'കാര്‍ബണ്‍ നെഗറ്റീവായ രാജ്യം; കാശുണ്ടാക്കിയത് കറന്റ് വിറ്റ്'


മനു കുര്യന്‍Column

പാരോ എയർപോർട്ട്, ഭൂട്ടാൻ

ന്ന് അല്ലെങ്കില്‍ എങ്ങനെ കാര്‍ബണ്‍ ന്യൂട്രലാകാമെന്ന ചിന്തയിലാണ് ഇന്ന് ലോകം. എന്നാല്‍ അതുക്കും മേലെ ഇതിനോടകം തന്നെ കാര്‍ബണ്‍ ന്യൂട്രലും പിന്നിട്ട് നെഗറ്റീവാകാന്‍ ഒരു രാജ്യത്തിന് കഴിഞ്ഞു. അതായത് പുറന്തള്ളുന്ന കാര്‍ബണ്‍ ഡയോക്സൈഡിനെക്കാള്‍ കൂടുതല്‍ അളവില്‍ അത് ആഗിരണം ചെയ്യുന്ന നാട്. ബുദ്ധിസ്റ്റ് രാജ്യമായ ഭൂട്ടാന് ഇങ്ങനെയും ഒരു മേല്‍വിലാസമുണ്ട്. റോഡില്‍ സിഗ്‌നൈല്‍ ലൈറ്റുകളില്ല. ഹോണ്‍ മുഴക്കി വെറുപ്പിക്കലില്ല. ജിഡിപിക്ക് പകരം ജനത്തിന്റെ സംതൃപ്തി സൂചികയായ ഗ്രോസ് നാഷണല്‍ ഹാപ്പിനസ് (GNH) ആവിഷ്‌കരിച്ച് നടപ്പാക്കിയ രാജ്യം. 'ഇന്‍സൈഡ് ഔട്ടി'ന്റെ ഈ ലക്കം ഹിമാലയത്തിന്റെ കിഴക്കേ അറ്റത്തുള്ള ഭൂട്ടാന്റെ വിശേഷങ്ങളാണ്.

കണ്ടിരിക്കേണ്ട പ്രകൃതി മനോഹാരിതയും, സോങ് എന്ന് അറിയപ്പെടുന്ന കെട്ടിടങ്ങളുടെ നിര്‍മ്മാണ സൗന്ദര്യവും, മഞ്ഞും മലഞ്ചെരുവുകളിലൂടെയുള്ള യാത്രകളും ഒക്കെയാണ് ഭൂട്ടാനെ എന്നും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് ഡെസിറ്റേഷനാക്കുന്നത്. കോവിഡിനെ തുടര്‍ന്ന് അടച്ചിച്ച ഭൂട്ടാന്‍ രണ്ട് വര്‍ഷത്തിന് ശേഷം ഈ സെപ്റ്റംബര്‍ 23 ന് ടൂറിസ്റ്റുകള്‍ക്കായി വീണ്ടും അതിര്‍ത്തി തുറക്കുകയാണ്. 1974 ലാണ് ആദ്യമായി അവര്‍ വിദേശികള്‍ക്ക് പ്രവേശനം അനുവദിച്ചത്.ഭൂട്ടാനെ സംബന്ധിച്ച് മറ്റ് ചില കൗതുകങ്ങളും പ്രത്യേകതകളുമുണ്ട്. പ്ലാസ്റ്റിക്കിനോടൊക്കെ ഈ നൂറ്റാണ്ടിന് മുന്നെ ഗുഡ്ബൈ പറഞ്ഞവരാണ് ഭൂട്ടാന്‍ ജനത. പുകയില നിരോധിച്ച ലോകത്തെ ആദ്യരാജ്യം. 2005 ലാണ് ചരിത്രപരമായ ആ തീരുമാനം അവര്‍ നടപ്പാക്കിയത്. മരങ്ങള്‍ വെട്ടുന്നതിന് അവിടെ കര്‍ശന നിയന്ത്രണമുണ്ട്. 2015 ല്‍ ഒറ്റ മണിക്കൂറില്‍ 46,672 മരങ്ങള്‍ നട്ട് അവര്‍ ഗിന്നസ് റെക്കോഡ് നേടി. വേട്ടയാടല്‍ നിരോധിച്ചിരിക്കുന്നു. അത്ര സമ്പന്നമൊന്നുമല്ലെങ്കിലും വിദ്യാഭ്യാസവും ആരോഗ്യസേവനങ്ങളും ഇന്നും സൗജന്യമാണ്. രാജാവ് നേതൃത്വം കൊടുക്കുന്ന ഒരു കോണ്‍സ്റ്റിറ്റ്യൂഷണൽ മൊണാര്‍ക്കിയാണ് ഭൂട്ടാന്‍.

India-Bhutan International border gate Sundrup Jhankar

ഒരുവശത്ത് കാര്‍ബണ്‍ വ്യാപനത്തെ വനസമ്പത്ത് നഷ്ടപ്പെടുത്താതെ അതിന്റെ മൂടുപടം കൊണ്ട് പ്രതിരോധിക്കുന്ന ഭൂട്ടാന്‍, മറുവശത്ത് ഏറ്റവും കൂടുതല്‍ വരുമാനം നേടുന്നത് കറന്റ് വിറ്റാണ് എന്നും നാം അറിയണം. കൃഷിയും ടൂറിസവും വരുമാനമാര്‍ഗങ്ങളാണെങ്കിലും ജലവൈദ്യുത പദ്ധതികള്‍ക്ക് അനുയോജ്യമായ ഭൂപ്രകൃതി അവര്‍ ശരിക്കും മുതലാക്കി. ഇന്ന് ദക്ഷിണേഷ്യയില്‍ തന്നെ വൈദ്യുതി മിച്ചമുള്ളത് ഭൂട്ടാന് മാത്രമാണ്. അവര്‍ വില്‍ക്കുന്ന വൈദ്യുതി ഏറക്കുറേ പൂര്‍ണമായും വാങ്ങുന്നത് മറ്റാരുമല്ല. ഇന്ത്യ തന്നെ. ഭൂട്ടാന്റെ കയറ്റുമതി വരുമാനത്തിന്റെ 40 ശതമാനവും ജിഡിപിയുടെ 25 ശതമാനവും വൈദ്യുതി വില്‍പനയിലൂടെയാണ് വരുന്നത്. എല്ലാ അര്‍ഥത്തിലും ഇന്ത്യയുടെ ആത്മമിത്രമാണ് ഭൂട്ടാന്‍. സഹായവും ഗ്രാന്റുമായി ഏകദേശം 2200 കോടി രൂപയ്ക്ക് ഭൂട്ടാന്‍ ഇന്ത്യയോട് കടപ്പെട്ടിരിക്കുന്നു. ഇതില്‍ 1700 കോടിയും ജലവൈദ്യുതി പദ്ധതികളുടെ നിര്‍മ്മാണത്തിന് നല്‍കിയ കടമാണ്. ഇടയ്ക്ക് പ്രതിസന്ധി കാലത്ത് 500 കോടി അവര്‍ ഇന്ത്യയോട് കടം വാങ്ങിയിരുന്നു. അതിന്റെ പലിശയായി ദിനംപ്രതി ഇന്ത്യക്ക് നല്‍കേണ്ടത് ഏകദേശം അഞ്ച് ലക്ഷം രൂപയോളമാണ്.

ഇന്ത്യയുമായുള്ള ഭൂട്ടാന്റെ അതിര്‍ത്തി കടന്നുള്ള വൈദ്യുതി സഹകരണത്തിന് 50 വര്‍ഷത്തിലധികം പഴക്കമുണ്ട്. അവിടെ പ്രവര്‍ത്തനക്ഷമമായതും നിര്‍മ്മാണത്തിലിരിക്കുന്നതുമായ ജലവൈദ്യുത പദ്ധതികള്‍ ഏതാണ്ട് എല്ലാം തന്നെ ഇന്ത്യന്‍ സഹായത്തിലാണ്. ഗ്രാന്റായും വായ്പയായും ആണ് ഇന്ത്യന്‍ നിക്ഷേപം. വര്‍ഷങ്ങളോളം 60 ശതമാനം ഗ്രാന്റും 40 ശതമാനം വായ്പയുമായിട്ടായിരുന്നു ഇന്ത്യയുടെ ഈ മേഖലയിലെ സഹായം. സമീപകാലത്താണ് അത് മാറ്റിയത്. അവിടെ നിന്ന് വരുന്ന കറന്റ് എത്രയോ വര്‍ഷങ്ങളായി ഇന്ത്യയ്ക്ക് പ്രകാശം നല്‍കി പോരുന്നു. അതുപോലെ ഭൂട്ടാന്റെ ഇറക്കുമതിയുടെ 80 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. അരി മുതല്‍ പെട്രോളിയം വരെ എല്ലാം. 2045 ഓടെ ഭൂട്ടാന്റെ അതിര്‍ത്തി കടന്നുള്ള കറന്റ് വ്യാപാരം 60,000 മെഗാവാട്ടാകുമെന്നാണ് കണക്ക്. ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍, പാകിസ്താന്‍, ശ്രീലങ്ക, മ്യാന്മര്‍ എന്നീ രാജ്യങ്ങളുമായാണ് ഈ കരാര്‍. ഇതിനൊപ്പം 2030 ഓടെ ഹരിതഗൃഹവാതക വ്യാപനം പൂജ്യത്തിലെത്തിക്കാനുള്ള ദൗത്യത്തിലാണ് അവര്‍. ജലവൈദ്യുതി പദ്ധതികള്‍ക്കൊപ്പം തന്നെ കാറ്റാടി, ബയോഗ്യാസ്, സോളാര്‍ എന്നിവയിലേക്കും അവര്‍ റൂട്ട് മാറ്റിത്തുടങ്ങി. നിലവിലുള്ളതിന് പുറമെ 10 വൈദ്യുത പദ്ധതികളാണ് 2020 ഓടെ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടത്. ഇതില്‍ ആറെണ്ണം പൂര്‍ത്തിയായി. 2026 ഓടെ എല്ലാം പൂര്‍ത്തിയാകുന്നതോടെ 10,000 മെഗാവാട്ട് വൈദ്യുതിയാണ് ഇന്ത്യക്ക് മാത്രം കിട്ടുക. ഇതിന്റെ ആകെ നിക്ഷേപം 1000 കോടി ഡോളറോളമാണ്. വസ്തുത ഇങ്ങനെ നില്‍ക്കുമ്പോഴും ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള അന്തരം കൂടുന്ന പ്രതിസന്ധി ഭൂട്ടാനും അഭിമുഖീകരിക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യന്‍ സഹായമാണ് തുണച്ചത്.

മലമുകളില്‍ 70 ശതമാനവും മരങ്ങളാല്‍ ചുറ്റപ്പെട്ടാണ് ഭൂട്ടാന്റെ കിടപ്പ്. രാജ്യം പുറം തള്ളുന്ന കാര്‍ബണ്‍ ഡയോക്സൈഡിനെ പൂര്‍ണമായും അതിലധികവും മരങ്ങള്‍ ആഗിരണം ചെയ്യുന്നു. പ്രതിവര്‍ഷം 90 ലക്ഷം ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡ് ആഗിരണം ചെയ്യുമ്പോള്‍ പുറന്തള്ളുന്നത് 40 ലക്ഷം ടണ്ണില്‍ താഴെ മാത്രമാണ്. പരിസ്ഥിതിയെ മറന്ന് ഭൂട്ടാന് ഒരു ജീവിതമില്ല. രാജ്യത്തിന്റെ ആകെ ഭൂപ്രകൃതിയുടെ 60 ശതമാനവും സംരക്ഷിത വനമായി എക്കാലവും നിലനിര്‍ത്തണമെന്ന് രാജ്യത്തിന്റെ ഭരണഘടന തന്നെ അനുശാസിക്കുന്നു. വ്യവസ്ഥ അതാണെങ്കിലും ഇപ്പോള്‍ തന്നെ രാജ്യത്തിന്റെ 70 ശതമാനവും വനമാണ്. മലിനീകരണത്തിന്റെ മാര്‍ഗങ്ങള്‍ വീണ്ടും കുറച്ച് നിസാനുമായി ചേര്‍ന്ന് ഇലക്ട്രിക് കാറുകളിലേക്ക് മാറുകയാണ് അവര്‍. എന്തുകൊണ്ട് നിസാന്‍ എന്ന് ചോദിച്ചാല്‍ ഭൂട്ടാനില്‍ പോയിട്ടുള്ളവര്‍ക്കറിയാം അവിടെ നിരത്തിലുള്ളവയില്‍ നല്ല പങ്കും നിസാന്റെ വാഹനങ്ങളാണ്.

പ്രകൃതി സംരക്ഷണം ആ രാജ്യത്തിന്റെ ഗ്രോസ് നാഷണല്‍ ഹാപ്പിനസ് ഫിലോസഫിയിലെ നാല് തൂണുകളില്‍ ഒന്നാണ്. ഭൂട്ടാനിലെ നാലാമത്തെ രാജാവാണ് ഗ്രോസ് നാഷണല്‍ ഹാപ്പിനസ് ആവിഷ്‌കരിച്ചത്. രാജ്യത്തിന്റെ ഉത്പാദനവും എത്ര സമ്പാദിച്ചു എന്നത് ഭൂട്ടാന്‍ ജനതയുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ അവര്‍ക്ക് എന്ത് നല്‍കി അവരുടെ സംതൃപ്തിയുടെ അളവുകോലായാണ് അദ്ദേഹം കണക്കിലെടുത്തത്.

തിംഫുവാണ് തലസ്ഥാനമെങ്കിലും രാജ്യത്തെ ഏക രാജ്യാന്തര വിമാനത്താവളം രണ്ടാമത്തെ നഗരമായ പാറോ താഴ് വരയിലാണ്. മലഞ്ചേരുവില്‍ നദിയുടെ കരയില്‍ സ്ഥിതി ചെയ്യുന്ന വിമാനത്താവളം ലോകത്തെ വിമാനം ഇറക്കാന്‍ ഏറ്റവും വെല്ലുവിളിയുള്ള എയര്‍പോര്‍ട്ടുകളില്‍ ഒന്നായാണ് അറിയപ്പെടുന്നത്. ആകെ 20 ല്‍ താഴെ പൈലറ്റുമാര്‍ക്ക് മാത്രമാണ് അവിടെ വിമാനം ഇറക്കാനുള്ള അംഗീകാരമുള്ളത്. ഇന്ത്യയില്‍ ഡല്‍ഹി ഗുവഹാത്തി ബെഗ്ദോഗ്ര എന്നീ എയര്‍പോര്‍ട്ടുകളില്‍ നിന്ന് ഭൂട്ടാന്‍ എയര്‍ലൈന്‍സ് സര്‍വീസുണ്ട്. വിമാന യാത്ര ചെലവേറിയതും കാലാവസ്ഥയെ ആശ്രയിച്ചുമാണിരിക്കുന്നത്.

Dochula Pass, Bhutan

റോഡ് മാര്‍ഗം ഏറ്റവും എളുപ്പം ബംഗാള്‍ അതിര്‍ത്തിയില്‍ നിന്നുള്ള യാത്രയാണ്. അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യ ഉള്‍പ്പടെ മൂന്നു രാജ്യക്കാര്‍ക്ക് പെര്‍മിറ്റ് എടുത്താല്‍ മതി. ബാക്കി ഏത് രാജ്യക്കാര്‍ക്കും വിസ വേണം. പെര്‍മിറ്റിന് അപേക്ഷിക്കാന്‍ വോട്ടര്‍ ഐഡി, പാസ്പോര്‍ട്ട് തുടങ്ങിയവ തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കും. അതേ സമയം ഡ്രൈവിങ് ലൈസന്‍സും പാന്‍ കാര്‍ഡും അംഗീകരിക്കില്ല. കേരളത്തില്‍ നിന്ന് ഏറ്റവും കുറഞ്ഞ ചിലവില്‍ അവിടെ എത്താന്‍ കോയമ്പത്തൂരില്‍ നിന്ന് ബെഗ് ദോഗ്രയിലേക്ക് നേരത്തെ ബുക്ക് ചെയ്താല്‍ താരതമ്യേന കുറഞ്ഞ നിരക്കിന് വിമാനടിക്കറ്റ് കിട്ടും. ഇനി അതല്ലെങ്കില്‍ ട്രെയിന്‍ മാര്‍ഗം ചെന്നൈയിലെത്തി അവിടെ നിന്ന് കൊല്‍ക്കത്തയിലെത്തി വീണ്ടും ട്രെയിന്‍മാര്‍ഗം സിലിഗുഡിയിലെത്തി ഭൂട്ടാനിലെത്തി വീണ്ടും റോഡ് മാര്‍ഗം എത്തണം. അല്ലെങ്കില്‍ കൊച്ചിയില്‍ നിന്ന് കൊല്‍ക്കത്ത ബെഗ് ദോഗ്ര വഴിയെത്താം. അവിടെ സ്‌കൂളില്‍ പഠിപ്പിക്കുന്നവരില്‍ മലയാളി അധ്യാപകരുണ്ട്.

ബെഗ് ദോഗ്രയാണ് ഇന്ത്യയില്‍ ഭൂട്ടാന് ഏറ്റവും അടുത്ത എയര്‍പോര്‍ട്ട്. വര്‍ഷവസാനം അല്ലെങ്കില്‍ ജനുവരി മുതല്‍ മാര്‍ച്ച് വരെ ആണ് നല്ല കാലാവസ്ഥ. കോവിഡിന് മുമ്പ് വരെ ഇന്ത്യയില്‍ നിന്ന് എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് പെര്‍മിറ്റ് ഒഴിച്ച് പ്രത്യേക ഫീസ് ഇല്ലായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്കും ഫീസ് ഏര്‍പ്പെടുത്താന്‍ പോകുന്നുവെന്നാണ് പുതിയ വിവരം. ആള്‍ക്കൊന്നിന് ദിവസം ഒന്നിന് 1200 രൂപ വച്ച് ഫീസ് നല്‍കണം. ആറിനും 12 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 600 രൂപയും അതിന് താഴെ സൗജന്യം എന്നീ നിരക്ക് ഏര്‍പ്പെടുത്താന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ട്. വൈദ്യുതി കഴിഞ്ഞാല്‍ പിന്നെ ഏറ്റവും വലിയ വരുമാനം ടൂറിസമാണ്. പഴയ തീര്‍ഥാടന പാത അല്ലറ ചില്ലറ മിനുക്കുപണികളോടെ തുറക്കുന്ന പ്രത്യേകതയും ഈ വര്‍ഷത്തിനുണ്ട്. പഴമ നിലനിര്‍ത്തി തന്നെ. 60 വര്‍ഷത്തിനിടെ ആദ്യമായി ട്രാന്‍സ് ഭൂട്ടാന്‍ ട്രെയില്‍ അവര്‍ തുറക്കുകയാണ്. ആയിരം വര്‍ഷം പഴക്കമുള്ള പാതയിലൂടെ ടൂറിസ്റ്റുകളും ജനങ്ങളും ഇനി വീണ്ടും സഞ്ചരിച്ച് പൈതൃകവും സംസ്‌കാരവും ഓര്‍ത്തെടുക്കും. 402 കിലോമീറ്റര്‍ ട്രെയിലില്‍ 9 ജില്ലകളും ഒരു ദേശീയ ഉദ്യാനവും ഉള്‍പ്പെടുന്നു. ടൈംസിന്റെ ഈ വര്‍ഷത്തെ ലോകത്തെ 50 ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയില്‍ ട്രാന്‍സ് ഭൂട്ടാന്‍ ട്രെയിലും ഉള്‍പ്പെടുന്നു.

ഇന്ത്യക്കാര്‍ക്ക് ഒഴികെയുള്ള സസ്‌റ്റൈനബിള്‍ ഡെവലപ്മെന്റ് ഫീ എന്ന പേരിലുള്ള ടൂറിസം ലെവി മൂന്നിരട്ടിയായിട്ടാണ് കൂട്ടിയത്. ഒരാള്‍ക്ക് 200 ഡോളര്‍ വരും ഒരു ദിവസത്തേക്ക്. ലോകത്തെ ഏറ്റവും ഉയര്‍ന്ന ടൂറിസ്റ്റ് ടാക്സായിരിക്കുമിത്. ഇന്ത്യ, ബംഗ്ലാദേശ്, മാലദ്വീപ് രാജ്യക്കാര്‍ക്ക് ടൂര്‍ ഓപ്പറേറ്റര്‍ ഒപ്പം വേണമെന്നില്ല. ഈ ലെവിയും നല്‍കേണ്ടതില്ല. കാര്‍ബണ്‍ ന്യൂട്രല്‍ ടൂറിസം എന്ന രീതിയില്‍ വിനോദസഞ്ചാരികളുടെ ഒഴുക്ക് കുറയ്ക്കുക എന്ന ലക്ഷ്യവും നിരക്ക് കൂട്ടലിന് പിന്നിലുണ്ട്. 2018 ലെ കണക്ക് പ്രകാരം 70 ശതമാനം ടൂറിസ്റ്റുകളും ഇന്ത്യയില്‍ നിന്നായിരുന്നു.

ഭൂട്ടാനിലെത്തിയാല്‍ മറക്കാതെ പോകേണ്ട ഇടമാണ് ടൈഗേഴ്സ് നെസ്റ്റ്. ഒരു ട്രെക്കിങ് അനുഭവം കൂടിയാണത്. അപൂര്‍വ്വമായ നിര്‍മ്മിതി അതിന്റെ സൗന്ദര്യം കിഴക്കാം തൂക്കായ പാറക്കെട്ടില്‍ എങ്ങനെ അത് പണിതു എന്നതും കണ്ടിരിക്കേണ്ട അത്ഭുതമാണ്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം വേഷവിധാനം തന്നെയുണ്ട്. അതാണ് ഏവരും ധരിക്കാറ്. ഹിന്ദി സംസാരിക്കുന്നവരാണ് ഏറെ. 90 ശതമാനത്തിനും ഹിന്ദി ഭാഷ അറിയാം. എന്‍ഗുള്‍ട്രം എന്നാണ് ഭൂട്ടാന്റെ കറന്‍സിയുടെ പേര്. ഇന്ത്യന്‍ രൂപയുടെ അതേ മൂല്യം. ഇന്ത്യന്‍ രൂപ നല്‍കിയാലും കടക്കാര്‍ സ്വീകരിക്കും, അതല്ലെങ്കില്‍ ഇന്ത്യന്‍ രൂപ കൊടുത്താല്‍ കറന്‍സി മാറ്റിക്കിട്ടും. തിംഫുവിലെ ബുദ്ധ ഡോര്‍നെമ ബുദ്ധന്റെ ഏറ്റവും വലിയ പ്രതിമകളില്‍ ഒന്നാണ്. 206 അടിയാണ് ഉയരം. വെങ്കലത്തില്‍ തീര്‍ത്ത ബുദ്ധന്‍ പത്മാസനത്തിലിരിക്കുന്ന പ്രതിമയില്‍ സ്വര്‍ണം പൂശിയിരിക്കുന്നു. പുനാക്ക താഴ് വരയാണ് മറ്റൊരു ഡെസ്റ്റിനേഷന്‍. ഡോച്ചുല പാസ്സിലെ ജീവത്യാഗം ചെയ്ത സൈനികരുടെ ഓര്‍മ്മയ്ക്കായി സ്ഥാപിച്ചിട്ടുള്ള സ്തൂപങ്ങള്‍. താഴ് വരയെത്തിയാല്‍ പുനാക്ക സോങ് കാണാം. രാജാവിന്റെ വേനല്‍ക്കാല വസതിയും ഇവിടെയാണ്. അവിടത്തെ നാഷണല്‍ മ്യസിയം. രാജാവിനെ ഏറെ സ്നേഹിക്കുന്നു ഭൂട്ടാനികള്‍. 65 വയസ്സാകുമ്പോള്‍ രാജാവ് പദവിയൊഴിയുന്നതാണ് പതിവ്.

ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും പീസ്ഫുള്‍ രാജ്യം ഭൂട്ടാനാണ്. ഗ്ലോബല്‍ പീസ് ഇന്‍ഡെക്സില്‍ 22 ാം സ്ഥാനം. ഭൂട്ടാനെ ഭൂട്ടാനായി നിലനിര്‍ത്തുന്നത് ഹിമാലയമാണ്. കാര്‍ബണ്‍ ന്യൂട്രല്‍ ആയും ആരും കയ്യേറാതെയും രാജ്യം നില്‍ക്കുന്നതിന് ഹിമാലയത്തോടാണ് ഏറ്റവും നന്ദി പറയേണ്ടത്.

Content Highlights: things to know about bhutan, inside out column by manu kurian


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented