കെ. സുധാകരൻ | ഫോട്ടോ മാതൃഭൂമി
മദ്യപിച്ച് വണ്ടിയോടിക്കരുത് എന്ന് നിയമമുണ്ട്. മദ്യപിക്കുന്നത് രാജ്യദ്രോഹമോ പാക്കിസ്താനിലേക്കുള്ള വിസയോ അല്ല. പക്ഷേ, രണ്ടെണ്ണമടിച്ച ശേഷം വണ്ടി ഓടിക്കണമെന്ന് നിർബ്ബന്ധം പിടിച്ചാൽ അതൊരു ക്രിമിനൽ കുറ്റമാണ്. ഹെൽമറ്റില്ലാതെ ബൈക്കോടിക്കുന്നത് പോലെയല്ല വെള്ളമടിച്ച ശേഷം വണ്ടിയുടെ ചുക്കാൻ പിടിക്കുന്നത്. ഹെൽമറ്റില്ലാതെ വണ്ടിയോടിക്കുന്നവൻ സ്വന്തം ജീവിതത്തിന് മാത്രമേ ഉത്തരം പറയേണ്ടതുള്ളു. മദ്യപിച്ച് വണ്ടിയോടിക്കുന്നവർ സമൂഹത്തെ മൊത്തമാണ് വെല്ലുവിളിക്കുന്നതും അപായപ്പെടുത്തുന്നതും.
ഇന്ത്യൻ മോട്ടോർ വാഹന നിയമപ്രകാരം ആറു മാസം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് മദ്യപിച്ച് വണ്ടിയോടിക്കൽ എന്നാണറിയുന്നത്. എന്നിട്ടും മദ്യപിച്ച് വണ്ടിയോടിക്കുന്നവരുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല. കാരണം നിയമം ഉണ്ടെന്നല്ലാതെ ഈ നിയമം കർശനമായി നടപ്പാക്കപ്പെടുന്നില്ല. ആയിരം പേർ മദ്യപിച്ച് വണ്ടിയോടിക്കുന്നുണ്ടെങ്കിൽ പിടിക്കപ്പെടുന്നത് വെറും പത്തു പേരായിരിക്കും. പിടിക്കപ്പെടില്ല എന്ന ചിന്തയിലാണ് ഈ ആയിരം പേരും നിയമം കൈയ്യിലെടുക്കുന്നത്. ഇനി അഥവാ പിടിക്കപ്പെട്ടാൽ പണവും സ്വാധീനവും ഉപയോഗിച്ച് രക്ഷപ്പെടാവുന്ന കുരുക്കേ ഈ നിയമങ്ങൾക്കുള്ളു എന്നും മദ്യപർക്കറിയാം.
കേരളത്തിന്റെ തലസ്ഥാന നഗരിയിൽ ഒരു പത്രപ്രവർത്തകനെ നിർദ്ദയം ഇടിച്ചുവീഴ്ത്തിയ ശേഷം കൂൾ കൂളായി രക്ഷപ്പെട്ടുപോയ ശ്രീറാം വെങ്കട്ടരാമൻ എന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ ഉദാഹരണം നമുക്ക് മുന്നിലുണ്ട്. കെ. സുധാകരനും എം.എം. മണിയും ഇതേ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. ഇതാദ്യമല്ല ഇവർ രണ്ടപേരും വൃത്തികേടുകൾ പറയുന്നത്.
സുധാകരന്റെ കാര്യമെടുക്കാം. മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിക്കുന്നതിൽ സദാ ആനന്ദം കണ്ടെത്തുന്നയാളാണ് സുധാകരൻ. സുധാകരന്റെ അധിക്ഷേപം പരസ്യമായി ചോദ്യം ചെയ്ത ഒരു കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാനായിരുന്നു. അന്ന് ഷാനിമോളെക്കൊണ്ട് മാപ്പു പറയിക്കുകയാണ് കോൺഗ്രസ് നേതൃത്വം ചെയ്തത്. തോന്നിവാസം പറഞ്ഞ സുധാകരൻ കെ.പി.സി.സി. പ്രസിഡന്റായി തുടരുകയും അതിനെ ചോദ്യം ചെയ്ത ഷാനിമോൾ ഒതുക്കപ്പെടുകയും ചെയ്തു.
ബ്രണ്ണൻ കോളേജിൽ പഠിക്കുമ്പോൾ പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയിട്ടുണ്ടെന്ന് കൊട്ടിഘോഷിക്കാൻ സുധാകരന് മടിയുണ്ടായില്ല. സംഗതി തിരിച്ചടിച്ചപ്പോൾ ഓഫ് ദ റെക്കോഡായി പറഞ്ഞ കാര്യം മാദ്ധ്യമ പ്രവർത്തകൻ വെളിപ്പെടുത്തിയെന്നു പറഞ്ഞ് കൈകഴുകാനാണ് സുധാകരൻ ശ്രമിച്ചത്.
കഴിഞ്ഞ ദിവസം എം.എം. മണിക്കെതിരെ സുധാകരൻ നടത്തിയ പരിഹാസം പരിഷ്‌കൃത സമൂഹത്തിന്റെ സമസ്ത അതിരുകളും ഭേദിക്കുന്നതാണ്. സംസാര സ്വാതന്ത്ര്യമെന്ന് പറഞ്ഞാൽ സമൂഹത്തെ മലിനപ്പെടുത്തുന്നതിനുള്ള സ്വാതന്ത്ര്യമല്ലെന്ന് സുധാകരന് ബോദ്ധ്യപ്പെടേണ്ടതായുണ്ട്. സുധാകരനെ നേർവഴിക്ക് നടത്താൻ ആളില്ലെന്നു വരുന്നതാണ് കോൺഗ്രസ് കേരളത്തിൽ നേരിടുന്ന വലിയൊരു പ്രതിസന്ധി. എന്തു തോന്നിവാസം പറഞ്ഞാലും പിന്നീടൊരു ഖേദപ്രകനം നടത്തി രക്ഷപ്പെടാം എന്നു വന്നാൽ പിന്നെ കോൺഗ്രസിനെ പാർട്ടി എന്നല്ല ആൾക്കൂട്ടമെന്നേ വിളിക്കാനാവുകയുള്ളു.
മണിയുടെ അധിക്ഷേപത്തിന് സി.പി.എം. മാപ്പു പറഞ്ഞോ എന്ന മറുചോദ്യമല്ല ഈ ഘട്ടത്തിൽ കോൺഗ്രസുകാർ ഉന്നയിക്കേണ്ടത്. ഖേദപ്രകടനത്തിലൂടെ സുധാകരൻ സ്വയം ശുദ്ധനായി എന്ന വാദവും അംഗീകരിക്കാനാവില്ല. തൊലിയുടെ നിറമോ ജനിച്ചുവീണ കുലമോ അല്ല പ്രവൃത്തിയും ചെയ്തികളുമാണ് ഒരാളെ നിർണ്ണയിക്കുകയും നിർവ്വചിക്കുകയും ചെയ്യുന്നത്.
സുധാകരന്റെ വാക്കുകൾ അവഗണിക്കൂ എന്നാണ് ഒരു സുഹൃത്ത് ടെലിഫോൺ സംഭാഷണത്തിൽ പറഞ്ഞത്. ചെറിയ മനുഷ്യരിൽനിന്ന് വലിയ കാര്യങ്ങൾ ഒരിക്കലും പ്രതീക്ഷിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഒരു പക്ഷിയെ അളക്കേണ്ടത് അതിന് മരത്തിൽ കയറാനാവുമോ എന്ന് നോക്കിയിട്ടാവരുത് എന്ന ആൽബർട്ട് ഐൻസ്റ്റിന്റെ വാക്കുകളും അദ്ദേഹം ഉദ്ധരിച്ചു. ശരിയാണ്, നമുക്കിപ്പോഴുള്ളത് ചെറിയ നേതാക്കളാണ്. സാമൂഹ്യ മാദ്ധ്യമങ്ങളിലെ കൈയ്യടികളാണ് അവരെ നയിക്കുന്നത്.
പഴയ റോമൻ സാമ്രാജ്യത്തിൽ മൃഗങ്ങളേയും മനുഷ്യരേയും നേർക്കുനേർ നിർത്തി ചോരയ്ക്കായി ആർത്തുവിളിക്കുന്ന ആൾക്കൂട്ടമാണ് ഇപ്പോൾ മനസ്സിലേക്കോടിയെത്തുന്നത്. ചോരയാണ് ഇവരെ ആകർഷിക്കുന്നത്. ആദ്യം ആരാണ് ചോര വീഴ്ത്തുക എന്നതാണ് നോട്ടം. ആദ്യം വീഴ്ത്താനായില്ലെങ്കിൽ രണ്ടാം റൗണ്ടിൽ കൂടുതൽ ചോര വീഴ്ത്തണം. അപ്പോൾ, ഉന്മത്തരായ ആൾക്കൂട്ടം ജയ് വിളിക്കും. ആർപ്പുവിളികളും ആരവങ്ങളുമായി ചോര വീഴ്ത്തുന്നവരെ തലയിലേറ്റും. ഇതാണ് ഇപ്പോൾ നമ്മുടെ കൺമുന്നിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
സുധാകരനെ നേർവഴിക്ക് നടത്താൻ ശ്രമിച്ച ഷാനിമോളെ നേരിട്ടത് ഈ ആൾക്കൂട്ടമാണ്. മണിയെ തിരുത്താൻ ശ്രമിക്കുന്നവരും ഇതേ ആൾക്കൂട്ടത്തിന്റെ ഇരകളാവുന്നു. ഈ ആൾക്കൂട്ടമാണ് പാർട്ടി ഭക്തരായി നിറഞ്ഞാടുന്നത്. ഇവർക്ക് വേണ്ടത് ചോരയാണ്. സൈബർ ആർമിയെന്ന പേരിൽ എതിരാളികളെ വളഞ്ഞിട്ടാക്രമിക്കുന്ന ഈ ആൾക്കൂട്ടത്തിന്റെ പിടിയിലാണ് ഇന്നിപ്പോൾ ഇവിടത്തെ നേതാക്കൾ.
നാലു കൊല്ലം മുമ്പ് മണിശങ്കർ അയ്യർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'താഴ്ന്ന മനുഷ്യൻ'( നീച് ആദ്മി ) എന്നു വിളിച്ചപ്പോൾ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം മാതൃകാപരമായിരുന്നു. അയ്യരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്‌പെന്റ് ചെയ്യുകയാണ് കോൺഗ്രസ് അന്നു ചെയ്തത്. പ്രധാനമന്ത്രിയോട് അയ്യർ മാപ്പു പറയണമെന്ന് രാഹുൽ ഗാന്ധി പരസ്യമായി ആവശ്യപ്പെടുകയും ചെയ്തു. ഹിന്ദിയിലുള്ള തന്റെ പിടിപ്പുകേടാണ് കുഴപ്പമായതെന്ന അയ്യരുടെ വിശദീകരണം ഒരാളും മുഖവിലയ്‌ക്കെടുത്തില്ല. അതിനും നാലു കൊല്ലം മുമ്പാണ് ഇതേ അയ്യരാണ് ഇതേ മോദിയെ ചായ്‌വാല എന്നു വിളിച്ച് കോൺഗ്രസിനെ കെണിയിലാക്കിയത്. അന്ന് അയ്യരുടെ ആ ഒരു പരാമർശത്തിൽ പിടിച്ച് ബി.ജെ.പി. കളിച്ച കളിയിലാണ് രാഹുലും പാർട്ടിയും അധികാരത്തിന് പുറത്തേക്കു പോയത്.
എത്ര പെട്ടെന്നാണ് കോൺഗ്രസിന് ഓർമ്മകൾ ഇല്ലാതാവുന്നത്. 1982-ൽ അന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്ന രാജിവ് ഗാന്ധി ഒരു സ്വകാര്യ സന്ദർശനത്തിന് ഹൈദരാബാദിലെത്തി. രാജീവിന്റെ വരവ് സ്വകാര്യമാണെന്നോർക്കതെ അന്നത്തെ ആന്ധ്ര മുഖ്യമന്ത്രി ടി. അഞ്ജയ്യ വിമാനത്താവളത്തിൽ വലിയൊരു സ്വീകരണം ഏർപ്പാടാക്കി. അമ്മയുടെ നിർബ്ബന്ധം മൂലം രാഷ്ട്രീയത്തിലിറങ്ങിയ രാജീവ് ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രകടനപരതകളുമായി പൊരുത്തപ്പെട്ടു തുടങ്ങിയിരുന്നില്ല.
വിമാനത്താവളത്തിലെ ജനക്കൂട്ടം രാജീവിനെ അസ്വസ്ഥനാക്കി. എന്തിനിങ്ങനെ ഒരു സ്വീകരണമെന്ന ചോദ്യത്തിന് മുന്നിൽ പരുങ്ങിയ അഞ്ജയ്യയെ 'കോമാളി' എന്നു വിളിച്ചാണ് രാജീവ് രോഷം തീർത്തത്. രാജീവിന്റെ ഈ വിളി പക്ഷേ, തെലുങ്കരുടെ ആത്മാഭിമാനത്തിന് മേൽ വലിയ മുറിവായി. ഈ മുറിവിലാണ് എൻ.ടി. രാമറാവു തെലുഗുദേശം എന്ന പാർട്ടിയുടെ അസ്തിവാരം തീർത്തത്. പാർട്ടിയുണ്ടാക്കി ഒരു കൊല്ലത്തിനുള്ളിൽ രാമറാവു ആന്ധ്രയിൽ അധികാരം പിടിക്കുകയും ചെയ്തു. 1984-ൽ ഇന്ദിരയുടെ കൊലപാതകത്തെ തുടർന്ന് നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ രാജ്യം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷം കരസ്ഥമാക്കിയപ്പോഴും കോൺഗ്രസിന് പിടികൊടുക്കാതെ നിന്ന സംസ്ഥാനമായിരുന്നു ആന്ധ്ര.
പറഞ്ഞുവന്നത് വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണമെന്നു തന്നെയാണ്. ഉച്ചരിച്ച വാക്കിന്റെ അടിമയും ഉള്ളിലുള്ള വാക്കിന്റെ ഉടമയുമാണ് മനുഷ്യരെന്ന് പറയുന്നത് വെറുതെയല്ല. കൈവിട്ടുപോയ വാക്ക് തിരിച്ചുപിടിക്കാനുള്ള ഒരുപാധിയും മനുഷ്യൻ ഇന്നുവരെ കണ്ടുപിടിച്ചിട്ടില്ല. ഈ ഇന്റർനെറ്റ് കാലത്താണെങ്കിൽ ഒരു വാക്ക് ഉച്ചരിക്കപ്പെട്ടു കഴിഞ്ഞാൽ അത് കല്ലിൽ കൊത്തിയതുപോലെയാണ്. ഒരു രാസവസ്തുവിനും അത് മായിക്കാനാവില്ല.
കേരളത്തിലിപ്പോൾ സംവാദങ്ങളില്ല, വിവാദങ്ങളേയുള്ളു. ചൂട് മാത്രമല്ല, വെളിച്ചവും പകർന്ന എത്രയോ അർത്ഥപൂർണ്ണമായ സംവാദങ്ങൾ ഈ മണ്ണിലുണ്ടായിട്ടുണ്ട്. നാരായണ ഗുരുവും സഹോദരൻ അയ്യപ്പനും തമ്മിലുള്ള വിയോജിപ്പുകൾ ഓർക്കുക. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് ഗുരു പറഞ്ഞപ്പോൾ ശിഷ്യൻ പറഞ്ഞത് ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യനെന്നാണ്. അയ്യപ്പൻ ഗുരുവിനെ തള്ളിപ്പറയുന്നുവെന്ന് പരാതിപ്പെട്ടവരോട് ഗുരു പറഞ്ഞത് അയ്യപ്പന്റെ ചെയ്തിയിൽ ദൈവമുണ്ടെന്നും അതാണ് മുഖ്യമെന്നുമാണ്.
തന്റെ റിപ്പബ്ളിക്കിൽ കവികൾക്ക് പ്രവേശനമില്ലെന്നാണ് ഗ്രീക്ക് ദാർശനികൻ പ്ലേറ്റോ പറഞ്ഞത്. എന്നാൽ, അദ്ദേഹത്തിന്റെ ശിഷ്യൻ അരിസ്റ്റോട്ടിൽ കവിതയുടെ വിമലീകരണ ശക്തിയെക്കുറിച്ചാണ് പറഞ്ഞത്. കവിതയും നാടകങ്ങളും ഹൃദയങ്ങളെ കണ്ണീരിൽ കഴുകി ശുദ്ധമാക്കുന്നുണ്ടെന്നാണ് കഥാർസിസ് എന്ന സിദ്ധാന്തം മുന്നോട്ടുവെച്ചുകൊണ്ട് അരിസ്റ്റോട്ടിൽ വ്യക്തമാക്കിയത്.
സുധാകരൻ, താങ്കൾ മറ്റാരെയും ഓർത്തില്ലെങ്കിലും ഗാന്ധിജിയെ ഓർക്കണം, അംബദ്കറെയും നെഹ്രുവിനെയും ഓർക്കണം. ആൾക്കൂട്ടത്തിന്റെ മാരകമായ ആശ്ലേഷത്തിൽനിന്ന് ഒന്ന് കുതറി മാറി കുറച്ചു നേരമെങ്കിലും സ്വസ്ഥമായിരുന്ന് ഗാന്ധി - അംബദ്കർ സംവാദങ്ങൾ വായിക്കണം. ജാതിയുടെ കാര്യത്തിൽ ഗാന്ധിജിയുമായി ഒരു തരത്തിലുള്ള സന്ധിക്കും അംബദ്കർ തയ്യാറായിരുന്നില്ല. 1936-ൽ മതപരിഷ്‌കരണവാദികളുടെ ഒരു കൂട്ടായ്മ സംഘടിപ്പിച്ച യോഗത്തിൽ അവതരിപ്പിക്കാനായാണ് അംബദ്കർ 'ജാതിയുടെ ഉന്മൂലനം' എഴുതിയത്. പക്ഷേ, ഹിന്ദുമത ശാസ്ത്രങ്ങൾക്കെതിരെ അംബദ്കർ ഉന്നയിച്ച കടുത്ത വിമർശം സംഘാടകരെ അസ്വസ്ഥരാക്കി.
പ്രബന്ധത്തിൽ തിരുത്തലുകൾ വേണമെന്ന് അവർ ആവശ്യപ്പെട്ടു. ഒരു കോമ പോലും മാറ്റാനാവില്ലെന്നാണ് അംബദ്കർ പ്രതികരിച്ചത്. സമ്മേളനം തന്നെ റദ്ദാക്കിക്കൊണ്ടാണ് സംഘാടകർ തങ്ങളുടെ പ്രതിലോമപരമായ നിലപാട് വ്യക്തമാക്കിയത്. ഈ വിഷയത്തിൽ ഗാന്ധിജി എടുത്ത നിലപാട് ശ്രദ്ധേയമായിരുന്നു. യോഗം റദ്ദാക്കിയത് അംഗീകരിക്കാനാവില്ലെന്നും അംബദ്കർക്ക് പറയാനുള്ളത് പറയാൻ അവസരം നൽകണമായിരുന്നുവെന്നുമാണ് ഗാന്ധിജി ചൂണ്ടിക്കാട്ടിയത്. ജനാധിപത്യം എന്ന് പറയുന്നത് ഇതാണ്. ഇതിനപ്പുറത്ത് ജനാധിപതയത്തിന് മറ്റൊരു നിർവ്വചനമില്ല.
1944-ൽ ജയിലിൽവെച്ചാണ് നെഹ്രു 'ഇന്ത്യയെ കണ്ടെത്തൽ' എന്ന സുപ്രധാന ഗ്രന്ഥം എഴുതിയത്. ഇന്റർനെറ്റിന്റെ പിന്തുണയില്ലാതെ മുഖ്യമായും ഓർമ്മകളെ അവലംബിച്ചെഴുതിയ പുസ്തകം. അതുകൊണ്ടുതന്നെ റഫറൻസ് ഗ്രന്ഥങ്ങളുടെ സൂചികകൾ നെഹ്രുവിന്റെ കൃതിയിൽ കണ്ടെന്നുവരില്ല. പക്ഷേ, എന്തൊരു ഉജ്ജ്വലമായ രചനയാണത്. ഈ പുസ്തകമെഴുതുമ്പോൾ നെഹ്രു ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നില്ല. പക്ഷേ, അതിനകം നാല് വർഷങ്ങളിൽ അദ്ദേഹം കോൺഗ്രസിന്റെ പ്രസിഡന്റായിരുന്നു.
ഈ മനുഷ്യനും കൂടിച്ചേർന്ന് പടുത്തുയർത്തിയ ഒരു പ്രസ്ഥാനത്തിന്റെ അമരക്കാനായിരുന്നു കൊണ്ടാണ് സുധാകരൻ കേരളീയ സമൂഹത്തെ മലിനപ്പെടുത്തി കൊണ്ടിരിക്കുന്നത്. സുധാകരനെ പോലുള്ളവരെ തിരുത്തുന്നതിനും നേർവഴിക്ക് നടത്തുന്നതിനും കോൺഗ്രസ് ഹൈക്കമാന്റിന് ആവുന്നില്ലെങ്കൽ അവർ അതിലൂടെ തള്ളിപ്പറയുന്നത് ഗാന്ധിജിയെയും നെഹ്രുവിനെയുമാണ്. കാലവും ചരിത്രവും ഈ അപരാധത്തിന് ഒരിക്കലും മാപ്പുനൽകില്ല.
വഴിയിൽ കേട്ടത്: നീറ്റ് പരീക്ഷയ്െക്കത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചു. രണ്ട് വർഷം മുമ്പ് നടന്ന ഒരു സംഭവം പറയാം. ഭാര്യയും ഭർത്താവും തിരുവനന്തപുരത്തുനിന്ന് ചെന്നൈക്ക് പോവാൻ മദ്രാസ് മെയിലിൽ ടിക്കറ്റ് എടുക്കുന്നു. അമ്മയെക്കൂടി കൂടെ കൊണ്ടുപോകാൻ രണ്ടു ദിവസം കഴിഞ്ഞ് മറ്റൊരു ടിക്കറ്റ് എടുക്കുന്നു. വയോധികയായ അമ്മ തിരിച്ചറിയൽ കാർഡ് എടുക്കാൻ മറന്നുപോവുന്നു. തിരിച്ചറിയൽ കാർഡുള്ള ഭാര്യയും ഭർത്താവും പറഞ്ഞിട്ടും ടി.ടി.ഇ. വഴങ്ങുന്നില്ല. കാർഡില്ലെങ്കിൽ ഒന്നുകിൽ അടുത്ത സ്റ്റേഷനിൽ പുറത്തിറങ്ങണമെന്നും അല്ലെങ്കിൽ 1,500 രൂപ പിഴയൊടുക്കണമെന്നും ടി.ടി.ഇ. നിർബ്ബന്ധം പിടിക്കുന്നു. ഒടുവിൽ മറ്റ് വഴികളില്ലാതെ പിഴയൊടുക്കി അമ്മയുമായി ഇരുവരും യാത്ര തുടരുന്നു. കാർക്കോടകരായ ഉദ്യോഗസ്ഥർക്ക് ഒരു ക്ഷാമവുമില്ലാത്ത നാടാണ് ഈ ഇന്ത്യാ മഹാരാജ്യം!
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..