ബി.ബി.സിയെ പേടിക്കുന്നവർ | വഴിപോക്കൻ


വഴിപോക്കൻ

ബി.ബി.സി. ഡോക്യുമെന്ററിയെ പ്രചാരണായുധമെന്നും കൊളോണിയൽ മനോഭാവത്തിന്റെ സൃഷ്ടിയെന്നുമൊക്കെ വിളിക്കാൻ വിമർശകർക്ക് അവകാശമുണ്ട്. പക്ഷേ, സെൻസർഷിപ്പ് ഏർപ്പെടുത്തിയാൽ അതിന്റെ അർത്ഥം ഭരണകൂടത്തിന് ഇഷ്ടമില്ലാത്ത എന്തോ ഒന്ന് അതിലുണ്ടെന്ന് തന്നെയാണ്. ഭരണകൂടങ്ങൾക്ക് ഇഷ്ടമുള്ളത് മാത്രമേ എഴുതാനും നിർമ്മിക്കാനും പാടുള്ളുവെന്ന് വന്നാൽ പിന്നെ ആ സംവിധാനത്തെ ജനാധിപത്യം എന്ന് വിളിക്കാനാവില്ല.

Premium

ബി.ബി.സിയുടെ ഡോക്യുമെന്ററിയിൽനിന്ന് | Courtesy: https://archive.org/details/modi-question-episode-2

''കല വിനോദമല്ല. അതിന്റെ ഉന്നതിയിൽ, അത് വിപ്ലവമാണ് (Art is not entertainment. At its very best, it's revolution).''
എഴുത്തുകാരൻ സൽമാൻ റുഷ്ദി 2012-ൽ ന്യൂയോർക്കർ മാസികയിൽ എഴുതിയ ലേഖനം അവസാനിപ്പിച്ചത് ഈ വാക്കുകളോടെയാണ്. സെൻസർഷിപ്പ് എന്ന തലക്കെട്ടിലുള്ള ലേഖനമായിരുന്നു അത്. സെൻസർഷിപ്പിന്റെ ഏറ്റവും ഭീകരമായ അവസ്ഥകൾ നേരിട്ട എഴുത്തുകാരൻ എന്ന നിലയിൽ റുഷ്ദിയുടെ വാക്കുകൾക്ക് സവിശേഷമായ പ്രസക്തി എന്നുമുണ്ട്. 1989 സെപ്റ്റംബർ 14-ന് ഇറാനിലെ ആത്മീയ നേതാവ് പുറപ്പെടുവിച്ച ഫത്‌വ ഇതായിരുന്നു: ''ലോകമെമ്പാടുമുള്ള അഭിമാനികളായ മുസ്ലിം ജനതയെ ഞാൻ അറിയിക്കുന്നു, ഇസ്ലാമിനും പ്രവാചകനും ഖുർആനും എതിരെ നിൽക്കുന്ന സാത്താന്റെ വചനങ്ങൾ എന്ന കൃതിയുടെ രചയിതാവിനും ആ പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിൽ പങ്കാളികളായവർക്കും മരണം വിധിച്ചിരിക്കുന്നു.'' ബി.ബി.സിയിൽ നിന്നുള്ള ഒരു റിപ്പോർട്ടർ ഫോണിൽ വിളിച്ച് ഈ വിവരം പറഞ്ഞപ്പോൾ റുഷ്ദിയുടെ ആദ്യചോദ്യം ഫത്‌വ എന്നു പറഞ്ഞാൽ എന്താണെന്നായിരുന്നു.

പിന്നീടങ്ങോട്ട് റുഷ്ദിയുടെ ജീവിതം കീഴ്മേൽ മറിഞ്ഞു. നീണ്ട പതിനൊന്ന് കൊല്ലത്തോളം റുഷ്ദിക്ക് പൊതുജീവിതം അന്യമായി. ജോസഫ് ആന്റൺ എന്ന പേരിലാണ് താൻ ഈ 11 കൊല്ലങ്ങൾ കഴിച്ചുകൂട്ടിയതെന്ന് ഇതേ പേരിലുള്ള ആത്മകഥയിൽ റുഷദ്ി വെളിപ്പെടുത്തുന്നുണ്ട്. ഇഷ്ട എഴുത്തുകാരായ ജോസഫ് കൊൺറാഡിന്റെയും ആന്റൺ ചെക്കോവിന്റെയും പേരുകളിൽനിന്ന് ഓരോ ഭാഗം എടുത്താണ് ജോസഫ് ആന്റൺ എന്ന പേര് റുഷ്ദി സ്വയം സ്വീകരിച്ചത്. കുടുംബവുമൊത്ത് ഒരു പാർക്കിൽ പോയൊന്നിരിക്കാൻ, ഒരു റെസ്റ്റോറന്റിൽ പോയി ഒരു കപ്പ് കാപ്പി കുടിക്കാൻ, മക്കളുമൊത്ത് ഒരു ഗ്രൗണ്ടിൽ പന്തൊന്ന് തട്ടാൻ കൊതിച്ചിരുന്ന നാളുകളായിരുന്നു അതെന്ന് റുഷ്ദി ഒരു അഭിമുഖത്തിൽ പിന്നീട് പറഞ്ഞു.

സൽമാൻ റുഷ്ദി | Photo: AFP

റുഷ്ദി പിന്നീട് പൊതുജിവിതത്തിലേക്ക് മടങ്ങി വന്നു. നിരവധി ഗ്രന്ഥങ്ങൾ രചിച്ചു, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി ലോകമെമ്പാടുമുള്ള വേദികളിൽ വീറോടെ വാദിച്ചു. ഖൊമീനിയുടെ ഫത്വ നിർവ്വീര്യമായി എന്ന വിലയിരുത്തൽ പക്ഷേ, വെറുതെയായിരുന്നു. ഇക്കഴിഞ്ഞ വർഷം ഓഗസ്റ്റ് 12-ന് ന്യൂയോർക്കിൽ ഒരു വേദിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ റുഷ്ദി ഭീകരമായി ആക്രമിക്കപ്പെട്ടു. ഹാദി മാത്തർ എന്ന 24 വയസ്സുള്ള ചെറുപ്പക്കാരനാണ് റുഷ്ദിയെ കുത്തിവീഴ്ത്തിയത്. ജിവൻ തിരിച്ചുകിട്ടിയെങ്കിലും റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ചയും ഒരു കയ്യിന്റെ ചലനശേഷിയും നഷ്ടപ്പെട്ടു. പതിനഞ്ചോളം കുത്തുകളാണ് റുഷ്ദിയുടെ ശരീരത്തിൽ ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കിയത്.

ഒരു കലയും പരിശുദ്ധമല്ലെന്നും പരിശുദ്ധമായത് കലയല്ലെന്നും പറഞ്ഞത് പ്രമുഖ ചിത്രകാരൻ പാബ്ലൊ പിക്കാസൊ ആണ്. കല പ്രകോപിപ്പിക്കണമെന്ന് പിക്കാസൊയെ ഉദ്ധരിച്ച് റുഷ്ദി എഴുതി. സാത്താന്റെ വചനങ്ങൾ മതമൗലികവാദികളെ പ്രകോപിപ്പിച്ചു. പക്ഷേ, അന്ന് ബ്രിട്ടീഷ് സർക്കാർ എടുത്ത നിലപാട് ഗംഭീരമെന്ന് മാത്രമേ വിശേഷിപ്പിക്കാനാവൂ. രാജ്ഞി കഴിഞ്ഞാൽ ബ്രിട്ടനിൽ ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്ന വ്യക്തിയാണ് റുഷ്ദിയെന്നും അതുകൊണ്ടുതന്നെ റുഷ്ദിയുടെ സുരക്ഷയിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും സാദ്ധ്യമല്ലെന്നുമാണ് ബ്രിട്ടൻ നിലപാടെടുത്തത്. താനിന്ന് ജീവനോടെയിരിക്കുന്നുണ്ടെങ്കിൽ അത് ബ്രിട്ടീഷ് സർക്കാരിന്റെ സമയോചിതമായ ഇടപെടൽ ഒന്നുകൊണ്ടു മാത്രമാണെന്ന് റുഷ്ദി പറഞ്ഞത് വെറുതെയല്ല. സാത്താന്റെ വചനങ്ങൾ ആദ്യം നിരോധക്കപ്പെട്ട രാജ്യങ്ങളിലൊന്ന് റുഷ്ദിയുടെ ജന്മദേശമായ ഇന്ത്യയായിരുന്നുവെന്നും മറക്കാനാവില്ല.

ഗുജറാത്ത് വർഗീയ ലഹളയുമായി ബന്ധപ്പെട്ട മുഖങ്ങളായ അശോക് പാർമറും ഖുത്തബുദ്ദീൻ അൻസാരിയും കണ്ണൂരിൽ ഒരി പരിപാടിക്കിടെ | ഫോട്ടോ മാതൃഭൂമി

ഗുജറാത്ത് കലാപവും മോദിയും

സെൻസർഷിപ്പ് സർഗാത്മകതയുടെ നേർവിപരീതമാണെന്നും നമ്മളെന്തു ചെയ്യാൻ ഉദ്ദേശിക്കുന്നുവോ അതിൽനിന്ന് അത് നമ്മെ തടയുന്നുവെന്നുമുള്ള റുഷ്ദിയുടെ നിരീക്ഷണം സ്വന്തം ജീവതാനുഭവത്തിന്റെ വെളിച്ചത്തിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും ഗുജറാത്ത് കലാപത്തെക്കുറിച്ചുമുള്ള ബി.ബി.സി. ഡോക്യമെന്ററിക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള സെൻസർഷിപ്പ്( ഇന്ത്യൻ ഐ.ടി. നിയമപ്രകാരം ഈ ഡോക്യുമെന്ററി സോഷ്യൽ മീഡിയയിൽനിന്ന് എടുത്തുമാറ്റണമെന്ന നിർദ്ദേശം) ഐന്തങ്കിലും വെളിപ്പെടുത്തുന്നുണ്ടെങ്കിൽ അത് ഇന്ത്യൻ ഭരണകൂടത്തിന്റെ പേടി ഒന്ന് മാത്രമാണ്. പേടിച്ചു കഴിഞ്ഞാൽ പിന്നെ നമ്മൾ ചെയ്യുന്നതിൽ യുക്തിയുണ്ടാവില്ല. പേടി മനുഷ്യരെ മാത്രമല്ല, സ്ഥാപനങ്ങളെയും ഭരണകൂടങ്ങളെയും വകതിരിവില്ലാത്തവരാക്കും. ലോകം മുഴുവൻ തങ്ങൾക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് തോന്നും. കാറ്റാടിയന്ത്രങ്ങൾ തങ്ങളെ ആക്രമിക്കാൻ നിൽക്കുന്ന ശത്രുസൈന്യമാണെന്ന ചിന്തയുണ്ടാവും. ഈ പേടിയാണ് മോദി സർക്കാരിനെ ബി.ബി.സിക്കെതിരെ തിരിയാൻ പ്രേരിപ്പിക്കുന്നത്.

ഒരു ഡോക്യുമെന്ററി കൊണ്ട് തകർന്നു വീഴുന്ന സർക്കാരിനാണ് മോദി നേതൃത്വം കൊടുക്കുന്നതെന്ന് പറഞ്ഞാൽ ചിരിച്ച് ചിരിച്ച് മരിക്കേണ്ടി വരും. ഡോക്യുമെന്ററികൾക്ക് തകർക്കാനാവുമായിരുന്നെങ്കിൽ ഇന്ത്യയിലെന്നല്ല, ലോകത്തുതന്നെ ഒരു ഭരണകൂടത്തിനും അധികനാൾ ആയുസ്സുണ്ടാവില്ല. ബി.ബി.സി. ഡോക്യുമെന്ററിയെ പ്രചാരണായുധമെന്നും കൊളോണിയൽ മനോഭാവത്തിന്റെ സൃഷ്ടിയെന്നുമൊക്കെ വിളിക്കാൻ വിമർശകർക്ക് അവകാശമുണ്ട്. പക്ഷേ, സെൻസർഷിപ്പ് ഏർപ്പെടുത്തിയാൽ അതിന്റെ അർത്ഥം ഭരണകൂടത്തിന് ഇഷ്ടമില്ലാത്ത എന്തോ ഒന്ന് അതിലുണ്ടെന്ന് തന്നെയാണ്. ഭരണകൂടങ്ങൾക്ക് ഇഷ്ടമുള്ളത് മാത്രമേ എഴുതാനും നിർമ്മിക്കാനും പാടുള്ളുവെന്ന് വന്നാൽ പിന്നെ ആ സംവിധാനത്തെ ജനാധിപത്യം എന്നു വിളിക്കാനാവില്ല. ബ്രിട്ടീഷ് രാജിന്റെ കൊള്ളരുതായ്മകൾ ലണ്ടനിൽ ബ്രിട്ടന്റെ തിരുമുറ്റത്തുവെച്ച് തുറന്നുകാട്ടിയപ്പോൾ ശശി തരൂരിനെ അവഹേളിക്കുകയല്ല ഉൾക്കൊള്ളുകയാണ് ബ്രിട്ടീഷ് ജനത ചെയ്തതെന്നും മറക്കരുത്. ജനാധിപത്യം എന്നു പറഞ്ഞാൽ അതാണ്.

ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഉത്തരവാദിയാണെന്ന ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് ബി.ബി.സി. ഡോക്യുമെന്ററി ഉദ്ധരിക്കുന്നുണ്ട്. സുപ്രീം കോടതി വെറുതെ വിട്ടിട്ടും മോദിയെ കുറ്റപ്പെടുത്താൻ ബി.ബി.സി. ആരാണെന്ന ചോദ്യമാണ് സംഘപരിവാർ ഉയർത്തുന്നത്. ബോഫോഴ്സ് കേസിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കുറ്റവിമുക്തനാക്കിയെങ്കിലും ബി.ജെ.പി. ഉൾപ്പെടെയുള്ള എതിർ പാർട്ടിക്കാർ ഇപ്പോഴും രാജീവിനെ ബോഫോഴ്സ് നിഴലിൽ നിർത്തുന്നുണ്ടെന്ന കാര്യം മറക്കരുത്. ലാവ്ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും ഇപ്പോഴും ആരോപണങ്ങൾ നേരിടുന്നുണ്ടെന്നതും കാണേണ്ടതുണ്ട്. പൊതുപ്രവർത്തകർക്ക് വിമർശനങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കാനാവില്ല. നീതി കിട്ടിയിട്ടില്ലെന്ന ബോദ്ധ്യം ജനങ്ങൾക്കിടയിൽ നിലനിൽക്കുമ്പോൾ ഒരു കലാപവും അങ്ങിനെയങ്ങ് കുഴിച്ചുമൂടാനാവില്ല. ഭരണകൂടവും ഭരണാധികാരികളും വിമർശിക്കപ്പെടുന്നില്ലെങ്കിൽ അതിന്റെ അർത്ഥം ജനാധിപത്യത്തിന് എവിടെയോ എന്തോ പിശകുണ്ടെന്നാണ്.

ജസ്റ്റിസ് എസ്.കെ. കൗൾ, പെരുമാൾ മുരുകൻ

സംസാരിച്ചു കഴിഞ്ഞാലും സ്വാതന്ത്ര്യം വേണം

2016 ജൂലായ് അഞ്ചിന് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച സുപ്രധാനമായൊരു വിധിയുണ്ട്. ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളും ജസ്റ്റിസ് പുഷ്പ സത്യനാരായണയും അടങ്ങിയ ബെഞ്ചിന്റെ വിധി. അതിനും എട്ടു കൊല്ലം മുമ്പ് ഡെൽഹി ഹൈക്കോടതിയിൽ ജഡ്ജിയായിരിക്കെ ജസ്റ്റിസ് എസ്.കെ. കൗൾ പുറപ്പെടുവിച്ച മറ്റൊരു വിധിയും ഇതോടൊപ്പം ചേർത്തുവെയ്ക്കാവുന്നതാണ്. എഴുത്തുകാരൻ പെരുമാൾ മുരുകന്റെ 'മാതൊരു ഭാഗൻ' എന്ന നോവലിനെതിരെ ഭരണകൂടവും മതമൗലികവാദികളും എടുത്ത നിലപാടിനെതിരെയായിരുന്നു 2016-ലെ വിധി. എം.എഫ്. ഹുസൈൻ എന്ന ചിത്രകാരന് അനുകൂലമായുള്ള വിധിയായിരുന്നു 2008-ലേത്. രണ്ട് കേസിലും ജസ്റ്റിസ് കൗൾ ഭരണകൂടത്തെ എഴുത്തുകാരുടെയും കലാകാരന്മാരുടെയും സ്വാതന്ത്ര്യം ഓർമ്മിപ്പിച്ചു. എഴുത്തുകാരന്മാരെയും കലാകാരന്മാരെയുമാണ് ഭരണകൂടം സംരക്ഷിക്കേണ്ടതെന്നും അവരെ അക്രമിക്കുന്ന കലാപകാരികളെ കർശനമായി നേരിടണമെന്നും പറഞ്ഞു.

2015 ജനുവരി 14-നാണ് പെരുമാൾ മുരുകൻ ഫെയ്സ്ബുക്ക് പേജിൽ ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനം നടത്തിയത്: ''പെരുമാൾ മുരുകൻ എന്ന എഴുത്തുകാരൻ ഇനിയില്ല. ദൈവമല്ലാത്തതിനാൽ അയാൾ ഉയിർത്തെഴുന്നേൽക്കില്ല. ഇനിയങ്ങോട്ട് പി. മുരുകൻ എന്ന അദ്ധ്യാപകൻ മാത്രമായിരിക്കും ജീവിക്കുക.'' മതമൗലികവാദികൾ കടുത്ത എതിർപ്പ് ഉയർത്തിയതിനെ തുടർന്ന് രാത്രിക്കു രാത്രി പെരുമാൾ മുരുകന് ജന്മനാടായ നാമക്കലിൽനിന്ന് ചെന്നെയിലേക്ക് ഒളിച്ചോടേണ്ടി വന്നിരുന്നു. പെരുമാൾ മുരുകന് സംരക്ഷണം നൽകാനല്ല, മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി പെരുമാൾ മുരുകന്റെ നോവൽ നിരോധിക്കാനാണ് ഭരണകൂടം ശ്രമിച്ചത്.

സൽമാൻ റുഷ്ദിയെ ഉദ്ധരിച്ചുകൊണ്ടാണ് ജസ്റ്റിസ് കൗൾ അന്ന് പെരുമാൾ മുരുകന് അനുകൂലമായുള്ള വിധി എഴുതിയത്: ''പുസ്തകം നിങ്ങളെ പ്രകോപിപ്പിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്കത് അടച്ചു വെയ്ക്കാം, വേണമെങ്കിൽ വലിച്ചെറിയാം.'' എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന കൃതി എഴുതുക എന്നത് നടപ്പുള്ള കാര്യമല്ലെന്ന് ജസ്റ്റിസ് കൗൾ കൃത്യമായി ചൂണ്ടിക്കാട്ടി. ''ഗ്രന്ഥകാരനായ പ്രൊഫസർ പെരുമാൾ മുരുകൻ പേടിയുടെ നിഴലിലല്ല ജിവിക്കേണ്ടത്. അദ്ദേഹത്തിന് എഴുതാൻ കഴിയണം. അദ്ദേഹം എഴുതുന്നതിനോടും അദ്ദേഹത്തിന്റെ എഴുത്തിന്റെ ശൈലിയോടും വിയോജിക്കുന്നവരുണ്ടാവും. എന്നാലും അദ്ദേഹത്തിന്റെ രചനകൾ സാഹിത്യത്തിനുള്ള സംഭാവനകളായിരിക്കും. അദ്ദേഹം ഉയിർത്തെഴുന്നേൽക്കട്ടെ! എന്നിട്ട് അദ്ദേഹത്തിന് ചെയ്യാവുന്ന ഏറ്റവും നല്ല പ്രവൃത്തിയിൽ മുഴുകട്ടെ! അദ്ദേഹം എഴുതട്ടെ!''
ചെയ്യാനറിയാവുന്ന ജോലി നല്ല വൃത്തിയായി ചെയ്യുന്നവരാണ് തങ്ങളെന്ന് ഈ ഡോക്യമെന്ററിയിലൂടെ ബി.ബി.സി. തെളിയിക്കുന്നുണ്ട്. അവർ ആ പണി തുടരുന്നതല്ലേ എന്തുകൊണ്ടും നല്ലത്!

സംസാര സ്വാതന്ത്ര്യം എന്ന് പറഞ്ഞാൽ സംസാരിക്കാൻ മാത്രമുള്ള സ്വാതന്ത്ര്യമല്ലെന്നും സംസാരിച്ചതിനു ശേഷം ഈ ഭൂമിയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യം കൂടിയാണെന്നും ജസ്റ്റിസ് കൗൾ ചൂണ്ടിക്കാട്ടി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി ഇത്രയും ഗംഭീരമായി മറ്റൊരു വിധി ഇന്ത്യയിൽ ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല. സെൻസർഷിപ്പിന്റെ ഒരു പ്രശ്നം അതു നമ്മുടെ ഉള്ളിന്റെയുള്ളിൽ ചില അനാവശ്യ മുൻകരുതലുകൾ ഉത്പാദിപ്പിക്കും എന്നതുകൂടിയാണ്. ജസ്റ്റിസ് കൗളിന്റെ വിധിയെത്തുടർന്ന് എഴുത്തിലേക്ക് തിരിച്ചുവന്നെങ്കിലും എന്തെഴുതാൻ തുടങ്ങുമ്പോഴും താൻ സ്വയം ചില സെൻസറിങ് നടത്തുന്നുണ്ടെന്ന് പെരുമാൾ മുരുകൻ പറഞ്ഞത് ഓർമ്മ വരുന്നു. ഭരണകൂടത്തെയും ആൾക്കൂട്ടത്തെയും പേടിച്ച് ഒരെഴുത്തുകാരൻ സ്വയം സെൻസറിങ് നടത്തുന്നു എന്നത് അയാളുടെ സർഗ്ഗാത്മകതയുടെ നീരൊഴുക്കുകൾ തടയുന്നതിനു തുല്ല്യമാണ്.

കരൺ ഥാപറുമായുള്ള ഇൻർവ്യൂവിൽനിന്ന് നരേന്ദ്ര മോദി ഇറങ്ങിപ്പോവുന്നതിനു തൊട്ടുമുമ്പ്

ഡോക്യുമെന്ററി കാണൽ രാഷ്ട്രീയ പ്രവർത്തനമാവുമ്പോൾ

ബി.ബി.സിയുടെ ഡോക്യുമെന്ററിയോട് വിയോജിപ്പുണ്ടെങ്കിൽ ആ വിയോജിപ്പ് രേഖപ്പെടുത്താൻ എത്രയോ വഴികൾ മോദി സർക്കാരിന്റെയും ബി.ജെ.പിയുടെയും മുന്നിലുണ്ട്. തങ്ങളുടെ പ്രവർത്തകർ ഈ ഡോക്യുമെന്ററി കാണരുതെന്ന് തിട്ടൂരമിറക്കാം. പക്ഷേ, അതിന് പകരം സെൻസർഷിപ്പ് ഏർപ്പെടുത്തുകയും ഡോക്യുമെന്ററി പ്രദർശിപ്പിക്കാതിരിക്കാൻ ഇന്റർനെറ്റ് വിതരണം തടസ്സപ്പെടുത്തുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്യുന്നത് തികഞ്ഞ ഭീരുത്വമാണെന്നു മാത്രമേ പറയാനാവൂ. ഗുജറാത്ത് കലാപത്തിൽ മോദിക്കും ബി.ജെ.പിക്കും ആർ.എസ്.എസിനും എതിരെ എഴുതപ്പെട്ടിട്ടുള്ള പുസ്തകങ്ങൾ നിരവധിയാണ്. ആഷിഷ് ഖേത്തന്റെ 'Undercover: My Journey into the Darkness of Hindutva', റാണ അയൂബിന്റെ 'Gujarat Files: Anatomy of a Cover Up', ആർ.ബി. ശ്രീകുമാറിന്റെ 'Gujarat: Behind The Curtain' എന്നീ പുസ്തകങ്ങൾ ഓർമ്മ വരുന്നു. ഇവയൊന്നും തന്നെ ഇന്ത്യയിൽ നിരോധിക്കപ്പെട്ടിട്ടില്ല.

വാക്കുകൾ പോലെയല്ല ദൃശ്യങ്ങളെന്നു മോദി സർക്കാർ കരുതുന്നുണ്ടാവാം. ബി.ബി.സി. പോലൊരു മാദ്ധ്യമത്തിനു ലോകമെമ്പാടുമുള്ള സ്വീകാര്യതയും മോദി ഭരണകൂടത്തിനെ അസ്വസ്ഥമാക്കുന്നുണ്ടാവാം. ഗോമാംസത്തിന്റെ പേരിലുള്ള കൊലകളും പൗരത്വ ഭേദഗതി നിയമവും ഇന്ത്യയിലെ മുസ്ലിങ്ങളെ എങ്ങിനെയാണ് ലക്ഷ്യമിടുന്നതെന്ന് ബി.ബി.സി. ഡോക്യുമെന്ററി ഓർമ്മിപ്പിക്കുന്നുണ്ട്. മാദ്ധ്യമങ്ങൾ കണ്ണാടികളാണ്. കണ്ണാടിയിൽ കാണുന്നത് ഇഷ്ടമാവുന്നില്ലെങ്കിൽ കണ്ണാടി തല്ലിപ്പൊട്ടിക്കുകയല്ല, ആത്മപരിശോധന നടത്തുകയാണ് വേണ്ടത്. സാമൂഹിക മാദ്ധ്യമങ്ങളിൽ സെൻസർഷിപ്പ് ഏർപ്പെടുത്തുന്നതുകൊണ്ട് ബി.ബി.സി. ഡോക്യുമെന്ററി ജനങ്ങളിലേക്കെത്തുന്നത് തടയാനാവില്ലെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു.

സാങ്കേതികവിദ്യ ഇത്രയും വികസിച്ച ഒരു കാലത്ത് ഒരു ഭരണകൂടത്തിന് ഇത്തരം കാര്യങ്ങളിൽ ചെയ്യാനാവുന്നതിന് പരിധിയും പരിമിതികളുമുണ്ട്. സാധാരണഗതിയിൽ ബി.ബി.സിയുടെ സ്ഥിരം പ്രേക്ഷകർ മാത്രം കാണുമായിരുന്ന ഒരു ഡോക്യുമെന്ററി ലോകമെമ്പാടുമുള്ള ജനങ്ങൾ കാണാൻ താൽപര്യപ്പെടുന്നുണ്ടെങ്കിൽ അതിനുള്ള കാരണം മോദി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായ ഇടപെടലാണ്.

കേരളത്തിൽ ബി.ബി.സി. ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ കോൺഗ്രസും സി.പി.എമ്മും മത്സരിക്കുകയാണ്. ബി.ബി.സി. ഡോക്യുമെന്ററി കാണുകയെന്നത് ഒരു രാഷ്ട്രീയ പ്രവർത്തനമായി മാറി എന്നു സാരം. വെളുക്കാൻ അല്ലെങ്കിൽ വെളുപ്പിക്കാൻ തേച്ചതു പാണ്ടാവുന്ന കലാപരിപാടിയാണ് ഇന്ത്യയിലിപ്പോൾ ബി.ജെ.പി. സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. ബി.ബി.സി. ഡോക്യുമെന്ററിയിൽ ഒരിടത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ ബി.ബി.സി. റിപ്പോർട്ടർ ഇന്റർവ്യു ചെയ്യുന്ന രംഗമുണ്ട്.
അഭിമുഖത്തിനിടയിൽ റിപ്പോർട്ടർ മോദിയോട് ചോദിക്കുന്നു: ''ഇക്കാലയളവിൽ താങ്കൾ ഖേദിക്കുന്ന എന്തെങ്കിലും കാര്യമുണ്ടോ?''
മോദിയുടെ മറുപടി അതീവശ്രദ്ധേയമാണ്: ''മാദ്ധ്യമങ്ങളെ കൈകാര്യം ചെയ്യാൻ കഴിയാതെ പോയതിലാണ് എനിക്ക് ഖേദമുള്ളത്.''
പ്രവചനസ്വഭാവമുള്ള വാക്കുകൾ. 2007-ൽ കരൺ താപ്പറുമായുള്ള അഭിമുഖത്തിൽനിന്ന് ഇറങ്ങിപ്പോവുന്ന മോദിയേയും ഈ ഘട്ടത്തിൽ ഓർക്കണം. ഗുജറാത്ത് കലാപത്തെക്കുറിച്ച് താങ്കൾക്ക് ഖേദമുണ്ടെങ്കിൽ ആ ഖേദം ഇപ്പോൾ ഇവിടെവെച്ച് പ്രകടിപ്പിക്കാമെന്ന് കരൺ പറഞ്ഞതോടെയാണ് മോദി അഭിമുഖം അവസാനിപ്പിക്കുന്നത്. പിന്നീടങ്ങോട്ട് തനിക്ക് തൃപ്തിയുള്ളവർക്കു മാത്രമേ മോദി അഭിമുഖം കൊടുത്തിട്ടുള്ളു. 2014-ൽ പ്രധാനമന്ത്രിയായതിനു ശേഷം മോദി ചെയ്ത ഒരു കാര്യം ഒരു പത്രസമ്മേളനം പോലും നടത്താതിരിക്കുക എന്നതായിരുന്നു.

മഹാത്മ ഗാന്ധിയും മുഹമ്മദലി ജിന്നയും

ഗാന്ധിയുടെ രക്തസാക്ഷിത്വം

ജനാധിപത്യം ജനാധിപത്യമാവുന്നത് വിമർശിക്കാനും വിയോജിക്കാനും അവകാശമുള്ളപ്പോഴാണ്. വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ് ഏറ്റവും വലിയ സ്വാതന്ത്ര്യമെന്ന് ജർമ്മൻ കമ്മ്യൂണിസ്റ്റ് നേതാവും ചിന്തകയുമായിരുന്ന റോസ ലക്സംബർഗ് പറഞ്ഞതും മറക്കാനാവില്ല. അധികാരത്തോടു സത്യം പറയുക എന്നതു ചില്ലറക്കാര്യമല്ല. അങ്ങിനെ സത്യം പറഞ്ഞതിനാണ് ഫാ. സ്റ്റാൻ സ്വാമിയെപ്പോലൊരു വന്ദ്യവയോധികന് ജുഡീഷ്യൽ കസ്റ്റഡിയിൽ മരിക്കേണ്ടി വന്നത്. റൊണ വിത്സനും ആനന്ദ് തെൽതുംബ്ദെയുമൊക്കെ അർബൻ നക്സലുകളായി ചിത്രികരിക്കപ്പെടുന്നതും തുറുങ്കിലടയ്ക്കപ്പെടുന്നതും ഇതേ പരിസരത്തിലാണ്.

2024-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഒരു പഴുതും ബാക്കിയുണ്ടാവരുതെന്ന കണക്കുകൂട്ടലിലാണ് ആർ.എസ്.എസും ബി.ജെ.പിയും നീങ്ങുന്നത്. ആർ.എസ്.എസിന്റെ ശതാബ്ദിക്ക് രണ്ടു വർഷം മാത്രം ബാക്കി നിൽക്കെ ഒരു തരത്തിലുള്ള റിസ്‌കിനും ഇരുകൂട്ടരും ഒരുക്കമല്ല. ഒരൊറ്റ നേതാവ്, ഒരൊറ്റ ഭാഷ, ഒരൊറ്റ പാർട്ടി എന്ന ജനാധിപത്യ വിരുദ്ധതയുടെ ഭൂമികയാണ് ലക്ഷ്യം. അതിനെതിരെ ഉയരുന്ന ശബ്ദങ്ങളും ദൃശ്യങ്ങളും അതിപ്പോൾ അങ്ങ് ലണ്ടനിൽ നിന്നാണെങ്കിൽ പോലും തമസ്‌കരിക്കാതെ പറ്റില്ല.

1936-ലാണ് അംബദ്കർ 'ജാതിയുടെ ഉന്മൂലനം' എന്ന സുപ്രസിദ്ധ കൃതി എഴുതിയത്. ലാഹോർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ജട് പട് തൊഡക് മണ്ഡൽ എന്ന സാംസ്‌കാരിക സംഘടനയുടെ വാർഷികയോഗത്തിൽ നടത്താനുള്ള അദ്ധ്യക്ഷ പ്രസംഗം എന്ന നിലയിലാണ് അംബദ്കർ അതെഴുതിയത്. ഹിന്ദുമതത്തെ നിശിതമായി വിമർശിക്കുന്ന ചില ഭാഗങ്ങൾ ഒഴിവാക്കണമെന്ന് സംഘാടകർ ആവശ്യപ്പെട്ടപ്പോൾ ഒരു കോമ പോലും മാറ്റാനാവില്ലെന്നാണ് അംബദ്കർ പറഞ്ഞത്. അംബദ്കർ ആ സമ്മേളനത്തിന് പോയില്ല. സ്വന്തം നിലയ്ക്ക് ആ പ്രസംഗത്തിന്റെ 1,500 കോപ്പികൾ അംബദ്കർ അച്ചടിച്ച് പ്രസിദ്ധീകരിച്ചു.

ജാതിയെക്കുറിച്ചുള്ള അംബദ്കറിന്റെ വീക്ഷണമായിരുന്നില്ല ഗാന്ധിജിയുടേത്. പക്ഷേ, അംബദ്കറുടെ പ്രസംഗം പൂർണ്ണമായും പൊതുജനത്തിനു മുന്നിൽ വരണമെന്നാണ് ഗാന്ധിജി നിലപാടെടുത്തത്. വിമർശനം കേൾക്കാതെ ഒരു വ്യക്തിക്കും പ്രസ്ഥാനത്തിനും പുരോഗമിക്കാനാവില്ലെന്ന് ഗാന്ധിജിക്കു നന്നായി അറിയാമായിരുന്നു. ഗാന്ധിജിയുടെ 75-ാം രക്തസാക്ഷിത്വമാണു വരുന്ന ജനുവരി 30-നു ലോകജനത ആചരിക്കുക. ആരാണ് ഗാന്ധിയെ കൊന്നതെന്നും അതെന്തിനു വേണ്ടിയായിരുന്നുവെന്നും നമുക്കറിയാം.

തൂക്കിലേറ്റപ്പെടുന്നതിനു മുമ്പു കോടതിയിൽ, ഗാന്ധിജിയെ കൊന്നതെന്തു കൊണ്ടാണെന്ന് ഗോഡ്സെ പറയുന്നുണ്ട്. ഇന്ത്യയെ വിഭജിക്കുന്നതിൽ ഗാന്ധിജിയുടെ സമ്മതമുണ്ടായിരുന്നെന്നും ഇന്ത്യയുടെയല്ല പാക്കിസ്ഥാന്റെ രാഷ്ട്രപിതാവാണ് ഗാന്ധിജിയെന്നും ഗോഡ്സെ കുറ്റപ്പെടുത്തുന്നു. ഇന്ത്യയോടുള്ള കടമ നിറവേറ്റുന്നതിൽ പരാജയപ്പെട്ടതാണ് ഗാന്ധിജിക്കെതിരെ തിരിയാൻ കാരണമെന്നും ഗോഡ്സെ പറയുന്നു. വിഭജനത്തിന്റെ അപ്പോസ്തലന്മാരാണ് ഗാന്ധിജിക്കെതിരെ ഈ കുറ്റപത്രം നൽകിയത്. വ്യത്യസ്ത സംസ്‌കൃതികളുടെ തട്ടകമാണ് ഇന്ത്യ എന്ന യാഥാർത്ഥ്യം ദഹിക്കാതിരുന്നവർ. അവർ ഗാന്ധിജിയെ പാക്കിസ്താന്റെ രാഷ്ട്രപിതാവെന്നു വിളിച്ചു. സ്വന്തം രക്തം നൽകിയാണ് ഇന്ത്യയുടെ ബഹുസ്വരത ഗാന്ധിജി സംരക്ഷിച്ചത്.

ഗാന്ധിജിയുടെ രക്തസാക്ഷിത്വമാണ് ഒരു മതരാഷ്ട്രം ആകുന്നതിൽനിന്ന് ഇന്ത്യയെ തടഞ്ഞതെന്ന രാമചന്ദ്ര ഗുഹയുടെ നിരീക്ഷണം ഓർമ്മ വരുന്നു. ഈ ഗാന്ധിജി പിറന്ന ഗുജറാത്തിൽനിന്നാണ് പ്രധാനമന്ത്രി മോദിയും വരുന്നത്. രണ്ട് ഗുജറാത്തികൾ, രണ്ട് ഇന്ത്യകൾ. ഒരിക്കലും കൂട്ടിമുട്ടാത്ത സമാന്തര പാതകൾ.

ദൂരദർശൻ അല്ല ബി.ബി.സി.

ബി.ബി.സി. ലോകത്തിലെ തന്നെ ഏറ്റവും വിശ്വാസ്യതയുള്ള മാദ്ധ്യമങ്ങളിലൊന്നാണ്. ബ്രിട്ടനിലെ ജനങ്ങൾ കൊടുക്കുന്ന ലൈസൻസ് ഫീസാണ് ബി.ബി.സിയുടെ മുഖ്യ വരുമാനമാർഗ്ഗം. മാദ്ധ്യമ സ്വാതന്ത്ര്യം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കാൻ ബി.ബി.സിയെ സഹായിക്കുന്ന ഒരു പ്രധാന ഘടകം ഇതാണ്. 2022 നവംബർ 14-നായിരുന്നു ബി.ബി.സിയുടെ ജന്മശതാബ്ദി. കഴിഞ്ഞ നൂറു കൊല്ലമായി ബി.ബി.സി. ലോകജനതയുടെ മുന്നിലുണ്ട്. 1926-ൽ ബ്രിട്ടൻ കണ്ട ഏറ്റവും വലിയ പൊതുപണിമുടക്ക് റിപ്പോർട്ട് ചെയ്യാൻ ബി.ബി.സി. മാത്രമേയുണ്ടായിരുന്നുള്ളു(പണിമുടക്കിൽ പങ്കെടുത്ത പത്രങ്ങൾ ആ ദിവസങ്ങളിൽ പുറത്തിറങ്ങിയിരുന്നില്ല.) അന്ന് ബി.ബി.സി. സർക്കാർ ഏറ്റെടുക്കണമെന്നു പറഞ്ഞു മുറവിളി കൂട്ടിയവരിൽ വിൻസ്റ്റൺ ചർച്ചിലും ഉണ്ടായിരുന്നു. പക്ഷേ, ബി.ബി.സി. നിലകൊള്ളേണ്ടതു ജനങ്ങളുടെ ശബ്ദമായിട്ടായിരിക്കണമെന്നും ഭരണകൂടത്തിന്റെ ശബ്ദമായിട്ടായിരിക്കരുതെന്നും ബി.ബി.സിയുടെ ആദ്യ ജനറൽ മാനേജർ ജോൺ റെയ്ത്തിന് സംശയമുണ്ടായിരുന്നില്ല.

500 കോടി പൗണ്ട് ആണ് ബി.ബി.സിയുടെ പ്രതിവർഷ വരുമാനം. ഇതിൽ 75 ശതമാനവും ബ്രിട്ടീഷ് ജനത നൽകുന്ന ലൈസൻസ് ഫീ ആണ്. ഇരുപതിനായിരത്തോളം ജിവനക്കാരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ബി.ബി.സിക്കുള്ളത്. ബി.ബി.സിയെക്കുറിച്ച് ഏകദേശ ധാരണ ലഭിക്കണമെന്നുള്ളവർക്ക് വായിക്കാവുന്ന പുസ്തകമാണ് പത്രപ്രവർത്തകയായ ഷാർലറ്റ് ഹിഗ്ഗിൻസിന്റെ 'This New Noise: The Extraordinary Birth and Troubled Life of the BBC'. ബി.ബി.സിക്കുള്ളിൽ ഒമ്പത് മാസം ചെലവഴിച്ച ശേഷമാണ് ഷാർലറ്റ് ഈ പുസ്തകമെഴുതിയത്. കമ്മ്യൂണിസ്റ്റുകാർ നടത്തുന്ന മാദ്ധ്യമം എന്നാണ് ചർച്ചിൽ ബി.ബി.സിയെ കുറ്റപ്പെടുത്തിയിരുന്നത്.

ഉദാരവത്കരണത്തിന്റെ പ്രയോക്താവായിരുന്ന മാർഗരറ്റ് താച്ചറിനും ബി.ബി.സിയോട് താൽപര്യം കുറവായിരുന്നു. ഇന്നിപ്പോൾ ബി.ബി.സിയുടെ ഭാവി അത്രകണ്ടു ശോഭനമാണെന്നു സാംസ്‌കാരിക വിമർശകൻ പാട്രിക് ബ്രൗസിനെപ്പോലുള്ളവർ കരുതുന്നില്ല. വരുമാനം കുറയുകയും നെറ്റ്ഫ്‌ളിക്‌സിനെപ്പോലുള്ളവരിൽനിന്നു കടുത്ത മത്സരം ഉയരുകയും ചെയ്യവെ ബി.ബി.സിക്ക് എത്രകാലം ഇതുപോലെ തുടരാനവും എന്ന് പറയാനാവില്ല. കഴിഞ്ഞ ഒരു വ്യാഴവട്ടമായി ബ്രിട്ടൻ യാഥാസ്ഥിതിക ഭരണകൂടത്തിന് കീഴിലാണെന്നതും ബി.ബി.സി. നേരിടുന്ന വെല്ലുവിളിയാണ്. ഈ അസ്തിത്വ പ്രതിസന്ധികൾക്കിടയിലും The Modi Question പോലുള്ള ഡോക്യുമെന്ററികൾ എടുക്കാൻ ബി.ബി.സിക്ക് കഴിയുന്നുണ്ടെന്നതു ചെറിയ കാര്യമല്ല. ഏതൊരു സ്ഥാപനത്തിനുമെന്നതുപോലെ ബി.ബി.സിക്കും വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഈ വീഴ്ചകളല്ല The Modi Question പോലുള്ള ഡോക്യുമെന്ററികളാണ് ബി.ബി.സിയെ നിർവ്വചിക്കുകയും നിർണ്ണയിക്കുകയും ചെയ്യുന്നത്.

ആർ.ബി. ശ്രീകുമാർ | ഫോട്ടോ മാതൃഭൂമി

ഇരുണ്ട ജനുവരി

കഴിഞ്ഞ വർഷം ജൂണിൽ ഗുജറാത്ത് മുൻ ഡി.ജി.പി. ആർ.ബി. ശ്രീകുമാറുമായി ഒരു ദീർഘ സംഭാഷണത്തിന് അവസരമുണ്ടായി. ഗുജറാത്തിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പുസ്തകം വായിച്ചു തീർത്ത ഉടനെ ഫോണിൽ വിളിക്കുകയായിരുന്നു. പുസ്തകത്തിന്റെ പശ്ചാത്തലത്തിൽ ഗുജറാത്ത് കലാപത്തെക്കുറിച്ച് ഒന്ന് സംസാരിച്ചാലോ എന്ന് ചോദിച്ചപ്പോൾ ആർ.ബി.എസ്. അത്ഭുതം മറച്ചുവെച്ചില്ല: ''ഇപ്പോൾ ആരും എന്നെ വിളിക്കാറില്ല. ഗുജറാത്ത് കലാപത്തെക്കുറിച്ച് ഓർക്കുന്നതിനോ സംസാരിക്കുന്നതിനോ ആളുകൾക്ക് താൽപര്യമില്ലാതായിരിക്കുന്നു. ദക്ഷിണേന്ത്യയിൽനിന്നു മാത്രമേ ഇപ്പോൾ മാധ്യമപ്രവർത്തകർ വല്ലപ്പോഴുമെങ്കിലും എന്നെ വിളിക്കാറുള്ളു.''

അധികാരത്തിന്റെ വിശ്വരൂപം പ്രദർശിപ്പിക്കുന്ന ഭരണകൂടത്തതിന് മുന്നിൽ ഓർമ്മകൾ പോലും പ്രശ്‌നഭരിതമാവുകയാണ്. അധികാരത്തിനെതിരെയുള്ള മനുഷ്യന്റെ സമരം മറവിക്കെതിരെയുള്ള ഓർമ്മയുടെ പോരാട്ടമാണെന്ന ചെക്ക് എഴുത്തുകാരൻ മിലാൻ കുന്ദേരയുടെ വാക്കുകളാണ് ബി.ബി.സിയുടെ ഡോക്യുമെന്ററി ഓർമ്മിപ്പിക്കുന്നത്. നീതി കിട്ടാതെ പോയ ഒരു ജനസമൂഹത്തിനെ ഈ ഡോക്യുമെന്ററി ചരിത്രത്തിനും കാലത്തിനും മുന്നിലേക്ക് വീണ്ടും കൊണ്ടു വരുന്നു. ഏറ്റവും ഒടുവിൽ ബിൽക്കിസ് ബാനു കേസിലെ പ്രതികളെ ജയിൽ വിമുക്തരാക്കിയ ഭരണകൂടത്തിന്റെ നടപടിയും ബി.ബി.സി. ഡോക്യുമെന്ററിയുടെ പ്രസക്തി വർദ്ധിപ്പിക്കുന്നുണ്ട്. ഗുജറാത്തിൽ മോദി സർക്കാരാണ് സമാധാനം കൊണ്ടുവന്നതെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കുള്ള മുഖമടിച്ചുള്ള പ്രഹരമാണ് ബി.ബി.സിയുടെ ഡോക്യമെന്ററി.

കഴിഞ്ഞയാഴ്ചയാണ് ഐ.ടി. നിയമത്തിൽ പുതിയൊരു ഭേദഗതി നിർദ്ദേശിക്കപ്പെട്ടത്. കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന പ്രസ് ഇൻഫർമേഷൻ ബ്യൂറൊ(പി.ഐ.ബി)യ്ക്ക് വ്യാജവാർത്തകൾ എടുത്തു മാറ്റാൻ അധികാരം നൽകുന്ന ഭേദഗതി. വ്യാജവാർത്തയാണെന്ന് പി.ഐ.ബി. കണ്ടെത്തുന്ന ഒരു വാർത്തയും പ്രസിദ്ധികരിക്കാൻ ആവില്ലെന്നർത്ഥം. സർക്കാരിന്റെ ഭാഗമായ പി.ഐ.ബിക്ക് സർക്കാരിനെതിരെയുള്ള ഏത് വാർത്തയും വ്യാജവാർത്തയാക്കാനാവും. ഉദാഹരണത്തിന് ബി.ബി.സി. ഡോക്യുമെന്ററി വ്യാജമാണെന്ന് പി.ഐ.ബി. സാക്ഷ്യപ്പെടുത്തിയാൽ അത് പിന്നെ ഇന്ത്യയിൽ സംപ്രേഷണം ചെയ്യാനോ പ്രദർശിപ്പിക്കാനോ ആവില്ല.

മാദ്ധ്യമങ്ങളെ കൈകാര്യം ചെയ്യുന്നതിൽ ഇനി മോദി സർക്കാരിന് ഖേദമുണ്ടാവാനിടയില്ല. ഇരുണ്ട ജനുവരി എന്നാണ് ഈ സംഭവവികാസങ്ങളിലേക്ക് വിരൽ ചൂണ്ടി ദ വയർ മുഖപ്രസംഗം എഴുതിയത്. മുഖപ്രസംഗത്തിലെ അവസാന വരികളോടെയാവട്ടെ ഈ കുറിപ്പിന്റെ സമാപനവും: '' As the noose around independent truth-seeking tightens, it is imperative that everyone interested in the survival of India's democracy speaks up. It is not a matter for journalists alone. Any attack on independent journalism will come to haunt all Indians next. Pastor Niemoller comes to mind. If government impunity is allowed to carry on unchecked, there would be no one left to come to the aid of India's democracy. (സ്വതന്ത്ര സത്യാന്വേഷണത്തിനു മേലുള്ള കുരുക്കു മുറുകിക്കൊണ്ടിരിക്കെ, ഇന്ത്യൻ ജനാധിപത്യത്തിന്റെ അതിജീവനത്തിൽ താൽപര്യമുള്ളവർ എല്ലാവരും തന്നെ ശബ്ദമുയർത്തേണ്ടത് അത്യധികം ആവശ്യമായിരിക്കുന്നു. ഇതു മാദ്ധ്യമ പ്രവർത്തകരുടെ മാത്രം പ്രശ്നമല്ല. സ്വതന്ത്ര മാദ്ധ്യമ പ്രവർത്തനത്തിനു നേർക്കുള്ള ഏതൊരാക്രമണത്തിന്റെയും അടുത്ത ഇര എല്ലാ ഇന്ത്യക്കാരുമായിരിക്കും. ജർമ്മൻ എഴുത്തുകാരൻ പാസ്റ്റർ നിമൊള്ളറെ ഓർമ്മ വരുന്നു. ഏത് തെറ്റ് ചെയ്താലും സർക്കാർ ശിക്ഷിക്കപ്പെടുന്നില്ലെന്ന് വന്നാൽ ഒടുവിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ സഹായത്തിന് ആരുമുണ്ടാവില്ല.)

വഴിയിൽ കേട്ടത്: ഇന്ത്യൻ സ്ഥാപനങ്ങൾക്കു മുകളിൽ ബി.ബി.സിയിൽ വിശ്വാസമർപ്പിക്കുന്നത് ഇന്ത്യയുടെ പരമാധികാരം അട്ടിമറിക്കുമെന്ന് നിലവിളിച്ച കോൺഗ്രസിന്റെ ഐ.ടി. സെൽ മേധാവി അനിൽ ആന്റണി രാജി വെച്ചു. ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യം തിരഞ്ഞെടുപ്പു വിജയമല്ലെന്നും ആർ.എസ്.എസിനെതിരെയുള്ള യുദ്ധമാണെന്നുമാണ് രാഹുൽജി പറയുന്നത്. യാത്ര അവസാനിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ പാർട്ടിയുടെ ഐ.ടി. സെൽ മേധാവി സംഘപരിവാറിന് അനുകൂലമായി നിലപാടെടുക്കുമ്പോൾ പ്രത്യയശാസ്ത്ര യുദ്ധം എങ്ങോട്ടാണു നീങ്ങുന്നതെന്നു സാക്ഷാൽ അറക്കപ്പറമ്പിൽ കുര്യൻ ആന്റണിയോടു തന്നെ ചോദിക്കേണ്ടി വരും.

Content Highlights: BBC Documentary, The Modi Question, Gujarat Communal Violence, Vazhipokkan

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Meena Dhanush Fake marriage rumor bayilvan ranganathan revelation creates controversy

1 min

ധനുഷും മീനയും വിവാഹിതരാകുന്നുവെന്ന പരാമർശം; ബയല്‍വാന്‍ രംഗനാഥന് വ്യാപക വിമര്‍ശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023

Most Commented