
കെ.വി. തോമസ് | ഫോട്ടോ: മാതൃഭൂമി
അങ്ങനെ വീണ്ടും പ്രൊഫ. കെ.വി. തോമസ്. വാഴ്ത്തപ്പെട്ടവന്‍. തലയിലെഴുത്തിന്റെ ബലം. പുല്ലുവെട്ട് യൂണിയന് തൊട്ടുള്ള പുണ്യം.
എന്നും ഫ്രഷ് ആണ് കുറുപ്പശ്ശേരി വര്‍ക്കി തോമസ്. കുമ്പളങ്ങിയിലെ തിരുത മീന്‍ പോലെ. ഡെയ്ലി ഫ്രഷിനേക്കാള് ഫ്രഷ്. ഉപ്പിലും കലര്പ്പിലും രുചികരം.
എണ്‍പതുകളുടെ തുടക്കം. എറണാകുളത്തെ 'ഐശ്വര്യ'യിലേക്ക് കെ.വി. തോമസ് ചെന്നു. വിളിപ്പുറത്ത് കെ. കരുണാകരന്. ലക്ഷ്യം രണ്ട്. ഇംഗ്ലീഷ് പഠിപ്പിക്കണം. കത്തിടപാട് നടത്തണം. തിരുഹൃദയ കോളേജിലെ അധ്യാപകന് അങ്ങനെ കിച്ചന് ക്യാബിനറ്റിലെത്തി. അന്ന് കുട്ടികളാണ് മുരളിയും പത്മജയും. രാഷ്ട്രീയ ശിശുക്കള്‍.
നേവിയുടേയും പോര്ട്ടിന്റേയും നിലത്ത് പുല്ലു വെട്ടുന്നവരുണ്ട്. അവരുടെ യൂണിയനുണ്ടാക്കി മാഷ്. എന്‍.എം. സത്യവ്രതന് എഴുതുന്നുണ്ട്, തോമസ് മാഷുടെ ബുദ്ധി. തിരഞ്ഞെടുപ്പില്‍ പ്രശ്നം വന്നാല്‍ മാഷ് കൊതുമ്പുവള്ളം ഇറക്കും. കുമ്പളങ്ങിക്കായലില്‍ ഒറ്റയ്ക്ക് തുഴയും. പടം പത്രങ്ങളിലെത്തിക്കും. ജനകീയനാവും.
ഏതാണ്ട് ലോക്കലായിരുന്നു 1984-ല്‍ മാഷ്. തിരഞ്ഞെടുപ്പില്‍ പക്ഷേ, എം.പി. സേവ്യര്‍ അറയ്ക്കലിനെ വെട്ടി സ്ഥാനാര്‍ത്ഥിയായി. എം.പിയായി. പിന്നിട്ട കാലമൊക്കെ അധികാരത്തില്‍ തുടര്‍ന്നു.
എത്രയെത്ര നേതാക്കളായിരുന്നു എറണാകുളത്ത് കോണ്‍ഗ്രസിന്. അലക്സാണ്ടര്‍ പറമ്പിത്തറ, എ.എല്‍. ജേക്കബ്, എ.എം. തോമസ്... അങ്ങനെയങ്ങനെ. എന്തായാലും കഴിഞ്ഞ മൂന്നാലു ദശകമായി ആരും അങ്ങനെ വന്നില്ല. കെ.വി. തോമസ് വലിയൊരു പുളിമരമായി വളര്‍ന്നു.
സേവ്യര്‍ അറയ്ക്കല്‍ കോണ്‍ഗ്രസ് വിടാന്‍ കാരണം കെ.വി. തോമസെന്നാണ് അടക്കം പറച്ചില്. കൊച്ചിക്കായലോരത്ത്. അക്കാലം ഉണ്ടായിരുന്ന കുറേ പേരുകളുണ്ട്. ടി.ജെ. വിനോദ്, കെ.സി. രമേഷ്, മുരളീധരമേനോന്‍... ഹൈബിയുടെ ഒഴിവില്‍ വിനോദ് കുറച്ചു കാലം എം.എല്‍.എ. ആയി. മുരളീധരമേനോന്‍ ആത്മഹത്യ ചെയ്ത അപൂര്‍വം രാഷ്ട്രീയക്കാരില്‍ ഒരാളായി. എവറസ്റ്റ് ചമ്മിണി വെട്ടിനിരത്തപ്പെട്ടു. റിബലായി. സാനു മാഷിന് തിരഞ്ഞെടുപ്പ് വിജയം നല്കി.
തോമസ് മാഷുടെ വരവ് നല്ല കാലത്തായി. കമ്മട്ടിപ്പാടം എറണാകുളമായി. കൊച്ചിക്കാര് പഴഞ്ചൊല്ല് മാറ്റിപ്പിടിച്ചു. കൊച്ചി കണ്ടവനും അച്ചിയും ഔട് ഡേറ്റഡ്. പവര്‍ കട്ടായാല്‍ മാഷ് മതി എന്ന് പുതുചൊല്ല്. ട്രാന്‍സ്ഫോര്‍മര്‍ കത്തിയാലും മാഷ് വന്നാല്‍ കറന്റ് വരും. അത്രയ്ക്ക് ഭാഗ്യവാനായിരുന്നു മാഷ്.
സംഘടനയിലും പാര്‍ലമെന്ററി രംഗത്തും മാഷ് കളം പിടിച്ചു. റിയല്‍ എസ്റ്റേറ്റുകാരുടെ മിശിഹായെന്ന് വിമര്‍ശനം വന്നു. തോപ്പുംപടി പാലത്തില്‍ അഴിമതി ആരോപണം വന്നു. ഗാമനുമൊത്ത് ടോള്‍ പിരിച്ചെന്ന് കുറ്റപ്പെടുത്തലായി.
കുരുവിത്തറ തിരുമേനിക്കും അച്ചാരുപറമ്പിലിനും മാഷ് പക്ഷേ പ്രിയനായി. എറണാകുളം കരയോഗത്തില്‍ മാഷ് പോപ്പായെന്ന് എതിരാളികള്‍ പാടി നടന്നു. മാഷ് വ്യക്തമാക്കി, ''കൊച്ചിയില്‍ മാത്രമല്ലെഡോ... എനിക്കങ്ങ് ദല്ഹിയിലുമുണ്ടെഡോ പിടി.''
അതിനിടെ മാഷ് മുരളിയോട് തെറ്റി. പത്മജയോട് ഉറ്റബന്ധം തുടര്‍ന്നു. ഡി.ഐ.സിയില്‍ പോയിട്ടും കരുണാകരനെ കുറ്റം പറഞ്ഞില്ല. ഇറ്റലിയില്‍ പോയി മാഡത്തിന്റെ ബന്ധുക്കളെ കണ്ടു. ആയുര്‍വേദ ചികിത്സയ്ക്ക് ദല്‍ഹിക്ക് പോയി. കായകല്പം കഴിഞ്ഞു. പോസ്റ്ററടിച്ച ഹൈബി ഈഡന്റെ ചീട്ട് കീറി. സ്ഥാനാര്‍ത്ഥിയായി തിരിച്ചെത്തി.
പാര്‍ലമെന്റ് തൊട്ട് കോര്പറേഷന് വരെ മാഷ് നിര്ണായകനായി. സൗമ്യ ജെയിനെ മേയറാക്കിയതും മാഷ്. എന്‍. വേണുഗോപാലിനെ വെട്ടിയതും മാഷ്. ഒടുവില്‍ ഐയും എയും തിരുത്തലുമൊക്കെ ഒന്നിച്ചു. അപ്പോള്‍ മാഷ് തുരുപ്പിറക്കി. എന്നാലിനി സി.പി.എം.
കൊതുമ്പുവള്ളത്തില്‍ കാറ്റു പിടിച്ചു. ഉറ്റ പത്രക്കാര് ഒപ്പം നിന്നു. പൊലിപ്പിച്ചു. മാധ്യമങ്ങള്‍ക്ക് മുട്ടിനു മുട്ടിന് ക്ലാസെടുക്കുന്നവരാണ് സി.പി.എമ്മുകാര്‍. പുതിയ പഴത്തൊലിയില്‍ അവരും ചവിട്ടി. പാര്‍ട്ടി ചെങ്കൊടി വീശി. ''മാഷിന് സുസ്വാഗതം.'' രേഖീയമായ ചില ധാരണ വരെ എത്തി.
അപ്പോള്‍ ഉമ്മന്‍ ചാണ്ടി വിളിച്ചു. മാഡം വിളിച്ചു. സതീശനും ഹൈബിയും നിശ്ശബ്ദരായി. ബഹളം കൂടി. ''മാഷെ നിലനിര്‍ത്തൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ.''
അങ്ങനെ തല്ക്കാലം രക്ഷപ്പെട്ടു കോണ്‍ഗ്രസ്. പതിവിലും പക കൂടും സി.പി.എമ്മിന്. അമ്മാതിരി പറ്റിപ്പായിപ്പോയി ഇത്. മാഷ് വരുന്നതിന് മുമ്പാണ്. കെ. കാമരാജ് എന്നൊരു നേതാവുണ്ടായിരുന്നു കോണ്‍ഗ്രസില്‍. 1963 ഒക്ടോബര്‍ രണ്ടിന് അദ്ദേഹം ഒരു പദ്ധതി വച്ചു. കാമരാജ് പ്ലാന്‍. കോണ്‍ഗ്രസ് മരിക്കുന്നു എന്ന് തിരിച്ചറിഞ്ഞായിരുന്നു ഇത്. അധികാരം വിട്ട് നേതാക്കള്‍ ജനങ്ങളിലേക്ക് മടങ്ങണം എന്നായിരുന്നു നിര്‍ദേശത്തിന്റെ കാതല്‍. അത് അന്ന് പണ്ഡിറ്റ് നെഹ്റു കേട്ടില്ല. എന്നിട്ടല്ലേ തോമസ് മാഷ്.
മാഷ് തുടരണം. ഞങ്ങളെ ഭരിക്കണം. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി കിട്ടാതിരിക്കട്ടെ. കര്‍ഷക ആത്മഹത്യകള്‍ തുടര്‍ന്നുകൊണ്ടേ ഇരിക്കട്ടെ. പാര്‍ട്ടി ഏതായാലും അധികാരം ഉണ്ടായാല്‍ മതി.
ധര്‍മ്മപുരാണത്തില്‍ പറയുന്നുണ്ട് നേട്ടങ്ങള്‍.
പരിചയസമ്പത്താണ് പ്രധാനം. മറ്റാര്‍ക്കും ആ പരിചയം ഉണ്ടാവാന്‍ അനുവദിക്കരുത്.
വിപണി മാറുകയാണ്. സി.പി.എം. പോയാല്‍ പോട്ടെ.
ബി.ജെ.പിയും ഇതേ കൊതുമ്പുവള്ളത്തില്‍ കയറും.
അതിനാല്‍ വല എറിയൂ മാഷെ.
ഫ്രഷ് മീനിന് എന്നുമുണ്ട് മാര്‍ക്കറ്റ്.
Content Higlights: The Fresh fish from Kumbalangi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..