ആക്ഷന്‍ ഹീറോ ബിജുവിലെ പവിത്രനില്‍ നഷ്ടപ്പെട്ട സുരാജ് ചിരി | ഷോ റീല്‍


എന്‍.പി.മുരളീകൃഷ്ണന്‍തിരുവനന്തപുരത്തെ ഗ്രാമ്യഭാഷ ഉപയോഗപ്പെടുത്തി ചിരി സൃഷ്ടിച്ച ഒരു നടന് ഇതില്‍ക്കൂടുതല്‍ എന്തു ചെയ്യാനാകുമെന്ന് ഒരു കാലത്ത് പ്രേക്ഷകരും സിനിമാക്കാരും ചിന്തിച്ചിട്ടുണ്ട്. ഭാഷാശൈലി കൊണ്ട് മാത്രമുള്ള ഈ ചിരി നീണ്ട കാലത്തേക്ക് ഉപയോഗപ്പെടുത്താനാകില്ലെന്നും ഉറപ്പായിരുന്നു.

സുരാജ് വെഞ്ഞാറമൂട് (Photo: V P Praveenkumar)

'സുരാജ് കോമഡി നിര്‍ത്തിയോയെന്ന് പലരും ചോദിക്കുന്നുണ്ട്. സീരിയസ് കഥാപാത്രങ്ങള്‍ ചെയ്ത് എനിക്കും മടുത്തു. എനിക്ക് കോമഡി കഥാപാത്രങ്ങളാണ് ഇഷ്ടം. ഹ്യൂമര്‍ വിട്ടൊരു പരിപാടിയില്ല. സിനിമയിലെ തുടക്കകാലത്ത് കുറേ കഥാപാത്രങ്ങള്‍ കിട്ടി. അങ്ങനെ ഒരുപാട് ചിരിപ്പിക്കുകയും വെറുപ്പിക്കുകയും ചെയ്തു. നല്ല കഥാപാത്രം ചെയ്യണമെന്നാഗ്രഹിച്ച് പലരോടും ചോദിച്ചു. അങ്ങനെയാണ് എബ്രിഡ് ഷൈനിന്റെ 'ആക്ഷന്‍ ഹീറോ ബിജു'വിലെ വേഷം കിട്ടിയത്. അതിന് ശേഷം ഒരു പാവപ്പെട്ട കഥാപാത്രമാണെന്നുണ്ടെങ്കില്‍ എന്നെ വിളിക്കും.' സ്വന്തം അഭിനയ ഗ്രാഫിനെക്കുറിച്ച് സുരാജ് വെഞ്ഞാറമൂടിന്റെ വിലയിരുത്തലാണിത്. ഈ പറച്ചിലില്‍ സുരാജ് എന്ന നടന്‍ ഏറെക്കുറെയുണ്ട്. തിരുവനന്തപുരത്തെ ഗ്രാമ്യഭാഷ ഉപയോഗപ്പെടുത്തി ചിരി സൃഷ്ടിച്ച ഒരു നടന് ഇതില്‍ക്കൂടുതല്‍ എന്തു ചെയ്യാനാകുമെന്ന് ഒരു കാലത്ത് പ്രേക്ഷകരും സിനിമക്കാരും ചിന്തിച്ചിട്ടുണ്ട്. ഭാഷാശൈലി കൊണ്ട് മാത്രമുള്ള ഈ ചിരി നീണ്ട കാലത്തേക്ക് ഉപയോഗപ്പെടുത്താനാകില്ലെന്നും ഉറപ്പായിരുന്നു.

നിശ്ചിതകാലത്ത് തീര്‍ക്കുന്ന തരംഗത്തിനപ്പുറത്തേക്ക് ഒരു ഹാസ്യനടന്റെ പ്രാധാന്യം സിനിമയില്‍ നിലനില്‍ക്കാറില്ലെന്നതാണ് പതിവ്. ഒരു പ്രത്യേക ടൈം പിരീഡില്‍ ഈ നടന്മാരായിരിക്കും സിനിമയുടെ വിജയാപജയങ്ങള്‍ തീരുമാനിക്കുന്ന സുപ്രധാന കണ്ണിയായി വര്‍ത്തിക്കുക. അതിനുശേഷം മറ്റൊരു പകരക്കാരന്‍ കളം പിടിക്കുകയും ചെയ്യും. ഈ ചാക്രിക പ്രവര്‍ത്തനം ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നതു കാണാം. മുതുകുളം രാഘവന്‍പിള്ള, എസ്.പി. പിള്ള, അടൂര്‍ഭാസി, ബഹദൂര്‍, കുതിരവട്ടം പപ്പു, മാള അരവിന്ദന്‍, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, ഇന്ദ്രന്‍സ്, പ്രേംകുമാര്‍, ഹരിശ്രീ അശോകന്‍, സലിംകുമാര്‍ തുടങ്ങി വിവിധ കാലങ്ങളിലെ ഹാസ്യതാരങ്ങള്‍ ഇങ്ങനെ സിനിമയുടെ വിജയത്തില്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

സിനിമാ പോസ്റ്ററില്‍ കാണുന്ന ഇവരുടെ മുഖം ആളുകളെ തിയേറ്ററിലേക്ക് ആകര്‍ഷിക്കാന്‍ പോന്നതായിരുന്നു. ഇക്കൂട്ടത്തില്‍ സ്ഥിരം ചിരിമാതൃക വിട്ട് സഞ്ചരിക്കാന്‍ തയ്യാറായവര്‍ക്കും വൈവിധ്യം പുലര്‍ത്താന്‍ കഴിഞ്ഞവര്‍ക്കുമായിരുന്നു ദീര്‍ഘകാലം സിനിമാ വ്യവസായത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത്. അടൂര്‍ ഭാസിയും ബഹദൂറുമെല്ലാം ഒരു ഘട്ടത്തിനു ശേഷം ഹാസ്യത്തെ മാത്രം പുല്‍കുന്ന പതിവില്‍നിന്ന് മാറിച്ചിന്തിക്കാന്‍ ശ്രമിച്ചതായി കാണാം. ഹാസ്യനടന്മാരില്‍ ജഗതി ശ്രീകുമാറിന് മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തമായി സവിശേഷമായ ഭാവവിശേഷങ്ങള്‍ സാധ്യമായിരുന്നതിനാല്‍ ഒരിക്കലും പ്രേക്ഷകരില്‍ മടുപ്പുളവാക്കിയിരുന്നില്ലെന്നു മാത്രമല്ല, എല്ലായ്‌പോഴും കഥാപാത്രങ്ങള്‍ക്ക് വേറിട്ട മാനം പകര്‍ന്നു നല്‍കാനുമായി.

ഹാസ്യതാരങ്ങള്‍ എന്ന് ലേബലൈസ് ചെയ്യപ്പെട്ട ഈ നടന്മാരുടെ കൂട്ടത്തില്‍ അത്യത്ഭുതകരമാം വിധം വേഷപ്പകര്‍ച്ച സാധ്യമാക്കിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. സ്ഥിരമായി ഹാസ്യവേഷങ്ങള്‍ ചെയ്തുകൊണ്ടിരുന്നപ്പോഴാണ് പേരറിയാത്തവര്‍ (2014) എന്ന സിനിമയില്‍ സുരാജിനെ ഡോ. ബിജു കേന്ദ്രകഥാപാത്രമാക്കുന്നത്. നേരത്തെ ഹാസ്യകഥാപാത്രങ്ങളില്‍ തന്റേതായ മേല്‍വിലാസം സൃഷ്ടിച്ച് നിറഞ്ഞുനില്‍ക്കുമ്പോള്‍ അച്ഛനുറങ്ങാത്ത വീടിലൂടെ സലിം കുമാറില്‍ ലാല്‍ ജോസ് നടത്തിയ പരീക്ഷണത്തിനു സമാനമായിരുന്നു ഇത്. പേരറിയാത്തവരിലെ ശുചീകരണ തൊഴിലാളിയും ഭാര്യ മരണപ്പെട്ട് കുട്ടിയുടെ ഉത്തരവാദിത്വം പൂര്‍ണമായി ചുമലിലേല്‍ക്കുകയും ചെയ്യേണ്ടിവരുന്ന മനുഷ്യന്റെ നിസ്സഹായതയും ദൈന്യതയും പൂര്‍ണമായി ശരീരത്തിലേക്കും ശബ്ദത്തിലേക്കും പകര്‍ത്താന്‍ സുരാജിനായി. സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന രംഗം തൊട്ട് ചിരി മാത്രം പ്രതീക്ഷിച്ചിരുന്ന ഒരു അഭിനേതാവിന്റെ അപ്രതീക്ഷിതമായ പരിവര്‍ത്തനമായിരുന്നു ഇത്.

ചിരിപ്പിക്കാത്ത സുരാജ് എന്നത് അചിന്തനീയമായിരുന്നപ്പോഴാണ് സംവിധായകന്‍ ഇത്തരത്തിലൊരു മാറ്റം നടന് നല്‍കിയത്. സമാന്തരപാതയില്‍ സഞ്ചരിക്കുന്നതു കൊണ്ടുതന്നെ ഈ സിനിമ കാണികളിലേക്ക് അധികം എത്തുകയുണ്ടായില്ല. ഫലം, ഇതിനു ശേഷവും സുരാജിനെത്തേടി പതിവുപടി ഹാസ്യകഥാപാത്രങ്ങള്‍ തന്നെ എത്തി. സുരാജ് കാണികളെ ചിരിപ്പിക്കുകയും അവര്‍ ചിരിക്കുകയും ചെയ്തുകൊണ്ടിരുന്നു. വേറിട്ട കഥാപാത്രങ്ങള്‍ക്ക് ആഗ്രഹിച്ചെങ്കിലും ഇന്‍ഡസ്ട്രിക്ക് ആവശ്യം ചിരിപ്പിക്കുന്ന നടനെയായിരുന്നു.

മിമിക്രി ട്രൂപ്പുകളിലെ കോമഡി സ്‌കിറ്റുകളും അനുകരണ പ്രകടനങ്ങളുമായി സ്റ്റേജുകളില്‍ സജീവമായിരുന്നപ്പോഴാണ് 2000-ന്റെ തുടക്കത്തില്‍ കൈരളി ടിവിയിലെ ജഗപൊഗ എന്ന ഹാസ്യ പരമ്പരയിലേക്ക് സുരാജ് എത്തുന്നത്. ഇത് സുരാജിനെ കൂടുതല്‍ ശ്രദ്ധേയനാക്കി. ഈ സീരിയല്‍ പിന്നീട് അതേ പേരില്‍ സിനിമയായപ്പോഴും സുരാജിന് അതേ വേഷം ലഭിച്ചു. സ്പൂഫ് മാതൃകയിലുള്ള ഈ സിനിമയില്‍ ദാദാസാഹിബിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെയും പാച്ചു എന്ന മറ്റൊരു കഥാപാത്രത്തെയുമാണ് സുരാജ് അവതരിപ്പിച്ചത്. തിരുവനന്തപുരം ഭാഷാശൈലി ഹാസ്യാത്മകമായി അവതരിപ്പിച്ചാണ് സ്റ്റേജ് പ്രോഗ്രാമുകളില്‍ സുരാജ് ഏറെ ശ്രദ്ധ നേടിയത്. സിനിമയിലും ഇതു തന്നെ ഫലപ്രദമായി ഉപയോഗപ്പെടുത്താനാണ് സുരാജ് ശ്രമിച്ചത്.

മോഹന്‍ലാല്‍, മമ്മൂട്ടി ഫാന്‍സ് അസോസിയേഷനുകാരുടെ കഥ പറഞ്ഞ രസികനില്‍ സുരാജിന് മമ്മൂട്ടി ഫാന്‍സിനെ പ്രതിനിധീകരിക്കുന്ന കഥാപാത്രം ലഭിച്ചു. അച്ചുവിന്റെ അമ്മ, ബസ് കണ്ടക്ടര്‍, രസതന്ത്രം തുടങ്ങിയ തുടക്കകാല ചിത്രങ്ങളിലെല്ലാം കഥ എവിടെ നടക്കുന്നതായാലും തിരുവനന്തപുരം ഭാഷ സംസാരിച്ചുപോകുന്ന പാസിംഗ്, ചെറുകിട കഥാപാത്രങ്ങളിലായിരുന്നു സുരാജിനെ കണ്ടത്. ജോണി ആന്റണിയുടെ തുറുപ്പുഗുലാനില്‍ കുറേക്കൂടി പ്രാധാന്യമുള്ള വേഷത്തില്‍ സുരാജിനെ കാണാനായി. ക്ലാസ്‌മേറ്റ്സിലെ ഔസേപ്പ്, മായാവിയിലെ ഗിരി, അണ്ണന്‍ തമ്പിയിലെ പീതാംബരന്‍, ഛോട്ടാ മുംബൈയിലെ സുനി, കഥ പറയുമ്പോളിലെ പപ്പന്‍ കുടമാളൂര്‍, ലോലിപോപ്പിലെ ജബ്ബാര്‍, ഇവര്‍ വിവാഹിതരായിയിലെഅഡ്വ.മണ്ണന്തല സുശീല്‍കുമാര്‍, ഹാപ്പി ഹസ്ബന്‍ഡ്‌സിലെ രാജപ്പന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ സുരാജിനെ തിരക്കുള്ള ഹാസ്യനടനാക്കി മാറ്റി.

ഷാഫിയുടെ ചട്ടമ്പിനാടിലെ ദശമൂലം ദാമു കോമഡി ആക്ടര്‍ എന്ന നിലയിലുള്ള സുരാജിന്റെ കള്‍ട്ട് സ്റ്റാറ്റസ് അടയാളപ്പെടുത്തലായി. ചട്ടമ്പിനാട് പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ കഥാപാത്രത്തിന് ജനകീയത വര്‍ധിക്കുന്നതും ട്രോളുകളിലെയും മീമുകളിലെയും പോപ്പുലര്‍ കാരക്ടര്‍ ആയി മാറുന്നതുമെന്നത് ശ്രദ്ധേയമാണ്. തിരുവനന്തപുരം ഭാഷയെ വികലമാക്കി പ്രയോഗിച്ച് ചൂഷണം ചെയ്യുകയാണ് സുരാജ് സിനിമയില്‍ ചെയ്യുന്നതെന്ന പരാതി ഇടക്കാലത്ത് നിലനിന്നിരുന്നു. ഈ പരാതിപറച്ചിലിന് ഹാപ്പി ഹസ്ബന്‍ഡ്‌സ് എന്ന ചിത്രത്തിലെ രാജപ്പന്‍ എന്ന സുരാജ് കഥാപാത്രം തന്നെ വിശദീകരണം നല്‍കുന്നുണ്ട്. 'നേരം പരപരാ പെലന്ന്' എന്ന രാജപ്പന്റെ പ്രയോഗത്തെ മറ്റൊരു കഥാപാത്രം കളിയാക്കുന്നു. മറ്റു ജില്ലകളിലെ ഭാഷാശൈലികളിലെ വികല പ്രയോഗങ്ങളെ ഉദാഹരിച്ചാണ് തന്റെ ഭാഷയെ മാത്രം കളിയാക്കുന്നതെന്തിനു പിന്നിലെ സാംഗത്യമെന്തെന്ന് ഹാസ്യാത്മകമായി രാജപ്പന്‍ ചോദിക്കുന്നത്.

ചട്ടമ്പിനാട് പോലുള്ള സിനിമകളിലെത്തുമ്പോള്‍ സുരാജിലെ ഹാസ്യരസം ജനിപ്പിക്കുന്ന നടന്‍ ഹാസ്യാഭിനയത്തിലെ ഒരു ഘട്ടം പിന്നിടുകയാണ്. തുടക്കത്തിലെ ബാലാരിഷ്ടതകളും തിരുവനന്തപുരം ഭാഷയെ മാത്രം ആശ്രയിച്ചുപോരുന്ന കഥാപാത്ര രൂപീകരണവുമെല്ലാം പിന്നിട്ട് അനായാസം ഹാസ്യം കൈകാര്യം ചെയ്യുന്ന അഭിനേതാവിലേക്കുള്ള സുരാജിന്റെ വളര്‍ച്ച ദാമുവിലും മണ്ണന്തല സുശീല്‍കുമാറിലുമെല്ലാം കാണാം. പോക്കിരിരാജയിലെ ഇടിവെട്ട് സുഗുണന്‍, ഒരു നാള്‍ വരുമിലെ ഡ്രൈവര്‍ ഗിരിജന്‍, സകുടുംബം ശ്യാമളയിലെ കൊല്ലംകാവ് പപ്പന്‍, കാര്യസ്ഥനിലെ വടിവേലു, മേക്കപ്പ്മാനിലെ കിച്ചു, ചൈനാ ടൗണിലെ ചന്ദ്രന്‍ വളഞ്ഞവഴി, സീനിയേഴ്‌സിലെ തവള തമ്പി, തേജാഭായ് ആന്റ് ഫാമിലിയിലെ രാജഗുരു വശ്യവചസ്സ്, വെനീസിലെ വ്യാപാരിയിലെ ചന്ദ്രന്‍പിള്ള, മല്ലുസിംഗിലെ സുശീലന്‍, സൗണ്ട് തോമയിലെ ഉരുപ്പടി, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയുമിലെ മാമച്ചന്‍, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിലെ കുഞ്ഞച്ചന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ ഹാസ്യത്തിലെ ഈ അനായാസതയുടെ തുടര്‍ച്ചകളാണ്. അഭിനയിപ്പിച്ചു ഫലിപ്പിക്കാന്‍ പ്രയാസമുള്ള ഹാസ്യരസത്തെ പരിചയസമ്പത്ത് കൊണ്ടും മിമിക്രി വേദിയിലെ സ്റ്റാന്‍ഡപ്പ് കൊമേഡിയന്റെ വഴക്കം കൊണ്ടും അനായാസം വരുതിയിലാക്കുന്ന സുരാജിലെ നടനെയാണ് ഇത്തരുണത്തില്‍ കാണാനാകുക.

ദേശീയ പുരസ്‌കാരം ലഭിച്ചതിനു ശേഷവും ഹാസ്യവേഷങ്ങളില്‍ തന്നെയാണ് സുരാജിനെ കാണാനാകുന്നതെങ്കിലും സിനിമയുടെ കേന്ദ്രപ്രമേയത്തില്‍ കുറേക്കൂടി സ്വാധീനമുള്ള ചില കഥാപാത്രങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് ഈ ഘട്ടത്തിലാണ്. ജമ്‌നാപ്യാരിയിലെ എസ്.പി. ഷിബു, ലൈഫ് ഓഫ് ജോസൂട്ടിയിലെ വര്‍ക്കി, ടൂ കണ്‍ട്രീസിലെ ജിമ്മി, കമ്മട്ടിപ്പാടത്തിലെ സുമേഷ് എന്നിവ ഇക്കൂട്ടത്തില്‍ ചിലതാണ്.

എബ്രിഡ് ഷൈനിന്റെ ആക്ഷന്‍ ഹീറോ ബിജു(2016)വില്‍ കേവലം രണ്ട് സീനുകളിലെത്തി അസാമാന്യമായ മനോവികാര പ്രകടനം കൊണ്ട് ആ സിനിമയുടെ കാഴ്ചയെ തന്നെ വേറിട്ടൊരു തലത്തിലേക്ക് ഉയര്‍ത്തിയാണ് സുരാജ് അതിശയിപ്പിക്കുന്നത്. അതുവരെ ഭാഷയിലെ വികല, സവിശേഷ പ്രയോഗങ്ങളെ ആഘോഷമാക്കിയ ഒരു നടന്റെ പരിവര്‍ത്തനത്തിന്റെ വിളംബരമായിരുന്നു ഈ കഥാപാത്രത്തില്‍ സാധ്യമായത്. മുഖ്യധാരാ സിനിമയുടെ കാണികള്‍ ആദ്യമായി സുരാജിലെ അഭിനേതാവിനെ കണ്ട് വിസ്മയം കൂറുന്നത് ആക്ഷന്‍ ഹീറോ ബിജുവിലെ പവിത്രന്‍ എന്ന ഈ കഥാപാത്രത്തിലൂടെയാണ്.

നിസ്സഹായനും അതിസാധാരണക്കാരനുമായ ഒരു ദിവസക്കൂലി തൊഴിലാളി മനുഷ്യനെ അടിമുടി പകര്‍ത്തുന്ന ശരീരഭാഷയും സംഭാഷണ ശകലങ്ങളുമായിരുന്നു ഈ കഥാപാത്രത്തില്‍ സുരാജിന്റേത്. 'വെറുതെയാ സാറേ, തമാശയ്ക്കാണെങ്കിലും ഇങ്ങനെയൊന്നും പറയരുതെന്നു പറ സാറേ' എന്നു പറഞ്ഞ് ഉള്ളാലേ ആകെ തകര്‍ന്ന് നടന്നകലുന്ന പവിത്രന്റെ രൂപം എളുപ്പം വിട്ടുമാറാത്ത നോവായി കാണികളില്‍ അവശേഷിച്ചതോടെ ആക്ഷന്‍ ഹീറോ ബിജുവിലെ ഈ രംഗത്തില്‍നിന്ന് സുരാജ് എന്ന നടന്റെ പരിവര്‍ത്തനത്തിന്റെ പുതിയ ഘട്ടം ആരംഭിക്കുന്നു.

ദീപു കരുണാകരന്റെ കരിങ്കുന്നം സിക്‌സസില്‍ (2016) നെല്‍സണ്‍ എന്ന ദയാദാക്ഷിണ്യമില്ലാത്ത ജയില്‍ വാര്‍ഡനെ അവതരിപ്പിച്ചുകൊണ്ടാണ് സുരാജ് തനിക്ക് വേറെയും അപരമുഖങ്ങള്‍ സാധ്യമാണെന്ന പ്രഖ്യാപനം നടത്തുന്നത്. ആക്ഷന്‍ ഹീറോ ബിജുവിലെ പവിത്രന്‍ നിസ്സഹായതയുടെ പ്രതിരൂപമായിരുന്നെങ്കില്‍ നെല്‍സണ്‍ ഇതിന് നേര്‍വിപരീത ദശയിലുള്ള ഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്നയാളായിരുന്നു. രണ്ടിനും ഭിന്നമാനങ്ങള്‍ നല്‍കുന്നതിലൂടെ തന്നിലെ സ്വാഭാവ നടന്റെ വളര്‍ച്ചയുടെ പ്രഖ്യാപനം കൂടി ഇവിടെ സുരാജ് നടത്തുന്നുണ്ട്. ചിരിപ്പിക്കുന്ന നടനില്‍നിന്നുള്ള മാറ്റം കാണികള്‍ക്ക് എളുപ്പത്തില്‍ താദാത്മ്യപ്പെടാവുന്ന തലത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ഈ രണ്ടും കഥാപാത്രങ്ങളിലും സുരാജിനാകുന്നു. ഹാസ്യരംഗങ്ങളില്‍ എത്തരത്തില്‍ അനായാസമായി പെരുമാറിയിരുന്നുവോ അത് മറ്റൊരു തലത്തില്‍ നടപ്പാക്കാനാണ് സുരാജ് ഗൗരവ വേഷങ്ങളിലും മുതിരുന്നത്. പ്രയാസപ്പെട്ടായിരുന്നില്ല പവിത്രനും നെല്‍സണും സ്‌ക്രീനില്‍ പെരുമാറിയതെന്ന് കാണാം.

ജൂഡ് ആന്റണി ജോസഫിന്റെ ഒരു മുത്തശ്ശി ഗദയില്‍ (2016) സിബിയെന്ന ഒരു അപ്പര്‍ മിഡില്‍ ക്ലാസ് കുടുംബസ്ഥനെയാണ് കാണാനാകുക. പവിത്രന്റെയും നെല്‍സന്റെയും ബാധ സിബിയിലില്ല. ശ്രീകാന്ത് മുരളിയുടെ എബിയില്‍ (2017) സ്വാര്‍ഥനായ അയല്‍വാസിയാണ്. ഇത്തരത്തിലുള്ള അത്ര വെല്ലുവിളിയല്ലാത്ത കഥാപാത്രങ്ങളിലെ തെളിച്ചത്തിലൂടെയാണ് പില്‍ക്കാലത്തെ വലിയ പരീക്ഷണങ്ങള്‍ക്ക് സുരാജ് ഒരുക്കം നടത്തുന്നതെന്ന് നിരീക്ഷിക്കാവുന്നതാണ്. ഇതില്‍ നിന്നാണ് ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയും (2017) എന്ന ചിത്രത്തിലെ പ്രസാദിലേക്ക് സുരാജ് വളരുന്നത്. നാട്ടിന്‍പുറത്തെ സാധാരണക്കാരനായ ഒരു ചെറുപ്പക്കാരന്റെ പ്രതിനിധിയാണ് പ്രസാദ്. അയാളുടെ നടത്തയിലും കണ്ണുകളിലും പെരുമാറ്റത്തിലുമെല്ലാം ഈ സാധാരണത്വവും നിഷ്‌കളങ്കതയും നിഴലിക്കുന്നുണ്ട്. ഒരു സിനിമയെ നയിക്കാന്‍ തക്ക കഥാപാത്രമായി സുരാജിന്റെ വളര്‍ച്ച അടയാളപ്പെടുത്തുകയാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമ. ആക്ഷന്‍ ഹീറോ ബിജുവിലെ പവിത്രന്‍ മുതല്‍ക്ക് മേല്‍പ്രസ്താവിച്ച കഥാപാത്രങ്ങളിലെല്ലാം താരം എന്ന ഇമേജ് ബാധ്യതയാകാത്ത സാധാരണക്കാരന്റെ ശരീരശാരീരമുള്ള സുരാജിനെയാണ് പ്രയോജനപ്പെടുത്തുന്നത്. സുരാജിലെ ഈ സവിശേഷ കാര്യങ്ങള്‍ പൂര്‍ണമായി ഉള്‍ക്കൊള്ളുകയായിരുന്നു പ്രസാദില്‍.

സിദ്ധാര്‍ഥ് ഭരതന്റെ വര്‍ണ്യത്തില്‍ ആശങ്ക (2017)യിലെ കുടുംബ പ്രാരാബ്ധങ്ങളും പരാധീനതകളുള്ള ദയാനന്ദന്‍ എന്ന നിര്‍മമതയും കൗശലവും പ്രതിഫലിപ്പിക്കേണ്ട കഥാപാത്രത്തില്‍ ഭിന്നഭാവങ്ങള്‍ അനായാസം വന്നുചേരുന്ന സുരാജിലെ നടനെ കാണാനാകും. ജീന്‍ മാര്‍ക്കോസിന്റെ കുട്ടന്‍പിള്ളയുടെ ശിവരാത്രി(2018)യിലെ ശീര്‍ഷക കഥാപാത്രത്തില്‍ മക്കളും മരുമക്കളുമുള്ള വിരമിക്കല്‍ കാലാവധിയില്‍ നില്‍ക്കുന്ന പോലിസുകാരനെയാണ് സുരാജ് അവതരിപ്പിക്കുന്നത്. കുന്നായ്മയും അതീവ രസികത്വവും സൂക്ഷിക്കുന്ന അതുവരെ ചെയ്തതില്‍ പ്രായക്കൂടുതലുള്ള ഈ കഥാപാത്രത്തിന് സവിശേഷമായ ഭാവപ്രകടനങ്ങളാണ് സുരാജ് നല്‍കുന്നത്. നടത്തത്തിലും സംസാരത്തിലും ശരീര ചലനത്തിലുമെല്ലാം പ്രായത്തിന്റെയും പ്രത്യേക സ്വഭാവവിശേഷമുള്ള മനുഷ്യനെ കൊണ്ടുവരാന്‍ ശ്രദ്ധിക്കുന്നതായി കാണാം.

ഇതുപോലെ ഒട്ടേറെ സ്വഭാവ വിശേഷതകളും കുട്ടന്‍പിള്ളയേക്കാള്‍ പ്രായാധിക്യവുമുള്ള കഥാപാത്രമാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെ (2019) ഭാസ്‌കര പൊതുവാള്‍. ഇത് സുരാജിലെ പ്രതിഭാധനനായ നടനെ കുറേക്കൂടി വ്യക്തമായി പുറത്തുകൊണ്ടുവരുന്നു. ഒരു വൃദ്ധകഥാപാത്രത്തിന്റെ ശരീരചലനങ്ങള്‍ സൂക്ഷ്മവും സുവ്യക്തവുമായി അവതരിപ്പിക്കുകയും പ്രായത്തിന് ചേരും വിധം സംസാരശൈലിയില്‍ വരുത്തുന്ന വ്യതിയാനവും ഈ നടന്റെ ഗ്രാഫ് അതുവരെയുള്ളതില്‍ നിന്ന് പിന്നെയും വളരുന്നു. ഫൈനല്‍സിലെ വര്‍ഗീസും വികൃതിയിലെ എല്‍ദോയും ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ അധ്യാപകനായ ഭര്‍ത്താവും ഈ അഭിനേതാവിന്റെ വേറിട്ട പരിവര്‍ത്തനം വീണ്ടും സാധ്യമാക്കുന്ന കഥാപാത്രങ്ങളാണ്.

ഹാസ്യവേഷങ്ങള്‍ പിന്നിട്ടതിനു ശേഷം സുരാജ് ചെന്നെത്തുന്ന ഗൗരവ, സ്വഭാവ കഥാപാത്രങ്ങളില്‍ ഏറെയും വൈവിധ്യത്തിന്റെ സാധ്യതയൊരുക്കുന്നുണ്ട്. എളുപ്പത്തില്‍ സാധാരണക്കാരനാകാന്‍ സാധിക്കുന്ന രൂപം സുരാജിനെ കഥാപാത്രങ്ങളുടെ പൊരുത്തത്തിന് വഴിയൊരുക്കുന്നു. കുടുംബനാഥനോ അവശതകളുള്ള സാധാരണക്കാരനോ മിഡില്‍ക്ലാസ് സര്‍ക്കാര്‍ ജീവനക്കാരനോ ആകാന്‍ സുരാജിന് എളുപ്പത്തില്‍ സാധിക്കുന്നു. സുരാജ് ഉന്നത പോലീസ് ഓഫീസറോ ഹയര്‍ ഒഫീഷ്യലോ ആയ കഥാപാത്രങ്ങളാകുമ്പോള്‍ സിനിമയില്‍ സാധാരണ ഇത്തരം കഥാപാത്രങ്ങള്‍ക്ക് സ്ഥിരമായി നല്‍കാറുള്ള പുറംമോടിയോ പളപളപ്പോ കാണാനാകില്ല. യഥാര്‍ഥ ജീവിതത്തില്‍ കണ്ടുമുട്ടാറുള്ള ഉദ്യോഗസ്ഥരുടെ നേര്‍സാക്ഷ്യങ്ങളായിരിക്കും ഈ കഥാപാത്രങ്ങള്‍. ഡ്രൈവിംഗ് ലൈസന്‍സിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും ജന ഗണ മനയിലെ എ.സി.പിയും, കാണെക്കാണെയിലെ ഡെപ്യൂട്ടി തഹസില്‍ദാറുമെല്ലാം ഇത്തരം കഥാപാത്രങ്ങളാണ്.

Content Highlights: Suraj Venjaramood comedian to versatile actor | Show Reel

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


terrorist

2 min

കശ്മീരില്‍ പിടിയിലായ ലഷ്‌കര്‍ ഭീകരന്‍ താലിബ് ഹുസൈന്‍ ഷാ ബിജെപി ഐടി സെല്‍ മുന്‍ തലവൻ

Jul 3, 2022

Most Commented