ഇരുവിരലിനെതിരേ ഉയർന്ന ചൂണ്ടുവിരൽ; അവൾ മുറിവേറ്റവളാണ്, പരിശോധിച്ച് അഭിമാനവും പിച്ചിച്ചീന്തരുത്


ഡോ.ഷേര്‍ളി വാസുപ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

വൈദ്യപരിശോധനയെയും വൈദ്യ വിദ്യാഭ്യാസരംഗത്തെയും ഇന്ത്യന്‍ കോടതികളിലെ തെളിവെടുപ്പ് രീതികളെയും നിര്‍ണായകമായി ബാധിക്കുന്നതാണ് ഒക്ടോബര്‍ 31ന് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ഇരുവിരല്‍ പരിശോധന എന്ന് നിയമരംഗത്തും PV എന്ന ചുരുക്കപ്പേരില്‍ മെഡിക്കല്‍ മേഖലയിലും അറിയപ്പെടുന്ന per vaginal examination എന്ന പരിശോധനയെ ബലാത്സംഗ പരിശോധനയുടെ ഭാഗമല്ലാതാക്കി മെഡിക്കല്‍ രംഗത്തെ misconduct അഥവാ തെറ്റായ നടപടിയോ ദുഷ്‌പെരുമാറ്റമോ ആയി പ്രഖ്യാപിച്ചിട്ടുളളതാണ് ഈ വിധി. ഏകദേശം ഒരു പതിറ്റാണ്ടായി സുപ്രീം കോടതി ഈ നിരര്‍ഥക പരിശോധന ഒഴിവാക്കാനായി നിര്‍ദേശിക്കുന്നു. എന്നാൽ ഇന്നുവരെയും ഇത് നടപ്പിലാക്കിക്കാത്തതില്‍ പ്രക്ഷോഭിതമായാണ് പല്ലും നഖവുമുളള ഈ വിധി വന്നിരിക്കുന്നത്.

സ്ത്രീരോഗ പരിശോധനയില്‍ ഏറ്റവും ഉപയോഗപ്രദമായിട്ടുളളതാണ് രണ്ടുവിരലുകള്‍ സ്വകാര്യഭാഗങ്ങളില്‍ ആഴത്തിലിറക്കിയുളള ഈ പരിശോധന. ഇടത്‌കൈ വയറിന് മുകളില്‍ അമര്‍ത്തി ഗര്‍ഭാശയം സുസ്ഥിരമാക്കിയ ശേഷം വലതുകൈയിലെ 2 വിരലുകള്‍ ശരീരത്തിനകത്തേക്ക് പ്രവേശിപ്പിച്ച് ക്രമപ്രകാരം ഇടത്തോട്ടും വലത്തോട്ടും 180 ഡിഗ്രി വീതം ചുറ്റിച്ച് ഗര്‍ഭായശത്തിന്റെ വലിപ്പം, കഠിനത, ചുറ്റുപാടിലുമുളള വീക്കങ്ങള്‍, അവയവങ്ങള്‍ തമ്മില്‍ പറ്റിച്ചേര്‍ന്ന് പോയിട്ടുണ്ടോ തീവ്രവേദനയുളള നീര്‍വീക്കങ്ങള്‍ ഉണ്ടോ എന്നതെല്ലാം പരിശോധിച്ചറിയാനും ഗര്‍ഭാവസ്ഥയില്‍ യഥാക്രമമാണോ വളര്‍ച്ച എന്നറിയാനും അത്യന്തം ഉപകാരപ്രദമാണ് ഈ പരിശോധന.എന്നാല്‍ ലൈംഗികാതിക്രമം (കുട്ടികളില്‍ ഈ പദപ്രയോഗം മാത്രമാണ് അനുവദനീയം) അഥവാ ബലാത്സംഗം (18വയസ്സിന് ശേഷം ഈ പദപ്രയോഗം അനുവദനീയം) ആണ് പരാതിയെന്നാല്‍ ഈ പരിശോധനയ്ക്ക് വലിയ സാംഗത്യം ഇല്ലായെന്ന് കാണാം. വിരലിന്റെ സ്പര്‍ശമോ അതുളവാക്കുന്ന വേദനയുടെ തോതോ ബലാത്സംഗവുമായി ബന്ധപ്പെട്ടുളള ശാരീരിക പരിശോധനയില്‍ നിര്‍ണായകമല്ല.

വ്രണിത ശരീരഭാഗങ്ങളില്‍ വീണ്ടും നടത്തപ്പെടുന്ന പരിശോധന അതിജീവിതയെ വീണ്ടും വ്രണിത പീഡിതയാക്കുന്നതാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരിക്കുന്നു. ദീര്‍ഘകാലമായി ഈ രംഗത്ത് സജീവമായ സംഘടനകള്‍ ലോകാരോഗ്യസംഘടനയുള്‍പ്പടെ നിര്‍ദേശിച്ചിട്ടും എന്തുകൊണ്ടാണ് വൈദ്യരംഗം പരിഷ്‌ക്കരിക്കപ്പെടാതെ പോയത്. ഇക്കാര്യം ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് തന്റെ വിധിയില്‍ അപഗ്രഥിച്ചിട്ടുണ്ട്.

വൈദ്യപഠനരംഗത്ത് ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഫോറന്‍സിക് മെഡിസിന്‍ എന്ന ഉപവിഭാഗത്തിലാണ്. ഇതിന്റെ ടെക്സ്റ്റ് ബുക്കുകള്‍ ഈ നിരര്‍ഥക പരിശോധന നീക്കം ചെയ്യാത്തത് ഇതിന് സുപ്രധാന കാരണമായി വിധി ചൂണ്ടിക്കാണിക്കുന്നു. ഇത് തികച്ചും യാഥാര്‍ഥ്യമാണ്. പരിശോധനാരീതിയെ കോടതി വിശേഷിപ്പിച്ചത്. 'പുരുഷാധിപത്യപരമായതും ലൈംഗിക വിവേചനപരമായതും'(patriarchal and sexits) എന്നാണ്. ഫോറന്‍സിക് മെഡിസിന്‍ ഗ്രന്ഥങ്ങള്‍ പലതും അങ്ങനെതന്നെയുളള പ്രഖ്യാപനങ്ങള്‍ ഉള്‍ക്കൊളളുന്നതാണ്.

2013 ക്രിമിനല്‍ നടപടി പരിഷ്‌ക്കാരങ്ങളുടെ ഭാഗമായി റേപ്പിന്റെ നിര്‍വചനത്തില്‍ ഇന്ത്യന്‍ നിയമ ഭേദഗതി വന്നത്. വിമുഖതയോടെയാണ് വിദഗ്ധര്‍ സ്വീകരിച്ചിട്ടുളളതെന്നും കാണാം. മറ്റുരാജ്യങ്ങളില്‍ നിന്ന് വിഭിന്നമായി വിരലുകളോ മറ്റ് വസ്തുക്കളോ ശരീര സ്വകാര്യഭാഗങ്ങളില്‍ ഇറക്കുന്നത് അത് നിര്‍ദിഷ്ട പരിശോധനയായിട്ടല്ലെങ്കില്‍ ഇതിനായി സ്ത്രീ ഉപയോഗിക്കപ്പെട്ടാലും മറ്റൊരാള്‍ വഴിയാണ് ഇപ്രകാരം നടപ്പിലാക്കുന്നതെങ്കിലും അത് ബലാത്സംഗം തന്നെയാണ് എന്ന് ഇന്ത്യന്‍ പാര്‍ലമെന്റ് തീരുമാനമെടുത്തത് 2013 നിര്‍ഭയ ബലാത്സംഗത്തെ തുടര്‍ന്നാണ്. സ്ത്രീത്വത്തെ ഇത്രയേറെ അപമാനിക്കുന്ന മറ്റൊരു കുറ്റകൃത്യം ഇല്ല. സ്വയം മാറിനിന്ന് മറ്റൊരാള്‍ വഴി ബലാത്സംഗം നടപ്പിലാക്കി സ്ത്രീത്വത്തെ അപമാനിക്കുന്നത് ബംഗാളിലെയും ബിഹാറിലെയും ജമീന്ദര്‍മാര്‍ മാത്രമാണ് എന്ന ധാരണയൊക്കെ കേരളത്തില്‍ നടി ആക്രമിക്കപ്പെട്ട കേസിലൂടെ തിരുത്തപ്പെട്ടതാണ്.

2013-ലെ നിയമപരിഷ്‌കാരത്തിന് ശേഷം ഉണ്ടായ സംഭവമായതിനാല്‍ ഈ നിയമം ഈ കേസില്‍ ബാധകമാണ് എന്ന തികച്ചും സുവ്യക്തമായ കാര്യം യഥാര്‍ഥപ്രതിയുടെ പ്രമുഖ സുഹൃദ് വലയത്തില്‍ നിന്നും ഉള്‍ക്കൊളളാന്‍ കഴിയാത്തതും. സഹായി അഥവാ പിണിയാള്‍ എന്നതാണ് കോണ്‍ട്രാക്ട് എടുത്ത് ബലാത്സംഗം നിര്‍വഹിച്ചയാള്‍ക്ക് ചേര്‍ന്ന പദവി.

യഥാര്‍ഥത്തില്‍ ഇരുവിരല്‍ പരിശോധന ബലാത്സംഗ പരിശോധനയില്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ പരിഷ്‌കൃത രാജ്യങ്ങളിലെ വിദഗ്ധ സേവന സ്ഥാപനങ്ങള്‍ ഉപേക്ഷിച്ചിട്ടുളളതാണ്. 1992 മുതല്‍ തന്നെ SARC (Sexual Assualt Referral Centre) സെന്ററുകള്‍ മുഖേനയുളള വിദഗ്ധ സേവനം ഈ രംഗത്ത് ബലാത്സംഗ അതീജിവിതര്‍ക്ക് ലഭ്യമാണ്. ഇന്ത്യയില്‍ എല്ലാ ജില്ലാ ആശുപത്രികളിലും ഇത് നടപ്പാക്കിയിട്ടുണ്ടെങ്കിലും ഇത് പേരിന് മാത്രമുളളതാണ്. സ്ത്രീയുടെ യോനീഭാഗത്തിന്റെ അയവ് (2 വിരലുകള്‍ സുഗമമായാണോ കടത്താല്‍ പറ്റിയത് എന്ന്) Hymen എന്ന നേര്‍ത്ത്‌ശ്ലേഷ്മ പടലം യാഥാവിധി, അതായത് നടുവില്‍ ഒരു ദ്വാരം ഒഴികെ പൂര്‍ണ ചുറ്റളവിലും ഉണ്ടോ, എന്നൊക്കെയുളളത് സ്ത്രീയുടെ ലൈംഗിക ജീവിതവുമായി ബന്ധപ്പെട്ടുളള സൂചകങ്ങളായി കോടതിയില്‍ ചര്‍ച്ച ചെയ്യുന്നതിനെയും ഈ വിധി വിലക്കിയിരിക്കുന്നു. കന്യക എന്ന ലൈംഗികാനുഭവങ്ങളില്ലാത്ത സ്ത്രീക്ക് മാത്രമല്ല ലൈംഗിക ജീവിതം നയിക്കുന്ന സ്ത്രീക്കും അവര്‍ ബലാത്സംഗം നേരിട്ടാൽ കോടതിയെ നിര്‍ഭയം സമീപിക്കാം എന്ന് സുവ്യക്തമാക്കപ്പെട്ടിരിക്കുന്നു.

ഈ വിധി സര്‍ക്കാര്‍-സ്വകാര്യ വ്യത്യാസങ്ങളില്ലാതെ എല്ലാ ആശുപത്രിയിലുമെത്തിക്കാനും ഡോക്ടര്‍മാര്‍ക്ക് ശില്പശാലകള്‍ നടത്തി അവബോധം വരുത്തുവാനും വിധിയില്‍ നിര്‍ദേശമുണ്ട്. ഫോറന്‍സിക് മെഡിസിന്‍ ഗ്രന്ഥങ്ങളിലെ പ്രസക്തഭാഗങ്ങള്‍ തിരുത്താനും നിര്‍ദേശമുണ്ട്. ഈ നിരര്‍ഥക പരിശോധനയെ സമഗ്രമായി ഈ രംഗത്ത് നിന്ന് നിഷ്‌കാസനം ചെയ്യാനും സ്ത്രീയുടെ അഭിമാനബോധത്തെയും സ്വശരീരത്തിന്മേലുളള നിയന്ത്രണത്തിനും പ്രധാന്യം നല്‍കണമെന്ന് ആഹ്വാനം ചെയ്യുന്നതുമാണ്.

മെഡിക്കല്‍ സിലബസ് പരിഷ്‌ക്കാരം വിധി വരും മുന്‍പ്തന്നെ 2019-ല്‍ വന്ന് കഴിഞ്ഞിട്ടുണ്ട്. കേന്ദ്ര ആരോഗ്യവിഭാഗത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ (ഓണ്‍ലൈനിലും ലഭ്യമാണ്) ആണ് സിലബസ് നിര്‍ദേശിച്ചിട്ടുളളത്. ഡബ്ല്യുഎച്ച്ഒ നിര്‍ദേശങ്ങള്‍ അഥവാ അന്താരാഷ്ട്ര അംഗീകാരമുളള മാനദണ്ഡങ്ങള്‍ തന്നെയാണ്.

ശ്‌ളാഘനീയമായ സുപ്രീംകോടതി വിധി സ്ത്രീലോകത്തിനോടൊപ്പം വൈദ്യമേഖലയും നിയമമേഖലയും പൊതുസമൂഹവും സ്വാഗതം ചെയ്യട്ടേ. സ്ത്രീയുടെ അന്തസ്സും സ്വാഭിമാനവും സംരക്ഷിക്കപ്പെടേണ്ടതാണെന്ന തിരിച്ചറിവ് ഉണ്ടാകട്ടേ.

Content Highlights: supreme court verdict on two finger test; Dr. Shirly Vasu writes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


spain vs japan

2 min

വമ്പന്‍ അട്ടിമറിയിലൂടെ ജപ്പാന്‍ പ്രീ ക്വാര്‍ട്ടറില്‍, തോറ്റിട്ടും സ്‌പെയിന്‍ അവസാന 16-ല്‍

Dec 2, 2022

Most Commented