Togo | Photo: Sigrid Seppala Hanks Collection/Carrie M. McLain Memorial Museum
ആ രാത്രി താപനില മൈനസ് 34 ഡിഗ്രി സെഷ്യസിലേക്ക് താഴ്ന്നിരുന്നു. അതുവരെ ശാന്തമായി വീശിയിരുന്ന ഹിമക്കാറ്റിന് പെട്ടെന്നു വേഗം കൂടി. ശക്തമായ ന്യൂനമര്‍ദ്ദം അലാസ്‌ക ഉള്‍ക്കടലില്‍നിന്ന് കരയിലേക്കു നീങ്ങിത്തുടങ്ങി. ഹിമപാളികളിലെ മുന്നറിയിപ്പ് അടയാളങ്ങള്‍ കാണാനോ തിരിച്ചറിയാനോ സാധിക്കാത്ത അവസ്ഥ. കനത്ത ഇരുട്ടിലും കാറ്റിലും അപകടം പതിയിരിക്കുന്ന വഴിയിലൂടെ മുന്നോട്ട് നീങ്ങണോയെന്നു ലിയനാര്‍ഡ് സെപ്പാല (Leonhard Seppala) ഒരു നിമിഷം ശങ്കിച്ചു. സംശയിച്ചു നിന്നാല്‍ ഒരു ദിവസം നഷ്ടപ്പെടും. ഡിഫ്റ്റീരിയ ആന്റി ടോക്‌സിൻ സീറം (Diphtheria antitoxin) എത്രയും വേഗം നോമില്‍ എത്തിക്കേണ്ടതുണ്ട്. മുന്നോട്ട് പോകാന്‍ തന്നെ സെപാല തീരുമാനിച്ചു. ടോഗോയിലായിരുന്നു സെപ്പാലയുടെ വിശ്വാസം മുഴുവന്‍. അവന്റെ കഴിവിലും ബുദ്ധിയിലും അദ്ദേഹത്തിന് അത്രയും വിശ്വാസമുണ്ടായിരുന്നു. ടോഗോ വളരെ ശ്രദ്ധാപൂര്‍വം തന്റെ വഴി തിരഞ്ഞെടുത്തു. അവന്‍ മുന്നില്‍നിന്ന് നയിച്ചതോടെ പെട്ടിപ്പൊളിഞ്ഞ മഞ്ഞുപാളികള്‍ പിന്നിട്ട് അവര്‍ തീരത്തേക്ക് എത്തി. പിന്നാലെ കാത്തിരുന്ന ലിറ്റില്‍ മക്കിന്‍ലി (1,500 മീറ്റര്‍) എന്ന മഞ്ഞുമലയായിരുന്നു. പാതയിലെ ഏറ്റവും കഠിനമായ ഭാഗങ്ങളിലൊന്ന്. അതും പിന്നിട്ട് പിറ്റേന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് സെപ്പാല ചാര്‍ളി ഓള്‍സന് സീറം കൈമാറി.
അലാസ്‌കയിലേക്ക് സീറം എത്തിച്ച ദൗത്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്കു വഹിച്ച പട്ടി, അതായിരുന്നു ടോഗോ. അതിദുര്‍ഘടമായ പാതിയിലൂടെ സഞ്ചരിച്ചാണ് ടോഗോയും അവന്റെ യജമാനന്‍ ലിയനാര്‍ഡ് സെപ്പാലയും സീറം അടുത്ത സംഘത്തിന് കൈമാറിയത്. 1925-ല്‍ ഡോഗ് സ്ലെഡ് (Sled dog- പട്ടികള്‍ വലിക്കുന്ന മഞ്ഞുവണ്ടി) റിലേ വഴി അലാസ്‌കയിലെ നോം നഗരത്തില്‍ ഡിഫ്തീരിയ ആന്റിടോക്‌സിന്‍ എത്തിക്കാന്‍ നടത്തിയ ദൗത്യമാണ് ദി സീറം റണ്‍ എന്നറിയപ്പെടുന്നത്. 20 മഷര്‍ (പട്ടികള്‍ വലിക്കുന്ന മഞ്ഞു വണ്ടി ഓടിക്കുന്നയാള്‍)മാരും 150 സ്ലെഡ് നായ്ക്കളും ചേര്‍ന്നാണ് 1,085 കിലോ മീറ്റർ പിന്നിട്ട് നോമിലേക്ക് ഡിഫ്തീരിയ ആന്റിടോക്‌സിന്‍ എത്തിച്ചത്. അതിദുഷ്‌കരമായ കാലാവസ്ഥയില്‍ അഞ്ചര ദിവസം കൊണ്ടാണ് അവര്‍ ദൗത്യം പൂര്‍ത്തിയാക്കിയത്. അന്ന് റേഡിയോയും പത്രമാധ്യമങ്ങളും വഴി നായകളും അവരെ നയിച്ചവരും വീരനായകന്മാരായി ചിത്രീകരിക്കപ്പെട്ടു. അമേരിക്കയിലുടനീളമുള്ള പത്രങ്ങളില്‍ വലിയ പ്രാധാന്യത്തോടെയാണ് ഈ വാര്‍ത്തകള്‍ അച്ചടിച്ചു വന്നത്.
ദി സീറം റണ്ണിന്റെ അവസാനഘട്ടത്തിലെ ലീഡ് സ്ലെഡ് നായ ബാള്‍ട്ടോയാണ് ഏറെ ആഘോഷിക്കപ്പെട്ടത്. ആ കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തനായ പട്ടിയായി ബാള്‍ട്ടോ മാറി. ബാള്‍ട്ടോയുടെ പ്രതിമ ന്യൂയോര്‍ക്ക് സിറ്റിയിലെ സെന്‍ട്രല്‍ പാര്‍ക്കിലും അലാസ്‌കയിലെ ഡൗണ്ടൗണ്‍ ആങ്കറേജിലും സ്ഥാപിക്കപ്പെട്ടു. പക്ഷേ, യഥാര്‍ഥ ഹീറോ ബാള്‍ട്ടോ ആയിരുന്നില്ല. ദൗത്യത്തിലെ ഏറ്റവും കഠിനവും ഏറ്റവും ദൈര്‍ഘ്യമേറിയതുമായ ഭാഗത്ത് മഞ്ഞുവണ്ടി വലിച്ചത് ടോഗോയായിരുന്നു. ഇടയ്ക്ക് മുടങ്ങിപ്പോയേക്കാവുന്ന യാത്രയെ വിജയത്തിലെത്തിച്ചത് അവനായിരുന്നു. അവന്റെ നേട്ടം ലോകം തിരിച്ചറിയാന്‍ വൈകി. 'ആ ദൗത്യത്തില്‍ പങ്കെടുത്ത പട്ടികളും അവയെ നയിച്ചവരും അവരുടെ പരമാധി പ്രവര്‍ത്തിച്ചു. പക്ഷേ, ദൗത്യത്തിന്റെ പേരില്‍ ബാള്‍ട്ടോ മാത്രം ആഘോഷിക്കപ്പെടുന്നതില്‍ എനിക്ക് നീരസമുണ്ട്. ഏതെങ്കിലും നായ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നുണ്ടെങ്കില്‍ അത് ടോഗോ ആണ്.' ടോഗോയെക്കുറിച്ച് സെപ്പാല പിന്നീട് പറഞ്ഞു.
Also Read
നോം എന്ന കുടിയേറ്റ പട്ടണം
വടക്കന്‍ അലാസ്‌കയില്‍ ആര്‍ട്ടിക് സര്‍ക്കിളിന് രണ്ട് ഡിഗ്രി തെക്കായി സ്ഥിതി ചെയ്യുന്ന ചെറിയ പട്ടണമായിരുന്നു നോം (Nome). ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സ്വര്‍ണവേട്ടയുടെ ഫലമായി വലിയ കുടിയേറ്റം നടന്ന പട്ടണം. പിന്നീട് അത് കുറഞ്ഞെങ്കിലും 1925-കളിലും വടക്കന്‍ അലാസ്‌കയിലെ ഏറ്റവും വലിയ പട്ടണം തന്നെയായിരുന്നു നോം. സ്വദേശികളും യൂറോപ്യന്‍ വംശജരായ കുടിയേറ്റക്കാരുമുള്‍പ്പെടെ ഏതാണ്ട് ആയിരത്തഞ്ഞൂറോളം പേരാണ് അക്കാലത്ത് നോമിലുണ്ടായിരുന്നത്. കാലാവസ്ഥയാണ് നോമിലെ ജീവിതം ദുഷ്‌കരമാക്കിയിരുന്നത്. നവംബര്‍ മുതല്‍ ജൂലൈ വരെ നീളുന്ന ശൈത്യകാലത്ത് സെവാര്‍ഡ് ഉപദ്വീപിന്റെ തെക്കന്‍ തീരത്തുള്ള തുറമുഖം മഞ്ഞുമൂടുകയും കപ്പല്‍ യാത്ര അസാധ്യമാകുകയും ചെയ്യും. ആ സമയത്ത് നഗരത്തെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഏക മാര്‍ഗം സെവാര്‍ഡ് തുറമുഖത്തേക്കുള്ള 1,510 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള പാത (ഐഡിറ്റാറോഡ് ട്രയല്‍- Iditarod Trail Sled Dog Race)യായിരുന്നു. പര്‍വതനിരകളിലൂടെയും അലാസ്‌കയുടെ ഉള്‍പ്രദേശങ്ങളിലൂടെയുമായിരുന്നു ഈ പാത. അക്കാലത്ത് അലാസ്‌കയിലും മറ്റ് ആര്‍ട്ടിക് പ്രദേശങ്ങളിലും കത്തുകളും മറ്റ് അത്യാവശ്യം സാധനങ്ങളും എത്തിക്കാനുള്ള പ്രധാന മാര്‍ഗം ഡോഗ് സ്ലെഡുകള്‍ (പട്ടികള്‍ വലിക്കുന്ന മഞ്ഞുവണ്ടി) ആയിരുന്നു.
നോമില്‍ പകര്‍ച്ചവ്യാധി പടരുന്നു
1924-ലെ ശൈത്യകാലം. അക്കാലത്ത് നേമിലും പരിസരപ്രദേശത്തുമുള്ളവരുടെ ഏക ആശ്രയമായിരുന്നു മെയ്‌നാര്‍ഡ് കൊളംബസ് എന്ന് ചെറിയ ആശുപത്രി. കര്‍ട്ടിസ് വെല്‍ച്ച് ആയിരുന്നു അവിടുത്തെ ഏക ഡോക്ടര്‍. പതിവ് പരിശോധനകള്‍ക്കിടയിലാണ് ആശുപത്രിയിലെ ഡിഫ്തീരിയ ആന്റിടോക്‌സിന്റെ മുഴുവന്‍ ബാച്ചും ഉപയോഗശൂന്യമായതായി ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുന്നത്. പുതിയ ഡിഫ്തീരിയ ആന്റിടോക്‌സിനായി അദ്ദേഹം ഓഡര്‍ നല്‍കിയെങ്കിലും അപ്പോഴേയ്ക്കും ശൈത്യകാലം എത്തി. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് നോം തുറമുഖം അടയ്ക്കുന്നതിന് മുമ്പ് മരുന്നുകള്‍ എത്തിയില്ല. 1924 ഡിസംബറില്‍, അവസാന കപ്പല്‍ തുറമുഖം വിട്ട് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. തൊണ്ടവേദനയുമായി എത്തിയ കുറച്ച് കുട്ടികള്‍ക്ക് വെല്‍ച്ച് ചികിത്സ നല്‍കി. ഒരു പകര്‍ച്ചവ്യാധിയുടെ സാധ്യത കണ്ടെങ്കിലും അത് രൂക്ഷമാകുമെന്ന് വെല്‍സ് പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍, അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് അടുത്ത ആഴ്ചകളില്‍ കേസുകളുടെ എണ്ണം വര്‍ധിക്കുകയും നാല് കുട്ടികള്‍ മരിക്കുകയും ചെയ്തു. വെല്‍ച്ചിന് പോസ്റ്റ്‌മോര്‍ട്ടം നടപടികളുമായി മുന്നോട്ട് പോകാന്‍ സാധിച്ചില്ല. എങ്കിലും കുട്ടികളില്‍ പടര്‍ന്നത് ഡിഫ്തീരിയയാണോ എന്ന് അദ്ദേഹം ആശങ്കപ്പെട്ടു.
1925 ജനുവരി പകുതിയോടെ, മൂന്ന് വയസ്സുള്ള ഒരു ആണ്‍കുട്ടിയില്‍ ഡിഫ്തീരിയയുടെ ആദ്യ കേസ് വെല്‍ച്ച് ഔദ്യോഗികമായി സ്ഥിരീകരിച്ചു. അസുഖം ബാധിച്ച് രണ്ടാഴ്ചയ്ക്ക് ശേഷം കുട്ടി മരിച്ചു. തൊട്ടടുത്ത ദിവസം സമാന ലക്ഷണങ്ങളുമായി ഒരു ഒരു ഏഴു വയസ്സുകാരിയും ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. അവളെ എങ്ങനെയെങ്കിലും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനായി, അവസാന ശ്രമമെന്നോണം കാലാവധി കഴിഞ്ഞ ആന്റിടോക്സിന്‍ നല്‍കിയെങ്കിലും അത് ഫലപ്രദമായില്ല. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പെണ്‍കുട്ടി മരിച്ചു. കാര്യങ്ങള്‍ കൈവിട്ടു പോയേക്കുമെന്ന് ഭയന്ന വെല്‍സ് വിവരം നോമിന്റെ മേയര്‍ ജോര്‍ജ് മെയ്‌നാര്‍ഡിനെ അറിയിച്ചു. അടിയന്തര യോഗം വിളിച്ച മേയല്‍ നഗരത്തില്‍ ക്വാറന്റീന്‍ നടപ്പാക്കി. സംഭവത്തിന്റെ ഗൗരവസ്വഭാവം അറിയിച്ചുകൊണ്ട് അടുത്ത ദിവസം തന്നെ വെല്‍ച്ച് അലാസ്‌കയിലെ മറ്റെല്ലാ പ്രധാന നഗരങ്ങളിലേക്കും റേഡിയോ ടെലിഗ്രാമുകള്‍ അയച്ചു. ഡിഫ്തീരിയ പടരാന്‍ സാധ്യയുണ്ടെന്നും 10 ലക്ഷം യൂണിറ്റ് ഡിഫ്തീരിയ ആന്റിടോക്സിന്‍ ആവശ്യമാണെന്നും കാണിച്ച് വാഷിങ്ടണിലെ യു.എസ്. പബ്ലിക് ഹെല്‍ത്ത് സര്‍വീന് സന്ദേശം അയക്കുകയും ചെയ്തു.
സീറം എത്തിക്കാന്‍ വഴി തെളിയുന്നു
നോം തുറമുഖം അടച്ചതോടെ എങ്ങനെ സീറം എന്നതായിരുന്നു വലിയ ആശങ്ക. വിമാനത്തില്‍ എത്തിക്കാമെന്ന നിര്‍ദേശമാണ് നോമിന്റെ മേയര്‍ ജോര്‍ജ് മെയ്‌നാര്‍ഡ് തുടക്കത്തില്‍ മുന്നോട്ട് വെച്ചത്. എന്നാല്‍, 1925 കാലഘട്ടത്തില്‍ വിമാനങ്ങള്‍ താരതമ്യേന പുതിയ സാങ്കേതികവിദ്യയായിരുന്നു. ഒപ്പം അലാസ്‌കയിലെ കഠിനമായ ശൈത്യകാലാവസ്ഥയില്‍ അവയെ പൂര്‍ണമായി വിശ്വസിക്കുകയും പ്രയാസമായിരുന്നു. വിമാനങ്ങള്‍ അലാസ്‌കയില്‍ ഏതാനും പരീക്ഷണ പറക്കലുകള്‍ നടത്തിയിരുന്നുവെങ്കിലും അവയെ വിശ്വാസത്തിലെടുക്കേണ്ടതില്ലെന്ന് പൊതുഅഭിപ്രായമാണ് ഉയര്‍ന്നത്. അതോടെ വിമാനത്തില്‍ ആന്റിടോക്സിന്‍ എത്തിക്കാനുള്ള നിര്‍ദ്ദേശം ആരോഗ്യ ബോര്‍ഡ് നിരസിച്ചു. പിന്നാലെ, ഡോഗ് സ്ലെഡ് സംഘങ്ങളെ ഉപയോഗിച്ച് മരുന്നെത്തിക്കാമെന്ന നിര്‍ദേശമാണ് പൊതുവില്‍ ഉയര്‍ന്നുവന്നത്. സെവാര്‍ഡ് തുറമുഖത്തുനിന്ന് മരുന്ന് ട്രെയിനില്‍ നോമിന് ഏറ്റവും അടുത്ത നഗരമായ നെനാനയില്‍ എത്തിക്കാനും അവിടെനിന്ന് വിവിധ ഡോഗ് സ്ലെഡ് സംഘങ്ങളെ ഉപയോഗിച്ച് നോമില്‍ എത്തിക്കാനുമായിരുന്നു പദ്ധതി. ഒരു സ്ലെഡ് ഡോഗ് സംഘത്തെ മാത്രം ഉപയോഗിച്ചാല്‍ ഏതാണ്ട് ഒരു മാസത്തോളം എടുക്കും ഈ യാത്രയ്ക്ക്. അതിനാല്‍ തന്നെ റിലേ പോലെ സ്ലെഡ് ഡോഗ് സംഘത്തെ നിയോഗിക്കാനായിരുന്നു പദ്ധതി.
നെനാനയില്‍നിന്നും നോമില്‍നിന്നും രണ്ട് സംഘങ്ങള്‍ ഒരേസമയം യാത്ര തിരിക്കാനും ഇരുനഗരങ്ങള്‍ക്കും ഇടയിലുള്ള നുലാറ്റോ പട്ടണത്തില്‍ കണ്ടുമുട്ടാനുമായിരുന്നു ലക്ഷ്യമിട്ടത്. ആന്റി ടോക്സിന്‍ സീറം ആറ് ദിവസം മാത്രമേ നശിക്കാതിരിക്കൂ എന്ന് കര്‍ട്ടിസ് വെല്‍ച്ച് കണക്കാക്കി. അങ്ങനെ നോമില്‍നിന്ന് നുലാറ്റോയിലേക്കും തിരിച്ചുമുള്ള 1,014 കിലോ മീറ്റര്‍ യാത്രയ്ക്കായി വിവിധ മഷര്‍മാരും (സ്ലെഡ് ഓടിക്കുന്നയാള്‍) നായകളും തിരഞ്ഞെടുക്കപ്പെട്ടു. മഞ്ഞുവണ്ടി വലിക്കുന്ന നായകളുടെ പരിശീലകനും സ്ലെഡ് മഷറുമായ ലിയനാര്‍ഡ് സെപ്പാലയായിരുന്നു അവരില്‍ പ്രമുഖന്‍. ഓള്‍-അലാസ്‌ക സ്വീപ്പ് സ്റ്റേക്കേഴ്സ് ( All-Alaska Sweepstakes- അലാസ്‌കയില്‍ എല്ലാ വര്‍ഷവും നടക്കുന്ന ഡോഗ് സ്ലെഡ് മത്സരം) മത്സരത്തില്‍ മൂന്ന് തവണ വിജയിച്ച് റെക്കോഡിട്ടയാളാണ് സെപ്പാല. കായികശേഷിക്കും സൈബീരിയന്‍ ഹസ്‌കികളെ കൈകാര്യം ചെയ്യുന്നതിലുള്ള കഴിവിലും അലാസ്‌കയില്‍ അക്കാലത്ത് വലിയ പ്രശസ്തനായിരുന്നു അദ്ദേഹം. 12 വയസ്സുള്ള ടോഗോയായിരുന്നു അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ഏറ്റവും പ്രശസ്തനായ പട്ടി. നേതൃഗുണത്തിലും ബുദ്ധിശക്തിക്കും അപകടം തിരിച്ചറിയാനുള്ള കഴിവിലും ഒരുപോലെ പ്രശസ്തനായിരുന്നു ടോഗോ.
.jpg?$p=7a32d17&&q=0.8)
സെപ്പാലയുടെ കഥ, ടോഗോയുടേയും
നോര്‍വീജിയന്‍ വംശജനായ സെപ്പാല സ്വര്‍ണവേട്ടയുടെ കാലത്ത് 1900-ലാണ് ആദ്യമായി അലാസ്‌കയിലെത്തുന്നത്. അലാസ്‌കയിലെത്തി ആദ്യത്തെ ശൈത്യകാലത്ത് തന്നെ അദ്ദേഹം ലിന്‍ഡെബര്‍ഗിന്റെ കമ്പനിയില്‍ സ്ലെഡ് ഓടിക്കുന്ന ജോലിയില്‍ കയറി. മറ്റുള്ളവര്‍ ദിവസത്തില്‍ 30 മൈല്‍ (48 കിലോ മീറ്റര്‍) മാത്രം യാത്ര ചെയ്യുമ്പോള്‍ സെപ്പാല ദിവസവും 50 മുതല്‍ 100 മൈലുകള്‍ വരെ സഞ്ചരിച്ചിരുന്നു. ഇതിനായി ദിവസത്തില്‍ 12 മണിക്കൂര്‍ വരെ അദ്ദേഹം ജോലി ചെയ്തു. വേനല്‍ക്കാലത്ത് സെഡ്ജിന് പകരം ചക്രങ്ങളുള്ള വണ്ടികള്‍ വലിക്കാനായാണ് അദ്ദേഹം നായകളെ നിലനിര്‍ത്തിയത്. അക്കാലത്ത് അലാസ്‌കയിലെ മിക്ക സ്ലെഡ് നായ്ക്കളും അലാസ്‌കന്‍ മലമൂട്ടുകളോ മിക്‌സഡ് ബ്രീഡുകളോ ആയിരുന്നു. പിന്നീട് പയനിയര്‍ മൈനിംഗ് കമ്പനിയുടെ കീഴില്‍ നോമിലെ പ്രമുഖനായ മഷററായി സെപ്പാല പേരെടുത്തു. അക്കാലത്ത്, നോമിന്റെ ഏറ്റവും മികച്ച സ്ലെഡ് പട്ടികള്‍ സെപ്പാലയുടെ കൈവശമുണ്ടായിരുന്നു. അതില്‍ ഒരാളായിരുന്നു ടോഗോ.
സൈബീരിയയില്‍നിന്ന് അലാസ്‌കയിലെത്തിച്ച ഡോളി എന്ന നായയുടെ സന്തതികളില്‍ ഒരാളായിരുന്നു ടോഗോ. അക്കാലഘട്ടത്തിലെ രേഖകള്‍ വിരളമാണെങ്കിലും ടോഗോ 1913-ല്‍ ജനിച്ചുവെന്ന് പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. വടക്കന്‍ സാമി ഭാഷയില്‍ നായ്ക്കുട്ടി എന്നര്‍ത്ഥം വരുന്ന കുഗു എന്നാണ് അവന് ആദ്യം പേരിട്ടത്. പിന്നീടാണ് അത് ടോഗോ എന്ന് മാറ്റുന്നത്. തുടക്കത്തില്‍ ടോഗോയെ സ്ലെഡ് ഡോഗ് എന്ന നിലയില്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് സെപാല കരുതിയിരുന്നില്ല. നായ്ക്കുട്ടിയായിരിക്കെ ടോഗോ നിരന്തരം അസുഖബാധിതനായിരുന്നു. സെപ്പാലയുടെ ഭാര്യയുടെ നിരന്തര പരിചരണത്തിലൂടെയാണ് ടോഗോ സുഖം പ്രാപിച്ചത്. പ്രായപൂര്‍ത്തിയായിട്ടും ഏകദേശം 22 കിലോ മാത്രമായിരുന്നു അവന്റെ ഭാരം. ഒരു സ്ലെഡ് നായയാകാന്‍ അനുയോജ്യമല്ലാത്തതിനാല്‍, ആറ് മാസം പ്രായമുള്ളപ്പോള്‍ സെപ്പാല അവനെ മറ്റൊരാള്‍ക്ക് വളര്‍ത്താനായി വിട്ടുനല്‍കി. എന്നാല്‍, ഏതാനും ആഴ്ച ആ വീട്ടില്‍ ചെലവഴിച്ച ടോഗോ വീടിന്റെ ജനല്‍ച്ചില്ല് തകര്‍ത്ത് അവിടെനിന്നു രക്ഷപെട്ടു. കിലോ മീറ്ററുകള്‍ പിന്നിട്ടാണ് അവന്‍ സെപ്പാലയുടെ അടുത്തേക്ക് മടങ്ങിയെത്തിയത്. ടോഗോയുടെ ഈ ഇഷ്ടം സെപ്പാളയില്‍ മതിപ്പുളവാക്കി. അതിനാല്‍ അവനെ വീണ്ടും വിട്ടുകൊടുക്കാന്‍ അദ്ദേഹം ശ്രമിച്ചില്ല.
സെപ്പാലയുടെ മറ്റ് പട്ടികള്‍ക്കൊപ്പം ടോഗോയും വളര്‍ന്നു. പുതിയതായി കണ്ടെത്തിയ സ്വര്‍ണ്ണഖനിയിലേക്ക് വേഗത്തിലെത്താനായി ഒരാള്‍ സെപ്പാലയെ വാടകയ്ക്ക് വിളിച്ചു. ടോഗോയെ കൂട്ടാതെയാണ് സെപ്പാല യാത്ര തിരിച്ചതെങ്കിലും കൂട്ടില്‍നിന്ന് എങ്ങനെയോ രക്ഷപെട്ട് അവന്‍ അവര്‍ക്കൊപ്പം കൂടി. രാത്രിയില്‍ മറ്റ് പട്ടികള്‍ക്കൊപ്പം ചേരാതെ അവന്‍ സെപ്പാലയുടെ കണ്ണില്‍പ്പെടാതെ പുറത്ത് കഴിച്ചുകൂട്ടി. പിറ്റേന്ന് പ്രഭാതത്തില്‍ സെപ്പാല ടോഗോയെ തിരിച്ചറിഞ്ഞു. തിരിച്ചുള്ള യാത്രയിലുടനീളം ടോഗോ സെപ്പാലയുടെ ജോലി ദുഷ്‌കരമാക്കിക്കൊണ്ടിരുന്നു. മറ്റ് സ്ലെഡ് ഡോഗുകളെ അവന്‍ ബുദ്ധിമുട്ടിക്കുന്നത് തുടര്‍ന്നതോടെ ഗത്യന്തരമില്ലാതെ സെപ്പാല അവനേയും മഞ്ഞുവണ്ടിയില്‍ ബന്ധിച്ചു. അത്ഭുതകരമെന്ന് പറയട്ടെ, അവന്‍ പെട്ടെന്നുതന്നെ അതിനോട് പൊരുത്തപ്പെട്ടു. ഓട്ടം തുടങ്ങിയതിന് പിന്നാലെ സെപ്പാല അവന്റെ സ്ഥാനം പിന്നില്‍നിന്ന് മുന്നോട്ട് നീക്കി. ഓട്ടം അവസാനിക്കുമ്പോള്‍ റെക്സി എന്ന പട്ടിയുമായി അവന്‍ ലീഡ് (ഏറ്റവും മുന്നില്‍ നിന്ന് നയിക്കുന്ന പട്ടി) സ്ഥാനം പങ്കിട്ടു. അന്ന് 75 മൈലാണ് ടോഗോ പിന്നിട്ടത്. അത്രയൊന്നും പരിചമില്ലാത്ത ഒരു നായക്കുട്ടിയെക്കൊണ്ട് അസാധ്യമായ കാര്യമായിരുന്നു അത്. ഇത് സെപ്പാലയില്‍ വലിയ മതിപ്പുളവാക്കി.
പിന്നാലെ ടോഗോ പരിശീലനം ആരംഭിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ലീഡ് ഡോഗ് സ്ഥാനം അവന്‍ ഏറ്റെടുത്തു. പലപ്പോഴും ഒരു പങ്കാളി ഇല്ലാതെ അവന്‍ മുന്‍നിരയില്‍നിന്ന് മറ്റ് പട്ടികളെ നയിച്ചു. ലീഡ് ഡോഗ് എന്ന നിലയില്‍ സെപ്പാലയുടെ പ്രിയപ്പട്ട നായയായി മാറി. അവന്റെ സ്ഥിരതയും ശക്തിയും ബുദ്ധിയും അലാസ്‌കയിലുടനീളം അറിയപ്പെട്ടു. ടോഗോ സെപ്പാലയുടെ ടീമിനെ റേസുകളിലും ദീര്‍ഘവും ഹ്രസ്വവുമായ യാത്രകളില്‍ നയിച്ചു. ഈ സമയത്ത് സെപ്പാല 1915, 1916, 1917 വര്‍ഷങ്ങളില്‍ ഓള്‍-അലാസ്‌ക സ്വീപ് സ്റ്റേക്കുകള്‍ വിജയിക്കുകയും ചെയ്തിരുന്നു. 1925-ല്‍ സെപ്പാലയ്ക്ക് 47 വയസുമായിരുന്നു പ്രായം, ടോഗോയ്ക്ക് 12. എന്നിട്ടും നോം അപകടകരമായ അവസ്ഥയിലേക്ക് നീങ്ങിയപ്പോള്‍ സെപ്പാല ഇറങ്ങിത്തിരിക്കുകയായരുന്നു.
.jpg?$p=c75fd1c&&q=0.8)
ദി ഗ്രേറ്റ് സീറം റണ്‍
നെനാനയില്‍നിന്ന് നോമിലേക്ക് 674 മൈല്‍ (1,085 കിലോ മീറ്റർ) ആണ് ദൂരം. ഈ റൂട്ടിലൂടെ 300,000 യൂണിറ്റ് സീറം എത്തിക്കാനായി വിവിധ സംഘങ്ങള്‍ അടങ്ങിയ ഒരു ഡോഗ് സ്ലെഡ് റിലേയാണ് അധികൃതര്‍ ക്രമീകരിച്ചത്. റിലേയിലെ ആദ്യത്തെ മഷര്‍ വൈല്‍ഡ് ബില്‍ ഷാനോനായിരുന്നു. 1925 ജനുവരി 27-ന് രാത്രി 9-ന് നെനാനയിലെ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഒന്‍പത് കിലോ ഭാരം വരുന്ന സീറം പാക്കേജ് അദ്ദേഹത്തിന് കൈമാറി. മൈനസ് 46 ഡിഗ്രി തണുപ്പിലും ബ്ലാക്കി (ലീഡ് ഡോഗ്)യുടെ നേതൃത്വത്തില്‍ അനുഭവപരിചയമില്ലാത്ത ഒന്‍പത് നായ്ക്കളുടെ സംഘവുമായി ഷാനോന്‍ ഉടന്‍ പുറപ്പെട്ടു. പിന്നാലെ താപനില കുറയാന്‍ തുടങ്ങി. പ്രതിസന്ധികള്‍ നേരിട്ട് അദ്ദേഹം പുലര്‍ച്ചെ മൂന്ന് മണിക്ക് മിന്റോയിലെത്തി. തുടര്‍ന്ന് 16 സംഘങ്ങള്‍ കൈമാറിയാണ് സീറം പാക്കേജ് സെപ്പാലയുടെ കൈവശമെത്തുന്നത്.
ജനുവരി 29-ന് സെപ്പാലയും ടോഗോയുടെ നേതൃത്വത്തില്‍ 20 മികച്ച പട്ടികളും സീറം എത്തിക്കാനായി നോമില്‍നിന്ന് പുറപ്പെപ്പെട്ടു. തിരഞ്ഞെടുത്ത പട്ടികളില്‍ ബാള്‍ട്ടോ ഉണ്ടായിരുന്നില്ല. ഒരു ടീമിനെ നയിക്കാന്‍ പ്രാപ്തനല്ലെന്ന് തോന്നിയതിനാലാണ് ബാള്‍ട്ടോയെ ഒഴിവാക്കിയത്. നോമില്‍നിന്ന് 170 മൈല്‍ (270 കിലോ മീറ്റർ) കിഴക്കോട്ട് സഞ്ചരിച്ച് സംഘം ഷാക്തൂലിക്കിന് സമീപം എത്തി. മൈനസ് 30 ഡിഗ്രി താപനിലയിലും മൂന്ന് ദിവസത്തിനുള്ളിലാണ് സംഘം 170 മൈലുകള്‍ പിന്നിട്ടത്. നോമില്‍ സാഹചര്യം വീണ്ടും വഷളായതോടെ കൂടുതല്‍ ടീമുകളെ റിലേയില്‍ ഉള്‍പ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. സമയവും ദൂരവും ലാഭിക്കാന്‍ തണുത്തുറഞ്ഞ നോര്‍ട്ടണ്‍ സൗണ്ട് മുറിച്ചുകടന്ന് സഞ്ചരിച്ച സെപ്പാല, മറ്റൊരു മഷറായ ഹെന്റി ഇവാനോഫിന്റെ സംഘത്തെ മറികടന്ന് സഞ്ചരിച്ചു. ഇതോടെ അദ്ദേഹം സീറം, സീറം എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞാണ് സെപ്പാലയുടെ ശ്രദ്ധ ആകര്‍ഷിച്ചത്. ജനുവരി 31-നാണ് സെപ്പാല മറുവശത്തെ സംഘത്തെ കണ്ടുമുട്ടിയത്. അവരില്‍നിന്ന് സീറം സ്വീകരിച്ച ശേഷം മടങ്ങി.
നോര്‍ട്ടണ്‍ സൗണ്ട് കടന്നുള്ള മടക്കയാത്രയില്‍ ടീം ഒരു മഞ്ഞുപാളിയില്‍ കുടുങ്ങി. ടോഗോയുടെ ഫലപ്രദമായ ഇടപെടലിലൂടെയാണ് അവര്‍ക്ക് മുന്നോട്ട് നീങ്ങാന്‍ സാധിച്ചത്. അത്യന്തം ദുഷ്‌കരമായപാത പിന്നിട്ട് കരയില്‍ തിരിച്ചെത്തിയ സെപ്പാലയും സംഘവും ഒടുവില്‍ ചാര്‍ളി ഓള്‍സന്റെ ടീമിന് സീറം കൈമാറി. ദൗത്യത്തിലെ ഏറ്റവും അപകടകരമായ ഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള 261 മൈല്‍ (420 കിലോ മീറ്റര്‍) ദൂരമാണ് ടോഗോ മുന്നില്‍നിന്ന് നയിച്ചത്. വെറും മൂന്ന് ദിവസം കൊണ്ടാണ് അവനും സംഘവും ഈ ദൂരം പിന്നിട്ടത്. റിലേയുടെ അവസാനഘട്ടത്തില്‍ അധികൃതര്‍ ഉള്‍പ്പെടുത്തിയവരില്‍ ഗുന്നാര്‍ കാസെനും ഉള്‍പ്പെട്ടിരുന്നു. അദ്ദേഹം സെപ്പാലയുടെ നിര്‍ദേശത്തിനെതിരായി തന്റെ ടീമിനെ നയിക്കാന്‍ ബാള്‍ട്ടോയെ തിരഞ്ഞെടുത്തിരുന്നു. 1925 ഫെബ്രുവരി മൂന്നിന്, കാസനും ബാള്‍ട്ടോയും നായകരേപ്പോലെ നോമിലേക്ക് ഓടിക്കയറി. സീറം എത്തിയതോടെ നഗരം പകര്‍ച്ചവ്യാധിയില്‍നിന്ന് മുക്തി നേടി. ബാള്‍ട്ടോ വീരനായകനുമായി.
.jpg?$p=f48a71c&&q=0.8)
ടോഗോ അംഗീകരിക്കപ്പെടുന്നു
ഗുന്നാര്‍ കാസനും ബാള്‍ട്ടോയ്ക്കും ഏറെ ആഘോഷിക്കപ്പെട്ടുവെങ്കിലും സെപ്പാലയും ടോഗോയുമാണ് യഥാര്‍ത്ഥ ഹീറോകളെന്ന് ദൗത്യത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അറിയാമായിരുന്നു. ഏറ്റവും ദൈര്‍ഘ്യമേറിയതും അപകടകരവുമായ പാതയില്‍ ടോഗോയാണ് യാത്ര ചെയ്തത്. എന്നാല്‍, അവസാനലാപ്പിനെ നയിച്ച ബാള്‍ട്ടോയ്ക്കാണ് വലിയ ശ്രദ്ധ കിട്ടിയത്. സംഘഗുണത്തിന്റേയും ധൈര്യത്തിന്റേയും പ്രതീക്ഷയുടേയുമെല്ലാം ചിഹ്നമായി ബാള്‍ട്ടോ വിശേഷിപ്പിക്കപ്പെട്ടു. എന്നാല്‍, ബാള്‍ട്ടോയ്ക്ക് അതിനുള്ള ശേഷിയില്ലായിരുന്നുവെന്നാണ് പില്‍ക്കാലത്ത് പലരും വിലയിരുത്തിയത്. ഒരു ലീഡ് ഡോഗായുള്ള ബാള്‍ട്ടോയുടെ വിശേഷണം പോലും ചോദ്യംചെയ്യപ്പെട്ടു. സീറം റണ്ണിനെ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍, സെപ്പാല തന്റെ നായ്ക്കളുമായി വിവിധ ഇടങ്ങളില്‍ യാത്രകള്‍ നടത്തി. സെപ്പാലയും മറ്റൊരു സുഹൃത്തും ചേര്‍ന്ന് പിന്നീട് മൈനില്‍ ഒരു കെന്നല്‍ തുറക്കുകയും ചെയ്തു. അവിടെയാണ് ടോഗോ തന്റെ ശേഷിച്ച ദിവസങ്ങള്‍ ജീവിച്ചത്. 1929-ല്‍ 16-ാം വയസ്സിലാണ് ടോഗോ ഈ ലോകത്തോട് വിട പറഞ്ഞത്. മൂന്ന് വര്‍ഷത്തിന് ശേഷം സെപ്പാല അലാസ്‌കയിലേക്ക് മടങ്ങി. അവിടുത്തെ കെന്നല്‍ അടച്ചു, നായ്ക്കളെ സുഹൃത്തായ ഹാരി വീലറിനെ ഏല്‍പ്പിച്ചു.
കാലക്രമേണ, സീറം റണ്ണിന്റെ യഥാര്‍ത്ഥ നായകന്‍ ടോഗോയെ കൂടുതല്‍ കൂടുതല്‍ ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങി. ഒടുവില്‍, 1983-ല്‍ അലാസ്‌കയിലെ ഇഡിറ്ററോഡ് റേസ് ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് അവന്റെ എംബാം ചെയ്ത ശരീരം മാറ്റി. ഗ്രേറ്റ് സീറം റണ്ണിന്റെ ഓര്‍മ പുതുക്കാനെന്നോണം അലാസ്‌കയില്‍ ഐഡിറ്റാറോഡ് ട്രയില്‍ സ്ലെഡ് ഡോഗ് റേസ് ( Iditarod Trail Sled Dog Race) എല്ലാ വര്‍ഷവും മാര്‍ച്ചില്‍ സംഘടിപ്പിക്കുന്നുണ്ട്. ടോഗോയുടെ നേട്ടങ്ങളെക്കുറിച്ച് പുസ്തകങ്ങള്‍ പുറത്തുവന്നു. പിന്നീട് അവന്റെ കഥ സിനിമയുമായി. 1967-ല്‍ സെപ്പാല തന്റെ 89-ാം വയസ്സില്‍ അന്തരിച്ചു. ടോഗോയെയും തന്റെ സ്വന്തം ജീവിതത്തെയും എന്നെന്നേക്കുമായി മാറ്റിമറിച്ച ആ യാത്രെയെക്കുറിച്ച് മരിക്കുന്നതിന് മുമ്പ് തന്റെ പ്രസിദ്ധീകരിക്കാത്ത ആത്മകഥയില്‍ ഇങ്ങനെ സംഗ്രഹിച്ചു: 'അന്ന് അതികഠിനമായ ശൈത്യത്തിനും ഇരുട്ടിനും ഭയാനകമായ കാറ്റിനും ശേഷം ഞാന്‍ മനുഷ്യന്റെ വിധിയെക്കുറിച്ച് ചിന്തിച്ചു. വിരോധാഭാസമെന്ന് പറയട്ടെ, വിമാനങ്ങളും കപ്പലുകളും നിര്‍മിക്കാന്‍ കഴിയുന്ന മനുഷ്യന് നോമില്‍ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി സീറത്തിന്റെ ചെറിയ പൊതികള്‍ കൊണ്ടുവരാന്‍ നായ്ക്കള്‍ വേണ്ടി വന്നു.'
Content Highlights: The True Story of Togo, the Sled Dog Hero of 1925 Nome Serum Run
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..