സംവരണം ഇനി ചർച്ച ചെയ്യേണ്ടത് തെരുവിൽ; സുപ്രീം കോടതി വിധി ഒടുക്കമല്ല, തുടക്കമാണ് | പ്രതിഭാഷണം


സി.പി.ജോണ്‍Photo: Mathrubhumi

103-ാം ഭരണഘടന ഭേദഗതി സംബന്ധിച്ച് ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം. ത്രിവേദി, ജെ.ബി. പര്‍ദിവാല, രവീന്ദ്ര ഭട്ട്, യു.യു. ലളിത് എന്നിവരടങ്ങിയ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ ഭൂരിപക്ഷവിധി വന്നതോടെ സംവരണം സംബന്ധിച്ച തര്‍ക്കങ്ങളില്‍ നിര്‍ണായകമായ തീരുമാനം ഉണ്ടായിരിക്കുന്നു. പക്ഷേ, ഈ തീരുമാനത്തോടെ സംവരണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും സംവാദങ്ങളും അവസാനിച്ചുവെന്ന് കരുതേണ്ടതില്ല. ചീഫ് ജസ്റ്റിസ് യു.യു. ലളിതും ജസ്റ്റിസ് രവീന്ദ്ര ഭട്ടും ഭൂരിപക്ഷത്തിന്റെ അഭിപ്രായക്കാരല്ല. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനതത്വമായ സംവരണം എന്തിനാണെന്ന ചോദ്യത്തിന് ഈ സുപ്രീം കോടതി വിധി ഉത്തരം നല്‍കുന്നുമില്ല.

എന്താണ് സംവരണം?സാമ്പത്തിക പിന്നക്കാവസ്ഥ പരിഹരിക്കാനുളള മാര്‍ഗമേയല്ല സംവരണം . അതിന് സാമ്പത്തിക പിന്നക്കാവസ്ഥ പരിഹരിക്കാന്‍ സാധ്യവുമല്ല. ഇന്ത്യന്‍ ഭരണകൂടത്തില്‍ നിലനിന്നിരുന്ന പ്രാതിനിധ്യക്കുറവ് പരിഹരിക്കലാണ് സംവരണത്തിന്റെ ലക്ഷ്യം. സംവരണം കുറവ് എന്ന് പറയുന്നതിനേക്കാള്‍ പ്രാതിനിധ്യം കുറവ് എന്നുപറയുന്നതാണ് കൂടുതല്‍ ശരി. ഏതെങ്കിലും ഒരു സമുദായം ചരിത്രപരമായ കാരണങ്ങള്‍ കൊണ്ട് ഭരണകൂടത്തിലെ അധികാരകേന്ദ്രങ്ങളില്‍ പ്രാതിനിധ്യം വഹിക്കുന്നില്ലെങ്കില്‍ അവരുടെ പ്രാതിനിധ്യം ഉറപ്പാക്കല്‍ മാത്രമാണ് സംവരണം കൊണ്ട് ഉദ്ദേശിക്കുന്നത്.

സംവരണം കിട്ടുന്ന കുടുംബങ്ങള്‍ക്ക് വരുമാനം ഉണ്ടാകും എന്നതും ശരിതന്നെ. പക്ഷേ, ഇവിടെ സംവരണത്തെ ദരിദ്രകുടുംബത്തെ സാമ്പത്തികമായി മുന്നോട്ടു നയിക്കാനുളള വലിയൊരു യജ്ഞമായി തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണ്. അതിന്റെ ഭാഗമായി സംവരണമില്ലാത്ത, മുന്നാക്കമെന്ന് വിളിക്കപ്പെടുന്ന സമുദായങ്ങളില്‍പെട്ട, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണം നല്‍കിയിരിക്കുന്നു. ആകെയുളള ഒഴിവുകളുടെ പത്തു ശതമാനം ഈ വിഭാഗത്തിനായി മാറ്റിവെക്കുമ്പോള്‍ അവര്‍ക്ക് മത്സരിക്കാന്‍ കഴിഞ്ഞ അമ്പതു ശതമാനത്തിന്റെ 20 ശതമാനവും മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാറ്റിവെച്ചിരിക്കുന്നു എന്നാണ് കൃത്യമായി വായിച്ചെടുക്കേണ്ടത്. മറ്റൊരര്‍ഥത്തില്‍ അമ്പതു ശതമാനം ജനറല്‍ ക്വാട്ടയില്‍ ആദിവാസി-ദളിത് യുവാക്കള്‍ മുതല്‍ ആര്‍ക്കും മത്സരിക്കാവുന്ന സ്ഥിതി ഉണ്ടായിരുന്നുവെങ്കില്‍ പത്തു ശതമാനം സംവരണത്തോടെ അത് നാല്‍പതായി ചുരുങ്ങിയിരിക്കുന്നു.

സംവരണ വിഭാഗങ്ങള്‍ അവര്‍ക്ക് അനുവദിച്ച സംവരണക്കള്ളിയില്‍ നിന്നുകൊളളണം എന്നതാണ് 103-ാം ഭരണഘടനാ ഭേദഗതിയുടെ കാതല്‍. ഇനി ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ സംസാരിച്ചിട്ട് പ്രയോജനമുണ്ടോയെന്നാണ് ചിലര്‍ ചോദിക്കുന്നത്. പ്രയോജനമില്ല എന്ന് കരുതുന്നവരില്‍ ഒരാളല്ല ഞാനും എന്റെ പാര്‍ട്ടിയും മറിച്ച് ഈ വിഷയം തെരുവില്‍ ചര്‍ച്ച ചെയ്യണം. ഭൂപരിഷ്‌ക്കരണം വന്നപ്പോഴും ഇതുപോലുളള കോടതി വിധികള്‍ ധാരാളമുണ്ടായി. പക്ഷേ, ജനകീയ സമ്മര്‍ദ്ദത്തിന് മുന്നില്‍ ഭൂവുടമകളിലുളള അവകാശം മൗലിക അവകാശമാണെന്ന വാദം പിന്നീട് പിന്‍വലിക്കപ്പെടുകയും കോടതിക്ക് പരിശോധിക്കാനാവാത്ത വിധത്തില്‍ അത് ഒമ്പതാം ഷെഡ്യൂളില്‍ ഇടംപിടിക്കുകയും ചെയ്തതുകൊണ്ടാണ് കേരളത്തില്‍ ഭൂപരിഷ്‌കരണം സാധ്യമായത്. മറ്റുസംസ്ഥാനങ്ങളില്‍ പരിമിതമായി സാധ്യമായത് എന്ന കാര്യം മറക്കരുത്‌.

രാഷ്ട്രീയപാര്‍ട്ടികളുടെ നിലപാടെന്ത്?

അടുത്തതായി പരിശോധിക്കേണ്ടത് ഇതു സംബന്ധിച്ച രാഷ്ട്രീയമാണ്. ഇന്ത്യയിലെ പ്രധാന മുഖ്യധാരാ കക്ഷികളെല്ലാം തന്നെ ഇതിനെ സ്വാഗതം ചെയ്തിരിക്കുകയാണ്. ഈ ഭേദഗതി കൊണ്ടുവന്ന ബി.ജെ.പിയും മുഖ്യ എതിര്‍കക്ഷിയായ കോണ്‍ഗ്രസും അടിസ്ഥാന വര്‍ഗത്തിന് വേണ്ടി വാതോരാതെ സംസാരിക്കുന്ന പ്രധാന കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ഈ നയത്തെ പിന്താങ്ങിയിരിക്കുന്നു. വളരെ വൈകിയാണെങ്കിലും സി.പി.ഐയുടെ പാര്‍ട്ടി കോണ്‍ഗ്രസ് ഈ വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത് മഹാത്ഭുതം തന്നെ. അപ്പോഴേക്കും ബസ് പോയി എന്നുമാത്രം. പോയ ബസിന് കൈകാണിക്കാന്‍ ശ്രമിക്കുകയാണ് സി.പി.ഐ. സിപിഎമ്മിനാകട്ടെ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് വിധിയെ സ്വാഗതം ചെയ്തിട്ടുണ്ട്. പക്ഷേ, അദ്ദേഹം ഒരു ആശങ്കയും പ്രകടിപ്പിച്ചു.

ദരിദ്രരെ കണ്ടുപിടിക്കേണ്ട ഇന്ത്യയിലെ ആദ്യത്തെ മാനദണ്ഡമാണ് സുപ്രീം കോടതി പ്രഖ്യാപിച്ചിട്ടുളളത്. അത് എട്ടു ലക്ഷമാണ്. അതായത് എട്ടു ലക്ഷം വാര്‍ഷിക വരുമാനം ഇല്ലാത്ത ഏതൊരാളും സാമ്പത്തിക പിന്നാക്കാവസ്ഥയിലുളളവരായി പരിഗണിക്കപ്പെടാന്‍ പോവുകയാണ്. അതിനര്‍ഥം ഏകദേശം 65,000 രൂപ മാസശമ്പളമുളള ഒരു ഉദ്യോഗസ്ഥന്റെ മകനോ മകളോ സാമ്പത്തിക പിന്നാക്കാവസ്ഥ നിലനില്‍ക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തില്‍ സംവരണത്തിന് അര്‍ഹനാകുന്നു. പെന്‍ഷന്‍ പറ്റിയ അച്ഛനും അമ്മയ്ക്കും കൂടി 65,000 രൂപ പെന്‍ഷനില്ലെങ്കില്‍ അവര്‍ക്കും സാമ്പത്തിക പിന്നാക്കാവസ്ഥയുളളവരായി സംവരണം തേടാവുന്നതാണ്. എന്നു പറഞ്ഞാല്‍ വലിയൊരു ശതമാനം സര്‍ക്കാര്‍ ജീവനക്കാരും സ്വകാര്യ ജീവനക്കാരും സ്ഥിരവരുമാനമുളളവരുമായ ആളുകളുടെ മക്കള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നു എന്നതിന്റെ പേരില്‍ സംവരണത്തിന് അര്‍ഹരാകുന്നു. ഈ സ്ഥിതി എൻ.എസ്.എസ്. പോലും ആഗ്രഹിക്കുന്നുണ്ടെന്ന്‌ തോന്നുന്നില്ല. യഥാര്‍ഥ ദരിദ്രരായ ബ്രാഹ്‌മണ, നായര്‍, സിറിയന്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ട ആളുകള്‍ക്ക് ഈ ഭേദഗതി കൊണ്ട് ഒരു നേട്ടവും ഉണ്ടാകാൻ പോകുന്നില്ല. ശമ്പളമുളളവരും ഭൂമിയുളളവരും സ്വത്തുളളവരും വാടക വാങ്ങുന്നവരും പിന്നാക്കാവസ്ഥയുളളവരുടെ പട്ടികയിലേക്ക് വീണ്ടും ചെന്നുചാടിയിരിക്കുന്നു. അതുകൊണ്ട് 103-ാം ഭരണഘടനാഭേദഗതിയെ സംബന്ധിച്ച ചര്‍ച്ച സുപ്രീം കോടതി വിധിയോടെ ഇല്ലാതാവുകയല്ല, പുതിയൊരു അര്‍ഥത്തില്‍ ആരംഭിക്കുകയാണ് ചെയ്യുന്നത്.

ഇതു സംബന്ധിച്ച് നാട്ടിലുടനീളം ചര്‍ച്ച നടക്കണം. 103-ാം ഭരണഘടനാ ഭേദഗതി വന്നതിനു ശേഷമുളള ഐ.എ.എസ്. പരീക്ഷയുടെ ഫലം പരിശോധിക്കാവുന്നതാണ്. ഒ.ബി.സി. വിഭാഗത്തിലുളളവരേക്കാള്‍ കുറഞ്ഞ മാര്‍ക്കുളള മുന്നാക്ക വിഭാഗക്കാര്‍ ഐ.എ.എസ്. നേടിയിരിക്കുന്നു എന്നാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തെ റിസള്‍ട്ട് കാണിക്കുന്നത്. തികച്ചും സ്വാഭാവികമാണ് അത്. കാരണം പത്തു ശതമാനം സീറ്റാണ് അവര്‍ക്കു വേണ്ടി മാറ്റിവെച്ചിരിക്കുന്നത്. ഇത് അംഗീകരിക്കാന്‍ ബി.ജെ.പിയും കോണ്‍ഗ്രസും സി.പി.എമ്മും അടക്കമുളള പാര്‍ട്ടികള്‍ തയ്യാറാണോ? ഇതാണോ ഇന്ത്യയുടെ യാഥാര്‍ഥ്യം? ഇന്ത്യയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആളുകളുടെ പത്തു ശതമാനം മുന്നാക്ക ജാതികളില്‍ പെട്ടവരാണ് എന്നതു സംബന്ധിച്ച എന്തെങ്കിലും സ്റ്റാറ്റിസ്റ്റിക്‌സ് ലഭ്യമാണോ? അല്ല എന്നാണ് ഉത്തരം. മാത്രമല്ല, മുന്നാക്ക വിഭാഗക്കാര്‍ എന്ന് പറയുന്നവരില്‍നിന്ന് ഇന്നത്തെ കണക്കില്‍ എട്ടു ലക്ഷം രൂപ വരെയുളളവരെ അടര്‍ത്തി മാറ്റിയാല്‍ സമൂഹത്തിന്റെ പത്തു ശതമാനം വരില്ല എന്ന് ഉറപ്പാണ്. അതിന്റെ അര്‍ഥം ഇതിനകം തന്നെ ധാരാളം പ്രാതിനിധ്യം ഭരണകൂടത്തില്‍ ഉളളവര്‍ക്ക് വീണ്ടും അവരുടെ ജനസംഖ്യക്ക് അനുപാതമായ ഒരു റിസര്‍വേഷന്‍ ലഭിച്ചിരിക്കുന്നു. പിന്നാക്കക്കാര്‍ക്ക് പോലും അവരുടെ പകുതിയാണ് സംവരണം ആയി നല്‍കിയിരിക്കുന്നത് എന്ന് മറന്നുപോകരുത്.

സാമ്പത്തിക പിന്നാക്കാവസ്ഥയ്ക്ക് ജാതി പരിഗണിക്കാമോ?

ഇനി സാമ്പത്തിക പിന്നാക്കാവസ്ഥയെ കുറിച്ച് സുപ്രീംകോടതി ചര്‍ച്ച ചെയ്ത മറ്റൊരു വിഷയമെടുക്കാം. സാമ്പത്തിക പിന്നാക്കാവസ്ഥയ്ക്ക് ജാതി പരിഗണിക്കാമോ എന്നതാണ് ചോദ്യം. സാമ്പത്തിക പിന്നാക്കാവസ്ഥയ്ക്ക് പത്തു ശതമാനം റിസര്‍വേഷന്‍ വെക്കുമ്പോള്‍ അതില്‍നിന്നു ദളിതുകളെ ഒഴിവാക്കിയതിന്റെ യുക്തി വിശദീകരിക്കാന്‍ ഭൂരിപക്ഷം ജഡ്ജിമാര്‍ക്കും കഴിഞ്ഞിട്ടില്ല. ഇനി നമ്മുടെ രാജ്യത്തിന്റെ മുന്നില്‍ രണ്ടു മൂന്നു മാര്‍ഗങ്ങളേ ഉളളൂ.

ഒന്ന്- 103-ാം ഭരണഘടനാ ഭേദഗതി എടുത്തുകളയുക അത് അസാധ്യമായി തീര്‍ന്നിരിക്കുന്നു.
രണ്ട്- സാമ്പത്തികമായി പിന്നോക്കാവസ്ഥ ഉളളവര്‍ക്ക് സംവരണം നല്‍കുമ്പോള്‍ എല്ലാ ജാതിക്കാരേയും പരിഗണിക്കുക.
മൂന്ന്- സാമ്പത്തിക പിന്നാക്കാവസ്ഥയുടെ മാനദണ്ഡം പുനര്‍നിശ്ചയിക്കുക. (പ്രതിവര്‍ഷം മൂന്നു ലക്ഷം രൂപയ്ക്ക് താഴെയുളളവരെ മാത്രം സാമ്പത്തിക പിന്നാക്കാവസ്ഥയുളളവരായി കണക്കാക്കിയാല്‍ യഥാര്‍ഥ ദരിദ്രര്‍ക്ക് അതുകൊണ്ട് എന്തെങ്കിലും പ്രയോജനം കിട്ടും.

ഏതായാലും സുപ്രീം കോടതിയുടെ ഭൂരിപക്ഷവിധി രാജ്യത്തിന്റെ നിയമമാണ് എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, ഒന്നും അവസാനവാക്കല്ല. ഇതു സംബന്ധിച്ച് കാമ്പസുകളിലും പുറത്തും വിവിധ രാഷ്ടരീയ പാര്‍ട്ടികള്‍ക്കകത്തും തെരുവിലും വിശദമായ ചര്‍ച്ചകള്‍ സംഘടിപ്പിക്കേണ്ടതായിട്ടുണ്ട്. അതിന് മുന്‍കൈ എടുക്കേണ്ടത് മാധ്യമങ്ങളാണ്.

Content Highlights: Supreme Court upholds 10% EWS quota law, pratibhashanam CP John writes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented