സുശീൽ കുമാർ, നൈന സാഹ്നി
1995 ജൂലൈ 2, രാത്രി 11 മണി
രാത്രിയുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് ന്യൂഡല്‍ഹിയിലെ അശോക റോഡിലൂടെ രണ്ടു തെരുവുനായ്ക്കള്‍ കുരച്ചുകൊണ്ട് ഓടിയകന്നു. അതേ റോഡില്‍ അല്പമകലെ ഒരു റെസ്റ്റോറന്റിലെ അടുക്കളയില്‍നിന്ന് പതിവില്‍ കവിഞ്ഞ് കനത്ത പുക ആകാശത്തേക്ക് ഉയരുന്നുണ്ടായിരുന്നു.
കൊണാട്ട്‌പ്ലേസിലുള്ള പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായിരുന്നു അബ്ദുള്‍ നസീര്‍ കുഞ്ഞ്. സത്യസന്ധതയുടെയും കൃത്യനിഷ്ഠതയുടെയും പര്യായമായിരുന്നു കുഞ്ഞ്. അന്ന് രാത്രി ഡ്യൂട്ടിയായിരുന്നു കുഞ്ഞിന്. രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് ഡ്യൂട്ടി. പതിനൊന്നു മണിക്കാരംഭിക്കുന്ന ഡ്യൂട്ടിക്ക് 10 മിനിട്ട് മുമ്പേ അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തു. ഹോം ഗാര്‍ഡ് ചന്ദര്‍ പാലായിരുന്നു അന്നത്തെ രാത്രി ഡ്യൂട്ടിയില്‍ കുഞ്ഞിന്റെ പങ്കാളി.
'പട്രോളിങ്ങിന് തയ്യാറായോ ചന്ദര്‍ പാല്‍?' രാത്രി ഡ്യൂട്ടിയുടെ മടുപ്പിക്കുന്ന നിശബ്ദതയ്ക്ക് കീറല്‍ വീഴ്ത്തിക്കൊണ്ട് കുഞ്ഞ് ചോദിച്ചു. അല്പസമയത്തിന് ശേഷം കുഞ്ഞും ചന്ദര്‍പാലും അശോക റോഡിലേക്കിറങ്ങി. ഏകദേശം 11.15 ആയിക്കാണും. അശോക യാത്രിനിവാസിന് അടുത്തുള്ള ലെയ്‌നില്‍ അവരെത്തി. ഐ.ടി.ഡി.സിയുടെ കീഴിലുളള ഹോട്ടലാണ് അശോക് യാത്രിനിവാസ്. ഹോട്ടല്‍ കോമ്പൗണ്ടിനുള്ളില്‍നിന്ന് പതിവില്‍ കവിഞ്ഞ് പുക ഉയരുന്നത് ഇരുവരും ശ്രദ്ധിക്കാതിരുന്നില്ല. കാര്യമന്വേഷിക്കുന്നതിനായി ഇരുവരും ഹോട്ടലിലെ സുരക്ഷാജീവനക്കാരന്റെ അടുത്തേക്ക് നടന്നു.
'ഭായ്, റെസ്‌റ്റോറന്റില്‍നിന്ന് എന്താണ് ഇത്രയധികം പുക ഉയരുന്നത്?' കുഞ്ഞ് വിളിച്ചുചോദിച്ചു.
'അത്... ഞങ്ങള്‍ ഉപയോഗശൂന്യമായ കുറച്ച് തിരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ തീയിടുകയാണ്. ആശങ്കപ്പെടാന്‍ ഒന്നുമില്ല, അതിപ്പോള്‍ കഴിയും.' കുഞ്ഞും ചന്ദറും അകത്തു പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് അവിടെയുണ്ടായിരുന്ന ഒരാള്‍ പറഞ്ഞു.
ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യണമെന്ന നിര്‍ദേശം കൊടുത്ത് കുഞ്ഞും ചന്ദര്‍ പാലും അവിടെ നിന്നിറങ്ങി, പട്രോളിങ്ങ് തുടര്‍ന്നു. കുറച്ചുസമയം കഴിഞ്ഞുകാണും. 'അയ്യോ തീ' എന്ന ഒരു സ്ത്രീയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടാണ് കുഞ്ഞുവും ചന്ദര്‍പാലും നടത്തം നിര്‍ത്തുന്നത്. മുന്നോട്ടുനീങ്ങാന്‍ തുടങ്ങിയ ഇരുവരെയും പിടിച്ചുനിര്‍ത്തിക്കൊണ്ട് ഒരു പച്ചക്കറി കച്ചവടക്കാരന്റെ നിലവിളിയും ഉയര്‍ന്നു. 'അയ്യോ തീ പിടിച്ചേ...' പച്ചക്കറിക്കടക്കാരന്‍ വിരല്‍ ചൂണ്ടിയിടത്തേക്ക് തിരിഞ്ഞുനോക്കിയ ഇരുവരും തിരിഞ്ഞുനോക്കി. നേരത്തേ പുക ഉയരുന്നത് കണ്ട റെസ്‌റ്റോറന്റില്‍ തീ ആളിക്കത്തുന്നു.
'റെസ്‌റ്റോറന്റിന് തീപിടിച്ചു!'
വയര്‍ലെസ്സ് കൈയിലില്ലാത്തതിനാല്‍ പോലീസിലും ഫയര്‍സ്റ്റേഷനിലും വിവരമറിയിക്കാന്‍ തൊട്ടടുത്ത് കണ്ട ടെലഫോണ്‍ ബൂത്തിലേക്ക് കുഞ്ഞ് ഓടിക്കയറി. അര്‍ധരാത്രി സമയമായതിനാല്‍ സ്വാഭാവികമായും ആ ടെലഫോണ്‍ ബൂത്ത് അടച്ചിരുന്നു.
'ചന്ദര്‍, നീ ഇവിടെ നില്‍ക്കൂ, ഞാന്‍ എന്റെ വയര്‍ലെസ്സില്‍ വിവരമറിയിച്ചിട്ട് വരാം.' ചന്ദറിനെ സംഭവസ്ഥലത്ത് നിര്‍ത്തി കുഞ്ഞ് വയര്‍ലെസ്സ് ഇരുന്നിടത്തേക്ക് തിടുക്കത്തില്‍ ഓടി. പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിച്ച് സംഭവസ്ഥലത്തേക്ക് വേഗത്തില്‍ തന്നെ കുഞ്ഞ് തിരിച്ചെത്തി.
തീയില്‍നിന്ന് അസുഖകരമായ മണം ഉയരുന്നതായി കുഞ്ഞിന് തോന്നി. തീ ആളിപ്പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇത്തവണ അനുവാദത്തിനായി അവര്‍ കാത്തുനിന്നില്ല. ഹോട്ടലിന്റെ മതില്‍ ചാടിക്കടന്നു. റെസ്‌റ്റോറന്റിലെ തന്തൂര്‍ അടുപ്പില്‍ രണ്ടുപേര്‍ നിന്ന് എന്തോ കത്തിക്കുന്നത് കുഞ്ഞും ചന്ദറും കണ്ടു. അവര്‍ ഇടയ്ക്ക് മരക്കഷ്ണവും പേപ്പറും ഇട്ടുകൊടുക്കുന്നുണ്ട്.
തന്തൂര്‍ അടുപ്പിന് തൊട്ടടുത്തായി നില്‍ക്കുന്ന കേശവ് കുമാറിന് അടുത്തേക്ക് കുഞ്ഞെത്തി. ബഗിയ റെസ്‌റ്റോറന്റിന്റെ മാനേജരായിരുന്നു കേശവ് കുമാര്‍.
'എന്താണ് ഇവിടെ നടക്കുന്നത്? ഇങ്ങനെ തീ ആളിപ്പടര്‍ന്നാല്‍ അത് അപകടകരമാണെന്ന് അറിയില്ലേ?' കുഞ്ഞ് കേശവിനോട് ചോദിച്ചു.
'ഇത് പഴയ തിരഞ്ഞെടുപ്പ് ബാനറുകളും പേപ്പറുകളും പോസ്റ്ററുകളുമാണ്.' കേശവ് പറഞ്ഞു. കേശവിനൊപ്പമുണ്ടായ രണ്ടാമനെ അപ്പോഴാണ് കുഞ്ഞ് തിരിച്ചറിഞ്ഞത്. നേരത്തേ അവര്‍ ഹോട്ടല്‍ കോമ്പൗണ്ടില്‍ പ്രവേശിക്കുന്നത് തടഞ്ഞയാള്‍. സുശീല്‍ ശര്‍മ, നമ്മള്‍ പറയാന്‍ തുടങ്ങുന്ന കേസിലെ പ്രധാനപ്രതി!
കടലാസ് കത്തുന്ന മണമല്ല തന്തൂരില്‍ നിന്നുയരുന്നതെന്ന് കുഞ്ഞിന് ഉറപ്പായി. ആളുന്ന അഗ്നിജ്വാലകള്‍ക്കിടയില്‍ അയാള്‍ നിഴല്‍പോലെ എന്തോ കാണുകയും ചെയ്തു. കുഞ്ഞ് പതിയെ തന്തൂര്‍ അടുപ്പിനടുത്തേക്ക് നടന്നു. കുഞ്ഞ് നടുങ്ങിപ്പോയി... കണ്ടത് സത്യമാണെന്ന് അംഗീകരിക്കാന്‍ അദ്ദേഹത്തിന് കുറച്ചുസമയം വേണ്ടിവന്നു. അഗ്നിയില്‍ കത്തിയമരുന്നത് ഒരു മനുഷ്യ ഉടലാണ്. കുഞ്ഞ് വേഗം ചന്ദറിനെ വിളിച്ചു. സമീപത്തുണ്ടായിരുന്ന ബക്കറ്റുകളില്‍ വെള്ളം നിറച്ച് ഇരുവരും ചേര്‍ന്ന് തന്തൂര്‍ അടുപ്പിലെ തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങി.
കുറച്ചുനേരത്തെ പരിശ്രമത്തിനൊടുവില്‍ തീ അണഞ്ഞു..പാതിവെന്ത ഒരു ശരീരം അവര്‍ക്ക് മുന്നില്‍ അനാവൃതമായി. ആ ശരീരത്തില്‍നിന്ന് തൊലിയെല്ലാം ഉരുകിയൊലിച്ചിരുന്നു.
ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അന്നു താന്‍ കണ്ട കാഴ്ച കുഞ്ഞ് പിന്നീട് ഓര്‍മിക്കുന്നുണ്ട്. 'എന്റെ മുടിയെല്ലാം എഴുന്നുനില്‍ക്കുന്നതായി എനിക്ക് തോന്നി. ആ കനലിനുള്ളില്‍ ഒരു മനുഷ്യശരീരം ഞങ്ങള്‍ കണ്ടു. അതൊരു സ്ത്രീയുടെ ശരീരം പോലെയാണ് തോന്നിയത്. കാല്പാദത്തിന്റെ ഒരു വശം പകുതിയോളം പൊള്ളിയിരുന്നു. കുടല്‍മാല പുറത്തേക്ക് തള്ളിവന്നിരുന്നു.'
എ.സി.പി. അശോക് കുമാറും അഡീഷണല്‍ സി.പി. മാക്‌സ്‌വെല്‍ പെരേരയും ഉള്‍പ്പടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് എത്തി. പോലീസ് എത്തുംമുമ്പുതന്നെ സുശീല്‍ കുമാര്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പിറ്റേന്നുവന്ന പത്രങ്ങളിലെ തലക്കെട്ടുകള്‍ കണ്ട് തലസ്ഥാനം വിറച്ചുപോയെന്നുതന്നെ പറയാം. 'കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം ഹോട്ടലിലെ തന്തൂര്‍ അടുപ്പില്‍'. തന്തൂര്‍ അടുപ്പില്‍ കത്തിയെരിഞ്ഞ ആ മൃതദേഹം നൈന സാഹ്നിയുടേതായിരുന്നു.
എങ്ങനെയാണ് മിടുക്കിയും സുന്ദരിയുമായ ഇരുപത്തൊമ്പതുകാരി നൈന സാഹ്നി കൊല്ലപ്പെട്ടത്? അവരുടെ മൃതദേഹം എങ്ങനെയാണ് റെസ്റ്റോറന്റിലെ തന്തൂര്‍ അടുപ്പില്‍ അഗ്നിക്കിരയായത്? അതിലേക്കെത്തും മുമ്പ് ഫ്‌ളാഷ്ബാക്കിലേക്കൊന്ന് പോയ് വരാം. നൈന സാഹ്നിയുടെയും ഭര്‍ത്താവ് സുശീല്‍ ശര്‍മയുടെയും ജീവിതത്തിലേക്ക്..
ഫ്‌ളാഷ്ബാക്ക്! ആദ്യം സുശീലിന്റെ കഥ
.jpg?$p=e7c7e8d&&q=0.8)
രാഷ്ട്രീയത്തിലിറങ്ങാന്‍ വേണ്ടി മാത്രം ജനിച്ച ഒരാളായിരുന്നു സുശീല്‍. ഒരു പിന്നാക്ക മധ്യ വര്‍ഗ കുടുംബാംഗം. ഒരു ബാങ്ക് ക്ലാര്‍ക്ക് ആയിരുന്നു സുശീലിന്റെ അച്ഛന്‍. അതായിരുന്നു ആ കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗം. സുശീലിന്റേത് വലിയ വലിയ ലക്ഷ്യങ്ങളായിരുന്നു.
കോളേജില്‍ പഠിക്കുമ്പോള്‍ മുതല്‍ സജീവമായി രാഷ്ട്രീയത്തില്‍ ഇടപെട്ടിരുന്നു സുശീല്‍. ആ വിദ്യാര്‍ഥി നേതാവിനെ പലരും ധിക്കാരിയെന്നാണ് വിശേഷിപ്പിച്ചിരുന്നത്. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള വര്‍ഷങ്ങളില്‍ രാഷ്ട്രീയനേതാവെന്ന നിലയില്‍ പടിപടിയായി സുശീല്‍ വളര്‍ന്നു. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി പ്രവര്‍ത്തകര്‍ 'ചാക്കുമാര്‍' എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. തന്റെ എതിരാളികളായ വിദ്യാര്‍ഥി നേതാക്കളുടെ പോസ്റ്ററുകള്‍ കുത്തിക്കീറുന്നത് സുശീലിന്റെ പതിവായതോടെയാണ് ഇങ്ങനെയൊരു പേര് അദ്ദേഹത്തിന് വീഴുന്നത്. നാളുകള്‍ കഴിയുന്തോറും സുശീലിന്റെ കാഴ്ചപ്പാടുകളും വളര്‍ന്നു. ലൈസന്‍സുള്ള .32 പിസ്റ്റളുമായിട്ടായിരുന്നു സുശീലിന്റെ സഞ്ചാരം. രാഷ്ട്രീയ എതിരാളികളെ കടത്തിക്കൊണ്ടുപോകുന്നതില്‍ കുപ്രസിദ്ധി നേടിയിരുന്നു അയാള്‍. വളരെ പെട്ടെന്നാണ് ഡല്‍ഹി വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സുശീലിന്റെ പേര് ഉയര്‍ന്നത്.
ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള സത്യവതി കോളേജിലെ സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റില്‍നിന്ന് ഡല്‍ഹി പ്രദേശ് യൂത്ത് കോണ്‍ഗ്രസ് (ഐ) ചീഫായി സുശീല്‍ വളരെ വേഗം വളര്‍ന്നു. ബുദ്ധിമാനായ രാഷ്ട്രീയക്കാരനായിരുന്നു സുശീല്‍. ആരെയാണ് മിത്രമാക്കേണ്ടതെന്നും ആരെയാണ് ശത്രുവാക്കേണ്ടതെന്നും കൃത്യമായി അറിയാമായിരുന്നു. ആത്മസമര്‍പ്പണത്തോടെ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയിരുന്ന നേതാവ്. ഇതിനെല്ലാമിടയിലാണ് 1989-ല്‍ നൈന സാഹ്നി സുശീലിന്റെ കണ്ണിലുടക്കുന്നത്.
മറ്റൊരു ഫ്‌ളാഷ്ബാക്ക്! ഇത് നൈനയുടെ കഥയാണ്
ഒരു പിന്നാക്ക മധ്യവര്‍ഗ കുടുംബത്തിലെ അംഗമായിരുന്നു നൈന സാഹ്നി. സുശീലിന്റേതുപോലുള്ള ജീവിത സാഹചര്യങ്ങളിലൂടെ തന്നെ വളര്‍ന്നുവന്നവള്‍. ഓർഡിനൻസ് ഫാക്ടറിയിലെ സ്റ്റോര്‍കീപ്പറായിരുന്നു അച്ഛന്‍. പണത്തിലും പദവിയിലും എന്താണോ അവള്‍ക്ക് കുറവുണ്ടായിരുന്നത് അത് തന്റെ സ്വപ്‌നങ്ങളിലൂടെയും ലക്ഷ്യങ്ങളിലൂടെയും അവള്‍ നികത്തി. രാഷ്ട്രീയത്തില്‍ അതീവതല്പരയായിരുന്നു അവള്‍.
ഡല്‍ഹിയിലെ ശ്യാമപ്രസാദ് മുഖര്‍ജി കോളേജിലെ വിദ്യാര്‍ഥിനിയായിരിക്കെയാണ് എന്‍.എസ്.യു.വി. ആള്‍ ഇന്ത്യ ഗേള്‍സ് കണ്‍വീനര്‍ ആയി നൈന തിരഞ്ഞെടുക്കപ്പെട്ടത്. 'നീ വളരെ വേഗത്തില്‍ ഉയരങ്ങളിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണല്ലോ..നോക്കിക്കോ നിനക്ക് ചേരുന്ന ഒരു പയ്യനെ കിട്ടാന്‍ കുറച്ചു കഷ്ടപ്പെടും. മിടുക്കന്മാരായ പയ്യന്മാരെയെല്ലാം നീ പിന്തള്ളിക്കഴിഞ്ഞു.' കോളേജ് കാന്റീനില്‍ ഇരുന്ന് ചായ കുടിക്കുന്നതിനിടയില്‍ നൈനയുടെ ഒരു സുഹൃത്ത് അവളെ കളിയാക്കി. സുഹൃത്തിന്റെ തമാശയില്‍ നൈനയും മറ്റുസുഹൃത്തുക്കളും ആര്‍ത്തുചിരിച്ചു. പതിയെ ആ ചര്‍ച്ച ഭാവിവരന്മാരിലേക്ക് തിരിഞ്ഞു. ഒരു ഭര്‍ത്താവിനാല്‍ ഭരിക്കപ്പെടാന്‍ നിന്നുകൊടുക്കില്ല നൈനയെന്ന് അവളുടെ കൂട്ടുകാര്‍ക്കെല്ലാം ഉറപ്പായിരുന്നു.
രാഷ്ട്രീയത്തില്‍ ഓരോരോ പടികള്‍ കയറി മുന്നേറുന്നതിനിടയിലാണ് പെട്ടെന്നൊരു ഇടവേളയെടുക്കാന്‍ അവള്‍ തീരുമാനിക്കുന്നത്. പൈലറ്റ് ലൈസന്‍സ് എടുക്കുന്നതിന് വേണ്ടി നൈന തല്ക്കാലത്തേക്ക് രാഷ്ട്രീയത്തില്‍നിന്ന് മാറിനിന്നു. പക്ഷേ, രാഷ്ട്രീയം നിങ്ങളെ ഒരു വേട്ടക്കാരനാക്കും. ഒരിക്കല്‍ രക്തം രുചിച്ചാല്‍ പിന്നെ നിങ്ങള്‍ക്കതില്‍നിന്ന് മാറി നില്‍ക്കാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ നൈന വേഗത്തില്‍ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി. 1989-ല്‍ ഡല്‍ഹി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി ജോയിന്‍ ചെയ്തു.
കോണ്‍ഗ്രസ് (ഐ)യിലെ നിരവധി നേതാക്കള്‍ക്കൊപ്പവും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പവും അവള്‍ പ്രവര്‍ത്തിച്ചു. ഇതിനിടയിലാണ് മത്‌ലൂബ് കരീം എന്ന യുവാവുമായി അവള്‍ പ്രണയത്തിലാകുന്നത്. അതിനിടയില്‍ സുശീലിന്റെ ശ്രദ്ധയില്‍ നൈന പതിഞ്ഞു. സ്വതവേ സ്ത്രീതല്പരനായ അയാള്‍ അവളിലേക്കടുക്കാനുള്ള വഴികള്‍ തിരഞ്ഞു.
നൈനയും കരീമുമായുള്ള ബന്ധത്തില്‍ അതിനിടയില്‍ തന്നെ പ്രശ്‌നങ്ങള്‍ ഇളപൊട്ടി. രണ്ടു മതത്തിൽ പെട്ടവരായതിനാൽ നൈനയുടെ വീട്ടില്‍നിന്ന് എതിര്‍പ്പുണ്ടായിരിക്കാമെന്ന് കരീമിന് ഉറപ്പുണ്ടായിരുന്നു. ഹൃദയം രണ്ടായി പിളര്‍ന്നതുപോലെ തോന്നിയെങ്കിലും സൗഹൃദം എന്നെന്നും അവര്‍ക്കുള്ളില്‍ അതുപോലെ തന്നെ നിലനിര്‍ത്തിക്കൊണ്ട് വേര്‍പിരിയാന്‍ ഇരുവരും തീരുമാനിച്ചു.'നമുക്ക് മുന്നോട്ടുപോകാനാകില്ല. എന്റെ വീട്ടുകാര്‍ നമ്മുടെ ബന്ധത്തിന് എതിരുനില്‍ക്കുകയാണ്.' കരീമിന്റെ കൈകള്‍ തന്റെ കൈക്കുള്ളില്‍ ചേര്‍ത്തുപിടിച്ചുകൊണ്ട് നൈന പറഞ്ഞു.
ഈ സംഭവത്തിന് പിറകേയാണ് സുശീല്‍ നിരന്തരം നൈനയോട് പ്രണയാഭ്യര്‍ഥന നടത്തിയത്. മിടുക്കനും ആത്മവിശ്വാസവുമുള്ള സുശീല്‍ എന്ന നേതാവിനോട് നൈനക്കും താല്പര്യം തോന്നിത്തുടങ്ങി. നൈനയുടെ സൗന്ദര്യവും ആത്മവിശ്വാസവും ചാരുതയും സുശീലിനെ അവളില്‍ അനുരക്തനാക്കി. ഒരു സ്ഥലവിഷയവുമായി ബന്ധപ്പെട്ട സംഭവത്തില്‍ നൈനയുടെഅമ്മായിയെ സുശീല്‍ സഹായിച്ചതോടുകൂടി നൈന സുശീലിനോട് സമ്മതം മൂളി.
ഫ്‌ളാഷ്ബാക്കുകള്‍ തീരുകയാണ്. നൈനയുടെ കൊലപാതത്തിലേക്ക് കടക്കേണ്ട സമയമായി
1993-ല്‍ ഡല്‍ഹിയിലെ ബിര്‍ള ക്ഷേത്രത്തില്‍വെച്ചാണ് സുശീലും നൈനയും വിവാഹിതരാകുന്നത്. പക്ഷേ, രാഷ്ട്രീയത്തില്‍ താനാഗ്രഹിച്ച നിലയില്‍ എന്തെങ്കിലുമൊക്ക ആയിക്കഴിഞ്ഞതിനു ശേഷം മാത്രമേ വിവാഹം പരസ്യമാക്കൂ എന്ന നിലപാടാണ് സുശീല്‍ എടുത്തത്. സുശീല്‍ വിവാഹം കഴിച്ച കാര്യം അദ്ദേഹത്തിന്റെ അയല്‍ക്കാര്‍ക്കുവരെ അറിയില്ലായിരുന്നു. അതീവരഹസ്യമായി അവര്‍ വിവാഹക്കാര്യം സൂക്ഷിച്ചു.
വിവാഹം കഴിഞ്ഞ് നാളുകള്‍ക്കുള്ളില്‍ തന്നെ ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ തലപൊക്കിത്തുടങ്ങി. അധികാരം ഇഷ്ടപ്പെടുന്നവനായിരുന്നു സുശീല്‍. മറ്റുള്ളവരെ എല്ലായ്‌പ്പോഴും ഭരിക്കാന്‍ ഇഷ്ടപ്പെടുന്നവന്‍. വിധേയത്വം പ്രകടിപ്പിക്കുന്നവളായിരുന്നില്ല നൈന. സ്വന്തം കാലില്‍ നില്‍ക്കാന്‍ ആഗ്രഹിച്ച, അതിനു കഴിവുള്ള, മിടുക്കിയായ സ്ത്രീയായിരുന്നു നൈന. തന്റെ കരിയറിനെ കുറിച്ചും യശസ്സിനെ കുറിച്ചും അവള്‍ക്കും സ്വപ്‌നങ്ങളുണ്ടായിരുന്നു. പക്ഷേ, ഇതൊന്നും അംഗീകരിക്കുന്ന ആളായിരുന്നില്ല സുശീല്‍. വിവാഹശേഷം പലപ്പോഴും നൈന തന്നെ വിളിച്ച് കരഞ്ഞിരുന്നതായി കരിം അവകാശപ്പെട്ടിട്ടുണ്ട്. മദ്യപിച്ചെത്തുന്ന സുശീല്‍ അവളെ സ്ഥിരമായി മര്‍ദിക്കാറുണ്ടെന്നും അവരുടെ ഗോള്‍ മാര്‍ക്കറ്റ് ഫ്‌ളാറ്റില്‍ പൂട്ടിയിടാറുണ്ടെന്നും കരിം പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ വഴക്കിനിടയില്‍ സുശീല്‍ അവള്‍ക്ക് നേരെ തോക്കുചൂണ്ടി, അവളെ ഭയപ്പെടുത്തുന്നതിനായി ബോധപൂര്‍വം വെടിയുതിര്‍ത്തതായും പറയപ്പെടുന്നു.
പുറംലോകത്തിന് സുശീല്‍ നന്മ നിറഞ്ഞ ഒരാളായിരുന്നു. മൃദുഭാഷിയായ, പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യാത്ത നിത്യവും ഛത്തര്‍പുര്‍ ക്ഷേത്രത്തില്‍ പോകുന്ന ഒരാള്‍. പക്ഷേ ,സ്ത്രീകളോടുള്ള സുശീലിന്റെ താല്പര്യം എല്ലാവര്‍ക്കും അറിയാമായിരുന്നുതാനും. ഒരു തരത്തില്‍ പറഞ്ഞാല്‍ ഇരട്ട ജീവിതമാണ് അയാള്‍ നയിച്ചിരുന്നത്. സുശീലിന്റെ എതിരാളിയായ മനീന്ദര്‍ജിത് സിങ് ബിട്ട എന്ന യൂത്ത് കോണ്‍ഗ്രസ്(ഐ) പ്രസിഡന്റ് ഒരു അഭിമുഖത്തില്‍ സുശീലിന് സ്ത്രീകളോടുള്ള താല്പര്യത്തെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ഓഫീസ് ഭാരവാഹികളായി എല്ലായ്‌പ്പോഴും സ്ത്രീകളെ മാത്രമേ സുശീല്‍ നിയമിക്കുമായിരുന്നുള്ളൂവത്രേ. 'സ്ത്രീകള്‍ക്കുള്ള ഒരു സഹായവും അയാള്‍ നിരസിച്ചിരുന്നില്ല.' മനീന്ദര്‍ജിത് പറയുന്നു.
ഒരു ബിസിനസ്സുകാരന്റെ മുന്‍ഭാര്യയുമായി സുശീലിന് അടുപ്പമുണ്ടെന്ന അഭ്യൂഹങ്ങള്‍ ഒരിക്കല്‍ നൈനയുടെ കാതിലെത്തി. 'നിങ്ങള്‍ക്ക് ഇളയുമായി അടുപ്പമുണ്ടോ?' ഒരിക്കല്‍ വാതില്‍ കടന്നുവരികയായിരുന്ന സുശീലിനോട് നൈന ചോദിച്ചു. 'കേള്‍ക്കുന്നതെല്ലാം വിശ്വസിക്കരുതെന്ന് നിന്നോട് ഞാന്‍ പറഞ്ഞിട്ടുള്ളതല്ലേ?' ദേഷ്യപ്പെട്ടുകൊണ്ടായിരുന്നു സുശീലിന്റെ മറുപടി.
ഭര്‍ത്താവ് നുണപറയുകയാണെന്ന് നൈനക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. പാര്‍ലമെന്ററി ടിക്കറ്റ് നല്‍കാം എന്ന വാഗ്ദാനം നല്‍കി ഇളയോട് സുശീല്‍ പ്രേമാഭ്യര്‍ഥന നടത്തിയിരുന്നത് നൈന അറിഞ്ഞിരുന്നു. സുശീലിന്റെ കുഞ്ഞിനെ ആ സ്ത്രീ ഗര്‍ഭം ധരിച്ചിരുന്നതായി 1995 ജൂലൈ 31-ന് ഇന്ത്യാ ടുഡെയില്‍ വന്ന ലേഖനത്തില്‍ മാധ്യമപ്രവര്‍ത്തക അര്‍ച്ചന ജഹാംഗീര്‍ എഴുതിയിട്ടുമുണ്ട്. സുശീലുമായുള്ള രഹസ്യവിവാഹത്തില്‍ ഇനിയൊന്നും അവശേഷിക്കുന്നില്ലെന്ന് നൈന തിരിച്ചറിയുകയായിരുന്നു.
'ഞാന്‍ ഓസ്‌ട്രേലിയയിലേക്ക് പോവുകയാണ്.' സുശീലുമായി ഒന്നിച്ചിരിക്കുന്ന ഒരു വൈകുന്നേരം ബ്ലഡി മേരി ഒരിറക്കെടുത്തുകൊണ്ട് നൈന പ്രഖ്യാപിച്ചു.
'എന്ത്? എന്തിന് നീ പോകണം?' ക്രോധത്തോടെ സുശീല്‍ ചോദിച്ചു.
'ഞാന്‍ സ്വതന്ത്രയാകാന്‍ ആഗ്രഹിക്കുന്നു. സ്വന്തമായി കയറ്റുമതി വ്യാപാരം ആരംഭിക്കാനും പദ്ധതിയുണ്ട്.' സുശീലിന്റെ കണ്ണില്‍ നോക്കിയായിരുന്നു നൈനയുടെ മറുപടി.
'ആരാണ് നിന്നെ രക്ഷിക്കാന്‍ പോകുന്നത്? നിന്റെ മുന്‍കാമുകനായ കരീമോ?' പല്ലിറുമ്മിക്കൊണ്ടായിരുന്നു സുശീലിന്റെ ചോദ്യം. അവളെ തുറിച്ചുനോക്കിക്കൊണ്ട് അയാള്‍ നിന്നു.
'അതിനിവിടെ എന്തുകാര്യം?' അവള്‍ തിരിച്ചുചോദിച്ചു.
.jpg?$p=b225567&&q=0.8)
കൊലപാതകം നടന്ന രാത്രി; 1995, ജൂലായ് 2
താനുമായുള്ള ബന്ധം ഉപേക്ഷിച്ച് വിദേശത്തേക്ക് പോകാനുള്ള നൈനയുടെ തീരുമാനം സുശീലിനെ രോഷാകുലനാക്കിയിരുന്നു. നൈനക്ക് കരീമുമായി അടുപ്പം വര്‍ധിക്കുന്നതും അയാള്‍ക്ക് സഹിക്കുന്നുണ്ടായിരുന്നില്ല.
അന്നു രാത്രി വീട്ടിലേക്കെത്തിയ സുശീല്‍ കാണുന്നത് ആരോടോ സംസാരിച്ച ശേഷം ഫോണ്‍ വിച്ഛേദിക്കുന്ന നൈനയെയാണ്. സുശീല്‍ പതിയെ നടന്നുചെന്ന് റിസീവറെടുത്ത് ചെവിയില്‍ വെച്ചു. റീഡയല്‍ അമര്‍ത്തി. തൊട്ടപ്പുറത്ത് ഒരു പുരുഷശബ്ദം ഹലോ പറഞ്ഞു. അത് കരിമായിരുന്നു. ഇതോടെ സുശീലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ചോദ്യം ചെയ്യലില്‍ തുടങ്ങിയ അവരുടെ വാഗ്വാദം കൈയ്യാങ്കളിയിലെത്തി.
പെട്ടെന്ന്, വളരെ പെട്ടെന്നാണ് സുശീല്‍ തന്റെ തോക്ക് പുറത്തെടുക്കുന്നതും മൂന്നു തവണ വെടിയുതിര്‍ക്കുന്നതും. ഒരു ബുള്ളറ്റ് അവളുടെ കഴുത്തില്‍ തുളച്ചുകയറി. മറ്റൊന്ന് അവളുടെ തലയിലും. മൂന്നാമത്തേതിന് ഉന്നംപിഴച്ചു. വളരെ പെട്ടെന്നുതന്നെ താന്‍ ചെയ്തതിന്റെ ഗൗരവം തിരിച്ചറിഞ്ഞ സുശീല്‍ കുറ്റകൃത്യം മറച്ചുവെക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. വെടിയേറ്റ് നൈന വീണത് കിടക്കയിലേക്കാണ്. ബെഡ്ഷീറ്റില്‍ തന്നെ സുശീല്‍ അവളെ പൊതിഞ്ഞു. രക്തം ഇറ്റുവീഴുന്നത് കണ്ട് ഓടിച്ചെന്ന് ഡൈനിങ് ടേബിളില്‍ നിന്ന് പ്ലാസ്റ്റിക് കവര്‍ വലിച്ചെടുത്തു. മൃതദേഹം അതില്‍ പൊതിഞ്ഞു. മൃതദേഹം എത്രയും വേഗം മറവു ചെയ്യണമെന്നു മാത്രമായിരുന്നു സുശീലിന്റെ മനസ്സിലുണ്ടായിരുന്നത്. താഴേക്ക് പോയി കാര്‍ റിവേഴ്‌സെടുത്ത് ഗോവണിപ്പടികളുടെ സമീപത്ത് കൊണ്ടുചെന്നു നിര്‍ത്തി. നൈനയുടെ മൃതദേഹം രണ്ടാം നിലയില്‍നിന്നു താഴേക്ക് വലിച്ചുകൊണ്ടുവന്ന് കാറില്‍ കയറ്റി. അയാളുടെ കുര്‍ത്തയില്‍ രക്തം പുരണ്ടിരുന്നു. അതുമാറ്റി പുതിയതൊരെണ്ണം ധരിച്ചു.
വണ്ടിയോടിച്ചുകൊണ്ടുതന്നെ മൃതദേഹം എന്തു ചെയ്യണമെന്ന തീരുമാനത്തില്‍ അയാളെത്തി. അശോക് യാത്രിനിവാസിലെ ബഗിയ റെസ്‌റ്റോറന്റിലേക്ക് അയാള്‍ കാര്‍ ഓടിച്ചു. ബഗിയയുടെ മാനേജര്‍ കേശവ് സുശീലിന്റെ സുഹൃത്തായിരുന്നു. തന്നെയുമല്ല, ബഗിയയുടെ പാർട്ണറുമായിരുന്നു സുശീല്‍.
തന്റെ വെള്ള മാരുതി കാറില്‍ റെസ്റ്റോറന്റിലേക്ക് സുശീല്‍ എത്തുമ്പോള്‍ സമയം രാത്രി 10.15. കാറിന്റെ ജനല്‍ച്ചില്ലുകള്‍ അയാള്‍ താഴ്ത്തി. സുശീലിനെ കണ്ട് കേശവ് ഓടിയെത്തി. റെസ്‌റ്റോറന്റ് എത്രയും വേഗം അടയ്ക്കാനും വേഗം തന്നെ ജീവനക്കാരെയും കസ്റ്റമേഴ്‌സിനെയും ഒഴിവാക്കാനും കേശവിനോട് സുശീല്‍ ആവശ്യപ്പെട്ടു. എന്തോ സംഭവിച്ചിട്ടുണ്ടെന്ന് കേശവിന് ഉറപ്പായി. പക്ഷേ, സുശീലിനോട് ഒന്നും ചോദിക്കാതിരിക്കുന്നതാണ് ഇപ്പോള്‍ നല്ലതെന്നും അയാള്‍ കരുതി.
കാറില്‍ എന്താണെന്നറിഞ്ഞതും കേശവിന്റെ സപ്തനാഡികളും തളര്‍ന്നു. എത്രയും വേഗം കാര്യങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ഇങ്ങനെ അലസനായി നില്‍ക്കേണ്ട സമയമിതല്ലെന്നും പറഞ്ഞ് കേശവിനെ സുശീല്‍ വഴക്കു പറഞ്ഞുകൊണ്ടേയിരുന്നു. എത്രയും പെട്ടെന്ന് ഒരു ചാക്ക് കൊണ്ടുവരാനും സുശീല്‍ ആവശ്യപ്പെട്ടു. പക്ഷേ, നൈനയുടെ മൃതദേഹം ചാക്കില്‍ കൊള്ളുന്നുണ്ടായില്ല. ഒടുവില്‍ അവരൊരു ടാര്‍പോളീന്‍ കൊണ്ടുവന്നു മൃതദേഹം അതില്‍ വലിച്ചിട്ടു. സുശീല്‍ മൃതദേഹം വലിച്ചിഴച്ച് തന്തൂറിന് അടുത്ത് എത്തിക്കുമ്പോള്‍ ആരെങ്കിലും കാണുന്നുണ്ടോ എന്നുനോക്കി കേശവ് കാവല്‍ നിന്നു.
മൃതദേഹം തന്തൂരില്‍ കൊള്ളുന്നില്ലെന്ന് വന്നതോടെ മൃതദേഹം വെട്ടിമുറിക്കാന്‍ തന്നെ സുശീല്‍ തീരുമാനിച്ചു. റെസ്റ്റോറന്റില്‍നിന്ന് കേശവ് നെയ്യ് എടുത്തുനല്‍കി. സുശീല്‍ തന്തൂര്‍ കത്തിച്ചു. അയാള്‍ക്ക് എത്രയും വേഗം തെളിവുകള്‍ നശിപ്പിക്കേണ്ടിയിരുന്നു. നെയ്യ് തീര്‍ന്നതോടെ കേശവ് അഞ്ഞൂറു ഗ്രാം ബട്ടറുമായെത്തി. അതും തികയാതെ വന്നതോടെയാണ് ഇരുവരും ചേര്‍ന്ന് പേപ്പറും മരക്കഷ്ണങ്ങളും ഇട്ട് കത്തിക്കാന്‍ തുടങ്ങിയത്.
പക്ഷേ, ആ തീരുമാനം അല്പം തെറ്റിപ്പോയെന്നുവേണം കരുതാന്‍. പേപ്പറും മരക്കഷ്ണങ്ങളും ഇട്ടതോടെ തീ ആളിക്കത്തി. അങ്ങനെയാണ് പച്ചക്കറി കച്ചവടക്കാരനും കുഞ്ഞുവും ചന്ദറുമെല്ലാം തീ കാണുന്നത്. പോലീസ് എത്തുമ്പോഴേക്കും സുശീല്‍ രക്ഷപ്പെട്ടിരുന്നു. കേശവ് വേഗം തന്നെ കുറ്റസമ്മതം നടത്തി. സുശീലിനെ കണ്ടെത്താന്‍ പോലീസ് വലിയ തോതിലുള്ള അന്വേഷണമാണ് നടത്തിയത്.
നൈനയുടെ പാതിവെന്ത ശരീരം തിരിച്ചറിയുന്നത് കരീമാണ്. നൈനയുടെ മൂക്കും മുടി കെട്ടിയിരിക്കുന്നതും കണ്ടാണ് അത് നൈന തന്നെയാണെന്ന് കരീം ഉറപ്പിക്കുന്നത്. ആദ്യ മൃതദേഹ പരിശോധന ലേഡി ഹാര്‍ഡിങ് മെഡിക്കല്‍ കോളേജിലായിരുന്നു. പക്ഷേ, കേശവ് പോലീസിന് നല്‍കിയ മൊഴിയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ളതായിരുന്നു ആദ്യ മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട്. പൊള്ളലേറ്റും രക്തം വാര്‍ന്നുമാണ് നൈന മരണപ്പെട്ടതെന്നായിരുന്നു ആ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. തുടര്‍ന്ന് ഡല്‍ഹി ഗവര്‍ണര്‍ രണ്ടാമത് മൃതദേഹ പരിശോധന നടത്താന്‍ ഉത്തരവിട്ടു. മൂന്നു വ്യത്യസ്ത ആശുപത്രികളില്‍ നിന്നുള്ള മൂന്നു ഡോക്ടര്‍മാര്‍ ചേര്‍ന്ന് ഡോ. ടി.ഡി.ഡോഗ്രയുടെ നേതൃത്വത്തിലായിരുന്നു മൃതദേഹ പരിശോധന നടത്തിയത്.
നൈനയ്ക്ക് രണ്ടു തവണ വെടിയേറ്റതായി ഈ മൃതദേഹ പരിശോധനാ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. വെടിയേറ്റാണ് നൈനയുടെ മരണം സംഭവിച്ചതെന്നും സംഭവിച്ചത് കൊലപാതകമാണെന്നും റിപ്പോര്‍ട്ട് സാധൂകരിച്ചു. രണ്ടാമത് മൃതദേഹ പരിശോധന നടത്തുന്നത് വിജയകരമാണോ എന്ന ചോദ്യത്തിനുള്ള വ്യക്തവും കൃത്യവുമായ ഉത്തരമായിരുന്നു നൈന കൊലപാതക കേസ്.
ഒമ്പതു ദിവസങ്ങള്‍ക്ക് ശേഷം ബാംഗ്ലൂരില്‍വെച്ച് സുശീല്‍ ശര്‍മ കീഴടങ്ങി. അയാള്‍ തല മുണ്ഡനം ചെയ്തിരുന്നു. നൈനയുടെ കൊലപാതകത്തെ കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും ഒരു തീര്‍ഥാടനത്തിന്റെ ഭാഗമായിട്ടാണ് താന്‍ ഡല്‍ഹി വിട്ടതെന്നുമായിരുന്നു അയാള്‍ പോലീസിനോട് പറഞ്ഞത്. നൈന തന്നെ വിളിച്ചു നല്‍കിയ ടാക്‌സില്‍ രണ്ടാം തീയതി രാവിലെയാണ് താന്‍ യാത്ര പുറപ്പെട്ടതെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. ആദ്യം അജ്മീരിലേക്കായിരുന്നു യാത്ര. അവിടെ നിന്ന് ജയ്പൂരിലേക്കും.
അങ്ങനെയാണെങ്കില്‍ അജ്മീരില്‍ സുശീല്‍ സന്ദര്‍ശിച്ച ക്ഷേത്രത്തിന്റെ പേരെന്താണെന്നായി പോലീസ്. സുശീലിന് പക്ഷേ ആ ചോദ്യത്തിന് ഉത്തരമുണ്ടായിരുന്നില്ല. രാത്രിയാണ് താന്‍ ക്ഷേത്രം സന്ദര്‍ശിച്ചതെന്നും അതിനാല്‍ അത് ഏതു ക്ഷേത്രമാണ് എന്ന് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്നുമുള്ള മറുപടിയാണ് സുശീല്‍ നല്‍കിയത്.
ജയ്പൂരില്‍നിന്ന് ബോംബെയിലേക്ക് ഫ്‌ളൈറ്റ് മാര്‍ഗം എത്തിയെന്നും അവിടെനിന്ന് പിന്നീട് മദ്രാസിലേക്കെത്തിയെന്നും സുശീല്‍ പറഞ്ഞു. ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ താന്‍ ഉള്‍പ്പെട്ടതായി അവിടെവെച്ചാണ് താന്‍ ആദ്യമായി അറിയുന്നതെന്നും സുശീല്‍ പോലീസിനോട് പറഞ്ഞു.
എസ്. അനന്തനാരായണനായിരുന്നു സുശീലിന്റെ അഭിഭാഷകന്‍. ഇടക്കാല ജാമ്യം നേടി സുശീല്‍ പുറത്തിറങ്ങുക തന്നെ ചെയ്തു. അപ്പോഴാണ് താന്‍ തിരുപ്പതിയിലെ വെങ്കിടേശ്വര ക്ഷേത്രത്തില്‍ പോയിരുന്നുവെന്നും അവിടെ വെച്ചാണ് തലയും മുഖവും മുണ്ഡനം ചെയ്തത് എന്നതുള്‍പ്പടെയുള്ള അവകാശവാദങ്ങള്‍ സുശീല്‍ ഉയര്‍ത്തുന്നത്. അവിടെ സന്ദര്‍ശിച്ചതിന് തെളിവായി പ്രസാദവും പ്രസാദം വാങ്ങിയ ചീട്ടുകളും അദ്ദേഹം മുന്നോട്ടുവെച്ചു. ക്ഷേത്ര ദര്‍ശനത്തിന് ശേഷമാണ് ബെംഗളുരുവിലെത്തി താന്‍ കീഴടങ്ങുന്നതെന്നും സുശീല്‍ അവകാശപ്പെട്ടു.
സുശീല്‍ പറയുന്നത് നുണയാണെന്ന് പോലീസ് വ്യക്തമായി അറിയാമായിരുന്നു. പക്ഷേ, തെളിവ്....?
1995 ജൂലായ് 27
പോലീസ് ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്തു.
1996 മെയ് 9
വിചാരണക്കോടതി അഞ്ചു പേര്‍ക്കെതിരേ കൊലപാതകക്കുറ്റം, ക്രിമിനല്‍ ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി.
1997 നംവബര്‍ 7
കോടതി സുശീല്‍ ശര്‍മയ്ക്ക് വധശിക്ഷ വിധിച്ചു. സഹായിയായി നിന്ന കേശവിനെ ഏഴു വര്‍ഷത്തെ കഠിനതടവിനും.
തനിക്കെതിരേ നടന്ന അതിക്രമങ്ങള്‍ക്കെതിരേ ഒന്നു നിലവിളിക്കാന്‍ പോലും കഴിയാതെ ആരും അവളെ കേള്‍ക്കാതെ അവള്‍ക്ക് പറയാനുള്ളത് അറിയാതെ നൈനയെ ഇല്ലാതാക്കാനാണ് മൃതദേഹം തന്തൂര്‍ അടുപ്പിലിട്ട് കത്തിക്കുക വഴി സുശീലും കൂട്ടുപ്രതിയും ശ്രമിച്ചതെന്നാണ് വിധി പ്രസ്താവിച്ചു കൊണ്ട് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ജി.പി. തരേജ പറഞ്ഞത്.
2003 ഡിസംബര്‍
വിചാരണ കോടതിയുടെ വിധിയെ ചോദ്യംചെയ്ത് ശര്‍മ ഡല്ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.
2007, ഫെബ്രുവരി 19
ഹൈക്കോടതി സുശീലിന് മുകളില്‍ ചുമത്തിയ വധശിക്ഷ സ്‌റ്റേ ചെയ്തു.
2013 ഒക്ടോബര്‍ 8
സുപ്രീംകോടതി സുശീലിന്റെ വധശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തു
2018, ഡിസംബര്‍ 21
സുശീലിനെ ഉടന്‍ മോചിപ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിടുന്നു.
2018 ഡിസംബര്‍ 22
23 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം സുശീല്‍ ശര്‍മ തിഹാര്‍ ജയിലിന് പുറത്തേക്ക്.
ഇന്ത്യ കണ്ട എക്കാലത്തെയും ക്രൂരവും പൈശാചികവുമായ കൊലപാതകമായിരുന്നു നൈന സാഹ്നി വധം. ഇന്ത്യക്കാരുടെ ഓര്‍മയില്‍ ഇതെന്നും നൊമ്പരപ്പെടുത്തിക്കൊണ്ടിരിക്കും.
യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി എഴുതിയ ഡെഡ്‌ലി ഡസന്‍: ഇന്ത്യാസ് മോസ്റ്റ് നൊട്ടോറിയസ് സീരിയല്‍ കില്ലേഴ്‌സ്, ഇന്ത്യാസ് മണി ഹെയ്‌സ്റ്റ് തുടങ്ങിയ ബെസ്റ്റ്‌സെല്ലര്‍ ക്രൈം ത്രില്ലറുകളുടെ രചയിതാവാണ് അനിര്‍ബന്‍ ഭട്ടാചാര്യ. സാവ്ധാന്‍ ഇന്ത്യ, ക്രൈം പട്രോള്‍ തുടങ്ങിയ ടിവി ഷോകളുടെ നിര്‍മാതാവുമാണ് അദ്ദേഹം.
Content Highlights: Tandoor murder case, crime gate, column by Anirban Bhattacharyya
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..