പ്രതി നായ മാത്രമല്ല, തെരുവുമാലിന്യത്തിലെ prey base ഉത്തരവാദികള്‍ ആര്? ഗോവ മാതൃകയാക്കിക്കൂടേ?


സി.പി.ജോണ്‍.

ന്ത്രണ്ടുവയസ്സുകാരിയായ അഭിരാമിയുടെ മരണം കേരളത്തെ നടുക്കിയിരിക്കുകയാണ്. പേവിഷത്തിന് മൂന്നുതവണ വാക്‌സിന്‍ എടുത്തതിന് ശേഷവും അതുകൊണ്ട് ഫലമൊന്നുമുണ്ടാകാതെ ആ ഏഴാംക്ലാസുകാരി മരിച്ചതാണ് ഇപ്പോള്‍ വാര്‍ത്തകളില്‍.

പേവിഷ ബാധ അങ്ങേയറ്റം അപകടരമായ ഒരുരോഗാവസ്ഥയാണ്. ലോകത്ത് 59,000 പേര്‍ ഒരുവര്‍ഷം പേവിഷ ബാധയേറ്റ് മരിക്കുന്നുണ്ട്. ഇതില്‍ മഹാഭൂരിപക്ഷവും ആഫ്രിക്കയിലും ഏഷ്യയിലും ആണെങ്കില്‍ 18,000 പേര്‍ ഇന്ത്യയിലാണ് എന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരമായ ഒരു യാഥാര്‍ഥ്യമാണ്.

പേവിഷ ബാധ 2030ഓടുകൂടി ഇല്ലാതാക്കാനുളള ഒരു പദ്ധതി തന്നെ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുണ്ടെങ്കിലും ഈ നാഷണല്‍ ആക്ഷന്‍ പ്ലാന്‍ വേണ്ടത്ര വിജയിക്കുന്നില്ല എന്നതാണ് സത്യം. പേവിഷ ബാധ സംബന്ധിച്ച പ്രാഥമികമായ ധാരണകളും അറിവുകളും നമ്മുടെ പൊതുസമൂഹത്തിന് ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഒന്നാമതായി നാം മനസ്സിലാക്കേണ്ടത് തെരുവുനായ്ക്കളില്‍ നിന്ന് മാത്രമല്ല പേവിഷബാധ ഉണ്ടാകുന്നതെന്ന കാര്യമാണ്. ആകെ ഉണ്ടാകുന്ന മരണത്തില്‍ 60 ശതമാനമാണ് തെരുവുനായ്ക്കളില്‍ നിന്ന് ഉണ്ടാകുന്നതെങ്കില്‍ 40 ശതമാനവും നാം ഓമനിച്ചുവളര്‍ത്തുന്ന പട്ടികളില്‍ നിന്നും പൂച്ചകളില്‍ നിന്നും ഉണ്ടാകുന്നതാണ്.

പേവിഷം പട്ടികള്‍ക്ക് മാത്രം വരുന്നതല്ല എന്ന് പലര്‍ക്കും അറിയാമെങ്കിലും വന്യജീവികളാണ് പട്ടികളിലേക്ക് പോലും പേവിഷം സംക്രമിപ്പിക്കുന്നത് എന്ന വസ്തുത പലര്‍ക്കും അറിഞ്ഞുകൂടാ. വിവിധതരം വൈറസുകളുടെ സ്രോതസ്സായ വവ്വാലുകളില്‍ നിന്ന് കുറുക്കന്മാരിലേക്കും, കുറുക്കന്മാരില്‍ നിന്ന് പട്ടികളിലേക്കും എന്തിന് കന്നുകാലികളിലേക്കും വരെ പേവിഷം കടന്നുചെല്ലാവുന്നതാണ്. അരോഗദൃഢഗാത്രരായ കുതിരകള്‍ക്ക് പോലും പേവിഷബാധ ഉണ്ടാകാം. ഈ അടുത്തകാലത്ത് മലപ്പുറം ജില്ലയില്‍ കാട്ടുപന്നിയില്‍ നിന്ന് പേവിഷബാധ ഉണ്ടായിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത് വര്‍ധിച്ചുവരുന്ന കാട്ടുപന്നി ശല്യവും പേവിഷബാധയുടെ ഉറവിടമാകാം എന്നുതന്നെയാണ്.

ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് റിസര്‍ച്ച് ഇന്‍ മെഡിക്കല്‍ ആന്‍ഡ് ബേസിക് സയന്‍സസ് എന്ന പ്രസിദ്ധീകരണത്തില്‍ റിജു പി.നായരും ഇ.എ.ജയ്‌സണും കണ്ടെത്തിയ നിലമ്പൂരിനടുത്തുളള കരുളായി ഫോറസ്റ്റ് റേഞ്ചിലെ കാട്ടുപന്നിയില്‍ നിന്നുണ്ടായ പേവിഷ ബാധ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ അതിശയിപ്പിച്ചിട്ടുണ്ട്. കാട്ടിലും നാട്ടിലുമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കുരങ്ങന്മാരും പട്ടികള്‍ക്ക് പേവിഷം സംഭാവന ചെയ്യുന്ന മൃഗങ്ങളാണ്. ചുരുക്കിപറഞ്ഞാല്‍ ഒരു മൃഗജന്യ(Zoonotic Diseases)രോഗമാണ് പേവിഷം അഥവാ റാബിസ്. അതിന്റെ മഹാഭൂരിപക്ഷം അപകടങ്ങളും ഉണ്ടാകുന്നത് പട്ടികളിലൂടെയാണ് എന്നതുകൊണ്ട് പേപിടിച്ച പട്ടികള്‍ മാത്രമാണ് മനുഷ്യനെ കൊല്ലുക എന്ന ധാരണ ജനങ്ങള്‍ക്കിടയില്‍ രൂഢമൂലമാണ്.

കേരളത്തില്‍ ഈ വര്‍ഷം 21 പേരാണ് പേവിഷബാധയേറ്റ് മരിച്ചത്. ഇന്ത്യയില്‍ നടക്കുന്ന ആകെ മരണത്തിന്റെ 33 ശതമാനവും ഉത്തര്‍പ്രദേശിലാണ്. പ്രതിവര്‍ഷം നാലായിരത്തിലധികം പേരാണ് അവിടെ മരിക്കുന്നത്. കേരളത്തില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിലധികമായി 2009 മുതല്‍ നടപ്പാക്കിയ സമ്പൂര്‍ണ സൗജന്യ റാബിസ് വാക്‌സിനേഷന്‍ 2012-13 കാലഘട്ടത്തില്‍ പേവിഷം കൊണ്ട് ആരുംമരിക്കാത്ത സംസ്ഥാനമായി കേരളത്തെ മാറ്റിയിരുന്നു. പക്ഷേ ഗോവയെപ്പോലെ പേവിഷക്കേസുകള്‍ ഇല്ലാത്ത സംസ്ഥാനമായി തുടരാന്‍ കേരളത്തിന് ആയില്ല എന്നതാണ് ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട ചര്‍ച്ചാവിഷയം.

പേവിഷത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും പേറേണ്ടി വരുന്നത് തെരുവുപട്ടികളാണ്. അതില്‍ സാങ്കേതികമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാമെങ്കിലും തെരുവുപട്ടികളില്‍ നിന്ന് കിട്ടുന്ന കടിയാണ് ഏറ്റവും കൂടുതല്‍ എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ അക്രമോത്സുകരായ തെരുവുനായ്ക്കളുടെ കടി മാത്രമല്ല നമ്മുടെ ഓമനമൃഗങ്ങളുടെ കടിയും മാന്തലുകളും പലപ്പോഴും നാം തമാശയായി എടുക്കുമെങ്കിലും അവയും പേവിഷത്തിന് കാരണമാണ്. എല്ലാ വളര്‍ത്തുമൃഗങ്ങളെയും പേവിഷ ബാധ ചെറുക്കാനുളള വാക്‌സിനേഷന് വിധേയമാക്കേണ്ടതുണ്ട്.

പുതിയ തദ്ദേശസ്വയംഭരണവകുപ്പുമന്ത്രി മുന്‍സ്പീക്കര്‍കൂടിയായ എം.ബി.രാജേഷ് അധികാരം ഏറ്റെടുത്ത ഉടനെ നടത്തിയ പത്രസമ്മേളനത്തില്‍ പറയുകയുണ്ടായി, തെരുവുപട്ടികളുടെ ശല്യം ഇല്ലാതാക്കുന്നതിന് ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എബിസി) വളരെ കര്‍ശനമായി നടപ്പാക്കും എന്ന്. ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതി തെരുവുപട്ടികളുടെ കാര്യത്തില്‍ നടപ്പാക്കുന്നത് വളരെ സങ്കീര്‍ണമായ ഒരുകാര്യമാണ്. അത് നടപ്പാക്കാനുളള ശ്രമത്തെ ആരും നിരുത്സാഹപ്പെടുത്തേണ്ടതില്ല. വീട്ടില്‍ വളര്‍ത്തുന്ന ഓമനമൃഗങ്ങള്‍ക്ക് പ്രത്യേകിച്ച് പൂച്ചകള്‍ക്ക് ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ആകാം എന്നുകൂടി അദ്ദേഹം ഓര്‍ക്കേണ്ടതുണ്ട്. പക്ഷേ തെരുവുപട്ടികളുടെ പ്രസവം കുറപ്പിക്കാനുളള പരിശ്രമം കൊണ്ട് മാത്രം തീരുന്നതല്ല ആ പ്രശ്‌നം.

എങ്ങനെയാണ് പട്ടികള്‍ക്ക് ഇങ്ങനെ ജീവിക്കാന്‍ കഴിയുന്നത്? കണക്കുകള്‍ അനുസരിച്ച് മൂന്നുലക്ഷത്തിനടുത്ത് തെരുവുപട്ടികളുണ്ട് കേരളത്തില്‍. ഈ തെരുവുപട്ടികള്‍ക്ക് ആരും ഭക്ഷണം നല്‍കാറില്ലെങ്കിലും അവര്‍ ജീവിക്കുന്നു. അതിന് കാരണം തെരുവില്‍ അവര്‍ക്ക് ലഭ്യമായ ആഹാര സംവിധാനം(prey base) തന്നെയാണ്. അഥവാ വലിച്ചെറിയപ്പെടുന്ന ഭക്ഷണപഥാര്‍ഥങ്ങളാണ്. ഭക്ഷണ പദാര്‍ഥങ്ങള്‍ എവിടെയുണ്ടെങ്കിലും അത് തേടി മൃഗങ്ങള്‍ എത്തുന്നത് പ്രകൃതിനിയമമാണ്. നമ്മുടെ ഊണുമേശക്ക് മുകളില്‍ ഒരുതരി പഞ്ചസാര വീണാല്‍ ഏതാനും നിമിഷങ്ങള്‍ക്കുളളില്‍ അവിടെ ഉറുമ്പുകള്‍ ഓടിയെത്താറുണ്ട്. ഈച്ചകളും കാക്കകളും എവിടെയാണ് അവര്‍ക്ക് പറ്റിയ ഭക്ഷണം ഉളളതെന്ന് മനസ്സിലാക്കി അവിടെ എത്തുന്നതും നാം എപ്പോഴും കാണാറുണ്ട്. ഭക്ഷണത്തിന്റെ ലഭ്യത ഉണ്ടെങ്കില്‍ അത് തേടാന്‍ മൃഗങ്ങള്‍ ഉണ്ടാകും. എന്തിന്, മനുഷ്യന്റെ ലോകമെമ്പാടുമുളള വ്യാപനത്തില്‍ പോലും ഭക്ഷണം തേടിയുളള യാത്രകള്‍ ഏറ്റവും പ്രധാനമായിരുന്നു. ഇന്ന് മനുഷ്യര്‍ പ്രത്യേകിച്ചും മലയാളികള്‍ നടത്തുന്ന പ്രവാസത്തിലും ഭക്ഷണത്തിന് തേടിയുളള യാത്രയുടെ അംശങ്ങള്‍ പ്രബലമാണ്.

പണം ഭക്ഷണത്തിന് പകരമാകുമ്പോള്‍ പണം തേടിയുളള യാത്രകളും ഭക്ഷണം തേടിയുളള യാത്രയുടെ മറ്റൊരുവശമാണ്. നമുക്ക് തെരുവുപട്ടികളുടെ പ്രശ്‌നത്തിലേക്ക് മടങ്ങാം. തെരുവുപട്ടികളെ ഇല്ലായ്മ ചെയ്യണമെങ്കില്‍ ഒന്നാമതായി വൃത്തിയുളള തെരുവുകള്‍ ഉണ്ടാകണം. വൃത്തിയുളള തെരുവുകളുടെ അഭാവത്തില്‍ തെരുവുപട്ടികളെ ഉന്മൂലനം ചെയ്യാന്‍ സാധ്യമല്ല. മേശപ്പുറത്ത് വെച്ച പഞ്ചസാര എടുത്തുകളയാതെ ഉറുമ്പിനെ കൊല്ലാന്‍പോയതുകൊണ്ട് പ്രയോജനമില്ലാത്തതുപോലെ തന്നെ.

തെരുവുപട്ടികളെയും പേവിഷ ബാധയേയും 20-ാം നൂറ്റാണ്ടിന്റെ ആദ്യകാലഘട്ടത്തില്‍ തന്നെ സാമാന്യം ഭംഗിയായി ഇല്ലായ്മ ചെയ്ത ഒരു രാജ്യമാണ് ഇംഗ്ലണ്ട്. അവര്‍ ചെയ്ത നടപടികള്‍ നാം മനസ്സിലാക്കുകയും ആവര്‍ത്തിക്കുകയും ചെയ്യുന്നത് നല്ലതായിരിക്കും. നൂറുവര്‍ഷം മുമ്പ് ധാരാളം റാബിസ് കേസുകള്‍ ഇംഗ്ലണ്ടിലും ഉണ്ടായിരുന്നുവെങ്കിലും കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടാണ് അത് ഇല്ലാതാക്കാന്‍ കഴിഞ്ഞത്.

അതില്‍ ഒന്നാമത്തെ കാര്യം പട്ടികടിച്ചാലുളള ചികിത്സ തന്നെയാണ്. പട്ടികടിച്ചാല്‍ കുത്തിവെപ്പെടുക്കുക എന്നുളളത് ഏറ്റവും പ്രധാനം തന്നെയാണ്. ഇപ്പോള്‍ കേരളത്തില്‍ 21 പേര്‍ മരിച്ചതില്‍ 15 പേരും കുത്തിവെപ്പെടുത്തിരുന്നില്ലെന്നതും അങ്ങേയറ്റം ശ്രദ്ധിക്കേണ്ട കാര്യമാണ്. അതുകൊണ്ട് മൃഗങ്ങളുടെ കടിയേറ്റാല്‍ കുത്തിവെക്കണം. ഗുരുതരമായ കടിയാണെങ്കില്‍ അതിന് വാക്‌സിന്‍ മാത്രം പോര. ഇമ്യൂണോഗ്ലോബിന്‍ പോലുളള മരുന്നുകള്‍ കൂടി ആവശ്യമാണ്. ഇതുപോലെയോ അതില്‍കൂടുതലോ പ്രധാനമാണ് മൃഗങ്ങള്‍ക്കുളള കുത്തിവെപ്പ്.

ഇവിടെ മൃഗസംരക്ഷണ വകുപ്പും പൊതു ആരോഗ്യവകുപ്പും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതായിട്ടുണ്ട്. വീടുകളില്‍ വളര്‍ത്തുന്ന എല്ലാ മൃഗങ്ങള്‍ക്കും എണ്ണമുണ്ടാകണം. പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ വാര്‍ഡ് തലത്തില്‍ ഇതുസംബന്ധിച്ച കണക്കെടുപ്പ് നടത്തുകയും രജിസ്റ്റര്‍ സൂക്ഷിക്കുകയും വേണം. ഓമനമൃഗങ്ങള്‍ക്കെല്ലാം കുത്തിവെപ്പ് കൊടുത്തുകഴിഞ്ഞാല്‍ ഇന്ന് യൂറോപ്പിലെ ചില രാജ്യങ്ങള്‍ ചെയ്യുന്നത് പോലെ മൃഗങ്ങള്‍ക്ക് ഇഷ്ടമുളള ചില ഭക്ഷണപദാര്‍ഥങ്ങള്‍ അവര്‍ക്കിടയില്‍ വിതരണം ചെയ്ത് അതില്‍ മരുന്ന് ഉള്‍ക്കൊളളിച്ചാല്‍ തെരുവിലുളള പട്ടികളേയും മറ്റുമൃഗങ്ങളേയും ഒരു പരിധിവരെ അപകടരഹിതരാക്കാന്‍ സാധിക്കും.

നേരത്തേ പറഞ്ഞതുപോലെ ലക്ഷക്കണക്കിന് പട്ടികള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത വിധത്തില്‍ കൃത്യമായ മാലിന്യ നിര്‍മാര്‍ജന പരിപാടികള്‍ ആവിഷ്‌ക്കരിക്കേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. 1920-ല്‍ ബ്രിട്ടണ്‍ റാബിസ് ഇല്ലായ്മ ചെയ്യുന്നതിന് നായ്ക്കളെ കുത്തിവെച്ച് കൊന്നിരുന്നു. ഇന്ന് അത് എളുപ്പമുളള കാര്യമല്ല. ഇത്തരത്തില്‍ മറ്റുളള രാജ്യങ്ങളില്‍ എങ്ങനെയെല്ലാമാണ് റാബിസ് ഇല്ലായ്മ ചെയ്തതെന്ന് മനസ്സിലാക്കിക്കൊണ്ട് ഗോവയെ പോലെ കേരളത്തേയും റാബിസ് മുക്തമാക്കാന്‍ സാധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഇതിനുപുറമേ മരുന്നുകളുടെ ഗുണനിലവാരത്തെകുറിച്ചും അതിന്റെ സമ്പാദനത്തിലുണ്ടായ അപാകതകളെ കുറിച്ചും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കേരളത്തെ ഇന്ന് തുറിച്ച് നോക്കുന്നത് പേവിഷ ബാധകൊണ്ട് ഉണ്ടായ മരണമല്ല, മറിച്ച് പേവിഷത്തിന് മൂന്നുതവണ കുത്തിവെച്ചിട്ടും മരിക്കുന്ന അവസ്ഥയാണ്. എവിടെയാണ് നമ്മുടെ സംവിധാനത്തിന് പാളിച്ച പറ്റിയത് എന്ന് കണ്ടെത്താന്‍ ഒരു വിദഗ്ധ കമ്മിറ്റിയെ വെച്ചിട്ടുണ്ട്. അതില്‍ വൈറോളജിസ്റ്റുകളാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും. അവരോടടക്കം സംസാരിച്ചുകൊണ്ട് ഈ ദാരുണമായ സംഭവം ഉണ്ടായ പശ്ചാത്തലത്തില്‍ ഒരു ജുഡീഷ്യല്‍ കമ്മിഷന്‍ കേരളത്തിലെ പേവിഷ ബാധയെ കുറിച്ചും വാക്‌സിന്‍ എടുത്തശേഷം മരിക്കുന്നതിനെ കുറിച്ചും പഠനം നടത്തേണ്ടതായിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം വളരെ വൈകിയാണെങ്കിലും റാബിസ് ഒരു നോട്ടിഫൈബിള്‍ ഡിസീസായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്രയുംനാള്‍ എന്തുകൊണ്ട് ആ ഗൗരവത്തോടുകൂടി റാബിസിനെ സംബന്ധിച്ച കണക്കുകള്‍ കൃത്യമായി എടുത്തില്ല എന്ന ചോദ്യം പ്രസക്തമാണ്. സുപ്രീംകോടതിയും ഇക്കാര്യത്തില്‍ ചില നടപടികള്‍ എടുത്തു. ജസ്റ്റിസ് സിരിജഗന്‍ കമ്മിഷന്‍ എന്ന സംവിധാനം പ്രവര്‍ത്തിക്കുന്നത് കൊച്ചിയിലാണ്. അടുത്തിടെ കോട്ടയം മുനിസിപ്പാലിറ്റിയില്‍ പട്ടികടിയേറ്റ രണ്ടുപേര്‍ക്ക് സിരിജഗന്‍ കമ്മിഷന്‍ നഷ്ടപരിഹാരം നല്‍കിയത് വളരെ നല്ല കാര്യമായി. ഏതാണ്ട് 40,000 രൂപയാണ് കമ്മിഷന്‍ നഷ്ടപരിഹാരമായി നല്‍കാന്‍ മുനിസിപ്പാലിറ്റിയോട് ആവശ്യപ്പെട്ടത്. പക്ഷേ പേവിഷം ബാധിച്ച് മരിച്ചവര്‍ക്കുളള നഷ്ടപരിഹാരം സര്‍ക്കാരാണ് കൊടുക്കേണ്ടത്. പ്രത്യേകിച്ച് വാക്‌സിന്‍ എടുത്ത ശേഷമുളള മരണത്തിന്. കേരളത്തിലെ ആരോഗ്യവകുപ്പ് ഇക്കാര്യത്തില്‍ കാണിച്ചിട്ടുളള അനാസ്ഥയും അതിന്റെ പരാജയവും ജനങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്. നമ്മുടെ ആരോഗ്യമന്ത്രി വീണാജോര്‍ജ് ഇക്കാര്യത്തില്‍ ഒരു വലിയ പരാജയമാണ്

സമ്പൂര്‍ണ വാക്‌സിനേഷന്‍ ഡ്രൈവ് കേരളം നടത്തിയിട്ടും എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്നതാണ് ജനങ്ങള്‍ ഉന്നയിക്കുന്ന ചോദ്യം. വാങ്ങുന്ന മരുന്നുകള്‍ക്ക് ഗുണനിലവാരം ഇല്ലാതാവുകയോ ഗുണനിലവാരം ഉണ്ടെങ്കിലും കാലാവധി പൂര്‍ത്തിയാകാന്‍ പോകുന്ന മരുന്നുകള്‍ കേരളത്തിലേക്ക് തളളിവിടുകയോ ചെയ്യുന്ന പ്രവണത ഉണ്ടാകും. ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രി പ്രതിസ്ഥാനത്ത് തന്നെയാണ് നില്‍ക്കുന്നത്.

പേവിഷത്തിനുളള വാക്‌സിന്‍ സ്വീകരിച്ച ശേഷവും ഈ വര്‍ഷം മരിച്ച ആറുപേര്‍ക്ക് ചുരുങ്ങിയത് ഒരുകോടി രൂപയെങ്കിലും നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്ന് ആവശ്യപ്പെടുകയാണ്. അത്തരം സംഭവങ്ങളുണ്ടായാല്‍ അതിന് ഉത്തരവാദികളായിട്ടുളള ഉദ്യോഗസ്ഥന്മാരെ സസ്‌പെന്‍ഷനില്‍ നിര്‍ത്തി അന്വേഷിക്കേണ്ടതായിട്ടുണ്ട്. അഭിരാമിയുടെ മരണം അത്തരത്തിലുളള ദാരുണമായ ഒന്നാണ്. ഇന്ത്യയിലെ 18,000 മരണങ്ങളില്‍ ഭൂരിപക്ഷവും 15 വയസ്സിന് താഴെയുളള കുട്ടികളാണ് .

ഏതായാലും പേവിഷബാധ ഏറ്റവും ഗൗരവമേറിയ പൊതുജനാരോഗ്യപ്രശ്‌നമായി നാം എടുക്കേണ്ടിയിരിക്കുന്നു. തെരുവുപട്ടികളെ തല്ലിക്കൊല്ലലും ഇല്ലായ്മ ചെയ്യലും മാത്രമല്ല പേവിഷബാധ നിയന്ത്രിക്കാനുളള മാര്‍ഗമെന്ന് കൂടി മാധ്യമങ്ങള്‍ അടക്കം എല്ലാവരും മനസ്സിലാക്കേണ്ടതായിട്ടുണ്ട്. തെരുവുപട്ടികള്‍ തീര്‍ച്ചയായും അപകടം ഉണ്ടാക്കുന്നുണ്ട്. നമ്മുടെ തെരുവുകളില്‍ പട്ടികള്‍കൂടി നില്‍ക്കട്ടേ എന്ന വാദം പലപ്പോഴും ഉന്നയിക്കാറുണ്ടെങ്കിലും അത് ദുര്‍ബലരായ മനുഷ്യരുടെ അവസ്ഥയെ കുറിച്ച് ദുര്‍ബലര്‍ അല്ലാത്തവര്‍ നടത്തുന്ന വിധിന്യായം പോലെയാണ്. കണ്ണുകാണാത്ത ഒരാള്‍ വെളളച്ചൂരലുമായി ശബ്ദമുണ്ടാക്കിക്കൊണ്ട് പോകുമ്പോള്‍ അന്ധനായ മനുഷ്യനെ ആക്രമിക്കാന്‍ പോകുന്ന തെരുവുനായയുടെ പ്രശ്‌നം കണ്ണുളളയാള്‍ക്ക് മനസ്സിലാകില്ല.

നടക്കാന്‍ ബുദ്ധിമുട്ടുളള ഒരാള്‍ തെരുവുപട്ടിയാല്‍ ആക്രമിക്കപ്പെടുന്നതിന്റെ ബുദ്ധിമുട്ട് വേഗത്തില്‍ ഓടാന്‍ കഴിയുന്നവന് മനസ്സിലാകില്ല. ഇരുചക്രവാഹനങ്ങളില്‍ പോകുന്നവരുടെ വൈഷമ്യം കാറില്‍പോകുന്നവര്‍ക്ക് അറിയില്ല. ഒരുതരംഏബിളിസ്റ്റ് ആറ്റിറ്റിയൂഡ് (Ableist attitude) എന്നറിയപ്പെടുന്ന സമീപനമാണ് തെരുവുപട്ടികളുമാകാം എന്ന് വാദത്തിന്റെ മുഖ്യദൗര്‍ബല്യം.

തെരുവുപട്ടികളെ അതും ലക്ഷക്കണക്കിന് തെരുവുപട്ടികളെ താങ്ങാന്‍ നമ്മുടെ തെരുവുകള്‍ക്ക് ആവില്ല. അതുകൊണ്ട് തെരുവുപട്ടികള്‍ ഉണ്ടാകുന്ന
സാഹചര്യംതന്നെ ഇല്ലായ്മ ചെയ്യണം. അതിനായി ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും മൃഗസംരക്ഷണ വകുപ്പും ഒരുമിച്ച് പ്രവര്‍ത്തിക്കുകയല്ലാതെ മറ്റുമാര്‍ഗങ്ങളില്ല താനും.

Content Highlights: stray dog menace, pratibhashanam column by cp john


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented