എടുത്തുവളര്‍ത്തി, വേട്ടയാടാന്‍ പഠിപ്പിച്ച് കാട്ടിലേക്കയച്ചു; എല്‍സ, മനുഷ്യന്‍ വളര്‍ത്തിയ പെണ്‍സിംഹം


അഖില്‍ ശിവാനന്ദ് | akhilsivanand@mpp.co.inസിംഹം എന്ന വന്യജീവി മനുഷ്യനുമായി എത്രത്തോളം ഇണങ്ങി വളരുമെന്ന് ലോകത്തിന് കാട്ടിക്കൊടുക്കുകയായിരുന്നു എല്‍സയിലൂടെ ജോര്‍ജും ജോയിയും. അസാധാരണമായിരുന്നു എല്‍സയുടെ ജീവിതകഥ.അത്രത്തോളം വിസ്മയിപ്പിക്കുന്നതും

Premium

ജോയ് ആഡംസൺ എൽസക്കൊപ്പം | Photo : Express Newspapers/Getty Images

ല്‍സാ.... ജോര്‍ജ് ഉറക്കെ വിളിച്ചു. അവള്‍ തിരിഞ്ഞുനോക്കിയില്ല. എല്‍സാ... എല്‍സാ... ജോര്‍ജ് വീണ്ടും വീണ്ടും വിളിച്ചു. തിരിഞ്ഞു നോക്കാതെ അവള്‍ നടന്നു. അവളുടെ കാലുകള്‍ക്ക് വേഗം വര്‍ധിക്കുന്നതായി ജോര്‍ജിന് തോന്നി. അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് അവള്‍ നടന്നകലുന്നതും നോക്കി കെനിയയിലെ ആ മരുപ്രദേശത്ത് ജോര്‍ജും ജോയിയും നിന്നു. എല്‍സ, അവള്‍ തന്റെ ഭാവി കണ്ടെത്തിയിരിക്കുന്നുവോ? അവര്‍ പരസ്പരം നോക്കി. എല്‍സയില്ലാതെ അവര്‍ ക്യാമ്പിലേക്ക് മടങ്ങി. അവളെ തനിച്ചാക്കി മടങ്ങണമോ, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അധ്യായം ഇവിടെ അവസാനിക്കുകയാണോ, ക്യാമ്പിലെത്തിയിട്ടും ഇരുവരും ആശയക്കുഴപ്പത്തിലായിരുന്നു. സിംഹക്കൂട്ടം അവളെ അംഗീകരിക്കും വരെ വനത്തില്‍ തന്നെ തുടരാം എന്ന നിര്‍ദേശമാണ് അവസാനം വരേയും ജോര്‍ജ് മുന്നോട്ട് വെച്ചത്. എങ്കിലും ഒരു തീരുമാനത്തിലെത്താന്‍ അവര്‍ക്കിരുവര്‍ക്കും സാധിച്ചില്ല. ജോയി വീണ്ടും ടൈപ്പ് റൈറ്റര്‍ കൈയിലെടുത്തു, എഴുതി നിര്‍ത്തിയിടത്ത് നിന്ന് എല്‍സയുടെ കഥ വീണ്ടും എഴുതാന്‍ തുടങ്ങി.

എല്‍സ. ജോര്‍ജ് ആഡംസണും ജോയി ആഡംസണും എടുത്ത് വളര്‍ത്തിയ പെണ്‍സിംഹമായിരുന്നു അവള്‍. വടക്കന്‍ കെനിയയില്‍ ഒരു വനപ്രദേശത്ത് നിന്നും ഒരു സഫാരിക്ക് ഇടയില്‍ ജോര്‍ജിനും ജോയിക്കും ലഭിച്ച മൂന്ന് സിംഹക്കുഞ്ഞുങ്ങളില്‍ ഒരുവള്‍. മറ്റ് രണ്ട് സിംഹക്കുഞ്ഞുങ്ങളേയും മൃഗശാലയിലേക്ക് മാറ്റിയപ്പോള്‍ എല്‍സയെ കൂടെനിര്‍ത്തുകയായിരുന്നു ജോയിയും ജോര്‍ജും. ഏതാനും ദിവസങ്ങള്‍ മാത്രം പ്രായമുള്ളപ്പോള്‍, കണ്ണുകള്‍ പോലും തുറക്കാത്ത സ്ഥിതിയില്‍ ലഭിച്ച അവളെ രണ്ടര വയസുവരെ സ്വന്തം കുട്ടിയെപ്പോലെയാണ് ജോര്‍ജ്ജും ജോയിയും വളര്‍ത്തിയത്. സിംഹം എന്ന വന്യജീവി മനുഷ്യനുമായി എത്രത്തോളം ഇണങ്ങി വളരുമെന്ന് ലോകത്തിന് കാട്ടിക്കൊടുക്കുകയായിരുന്നു ജോര്‍ജും ജോയിയും. അസാധാരണമായിരുന്നു അവളുടെ ജീവിതകഥ.

ജോര്‍ജിന്റേയും ജോയിയുടേയും കഥ തുടങ്ങുന്നു

എല്‍സയുടെ കഥ തുടങ്ങുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജോര്‍ജ് ആഡംസണിന്റേയും ജോയിയുടേയും കഥ ആരംഭിക്കുന്നത്. അതും ലോകത്തിന്റെ രണ്ട് വ്യത്യസ്ത കോണുകളില്‍, രണ്ട് രാജ്യങ്ങളില്‍. ഒന്ന് ഇന്ത്യയില്‍. മറ്റൊന്ന് ഓസ്ട്രിയയില്‍ (നിലവില്‍ ചെക്ക് റിപ്ലബ്ലിക്കിന്റെ ഭാഗം). ഇരുവരും കണ്ടുമുട്ടുന്നതാകട്ടെ ആഫ്രിക്കന്‍ രാജ്യമായ കെനിയയിലും. ഐറിഷ്- ഇംഗ്ലീഷ് മാതാപിതാക്കളുടെ മകനായി ബ്രിട്ടീഷ് ഇന്ത്യയില്‍ ജനിച്ച ജോര്‍ജ് ആംഡംസണ്‍ പതിനെട്ടാം വയസിലാണ് കെനിയയില്‍ എത്തുന്നത്. 1924-ലായിരുന്നു അത്. പിതാവിന്റെ ഉടമസ്ഥതയിലുള്ള കാപ്പി പ്ലാന്റേഷനില്‍ ജോലിയായിരുന്നു ലക്ഷ്യം. എന്നാല്‍ സാഹസികത ഇഷ്ടപ്പെട്ടിരുന്ന ജോര്‍ജിന് പ്ലാന്റേഷനിലെ ജോലിയുമായി പൊരുത്തപ്പെടാന്‍ സാധിച്ചില്ല. പ്ലാന്റേഷന്‍വിട്ട അദ്ദേഹം തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വിവിധ ജോലികള്‍ മാറി മാറി പരീക്ഷിച്ചു. 1938-ല്‍ 32-ാം വയസിലാണ് ജോര്‍ജ് കെനിയയിലെ വന്യജീവിവകുപ്പില്‍ വാര്‍ഡനായി പ്രവേശിക്കുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം ജോയിയെ പരിചയപ്പെടുന്നത്.

Also Read
Tail N Tales

തെരുവിൽ പിറന്നു, ബഹിരാകാശത്ത് പൊലിഞ്ഞു; ...

tail n tales

ജനക്കൂട്ടം ആക്രോശിച്ചു, കൊലയാളി മേരിയെ ...

ഇപ്പോഴത്തെ ചെക്ക് റിപ്പബ്ലിക്കിന്റെ ഭാഗമായ ട്രോപ്പോയിലാണ് ഫ്രീഡവീക്ക വിക്ടോറിയ എന്ന ജോയ് ആഡംസണ്‍ ജനിച്ചത്. അവള്‍ക്ക് പത്ത് വയസുള്ളപ്പോള്‍ മാതാപിക്കാള്‍ വേര്‍പിരിഞ്ഞു. തുടര്‍ന്ന് മുത്തശ്ശിക്ക് ഒപ്പമാണ് ജോയ് വളര്‍ന്നത്. 1935-ല്‍ വിക്ടര്‍ വോവ് ക്ലര്‍വിലിനെ വിവാഹം കഴിച്ചെങ്കിലും ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല. വിക്ടറില്‍നിന്ന് വിവാഹമോചനം നേടിയശേഷം 1937-ലാണ് വിക്ടോറിയ കെനിയയില്‍ എത്തുന്നത്. സസ്യശാസ്ത്രജ്ഞനായ പീറ്റര്‍ ബല്ലിയെ പരിചയപ്പെട്ട അവര്‍, തൊട്ടടുത്ത വര്‍ഷം വിവാഹിതരായി. വിക്ടോറിയയെ 'ജോയ്' എന്ന് ആദ്യമായി വിളിച്ചത് പീറ്ററായിരുന്നു. പീറ്ററുമായി വേര്‍പിരിഞ്ഞെങ്കിലും അവര്‍ ജോയ് എന്ന പേരുപേക്ഷിച്ചില്ല. 1940-ല്‍ ഒരു ഫോറസ്റ്റ് സഫാരിക്കിടയിലാണ് ജോയ്, ജോര്‍ജിനെ പരിചയപ്പെടുന്നത്. 1944-ല്‍ ഇരുവരും വിവാഹിതരായി. അങ്ങനെ അവര്‍ ജോയ് ആഡംസണായി.

സിംഹവേട്ട, അനാഥരായി മൂന്ന് കുഞ്ഞുങ്ങള്‍

1956 ഫെബ്രുവരി ഒന്ന്. വടക്കന്‍ കെനിയയില്‍ സഫാരിക്ക് ഇറങ്ങിയതായിരുന്നു ജോര്‍ജും ജോയിയും മറ്റൊരു സഹപ്രവര്‍ത്തകനായ കെന്നും. ഒരു നരഭോജി സിംഹത്തെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ബൊറന്‍ ഗോത്രത്തില്‍പ്പെടുന്ന ഓരാളെ സിംഹം കൊലപ്പെടുത്തിയ വിവരം നാട്ടുകാരില്‍ ചിലരാണ് ജോര്‍ജിനെ അറിയിച്ചത്. രണ്ട് പെണ്‍സിംഹങ്ങള്‍ക്കൊപ്പം അടുത്തുള്ള കുന്നിലാണ് കൊലയാളി സംഹത്തെ കണ്ടതെന്നും നാട്ടുകാര്‍ അദ്ദേഹത്തെ അറിയിച്ചു. അതോടെ അതിനെ പിടികൂടേണ്ടത് ജോര്‍ജിന്റെ ചുമതലയായി. അതോടെ, ഇരുവരും താമസിച്ചിരുന്ന ഇസിയോയില്‍ നിന്ന് ബൊറന്‍ ഗോത്രവര്‍ഗമനുഷ്യര്‍ക്ക് ഇടയില്‍ താമസമാക്കി.

ജോര്‍ജും മറ്റൊരു വാര്‍ഡനായ കെന്നും, നരഭോജി സിംഹത്തെ കണ്ടു എന്ന് പറയപ്പെടുന്ന സ്ഥലം ലക്ഷ്യമാക്കി നീങ്ങി. വെട്ടംവീണ് തുടങ്ങിയപ്പോള്‍ അടുത്തുള്ള പാറക്കെട്ടിന്റെ മറവില്‍ നിന്നും ഒരു ഒരു പെണ്‍സിംഹം അവര്‍ക്ക് നേരെ ചാടി വീണു. അവള്‍ തൊട്ടടുത്ത് എത്തിക്കഴിഞ്ഞിരുന്നു. അതോടെ വെടി ഉതിര്‍ക്കാന്‍ ജോര്‍ജ് കെന്നിന് സിഗ്‌നല്‍ നല്‍കി. കെന്‍ വെടിയുതിര്‍ത്തു. മുറിവേറ്റതോടെ പെണ്‍സിംഹം പിന്‍വാങ്ങിയെങ്കിലും ചോരപ്പാട് അവര്‍ക്ക് വഴികാട്ടി. ഏത് നിമിഷവും മറ്റൊരു ആക്രമണം അവര്‍ പ്രതീക്ഷിച്ചു. മലയുടെ മുകളില്‍ ഒരു പരന്ന പാറയിലാണ് അവര്‍ എത്തിച്ചേര്‍ന്നത്. ദൂരക്കാഴ്ചയ്ക്കായി ജോര്‍ജ് പാറപ്പുറത്ത് കയറി. കെന്‍ പരിസരം നിരീക്ഷിച്ചുകൊണ്ട് നിന്നു. പെട്ടന്ന് പാറക്കെട്ടിനുള്ളിലേക്ക് കെന്‍ വീണ്ടും വെടിയുതിര്‍ത്തു. മുരണ്ടുകൊണ്ട് ആ സിംഹം കെന്നിന് നേരെ ചാടിവന്നു. അതോടെ ജോര്‍ജ് വീണ്ടും നിറയൊഴിച്ചു.

അവള്‍ ഒരു വലിയ പെണ്‍സിംഹമായിരുന്നു. അവളുടെ മുലകള്‍ പാല് കെട്ടിനിന്ന് വീര്‍ത്തിരുന്നു. എന്തുകൊണ്ടാണവള്‍ അത്രയധികം ദേഷ്യം കാണിച്ചതെന്നും മനുഷ്യനെ അക്രമിക്കാന്‍ ശ്രമിച്ചതെന്നും അപ്പോഴാണ് ജോര്‍ജ് തിരിച്ചറിയുന്നത്. കുഞ്ഞുങ്ങളെ സംരക്ഷിക്കാനായാണ് അവള്‍ പോരാടി നിന്നതെന്ന് തിരിച്ചറിഞ്ഞ ജോര്‍ജ് സ്വയം പഴിച്ചു. അതോടെ ജോര്‍ജും കെന്നും ചേര്‍ന്ന് തിരച്ചിലാരംഭിച്ചു. പാറക്കൂട്ടത്തിലെ വിടവില്‍ നിന്നും അവര്‍ ഒരു നേര്‍ത്ത ശബ്ദം കേട്ടു. പാറയുടെ വിടവിലേക്ക് ജോര്‍ജ് തന്റെ കൈ കടത്തി നോക്കി. വലിയ പരിശ്രമത്തിനൊടുവില്‍ അവര്‍ മൂന്ന് സിംഹക്കുട്ടികളെ പുറത്തെടുത്തു.

ജോയ് ആഡംസണ്‍ | Photo : Ian Showell/Keystone/Getty Images

എല്‍സ, ലുസ്ടിക, പിന്നെ ബിഗ് വണ്ണും

മൂന്ന് സിംഹക്കുഞ്ഞുങ്ങള്‍. അവര്‍ക്ക് ഏതാനും ദിവസങ്ങള്‍ മാത്രമായിരുന്നു പ്രായം. കണ്ണുകള്‍ നേര്‍ത്ത നീലപ്പാട കൊണ്ട് മൂടിയിരുന്നു. അവര്‍ക്ക് കഷ്ടിച്ച് ചലിക്കാന്‍ സാധിക്കും, അവര്‍ നിരങ്ങിനീങ്ങാനായി ശ്രമിച്ചുകൊണ്ടിരുന്നു. പാറക്കെട്ടില്‍ നിന്ന് സഫാരി വാഹനത്തിലേക്ക് മാറ്റിയിട്ടും അതില്‍ വലിയ രണ്ട് കുഞ്ഞുങ്ങളും മുരളുകയും അവരുടെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. എന്നാല്‍ മൂവരില്‍ ഏറ്റവും ചെറിയവള്‍ യാതൊരു എതിര്‍പ്പും പ്രകടിപ്പിച്ചില്ല. തിരിച്ച് ക്യാമ്പിലേക്കുള്ള മടക്കയാത്രയിലുടനീളം അവള്‍ ശാന്തയായിരുന്നു. ക്യാമ്പിലെത്തിച്ച ആ സിംഹക്കുഞ്ഞുങ്ങളെ മക്കളെപ്പോലെയാണ് ജോര്‍ജും ജോയിയും പരിഗണിച്ചത്. മുലപ്പാല്‍ മാത്രം കുടിച്ചിരുന്ന അവര്‍ക്ക് മധുരം ചേര്‍ക്കാത്ത നേര്‍പ്പിച്ച പാലാണ് ഭക്ഷണമായി നല്‍കിയത്. ഓരോ വട്ടവും പാല്‍ കുടിപ്പിക്കാനുള്ള ശ്രമവും മൂക്ക് ഉയര്‍ത്തിയുള്ള ചെറിയ പ്രതിഷേധത്തിലാണ് അവസാനിച്ചത്. അവര്‍ പാല്‍ കുടിക്കാന്‍ തുടങ്ങിയതോടെ ജോയിയുടെ ജോലിഭാരവും വര്‍ധിച്ചു. ഓരോ രണ്ട് മണിക്കൂറിലും അവര്‍ക്കായി ജോയ് പാല്‍ ചൂടാക്കിക്കൊണ്ടിരുന്നു. പാല്‍ക്കുപ്പികള്‍ ലഭ്യമല്ലാതിരുന്നതിനാല്‍ തന്നെ, വൃത്തിയാക്കിയ റബര്‍ ട്യൂബിലൂടെയാണ് സിംഹക്കുട്ടികള്‍ക്ക് അത് നല്‍കിയിരുന്നത്.

ക്യാമ്പില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് ഏറ്റവും അടുത്ത ആഫ്രിക്കന്‍ മാര്‍ക്കറ്റ്. സിംഹക്കുഞ്ഞുങ്ങള്‍ വന്നതിന് പിന്നാലെ മാര്‍ക്കറ്റ് സന്ദര്‍ശിച്ച ജോര്‍ജും ജോയിയും പാല്‍കുപ്പികളും കോള്‍ഡ് ലിവര്‍ ഓയിലും ഗ്ലൂക്കോസും ഒരു പെട്ടി മധുരമില്ലാത്ത പാലും വാങ്ങി. ഒപ്പം സിംഹക്കുട്ടികളെ കിട്ടിയ വിവരം കാണിച്ച് അധികൃതര്‍ക്ക് കത്തെഴുതുകയും ചെയ്തു. കുഞ്ഞുങ്ങളെ തിരികെ കൊണ്ടുപോകും വരെ പാര്‍പ്പിക്കാന്‍ കൂട് നിര്‍മിക്കാനുള്ള അനുമതിയും അവര്‍ തേടി. ഏതാനും ദിവസങ്ങള്‍കൊണ്ട് തന്നെ സിംഹക്കുട്ടികള്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു.

മൂന്നും പെണ്‍സിംഹക്കുട്ടികളായിരുന്നു. ആ പ്രായത്തില്‍ തന്നെ മൂന്ന് പേര്‍ക്കും വ്യത്യസ്ത സ്വഭാവങ്ങളായിരുന്നു. കൂട്ടത്തില്‍ വലിയവളെ അവര്‍ 'ബിഗ് വണ്‍' എന്ന് വിളിച്ചു. അവള്‍ എല്ലാകാര്യത്തിലും ഒരു മേധാവിത്വം പുലര്‍ത്തിയിരുന്നു. എപ്പോഴും ഉല്ലാസവതിയായിരുന്ന രണ്ടാമത്തെ കുഞ്ഞിനെ അവര്‍ 'ലുസ്ടിക' എന്ന് വിളിച്ചു. വലിപ്പത്തില്‍ ചെറിയവളായ മൂന്നാമത്തെ സിംഹക്കുട്ടിയെ അവര്‍ 'എല്‍സ' എന്ന് വിളിച്ചു. തനിക്ക് ആ പേരില്‍ പരിചയമുള്ള ആരെയോ പോലെ അവളുടെ പെരുമാറ്റം തോന്നിച്ചു എന്നാണ് ജോയ് ആഡംസണ്‍ കുറിച്ചത്.

ലുസ്ടികയും ബിഗ് വണ്ണും മൃഗശാലയിലേക്ക്

ജോര്‍ജും ജോയിയും സിംഹക്കുട്ടികളും രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഇസിയോയോയിലേക്ക് മടങ്ങിയെത്തുന്നത്. അവിടെ അവര്‍ക്ക് രാജകീയ സ്വീകരണമാണ് ലഭിച്ചത്. സിംഹക്കുട്ടികളെക്കുറിച്ച് കേട്ട എല്ലാവരും അവരെക്കാണാന്‍ എത്തി. അവരുടെ തോട്ടക്കാരനായി ജോലി നോക്കിയിരുന്ന സൊമാലിക്കാരനായ നൂറു എന്ന ബാലനാണ് സിംഹങ്ങളുടെ സംരക്ഷണ ചുമതല നല്‍കിയത്. തുടര്‍ന്നുള്ള 12 ആഴ്ചക്കാലം സിംഹക്കുട്ടികള്‍ക്ക് മധുരമില്ലാത്ത പാല്‍ തന്നെയാണ് ഭക്ഷണമായി നല്‍കിയത്. അതില്‍ കോള്‍ഡ് ലിവര്‍ ഓയിലും ഗ്ലൂക്കോസും ഉപ്പും ചേര്‍ത്തിരുന്നു.

മൂന്ന് മാസം പിന്നിട്ടതോടെ സിംഹക്കുട്ടികള്‍ക്ക് മാംസാഹാരം നല്‍കി തുടങ്ങാന്‍ അവര്‍ തീരുമാനിച്ചു. തുടക്കത്തില്‍ അരച്ച മാംസമാണ്‌ മൂവര്‍ക്കും നല്‍കിയത്. എന്നാല്‍ തുടക്കത്തില്‍ അവരത് തൊട്ടുപോലും നോക്കിയില്ല. ലുസ്ടികയാണ് ആദ്യമായി ഇറച്ചി രുചിച്ച് നോക്കിയത്. രുചി ഇഷ്ടപ്പെട്ടതോടെ, അവളുടെ പാത പിന്തുടര്‍ന്ന് മറ്റുള്ളവരും കഴിച്ചുതുടങ്ങി. വൈകാതെ തന്നെ അവര്‍ തമ്മില്‍ വഴക്കും തുടങ്ങി. കൂട്ടത്തില്‍ ചെറിയവളായ എല്‍സക്കാണ് ഇത് പ്രശ്നമായത്. അവള്‍ക്ക് അര്‍ഹമായ വിഹിതം പലപ്പോഴും ലഭിച്ചില്ല. അതോടെ ജോയ് എല്‍സക്ക് മാത്രമായി ഭക്ഷണം കൊടുക്കാന്‍ ആരംഭിച്ചു. മുട്ടിയുരുമ്മിയും കണ്ണുകള്‍ അടച്ച് തല ശരീരത്തില്‍ ഉരച്ചും അവള്‍ തന്റെ സ്നേഹം തിരിച്ച് പ്രകടിപ്പിച്ചു. ജോയിയുടെ വിരലുകള്‍ നുണയുകയും തുടയില്‍ കാല്‍കൊണ്ട് തിരുമുകയും ചെയ്തു. അമ്മയോട് എന്നപോലെ അവള്‍ ജോയിയോട് ചേര്‍ന്നിരുന്നു.

അഞ്ച് മാസം പിന്നിട്ടതോടെ മൂന്ന് പേരുടേയും വളര്‍ച്ച വേഗത്തിലായി. രാത്രിയിലൊഴികെ മൂവരേയും സ്വതന്ത്രരായി വിട്ടിരുന്നു. അവര്‍ കൂടില്‍ നിന്ന് പുറത്ത് വന്ന് പാറപ്പുറത്തും മണലിലും സ്വതന്ത്രമായി വിഹരിച്ചു. എന്നാല്‍ വേഗത്തില്‍ വളരുന്ന മൂന്ന് സിംഹങ്ങളെ വീട്ടില്‍ താമസിപ്പിക്കാനാവില്ല എന്ന സത്യം അതിനകം തന്നെ ജോര്‍ജും ജോയിയും തിരിച്ചറിഞ്ഞിരുന്നു. അവരെ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റാന്‍ ഇരുവരും തീരുമാനിച്ചു. കൂട്ടത്തില്‍ വലിയ രണ്ട് സിംഹക്കുട്ടികളെ മാറ്റാനാണ് അവര്‍ തീരുമാനിച്ചത്. എല്‍സ ഇപ്പോഴും അവരെ ആശ്രയിച്ച് നില്‍ക്കുന്നതിനാല്‍ അവളെ കൂടെ നിര്‍ത്താന്‍ തീരുമാനിച്ചു. അവരുടെ ആഫ്രിക്കന്‍ ജോലിക്കാരും അത് ശരിവെച്ചു. അഭിപ്രായം ചോദിച്ചപ്പോള്‍ എല്ലാവരും ഓരേ സ്വരത്തില്‍ തിരഞ്ഞെടുത്തത് എല്‍സയെയാണ്. ലുസ്ടികയേയും ബിഗ് വണ്ണിനേയും നെതര്‍ലന്‍ഡ്സിലെ റോട്ടര്‍ഡാം ബ്ലോഡ്രോപ് മൃഗശാലയിലേക്ക് അയക്കാനാണ് തീരുമാനിച്ചത്.

രണ്ട് പേരെ മാറ്റണമെന്ന് വിഷമപൂര്‍വം ഞങ്ങള്‍ തീരുമാനമെടുത്തു. എപ്പോഴും ഒരുമിച്ചിരുന്നവരും എല്‍സയെക്കാള്‍ ഞങ്ങളെ കുറച്ച് ആശ്രയിക്കുന്നവരുമായ വലിയ രണ്ട് സിംഹക്കുട്ടികള്‍ പോകുന്നതാണ് നല്ലതെന്നും ഞങ്ങള്‍ തീരുമാനിച്ചു

എല്‍സ വളരുന്നു...

ലുസ്ടികയും ബിഗ് വണ്ണും പോയതോടെ എല്‍സ അതീവ ദു:ഖിതയായിരുന്നു. അതോടെ യാത്രകളില്‍ അവളെ കൂടെക്കൂട്ടാന്‍ ജോര്‍ജും ജോയിയും തീരുമാനിച്ചു. പുറത്തേക്കുള്ള യാത്രകള്‍ അവളെ ഏറെ സന്തോഷവതിയാക്കി. അവള്‍ യാത്രകള്‍ ആസ്വദിക്കാന്‍ തുടങ്ങി. ഒപ്പം ശത്രുക്കളുടെ ആക്രമണത്തില്‍ നിന്നും രക്ഷപെടാനുള്ള വഴികള്‍ അവളെ പരിശീലിപ്പിക്കാന്‍ തുടങ്ങി. കൂടുതല്‍ വന്യമൃഗങ്ങളുമായി ഇടപെഴകാനുള്ള അവസരവും ജോര്‍ജും ജോയിയും ഒരുക്കി. അവള്‍ ഒട്ടും പേടിയില്ലാതെ കാട്ടനകള്‍ ഉള്‍പ്പെടെയുള്ള ജീവികളുമായി ഇടപെട്ടു. ഈ ഘട്ടത്തില്‍ അവളുടെ ഭക്ഷണരീതിയിലും ജോയ് മാറ്റം വരുത്തി. ആടിന്റെ വേവിക്കാത്ത ഇറച്ചിയായിരുന്നു അവളുടെ പ്രധാന ഭക്ഷണം. ഭക്ഷണം കഴിക്കുമ്പോള്‍ എല്ലില്‍ നിന്നും മജ്ജ വേര്‍പ്പെടുത്തി നല്‍കിയിരുന്നത് പലപ്പോഴും ജോയി ആയിരുന്നു. ജോയിയുടെ വിരല്‍ തുമ്പില്‍ നിന്ന് അവളത് നക്കിയെടുത്തു. ആ ഘട്ടത്തിലെല്ലാം ശരിക്കും ഒരു വളര്‍ത്തുമൃഗത്തെപ്പോലെയായിരുന്നു അവള്‍.

ഒരു വയസ്സ് പിന്നിട്ടതോടെ ജോര്‍ജും ജോയിയും യാത്രകള്‍ക്കൊപ്പം എല്‍സയുമായി നടക്കാന്‍ ആരംഭിച്ചു. ജോയിക്കൊപ്പം ട്രക്കിന്റെ പിന്നിലിരുന്നുള്ള യാത്രകളും രാവിലേയും വൈകുന്നേരവുമുള്ള നടത്തവും അവള്‍ ആസ്വദിച്ചു. ഓരോ ദിവസവും ഏഴും എട്ടും മണിക്കൂര്‍ ജോയ്ക്കും ജോര്‍ജിനുമൊപ്പം എല്‍സ നടന്നത്. യാത്രകള്‍ അവളില്‍ വലിയ മാറ്റമാണ് ഉണ്ടാക്കിയത്. ജോര്‍ജിനേയും ജോയിയേയും വിട്ട് അവള്‍ പുറത്ത് കൂടുതല്‍ സമയം ചെലവിടാന്‍ തുടങ്ങി. രണ്ട് വയസ്സ് പിന്നിട്ടതോടെ എല്‍സയുടെ ശബ്ദത്തിലും സ്വഭാവത്തിലും വലിയ മാറ്റങ്ങള്‍ വന്നു. രണ്ടോ മൂന്നോ ദിവസം വീടുവിട്ട് പുറത്ത് താമസിച്ച അവള്‍ മറ്റ് സിംഹങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ തുടങ്ങി. ഈ ഘട്ടത്തിലാണ് എല്‍സയെ കാട്ടിലേക്ക് തന്നെ മടക്കി അയക്കുന്നതിനേക്കുറിച്ച് ജോയിയും ജോര്‍ജും ചിന്തിക്കുന്നത്.

ജോയ് ആഡംസണ്‍ എഴുതിയ ബോണ്‍ ഫ്രീ എന്ന പുസ്തകത്തില്‍ നിന്ന് | Photo: Born Free

എല്‍സയെ കാട്ടില്‍ വിടാന്‍ തീരുമാനിക്കുന്നു...

ഇരുപത്തിയേഴ് മാസം പിന്നിട്ടതോടെ എല്‍സ ഏതാണ്ട് പൂര്‍ണ വളര്‍ച്ചയെത്തിയ ഒരു സിംഹമായി മാറി. ഇസിയോയില്‍ അവളെ ഇനിയും സ്വതന്ത്ര്യയായി വിട്ടുകൊണ്ട് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് ജോര്‍ജും ജോയിയും തിരിച്ചറിഞ്ഞിരുന്നു. ലുസ്ടികയേയും ബിഗ് വണ്ണിനെയും അയച്ച നെതര്‍ലന്‍ഡ്സിലെ റോട്ടര്‍ഡാം ബ്ലോഡ്രോപ് മൃഗശാലയിലേക്ക് എല്‍സയേയും അയക്കാനാണ് ജോയിയും ജോര്‍ജും തുടക്കത്തില്‍ ആലോചിച്ചിരുന്നത്. എന്നാല്‍ അവള്‍ വേഗത്തില്‍ മറ്റ് മൃഗങ്ങളുമായി അടുത്തതോടെ തീരുമാനം മാറ്റി. കാട്ടിലേക്ക് അവളെ തിരികെ അയക്കാം എന്ന തീരുമാനത്തിലേക്ക് ഇരുവരും എത്തി. എന്നാല്‍ എവിടെ എല്‍സയെ വിടും എന്നതായിരുന്നു അടുത്ത ചോദ്യം. ജനങ്ങള്‍ ധാരാളമുളള ഇസിയോയെ ഒഴിവാക്കാന്‍ ഇരുവരും തീരുമാനിച്ചു.

എല്‍സയുമായി ഏതെങ്കിലും പ്രദേശത്തേക്ക് പോകാനും രണ്ടോ മൂന്നോ ആഴ്ച അവള്‍ക്കൊപ്പം അവിടെ ചെലവഴിക്കാനുമാണ്‌ ഇരുവരും തീരുമാനിച്ചത്. അവളെ അവിടെ വിട്ടുപോരാനും അവര്‍ പദ്ധതിയിട്ടു. ഇസിയോയില്‍ നിന്ന് നീണ്ട എട്ട് മണിക്കൂര്‍ യാത്രയ്ക്ക് ശേഷമാണ് അവര്‍ പുതിയ സ്ഥലത്ത് എത്തിയത്. ആ യാത്ര അവളെ ശരിക്കും തളര്‍ത്തിയിരുന്നു. പുതിയ പ്രദേശത്ത് എത്തിയതോടെ കഴുത്തിലുണ്ടായിരുന്ന കോളര്‍ മാറ്റി അവളെ സ്വതന്ത്രയാക്കി വിടുകയാണ് ജോയിയും ജോര്‍ജും ആദ്യം ചെയ്തത്. ഒപ്പം മറ്റൊരു ആണ്‍ സിംഹവുമായി ഇടപഴകാനും അവസരമൊരുക്കി. ഇരുവരും വളരെ പെട്ടന്ന് തന്നെ അടുപ്പത്തിലായി. അന്ന് രാത്രി ആണ്‍സിംഹത്തിനൊപ്പം വിട്ടെങ്കിലും നേരം പുലര്‍ന്നതോടെ എല്‍സ തനിച്ച് തിരിച്ചെത്തി.

ഏതാണ്ട് നാല് ആഴ്ചയോളമാണ് അവര്‍ അവിടെ എല്‍സക്കൊപ്പം താമസിച്ചത്. ജോര്‍ജും ജോയിയും നേരിട്ട ഏറ്റവും വലിയ വെല്ലുവിളി എല്‍സയ്ക്ക് വേട്ടയാടാന്‍ അറിയില്ല എന്നതായിരുന്നു. ഒരു മൃഗത്തിന്റെ ഏതെല്ലാം ഭാഗങ്ങള്‍ ഭക്ഷിക്കാമെന്നും ഏത് ഉപേക്ഷിക്കണമെന്നും അവള്‍ക്ക് നിശ്ചയമുണ്ടായിരുന്നില്ല. വിശപ്പ് അവളെ വേട്ടയാടാന്‍ പ്രേരിപ്പിക്കും എന്ന ചിന്തയുടെ പുറത്താണ് ഇരുവരും അവളെ കാട്ടില്‍ തനിയേ വിട്ടത്. എന്നാല്‍ പ്രദേശത്ത് കനത്ത മഴ ആരംഭിച്ചതോടെ കാര്യങ്ങള്‍ക്ക് വേഗത കുറഞ്ഞു. ഒപ്പം പെട്ടന്ന് എല്‍സയ്ക്ക് അസുഖം ബാധിച്ചത് പദ്ധതികളെല്ലാം തകിടം മറിച്ചു. അസുഖം ബാധിച്ചതോടെ അവളെ അവിടെ വിട്ട് പോരാനുള്ള പദ്ധതി ഇരുവരും ഉപേക്ഷിച്ചു. അവളേയും ഒപ്പം കൂട്ടി ഇരുവരും മടങ്ങി.

വീണ്ടും കാട്ടിലേക്ക് അയക്കുന്നു

അസുഖം ബാധിച്ചതോടെ ജോര്‍ജിനും ജോയിക്കും ഒപ്പം തന്നെയായിരുന്നു എല്‍സ അധികസമയവും. ജോര്‍ജിനൊപ്പമാണ് അവള്‍ കിടന്നുറങ്ങിയത് പോലും. എല്‍സ അസുഖത്തില്‍ നിന്ന് മുക്തയായതോടെ വീണ്ടും അവളെ കാട്ടിലേക്ക് അയക്കാന്‍ ഇരുവരും തീരുമാനിച്ചു. അവള്‍ക്ക് യോജിച്ച കാലാവസ്ഥയുള്ള ഒരു പ്രദേശം കണ്ടെത്തുകയായിരുന്നു വെല്ലുവിളി. എല്‍സയെ ലഭിച്ച പ്രദേശത്തിന് വളരെ അടുത്തുള്ള ഒരു സ്ഥലമാണ് ജോര്‍ജും ജോയിയും പുതിയതായി കണ്ടെത്തിയത്. ധാരാളം വന്യജീവികളുള്ള ഒരു പുഴയോര പ്രദേശമായിരുന്നു അത്. സര്‍ക്കാര്‍ അനുമതി വാങ്ങി അവളെ തുറന്നുവിടാന്‍ തീരുമാനിച്ചു.

അവളോടൊപ്പം നില്‍ക്കാനായി ജോയി പുഴയോരത്ത് ഒരു താല്ക്കാലിക ടെന്റ് സജ്ജീകരിച്ചു. അവിടെയിരുന്നാണ് എല്‍സയുടെ കഥ 'ബോണ്‍ഫ്രീ' ജോയ് എഴുതി തുടങ്ങിയത്. ഓരോ പ്രഭാതത്തിലും അവള്‍ക്ക് സ്ഥലം പരിചയപ്പെടുത്താനായി അവര്‍ എല്‍സയുമായി നടക്കാനിറങ്ങി. മാസങ്ങളോളം എല്‍സക്കൊപ്പം താമസിച്ചു. വേട്ടയാടല്‍ അടക്കം ഓരോന്നോരാന്നായി പരിചയപ്പെടുത്തി. വേട്ട പഠിക്കുന്നതിന്റെ ഭാഗമായി അവര്‍ ചേര്‍ന്ന് ഒരു കാട്ടുപോത്തിനെ കൊലപ്പെടുത്തി. ക്യാമ്പിന് സമീപം എത്തിച്ച ആ കാട്ടുപോത്തിന് രാത്രി മുഴുവന്‍ എല്‍സ കാവലിരുന്നു.

തുടക്കത്തില്‍ വേട്ടയില്‍ ജോര്‍ജിനേയും ജോയിയേയും സഹായിച്ചിരുന്ന എല്‍സ പതിയെ തനിയേ വേട്ടയാടാന്‍ പഠിച്ചു. അതോടെ എല്‍സയെ കാട്ടില്‍ ഉപേക്ഷിച്ച് മടങ്ങാന്‍ ഒരു അവസരത്തിനായി ഇരുവരും കാത്തിരുന്നു. ഒരു വൈകുന്നേരം ഇരുവര്‍ക്കുമൊപ്പമുള്ള നടത്തം ഒഴിവാക്കി അവള്‍ കാട്ടില്‍ മറഞ്ഞു. അന്ന് രാത്രിയും അവള്‍ തിരികെ എത്തിയില്ല. മറ്റ് സംഹങ്ങളുമായി എല്‍സ ചങ്ങാത്തത്തിലായി എന്ന് തിരിച്ചറിഞ്ഞ അവളെ കാട്ടില്‍ വിട്ട് ക്യാമ്പിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു.

ബോണ്‍ ഫ്രീ എന്ന പുസ്തകത്തില്‍ ഓട്ടോഗ്രാഫ് നല്‍കുന്ന ജോയ് ആഡംസണ്‍ | Photo : Ian Showell/Keystone/Getty Images

എല്‍സയുടെ കാട്ടിലെ ജീവിതം

വേട്ടയാടാനും സ്വതന്ത്രമായി ജീവിക്കാനും വിശാലമായ കെനിയന്‍ വനപ്രദേശത്ത് തനിയേ കഴിയാനും സജ്ജയായി എന്ന ഘട്ടത്തിലാണ് ജോര്‍ജും ജോയിയും എല്‍സയെ സ്വതന്ത്രയാക്കിയത്. ഒരു മുതിര്‍ന്ന സിംഹമായി കെനിയന്‍ മരുഭൂമിയില്‍ ജീവിക്കാന്‍ ഉതകുന്ന തരത്തിലാണ് ജോര്‍ജും ജോയിയും അവള്‍ക്ക് പരിശീലനം നല്‍കിയത്. എല്‍സയെ കാട്ടിലാക്കി മടങ്ങിയെങ്കിലും ഇടയ്ക്ക് ജോര്‍ജും ജോയിയും അവളെ കാണാന്‍ എത്തുമായിരുന്നു. അവളെ ആകര്‍ഷിക്കാനായി ജോര്‍ജ് വെടിയുതിര്‍ക്കും. അതു കേട്ടാല്‍ എല്‍സ അവിടേക്ക് ഓടിയെത്തും. താമസിയാതെ എല്‍സ ഒരമ്മയുമായി. രണ്ട് ആണ്‍ സിംഹക്കുട്ടികളെ 'ജോസ്പാ 'എന്നും 'ഗോപാ' എന്നുമാണ് ഇരുവരും വിളിച്ചത്. മൂന്നാമത്തെ പെണ്‍സിംഹക്കുട്ടിയെ 'ലിറ്റില്‍ എല്‍സ' എന്നും.

പൂര്‍ണമായി വന്യമൃഗമല്ലാത്തതിനാല്‍ എല്‍സയും കുടുംബവും കെനിയയിലെ നാട്ടുകാര്‍ക്ക് ഒരു ശല്യമായിത്തീര്‍ന്നിരുന്നു. എല്‍സയേയും കുട്ടികളേയും പ്രദേശത്ത് നിന്ന് മാറ്റുന്നതിനേക്കുറിച്ചും ആഡംസണ്‍ ആലോചിച്ചിരുന്നു. എന്നാല്‍ അതിന് മുമ്പ് തന്നെ ബേബിയോസിസ് രോഗം (മാര്‍ജ്ജാര കുടുംബത്തെ ബാധിക്കുന്ന മലേറിയക്ക് സമാനമായ രോഗം) ബാധിച്ച് എല്‍സ മരണമടഞ്ഞു. കെനിയയിലെ മേരു ദേശീയ ഉദ്യാനത്തിലാണ് എല്‍സയ്ക്ക് അന്ത്യവിശ്രമം ഒരുക്കിയത്.

എല്‍സയുടെ മരണം അവളുടെ മൂന്ന് കുഞ്ഞുങ്ങളെ അനാഥരാക്കി. പ്രദേശത്തെ ജനങ്ങളുടെ കന്നുകാലികളെ കൊന്നൊടുക്കുന്ന ആ സിംഹങ്ങളെ നാട്ടുകാര്‍ കൊലപ്പെടുത്തിയേക്കുമെന്ന് ജോയ് ഭയന്നിരുന്നു. തുടര്‍ന്ന് അവയെ പിടികൂടി സുരക്ഷിതരായി മറ്റൊരു പ്രദേശത്ത് വിടാന്‍ ജോയ് തീരുമാനിച്ചു. ഏറെ ശ്രമകരമായിരുന്നുവെങ്കിലും ഒടുവില്‍ ആ സിംഹക്കുട്ടികളെ പിടികൂടി സെറന്‍ഗിറ്റി പ്രദേശത്ത് തുറന്നുവിട്ടു. നീണ്ട 19 മാസത്തെ തിരച്ചിലിന് ശേഷം ജോര്‍ജും ജോയിയും ലിറ്റില്‍ എല്‍സയെ മറ്റ് സിംഹങ്ങള്‍ക്കൊപ്പം കണ്ടെത്തിയിരുന്നു. എന്നാല്‍ അവയുടെ പില്‍ക്കാല ജീവിതം സംബന്ധിച്ച് വിവരങ്ങള്‍ ഒന്നുമില്ല. എല്‍സയുടെ കഥ പിന്നീട് പുസ്തകവും സിനിമയുമായി.


അവലംബം

  • ജോയ് ആഡംസണ്‍ എഴുതിയ ബോണ്‍ ഫ്രീ എന്ന പുസ്തകം
  • www.bornfree.org.uk

Content Highlights: The fascinating story of Elsa the lioness and Joy Adamson

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023

Most Commented