സിഫിയയുടെ അതിജീവനത്തിന്റെ അതിശയകഥ


ബിജു രാഘവന്‍/bijuraghavan@mpp.co.in



സിഫിയ

ഇരുപത്തിയൊന്നാം വയസ്സില്‍ വിധവയാവുക. പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയുംകൊണ്ട് സമൂഹത്തിന്റെ അവഗണനയും പരിഹാസവും ഒറ്റയ്ക്ക് തന്നെ നേരിടേണ്ടി വരിക. ഈയൊരു ജീവിതപരിസരത്തില്‍നിന്നാണ് സിഫിയ ഹനീഫ് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്. പിന്നീട് വിധവകള്‍ക്കുവേണ്ടി അവര്‍ ഒരു സന്നദ്ധസംഘടന തന്നെ തുടങ്ങി. സമൂഹത്തിന്റെ ശ്രദ്ധ പതിയേണ്ടവര്‍ക്ക് ആശ്രയമായി. അതിശയകരമായ വഴിത്തിരിവുകള്‍ നിറഞ്ഞ സിഫിയയുടെ ജീവിതം..


ണ്ടേ രണ്ടു വഴികളേ മുന്നിലുള്ളൂ. ഒന്നുകില്‍ പനിച്ചുവിറയ്ക്കുന്ന മകനെയും കൊണ്ട് ഈ പാതിരാത്രി ഏതെങ്കിലും തീവണ്ടിക്ക് മുന്നില്‍ ചാടാം. അതല്ലെങ്കില്‍ മുന്നില്‍നീണ്ടുകിടക്കുന്ന ജീവിതപ്പാതയിലൂടെ എത്രകാലമെന്നറിയാതെ ഒറ്റയ്ക്ക് നടക്കാം. മുന്നില്‍ പ്രതീക്ഷകളുടെ ഒരു തിരിവെളിച്ചംപോലുമുണ്ടായിരുന്നില്ലെങ്കിലും ആ രാത്രി സിഫിയ ജീവിതത്തിലേക്ക് തിരികെ നടക്കാന്‍ തന്നെയാണ് തീരുമാനിച്ചത്. ബാംഗ്ലൂര്‍ കോറമംഗല ബസ് സ്റ്റാന്‍ഡില്‍നിന്ന് പതിനെട്ട് വര്‍ഷം മുന്നേ തുടങ്ങിയ ആ നടത്തം ഒട്ടേറെപ്പേരുടെ ജീവിതത്തില്‍ പ്രതീക്ഷകളുടെ തിരി കൊളുത്താനായിരുന്നുവെന്ന് അന്ന് സിഫിയ ഓര്‍ത്തിരുന്നില്ല.

'പതിനാറാം വയസ്സിലായിരുന്നു എന്റെ വിവാഹം. പത്താംക്ലാസ് കഴിഞ്ഞ ഉടന്‍. പത്തൊമ്പതാം വയസ്സില്‍ അമ്മയായി. ഇരുപത്തിയൊന്നാം വയസ്സിലാണ് എനിക്ക് ഭര്‍ത്താവിനെ നഷ്ടമാവുന്നത്. അദ്ദേഹം സുഹൃത്തുക്കള്‍ക്കൊപ്പം മൈസൂരിലേക്ക് വിനോദയാത്ര പോയതാണ്. അവിടെ വെച്ചൊരു അപകടം. വെള്ളത്തില്‍ വീണ് മരിക്കുകയായിരുന്നു. അതോടെ ഞാന്‍ തിരികെ പാലക്കാട്ടേക്ക് മടങ്ങി. പക്ഷേ നാട്ടില്‍ അധികകാലം നില്‍ക്കാന്‍ പറ്റിയില്ല. ആളുകളുടെ കുത്തിക്കുത്തിയുള്ള ചോദ്യങ്ങള്‍. പുതിയ വിവാഹത്തിനായുള്ള നിര്‍ബന്ധങ്ങള്‍. എല്ലാം കേട്ടുമടുത്ത് വീണ്ടും ബാംഗ്ലൂരിലേക്ക് വണ്ടി കയറി.ഇവിടെയുള്ള പരിചയക്കാര്‍ സഹായിക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ ബാംഗ്ലൂരില്‍ എത്തിയപ്പോഴാണ് ഭര്‍ത്താവ് മരിച്ച ഒരു സ്ത്രീ ശരിക്കും ഒറ്റയ്ക്കാണെന്ന്മനസ്സിലാവുന്നത്.....'അങ്ങനെയാണ് സിഫിയ തെരുവുകളിലൂടെ കുഞ്ഞിനെയും എടുത്ത് അലയുന്നത്. പിന്നെയുണ്ടായതെല്ലാം ദൈവത്തിന്റെ ഇടപെടല്‍ പോലെ മനോഹരമായൊരു കഥ. ആ വഴിത്തിരിവിനെക്കുറിച്ച്, തന്നെ തോല്‍പിച്ച വിധിയെ അതേ നാണയത്തില്‍തിരികെ തോല്‍പ്പിച്ചതിനെക്കുറിച്ച്,ഒടുവില്‍ സ്വന്തം ജീവിതം മറ്റുള്ളവര്‍ക്കായി നീക്കിവെച്ച ഒരാളെക്കുറിച്ച്... ഈ ജീവിതരേഖയിലുടനീളം തെളിഞ്ഞുകേള്‍ക്കാം അതിജീവനത്തിന്റെ ഒരു അതിശയകഥ.

ഇപ്പോള്‍ ഒരുപാടാളുകളുടെ ജീവിതത്തില്‍ സന്തോഷമുണ്ടാക്കുന്ന ഒരാളാണ് സിഫിയ.അറിയപ്പെടുന്ന സാമൂഹികപ്രവര്‍ത്തക. താങ്കള്‍ പലരെയും സഹായിക്കുന്നു. രോഗികളെ പരിചരിക്കുന്നു. അപ്പോള്‍ ഓര്‍ക്കാറുണ്ടോ പണ്ട് സന്തോഷം ഇല്ലാതായിപ്പോയ ആ ഒരു ദുരന്തകാലത്തെ?

പതിനാറാം വയസ്സിലായിരുന്നു എന്റെ വിവാഹം. 21-ാം വയസ്സില്‍ ഭര്‍ത്താവ് മരിച്ചു. അന്ന് ഞാന്‍ അനുഭവിച്ച ഏകാന്തത വലുതാണ്. അന്നെനിക്ക് വിദ്യാഭ്യാസവുമില്ല. ഇപ്പോള്‍ ഈ കഥ പറയാനുള്ള ആത്മവിശ്വാസം പോലും കിട്ടിയത് വിദ്യാഭ്യാസത്തിലൂടെയാണ്. വിധവകളായാല്‍ എങ്ങനെയെങ്കിലും വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോവണം. ചെറുതെങ്കിലും വരുമാനം കണ്ടെത്താന്‍ അവസരമുണ്ടാക്കണം. സ്വന്തമായി വരുമാനം കിട്ടിയാല്‍ സ്ത്രീകളില്‍ അസാമാന്യമായ ആത്മവിശ്വാസം കൈവരും. ഇപ്പോള്‍ അതിനുവേണ്ടിയാണ് ഞാന്‍ ആളുകളെ പ്രചോദിപ്പിക്കുന്നത്. പണ്ട് ഞാനിങ്ങനെയൊരു വിഷമഘട്ടത്തിലൂടെ കടന്നുപോയപ്പോള്‍ എന്നെ സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല. അത് പതിനേഴ് വര്‍ഷം മുന്നേയാണ്. ഇപ്പോള്‍ സമൂഹം ഒരുപാട് മാറി. സോഷ്യല്‍മീഡിയ വന്നു. എന്തെങ്കിലും സഹായം വേണമെങ്കില്‍ തന്നെ പെട്ടെന്ന് തന്നെ കിട്ടുന്ന അവസ്ഥയുണ്ട്.

പഠനകാലത്തെ വിവാഹമാണ് സിഫിയയുടെ ഭാവിയെ ബാധിച്ചത്. പിന്നീട് അതിനെയെങ്ങനെ മറികടന്നു?

പത്താംക്ലാസ് കഴിഞ്ഞ ഉടനെയായിരുന്നു കല്യാണം. അങ്ങനെ ഭര്‍ത്താവിനൊപ്പം ബാംഗ്ലൂരില്‍ പോയി. ഭര്‍ത്താവിന്റെ മരണശേഷമാണ് പാര്‍ട്ട് ടൈം ജോലി നോക്കുന്നതും വിദൂര വിദ്യാഭ്യാസരീതിയിലൂടെ പഠനം തുടങ്ങുന്നതും. ഞാന്‍ പിന്നെ ഡിഗ്രി കഴിഞ്ഞു, ബി.എഡ്. കഴിഞ്ഞു, എം.എസ്.ഡബ്ല്യൂ ചെയ്തു. പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ഡിപ്ലോമയെടുത്തു. എം.എ. സൈക്കോളജി ചെയ്ത്കൊണ്ടിരിക്കുകയാണ്. ഇതിനിടെ ഞാനൊരു ഓണ്‍ലൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയിട്ടുണ്ട്. അധ്യാപകയോഗ്യതാ പരീക്ഷകള്‍ക്കുള്ള പരിശീലനമാണ്. 400 വിദ്യാര്‍ത്ഥികളുണ്ട്. പിന്നെ വിധവകള്‍ക്ക് സൗജന്യ കൗണ്‍സലിങ് കൊടുക്കുന്നുണ്ട്.

വിവാഹസമയത്ത് തുടര്‍ന്ന് പഠിക്കാനുള്ള ആഗ്രഹമുണ്ടായിരുന്നില്ലേ?

വീട്ടില്‍ ഞങ്ങള്‍ രണ്ട് പെണ്‍മക്കളായിരുന്നു. എന്റെ ചേച്ചിയുടെ വിവാഹം കഴിഞ്ഞത് ഒമ്പതില്‍ പഠിക്കുമ്പോഴാണ്. അവളും ഞാനും തമ്മില്‍ ഒന്നര വയസ്സിന്റെ വ്യത്യാസമേയുള്ളൂ. എന്റെയൊരു സഹപാഠിയുടെ വിവാഹം എട്ടാംക്ലാസില്‍ എത്തിയപ്പോള്‍ നടന്നിട്ടുണ്ട്. അന്നത് അത്ര വലിയ കാര്യമൊന്നുമല്ല. അന്ന് എന്റെ രക്ഷിതാക്കളെപ്പോലെ തന്നെ പലര്‍ക്കും പെണ്‍കുട്ടികള്‍ പതിനാറ് വയസ്സാവുമ്പോള്‍ വിവാഹിതരാവണം എന്നൊരു ചിന്ത ഉണ്ടായിരുന്നു. ഇരുപത് വയസ്സിലൊന്നും കല്യാണം കഴിച്ച ഒരാളും ഞങ്ങളുടെ കുടുംബത്തിലുണ്ടായിരുന്നില്ല. ഉപ്പ സൗദിയിലായിരുന്നു. ഉപ്പയുടെ സൗഹൃദവലയത്തിലുള്ളവരെല്ലാം മക്കള്‍ക്ക് കല്യാണ പ്രായമായില്ലേ എന്ന് ചോദിച്ച് തുടങ്ങി. അങ്ങനെയാണ് എന്റെയും വിവാഹം തീരുമാനിക്കുന്നത്. അന്നത് അത്ര വലിയ സംഭവമോ ശിക്ഷാര്‍ഹമായ കുറ്റമോ ആയിരുന്നില്ല.

പാലക്കാടന്‍ ഗ്രാമത്തില്‍നിന്ന് ചെറിയ പ്രായത്തില്‍ വിവാഹംകഴിഞ്ഞ് ബാംഗ്ലൂരിലേക്ക്. ഈ പറിച്ചുനടലിനോട് എങ്ങനെ പൊരുത്തപ്പെട്ടു?

അതുവരെ ഞാന്‍ ഉമ്മയെ വിട്ട് നിന്നിട്ടില്ല. എന്റെ ചേച്ചി ഒമ്പതില്‍ പഠിക്കുമ്പോള്‍ വിവാഹം കഴിഞ്ഞ് പോയതുകൊണ്ട് ആ വേര്‍പാട് പോലും വല്ലാത്ത ഷോക്കായിരുന്നു. ഞങ്ങളെ എല്ലാവരും ഇരട്ടകളെന്നാണ് സ്‌കൂളിലൊക്കെ വിളിക്കുക. അങ്ങനെയാണ് വളര്‍ന്നത്. അവളെ ഒമ്പതാംക്ലാസില്‍ വെച്ച് കല്യാണം കഴിപ്പിച്ചത് കൊണ്ട് എനിക്കുറപ്പായിരുന്നു, എന്നെയും അടുത്ത വര്‍ഷം തന്നെ കെട്ടിക്കുമെന്ന്. അതുകൊണ്ട് ഞാന്‍ നേരത്തെ തന്നെ വിവാഹത്തോട് മാനസികമായി പൊരുത്തപ്പെട്ടു. ആ പ്രായത്തില്‍ വിവാഹംകഴിഞ്ഞ് അന്യനാട്ടിലേക്ക് ചെന്നപ്പോഴുളള വിഷമമൊന്നും ആരെയും പറഞ്ഞ് അറിയിക്കാന്‍ പറ്റില്ല. അന്ന് ഞാന്‍ ഓരോ കഥകളൊക്കെ എഴുതി കൂട്ടും. അതിലെ കഥാപാത്രമെല്ലാം ഞാന്‍ തന്നെയായിരുന്നു. ഞാന്‍ എഴുതിക്കൂട്ടുന്നതൊന്നും വായിക്കാന്‍ ഭര്‍ത്താവിന് മലയാളം അറിയില്ലായിരുന്നു. അദ്ദേഹം അങ്ങനെ സൗഹൃദ സമീപനമുള്ള ആളുമായിരുന്നില്ല. ആ പ്രായത്തില്‍ ഭാര്യ-ഭര്‍ത്താവ് എന്നാല്‍ എന്താണെന്നൊന്നും എനിക്കറിയുകയുയില്ല. എനിക്കൊരു സഹോദരനില്ലാത്തതുകൊണ്ട് ഒരു പുരുഷന്‍ എങ്ങനെയാണ് പെരുമാറുക എന്നുമറിയില്ല. അങ്ങനെ ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. പലതും ഇപ്പോള്‍ ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല. എന്തായാലും നല്ല ഓര്‍മകളൊന്നും അധികമില്ല.

തൊട്ടുപിന്നാലെ അമ്മയാവുന്നു. മാതൃത്വമൊക്കെ പക്വതയോടെ കൈകാര്യം ചെയ്യാന്‍ പറ്റിയോ?

എന്റെ പാരന്റിങ്ങിലെ അപാകതകള്‍ പലതും ഇന്നും മോന്റെ സ്വഭാവത്തിലുണ്ട്. അന്ന് ഞാന്‍ പതിനേഴ് വയസ്സുള്ള കുട്ടി. അവനും ചെറിയൊരു കുട്ടി. എനിക്കറിയില്ല എങ്ങനെയാണ് കുഞ്ഞിനെ വളര്‍ത്തേണ്ടതെന്ന്. ദേഷ്യം വന്നാല്‍ അടിക്കും. നമ്മുടെ ജീവിതത്തില്‍ അറിവ് വരുന്നത് കുറെ ആളുകളെയൊക്കെ പരിചയപ്പെടുമ്പോഴല്ലേ. അപ്പോഴാണ് കുറെ ഉള്‍വെളിച്ചം കിട്ടുന്നത്. അങ്ങനെ ഞാനും കുറെ മാറിയെന്ന് മാത്രം.

ഭര്‍ത്താവിന്റെ മരണം.അതോടെയുണ്ടായ ഒറ്റപ്പെടല്‍. എങ്ങനെയാണ് അതില്‍നിന്ന് കരകയറിയത്?

ഭര്‍ത്താവ് സുഹൃത്തുക്കള്‍ക്ക് ഒപ്പം മൈസൂരുവില്‍ വിനോദയാത്ര പോയപ്പോള്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണാണ് മരിക്കുന്നത്. മൂന്ന് ദിവസം കഴിഞ്ഞിട്ടാണ് ശരീരം കിട്ടിയത്. അതറിഞ്ഞ് ഞാന്‍ കുറെ കരഞ്ഞു. നമ്മുടെ സങ്കടം കളയുക എന്നതാണല്ലോ പ്രധാനം. പക്ഷേ ഒരുപാട് നാളൊന്നും ഞാന്‍ കരഞ്ഞിരുന്നില്ലെന്നതാണ് സത്യം. അതൊരു നഷ്ടമാണെന്നൊന്നും തോന്നുന്ന പ്രായമായിരുന്നില്ല അത്. ഉപ്പയുടെയും ഉമ്മയുടെയും അടുത്തേക്ക് തിരികെ വരാമല്ലോ എന്നതായിരുന്നു എന്റെ സന്തോഷം. അതിനുമുന്നേ ഭര്‍ത്താവിനും മോനും ഒപ്പം ബാംഗ്ലൂരില്‍ ചെറിയൊരു അപ്പാര്‍ട്ട്മെന്റിലാണ് താമസിച്ചിരുന്നത്. അദ്ദേഹം രാവിലെ ജോലിക്ക് പോകും. രാത്രി വരും. ഞാന്‍ ഒരു ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചിരുന്നത്. നാലോ അഞ്ചോ മാസം കൂടുമ്പോഴാണ് വീട്ടിലേക്ക് വരിക. അതുകൊണ്ടുതന്നെ അദ്ദേഹം മരിച്ചതോടെ ഇനി എപ്പോഴും എന്റെ വീട്ടിലിരിക്കാമല്ലോ എന്നാണ് ഞാന്‍ ചിന്തിച്ചത്. ഞാനൊരു കംഫര്‍ട്ട് സോണിലെത്തിയ പോലെ തോന്നി. ഉപ്പയും ഉമ്മയുമൊക്കെയുണ്ട്. ഇനി അവരെ വിട്ട് പോകണ്ടല്ലോ എന്നൊരു ആശ്വാസം.

അതിനുശേഷമുള്ള ജീവിതത്തില്‍ നേരിട്ട പ്രതിസന്ധിയെന്താണ്?

ഭര്‍ത്താവ് പോയതോടെ കുട്ടികളെ നോക്കുക എന്നത് എന്റെ ഉത്തരവാദിത്വമാണല്ലോ. അതുകൊണ്ട് ഞാന്‍ പെട്ടെന്ന് തന്നെ ജോലിക്ക് പോയിത്തുടങ്ങി. ആദ്യം ഇന്‍ഷുറന്‍സ് ഏജന്റായിരുന്നു. പിന്നെ കുറെപ്പേര്‍ക്ക് ട്യൂഷനെടുത്തു. ട്യൂഷന്‍ സെന്റര്‍ തുടങ്ങി. ബാംഗ്ലൂരില്‍ കുറച്ച് ബന്ധങ്ങളുണ്ടായിരുന്നു. അവരില്‍ ഡിസ്റ്റന്റ് എജ്യുക്കേഷന്‍ ചെയ്യുന്നവര്‍ക്ക് അസൈന്‍മെന്റുകള്‍ ചെയ്തുകൊടുക്കും. കഠിനാധ്വാനം തന്നെ. നാട്ടില്‍ വന്നപ്പോള്‍ ബാംഗ്ലൂരിലെ പോലെയായിരുന്നു എന്റെ ജീവിതവും വസ്ത്രധാരണവുമെല്ലാം.അതിനെല്ലാം പലരും കുറ്റപ്പെടുത്തി. ഭര്‍ത്താവ് മരിച്ചിട്ടും അവളുടെ വസ്ത്രധാരണം കണ്ടില്ലേ എന്നായി ആരോപണങ്ങള്‍.വിധവയെന്നാല്‍ പ്രത്യേകരീതിയില്‍ ജീവിക്കണമെന്ന് സമൂഹംചട്ടം കെട്ടിയപോലെയാണ്. പിന്നെ ആളുകള്‍ ഉപ്പായുടെയും ഉമ്മായുടെയും അടുത്ത് സമ്മര്‍ദം ചെലുത്താന്‍ തുടങ്ങി. 'അവള്‍ക്ക് വീണ്ടും വിവാഹം കഴിച്ച് കൂടെ, ചെറിയ കുട്ടിയല്ലേ. മക്കളെ നിങ്ങള്‍ക്ക് നോക്കിക്കൂടേ' എന്നൊക്കെ ചോദിച്ച് അവരെ ബുദ്ധിമുട്ടിക്കാന്‍ തുടങ്ങി.

വീണ്ടുമൊരു കല്യാണം എന്നതിനോട് എനിക്കൊട്ടും പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. ഞാന്‍ മോനെയുമെടുത്ത് ബാംഗ്ലൂരിലേക്ക് തിരിച്ചു. ഇവിടെയെത്തി പലരെയും വിളിച്ച് നോക്കി. ചിലര്‍ ഫോണെടുത്തില്ല. ചിലര്‍ ഓരോ ഒഴിവുകഴിവ് പറഞ്ഞ് കൈയൊഴിഞ്ഞു. ഒടുവില്‍ ഒരു പരിചയക്കാരി അവരുടെ വീട്ടില്‍ അഭയം തന്നു. ഒന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ മനസ്സിലായി, അവര്‍ക്കിത് ഒട്ടും ഇഷ്ടപ്പെടുന്നില്ലെന്ന്. മോനാണെങ്കില്‍ അന്ന് നല്ല പനിയും. ഞാന്‍ അവനെയും എടുത്ത് അവിടെനിന്ന് പുറത്തേക്ക് ഇറങ്ങി മുന്നില്‍ കണ്ട റോഡിലൂടെ നടന്നു. എത്രയോ കിലോമീറ്ററുകള്‍. ഒടുവില്‍ രാത്രി കോറമംഗലയിലെ ബസ് സ്റ്റാന്‍ഡിലാണ് എത്തിയത്. ഇനി എന്തുചെയ്യുമെന്ന് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. അപ്പോഴാണ് ഒരു പ്രായമുള്ള അമ്മ (ഇപ്പോള്‍ എന്റെ പാട്ടി) അടുത്ത് വരുന്നത്. എന്റെ കഥ മുഴുവന്‍ അവര്‍ ചോദിച്ചറിഞ്ഞു. എന്നെ അവരുടെ കൊച്ചുവീട്ടിലേക്ക് കൊണ്ടുപോയി. ആഹാരവും വസ്ത്രവും തന്നു. പകല്‍ ഞാന്‍ ജോലിക്ക് പോവാന്‍ തുടങ്ങി. ഞാനവിടെ ഒമ്പത് മാസം ജോലി ചെയ്തു. പാട്ടിയുടെ മോളും എന്നെപ്പോലെയാണ്. ഇരുപതാം വയസ്സില്‍ വിധവയായിട്ട് രണ്ടുകുട്ടികളുമായി ജീവിക്കുന്നു. അവര്‍ക്കെന്റെ വേദന നന്നായി മനസ്സിലായി.പിന്നെ അതിജീവിക്കാനുള്ള ഓട്ടമായിരുന്നു.

ആ ബാംഗ്ലൂര്‍ യാത്രയെക്കുറിച്ച് ഇന്ന് ആലോചിക്കുമ്പോള്‍ പേടി തോന്നുന്നുണ്ട്. ജീവിതത്തില്‍ ഇനി മുന്നോട്ട് പോകാന്‍ പറ്റാത്ത വിധം പ്രതിസന്ധി വന്നാലും ഇങ്ങനെ ഇറങ്ങിപ്പോകുന്നത് നല്ലതല്ലെന്നാണ് ഇപ്പോള്‍ ഞാന്‍ പറയുക. ഭിക്ഷാടന മാഫിയ പോലെ ആരുടെയെങ്കിലും കൈയില്‍ പെട്ടാല്‍ എന്റെ കാര്യം പോക്കായിരുന്നു. അങ്ങനെയുള്ള അപകടത്തെക്കുറിച്ചൊന്നും അന്ന് അറിയില്ലായിരുന്നു. എങ്ങനെ എങ്കിലും രക്ഷപ്പെടണമെന്നേ വിചാരിച്ചുള്ളൂ. നല്ല പൈസയൊക്കെ ഉണ്ടാക്കി വരുന്നതായിരുന്നു സ്വപ്നത്തില്‍. ബാലമാസികകളിലെ ചിത്രകഥയൊക്കെയല്ലേ. ഒരുപാട് പണമുണ്ടാക്കിയ ആളുകളും രാജാവും. അതൊക്കെയാണല്ലോ പ്രചോദനം. ഭാഗ്യത്തിന് എന്നെ അന്നൊരാള്‍ സഹായിക്കാന്‍ വന്നത് കൊണ്ട് മാത്രമാണ് പിടിച്ചുനില്‍ക്കാന്‍ പറ്റിയത്. ഇതുപോലെ എല്ലാവര്‍ക്കും സഹായം കിട്ടിക്കൊള്ളണമെന്നില്ല.

അതിനുശേഷം വീണ്ടും നാട്ടിലേക്ക് മടങ്ങിയോ?

ബാംഗ്ലൂരില്‍നിന്ന് തിരികെ വന്ന് ഇവിടെയൊരു ആസ്പത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്തു. എനിക്ക് ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ അറിയാമായിരുന്നു. അതുകൊണ്ട് അവര്‍ എനിക്ക് നല്ല ശമ്പളം വാഗ്ദാനം ചെയ്തു. ആ സമയത്താണ് എനിക്ക് തോന്നുന്നത്, വിധവകള്‍ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന്. അങ്ങനെയാണ് ഞാന്‍ എനിക്ക് കിട്ടുന്ന ശമ്പളത്തില്‍നിന്ന് വേറെ രണ്ടുപേരെ കൂടെ നോക്കാന്‍ തുടങ്ങിയത്. ഈ രണ്ടുപേര്‍ പറഞ്ഞറിഞ്ഞ് കൂടുതല്‍പ്പേര്‍ എന്നെത്തേടി വരാന്‍ തുടങ്ങി. അങ്ങനെ ഞങ്ങളുടെ കൂട്ടം അങ്ങ് വളര്‍ന്നു. ഇതില്‍ ഭൂരിഭാഗം സ്ത്രീകളും ചെറിയ പ്രായത്തിലേ ഭര്‍ത്താവ് മരിച്ച് വിദ്യാഭ്യാസമൊന്നും കിട്ടാത്തവരാണ്. അവര്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സഹായം ചെയ്തുകൊടുത്തു. പലര്‍ക്കും ചികിത്സാസഹായം എത്തിച്ചുകൊടുത്തു. തുടര്‍ന്ന് ഞാന്‍ ചിതള്‍ എന്ന പേരിലൊരു സന്നദ്ധസംഘടന ഉണ്ടാക്കി. ആദ്യമാദ്യം ഒറ്റയ്ക്കായിരുന്നു അതിന്റെ പ്രവര്‍ത്തനങ്ങള്‍. കണ്ടും കേട്ടുമറിഞ്ഞ് പലരും എന്നെ സഹായിക്കാന്‍ വന്നു.

കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വന്നവര്‍,പ്രായത്തിന്റേതായ പ്രശ്നങ്ങള്‍ നേരിടുന്നവര്‍,സിംഗിള്‍ പാരന്റ്സ്,ഗൃഹനാഥന് അസുഖം വന്നിട്ട് കുടുംബം മൊത്തം കഷ്ടപ്പെടുന്നവര്‍...അങ്ങനെയുള്ള കുടുംബങ്ങളെയൊക്കെ ഞങ്ങള്‍ ഏറ്റെടുത്തു. മുമ്പ് വിധവകളെ മാത്രമാണ് സഹായിച്ചിരുന്നതെങ്കിലും പിന്നീടത് മാറ്റി. ഒമ്പത് വര്‍ഷമായി ഈ പ്രവര്‍ത്തനം തുടങ്ങിയിട്ട്.ഇതുവരെ ആയിരക്കണക്കിനാളുകളെ സഹായിക്കാന്‍ പറ്റി.പാലക്കാട്ടുതന്നെ ശുചിമുറി പോലും ഇല്ലാത്ത എത്രയോ വീടുകളില്‍ അതുണ്ടാക്കി കൊടുക്കാനായി. കൊല്ലത്തറ പ്രദേശത്ത് ചെന്നപ്പോള്‍ അവിടുത്തെ കുട്ടികള്‍ക്ക് ബാത്ത് റൂമില്‍ പോകണമെങ്കില്‍ രാത്രി വരെ കാത്തിരിക്കണമെന്ന് കേട്ടത് ഞെട്ടിക്കുന്ന വിവരമായിരുന്നു. അവിടുത്തെ ഓരോ വീട്ടിലും ഞങ്ങള്‍ ബാത്ത് റൂം ഉണ്ടാക്കിക്കൊടുത്തു. ജീവിതത്തില്‍ ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവരില്‍ അവബോധമുണ്ടാക്കിഎടുത്തു. ഇപ്പോള്‍ അവിടുത്തെ കുട്ടികളൊക്കെ എന്റെയും മക്കളാണ്. മുമ്പൊക്കെ പട്ട കൊണ്ട് മേഞ്ഞൊരു ഷെഡായിരുന്നു അവരുടെ വീട്. അവര്‍ക്കൊക്കെ ചെറിയ ഷെല്‍ട്ടറുകള്‍ ഉണ്ടാക്കിക്കൊടുത്തു. . ഇപ്പോള്‍ അവര്‍ക്ക് ഭക്ഷണകിറ്റും പെന്‍ഷനുമൊക്കെ നല്‍കുന്നുണ്ട്.

ഇതിനൊക്കെ എവിടെനിന്നാണ് പണം വരുന്നത്?

പണ്ടേ ഫേസ്ബുക്ക് പേജ് വഴിയാണ് സഹായം സ്വീകരിച്ചിരുന്നത്. അതില്‍ ഇടുന്ന പോസ്റ്റുകള്‍ വഴി ആളുകള്‍ സഹായിക്കും. ഇപ്പോള്‍ ഫേസ് ബുക്കില്‍ അത്ര സജീവമല്ലാത്തതുകൊണ്ട് ഫണ്ട് കിട്ടുന്നത് കുറഞ്ഞു. എന്നാലും മുന്നേ സഹായിച്ചവര്‍ ഇപ്പോഴും സഹായിക്കാറുണ്ട്. ഞങ്ങളുടേത് ചെറിയ സംഘടനയാണ്. ഓരോ മാസത്തെ കാര്യങ്ങള്‍ തന്നെ മുന്നോട്ട് കൊണ്ടുപോവാന്‍ പ്രയാസപ്പെടുന്ന സംഘടന. ഞാന്‍ ഇത് തുടങ്ങിയത് ഒറ്റയ്ക്കാണെങ്കിലും തൊട്ടടുത്ത വര്‍ഷം അബുദാബിയിലുള്ള ഒരു വ്യവസായി സെക്രട്ടറിയായി വന്നു. അദ്ദേഹമാണ് ഇന്ന് പ്രധാന സ്പോണ്‍സര്‍. മാസം ഒരു ലക്ഷം രൂപ തരും. ഞങ്ങള്‍ മാസം 1400 കിലോ അരി പാവപ്പെട്ടവര്‍ക്ക് കൊടുക്കുന്നുണ്ട്. പിന്നെ അറുപത് പേര്‍ക്ക് മാസപെന്‍ഷനും നല്‍കുന്നു.ആയിരം മുതല്‍ മൂവായിരം രൂപവരെ പെന്‍ഷനുണ്ട്. ഓരോരുത്തരുടെയും ആവശ്യം നോക്കിയാണ്. കോഴിക്കോട്ടുള്ള ഒരു വ്യവസായിയാണ് ട്രഷറര്‍. ഫണ്ടിന്റെ പ്രശ്നം വന്നാല്‍ ഇവരാരും കൈകെട്ടി നോക്കിനില്‍ക്കാറില്ല. ആവുന്ന രീതിയില്‍ സഹായിക്കും. ആളുകളെ കണ്ടെത്തുന്നതും അവരിലേക്ക് ചെല്ലുന്നതുമൊക്കെ ഞാന്‍ തന്നെയാണ്.

ഭര്‍ത്താവ് മരിച്ചതോ ഉപേക്ഷിക്കപ്പെട്ടതോ ആയ സ്ത്രീകള്‍ക്ക് നമ്മുടെ സമൂഹത്തില്‍ ജീവിക്കാന്‍ ഇന്നും പ്രയാസമാണോ ?

ഇപ്പോള്‍ സമൂഹത്തിന്റെ മനോഭാവം മാറിയിട്ടുണ്ട്. വിധവയാണെന്ന് പറഞ്ഞാല്‍ അവര്‍ സഹായിക്കപ്പെടേണ്ട ഒരാളാണെന്ന തോന്നലൊക്കെ വന്നിരിക്കുന്നു. ഭര്‍ത്താവ് മരിക്കുമ്പോഴേക്കും ആ കുട്ടിയെ നമ്മള്‍ സംരക്ഷിക്കേണ്ടതാണെന്നൊരു ഉത്തരവാദിത്വം കാണിക്കുന്ന സമൂഹം ഇവിടെ ഉണ്ടായിട്ടുണ്ട്. മുമ്പ് ഇങ്ങനെയല്ല. സോഷ്യല്‍മീഡിയ ഇല്ല. ആര്‍ക്കും ആരെയും അറിയില്ല. ഇത്രയും ചാരിറ്റി സംഘടനകളുമില്ല. കുടുംബത്തിലുള്ളവര്‍ക്ക് പോലും ഒരു കുട്ടിയുടെ ഭര്‍ത്താവ് മരിച്ചിരിക്കുകയാണ്,അവള്‍ക്കൊരു സഹായംകൊടുക്കണമെന്നുള്ള ചിന്തയൊന്നും അന്നുണ്ടായിട്ടില്ല. എനിക്കൊന്നും ഒരു അഞ്ഞൂറ് രൂപ പോലും ആരും തന്നിട്ടില്ല. ഞാന്‍ തന്നെ കഷ്ടപ്പെട്ട് അധ്വാനിച്ച് ഉണ്ടാക്കി കൊണ്ടുവന്നിട്ടാണ് കുട്ടികളെയൊക്കെ നോക്കിയത്.

ഒരുപാടാളുകളെ കണ്ടുമുട്ടി. പലരുടെയും ജീവിതം മാറ്റി. അതില്‍ ഏറ്റവും ഓര്‍മയില്‍നില്‍ക്കുന്നവര്‍ ആരൊക്കെയാണ്

അങ്ങനെ കുറെപ്പേരുണ്ട്. എന്നാലും എനിക്കൊരുപാട് അറ്റാച്ച്മെന്റ് തോന്നിയ മൂന്നുകുട്ടികളുണ്ട്. ഒരേ വീട്ടില്‍ ജനിച്ചവര്‍,ഒരേപോലെ മാനസികവൈകല്യമുള്ളവര്‍. ഒരു വീട്ടില്‍ ഓട്ടിസമുള്ള ഒരു കുട്ടി ഉണ്ടെങ്കില്‍ പോലും നമുക്കറിയാം,അവരെ കൊണ്ടുനടക്കാന്‍ എത്രത്തോളം ബുദ്ധിമുട്ടുണ്ടെന്ന്. അപ്പോള്‍ രണ്ടാമത്തെ കുട്ടിയും മൂന്നാമത്തെ കുട്ടിയും അതേ അവസ്ഥ നേരിടുന്നത് ആലോചിക്കാന്‍ പോലും വയ്യ. പ്രത്യേകിച്ചും സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള വീട്ടുകാരാണെങ്കില്‍. ആ കുടുംബത്തോട് ചേര്‍ന്നുനില്‍ക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. പിന്നെ അച്ചു എന്നൊരു കുട്ടി. അവള്‍ അനിയന്‍മാരെ നോക്കാന്‍ വേണ്ടി അഞ്ചാംക്ലാസില്‍ പഠിപ്പ് നിര്‍ത്തി വീട്ടില്‍ നില്‍ക്കുകയായിരുന്നു. അവളെ കൊണ്ടുപോയി ഞാന്‍ വീണ്ടും സ്‌കൂളില്‍ ചേര്‍ത്തു. ഇപ്പോള്‍ പ്ലസ് വണ്ണിലാണ് പഠിക്കുന്നത്. അവള്‍ സ്പോര്‍ട്സിലൊക്കെ ഒരുപാട് സമ്മാനങ്ങള്‍ വാരിക്കൂട്ടുന്നതുകാണുമ്പോഴാണ് ഈ ജീവിതം എന്തൊരു മനോഹരമാണെന്ന് ഓര്‍ത്തുപോകുന്നത്. അതിന്റെ സന്തോഷം അറിയുന്നതും.

സിഫിയയുടെ മുന്നിലെ ഇനിയുള്ള ലക്ഷ്യം ചോദിച്ചാല്‍

വൈകല്യംനേരിടുന്ന കുട്ടികള്‍ക്കായി ഒരു സ്ഥാപനം തുടങ്ങണമെന്നുണ്ട്. അവരെ സേവിച്ച് ജീവിക്കണമെന്നാണ് ആഗ്രഹം. ഞാന്‍ നേരത്തെ പറഞ്ഞ മൂന്ന് കുട്ടികളില്ലേ. ഭാവിയില്‍ അവരെപ്പോലുള്ളവരെ നോക്കാന്‍ ആരുണ്ടാവും എന്നൊരു ചോദ്യം ഉയരുന്നുണ്ട്. അതില്‍ ആശങ്കപ്പെടുന്ന ഒരുപാട് കുടുംബങ്ങളുണ്ട്. സാധാരണ കുട്ടികളെ ഏറ്റെടുക്കാന്‍ ഒരുപാടാളുകള്‍ വരും. പക്ഷേ ഇങ്ങനെയുള്ള കുട്ടികളെ ഏറ്റെടുക്കുന്നത് റിസ്‌കായാണ് സമൂഹം കാണുന്നത്. അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുണ്ട്. ഉറ്റവരുടെ മരണശേഷം അവര്‍ അനാഥരാവാന്‍ പാടില്ല.

ഇപ്പോഴും ജീവിതത്തോട് പോരാടുന്ന നിരവധി സ്ത്രീകളുണ്ട്. അവരൊക്കെ എങ്ങനെ ധൈര്യം സംഭരിക്കണം?

എല്ലാ മനുഷ്യരും ഒരു കംഫര്‍ട്ട് സോണില്‍ ഇരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അതില്‍നിന്ന് പുറത്തുകടക്കാതെ ഒരു അത്ഭുതവും നടക്കില്ല. കംഫര്‍ട്ട് സോണില്‍നിന്ന് പുറത്തുകടന്നാലേ ജീവിതം മാറുള്ളു. അതിനായി പരിശ്രമിച്ചുകൊണ്ടേ ഇരിക്കുക. സ്ത്രീകള്‍ അവരുടെ ഐഡന്റിറ്റി കണ്ടെത്തിയേ പറ്റൂ. അതിനുവേണ്ടതെല്ലാം നമ്മുടെ ഉള്ളിലുണ്ട്. അത് കണ്ടെത്തിത്തരാന്‍ ഒരു അത്ഭുതപുരുഷനും കടന്നുവരില്ല, അതിനുവേണ്ടി കാത്തിരിക്കാതെ സ്വയം അന്വേഷിച്ചുനോക്കൂ, നമ്മുടെ ഉള്ളില്‍നിന്ന് ആ ധീരവനിത പുറത്തുവരും.

Content Highlights: The extraordinary life of Sifiya Haneef

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented