തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന ബിജെപി അണികൾ
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ശ്രദ്ധിക്കപ്പെട്ടത് വളരെ ചുരുക്കം സന്ദര്‍ഭങ്ങളില്‍ മാത്രമാണ്. മൂന്നു സംസ്ഥാനങ്ങള്‍, 42ലക്ഷം ജനസംഖ്യയുളള ത്രിപുരയും 22 ലക്ഷം ജനസംഖ്യയുളള നാഗലാന്‍ഡും 30 ലക്ഷം ജനസംഖ്യയുളള മേഘാലയും തിരഞ്ഞെടുപ്പുകളിലേക്ക് കടന്നുചെന്നപ്പോള്‍ ഇന്ത്യ ഉറ്റുനോക്കിയത് മൂന്നിടത്തും ബി.ജെ.പി. എങ്ങനെ തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന ചോദ്യമുന്നയിച്ചു കൊണ്ടാണ്.
പൊതുവില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഗോത്രവര്‍ഗത്തിലധിഷ്ഠിതമായ ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളാണ്, ത്രിപുര വ്യത്യസ്താണെങ്കിലും. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്ന മൂന്നു സംസ്ഥാനങ്ങളിലും കൂടി ഒരു കോടിയില്‍ താഴെ ജനങ്ങള്‍ മാത്രമേ താമസിക്കുന്നുളളൂ. ത്രിപുരയിലും മേഘാലയിലും രണ്ടു സീറ്റും നാഗാലാന്‍ഡില്‍ ഒരു സീറ്റുമടക്കം അഞ്ച് ലോക്‌സഭാ സീറ്റുകളാണ് മൂന്നിടത്തും കൂടിയുളളത്. പക്ഷേ, ജനസംഖ്യയിലും അതുകൊണ്ടുതന്നെ പാര്‍ലമെന്റ് അംഗത്വത്തിലുമുളള കുറവ് അവരുടെ രാഷ്ട്രീയ പ്രാധാന്യമൊട്ടും കുറയ്ക്കുന്നില്ല. ജനാധിപത്യത്തിന്റെ മാറ്റുരയ്ക്കുന്ന ലോകത്തിലെ തന്നെ ഗോത്രവര്‍ഗ സംസ്‌കാരം ഉള്‍ക്കൊളളുന്ന പ്രദേശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് നമ്മുടെ വടക്കു കിഴക്കന്‍ മേഖല.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടുകൂടി ബി.ജെ.പിക്ക് ആശ്വസിക്കാനും സന്തോഷിക്കാനുമുളള വകയുണ്ടായി എന്നതാണ് യാഥാര്‍ഥ്യം. ത്രിപുര കഴിഞ്ഞ തവണ ബി.ജെ.പി. പതിറ്റാണ്ടുകള്‍ ആ സംസ്ഥാനം ഭരിച്ച സി.പി.എമ്മില്‍നിന്ന് പിടിച്ചെടുത്തതാണ്. ഇത്തവണ ത്രിപുരയില്‍ സി.പി.എമ്മിന്റെ ആജന്മശത്രുക്കളായിരുന്ന കോണ്‍ഗ്രസുമായി സി.പി.എം. ചേര്‍ന്നു മത്സരിച്ചതുകൊണ്ട് ബി.ജെ.പിക്ക് കടുത്ത വെല്ലുവിളിയുണ്ടാകും എന്നുതന്നെയാണ് കരുതിയത്. അവരുടെ വോട്ടിങ് ഷെയര്‍ കഴിഞ്ഞതവണത്തെ 45-ല്‍ നിന്ന് 39-ലേക്ക് താണുപോയി. എന്നാല്‍, സി.പി.എം.- കോണ്‍ഗ്രസ് സഖ്യത്തിന്റെ വോട്ടിങ് ശതമാനവും 45-ല്‍ നിന്ന് 35-ലേക്ക് താഴ്ന്നു. രണ്ടുപേരുടെയും ഈ കുറവ് അപഹരിച്ചെടുത്തത് തിപ്രമോദ പാര്‍ട്ടി എന്ന ഗോത്രവര്‍ഗ സംസ്ഥാനം തിപ്രലാന്‍ഡ് വേണമെന്ന് ആവശ്യപ്പെടുന്ന പുതിയ കക്ഷിയാണ്. അവരുടെ കന്നി അങ്കമാണ് ഇത്. ഈ പുതിയ പാര്‍ട്ടിക്ക് 20% വോട്ടുകിട്ടി. ചുരുക്കിപ്പറഞ്ഞാല്‍, ബി.ജെ.പിക്കെതിരായ പ്രതിപക്ഷ വോട്ടുകള്‍ എല്ലാം ചേര്‍ത്താല്‍ ഏതാണ്ട് 60% വരും. പക്ഷേ, ബി.ജെ.പിയും അവരുടെ ചെറിയ സഖ്യകക്ഷിയായ പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയും 33 സീറ്റ് നേടി ഭൂരിപക്ഷത്തിലെത്തി. ഐ.പി.എഫ്.ടിക്ക് ഒരു സീറ്റാണ് ലഭിച്ചത്.
സി.പി.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും യോജിപ്പ് ഏറെ ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ തവണ16 സീറ്റുണ്ടായിരുന്ന സി.പി.എമ്മിന് അത് 11 ആയി കുറഞ്ഞു. കോണ്‍ഗ്രസ് പൂജ്യത്തില്‍നിന്ന് മൂന്നിലേക്ക് പതുക്കെ കയറി. തിപ്രമോദ പാര്‍ട്ടിയാവട്ടേ പ്രതിപക്ഷത്തെ ഏറ്റവും വലിയകക്ഷിയായി പതിമൂന്ന് സീറ്റിലും എത്തി. ത്രിപുര തിരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി. എന്തിന്, തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി. ആസ്ഥാനത്ത് നരേന്ദ്ര മോദിക്ക് സ്വീകരണം നല്‍കിയപ്പോള്‍ കേരളത്തിലും ബി.ജെ.പി. വരുമെന്നു പറയാനാണ് ത്രിപുരയിലെ ബി.ജെ.പി. വിജയത്തെ പ്രധാനമന്ത്രി ഉപയോഗിച്ചത്. അതുകൊണ്ടുതന്നെ ത്രിപുര തിരഞ്ഞെടുപ്പ് ദേശീയ തലത്തിലും പ്രത്യേകിച്ച് കേരളത്തിലും വലിയ ചര്‍ച്ചാവിഷയമായതില്‍ അത്ഭുതമില്ല.
വാസ്തവത്തില്‍ കോണ്‍ഗ്രസ്- സി.പി.എം. സഖ്യം ഒരു പരാജയമായിരുന്നോ? അല്ല എന്നാണ് ഈ ലേഖകന്റെ അഭിപ്രായം. കഴിഞ്ഞ തവണ അധികാരത്തിലിരിക്കുമ്പോഴാണ് 60 സീറ്റില്‍ 16 സീറ്റായി സി.പി.എം. കുത്തനെ ഇടിഞ്ഞുതഴെ വീണത്. അതിനുശേഷം സി.പി.എമ്മിന് അവിടെ പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി. ഏതാനും ദിവസങ്ങള്‍ക്കകം ത്രിപുരയുടെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ലെനിന്റെ പ്രതിമ ബി.ജെ.പി. പ്രധാനികള്‍ അടിച്ചുതകര്‍ത്തു. സി.എം.പി. അടക്കമുളള പാര്‍ട്ടികള്‍ ഉള്‍ക്കൊളളുന്ന കമ്യൂണിസ്റ്റ് കോണ്‍ഫെഡറേഷന്റെ ഭാരവാഹി എന്ന നിലയില്‍ ഈ ലേഖകന്‍ അവിടം സന്ദര്‍ശിച്ചിരുന്നു.
അഗര്‍ത്തലയില്‍നിന്ന് 180 കിലോ മീറ്ററിലധികം സഞ്ചരിച്ചപ്പോള്‍ ഡസന്‍ കണക്കിന് സി.പി.എം. ഓഫീസുകളാണ് ബി.ജെ.പി. ബലംപ്രയോഗിച്ച് പിടിച്ചെടുത്തത് കാണാന്‍ കഴിഞ്ഞത്. തിരഞ്ഞെടുപ്പ് പോലും മാറ്റിവെച്ച സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനം ഒരു പൊതുയോഗത്തോടും പ്രകടനത്തോടും കൂടി നടത്താനുളള ശേഷി പോലും സി.പി.എമ്മിന് പോലും നഷ്ടപ്പെട്ടു. സി.പി.എം. നാമാവശേഷമാകും എന്നാണ് കരുതിയതെങ്കില്‍ കോണ്‍ഗ്രസുമായിട്ടുളള യോജിപ്പോടെ മാന്യമായ ഒരു പരാജയം സി.പി.എമ്മിന് ലഭിച്ചു എന്നേ പറയാന്‍ ആകൂ.
കോണ്‍ഗ്രസിനും നേട്ടമുണ്ടായി. കഴിഞ്ഞ തവണ പൂജ്യമായിരുന്നത് സി.പി.എമ്മിനൊപ്പം ചേര്‍ന്ന് മൂന്നായി ഉയര്‍ത്തി. സിപിഎം പൂജ്യത്തില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു. ബിജെപിയും ഒന്ന് പരിഭ്രമിച്ചെങ്കിലും ഉത്തരേന്ത്യയില്‍ പലയിടത്തും അവര്‍ ചെയ്യുന്ന തന്ത്രം അതായത് പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കുക എന്ന തന്ത്രം ത്രിപുരയിലും എടുത്ത് പ്രയോഗിച്ചു. ബി.ജെ.പിയോട് പ്രത്യക്ഷത്തില്‍ എതിരായി തോന്നുന്ന തിപ്രമോദ പാര്‍ട്ടി ഫലത്തില്‍ അവരെ പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചുകൊണ്ട് സഹായിക്കുകയാണ് ചെയ്തത് എന്നത് കണക്കുകളില്‍നിന്ന് വ്യക്തമാണ്. ആ പാര്‍ട്ടി പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരിക കൂടി ചെയ്തപ്പോള്‍ ത്രിപുരയില്‍ തല്ക്കാലം ബി.ജെ.പി. തൃപ്തികരമായ രാഷ്ട്രീയ സ്ഥിതിയില്‍ എത്തിയിരിക്കുകയാണ്.
മേഘാലയിലേക്ക് എത്തിയാല്‍ അവിടെ സ്ഥിതി വ്യത്യസ്തമാണ്. ആര്‍ക്കും ഭൂരിപക്ഷമില്ല. മുന്‍തിരഞ്ഞെടുപ്പുകളിലും അങ്ങനെ ആയിരുന്നു. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എന്ന തികച്ചും മേഘാലയ സ്വഭാവമുളള പാര്‍ട്ടിക്ക് കഴിഞ്ഞ തവണ 20 സീറ്റുണ്ടായിരുന്നത് 26 സീറ്റായി ഉയര്‍ത്താന്‍ കഴിഞ്ഞെങ്കിലും ഭൂരിപക്ഷത്തിന് അഞ്ചു സീറ്റിന്റെ കുറവുണ്ട്. അതില്‍ രണ്ടു സീറ്റ് ബി.ജെ.പിയുടെ വക പിന്തുണയായി ലഭിച്ചുകഴിഞ്ഞു ഇനി മൂന്നു സീറ്റിന്റെ കുറവു മാത്രമേ ഉളളൂ. അത് പരിഹരിക്കാന്‍ നിരവധി ചെറിയ പാര്‍ട്ടികള്‍ വിജയിച്ചിട്ടുണ്ട്.
വോയ്‌സ് ഓഫ് ദ പീപ്പിള്‍സ് പാര്‍ട്ടിക്ക് നാല് സീറ്റുണ്ട്. ഹില്‍സ്റ്റേറ്റ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് രണ്ടു സീറ്റുണ്ട്. ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസിന് സീറ്റ് ഒന്നുമുണ്ടായിരുന്നില്ലെങ്കില്‍ അത് അഞ്ചായി ഉയര്‍ന്നു. ത്രിണമൂല്‍ കോണ്‍ഗ്രസ് ആദ്യമായി അക്കൗണ്ട് തുറന്നു. കോണ്‍ഗ്രസിന്റെ കാര്യം വളരെ ശ്രദ്ധേയമാണ്. കോണ്‍ഗ്രസിന്റെ കഴിഞ്ഞ നിയമസഭയിലെ 21 എം.എല്‍.എമാരും വിവിധ പാര്‍ട്ടികളിലായി ചിന്നിച്ചിതറിപോയി. പക്ഷേ, കോണ്‍ഗ്രസ് അവരുടെ സാന്നിധ്യം തിരിച്ചുകൊണ്ടുവന്നുഎന്നത് ഒരു ആശ്വാസമായി മാത്രം കാണാം. വിജയത്തിനടുത്തൊന്നും എത്തിയില്ലെങ്കില്‍ പോലും.
നാഗാലാന്‍ഡിലെ തിരഞ്ഞെടുപ്പില്‍ നാഷണല്‍ ഡെമോക്രാറ്റീവ് പ്രോഗ്രസീവ് പാര്‍ട്ടി ഒന്നാം കക്ഷിയായി. അവര്‍ 18 സീറ്റ് 25 സീറ്റായി വര്‍ധിപ്പിക്കുകയും ചെയ്തു. ബി.ജെ.പിക്ക് 12 സീറ്റ് ലഭിച്ചപ്പോൾ എന്‍.ഡി.പി.പി.- ബി.ജെ.പി. സഖ്യത്തിന് ഭൂരിപക്ഷമായി. ആകെ 60 സീറ്റാണ് നാഗാലാന്‍ഡിലുമുളളത്. എന്‍.സി.പി. അതിന്റെ സാന്നിധ്യം ഉറപ്പിച്ചു. സീറ്റൊന്നുമില്ലാതിരുന്ന എന്‍.സി.പിക്ക് ഇത്തവണ ഏഴു സീറ്റ് കിട്ടി. ലോകജനശക്തി രണ്ടു സീറ്റിലും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി അഞ്ചു സീറ്റിലും വിജയിച്ചപ്പോള്‍ ജനതാദള്‍ യുവിന് ഒരു സീറ്റും നാഗാ പീപ്പിള്‍സ് ഫ്രണ്ടിന് രണ്ടു സീറ്റും കിട്ടി. അവര്‍ക്ക് 26 സീറ്റുണ്ടായിരുന്നു എന്നോര്‍ക്കണം. പസ്വാന്റെ ലോകജനശക്തിക്കും രണ്ടു സീറ്റുണ്ട്. സ്വതന്ത്രന്മാര്‍ നാലു പേര്‍ പുറമേയും.
നാഗാലാന്‍ഡിലെ വിജയം ബി.ജെ.പിക്ക് പ്രധാനമാണ്. നാഗാലാന്‍ഡ് ഒരു ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശവും ഗോത്രവര്‍ഗ പ്രദേശവുമാണ്. നാഗാലാന്‍ഡിന് കിഴക്കുളള പ്രദേശങ്ങള്‍ ഇന്ത്യന്‍ വാണിജ്യമണ്ഡലത്തെ ഉറ്റുനോക്കുന്ന മേഖലകളാണ്. Looking East എന്ന നയം വരുമ്പോള്‍ നാഗാലാന്‍ഡിന് കിഴക്കോട്ട് ഇന്ത്യന്‍ വാണിജ്യം വളരും എന്നാണ് കണക്കുകൂട്ടല്‍. അവിടെ ബി.ജെ.പി. നിര്‍ണായക ഭൂരിപക്ഷത്തോടെ സഖ്യകക്ഷിയുടെ നേതൃത്വത്തിലാണെങ്കിലും അധികാരത്തില്‍ വരുന്നത് ദേശീയ പാര്‍ട്ടി എന്ന നിലയ്ക്ക് അവര്‍ക്കേറെ സംതൃപ്തി നല്‍കുന്ന വസ്തുതയാണ്.
എന്തായാലും മൂന്ന് ചെറിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ വലിയ രാഷ്ട്രീയ ശ്രദ്ധ നേടിയെന്ന് ചുരുക്കിപ്പറയാം. പക്ഷേ, ഈ തിരഞ്ഞെടുപ്പുകളെ വിശകലനം ചെയ്യുമ്പോള്‍ കക്ഷിരാഷ്ട്രീയത്തിന് അപ്പുറത്തേക്ക് നോക്കേണ്ടതായിട്ടുണ്ട് എന്നുകരുതുന്നു. ഈ സംസ്ഥാന മൂന്നു തിരഞ്ഞെടുപ്പ് ഫലങ്ങളിലും ദേശീയ കക്ഷികളുടെ സാന്നിധ്യം ഉണ്ടായിരുന്നുവെങ്കിലും മൂന്നിടത്തും ഗോത്രവര്‍ഗ വിഭാഗങ്ങള്‍ രാഷ്ട്രീയ ശക്തിയായി നേരത്തേ വളര്‍ന്നുകഴിഞ്ഞവ അവരുടെ സാന്നിധ്യം ഉറപ്പിക്കുകയും പുതിയ ഗോത്രവര്‍ഗ രാഷ്ട്രീയ ശക്തികള്‍ ഉയര്‍ന്നുവരികയും ചെയ്തിരിക്കുന്നു എന്ന് കാണാവുന്നതാണ്. ഗോത്രവര്‍ഗ രാഷ്ട്രീയശക്തികളോടൊപ്പം തന്ത്രപരമായി ചേർന്നുനില്‍ക്കുന്ന ദേശീയ കക്ഷികളാണ് അവിടെ വിജയിക്കുന്നത്.
വാസ്തവത്തില്‍ ത്രിപുരയില്‍ കോണ്‍ഗ്രസിനും സി.പി.എമ്മിനും തിപ്രമോദയുമായി യോജിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ അധികാരം പിടിച്ചെടുക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ബി.ജെ.പിയാകട്ടേ വെറും രണ്ടു സീറ്റുവെച്ച് മേഘാലയിലെ ഭരണകക്ഷിയായി മാറുകയും ചെയ്തു. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയെന്ന ഗോത്ര വര്‍ഗ പാര്‍ട്ടിയുടെ സഹായത്തോടെ. ഇതുതന്നെയായിരുന്നു നാഗാലാന്‍ഡിലെയും ബി.ജെ.പിയുടെ തന്ത്രം. മുഖ്യ ഗോത്രവര്‍ഗ പാര്‍ട്ടിയായ എന്‍.ഡി.പി.പിയോടൊപ്പംഅവര്‍ ഒട്ടിനിന്നു. നിരവധി ദേശീയ കക്ഷികള്‍ ചിതറി വോട്ടുപിടിച്ചത് നാഗാലാന്‍ഡില്‍ വലിയ കൗതുകം ജനിപ്പിച്ചിട്ടുണ്ട്. പക്ഷേ മുഖ്യ രാഷ്ട്രീയകക്ഷിയുമായി ബന്ധം പുലര്‍ത്തുന്നതിലൂടെ ഗേത്രവര്‍ഗ ദേശീയ മുന്നണിയാണ് മൂന്നിടത്തും നമുക്ക് കാണാന്‍ കഴിയുന്നത്. ത്രിപുരയില്‍ എതിരാളികളുടെ വോട്ട് ഭിന്നിപ്പിക്കാനാണ് തിപ്രമോദയെ ഉപയോഗിച്ചതെങ്കിലും ഇന്‍ഡിജെനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര എന്ന ഗോത്രജന കക്ഷി ഒരു സീറ്റേ നേടിയുളളൂവെങ്കിലും ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്നുവെന്ന് മറക്കരുത്.
ഇതില്‍നിന്ന് വടക്കുകിഴക്കന്‍ രാഷ്ട്രീയത്തിന് മാത്രമല്ല, ഇന്ത്യന്‍ രാഷ്ട്രീയത്തിന് തന്നെ പാഠങ്ങള്‍ പഠിക്കാനുണ്ട് എന്ന് ഈ ലേഖകന്‍ കരുതുന്നു. ഗോത്രവര്‍ഗങ്ങള്‍ വടക്കു കിഴക്കന്‍ മേഖലകളില്‍ മാത്രമല്ല ഉളളത്. ഇന്ത്യന്‍ ജനസംഖ്യയില്‍ 8% ഗോത്രവര്‍ഗമാണ്. 16% ദളിത് വിഭാഗങ്ങളും. ദളിത് വിഭാഗങ്ങളുടെ അവസ്ഥയോട് താരതമ്യപ്പെടുത്താന്‍ കഴിയുന്ന താഴെത്തട്ടിലുളള വലിയൊരു ശതമാനം ഒ.ബി.സി. വിഭാഗങ്ങളും ഇന്ത്യാരാജ്യത്തുണ്ട്. അവിടെ പലയിടത്തും ന്യൂനപക്ഷങ്ങളും ഉള്‍പ്പെടുന്നു. ഈ വിഭാഗങ്ങള്‍ അവരുടെ മുന്നേറ്റങ്ങള്‍ ആഗ്രഹിക്കുന്നത് അവരുടെ ജനാധിപത്യത്തില്‍ വളരെ ന്യായമായ കാര്യമാണ്. പക്ഷേ, അവരുടെ ആശയാഭിലാഷങ്ങള്‍ക്ക് അനുസരിച്ച് ദേശീയ കക്ഷികള്‍ ഉയരുന്നുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. ബി.ജെ.പി. തന്ത്രപരമായാണ് കരുക്കള്‍ നീക്കിയതെന്ന് ഈ കോളത്തില്‍ എഴുതിയത് വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകും. ഇന്ത്യയുടെ പ്രസിഡന്റായി ദ്രൗപതി മുര്‍മുവിനെ നിര്‍ദേശിച്ചപ്പോള്‍ ഇന്ത്യയിലെ ആദ്യത്തെ ഗോത്രവര്‍ഗ വനിത പ്രസിഡന്റായി. മുന്നോട്ടുവന്നിട്ടുളള സ്ഥാനാര്‍ഥിയെ മറ്റ് മതേതരകക്ഷികള്‍ പിന്താങ്ങണമെന്ന് ഈ ലേഖകന്‍ അഭിപ്രായപ്പെട്ടിരുന്നു.
രാഷ്ട്രപതി ഭവനില്‍ ഗവര്‍ണറായിരുന്ന ഗോത്രവര്‍ഗ വനിതയെ പ്രസിഡന്റായി നിയമിച്ചത് ഗോത്രവര്‍ഗ വിഭാഗങ്ങളിലേക്ക് തന്ത്രപരമായി അടുക്കുന്നതിന് ബി.ജെ.പിയെ സഹായിച്ചു എന്ന് കാണാന്‍ സാധിക്കും. അതുകൊണ്ടുതന്നെ വടക്കു കിഴക്കന്‍ പ്രദേശങ്ങളിലെ ഗോത്രവര്‍ഗങ്ങളോട് സംസാരിക്കുമ്പോള്‍ ദ്രൗപതി മുര്‍മുവിന്റെ വിജയം ബി.ജെ.പിയുടെ കൈയിലെ ഒരു തുറുപ്പുചീട്ട് തന്നെയാണ്. ഇത് ദേശീയ കക്ഷികള്‍ക്ക് ഒരുപാഠമാണ്. ബി.ജെ.പി. ഗോത്രവര്‍ഗ-ദളിത് പിന്നാക്ക വിഭാഗങ്ങളെ മോചിപ്പിക്കുന്ന ഒരു രാഷ്ട്രീയ ശക്തിയാണെന്ന് ഈ ലേഖകന്‍ കരുതുന്നില്ല. 103-ാം ഭരണഘടനാഭേദഗതിയിലൂടെ 10% സീറ്റ് സവര്‍ണ വിഭാഗങ്ങള്‍ എന്നറിയപ്പെടുന്ന മുന്നാക്ക വിഭാഗങ്ങള്‍ക്ക് അവരുടെ സാമ്പത്തിക പിന്നാക്കാവസ്ഥ ചൂണ്ടിക്കാണിച്ച് റിസര്‍വ് ചെയ്തത് ബി.ജെ.പിയാണ്. പിന്നാക്ക ജാതികള്‍ക്കുളള സംവരണമെന്ന അംബേദ്ക്കറിന്റെ സങ്കല്പത്തെ തുരങ്കം വെക്കുന്നതാണ് ഈ നടപടിയെന്ന് പറയാന്‍ കോണ്‍ഗ്രസോ ഇടതുപക്ഷ കക്ഷികളോ എന്തിന് ഒ.ബി.സി. വിഭാഗങ്ങളുടെ വലിയ പിന്തുണയുളള ഉത്തരേന്ത്യന്‍ സമാജ് വാദി - ജനതാദള്‍ കക്ഷികളോ തയ്യാറായില്ല. ഡി.എം.കെയും മുസ്ലീംലീഗും മാത്രമാണ് ഈ തീരുമാനത്തെ എതിര്‍ത്തത്. ഇന്നും എതിര്‍ത്തുകൊണ്ടിരിക്കുന്നതും.
സംവരേണതര വിഭാഗങ്ങളിലെ സാമ്പത്തിക പിന്നാക്കം നില്‍ക്കുന്നവരുടെ പ്രശ്‌നം പരിഹരിക്കേണ്ടതല്ലേയെന്ന ചോദ്യത്തിന് മറുപടിയുണ്ട്. അത് പരിഹരിക്കണം. പക്ഷേ, അത് സംവരണത്തിലൂടെയല്ല അവരുടെ സാമ്പത്തികമായ പിന്നാക്കാവസ്ഥ പരിഹരിക്കുന്ന തരത്തില്‍ വിദ്യാഭ്യാസമേഖലയില്‍ അവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കിക്കൊണ്ടുതന്നെയാണ്. അവരുടെ പ്രതിനിധികളുമായി സംസാരിച്ചുകൊണ്ടും അവര്‍ക്ക് പറ്റുന്ന തരത്തിലുളള ചെറിയ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ രൂപീകരിച്ചുകൊണ്ടും കേരളത്തില്‍ അതിനുവേണ്ടിയുളള ശ്രമങ്ങള്‍ നടത്തിയത് യു.ഡി.എഫാണ്. ബ്രാഹ്‌മണര്‍ താമസിക്കുന്ന തെരുവുകളില്‍ അവരുടെ വീടുകള്‍ മെച്ചപ്പെടുത്തുന്നതിനുളള സാങ്കേതിക തടസ്സങ്ങള്‍ പരിഹരിക്കുന്നതിനുളള, പ്രധാനമായും സ്‌കോളര്‍ഷിപ്പ് അടക്കമുളള കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. അന്ന് ഇക്കാര്യത്തില്‍ പ്രത്യേക ചുമതലയുണ്ടായിരുന്ന പ്ലാനിങ് ബോര്‍ഡ് അംഗമായിരുന്നു ഈ ലേഖകന്‍.
പക്ഷേ, അത് മുന്നോട്ടുപോയവര്‍ക്കിടയിലെ, മുന്നോട്ട് എത്താന്‍ കഴിയാത്തവരുടെ പ്രശ്‌നമാണ്. മലയാളത്തില്‍ പറഞ്ഞാല്‍ ഉണ്ടതിന് ശേഷം പായ കിട്ടാത്തവരുടെ പ്രശ്‌നമാണ്. ഇല കിട്ടാത്തവരും സദ്യക്ക് ക്ഷണിക്കപ്പെടാത്തവരും കോടിക്കണക്കിന് ഇന്ത്യാ രാജ്യത്തുണ്ട്. അവരുടെ പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കണം എന്നാണ് പറഞ്ഞതിന് അര്‍ഥം. ബി.ജെ.പി. അത് കൊടുക്കുന്നില്ല. പക്ഷേ, ബി.ജെ.പി. തന്ത്രപരമായി രാഷ്ട്രപതി പോലുളള ചിഹ്നങ്ങള്‍ തുടര്‍ച്ചയായി ദളിത്- ആദിവാസി വിഭാഗങ്ങള്‍ക്ക് നല്‍കിക്കൊണ്ട് അവരിലേക്ക് എത്തുന്നതില്‍ പ്രാവീണ്യം കാണിച്ചു. അതുകൊണ്ട് ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നുളളതാണ് ലക്ഷ്യമെങ്കില്‍ കേവലം പ്രസംഗങ്ങള്‍ കൊണ്ട് കാര്യമില്ല. രാഷ്ട്രീയ മുന്നണി തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഉണ്ടാക്കിയതുകൊണ്ടും പെട്ടെന്ന് കാര്യങ്ങള്‍ സാധിക്കുമെന്ന് കരുതാന്‍ കഴിയില്ല.
ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ ധാരാളം വോട്ടുകള്‍ പല കക്ഷികളിലായി ചിന്നിച്ചിതറി കിടക്കുന്നുണ്ട്. ഉദാഹരണത്തിന് ഉത്തര്‍പ്രദേശില്‍ എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസും ഇടതുകക്ഷികളും ചേര്‍ന്നാല്‍ വലിയ ശക്തിയാണ്. പക്ഷേ, അങ്ങനെ ചേര്‍ന്നാലും അവരുടെ വോട്ടുകള്‍ പരസ്പരം കൈമാറ്റം ചെയ്യപ്പെടുന്നില്ല. അഥവാ വോട്ട് ട്രാന്‍സ്ഫര്‍ നടക്കുന്നില്ല. ബിഹാറിലും ഈ പ്രശ്‌നം ഏറിയും കുറഞ്ഞും ഉണ്ട്. അതുകൊണ്ട് മുന്നണി തിരഞ്ഞെടുപ്പിന് തലേദിവസം തട്ടിക്കൂട്ടിയതുകൊണ്ട് കാര്യമില്ല. വ്യക്തമായ രാഷ്ട്രീയ-സാമൂഹിക അജണ്ടകള്‍ മുന്നോട്ടുവെച്ചുകൊണ്ട് സ്ഥിര മുന്നണികള്‍ ഉണ്ടാക്കുകയും അവിടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുകയും ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാനുളള യോജിച്ച സമരത്തിന്റെ വേദികളായി കക്ഷികള്‍ തമ്മിലുളള ഐക്യമുന്നണികള്‍ മാറുകയും ചെയ്തില്ലെങ്കില്‍ തലേന്നുണ്ടാക്കിയ മുന്നണികള്‍ ത്രിപുരയിലെന്നതുപോലെ പരാജയം രുചിക്കേണ്ടി വരും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഈ കാര്യത്തില്‍ ഇടതുപക്ഷ കക്ഷികളും അവരുടെ നിലപാട് വ്യക്തമാക്കേണ്ടതായിട്ടുണ്ട്.
ത്രിപുരയില്‍ കഷായം കുടിക്കുന്നത് പോലെയാണ് ഒരു മുന്നണിയുണ്ടാക്കിയത്. ത്രിപുരയില്‍ ഇറങ്ങിനടക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ചുവന്ന കൊടി മാറ്റിവെച്ചുകൊണ്ട് ദേശീയ പതാക മാത്രമെടുത്ത് കോണ്‍ഗ്രസും സി.പി.എമ്മും അഗര്‍ത്തല പട്ടണത്തില്‍ പ്രകടനം നടത്തിയത് വലിയ കൗതുകം ഉണര്‍ത്തിയിരുന്നു. പിന്നീട് അരിവാള്‍ ചുറ്റിക നക്ഷത്രവും കൈപ്പത്തിയുമുളള കൊടികള്‍ ഒരുമിച്ച് ഒരേ സ്റ്റേജില്‍ കെട്ടിക്കൊണ്ടാണ് വോട്ട് ചോദിച്ചത്. അതുവലിയ നാണക്കേടായി എന്ന മട്ടിലാണ് കേരളത്തിലെ സി.പി.എം. നേതാക്കള്‍ ഇരിക്കുന്നത്. ഗതികെട്ടാല്‍ പുലി പുല്ലും തിന്നും എന്ന മട്ടിലാണ് കോണ്‍ഗ്രസുമായുളള സഖ്യത്തെ സി.പി.എം., പ്രത്യേകിച്ചും പിണറായി വിജയന്‍ നേതൃത്വം കൊടുക്കുന്ന കേരളത്തിലെ പാര്‍ട്ടി കാണുന്നത്. എന്തുചെയ്യാനാണ് മറ്റു മാര്‍ഗമില്ലല്ലോ എന്നതാണ് അവരുടെ നെടുവീര്‍പ്പ് ഉയര്‍ത്തിക്കൊണ്ടുളള നൊമ്പരം.
അതല്ല ഇന്ത്യന്‍ രാഷ്ട്രീയം. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ 2004-ല്‍ രൂപപ്പെട്ട യു.പി.എ. പോലുളള നവപ്രസ്ഥാനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. യു.പി.എ. വിജയിക്കാനുളള കാരണം സി.പി.എം. നേതാക്കളായ സുര്‍ജിതും ജ്യോതിബാസുവും എടുത്ത മുന്‍കൈ ആണ്. സോണിയ ഗാന്ധി മുന്നോട്ടുവെച്ച നിര്‍ദേശത്തെ വിജയകരമായി നടപ്പാക്കിയത് മഹാന്മാരായ ആ രണ്ടു നേതാക്കന്മാരാണ്. അവരുടെ കാലശേഷം വന്ന നേതാക്കന്മാര്‍ എന്തോ അബദ്ധം ചെയ്ത പഴയ നേതൃത്വത്തെ തിടുക്കത്തില്‍ തള്ളിക്കളയുന്ന തിരക്കിലായിരുന്നു. പക്ഷേ, യു.പി.എയില്‍നിന്ന് ഇറങ്ങിപ്പോയതിന് ശേഷം ഇടതുപക്ഷം ലോക്‌സഭയില്‍ ഒന്നുമല്ലാത്ത സ്ഥിതിയായി. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം.,സി.പി.ഐ., ആര്‍.എസ്പി. എന്ന മൂന്നുകക്ഷികള്‍ക്കും കൂടി ആറു സീറ്റ് ഉളളതില്‍ ഒരു സീറ്റ് (ആലപ്പുഴ) മാത്രമാണ് കോണ്‍ഗ്രസിന്റെ സഹായമില്ലാതെ ജയിച്ച സീറ്റ്. അതുകൊണ്ട് ഇന്ത്യയില്‍ ബി.ജെ.പി. ഉയര്‍ത്തുന്നത് ഒരു ഗൗരവമായ പ്രശ്‌നമാണ് എന്ന് ഇടതുപക്ഷം കരുതുന്നുണ്ടെങ്കില്‍, മതേതര കക്ഷികള്‍ കരുതുന്നുണ്ടെങ്കില്‍ ചെറുതും വലുതുമായ കക്ഷികളുടെ വിശാലമായ സ്ഥിരം മുന്നണി ഉണ്ടാക്കുകയും ജനകീയ പ്രശ്‌നങ്ങള്‍ ഓരോ മാസവും ചര്‍ച്ച ചെയ്യുകയും അതിന് അടിസ്ഥാനത്തില്‍ ദേശീയ തലത്തില്‍ ഒരു സമര മുന്നണി കെട്ടിപ്പടുക്കുകയും ചെയ്തില്ലെങ്കില്‍ കൊക്കിനെ വെണ്ണ വെച്ച് പിടിക്കുന്ന ലാഘവത്തോടെ ബി.ജെ.പിയെ താഴെയിറക്കാമെന്ന് കരുതുന്നത് മൗഢ്യമാണെന്ന് ഓര്‍ക്കണം.
ഈ ഗൗരവമായ പാഠമാണ് ഒരു കോടിയില്‍ താഴെ ജനസംഖ്യയുളള മൂന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തില്‍നിന്ന് ദേശീയ കക്ഷികള്‍ പഠിക്കേണ്ടതെന്നു കരുതുന്നു.
Content Highlights: Tripura Election and national politics, pratibhashanam column by CP john
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..