അത്ര പാവങ്ങളല്ല ഈ പാവകള്‍.. സഞ്ചാരികളെ വേട്ടയാടുന്ന പാവദ്വീപിന് പിന്നില്‍ | Weird World


അശ്വതി അനില്‍ | aswathyanil@mpp.co.in



Premium

ദ്വീപിലെ പാവയുടെ ദൃശ്യം | Photo: AP

പേക്ഷിക്കപ്പെട്ടൊരു പാവ, ദുരൂഹത നിറഞ്ഞ മുഖം, ഭീതിപ്പെടുത്തുന്ന പശ്ചാത്തല സംഗീതം... ഒട്ടു മിക്ക ഹൊറര്‍ സിനിമകളിലും പാവകള്‍ക്ക് വലിയ റോള്‍ തന്നെയാണുള്ളത്. കാഴ്ച കഴിഞ്ഞാലും പാവയുടെ തുറിച്ചുനോക്കുന്ന മുഖം നമ്മെ പിന്തുടര്‍ന്നുകൊണ്ടേയിരിക്കും. ഇത്തരത്തിലുള്ള ഒരുപാട് പാവകള്‍ നിറഞ്ഞ, പാവകള്‍ക്ക് മാത്രമുള്ള ഒരു സ്ഥലം ഉണ്ടെങ്കിലോ? കെട്ടുകഥകളേയും വെല്ലുന്ന തരത്തില്‍ ഇത്തരമൊരു പാവദ്വീപുണ്ട് മെക്‌സിക്കോയില്‍. പാവകളുടെ പേടിപ്പെടുത്തുന്ന കാഴ്ചകളാല്‍ നിറഞ്ഞ ആ ദ്വീപിന് പിന്നില്‍ ഒരു കഥയുമുണ്ട്.

കുട്ടികളെന്ന് കേള്‍ക്കുമ്പോള്‍തന്നെ പാവകളും കളിപ്പാട്ടങ്ങളുമാണ് മനസ്സിലേക്കെത്തുക. ഓമനത്തം നിറഞ്ഞ, കണ്ടാല്‍ ആരുമൊന്ന് തൊട്ടുനോക്കാന്‍ ആഗ്രഹിച്ചുപോവുന്ന എത്ര പാവകളാണ് നാം കണ്ടിട്ടുണ്ടാവുക. എന്നാല്‍ പാവദ്വീപിലെ പാവകള്‍ക്ക് മട്ടും ഭാവവും ഓമനത്തമല്ല. നരച്ചുതുടങ്ങിയ പാവകള്‍ കാഴ്ചക്കാര്‍ക്ക് ഭയമാണ് നല്‍കുന്നത്. കാരണം ദ്വീപിലുള്ള ഓരോ പാവയ്ക്കും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കാലാധിക്യം കൊണ്ട് മുഖം വികൃതമാവുകയും ശരീരഭാഗങ്ങള്‍ നഷ്ടമാവുകയും മേലാകെ പായലും പൂപ്പലും ബാധിക്കുകയും ചെയ്ത ആ പാവകള്‍ക്ക് ഭീതിയല്ലാതെ മറ്റെന്താണ് സന്ദര്‍ശകര്‍ക്ക് നല്‍കാനുള്ളതും. !

പാവ ദ്വീപിലെത്തിയ ആദ്യ പാവ

ലാ ഇസ്‌ല ദേ ലാസ് മ്യൂണികാസ് എന്നാണ് മെക്‌സിക്കോയിലെ ഈ ദ്വീപിന്റെ യഥാര്‍ഥ പേര്. തെക്കന്‍ മെക്‌സിക്കോയിലെ ഷോചിമികോ കനാലുകള്‍ക്കിടയിലാണ് ദ്വീപ്. സമ്പന്നമായ ഒരു ഭൂതകാലമോ ചരിത്രമോ ഒന്നും അവകാശപ്പെടാനില്ലാത്ത ഈ സ്ഥലം ഏതാനും വര്‍ഷങ്ങളായി സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത് പാവകളുടെ പേരിലാണ്. അകാലത്തില്‍ ദുര്‍മരണപ്പെട്ടുപോയ ഒരു പെണ്‍കുട്ടിയോടുള്ള ആദരസൂചകമായാണ് ദ്വീപില്‍ പാവകളെത്തി തുടങ്ങിയത് എന്നാണ് പറയപ്പെടുന്നത്. ആ സംഭവം അന്ന് ദ്വീപിന്റെ ഉടമസ്ഥനായ ജൂലിയന്‍ സന്താന ബാറേറ അവകാശപ്പെട്ടത് ഇങ്ങനെയാണ്. ' നിരവധി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദ്വീപിന് സമീപത്തെ താമസക്കാരിയായ ഒരു പെണ്‍കുട്ടി ദുരൂഹസാഹചര്യത്തില്‍ ദ്വീപിന് ചുറ്റുമുള്ള വെള്ളത്തിലെ താമരച്ചെടികള്‍ക്കുള്ളില്‍ വീണ് മുങ്ങിമരിക്കുന്നു. ദ്വീപിന് സമീപത്ത് അവളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒരു പാവയും ഒഴുകിയെത്തി ദ്വീപിലടഞ്ഞു.'

പിന്നീട് പലപ്പോഴും എനിക്ക് എന്റെ പാവയെ വേണം എന്നുള്ള ഒരു കരച്ചില്‍ ദ്വീപില്‍നിന്ന് കേട്ടതായാണ് ജൂലിയന്‍ അവകാശപ്പെട്ടത്. വെള്ളത്തില്‍ വീണുമരിച്ച പെണ്‍കുട്ടിയുടെ കൈയിലുണ്ടായിരുന്ന പാവയാണ് അത് എന്ന വിശ്വാസത്തില്‍ പാവയെ ജൂലിയന്‍ പെണ്‍കുട്ടിയെ സംസ്‌കരിച്ചതിന് സമീപത്ത് തൂക്കിയിട്ടു. ദ്വീപില്‍ ജൂലിയന്‍ ചെയ്തിരുന്ന കൃഷി നശിച്ചത് പെണ്‍കുട്ടിയുടെ ആത്മാവിന്റെ ശാപം കൊണ്ടാണെന്ന് ജൂലിയന്‍ വിശ്വസിച്ചിരുന്നു. ആത്മാവിനെ സന്തോഷിപ്പിക്കാനായി പിന്നേയും ഒരുപാട് പാവകളെ അദ്ദേഹം ദ്വീപിലേക്കെത്തിച്ചു. നാടായ നാടെല്ലാം നടന്ന് ചവറ്റുകുട്ടകളും മാലിന്യകൂമ്പാരങ്ങളും തപ്പി ഉപേക്ഷിക്കപ്പെട്ട കേടായ പാവകള്‍ ശേഖരിച്ച് ജൂലിയന്‍ ദ്വീപിലെത്തിച്ചു. അതില്‍ നല്ലതും കേടായതുമായ പാവകള്‍ തുടങ്ങി, പാവകളുടെ ശരീര ഭാഗങ്ങള്‍ മാത്രം വരെ ഉണ്ടായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ദ്വീപിലെ എല്ലാ മരത്തിലും ചെടിയിലും കല്ലിലുമെന്നോണം പാവകള്‍ കുമിഞ്ഞുകൂടി.

ജൂലിയന്‍ | Photo: AP

അഗസ്റ്റിനിറ്റ എന്ന പേരിട്ട പാവയാണ് ജൂലിയന്‍ ദ്വീപിലേക്ക് എത്തിച്ച ആദ്യത്തെ പാവ. പൂക്കള്‍ തലയിലണിഞ്ഞ ഈ പാവയ്‌ക്കൊഴികെ പതിനായിരത്തോളം വരുന്ന ഒരു പാവയ്ക്കും പേരില്ല. അഗസ്റ്റിനിറ്റയെ ദ്വീപിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ജൂലിയന്റെ ഏറ്റവും പ്രിയപ്പെട്ട പാവ ഇതാണെന്നാണ് ദ്വീപിന്റെ ഇപ്പോഴത്തെ കെയര്‍ടേക്കറായ ജേവിയര്‍ റൊമേറോ സാന്ത പറയുന്നത്. 2001-ലാണ് ദ്വീപ് ഉടമസ്ഥനായ ജൂലിയന്‍ മരണപ്പെട്ടത്. പെണ്‍കുട്ടി മരിച്ചുകിടന്ന അതേ സ്ഥലത്തായിരുന്നു ജൂലിയന്റെ മൃതദേഹവും കണ്ടെത്തിയത്. ജൂലിയന്റെ ദുരൂഹമരണവും ദ്വീപിനെ സംബന്ധിച്ച ദുരൂഹതയ്ക്ക് ആക്കം കൂട്ടി. മരിച്ച പെണ്‍കുട്ടിയുടെ ആത്മാവാണ് ജൂലിയന്റെ മരണത്തിന് പിന്നിലെന്ന് ചിലര്‍ പറയുമ്പോള്‍ ജോലിക്കിടെയുണ്ടായ ഹൃദയാഘാതമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ചിലര്‍ പറയുന്നു. ജൂലിയന്റെ മരണത്തോടെ ദ്വീപിനെ കുറിച്ചുള്ള ദുരൂഹകഥകളും പ്രചരിക്കാന്‍ തുടങ്ങി. ദ്വീപിനെ ഇപ്പോഴും ആ പെണ്‍കുട്ടിയുടെ ആത്മാവ് വേട്ടയാടുന്നുണ്ടെന്നാണ് കഥകള്‍ പരക്കുന്നത്. പാവദ്വീപിനെ കാണാനുള്ള കൗതുകം കൊണ്ട് പലരും ഇവിടേക്ക് എത്തുന്നുണ്ട്. ദ്വീപിനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകളുടെ ചുരുളഴിക്കാന്‍ ഗോസ്റ്റ് ഹണ്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലേക്കും ദ്വീപ് ഇടം നേടിയിട്ടുണ്ട്.

Photo: AP

രാത്രിയില്‍ ജീവന്‍ വെക്കുന്ന പാവകള്‍

പാവദ്വീപിനെ ചുറ്റി അനേകം കഥകള്‍ പരക്കുന്നുണ്ടെങ്കിലും പാരാനോര്‍മല്‍ കഥകളാണ് അതില്‍ വ്യാപകമായത്. ഇരുട്ടു പരന്നു തുടങ്ങുമ്പോള്‍ ജീവന്‍ വെക്കുന്ന, കൈയും കാലും തലയുമാട്ടുന്ന, അപശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന പാവകളെ കുറിച്ചുള്ള കഥകളാണ് അതില്‍ പ്രധാനം. പാവദ്വീപിനെ കുറിച്ച് കേട്ട് എത്തി ദ്വീപില്‍ തങ്ങിയ പലരും രാത്രിയില്‍ ജീവന്‍ വെക്കുന്ന പാവകളെ കണ്ട് ഭയന്നോടിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഭീതിപ്പെടുത്തുന്ന കഥകള്‍ പ്രചരിച്ചതോടെ ദ്വീപ് സന്ദര്‍ശിക്കാനെത്തുന്നവരെല്ലാം ദ്വീപില്‍ പുതിയ പാവകളേയോ അല്ലെങ്കില്‍ പാവകള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള സമ്മാനങ്ങളോ നല്‍കാന്‍ തുടങ്ങി. എന്നാല്‍ ദ്വീപ് സന്ദര്‍ശിച്ച ചിലരെങ്കിലും ഈ അസാധാരണ സംഭവങ്ങളെ തള്ളിപ്പറയുന്നുണ്ട്. കെട്ടുകഥകള്‍ കേട്ട് പേടിയോടെ സന്ദര്‍ശനത്തിനെത്തുന്നതു കൊണ്ടാണ് പലതും തോന്നുന്നത്, ഒരു കൗതുക കാഴ്ചയ്ക്കപ്പുറം മറ്റൊന്നും ഈ പാവകള്‍ക്കോ പാവദ്വീപിനോ ഇല്ലെന്നുമാണ് ഇവരുടെ ഭാഷ്യം.

എന്നാല്‍, പാവകള്‍ക്കിടയില്‍നിന്ന് അപശബ്ദങ്ങളും തേങ്ങലുകളും ഇപ്പോഴും കേള്‍ക്കാമെന്നാണ് ജൂലിയന്റെ അനന്തിരവനായ, ദ്വീപിന്റെ ഇപ്പോഴത്തെ കെയര്‍ടേക്കറായ ജേവിയര്‍ റൊമേറോ സാന്ത പറയുന്നത്. പലദിവസങ്ങളും ഒരു പെണ്‍കുട്ടിയുടെ കരച്ചിലുകള്‍ കേള്‍ക്കാറുണ്ട്. ശബ്ദത്തിന്റെ ഉറവിടേ തേടി പോയാല്‍ ശബ്ദം അകന്നുപോകുന്ന പോലെ തോന്നും, ഇടയ്ക്ക് വെള്ളത്തിന്റെ അടിയില്‍ നിന്ന് ശബ്ദമുയരുന്നതുപോലെ തോന്നും. ഭയപ്പെടുത്തുന്ന ആ ശബ്ദം എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും ജോവിയര്‍ പറഞ്ഞു.

ആയിരക്കണക്കിന് പാവകള്‍ മാത്രമല്ല, അത്രത്തോളം തന്നെ ചിലന്തികളുടേയും വിഹാരകേന്ദ്രമാണ് ഈ ദ്വീപ്. കാടുപിടിച്ച് കിടക്കുന്ന ദ്വീപിലെങ്ങും ചിലന്തികള്‍ വലിയ വലകള്‍ കെട്ടിയിരിക്കുകയാണ്. പാവകള്‍ പലതും വലകളാല്‍ മൂടപ്പെട്ടിരിക്കുന്നു. നശിപ്പിക്കപ്പെട്ട പാവകള്‍ക്കൊപ്പം ചിലന്തികളുടെ സാന്നിധ്യവും വലകളുടെ രൂപങ്ങളും പേടിപ്പെടുത്തുന്ന കാഴ്ചയാണ്. മനസ്സിലെ പേടിയും പേടി നല്‍കുന്ന കാഴ്ചകളുമാണ് ദ്വീപിലെ സന്ദര്‍ശകര്‍ക്ക് അസാധാരണമായ, വിചിത്രമായ അനുഭവം സമ്മാനിക്കുന്നത്.

പാവ ദ്വീപ്, സഞ്ചാരികളുടെ സ്വപ്‌നലോകം

ജൂലിയന്‍ തന്റെ ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച് ദ്വീപിലെത്തി ഒറ്റയ്ക്ക് താമസിക്കുകയായിരുന്നെന്നും അദ്ദേഹത്തിന്റെ മാനസികനിലയ്ക്ക് തകരാറുണ്ടെന്നുമാണ് പലരും ആരോപിക്കുന്നത്. പാവകളെ ദ്വീപിലെത്തിച്ചത് ജൂലിയന്‍ ആണെന്നും വെറുമൊരു കൗതുകത്തിനപ്പുറം മറ്റൊന്നും ദ്വീപിലില്ലെന്നും പറയപ്പെടുന്നു. വാസ്തവമെന്തായാലും ജൂലിയന്റെ വരവോടെ ദ്വീപിന്റെ തലവര പോലും മാറിമറിഞ്ഞു. ആരോരും തിരിഞ്ഞുനോക്കാനില്ലാത്ത ദ്വീപില്‍ പാവകള്‍ നിറഞ്ഞതോടെ ദ്വീപിനെ സഞ്ചാരികള്‍ തേടിയെത്താന്‍ തുടങ്ങി. കെട്ടുകഥകളും അകമ്പടിയെത്തിയതോടെ നിഗൂഢസ്ഥലങ്ങളുടെ ഭൂപടത്തിലേക്ക് പാവദ്വീപും ഇടം നേടി. ദ്വീപിന് ചുറ്റുമുള്ള കനാല്‍ വെള്ളം ആമ്പല്‍ ചെടികളാല്‍ നിറഞ്ഞതായിരുന്നു. ആമ്പല്‍ പൂക്കാലവും പൂക്കാലത്തിനും സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതില്‍ വലിയ പങ്കുണ്ട്.

1943 മുതലാണ് പാവദ്വീപ് ആഗോളശ്രദ്ധ നേടുന്നത്. മെക്‌സിക്കന്‍ ചലച്ചിത്ര സംവിധായകനായ എമിലിയോ ഫെര്‍ണാണ്ടസ് തന്റെ മരിയ കാണ്ടലേറിയ എന്ന ചിത്രം ദ്വീപില്‍വെച്ച് ചിത്രീകരിച്ചതോടെയാണിത്. ചിത്രത്തിന് പിന്നാലെ പല അന്താരാഷ്ട്ര, പ്രാദേശിക ചാനലുകളും പാവദ്വീപിനെ പല തരത്തില്‍ ചിത്രീകരിക്കാനെത്തി. ഹഫിങ്ടണ്‍ പോസ്റ്റിലും ട്രാവല്‍ ചാനലിലും എബിസി ന്യൂസിലും തുടങ്ങി ഗിന്നസ് റെക്കോര്‍ഡില്‍ പോലും പാവദ്വീപ് ഇടം നേടി. ' world's largest collection of haunted dolls എന്ന വിഭാഗത്തിലാണ് പാവദ്വീപ് റെക്കോര്‍ഡ് നേടിയത്. ആമസോണിലെ പ്രൈമിലെ ഡോക്യുമെന്ററി സീരിസായ ആയ ലോറിലും ദ്വീപ് ഇടം നേടി. ഗോസ്റ്റ് അഡ്വഞ്ചേര്‍സ്, ബസ്ഫീല്‍ഡ് അണ്‍സോള്‍വ്ഡ് തുടങ്ങിയവയിലും പാവദ്വീപിന്റെ കഥകളുണ്ട്. ദ്വീപിന്റെ കഥകള്‍ ദേശത്തിന്റെ അതിരും കടന്ന് പ്രചരിച്ചതോടെ ലോകസഞ്ചാരികള്‍ പാവദ്വീപിനെ തേടിയെത്താന്‍ തുടങ്ങി.

മെക്‌സിക്കോയില്‍നിന്ന് ഒന്നര മണിക്കൂര്‍ ബോട്ടില്‍ യാത്ര ചെയ്ത് സഞ്ചാരികള്‍ക്ക് ദ്വീപിലെത്താം. ഒട്ടു മിക്ക ബോട്ടുകളും ദ്വീപിലേക്ക് യാത്ര വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും പ്രേതകഥകളില്‍ വിശ്വസിച്ചിരിക്കുന്ന ചിലര്‍ സഞ്ചാരികളെ ഇവിടേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കുന്നുണ്ട്. സഞ്ചാരികള്‍ക്ക് ദ്വീപിലേക്ക് പാവകളെ എത്തിക്കാം. പക്ഷെ ദ്വീപില്‍നിന്ന് പുറത്തേക്ക് ഒരെണ്ണത്തിനെ പോലും കൊണ്ടുപോവാന്‍ സാധിക്കില്ല. മോഷ്ടിച്ചാല്‍ പോലും അതിന് പരിണിതഫലം ഉണ്ടാകുമെന്നാണ് സന്ദര്‍ശകരും ദ്വീപ് കെയര്‍ടേക്കറും സമീപവാസികളുമെല്ലാം പറയുന്നത്. പാവ ദ്വീപില്‍ ഇപ്പോള്‍ താമസക്കാര്‍ ആരുമില്ല. ഉപേക്ഷിക്കപ്പെട്ട, മരം കൊണ്ടുണ്ടാക്കിയ രണ്ട് കെട്ടിടങ്ങളും പഴയ ഒരു മ്യൂസിയവും മാത്രമാണ് ഇവിടെയുള്ളത്. ഇവയില്‍ നിറയെ പാവകളാണുള്ളത്. ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടിയുടേതെന്ന് കരുതുന്ന ആദ്യ പാവ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. ദ്വീപിനെ കുറിച്ച് പ്രസിദ്ധീകരിച്ച നിരവധി പത്ര-മാസിക റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുകളും മ്യൂസിയത്തിലുണ്ട്.

പാവകളോട് ഭയമുണ്ടോ?

കുട്ടികള്‍ക്ക് പാവകളെ സമ്മാനിക്കുന്നത് ലോകം പല കാലങ്ങളായി പിന്തുടരുന്ന രീതിയാണ്. മനുഷ്യരൂപമുള്ള പാവകളെ സൂക്ഷിച്ചുനോക്കിയാല്‍ ചിലപ്പോഴെങ്കിലും അവയ്ക്ക് ഒരു അസാധാരണത്വം തോന്നാറുണ്ട്. ചലിക്കുന്ന പാവകളാണെങ്കില്‍ ഭയവും തോന്നിയേക്കാം. പലതരം ഭയമാണ് ആളുകള്‍ക്കുള്ളത്. ഭയമില്ലെന്നാണ് എല്ലാവരും പറയുന്നതെങ്കിലും ചില സാഹചര്യങ്ങളില്‍ അപ്രതീക്ഷിതമായി നാം അറിയാതെ ഈ ഭയം പുറത്തുചാടും. ആളുകളില്‍ ഇതിന്റെ തോത് ഏറിയും കുറഞ്ഞുമിരിക്കും. ഇത്തരത്തില്‍ ഭയത്തെ ഉത്തേജിപ്പിക്കുന്ന ഒന്നാണ് പാവകള്‍. പാവകളോടുള്ള ഭയം ശാസ്ത്രീയമായി അറിയപ്പെടുന്നത് പീഡിയോഫോബിയ എന്ന പേരിലാണ്. അതുകൊണ്ട് അസാധാരണത്വം നിറഞ്ഞ, പാവകളാല്‍ ചുറ്റപ്പെട്ട ഒരു സ്ഥലത്ത് നില്‍ക്കുമ്പോള്‍ ഭയം നമ്മെ പൊതിയുന്നത് സ്വാഭാവികമാണ്. പാവ ദ്വീപില്‍ നിന്ന് ശബ്ദം കേള്‍ക്കുക, പാവകള്‍ ചലിക്കുക എന്നൊക്കെയുള്ളത് ഭയം മൂലമുള്ള മാനസികാവസ്ഥയില്‍ ഉരുത്തിരിയുന്ന സങ്കല്‍പങ്ങളാണെന്ന് ഫിലോളജിസ്റ്റും അസിറിയോളജിസ്റ്റുമായ ഡോ. ഇര്‍വിഭ് ഫിങ്കെല്‍ അഭിപ്രായപ്പെട്ടു.

പാവ ദ്വീപിന്റെ അസാധാരണത്വത്തിന് ഇതുവരെ സ്വാഭാവിക വിശദീകരണമൊന്നും ലഭ്യമല്ല. പക്ഷെ, കൗതുക ദ്വീപ് സഞ്ചാരികളെ എന്നും ആകര്‍ഷിച്ചുകൊണ്ടേയിരിക്കുകയാണ്.

Content Highlights: The Island of the Dolls Has a Murky and Terrifying History La Isla de las Muñecas doll island

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023


mohanlal, innocent

1 min

പ്രിയപ്പെട്ട ഇന്നസെന്റിനെ ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തി | VIDEO

Mar 27, 2023

Most Commented