര്‍ ചെറുപ്പക്കാരാണ്, ചൈനയില്‍ ആകട്ടേ പതിനെട്ട് ശതമാനം പേരും.
നമുക്ക് ലഭ്യമായ ഈ ഡെമോഗ്രാഫിക് ഡിവിഡന്റ് നാം ഉപയോഗിക്കുമോ എന്നതാണ് ഇന്ത്യയിലെ ജനസംഖ്യാ വിദഗ്ധന്മാര്‍ ചോദിക്കുന്ന സുപ്രധാനമായ ചോദ്യം. ലോകത്തെ വന്‍കിട രാജ്യങ്ങളില്‍ ഏറ്റവും അധികം യുവാക്കള്‍ ഉള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. നാം ചൈനയേക്കാള്‍ ഏറെ മുന്നിലാണ്. ഈ യുവത്വത്തെ എങ്ങനെയാണ് ഉപയോഗിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നത്?
നിശ്ചയമായും ഇന്ത്യയുടെ സാക്ഷരതാ നിരക്ക് കഴിഞ്ഞ മുപ്പതുവര്‍ഷക്കാലത്തിനിടയില്‍ ഇരട്ടിയായിട്ടുണ്ട്. സ്‌കൂളുകളില്‍ കുട്ടികള്‍ ചേരുന്നത് ഏതാണ്ട് നൂറുശതമാനത്തിലേക്കും എത്തി. പക്ഷേ നൂറുശതമാനം കുട്ടികള്‍ സ്‌കൂളില്‍ ചേരുന്നുണ്ടെങ്കിലും കേവലമായ സാക്ഷരതാ നിരക്ക് ഉയര്‍ന്നിട്ടുണ്ടെങ്കിലും വിദ്യാഭ്യാസത്തെ സംബന്ധിച്ച പഠനങ്ങള്‍(ASER)കാണിക്കുന്നത് ആറിലും ഏഴിലും പഠിക്കുന്ന കുട്ടികള്‍ക്ക് പോലും ലളിതമായ ഹരണക്രിയ അറിഞ്ഞുകൂടാ എന്നതാണ്. അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ അറിയുന്നതിനെ സാക്ഷരത എന്നുവിളിക്കാമെങ്കിലും ഭൂരിപക്ഷം കുട്ടികള്‍ക്കും അനായാസമായി ഒരു ചെറിയ പാരഗ്രാഫ് വായിക്കാന്‍ സാധിക്കുന്നില്ലെന്ന് ഈ സംഘടന നടത്തുന്ന സര്‍വേകള്‍ നിരന്തരമായി പറഞ്ഞുതരുന്നുണ്ട്. അതുകൊണ്ട് ഇനിയുള്ള ലക്ഷ്യം കുട്ടികളെ സ്‌കൂളില്‍ എത്തിക്കുക മാത്രമല്ല അവര്‍ക്ക് നല്ല രീതിയില്‍ വായിക്കാനും കണക്കുകള്‍ ചെയ്യാനും ഉള്ള കഴിവുകള്‍ ഉണ്ടാക്കുകയാണ്.
ശാസ്ത്രവിഷയങ്ങളില്‍ കുട്ടികളുടെ നിലവാരം ഏറെ താഴെയാണ്. ശാസ്ത്രവും കണക്കും പഠിക്കാത്ത കുട്ടികള്‍ ധാരാളമായി രാജ്യത്തുണ്ടായതുകൊണ്ട് വലിയ പ്രയോജനം ഉണ്ടാകുമെന്ന് തോന്നുന്നില്ല. സാഹിത്യം, ചരിത്രം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളില്‍ ഗൗരവമായ പഠനങ്ങള്‍ ആവശ്യമുള്ളപ്പോള്‍ തന്നെ പുതിയ ലോകത്ത് ആവശ്യമുള്ളത് അടിസ്ഥാനപരമായ ശാസ്ത്രവിജ്ഞാനവും സാങ്കേതിക പരിജ്ഞാനവും ആണ്. ശാസ്‌ത്രേതര വിഷയങ്ങള്‍ പഠിക്കുന്നവര്‍ക്ക് ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ അവരുടെ വിഷയത്തില്‍പോലും പ്രാവീണ്യമുണ്ടാക്കാന്‍ സാധിക്കണമെന്നില്ല.
അതിലുമധികമാണ് ആരോഗ്യരംഗത്തെ പ്രശ്‌നങ്ങള്‍. ഇന്ത്യ ജനസംഖ്യയില്‍ ഒന്നാമതായി എന്നു പറയുമ്പോള്‍ തന്നെ വയസ്സിന് അനുസരിച്ച് വളരാത്ത കുട്ടികളാണ്, പ്രത്യേകിച്ചും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍, കൂടുതലും ഉള്ളത്. കൃത്യമായ ഭക്ഷണവും പോഷകാഹാരവും ലഭിക്കാത്തതുകൊണ്ട് അവര്‍ക്കുണ്ടാകേണ്ട തൂക്കമോ ഉയരമോ ഉണ്ടാകുന്നില്ല. വളര്‍ച്ചാമുരടിപ്പ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം തുറിച്ചുനോക്കുന്ന യാഥാര്‍ഥ്യമാണ്. പ്രത്യേകിച്ചും ഗ്രാമങ്ങളിലും നഗരങ്ങളിലെ ചേരിപ്രദേശങ്ങളിലും.
ഇതിലും വലിയ മറ്റൊരു പ്രശ്‌നമാണ് ഇന്ത്യയുടെ സാമൂഹികമായ അസമത്വം. ഇന്ത്യയിലെ സാമൂഹിക അസമത്വത്തിന്റെ കണക്ക് അനുസരിച്ച് എങ്ങനെയാണ് ജനസംഖ്യ വിഭജിക്കപ്പെട്ടിരിക്കുന്നത് എന്ന് കൃത്യമായ സെന്‍സസ് റിപ്പോര്‍ട്ടുകള്‍ നമ്മോട് പറയുന്നില്ല. 2011-ലെ ജാതി സെന്‍സസ് പുറത്തുവിടണമെന്ന് എ.ഐ.സി.സി.പ്രസിഡന്റ് മല്ലികാര്‍ജുന ഖാര്‍ഗെ ആവശ്യപ്പെടുന്നത് സ്വാഗതാര്‍ഹമായ കാര്യമാണ്. കാരണം നമ്മുടെ അടിസ്ഥാന വിഭാഗങ്ങള്‍ എന്നറിയപ്പെടുന്ന പിന്നാക്ക ജാതികളില്‍ എന്താണ് ജനസംഖ്യയുടെ അവസ്ഥ എന്നും അവരുടെ ആരോഗ്യവും വിദ്യാഭ്യാസവും എങ്ങനെയാണെന്നും അധികാര കേന്ദ്രങ്ങളില്‍, ശാസ്ത്ര സംബന്ധമായ സ്ഥാപനങ്ങളില്‍ അവരുടെ പങ്കാളിത്തം എന്താണെന്നും സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതുണ്ട്. പിന്നാക്കാവസ്ഥ പരിഹരിക്കേണ്ടതായിട്ടുണ്ട്.
ഐടി സെക്ടര്‍ കഴിഞ്ഞ പതിറ്റാണ്ടുകളില്‍ കുതിച്ചുയര്‍ന്നത് ഇന്ത്യയുടെ വന്‍നേട്ടം തന്നെയാണ്. അടുത്ത വര്‍ഷത്തിലേക്ക് ക്വാണ്ടം കമ്പ്യൂട്ടിങ്ങിന് പോലും വലിയ തുക കേന്ദ്ര സര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുന്നു. 6000 കോടി രൂപയാണ് ക്വാണ്ടം കമ്പ്യൂട്ടറുകള്‍ ഉണ്ടാക്കുന്നതിന് വേണ്ടി മാറ്റിവെച്ചിരിക്കുന്നത് എന്ന് ശാസ്ത്രത്തിന്റെ ചുമതലയുള്ള മന്ത്രി ജിതേന്ദ്ര സിങ് അറിയിക്കുന്നുണ്ട്, പക്ഷേ ഇത്തരത്തില്‍ കമ്പ്യൂട്ടറുകളെ തന്നെ വിപ്ലവകരമായി മുന്നോട്ടുനയിക്കുന്ന ക്വാണ്ടം തത്വം അനുസരിച്ചുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുന്ന കാര്യത്തില്‍ ലോകത്തിലെ വെറും ആറുരാജ്യങ്ങള്‍ക്ക് മാത്രം നേടാന്‍ കഴിഞ്ഞ നേട്ടങ്ങള്‍ ഇന്ത്യ നേടുമ്പോള്‍ തീര്‍ച്ചയായും നമുക്ക് അഭിമാനിക്കാമെങ്കിലും അവിടെയും ഇന്ത്യന്‍ ജനസംഖ്യയുടെ ഏത് സാമൂഹിക വിഭാഗമാണ് ഇത്തരം നേട്ടങ്ങള്‍ സ്വന്തമാക്കുന്നത് അഥവാ എത്തിപ്പിടിക്കുന്നത് എന്ന് പരിശോധിക്കേണ്ടതായിട്ടുണ്ട്.
ജനസംഖ്യ വളരുമ്പോള്‍ ഡിജിറ്റല്‍ ഡിവൈഡ് അടക്കമുള്ള എല്ലാ അസമത്വങ്ങളും കുറയ്ക്കുക എന്നത് നമ്മുടെ മുഖ്യ ലക്ഷ്യമായി മാറേണ്ടിയിരിക്കുന്നു. അങ്ങേയറ്റം അസന്തുലിതമായ ഒരു സമൂഹത്തില്‍ കേവലമായ ജനസംഖ്യാ വര്‍ധനവ് ഉണ്ടാകുമ്പോള്‍ അസമത്വങ്ങള്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങാനേ ഇടവരുത്തൂ.
എന്തായാലും കഴിഞ്ഞ പത്തിരുപത് വര്‍ഷത്തിനിടയില്‍ ഇന്ത്യ നേടിയ നേട്ടങ്ങള്‍ അത്ര ചെറുതല്ല. ഇന്‍ഫ്രാസ്ട്രച്കര്‍ രംഗത്ത് പ്രത്യേകിച്ച് റോഡുകളുടെ കാര്യത്തില്‍ ഇന്ത്യ നേടിയ നേട്ടങ്ങള്‍, റെയില്‍വേ രംഗത്തേക്ക് ഒരുപക്ഷേ മടിച്ചുമടിച്ചാണ് കടന്നുവരുന്നത്. വിമാനയാത്രയുടെ കാര്യത്തില്‍ വലിയ കുതിപ്പ് ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട്. ഇന്ത്യയുടെ മധ്യവര്‍ഗം ലോകത്തെ ഒരു പ്രധാന ഉപഭോഗ വിഭാഗമായി മാറിയിരിക്കുകയാണ്. 142 കോടി ജനങ്ങളില്‍ മൂന്നിലൊന്ന് പേര്‍ സാമാന്യം നല്ല രീതിയില്‍ ജീവിക്കുന്നു എന്ന് പറയുമ്പോള്‍ തന്നെ അമേരിക്കന്‍ ജനസംഖ്യയേക്കാളും അധികം ഇടത്തരക്കാര്‍ ഇന്ത്യയില്‍ ഉണ്ടെന്നും അവരുടെ ഉപഭോഗം ലോകത്തെ ഏറ്റവും വലിയ ഉപഭോഗ പൂള്‍ ആണെന്നും മനസ്സിലാക്കുവാന്‍ എളുപ്പം കഴിയും. അതുകൊണ്ട് അവരെ താലോലിക്കാനും അവരുടെ ഉപഭോകസംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുവാനും അവരുടെ വാങ്ങല്‍ കഴിവില്‍ നിന്ന് ലാഭം കൊയ്യുവാനുമുള്ള പരിഷ്‌കാരങ്ങള്‍ ബഹുരാഷ്ട്ര കമ്പനികള്‍ നടത്തുന്നത് സ്വാഭാവികമാണ്. പക്ഷേ ഇവര്‍ക്കാവശ്യമായ ഉല്പന്നങ്ങള്‍ നിര്‍മിക്കുക എന്നതും ആ നിര്‍മിതിയിലൂടെ സമൂഹത്തിന്റെ എല്ലാകിടയിലുമുള്ള ആളുകള്‍ക്ക് തൊഴിലും അവസരങ്ങളും ഉണ്ടാക്കുക എന്നതും ആകണം ഇന്ത്യയുടെ ലക്ഷ്യം.
ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഭക്ഷണം ഉല്പാദിപ്പിക്കുന്ന കര്‍ഷകന്റെ കാര്യം ജനസംഖ്യാവര്‍ധനവില്‍ എടുത്തുപറയേണ്ടതാണ്. ജനസംഖ്യ വര്‍ധനവ് ഉണ്ടായതിന്റെ ഇരട്ടിയിലധികം ഭക്ഷ്യോല്പാദന വര്‍ധനവ് ഉണ്ടായതാണ് ഇന്ത്യയില്‍ വിസ്‌ഫോടനങ്ങള്‍ ഉണ്ടാകാതിരുന്നതിന്റെ പ്രധാന കാരണം. ഒന്നാം പഞ്ചവത്സര പദ്ധതിയിലും രണ്ടാം പഞ്ചവത്സര പദ്ധതിയിലും പിന്നീട് ഹരിതവിപ്ലവത്തിന്റെ സമയത്തും നാം നടത്തിയ വന്‍കുതിപ്പ് ഇന്ന് 250 ദശലക്ഷം ടണ്ണിലധികം
ധാന്യങ്ങള്‍ ഉല്പാദിപ്പിക്കുന്ന ലോകത്തെ ഒന്നാംകിട രാജ്യങ്ങളിലൊന്നായി ഇന്ത്യയെ മാറ്റിയിരിക്കുന്നു. കോവിഡ് കാലത്തുപോലും പല പാളിച്ചകളും പറ്റിയെങ്കിലും ഭക്ഷ്യ ധാന്യ വിതരണം സാമാന്യം ഭേദമായ തരത്തില്‍ നടന്നതുകൊണ്ട് പട്ടിണി മരണങ്ങള്‍ എവിടെയും റിപ്പോര്‍ട്ട് ചെയ്തില്ല എന്നത് അത്ര നിസ്സാരമായ കാര്യമല്ല. അതുകൊണ്ട് ഭക്ഷ്യോല്പാദനം നടത്തുന്ന കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഇടത്തരക്കാരുടെ പ്രശ്‌നങ്ങളേക്കാള്‍ ഗൗരവമാണ്. അവരുടെ ഉല്പന്നങ്ങള്‍ ഏറ്റെടുക്കുവാനും അവര്‍ക്ക് ന്യായവില നല്‍കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ജനസംഖ്യ വര്‍ധനവിന്റെ കാലത്ത് നാം ശ്രദ്ധിച്ചില്ലെങ്കില്‍ കൃഷിയില്‍ നിന്നും ആളുകള്‍ ഓടിയൊളിക്കും. കൃഷി ചെയ്യാന്‍ ആളെ കിട്ടാതെ വന്നാല്‍ കര്‍ഷകര്‍ മറ്റുമേഖലകളിലേക്ക് പിന്മാറിയാല്‍ ഭക്ഷ്യോല്പന്നങ്ങള്‍ക്കായി ഇതരരാജ്യങ്ങളെ ആശ്രയിക്കുന്നതിലേക്ക് ഇന്ത്യ പോയേക്കാം. പക്ഷേ അതിനുള്ള സാധ്യത വളരെ വിരളമാണ്.
ഏതായാലും ജനസംഖ്യയിലെ ഒന്നാംസ്ഥാനം ഇന്ത്യയെ സംബന്ധിച്ചിടത്തോളം മുഖം കണ്ണാടിയില്‍ നോക്കാനുള്ള കാലമാണ്. ജനസംഖ്യ വര്‍ധിച്ചതില്‍ അഭിമാനിച്ചാല്‍ മാത്രം പോര. നേരത്തേ ചൂണ്ടിക്കാണിച്ചതുപോലെ വിദ്യാഭ്യാസ-ആരോഗ്യ-ശാസ്ത്ര-സാങ്കേതിക മേഖലകളില്‍ മുഴുവന്‍ ജനങ്ങള്‍ക്കും നേട്ടങ്ങള്‍ ഉണ്ടാകണം. അതുപോലെ പ്രധാനമാണ് ക്രമസമാധാന പരിപാലനം. ഇന്ത്യയിലെ ക്രമസമാധാന പരിപാലനത്തിന് നിയോഗിക്കപ്പെട്ട പോലീസ് സംവിധാനം ഏറ്റവും വിമര്‍ശനം ഏറ്റുവാങ്ങുന്ന ഒന്നാണിന്ന്. ജനസംഖ്യ ഇന്നുള്ളതിന്റെ പകുതിയാണെങ്കില്‍ വേണ്ടിയിരുന്ന അത്ര ക്രമസമാധാനപാലന സംവിധാനംപോലും നമുക്കില്ല എന്നതാണ് യാഥാര്‍ഥ്യം. അവിടെയും ശാസ്ത്രീയമായ ഇടപെടലുകള്‍ അനിവാര്യമാണ്. ജനസംഖ്യ വര്‍ധിക്കുന്തോറും വര്‍ധിക്കുന്ന ചീത്തകാര്യമാണ് കുറ്റകൃത്യങ്ങളുടെ എണ്ണം. പ്രത്യേകിച്ചും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളുടെ എണ്ണം. ഇന്ത്യ വികസിച്ചു എന്ന് അഭിമാനത്തോടെ പറയുമ്പോഴും സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു എന്നുപറയുന്നത് തലകുനിക്കേണ്ട അപമാനം തന്നെയാണ്. എന്തായാലും നാം ജനസംഖ്യയില്‍ ഒന്നാമതായി നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ നമ്മുടെ എല്ലാ ശ്രദ്ധയും ജനസംഖ്യയുടെ ഗുണനിലവാരം സംബന്ധിച്ച ചര്‍ച്ചയിലേക്ക് കൊണ്ടുപോകേണ്ടതായിട്ടുണ്ട്. ജനസംഖ്യയുടെ എണ്ണത്തേക്കാളും അതിന്റെ ഗുണമാണ് പ്രധാനം.
ചെറിയ, ജനസംഖ്യ കുറഞ്ഞ, ഒരുകോടിയും അതിലും കുറവും ജനസംഖ്യയുള്ള രാജ്യങ്ങള്‍ നമ്മെ നോക്കി ചിരിക്കുന്ന സാഹചര്യം ഉണ്ടാകരുത്. നമ്മുടെ ഓരോ സംസ്ഥാനത്തെയും അവിടെയുളള ഓരോ ജില്ലയെയും പ്രത്യേകം യൂണിറ്റുകളായി കണ്ടുകൊണ്ട് അവരുടെയെല്ലാം താഴെതട്ടിലുള്ള വികസനവും ജനപരിപാലനവും നടത്താനാണ് ഭരണകൂടം ഈ ഘട്ടത്തില്‍ ജാഗ്രത പാലിക്കേണ്ടത്, ശ്രദ്ധിക്കേണ്ടത്.
Content Highlights: UN Population Report, India's population crosses China's, Prathibhashanam column by CP John
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..