തൃക്കാക്കര മണ്ഡലത്തിലെ ചരിത്ര വിജയത്തിന് ശേഷം യു.ഡി.എഫ് സ്ഥാനാർഥി ഉമാ തോമസ്, വീട്ടിലെ പി.ടി.തോമസിന്റെ ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്ന മുറിയിൽ എത്തിയപ്പോൾ | ഫോട്ടോ: അരുൺ ചന്ദ്രബോസ്
പോള്‍ ചെയ്ത 1,34,238 വോട്ടുകളില്‍ 72,770 വോട്ടുകള്‍ നേടിക്കൊണ്ട് അത്ഭുതകരമായ വിജയമാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഉമാതോമസ് തൃക്കാക്കരയില്‍ നേടിയെടുത്തിരിക്കുന്നത്. 54.2 ശതമാനം വോട്ടുകള്‍ ഉമയ്ക്ക് കിട്ടി എന്നുപറയുമ്പോള്‍ മറ്റെല്ലാ സ്ഥാനാര്‍ഥികളുടെയും വോട്ട് ഒരുമിച്ച് ചേര്‍ത്താലും നല്ല ഭൂരിപക്ഷത്തോടെ ജയിക്കാവുന്ന വോട്ടുകിട്ടി എന്നാണര്‍ഥം.
ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥിയായ ജോ ജോസഫിന് 47,758 വോട്ടുകള്‍, അതായത് 35.57 ശതമാനം വോട്ടാണ് ലഭിച്ചത്. ബിജെപിയാകട്ടേ 12,957 വോട്ടുകൊണ്ട് തൃപ്തിപ്പെട്ടു. 10 ശതമാനം പോലും തികഞ്ഞില്ല. 9.65 ശതമാനത്തില്‍ ബിജെപി ഒതുങ്ങി. 2016-ലെ വോട്ടുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ 59,839 വോട്ടില്‍ നിന്നാണ് 43.8 ശതമാനം വോട്ടോടെ ഇന്ന് ഉമാ തോമസ് ഇത്രയും വലിയ നേട്ടമുണ്ടാക്കിയിട്ടുളളത് എന്നുകാണാം. 10.4 ശതമാനം വോട്ടിന്റെ വര്‍ധനവ് കേവലം ഒരു വര്‍ഷം കൊണ്ട് നേടിയെടുക്കുക എന്നത് ഒരു മുന്നണിയെ സംബന്ധിച്ചിടത്തോളം, ആ മുന്നണിയുടെ സ്ഥാനാര്‍ഥിയെ സംബന്ധിച്ചിടത്തോളം വലിയൊരു നേട്ടം തന്നെയാണ്.
കഴിഞ്ഞ തവണത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥി ജോ ജേക്കബിന് 45,510 വോട്ടാണ് കിട്ടിയതെങ്കില് ഇന്ന് 47,754 വോട്ട് കിട്ടിയെന്ന് ഒരുപക്ഷേ ഇടതുമുന്നണി ഒരു പരാജിതന്റെ ആശ്വാസം പോലെ കരുതുന്നുണ്ടെങ്കില്‍ 2011ലെ തിരഞ്ഞെടപ്പില്‍ സെബാസ്റ്റ്യന്‍ പോളിന് അതേ മണ്ഡലത്തില്‍ 49,000 വോട്ട് കിട്ടിയിരുന്നു എന്ന കാര്യം അവര്‍ വിസ്മരിക്കരുത്. ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കിട്ടിയത് യു.ഡി.എഫിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടാണ്. യു.ഡി.എഫ്. കേരളം ആകെ തൂത്തുവാരിയ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടിനേക്കാള്‍ വെറും 30 വോട്ടിന്റെ വ്യത്യാസം മാത്രമാണ് ഉമാതോമസിന്റെ വോട്ടിനുളളതെന്ന് പറയുമ്പോള്‍ തരംഗസമാനമായ വിജയം ഐക്യജനാധിപത്യ മുന്നണി തൃക്കാക്കരയില്‍ നേടിയെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും.
164 ബൂത്തുകളാണ് തൃക്കാക്കര മണ്ഡലത്തിലുളളത്. തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചില ഉപബൂത്തുകള്‍ കൂടി രൂപീകരിച്ചതോടെ ബൂത്തുകളുടെ എണ്ണം 200-ല്‍ അധികമായിട്ടുണ്ട്. പക്ഷേ ഇതില്‍ കേവലം പതിനൊന്ന് ബൂത്തുകളില്‍ മാത്രമാണ് എല്‍ഡിഎഫിന് ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞത്. കഴിഞ്ഞ തവണ 164 ബൂത്തുകളില്‍ 34 ബൂത്തുകളില്‍ ഇടതുമുന്നണി ലീഡ് നേടിയിരുന്നു. തിരഞ്ഞെടുപ്പ് കണക്കുകളുടെ അളവുകോലുകൊണ്ട് പരിശോധിച്ചാല്‍ ലക്ഷണമൊത്ത വിജയമാണ് ഐക്യജനാധിപത്യ മുന്നണി നേടിയതെന്ന് നിസ്സംശയം പറയാം. ഇടതുമുന്നണിക്കാകട്ടെ ആശ്വസിക്കാനുളള വകുപ്പുകള്‍ പോലും കണക്കുകള്‍ പ്രദാനം ചെയ്യുന്നില്ല. കണക്കുകളില്‍ മാത്രമല്ലല്ലോ തിരഞ്ഞെടുപ്പുകള്‍ വിശകലനം ചെയ്യപ്പെടേണ്ടത്.
ഈ തിരഞ്ഞെടുപ്പ് ആരംഭിക്കുമ്പോള്‍ തന്നെ വികസനവാദികളും വികസനവിരുദ്ധരും തമ്മിലുളള ഏറ്റുമുട്ടലായി മുഖ്യമന്ത്രി മുതലിങ്ങോട്ടുളള നേതാക്കള്‍ പ്രസംഗിച്ചു എന്നുമാത്രമല്ല ഇടതുമുന്നണി അച്ചടിച്ച പോസ്റ്ററില്‍,സ്ഥാനാര്‍ഥിയുടെ പടം ഇല്ലാത്ത സമയത്തുപോലും, സ്ഥാനം പിടിച്ചത് കെ-റെയിലിന്റെ ചിത്രമായിരുന്നു. കാക്കനാടുളള മെട്രോ സ്റ്റേഷനിലേക്ക് വന്നുചേരുന്ന സില്‍വര്‍ലൈന്‍ സ്റ്റേഷന് തൃക്കാക്കരയെ ഒരു ലോകോത്തര കേന്ദ്രമാക്കി മാറ്റും എന്നായിരുന്നു ആദ്യഘട്ടങ്ങളില്‍ ഇടതുമുന്നണി പറഞ്ഞിരുന്നത്. പിന്നീടാണ് വോട്ടര്‍മാര്‍ക്ക് മനസ്സിലായത് കാക്കനാട് സ്റ്റേഷന് ഇനിയും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല പാലാരിവട്ടത്തുനിന്ന് ഏതാനും കിലോമീറ്ററുകള്‍ക്ക് അകലെ കിടക്കുന്ന കാക്കനാട്ടേക്ക് മെട്രോ പണി ആരംഭിച്ചിട്ടേയുളളൂ. ഇല്ലാത്ത മെട്രോയുടെ സ്റ്റേഷനിലേക്കാണ് വല്ലാത്ത സില്‍വര്‍ലൈന്‍ വന്നുചേര്‍ന്നത് എന്നതുകൊണ്ട് അത് ഒരു സങ്കല്പ ട്രെയിന്‍ മാത്രമായി ജനങ്ങള്‍ കരുതിയെങ്കില്‍ അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.
%20(1).jpg?$p=7097432&w=610&q=0.8)
പാരിസ്ഥിതിക പ്രശ്നങ്ങള്‍ അല്പമുണ്ടെങ്കിലും നഗരവാസികള്‍ ഈ വികസനത്തെ പിന്താങ്ങുമെന്ന് ഇടതുമുന്നണി കണക്കുകൂട്ടി. പക്ഷേ അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റായിരുന്നു. ഇത്തരത്തില്‍ ജനങ്ങളെ അടിച്ചോടിച്ചും പോലീസിനെ വിട്ട് ആക്രമിച്ചും ഉണ്ടാക്കുന്ന വികസനം പരിസ്ഥിതിയെ തരിമ്പും പരിഗണിക്കാത്ത വികസനം പ്രളയം കണ്ട നഗരവാസികള്‍ക്കും ഭയമാണ് ഉണ്ടാക്കിയത്. 2018-ല്‍ അണക്കെട്ടുകള്‍ നിറഞ്ഞുകവിഞ്ഞപ്പോള്‍, ആലുവാപ്പുഴ കരകവിഞ്ഞൊഴുകി ഒരിക്കലും വെളളം കയറുകയില്ല എന്ന് കരുതിയ സ്ഥലങ്ങള്‍ പോലും വെളളത്തിനടിയിലായപ്പോള്, ആശുപത്രികള്‍ പോലും മുങ്ങിപ്പോയപ്പോള്‍ ഇനിയും പരിസ്ഥിതിയെ അവഗണിച്ചൂകൂടാ എന്ന പാഠം എറണാകുളം നഗരവാസികള്‍ പഠിച്ചിരുന്നു. ഈ പുതിയ പരിസ്ഥിതി ബോധത്തെ അവഗണിച്ചുകൊണ്ടാണ് സില്‍വര്‍ലൈന്‍ വിഭാവനം ചെയ്തതെന്ന് തൃക്കാക്കരയിലെ തിരഞ്ഞെടുപ്പില്‍ നിന്ന് ഇടതുമുന്നണി പഠിക്കേണ്ടിയിരിക്കുന്നു. വേഗത്തില്‍ പോകാമെന്ന ഒറ്റ വാഗ്ദാനം കൊണ്ട് നേടിയെടുക്കാവുന്നതല്ല കേരളത്തിലെ ജനങ്ങളുടെ മനസ്സെന്ന് ഇടതുമുന്നണി ഇനിയെങ്കിലും മനസ്സിലാക്കണം.
ഇതേകോളത്തില്‍ എഴുതിയതുപോലെ പാരിസ്ഥിതിക ആഘാതമില്ലാതെ പടിഞ്ഞാറന്‍ കേന്ദ്രങ്ങളിലൂടെ ഒരു നല്ല റെയില്‍പാത ഉണ്ടാകുന്നതിനെ ആരും എതിര്‍ക്കുമെന്ന് ലേഖകന്‍ തോന്നുന്നില്ല. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന, വെളളപ്പൊക്കം കൊണ്ട് പൊറുതിമുട്ടുന്ന പ്രദേശങ്ങളില്‍ പെരിയാര്‍, പമ്പ, അച്ചന്‍കോവിലാര്‍ തുടങ്ങിയ തെക്കന്‍കേരളത്തിലെ നദീതടങ്ങളിലൂടെ യാതൊരു ആലോചനയുമില്ലാതെ വന്മതില് പോലുളള സംവിധാനങ്ങള്‍ കെട്ടിപ്പൊക്കിക്കൊണ്ടുളള റെയില്‍ ഉണ്ടാക്കാമെന്ന വാഗ്ദാനവും അതിനുവേണ്ടിയടിച്ച മഞ്ഞക്കുറ്റികളും ഈ ഉപതിരഞ്ഞെപ്പോടെ എന്നന്നേക്കുമായി അപ്രത്യക്ഷമായി എന്നുപറയാം. വികസനം ജനങ്ങളുടെ സമ്മതത്തോടെയാകണം. ജനസമ്മതിയോടുകൂടിയുളള വികസനം ഇവിടെ എതിര്‍ക്കപ്പെട്ടിട്ടില്ല. വിഴിഞ്ഞം തുറമുഖവും കണ്ണൂര്‍ എയര്‍പോര്‍ട്ടും എന്തിന് എറണാകുളത്ത് തന്നെ മെട്രോയും ആളുകള്‍ കൈനീട്ടി സ്വീകരിക്കുകയാണ് ചെയ്തത്. ജനങ്ങളെ ചവിട്ടിമെതിച്ചുകൊണ്ടുളള വികസനത്തിന്റെ മുന്നില്‍ കുനിഞ്ഞു നില്ക്കുന്നതല്ല കേരളത്തിന്റെ ശിരസ്സ് എന്ന് തൃക്കാക്കര നമ്മെ ബോധ്യപ്പെടുത്തിയിരിക്കുന്നു.
ഈ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയവശം കൂടി ചിന്തിക്കേണ്ടതായിട്ടുണ്ട്. പി.ടി.തോമസ് വേറിട്ട് ചിന്തിക്കുകയും വേറിട്ട് ജീവിക്കുകയും ചെയ്ത വ്യത്യസ്തനായ രാഷ്ട്രീയ നേതാവായിരുന്നു. തന്റെ സഹപാഠി ഉമയെ ജീവിതപങ്കാളിയായി കൂടെക്കൂട്ടിയപ്പോള്‍ മതാചാരങ്ങളുടെ വിലക്കുകള്‍ ഉണ്ടായിരുന്നു. പക്ഷേ വിലക്കുകള്‍ ലംഘിച്ചുകൊണ്ട്, ഇരുവരും തങ്ങളുടെ വിശ്വാസങ്ങളുമായി മുന്നോട്ടുപോവുകയെന്ന ഇരുമതങ്ങളിലും വിശ്വസിച്ചുകൊണ്ട് കുടുംബജീവിതം നയിക്കുകയെന്ന തികച്ചും സെക്യുലറായ, മതേതര ജീവിതം നയിച്ച വ്യക്തിയാണ് പി.ടി.തോമസ്. പി.ടി.യുടെ വേര്‍പാട് കേരളത്തിന് തീരാനോവായിരുന്നു. വേര്‍പാടില്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവര്‍ ദുഃഖിതരായിരുന്നുവെങ്കിലും പി.ടി.തോമസിന്റെ ധീരതയ്ക്ക് മുന്നില്‍ അവര്‍ അഭിമാനത്തോടുകൂടിത്തന്നെ തലയുയര്‍ത്തി നിന്നു.
%20(1).jpg?$p=daee2fd&w=610&q=0.8)
പി.ടി.തോമസ് തന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഡിജോ കാപ്പനോട് ഫോണിലൂടെ താന്‍ മരിക്കുകയാണെങ്കില്‍ ശവസംസ്കാരം എങ്ങനെ നടത്തണമെന്ന പറഞ്ഞുവെച്ചിരുന്നു. ഒപ്പിട്ട ഒരു കടലാസും കാപ്പനെ ഏല്‍പ്പിച്ചിരുന്നില്ല തോമസ്. കാപ്പന് ആ സന്ദര്‍ഭത്തില്‍ തോമസിനോട് ചോദിക്കുന്നുണ്ട്, 'ഇതാരോട് പറയണം?'തോമസിന്റ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. 'ഞാന്‍ മരിക്കുന്നില്ലെങ്കില്‍ നമുക്കിത് കളയാം, ഞാന്‍ വെല്ലൂര്‍ ആശുപത്രിയില്‍ കിടന്ന് മരിക്കുകയാണെങ്കില്‍ ഞാനിങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് ഉമയെ അറിയിച്ചാല്‍ ഉമ അത് തീര്‍ച്ചയായും നടപ്പിലാക്കും.'സുഹൃത്തുക്കളുമായി തോമസിനുളള ബന്ധം അളക്കുവാനുളള ആഴം തോമസിന്റെ കുടുംബത്തിനുണ്ടായിരുന്നു. എഴുതി ഒപ്പിട്ട കടലാസുകളും മുദ്രപത്രങ്ങളുമല്ല സൗഹൃദത്തിന്റെ വില അതിലും എത്രയോ വലുതാണ് എന്ന് ആ കുടുംബം മനസ്സിലാക്കിയിരുന്നു. മടിച്ചുമടിച്ചാണെങ്കിലും ഡിജോ കാപ്പന് 'ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീര'മെന്ന വയലാറിന്റെ ഗാനം ആലപിച്ച് തന്നെ യാത്രയാക്കണമെന്ന തോമസിന്റെ ആഗ്രഹം ഉമയോട് പറഞ്ഞു. നിമിഷങ്ങളേ വേണ്ടി വന്നുളളൂ തോമസിന്റെ കുടുംബത്തിനും കോണ്‍ഗ്രസിനും യുഡിഎഫിനും എന്താണോ പി.ടി.യുടെ തീരുമാനം അതുതന്നെ നടപ്പാകട്ടേ എന്നുതീരുമാനിക്കാന്‍.
തോമസിന്റെ വേര്പാടിന് ശേഷം ഉമ സ്ഥാനാര്‍ഥിയായി. മതേതരജീവിതം നയിക്കുന്ന കുടുംബങ്ങളെ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് വിടാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി കാണിച്ച ധൈര്യത്തെ ഞാന്‍ അഭിവാദ്യം ചെയ്യുകയാണ്. സ്വാഭാവികമായും യുഡിഎഫ് സ്ഥാനാര്‍ഥിയായി ഉമ വന്നു. അവിടെ ഉമയുടെ സമുദായത്തിന്റെ വോട്ടുകള്‍ വളരെ കുറവാണെങ്കിലും തോമസിനെ ജനങ്ങള്‍ സ്നേഹിക്കുന്നു തോമസിന്റെ ആഗ്രഹം നിറവേറ്റിയ മതേതര ജീവിതം നയിച്ച വനിതയാണ് ഉമ എന്ന നിലയില്‍ ജനങ്ങള്‍ ഉമയെ വിജയിപ്പിക്കുമെന്ന് ഐക്യജനാധിപത്യമുന്നണി കണക്കുകൂട്ടി. പക്ഷേ, എന്താണ് ഇടതുമുന്നണി ചെയ്തത്?
കമ്യൂണിസ്റ്റ് പാര്‍ട്ടി നയിക്കുന്ന മുന്നണിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി. മതേതര ജീവിതം നയിക്കുകയും വേണ്ടി വന്ന സന്ദര്‍ഭങ്ങളില്‍ പൗരോഹിത്യവുമായി ഇടയുകയും ചെയ്ത തോമസിന്റെ പ്രിയതമ മത്സരിക്കുമ്പോള്‍ തോല്‍പ്പിക്കാന്‍ മതവിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടാകുമെന്ന്, മതവിശ്വാസികള്‍ക്കിടയില്‍ ഉണ്ടാകുമെന്ന് ഇടതുമുന്നണി തെറ്റായി കണക്കുകൂട്ടിയ ദുര്‍ചിന്തകളുടെ പഴത്തൊലിയാണ് എടുത്തെറിഞ്ഞത്. ആ പഴത്തൊലി ഡോക്ടര്‍ ഡോ ജോ ജോസഫായിരുന്നു. ജോ ജോസഫ് നല്ലൊരു കാര്‍ഡിയോളജിസ്റ്റാണ്. പക്ഷേ അദ്ദേഹം ഒരു ബഫൂണിനെ പോലെ ജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. തോമസിനോട് മതവിശ്വാസികള്‍ക്ക് വിരോധമുണ്ടാകുമെന്ന് തെറ്റായ ധാരണയില്‍ പി.രാജീവിനെപ്പോലുളള എറണാകുളത്തെ നേതാക്കന്മാര് ജോ ജോസഫിനെ കെട്ടിയെഴുന്നളളിച്ചു. പക്ഷേ ജനങ്ങള്‍ അതിനെ പുച്ഛിച്ചുതള്ളി. ഞങ്ങളുടെ പി.ടി.പൗരോഹിത്യവുമായി കലഹിച്ചിട്ടുണ്ടെങ്കിലും, പി.ടി. ഒരു മതേതര ജീവിതം നയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം കറകളഞ്ഞ രാഷ്ട്രീയക്കാരനാണ് എന്ന് വിലയിരുത്തുകയും രാഷ്ട്രീയമായി അവര്‍ വോട്ടുചെയ്യുകയും ചെയ്തു. ഇത് കേരള രാഷ്ട്രീയത്തിലെ ഒരു വലിയ കരുതിവെപ്പാണ്. കേരള രാഷ്ട്രീയം മത-ജാതി സങ്കല്പങ്ങളുടെ തടവറയില്‍ മാത്രം കഴിയുന്ന ഒന്നാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ തെറ്റിയിരിക്കുന്നുവെന്ന് ഉമാതോമസ് കേരളത്തോട് തുറന്നുപറഞ്ഞിരിക്കുന്നു. അതിലുപരി തൃക്കാക്കര കേരളത്തിലെ ജനങ്ങള്‍ക്ക് ഉറപ്പ് നല്കിയിരിക്കുന്നു.
.jpg?$p=9f88138&w=610&q=0.8)
അഞ്ചുവര്‍ഷം മുമ്പ് കേരളത്തിലെ പ്രശസ്തയായ ഒരു നടിയെ കൂലിക്കെടുത്ത ചില ഗുണ്ടകള്‍ ആക്രമിച്ച സംഭവവും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഈ തിരഞ്ഞെടുപ്പ് കാലത്ത് കോടതി നടപടികളിലൂടെ മാധ്യമങ്ങളില്‍ ആ വിഷയം വീണ്ടും ചര്‍ച്ച ചെയ്യപ്പെട്ടു. ആ ചര്‍ച്ചകള്‍ക്കിടയിലും അദൃശ്യനായി തോമസ് ഉണ്ടായിരുന്നു. ബലാത്സംഗ പീഡനങ്ങള്‍ക്ക് ഇരയായ പെണ്‍കുട്ടി വിശ്വാസത്തോടെ ഓടിയെത്തിത് പിടിയുടെ അടുക്കലേക്കാണ്. പി.ടി.തോമസ് ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ആ ക്രൂരകൃത്യം ചെയ്യിച്ച വ്യക്തിയുടെ തൊപ്പിയിലെ വികൃതമായ തൂവലായി അത് പരിലസിക്കുമായിരുന്നു. പക്ഷേ പി.ടി. മതേതര ജീവിതം നയിച്ച പോലെ തന്നെ, തന്റെ പാര്‍ട്ടിയെ സ്നേഹിച്ച പോലെ തന്നെ തന്റെ സുഹൃത്തുക്കളെ വിശ്വസിച്ച പോലെ തന്നെ അക്രമിക്കപ്പെട്ട ഒരു പെണ്‍കുട്ടിക്ക് ഓടിവരത്തക്ക തരത്തിലുളള വിശ്വാസം കെട്ടിപ്പടുത്തിരുന്നുവെന്ന് തൃക്കാക്കരയിലെ ജനങ്ങള്‍ക്കറിയാം, കേരളത്തിലെ ജനങ്ങള്‍ക്കറിയാം. അതുകൊണ്ട് നടിയെ ആക്രമിച്ച സംഭവം, അതുമായി ബന്ധപ്പെട്ട് പലരും നടത്തുന്ന ചരടുവലികള്‍, കുറ്റവാളികളെ രക്ഷിക്കാന്‍ നടത്തുന്ന കുതന്ത്രങ്ങള്‍ അതെല്ലാം വിജയിക്കാതിരിക്കണമെങ്കില്‍ ഉമാതോമസ് വിജയിക്കണമെന്ന് തൃക്കാക്കരയിലെ ജനങ്ങള്‍ തീരുമാനിച്ചു.
കോണ്‍ഗ്രസ് വിട്ടുപോയവരെ കുറിച്ചും പരിശോധിക്കേണ്ടതുണ്ട്. കോണ്‍ഗ്രസിന് കഷ്ടകാലം വന്നിരിക്കുന്നു ഇനി രക്ഷയില്ല അതുകൊണ്ട് പല തവണ എം.പിയും എംഎല്‍എ ആയവര്‍ പോലും കെ.വി.തോമസിനെ പോലെ പാര്‍ട്ടി വിട്ടു. പാര്‍ട്ടി വിട്ട കെ.വി.തോമസിനെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ എഴുന്നളളിച്ചു. പാര്‍ട്ടി കോണ്‍ഗ്രസിന്റെ വേദി തന്നെ കെ.വി.തോമസിന്റെ ആഗമനവേദിയായി ചുരുങ്ങി. ഇന്ന് കെ.വി.തോമസ് എവിടെപ്പോയെന്ന് ജനങ്ങള്‍ ചോദിക്കുന്നു. അതിനുശേഷം ചില മുന്കൗണ്സിലര്മാരേയും സിപിഎം ചാക്കിട്ടുപിടിച്ചു. തോമസിന് പാര്‍ട്ടി കോണ്‍ഗ്രസില്‍ കൊണ്ടുപോയതുപോലും തോമസിനെ തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ തോല്പ്പിക്കാനാണെന്ന് വ്യക്തമാണ്. മുഖ്യമന്ത്രി പ്രസംഗിച്ച ജോ ജോസഫിന്റെ കണ്‍വെന്‍ഷനിലെ മുഖ്യാതിഥി തോമസ് തന്നെയായിരുന്നു. പക്ഷേ അവസരവാദികളെയും തൃക്കാക്കര തോല്‍പ്പിച്ചിരിക്കുന്നു.
ഒരു സംശുദ്ധ രാഷ്ട്രീയത്തിന്റെ കേളികൊട്ടാണ് തൃക്കാക്കര. നേരും നെറിയുമുളള രാഷ്ട്രീയം മതേതര ജീവിതം നയിക്കുന്ന രാഷ്ട്രീയ നേതൃത്വം. അതുവളരട്ടേ എന്നതാണ് തൃക്കാക്കരയുടെ സന്ദേശം. സൗഹൃദങ്ങളെ രക്തംപോലെ സൂക്ഷിക്കുകയും ആര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്ന സുഹൃത്തായി തീരുകയും ചെയ്ത പിടി ഇന്ന് ഒരു വലിയ ഇതിഹാസ പുരുഷനായി മാറിയിരിക്കുകയാണ്. 45 വര്‍ഷത്തെ ബന്ധമുണ്ടായിരുന്നു ഈ ലേഖകനും തോമസുമായിട്ട്. എതിര്‍ത്തും അനുകൂലിച്ചും നിരവധി വേദികളില്‍ ഞങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും തോമസ് കേരള രാഷ്ട്രീയത്തിന് നല്കിയ ഒസ്യത്ത് അത് ധീരമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനുളള ഒസ്യത്താണ്. അതിലുപരി തോമസിന്റെ ഒസ്യത്തിന് അംഗീകാരം നല്കിയ തൃക്കാക്കരയിലെ ജനങ്ങള്‍ കേരളത്തിലെ പുരോഗമന രാഷ്ട്രീയത്തിന് ഭാവിയുണ്ടെന്ന് തെളിയിച്ചിരിക്കുന്നു.
പുരോഗമനരാഷ്ട്രീയം ഒരു ലേബലല്ല, മറിച്ച് അത് ഉളളടക്കമാണെന്ന് തൃക്കാക്കര പറയുന്നു. പുരോഗമന രാഷ്ട്രീയത്തിന്റെ പേരുപറയുന്ന ഇടതുമുന്നണി നടത്തിയ വര്‍ഗീയ കാര്ഡുകളിക്കല് അവരെ വ്യാജ ഇടതുപക്ഷത്തിന്റെ പര്യായപദമാക്കി മാറ്റിയിരിക്കുകയാണ്. ഐക്യജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം ഈ വിജയം അതിന്റെ ചരിത്രത്തിലെ നിര്‍ണായകമായ ഒന്നാണ്. വിജയിച്ചില്ലായിരുന്നെങ്കില്‍ ഐക്യജനാധിപത്യ മുന്നണിയുടെ നിലനില്പ് തന്നെ അപകടത്തിലാകുമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. പക്ഷേ ഇന്ന് പുതിയ രാഷ്ട്രീയ സാഹചര്യം ഉണ്ടായിരിക്കുന്നു. കേരള സര്‍ക്കാരും സിപിഎമ്മും തിരുത്തുകയാണ് വേണ്ടത്. യുഡിഎഫും എല്‍ഡിഎഫും എന്ന കേരളത്തിന്റെ രാഷ്ട്രീയ ലക്ഷ്വറി അത് തുടരണം. രണ്ടും മതേതര ക്യാമ്പുകളാണ്. ഒന്ന് മറ്റൊന്നിനെ തോല്പിച്ചുകൊണ്ട് മുന്നോട്ടുപോകാറുണ്ടെങ്കിലും ഒന്ന് മറ്റൊന്നിനെ നശിപ്പിച്ചുകൊണ്ടാകരുത് മുന്നോട്ടുപോകേണ്ടതെന്ന് തൃക്കാക്കര ഒാര്‍മിപ്പിക്കുന്നു.
കേരളത്തില്‍ മറ്റുപല വര്‍ഗീയശക്തികളും ഈ കാലഘട്ടത്തില്‍ അഴിഞ്ഞാട്ടം നടത്തുകയും കേരള രാഷ്ട്രീയത്തെ പരസ്പരം പങ്കിട്ടെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഈ അന്തരീക്ഷത്തില്‍ അതുവേണ്ട, കേരളത്തിലെ യുഡിഎഫ് -എല്‍ഡിഎഫ് ദ്വന്ദ രാഷ്ട്രീയം തന്നെയാണ് നല്ലതെന്ന യുക്തിസഹമായ തൃക്കാക്കരയിലെ വോട്ടര്‍മാരുടെ വിധിയെഴുത്തിനെ നമുക്ക് സ്വാഗതം ചെയ്യാം. ഐക്യജനാധിപത്യ മുന്നണിയും ഈ വിധിയെ വിനയത്തോടുകൂടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് നന്നായി. വിനയത്തോടെ സ്വീകരിക്കുകയും മുന്നണി വിപുലമാക്കുകയും ഒപ്പം തന്നെ ആധുനിക കേരളത്തിന് ആവശ്യമായ ഒരു വലിയ വികസന ബദല്‍ മുന്നോട്ടുവെക്കുകയും ചെയ്യേണ്ടത് ഐക്യജനാധിപത്യ മുന്നണിയുടെ കടമയാണ്. അത് ആ മുന്നണി നിര്‍വഹിക്കുക തന്നെ ചെയ്യും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..