യൂറോപ്പ് ഇപ്പോൾ കത്തുന്ന തീക്കുണ്ഡം; രോഗവിസ്‌ഫോടനങ്ങളുടെ കാലം വരുന്നു | പ്രതിഭാഷണം


സി.പി.ജോണ്‍.

കാലാവസ്ഥാ വ്യതിയാനം എല്ലാ അര്‍ഥത്തിലും കണക്കെടുപ്പ് തുടങ്ങിക്കഴിഞ്ഞു. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് പറയുകയും എഴുതുകയും ചെയ്ത ശാസ്ത്രജ്ഞന്മാരോട് പലരും കലഹിച്ചിരുന്നു. 1990-കളുടെ മധ്യത്തില്‍ ഇറങ്ങിയ നിരവധി ശാസ്ത്രലേഖനങ്ങള്‍ നമ്മുടെ മുന്നില്‍ ഉണ്ടെങ്കിലും അതെല്ലാം അതിശയോക്തി കലര്‍ന്നതാണെന്ന് കരുതി വികസിത രാജ്യങ്ങള്‍ മുന്നോട്ടുപോയി. കാലാവസ്ഥാ വ്യതിയാനത്തെകുറിച്ച് ജൊനാഥന്‍ പാറ്റ്‌സ് (Jonathan Patz ) എന്ന ശാസ്ത്രജ്ഞന്‍ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേണലില്‍ എഴുതിയ ലേഖനം(1996) ഇന്ന് വീണ്ടും എടുത്ത് വായിക്കുമ്പോള്‍ അത് കഴിഞ്ഞ ഒന്നുരണ്ടു വര്‍ഷത്തിന് മുമ്പ് എഴുതിയതാണോ എന്ന് നാം സംശയിക്കും. ജോനാഥന്‍ പാറ്റ്‌സും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും എഴുതിയ ലേഖനത്തില്‍ ആഗോളതാപനം പുതിയ പകര്‍ച്ചവ്യാധികള്‍ക്ക് ഇടവരുത്താന്‍ പോവുകയാണെന്ന് വ്യക്തമായി പറയുന്നുണ്ട്. പക്ഷേ, അന്നതിനെ പിന്തുണയ്ക്കാൻ അധികമാരും ഉണ്ടായിരുന്നില്ല.

കൊതുകുജന്യ രോഗങ്ങളും ശുദ്ധജലമില്ലാത്തതിന്റെ ഫലമായുണ്ടാകുന്ന ജലസംബന്ധിയായ രോഗങ്ങളും വര്‍ധിക്കുമെന്നും കോളറയടക്കമുളള രോഗങ്ങള്‍ക്ക് ആഗോളതാപനം ഇടയാക്കുമെന്നും അവര്‍ പറഞ്ഞുവെച്ചു. ആഗോളതാപനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ വര്‍ധന തല്‍ക്കാലം ചെടികള്‍ക്ക് അധികഭക്ഷണമായി തീരുമെങ്കിലും അധികനാള്‍ കഴിയുന്നതിന് മുമ്പ് കൂടുതല്‍ രോഗങ്ങള്‍ക്ക് ഇടയാക്കുമെന്നും പ്രവചനം ഉണ്ടായി.

2013-ല്‍ എഴുതിയ മറ്റൊരു പ്രബന്ധത്തില്‍ ആഗോളതാപനം രോഗങ്ങളുടെ വലിയ പൊട്ടിത്തെറിക്ക് കാരണമാകുമെന്ന് വളരെ വ്യക്തമായി ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഇന്ത്യക്കാരനായ കുല്‍ദീപ് ധാമ(Kuldeep Dhama) ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് കറന്റ് റിസര്‍ച്ചില്‍ എഴുതിയ 2013-ലെ ലേഖനത്തില്‍ ആഗോളതാപനം എങ്ങെനെയാണ് മനുഷ്യരിലും മൃഗങ്ങളിലും രോഗങ്ങള്‍ പടര്‍ത്തുക എന്ന് വിവരിച്ചു. കുല്‍ദീപ് ഇന്ത്യന്‍ വെറ്റിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രഞ്ജനാണ്. അദ്ദേഹവും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ സന്ദീപ് ചക്രബര്‍ത്തിയും എഴുതിയ ലേഖനം ഇന്നെടുത്ത് വായിച്ചാല്‍ അത് കോവിഡിനെ സംബന്ധിച്ച പ്രവചനം ആയിരുന്നു എന്ന് നാം തെറ്റിദ്ധരിക്കും.

ആഗോളതാപനത്തിന്റെ ഭാഗമായി മൃഗങ്ങളുടെ തെര്‍മല്‍ ഹീറ്റ് ഇന്‍ഡക്‌സ് വര്‍ധിക്കും. അതിന്റെ ഫലമായി ഡയറി ഇന്‍ഡസ്ട്രി പോലുളള, പശു- കന്നുകാലിവളര്‍ത്തല്‍ പോലുളള വ്യവസായങ്ങള്‍ക്ക് തിരിച്ചടിയുണ്ടാകുമെന്നും അവര്‍ വിവരിച്ചിട്ടുണ്ട്. മൃഗങ്ങള്‍ക്ക് സഹിക്കാനാവാത്ത ചൂട് ഉണ്ടാകുന്ന സാഹചര്യത്തില്‍ അവ കൂടുതല്‍ രോഗാതുരമായി തീരുമെന്നും ഇത് പതുക്കെ മനുഷ്യരിലേക്ക് പടരുമെന്ന കൃത്യമായ കണക്കുകൂട്ടലുകളും അവര്‍ പങ്കുവെച്ചു. പക്ഷേ, അതൊന്നും ശ്രദ്ധിക്കാന്‍ ആളുണ്ടായില്ല.

2022 ഏപ്രില്‍ മാസത്തില്‍ ലോകപ്രസിദ്ധമായ നേച്ചര്‍ ജേണലില്‍ വന്ന ലേഖനം എല്ലാവുടേയും കണ്ണ് തുറപ്പിച്ചിട്ടുണ്ട്. ഇനിയും ഈ പ്രവണതയെ അവഗണിച്ചാല്‍ 2070 ആകുമ്പോഴേക്കും ലോകം വലിയ ആരോഗ്യ പ്രതിസന്ധിയെ നേരിടുമെന്ന് കൃത്യമായ പഠനങ്ങളുടെ ഭാഗമായി വിദഗ്ധന്മാര്‍ പറഞ്ഞിരിക്കുന്നു. നാലായിരത്തോളം വൈറസുകള്‍ മാമ്മലുകളിലേക്ക് പരക്കാന്‍ പോവുകയാണെന്ന് കാതറിന്‍ ക്ലിഫോഡ് (Catherine Clifford ) എഴുതിയ ലേഖനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. അങ്ങനെ പടര്‍ന്ന വൈറസുകള്‍ മനുഷ്യരിലേക്കും കടന്നുവന്നാല്‍ 2070 ആകുമ്പോഴേക്കും, അടുത്ത 5-10 വര്‍ഷത്തിനിടയില്‍, ഒരു വലിയ രോഗവിസ്‌ഫോടനം തന്നെ ലോകത്ത് സംഭവിക്കാവുന്നതാണ്. ഇത്തരത്തിലുളള പതിനായിരത്തോളം വൈറസുകള്‍ ഉണ്ടെങ്കിലും ആ പതിനായിരത്തില്‍ ഏതാനും വൈറസുകള്‍ മാത്രമാണ് ഭാഗ്യവശാല്‍ മനുഷ്യരിലേക്ക് കടന്നുവന്നിട്ടുളളത്.

ആഗോളതാപനം വര്‍ധിച്ചാല്‍ ആയിരക്കണക്കിന് വൈറസുകള്‍ മനുഷ്യശരീരത്തിലേക്ക് മൃഗങ്ങള്‍ വഴി കടന്നുവരികയും അങ്ങനെ കടന്നുവന്ന വൈറസുകള്‍ ഇന്ന് ഒരൊറ്റ വൈറസ് കൊണ്ട് ഞെട്ടിത്തരിച്ചുനില്‍ക്കുന്ന മനുഷ്യരാശിയെ മുഴുവന്‍ വിഴുങ്ങിക്കളയാനുളള സാധ്യതയുണ്ടെന്നും സൂചനയുണ്ട്. എന്തായാലും ഇത്തരത്തിലുളള മുന്നറിയിപ്പുകളൊന്നും തന്നെ വികസിത രാജ്യങ്ങള്‍ കണ്ട മട്ട് കാണിക്കുന്നില്ല. കൊതുകുജന്യ രോഗങ്ങളുടെ ഭാഗമായി ഉണ്ടായ ഡെങ്കി പനിയും ആന്ത്രാക്‌സ് പോലുളള രോഗങ്ങളും പ്ലേഗ് പോലുളള രോഗങ്ങളും മാത്രമല്ല, ആഗോള താപനം ഒരു പരിധി വിടുമ്പോള്‍ പേ വിഷബാധയുളള മൃഗങ്ങളുടെ എണ്ണവും വര്‍ധിക്കും എന്ന പ്രവചനവും നിലനില്‍ക്കുകയാണ്. പേവിഷബാധയെ കുറിച്ചുളള വാര്‍ത്തകള്‍ പത്രങ്ങളില്‍ നിറയുന്നത് ഓര്‍ക്കാവുന്നതാണ്. പേവിഷ ബാധയുളള മൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചാല്‍ അതിനെ തടഞ്ഞുനിര്‍ത്തുക ദുഷ്‌ക്കരമായി തീരുമെന്നും ശാസ്ത്രജ്ഞന്മാര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

ഈ സാഹചര്യത്തിലാണ് ഒന്നുരണ്ടു മാസക്കാലമായി യൂറോപ്പിനെ, പ്രത്യേകിച്ചും മെഡിറ്ററേനിയന്‍ പ്രദേശത്തെ, പിടിച്ചുകുലുക്കിയിട്ടുളള ഉഷ്ണക്കാറ്റിനെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നത്. യൂറോപ്പ് നിന്നുരുകയാണ്. ലണ്ടനില്‍ 40 ഡിഗ്രി സെല്‍ഷ്യസ് ചൂടുണ്ടായത് അതിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലണ്ടന്‍ ഫയര്‍ ബ്രിഗേഡ് ഒരു ദിവസം 2600 തീപ്പിടുത്തവുമായി ബന്ധപ്പെട്ട ഫോണ്‍കോളുകള്‍ ശ്രദ്ധിക്കേണ്ടി വന്നു. ഒരു സാധാരണ ദിവസം 350 ഫോണ്‍കോളുകള്‍ മാത്രം വരുന്ന ലണ്ടന്‍ ഫയര്‍ ബ്രിഗേഡിന് ആയിരക്കണക്കിന് ഫോണ്‍കോളുകള്‍ കൊണ്ട് ഇരിക്കപ്പൊറുതി ഇല്ലാതായി. ഇംഗ്ലണ്ടില്‍ പുല്‍മേടുകള്‍ക്ക് തീപിടിച്ചു. തീപിടിച്ച സ്ഥലങ്ങളില്‍നിന്ന് കാറ്റടിക്കുമ്പോള്‍ അത് നിരവധി ഗ്രാമങ്ങളെയും ചെറുപട്ടണങ്ങളെയും അഗ്നിബാധയ്ക്ക് ഇരയാക്കി. എന്നാല്‍, അതിലും എത്രയോ ഭയാനകമാണ് മെഡിറ്ററേനിയന്‍ പ്രദേശത്തെയും വടക്കേ ആഫ്രിക്കയിലേയും സ്ഥിതി.

2022-ല്‍ യൂറോപ്പ് ഒരു കത്തുന്ന തീക്കുണ്ഡമായി മാറിയിരിക്കുകയാണ്. ഫ്രാന്‍സില്‍ മാത്രം 24,000 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നു. അവിടെ പതിനായിരക്കണക്കിന് സ്ഥലം കത്തിനശിച്ചു. സൈപ്രസ് എന്ന ചെറിയ രാജ്യത്ത് നാലായിരം ഹെക്ടര്‍ നഷ്ടപ്പെട്ടു. പോര്‍ച്ചുഗലിലും സ്‌പെയിനിലും തീപ്പിടിത്തങ്ങള്‍ നിത്യസംഭവങ്ങളായി. അമേരിക്കയിലെ വടക്കന്‍ അരിസോണയില്‍ കത്തിപ്പടര്‍ന്ന തീ 121 കിലോ മീറ്റര്‍ വേഗത്തിലുളള കാറ്റടിച്ചതിന്റെ ഫലമായി വമ്പിച്ച നാശനഷ്ടങ്ങളുണ്ടാക്കി. ന്യൂ മെക്‌സിക്കോയിലും തീക്കാറ്റുകള്‍ വീശുന്നു. ഈ കാട്ടു തീമാലകള്‍ യൂറോപ്പിനെയും അമേരിക്കയെയും മാത്രമല്ല, ഉഷ്ണകാലം വരുന്നതോടെ, ഇപ്പോള്‍ ശൈത്യകാലമുളള, ദക്ഷിണാര്‍ധഗോളത്തെയും ബാധിക്കാന്‍ പോവുകയാണ്. ഓസ്‌ട്രേലിയയില്‍ ഇപ്പോള്‍ തണുപ്പാണ്. ഉത്തരഗോളത്തില്‍ ചൂടും. ഓസ്‌ട്രേലിയയിലെ 2019-ലെ ബുഷ് ഫയര്‍ എന്നറിയപ്പെടുന്ന കാട്ടുതീ എത്ര വലിയ തോതിലാണ് നാശനഷ്ടമുണ്ടാക്കിയതെന്ന് നമുക്ക് ബോധ്യമുണ്ട്. ആഫ്രിക്കയിലും ലെബനോണിലും ബ്രസീലിലും കാട്ടുതീമാലകള്‍ പതിനായിരക്കണക്കിന് ഹെക്ടര്‍ സ്ഥലത്തെ വനം നശിപ്പിച്ചു എന്നതിലുപരി, കോടാനുകൂടി വൈറസുകളെ പരിഭ്രാന്തരാക്കി മൃഗങ്ങളില്‍നിന്ന് പുറത്തേക്ക് വിടുകയുണ്ടായി.

കോവിഡ് 19 എന്ന പുതിയ രോഗം മനുഷ്യരാശിയെ ആക്രമിച്ച അതേ വര്‍ഷം തന്നെയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ കാട്ടുതീ ഉണ്ടായത് എന്ന കാര്യം നാം മനസ്സിലാക്കണം. ആഗോളതാപനത്തിന്റെ ഭാഗമായി കാട്ടുതീ ഉണ്ടാവുകയും പതിനായിരക്കണക്കിന് വൈറസുകളില്‍നിന്ന് ആയിരക്കണക്കിന് വൈറസുകള്‍ കാട്ടുമൃഗങ്ങളില്‍നിന്ന്, പ്രത്യേകിച്ച് മാമ്മലുകളില്‍നിന്ന് മനുഷ്യനിലേക്ക് പ്രവഹിക്കുകയും ചെയ്യുന്ന അതിഗുരുതരമായ ഈ ജൈവപ്രതിസന്ധിയെ രാഷ്ട്രീയലോകം വേണ്ട അര്‍ഥത്തില്‍ മനസ്സിലാക്കിയിട്ടുണ്ടെന്ന് കരുതാനാവില്ല. റഷ്യയും ഉക്രൈനും തമ്മില്‍ യുദ്ധം ചെയ്യുമ്പോള്‍ അവിടെ ഉണ്ടാകുന്ന ബോംബുസ്‌ഫോടനങ്ങള്‍ കാട്ടുതീയോളമല്ലെങ്കിലും പുതിയ താപവും സൃഷ്ടിക്കുന്നുണ്ട് എന്ന കാര്യം ആരും ശ്രദ്ധിക്കാതെ പോകുന്നു. ലോകത്തെ പങ്കുവെക്കാനും വിഭവങ്ങള്‍ കട്ടെടുക്കാനും ശ്രമിക്കുന്ന നിലവിലെ രാഷ്ട്രീയ സാമൂഹ്യ അവസ്ഥ മനുഷ്യരാശിയുടെ നിലനില്പ്പിനെ താറുമാറാക്കുന്ന രീതിയില്‍ ഉയര്‍ന്നിരിക്കുകയാണ്. മനുഷ്യരാശിയുടെ അന്ത്യലേക്ക് നീങ്ങാവുന്ന ജൈവ അപകടത്തെ ആരും തിരിച്ചറിയുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

ഈ സാഹചര്യത്തില്‍ ഭരണകൂടങ്ങളും അവരെ നിയന്ത്രിക്കുന്ന കുത്തകകളും എന്തെല്ലാം വസ്തുതകള്‍ ഒളിപ്പിച്ചുവെച്ചാലും ജനങ്ങളുടെ ഭാത്തുനിന്ന് പരിസ്ഥിതിക്ക് വേണ്ടിയുളള മുറവിളി ഉയരേണ്ടതായിട്ടുണ്ട്. വാസ്തവത്തില്‍ അതായിരിക്കും സമീപഭാവിയിലെ പുരോഗമനപരമായ രാഷ്ട്രീയ പ്രവര്‍ത്തനം. പക്ഷേ, ആരതിന് നേതൃത്വം നല്‍കും എന്നുളളത് പ്രസക്തമായ ചോദ്യം. ആരാണ് മനുഷ്യന്റെ ഭാവിയെ കുറിച്ച് ചിന്തിക്കുന്നത്? സമീപഭാവിയെ പോലും വിഷലിപ്തമാക്കുന്ന സംഭവങ്ങളിലേക്ക് മനുഷ്യരാശിയുടെ ശ്രദ്ധ ക്ഷണിക്കാന്‍ കഴിവുളള പ്രത്യയശാസ്ത്രമേതാണ്? ആ പ്രസ്ഥാനത്തിന്റെ പേരിന് പ്രസക്തിയില്ലെങ്കിലും ലാഭം മാത്രം ലക്ഷ്യമാക്കുന്ന മുതലാളിത്തത്തിന്റെയും കുത്തക മുതലാളിത്തത്തിന്റെയും പ്രത്യയശാസ്ത്രങ്ങള്‍ക്ക് മാനവരാശിയെ ഈ വഴിക്ക് നയിക്കാന്‍ സാധ്യമല്ല എന്നു നിസംശയം പറയാം.

ഇവിടെയും ജനകീയ ശാസ്ത്രമുന്നേറ്റത്തെ മുന്നോട്ടു നയിക്കാനുളള ഉത്തരവാദിത്തമാണ് ജനങ്ങളോട് പ്രതിബന്ധതയുളള ഭരണകൂടം മുന്നോട്ടുവെക്കേണ്ടത്. ഇനിയും എണ്ണ കത്തിക്കുകയും ആ എണ്ണയില്‍ നിന്നുണ്ടാകുന്ന പുകപടലങ്ങള്‍ അന്തരീക്ഷത്തിലേക്ക് പടര്‍ത്തുകയും ചെയ്താല്‍ നാശമുറപ്പാണ് എന്ന് വ്യക്തമായി കഴിഞ്ഞു. ഇന്ന് നിലവിലുളള അറ്റോമിക് ഫിഷനിലൂടെ അണുശക്തിനിലയങ്ങള്‍ കൂടുതല്‍ സൃഷ്ടിച്ചുകൊണ്ട് പുകയില്ലാതെ ചൂടുണ്ടാക്കാം എന്ന് പറയുമെങ്കിലും അതും മറ്റൊരര്‍ഥത്തില്‍ വലിയൊരു ആപത്ത് തന്നെയാണ്. എന്നാല്‍ അറ്റോമിക് ഫ്യൂഷന്‍ ഗവേഷണത്തിന്റെ മൂശയില്‍ത്തന്നെ ഇരിക്കുകയാണ്. ഫ്യൂഷന്‍ റിയാക്ടറുകള്‍ വ്യാപകമായാല്‍ അതില്‍നിന്ന് പുകയുണ്ടാവുകയില്ല. മാത്രമല്ല, രാസമാലിന്യങ്ങളും, റേഡിയോ ആക്ടീവ് മാലിന്യങ്ങളും ഉണ്ടാവുകയില്ല എന്നുളളത്
സ്‌കൂള്‍ നിലവാരത്തിലുളള ശാസ്ത്ര ജ്ഞാനമാണ്.

ഇത്തരത്തിലുണ്ടാകുന്ന ഇലക്ട്രിസിറ്റി കൊണ്ട് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ നിരത്തിലിറക്കുകയാണ്‌ ഒരു പോംവഴി. കേവലമായ ഇലക്ട്രിക് വാഹനങ്ങള്‍ ഉണ്ടായതുകൊണ്ട് കാര്യമില്ല. കാരണം ഇലക്ട്രിക് വാഹനത്തിന് ആവശ്യമായ വൈദ്യുതി ഉല്പാദിപ്പിക്കുന്നത് കല്ക്കരി കത്തിച്ചിട്ടോ പെട്രോളിയം ഉല്പന്നങ്ങള്‍ കത്തിച്ചിട്ടോ ആകുമ്പോള്‍ ഇലക്ട്രിക് വാഹനം ഓടുമ്പോള്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് പുറത്തുവിട്ടില്ലെങ്കിലും അതിന് ആവശ്യമായ ചാര്‍ജ് ലഭിക്കുന്നതിന് വിദ്യുച്ഛക്തി ഉണ്ടാക്കുന്നിടത്ത് കാര്‍ബണ്‍ ഡയൈക്‌സൈഡിന്റെ ഉല്പാദനം വര്‍ധിക്കുകയാണ് ചെയ്യുക.

അതുകൊണ്ട് ഹൈഡ്രജന്‍ പോലുളള പുതിയ ഇന്ധനങ്ങള്‍ ഒരു പോംവഴിയാണ്. ആ ഹൈഡ്രജന്‍ ഉണ്ടാക്കുന്നതിനും ചീത്ത ഇലക്ട്രിസിറ്റി ഉപയോഗിക്കരുത്. അതിനെയാണ് ഗ്രീന്‍ ഹൈഡ്രജന്‍ എന്ന് വിളിക്കുന്നത് കാറ്റില്‍നിന്നും സൗരോര്‍ജത്തില്‍നിന്നും എടുക്കുന്ന വൈദ്യുതി കൊണ്ടുണ്ടാക്കുന്ന ഹൈഡ്രജന്‍, അതുപയോഗിക്കുന്ന വാഹനങ്ങള്‍ പുക കുറയ്ക്കും എന്ന് മാത്രമല്ല, ഇലക്ട്രിസിറ്റി ഉല്പാദന രംഗത്തേയും കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ ഉല്പാദനം ഇല്ലാതാക്കും. ഇത്തരത്തില്‍ സംയോജിതമായ പുതിയ വിദ്യുച്ഛക്തി ഉല്പാദനം പരിസ്ഥിതി സൗഹാര്‍ദമായ ഇലക്ട്രിസിറ്റി ഉല്പാദനമാണ് രാഷ്ട്രങ്ങള്‍ അടിയന്തരമായി ലക്ഷ്യമിടേണ്ടത്.

അറ്റോമിക് ഫിഷന് പകരം അറ്റോമിക് ഫ്യൂഷന്‍ ഉണ്ടാക്കുക എന്നുളളത് ശാസ്ത്രലോകത്ത് പൂര്‍ണമായി വിജയിച്ചിട്ടില്ല. എങ്ങനെയെല്ലാം മറ്റു തരത്തിലുളള വൈദ്യുതി ഉണ്ടാക്കാം എന്ന് ചര്‍ച്ച ചെയ്യേണ്ടത് തന്നെയാണ്. ജലവൈദ്യുത തടാകങ്ങളിലെ സൗരോര്‍ജം എങ്ങനെ ഉപയോഗിക്കാം എന്ന് ഇന്ന് ഗൗരവമായി ചര്‍ച്ച ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഉദാഹരണത്തിന് കേരളത്തിന്റെ അറുപതോളം വരുന്ന ഡാമുകളില്‍ ജലവൈദ്യുതിക്ക് പുറമേ സൗരോര്‍ജ വൈദ്യുതി കൂടി ഉണ്ടാക്കാമോ എന്ന ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും അതിന്റെ ചെലവുകള്‍ ഊര്‍ജോല്പാദനവുമായി തട്ടിച്ച് നോക്കുകയാണ്. കല്‍ക്കരിയില്‍ നിന്നുണ്ടാക്കുന്ന വൈദ്യുതിയാണ് ലാഭകരം എന്നുകരുതി നാം അതിലേക്ക് തിരിയുകയാണ്.

പക്ഷേ, അത്തരത്തിലുളള ലാഭനോട്ടത്തിന് പകരം ശുദ്ധമായ, കാര്‍ബണ്‍ ഡയോക്‌സൈഡ് ഇല്ലാത്ത ഊര്‍ജ നിര്‍മാണത്തിന് ഏറ്റവും വലിയ പ്രാധാന്യം നല്‍കേണ്ട കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. നേരത്തേ വ്യക്തമാക്കിയത് പോലെ, ആഗോളതാപനം കേവലമായ ചൂടുണ്ടാക്കുക മാത്രമല്ല, രോഗവും ഉണ്ടാക്കുമെന്ന് നേരത്തേ പ്രവചിച്ചത് സത്യമായി തീര്‍ന്നിരിക്കുന്നു. അവിടെയും മനുഷ്യന്റെ ആരോഗ്യം മാത്രമല്ല നാം പരിഗണിക്കേണ്ടത്. ജീവജാലങ്ങളുടെ ആരോഗ്യപൂര്‍ണമായ സാന്നിധ്യം കൊണ്ടുമാത്രമേ മനുഷ്യന്റെ ആരോഗ്യവും സംരക്ഷിക്കാന്‍ സാധ്യമാകൂ.

മനുഷ്യന് മാത്രമായി അവന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സാധ്യമല്ല. നമ്മുടെ പൊതുജന ആരോഗ്യത്തില്‍ മൃഗങ്ങളുടെ ആരോഗ്യവും മൃഗങ്ങള്‍ കഴിക്കുന്ന സസ്യങ്ങളുടെ ആരോഗ്യവും ഉള്‍ച്ചേര്‍ന്നുകിടക്കുന്നുണ്ട്. അതുകൊണ്ട് വണ്‍ ഹെല്‍ത്ത് എന്ന പ്രസ്ഥാനം മൃഗവും സസ്യവും മനുഷ്യനും ചേരുന്ന ഏകകത്തിന്റെ പൊതുവായ ആരോഗ്യമെന്ന മുദ്രാവാക്യവും ഈ ഊര്‍ജ സംരക്ഷണത്തിന്റെ പോലെ ഏറ്റവും പ്രധാനമാണ്. ചുരുക്കിപറഞ്ഞാല്‍ ആഗോളതാപനത്തിന്റെ വാര്‍ത്തകളും കാട്ടുതീ വ്യാപനത്തിന്റെ വാര്‍ത്തകളും നാം വായിക്കുമ്പോള്‍ അതുണ്ടായ ഏതെങ്കിലും ഒരിടത്ത് എന്ത് സംഭവിച്ചു എന്നല്ല ഗ്രഹിക്കേണ്ടത്. അത്തരം ഓരോ ചെറിയ സംഭവങ്ങളും വലിയ സംഭവങ്ങളും മാനവരാശിയുടെയും ജീവജാലങ്ങളുടെയും ആത്യന്തികമായ നിലനില്‍പ്പിന് ഭീഷണിയുണ്ടാകാന്‍ പോകുന്നു എന്ന ആപൽസൂചനകളാണ്.

അതിനോട് പ്രതികരിക്കാന്‍ ഭരണകൂടങ്ങള്‍ തയ്യാറായില്ലെങ്കില്‍ പുതിയ തലമുറയും ജനതയും അതിന് തയ്യാറാകണം. അതിനാവശ്യമായ പ്രചരണങ്ങള്‍ ഓരോ മനുഷ്യന്റെയും അടുത്തേക്ക് എത്താന്‍ കഴിയുന്ന രീതിയില്‍ ശക്തമായി മാധ്യമങ്ങള്‍ അതിനായി ശ്രമിക്കണം എന്നുകൂടി പറഞ്ഞുവെക്കട്ടേ.

Content Highlights: The Effect of Global Warming on Infectious Diseases

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented