ഭരണകൂട വർഗീയത, ഇടതുപക്ഷം, പാലക്കാട്ടെ കൊലപാതകങ്ങൾ | വഴിപോക്കൻ


വഴിപോക്കൻ

ഭരണകൂട വർഗീയതയ്ക്കെതിരെയുള്ള  ചെറുത്തുനിൽപ്പ് പോപ്പുലർ ഫ്രണ്ടിനും എസ്.ഡി.പി.ഐക്കും വിട്ടുകൊടുക്കുന്നത് ആത്മഹത്യപരമായിരിക്കും. ഹിന്ദുത്വയ്ക്കുള്ള തിരിച്ചടി തീവ്ര ഇസ്ലാമല്ലെന്ന തിരിച്ചറിവാണ് ജനാധിപത്യ വിശ്വാസികളെ നയിക്കേണ്ടത്. കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടികളും മുസ്ലിം ലീഗും ഒരുപോലെ ഉണർന്നിരിക്കേണ്ട സമയമാണിത്. ഈ സമയത്ത് കണ്ണു ചിമ്മിയാൽ അതിന് കൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും.

ലഖ്‌നൗവിൽ ഏപ്രിൽ 14-ന് ആർ.എസ്.എസ്. നടത്തിയ പ്രകടനം | Photo: PTI

പാലക്കാട്ടെ അരുംകൊലകളിൽ പോലിസിനെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ലെന്നാണ് മന്ത്രി എം.വി. ഗോവിന്ദനും എ.ഡി.ജി.പി. വിജയ് സാഖറെയും പറയുന്നത്. ഈ കൊലകൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന കാര്യത്തിൽ ഇരുവർക്കും സംശയമില്ല. പക്ഷേ, ഗൂഢാലോചന കണ്ടെത്താൻ കേരള പോലിസിന് കഴിയുമെന്ന് ആരും പ്രതീക്ഷിക്കരുതെന്ന് മന്ത്രിയും പോലിസ് മേധാവിയും പറയുമ്പോൾ ചിരിക്കുകയാണോ കരയുകയാണോ വേണ്ടതെന്നറിയില്ല.

മൂന്നര കോടി ജനങ്ങളുള്ള കേരളത്തിൽ 541 പോലിസ് സ്റ്റേഷനുകളാണുള്ളത്. പോലിസിന്റെ ആധുനികവത്കരണത്തിന് 16 കോടി രൂപ മാത്രമാണ് ധനമന്ത്രി ബാലഗോപാൽ ഇക്കഴിഞ്ഞ ബജറ്റിൽ അനുവദിച്ചതെന്നതും യാഥാർത്ഥ്യമാണ്. കഴിഞ്ഞ ദിവസം ഒരു മുൻ ഡി.ജി.പി. മാതൃഭൂമി ലേഖകനോട് പറഞ്ഞത് കേരളത്തിലെ അമ്പതിനായിരത്തോളം വരുന്ന പോലിസ് സേനയിൽ 1,400 പേർ മാത്രമാണ് ഇന്റലിജൻസ് വിഭാഗത്തിൽ പ്രവർത്തിക്കുന്നതെന്നാണ്. ഇത്രയും ആളുകളെവെച്ച് എങ്ങിനെയാണ് വർഗീയ സംഘടനകളുടെ ഗൂഢാലോചനകൾ കണ്ടെത്താനാവുക എന്നാണ് അദ്ദേഹം ചോദിച്ചത്. ഈ ചോദ്യത്തിന് ഉത്തരം പറയേണ്ടത് ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ്.

മാസങ്ങൾക്കു ശേഷമോ കൊല്ലങ്ങൾക്കപ്പുറത്തോ നടത്തുന്ന പ്രതികാര കൊലപാതകങ്ങൾ പോലിസിന് മുൻകൂട്ടി അറിയാൻ പറ്റില്ലെന്ന് പറഞ്ഞാൽ മനസ്സിലാക്കാം. പക്ഷേ, പാലക്കാട് തിരിച്ചടിയുണ്ടായത് 24 മണിക്കൂറിനുള്ളിലാണ്. സമാനമായ സാഹചര്യങ്ങളിൽ കഴിഞ്ഞ വർഷം ആലപ്പുഴയിൽ നടന്ന കൊലകളും പോലിസിന് മുന്നിലുണ്ട്. ആർ.എസ്.എസും എസ്.ഡി.പി.ഐയും ഇന്നലെ പൊട്ടിമുളച്ച സംഘടനകളല്ല. 1948-ൽ ഗാന്ധിജിയുടെ വധത്തെ തുടർന്ന് കേന്ദ്ര സർക്കാർ നിരോധിച്ച സംഘടനയാണ് ആർ.എസ്.എസ്. മൂന്നു വർഷത്തിനപ്പുറം 2025-ൽ ശതാബ്ദി ആഘോഷിക്കാനിരിക്കുന്ന സംഘടന.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിൽ എസ്.ഡി.പി.ഐ. 2009-ലായിരിക്കാം നിലവിൽ വന്നത്. പക്ഷേ, അതിന്റെ വേരുകളും ഏറെ പിന്നിലേക്ക് പോകുന്നുണ്ട്. 2010 ജൂലായ് നാലിനാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈ വെട്ടി മാറ്റിയത്. ആർ.എസ്.എസും എസ്.ഡി.പി.ഐയും നിഷ്‌കളങ്കരും നിർമ്മലമാനസരും സർവ്വോപരി വിശുദ്ധ പശുക്കളുമാണെന്ന് കേരള പോലിസ് എന്തായാലും കരുതുന്നുണ്ടാവില്ല. അതുകൊണ്ടുതന്നെ പാലക്കാട് എലപ്പുള്ളിയിൽ എസ്.ഡി.പി.ഐ. പ്രവർത്തകൻ സുബൈർ കൊല്ലപ്പെടുമ്പോൾ എന്തായിരിക്കും അതിന്റെ പ്രത്യാഘാതമെന്ന് ഗണിച്ചറിയാൻ പാഴൂർ പടിപ്പുരയിലേക്കല്ല, സ്വന്തം ഇന്റലിജൻസ് സംവിധാനത്തിലേക്കാണ് കേരള പോലിസ് തിരിയേണ്ടിയിരുന്നത്.

കോഴിക്കോട്ട് രണ്ട് ചെറുപ്പക്കാരെ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ യു.എ.പി.എ. ചുമത്തി ജയിലിൽ അടയ്ക്കാൻ ഒരു പ്രയാസവുമില്ലാതിരുന്ന കേരള പോലിസിന്റെ ഇന്റലിജൻസ് സംവിധാനത്തിന് വർഗീയ ശക്തികൾ നടത്തുന്ന ഗൂഢാലോചനകൾ കണ്ടെത്താനാവുന്നില്ലെന്ന് പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങാൻ സാമാന്യ ബുദ്ധിയുള്ളവർക്ക് കഴിയില്ല. സിൽവർ ലൈനിന് കല്ലിടുന്നതിനെതിരെ ഉയരുന്ന പ്രക്ഷോഭം തടയാൻ ഉപയോഗിക്കുന്ന പോലിസിന്റെ ചെറിയൊരു ഭാഗം മതിയാവും വർഗീയ കൊലപാതകങ്ങൾ ഫലപ്രദമായി നേരിടാൻ. അതിന് പക്ഷേ, രണ്ട് കാര്യങ്ങൾ അത്യന്താപേക്ഷിതമാണ്. ഒന്ന്- പോലിസ് സേനയുടെയും ഭരണത്തിന്റെയും തലപ്പത്ത് ഉത്തരവാദിത്വബോധമുള്ളവരുണ്ടാവണം. രണ്ട്- പോലിസ് സേനയിലുള്ള രാഷ്ട്രീയ ഇടപെടലിന് കൃത്യമായ മാനദണ്ഡമുണ്ടാവണം.

ജൂലിയൊ റിബൈറൊ പറയുന്നത്

ജൂലിയോ റിബൈറോ

പഞ്ചാബിലും മഹാരാഷ്ട്രയിലും ഭീകരരെയും തീവ്രവാദികളെയും കൈകാര്യം ചെയ്ത് തഴക്കവും പഴക്കവുമുള്ള ജൂലിയോ റിബൈറൊ എന്ന പോലിസ് ഓഫീസർ 2020-ലെ ഡൽഹി കലാപത്തിന്റെ പശ്ചാത്തലത്തിൽ പറഞ്ഞ ഒരു സംഗതി ഇതുമായി ബന്ധമുള്ളതാണ്. ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിലും നിയമനത്തിലും മാത്രമേ ഭരണകൂടം ഇടപെടാൻ പാടുള്ളുവെന്നും ബാക്കിയുള്ളവരുടെ കാര്യം പോലിസ് അധികാരികൾക്ക് വിട്ടുകൊടുക്കണമെന്നുമാണ് റിബൈറൊ പറഞ്ഞത്. 1982-ൽ മുംബൈ കമ്മീഷണർ ആയിരിക്കുമ്പോൾ അന്നത്തെ മുഖ്യമന്ത്രി വസന്ത്ദാദ പാട്ടീൽ ഒരു പോലിസ് ഓഫിസർക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് സ്ഥാനക്കയറ്റം നൽകണമെന്ന് റിബൈറൊയോട് ആവശ്യപ്പെട്ടു. റിബൈറൊ വഴങ്ങിയില്ല.

പാട്ടീൽ നേരെ ഡി.ജി.പിയുടെ മുന്നിൽ ഈ ആവശ്യം ഉയർത്തി. ഈ ആവശ്യത്തിന് വഴങ്ങിയാൽ മുംബൈ പോലിസിലുള്ളവർക്ക് തന്നിലുള്ള വിശ്വാസ്യത അതോടെ ഇല്ലാതാവുമെന്നും ഭരണകൂടത്തിന് വേണമെങ്കിൽ തന്നെ സ്ഥലം മാറ്റാമെന്നും ഒരൊച്ചപ്പാടുമില്ലാതെ താൻ ഒഴിഞ്ഞുപൊയ്ക്കൊള്ളാമെന്നുമാണ് റിബൈറൊ ഡി.ജി.പിയോട് പറഞ്ഞത്. പിന്നീട് പാട്ടീൽ ഇങ്ങനെയുള്ള ഒരു തൊന്തരവിനും മുതിർന്നിട്ടില്ലെന്നും റിബൈറൊ പറഞ്ഞു.

ഈ നിലപാടിന്റെ ഫലം റിബൈറൊ അറിഞ്ഞത് അദ്ദേഹം പിന്നീട് സി.ആർ.പി.എഫ്. ഡി.ജി.പിയായി സ്ഥാനക്കയറ്റം കിട്ടി മുംബൈ വിട്ടപ്പോഴാണ്. അന്ന് റിബൈറൊയെ യാത്രയാക്കാൻ വിമാനത്താവളത്തിലെത്തിയ 12 ഇൻസ്പെകടർമാർ അദ്ദേഹത്തോട് പറഞ്ഞത് ഇതാണ്: ''സാർ വന്നതോടെ ഞങ്ങളുടെ ഹഫ്ത (അനധികൃത പിരിവ്) നിന്നുപോയി. പക്ഷേ, ഞങ്ങൾക്ക് ഞങ്ങളുടെ ആത്മവീര്യം തിരിച്ചുകിട്ടി.''

ആത്മവീര്യം എല്ലാ മനുഷ്യർക്കും സുപ്രധാനമാണ്. ആത്മവീര്യമില്ലാത്ത ഒരു പോലിസ് സേനയ്ക്ക് സിൽവർ ലൈനിന് കല്ലിടുന്നത് തടയുന്നവരെ അടിച്ചൊതുക്കാനാവും. പക്ഷേ, പാലക്കാട്ടും ആലപ്പുഴയിലും നടന്ന അരുംകൊലകളിൽ അവർ നിസ്സഹായരാവും. കാരണം സ്വതന്ത്രമായ ഒരു അന്വേഷണ സംവിധാനത്തിന് മാത്രമേ വർഗീയ ശക്തികളെ നേരിടാനാവുകയുള്ളു.

ഇനി നമുക്ക് സുപ്രധാനമായ മറ്റോരു വിഷയത്തിലേക്ക് വരാം. പോലിസ് വിചാരിച്ചാൽ തടയാവുന്ന സംഗതിയല്ല വർഗീയത. അതിന്റെ വേരുകൾ അത്രമാത്രം ആഴവും വ്യാപ്തിയാർന്നതുമാണ്.

ജയപ്രകാശ് നാരായൺ, ഇന്ദിര ഗാന്ധി

വർഗീയത മാനിക്കപ്പെടുമ്പോൾ

വർഗീയ സംഘടനകൾക്ക് ബഹുമാനവും ആദരവും കിട്ടുന്നുണ്ടെന്നതാണ് ഇന്നത്തെ വലിയൊരു പ്രശ്നം. സ്വതന്ത്ര ഇന്ത്യയെ ഞെട്ടിച്ച സംഭവമായിരുന്നു ഗാന്ധി വധം. സ്േനഹത്തിന്റെയും സമാധാനത്തിന്റെയും പ്രവാചകനായിരുന്ന ഒരു മനുഷ്യനെ നിഷ്ഠൂരമായി ഇല്ലാതാക്കാൻ വർഗീയ ശക്തികൾക്ക് കഴിഞ്ഞുവെന്നത് ഇന്ത്യൻ ജനതയ്ക്ക് ഉൾക്കൊള്ളാവുന്നതിലും അപ്പുറമായിരുന്നു. മുസ്ലിങ്ങൾക്കായി ശബ്ദമുയർത്തുകയും പോരാടുകയും ചെയ്തു എന്നതാണ് ഗോഡ്സെയെയും കൂട്ടരെയും ഗാന്ധിക്കെതിരെ തിരിച്ചത്. പക്ഷേ, ഗാന്ധി വധത്തോടെ ഇന്ത്യയിൽ വർഗീയ ശക്തികൾ ഒറ്റപ്പെട്ടു. സർദാർ പട്ടേൽ എന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയാണ് ആർ.എസ്.എസിനെ നിരോധിക്കാൻ മുൻകൈ എടുത്തത്.

ഈ നിരോധനം പിൻവലിക്കപ്പെട്ടെങ്കിലും ആർ.എസ്.എസ്. ഇന്ത്യൻ പൊതുസമൂഹത്തിന്റെ മുഖ്യധാരയിൽനിന്ന് പിന്നീടും മാറ്റി നിർത്തപ്പെട്ടു. ഇതിനൊരു മാറ്റമുണ്ടായത് 1975-ലെ അടിയന്തരാവസ്ഥയോടെയാണ്. ഇന്ത്യൻ ജനാധിപത്യം തീവ്രമായി പരീക്ഷിക്കപ്പെട്ട ആ നാളുകളിൽ ഇന്ദിര ഗാന്ധിയുടെ ഏകാധിപത്യത്തിനെതിരെയുള്ള പോരാട്ടത്തിൽ ജയപ്രകാശ് നാരായൺ കൂടെക്കൂട്ടിയവരിൽ ആർ.എസ്.എസും ജനസംഘവും ഉണ്ടായിരുന്നു. ഗാന്ധി വധത്തിന്റെ നിഴലിലായിരുന്ന ആർ.എസ്.എസ്. ഇന്ത്യൻ പൊതുസമൂഹത്തിന്റെ മുഖ്യധാരയിലേക്ക് പ്രവേശിക്കുന്നത് അടിയന്തരാവസ്ഥയിൽ ജയപ്രകാശ് നാരായണന്റെ കൈപിടിച്ചാണ്.

ഈ നടപടിയിൽ ജെ.പി. പിന്നീട് ഖേദിച്ചതായി അടിയന്തരാവസ്ഥയിൽ ജെ.പിയെ തടവിലിട്ടിരുന്ന ചണ്ഡിഗഢ് ജയിലിന്റെ ചുമതലയുണ്ടായിരുന്ന ഐ.എ.എസ്. ഓഫീസർ എം.ജി. ദേവസഹായം പറഞ്ഞിട്ടുണ്ട്. 1977-ൽ ജനത പാർട്ടി അധികാരത്തിലേറിയപ്പോൾ ജെ.പി. മുന്നോട്ടുവെച്ച നിബന്ധനകളിലൊന്ന് ജനസംഘം പ്രതിനിധികളായി മന്ത്രിസഭയിലുണ്ടായിരുന്ന വാജ്പേയിയും എൽ.കെ. അദ്വാനിയും ആർ.എസ്.എസുമായുള്ള ബന്ധം ഉപേക്ഷിക്കണം എന്നതായിരുന്നു. വാജ്പേയിയും അദ്വാനിയും മാത്രമല്ല അന്ന് ആർ.എസ്.എസ്. മേധാവിയിരുന്ന ബാല സാഹെബ് ദേവറസും ജെ.പിക്ക് ഇക്കാര്യത്തിൽ വാക്കു കൊടുത്തിരുന്നുവെന്നാണ് ദേവസഹായം ചൂണ്ടിക്കാട്ടുന്നത്. പക്ഷേ, ഈ വാക്ക് പാലിക്കാൻ ഇവരാരും തന്നെ തയ്യാറായില്ല. ഒടുവിൽ ജനത സർക്കാർ നിലംപതിക്കുകയും ചെയ്തു. ആ ദിനങ്ങളിൽ രോഗഗ്രസ്ഥനായി ആസ്പത്രിയിലായിരുന്ന ജെ.പിയെ കാണാനെത്തിയ തന്നോട് അത്യധികം വിഷമത്തോടെയാണ് ആർ.എസ്.എസിന്റെ ഈ 'വഞ്ചന'യെക്കുറിച്ച് ജെ.പി. പറഞ്ഞതെന്ന് ദേവസഹായം ഓർക്കുന്നുണ്ട്.

പറഞ്ഞുവന്നത് വർഗീയ സംഘടനകൾക്ക് സമൂഹത്തിൽ ആദരവും ബഹുമാനവും നേടാനാവുന്നതിനെ കുറിച്ചാണ്. ഭരണകൂടം തന്നെ വർഗീയമാവുന്ന കാഴ്ചയാണ് ഇന്നിപ്പോൾ ഇന്ത്യയിലുള്ളത്. കലാപകാരികളെ അവരുടെ വസ്ത്രം നോക്കി തിരിച്ചറിയാമെന്ന് പറയുന്ന പ്രധാനമന്ത്രിയും ബംഗ്ളാദേശിൽനിന്നുള്ള കുടിയേറ്റക്കാരെ ചിതലുകൾ എന്ന് വിളിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയും ഈ തിരഞ്ഞെടുപ്പ് 80 ശതമാനവും 20 ശതമാനവും തമ്മിലാണെന്ന് പറയുന്ന യു.പി. മുഖ്യമന്ത്രിയും ഈ വർഗീയതയെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഡൽഹി കലാപത്തിൽ വർഗീയത ആളിക്കത്തിച്ച കപിൽ മിശ്രയെയും അനുരാഗ് താക്കൂറിനെയും പോലുള്ളവരെ ആദരിക്കുന്ന ഒരു പാർട്ടിയുള്ളപ്പോൾ വർഗീയതയ്ക്ക് കിട്ടുന്ന സ്വീകാര്യത വളരെ വലുതാണ്. ബാബറി മസ്ജിദ് തകർത്തത് അന്യായമാണെന്ന് പറയുമ്പോൾതന്നെ ആ തകർത്തവർക്കാണ് വിവാദഭൂമി വിട്ടുകൊടുക്കേണ്ടതെന്ന് പറയുന്ന കോടതി വിധിയും ഇതേ വഴിയിലാണ് സഞ്ചരിക്കുന്നത്.

അടുത്തിടെ ഹരിദ്വാർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മുഴങ്ങിയ വെറുപ്പിന്റെ ആക്രോശങ്ങൾക്ക് ഭരണകൂടം നൽകിയ മൗനാനുവാദം മറക്കാനാവില്ല. അസമിൽ പോലിസ് വെടിവെച്ചിട്ട ഒരു മുസ്ലിം ചെറുപ്പക്കാരന്റെ മൃതദേഹത്തിൽ ചാടിച്ചവിട്ടി തുള്ളിയതിനെതിരെ ഒരു വാക്കു പോലും മിണ്ടാതിരുന്ന പ്രധാനമന്ത്രി അടക്കമുള്ളവർ സമൂഹത്തിന് നൽകുന്ന സന്ദേശവും മറ്റൊന്നല്ല.

വർഗീയ കലപാങ്ങളിൽ ജയിലിൽ അടയ്ക്കപ്പെടുന്നവർ പുറത്തിറങ്ങുമ്പോൾ മാല ചാർത്തി സ്വീകരിക്കുന്നവരും ഈ സമൂഹത്തോട് വർഗീയത മഹത്തരമാണെന്ന് തന്നെയാണ് വിളിച്ചുപറയുന്നത്. ജോസഫ് മാഷുടെ കൈപ്പത്തി വെട്ടിയവർ ഉൾപ്പെട്ട സംഘടനയായ പോപ്പുലർ ഫ്രണ്ട് ഇപ്പോഴും കേരളത്തിൽ സജീവമാണ്. വർഗീയ സംഘടനകളിൽ അംഗമാണെന്ന് പുറത്തു പറഞ്ഞാൽ നാണക്കേടുണ്ടായിരുന്ന കാലം ഇന്നില്ല. പത്മശ്രീയും പത്മഭൂഷണും കിട്ടുന്നതു പോലെയാണ് ഇന്ന് വർഗീയ സംഘടനയിലെ അംഗത്വം കാണുന്നത്.

നിയോ ലിബറലിസത്തിന്റെ ഇടപെടൽ

പ്രഭാത് പട്‌നായിക്

ശൂന്യതയിൽനിന്ന് ഉണ്ടാവുന്നതല്ല വർഗീയത. സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ ഒരു പരിസരം അതിനുണ്ട്. നവ സാമ്പത്തിക ഉദാരവത്കരണവും വർഗീയതയും തമ്മിലുള്ള പൊക്കിൾക്കൊടി ബന്ധത്തെക്കുറിച്ച് പ്രഭാത് പട്നായിക്കിനെ പോലുള്ള സാമ്പത്തിക ശാസ്ത്രജ്ഞർ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. പൊതുസ്വത്തുക്കൾ സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്ന ഭരണകൂടങ്ങളാണ് കോർപറേറ്റുകളുടെ കണ്ണിലുണ്ണികൾ. ഇന്ത്യയിൽ നടക്കുന്ന വർഗീയവത്കരണത്തെക്കുറിച്ച് ആശങ്കാകുലരാവുന്നവരിൽ ഒരു വൻകിട കമ്പനിയുടെയും മേധാവികളുണ്ടാവില്ല. തുറമുഖങ്ങളും വിമാനത്താവളങ്ങളും സ്വകാര്യവത്കരിക്കുന്ന ഭരണകൂടങ്ങളുടെ വർഗീയ പ്രവൃത്തികൾ ഈ കോർപറേറ്റുകൾ കണ്ടില്ലെന്ന് നടിക്കുന്നു. തൊഴിലില്ലായ്മയും വിലക്കയറ്റവും പോലുള്ള നീറുന്ന പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവർക്ക് ഇപ്പോൾ മുന്നോട്ടുവെയ്ക്കാൻ കഴിയുന്ന ഒരേയൊരു മാർഗ്ഗം വർഗീയതയുടേതാണ്. എൺപത് ശതമാനം x ഇരുപത് ശതമാനം എന്ന ദ്വന്ദത്തിൽ എല്ലാ പ്രശ്നങ്ങൾക്കുമുള്ള മറുമരുന്നുണ്ടെന്ന കണ്ടെത്തലാണ് ഈ ഭരണകൂടങ്ങളെ നയിക്കുന്നത്.

ഡൽഹി കലാപവും പശുക്കളുടെ പേരിലുള്ള കൊലകളും പാലക്കാടും ആലപ്പുഴയുമൊക്കെ അരങ്ങേറുന്നത് ഈ പരിസരത്തിലാണ്. ഇതിനെതിരെയുള്ള ചെറുത്തുനിൽപ്പിന് നേതൃത്വം നൽകേണ്ട ഇടതുപക്ഷം ദുർബ്ബലമായതാണ് ഇന്ത്യൻ സമൂഹം നേരിടുന്ന വലിയൊരു പ്രതിസന്ധി. ഇടതുപക്ഷം എന്ന് പറഞ്ഞാൽ അത് കമ്മ്യൂണിസ്റ്റ് പാർട്ടികൾ മാത്രമല്ല. വർഗീയതയുമായി ഒരു അനുരഞ്ജനവും ഇല്ല എന്ന് പ്രഖ്യാപിച്ച ജവഹർലാൽ നെഹ്‌റു ഉൾപ്പെടെയുള്ളവരടങ്ങിയ കോൺഗ്രസ് ഇടത്പക്ഷമായിരുന്നു.

ആർ.എസ്.എസുമായി ഒരു തരത്തിലുള്ള കൂട്ടിനും തയ്യാറാവാതിരുന്ന ഇന്ദിരയും കോൺഗ്രസിനുള്ളിലെ ഇടതുപക്ഷ ബോധവുമായിരുന്നു 1970-കളിൽ ബാങ്ക് ദേശസാൽക്കരണത്തിനും പ്രിവിപഴ്സ് നിർത്തലാക്കലിനും പിന്നിൽ പ്രവർത്തിച്ചത്. പക്ഷേ, 1975-ലെ അടിയന്തരാവസ്ഥയോടെ കോൺഗ്രസിൽ ഈ ഇടതുപക്ഷം ദുർബ്ബലമായി. മാപ്പപേക്ഷ നൽകിയ ആർ.എസ്.എസ്. നേതാക്കളെ നിഷ്‌കരുണം നിരസിക്കാനും ഭരണഘടനയിൽ മതേതരത്വം എന്ന വാക്ക് എഴുതിച്ചേർക്കാനും ഇന്ദിരയ്ക്കായെങ്കിലും പിന്നീടങ്ങോട്ട് വർഗീയതയുമായുള്ള മുഖാമുഖങ്ങളിൽ കോൺഗ്രസ് പരാജയപ്പെടുന്നതാണ് ഇന്ത്യൻ സമൂഹം കണ്ടത്.

അധികാരത്തിനുവേണ്ടിയുളള വിട്ടുവീഴ്ചകൾ പിന്നീട് കോൺഗ്രസിന്റെ മുഖമുദ്രയായി. അടിയന്തരാവസ്ഥയ്ക്ക് എതിരെയാണെങ്കിലും ജനസംഘും ആർ.എസ്.എസുമായി ഒരിടപാടും വേണ്ടെന്നാണ് സി.പി.എം. ജനറൽ സെക്രട്ടറി പി. സുന്ദരയ്യ പറഞ്ഞത്. പക്ഷേ, ജനറൽ സെക്രട്ടറിയെ തള്ളി, ജനാധിപത്യം സംരക്ഷിക്കാൻ ഏത് ചെകുത്താനുമായും കൂട്ടുകൂടാമെന്ന് സി.പി.എം. നിലപാടെടുത്തു. ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നുള്ള സുന്ദരയ്യയുടെ രാജിക്ക്‌ പോലും സി.പി.എമ്മിനെ ഈ നിലപാടിൽനിന്ന് പിന്തിരിപ്പിക്കാനായില്ല.

നിയോ ലിബറലിസത്തിന്റെ കൈപിടിച്ചാണ് വർഗ്ഗീയത കരുത്താർജ്ജിക്കുന്നത്. അതുകൊണ്ടു കൂടിയാണ് 2016-ൽ ഗീത ഗോപിനാഥിനെ കേരള സർക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി പ്രഭാത് പട്നായിക്കിനെ പോലുള്ള ഇടതുപക്ഷ ചിന്തകർ ശക്തമായി എതിർത്തത്. സിൽവർ ലൈൻ പോലുള്ള പദ്ധതികൾ നവ സാമ്പത്തിക ഉദാരവത്കരണത്തിന്റെ ചിറകിലേറിയാണ് വരുന്നത്. സമൂഹം അസ്ഥിരമാവുന്ന ദുരന്തങ്ങൾ എങ്ങിനെയാണ് നവ സാമ്പത്തിക ഉദാരവത്കരണ ശക്തികൾ പ്രയോജനപ്പെടുത്തുന്നതെന്നതിനെ കുറിച്ച് ഇതേ കോളത്തിൽ കനേഡിയൻ എഴുത്തുകാരി നയോമി ക്ലൈന്റെ ചിന്തകളെ മുൻനിർത്തി നേരത്തെ വിശദമായി പ്രതിപാദിച്ചിരുന്നു. കേരളത്തിൽ ഇടതു മുന്നണി നേടിയ വിജയം ഇടതുപക്ഷത്തിന്റെ വിജയമായിരുന്നില്ലെന്നും അതൊരു രാഷ്ട്രീയ പാർട്ടിയുടെ വിജയമായിരുന്നെന്നും യോഗന്ദ്രേ യാദവിനെയും എം. കുഞ്ഞാമനെയും പോലുള്ളവർ വിലയിരുത്തുന്നതും ഇതേ പരിസരത്തിലാണ്.

എസ്.ഡി.പി.ഐ. കണ്ണൂരിൽ നടത്തിയ പോലീസ് സ്‌റ്റേഷൻ മാർച്ച് | ഫോട്ടോ: മാതൃഭൂമി

നീതിയുടെ നിഷേധം

സുശക്തവും ജാഗ്രതയാർന്നതുമായ ജനകീയ പ്രതിരോധത്തിലൂടെ മാത്രമേ വർഗീയതയെ ചെറുക്കാനാവുകയുള്ളു. മുംബൈയിൽ വർഗീയ കലാപങ്ങൾ ചെറുക്കാൻ അയൽപക്ക കൂട്ടായ്മകൾക്ക് രൂപം നൽകിയതിനെക്കുറിച്ച് റിബൈറൊ അനുസ്മരിക്കുന്നുണ്ട്. ഒരോ പ്രദേശത്തും മുളപൊട്ടുന്ന അസ്വാസ്ഥ്യങ്ങൾ മുളയിലേ നുള്ളണമെങ്കിൽ ഇത്തരം പ്രാദേശിക കൂട്ടായ്മകൾ അനിവാര്യമാണ്. 2002-ലെ ഗുജറാത്ത് കലാപം അന്വേഷിച്ച ദേശീയ മനുഷ്യാവകാശ കമ്മീഷനിലുണ്ടായിരുന്ന മുൻ ഗുജറാത്ത് ഡി.ജി.പി. ജാതവേദൻ നമ്പൂതിരിയുടെ ഡ്രൈവർ മുസ്ലിമായിരുന്നു. ഡ്രൈവർ സ്ഥാനത്തുനിന്ന് ഇയാളെ മാറ്റണമെന്ന വി.എച്.പി. നേതാക്കളുടെ ആവശ്യം നമ്പൂതിരി നിരസിച്ചു. ഡ്രൈവറെ മാറ്റിയില്ലെന്ന് മാത്രമല്ല, അദ്ദേഹത്തെ തന്റെ വീട്ടിൽ മാസങ്ങളോളം താമസിപ്പിച്ച് സംരക്ഷിക്കുന്നതിനും നമ്പൂതിരി തയ്യാറായി. ഗുജറാത്ത് കലാപത്തിൽ മോദി സർക്കാരിന് എന്തെങ്കിലും ഖേദമുണ്ടായിരുന്നതിന് തെളിവുകളൊന്നുമില്ലെന്ന് തുറന്ന് പറയാനും നമ്പൂതിരിക്ക് മടിയുണ്ടായിരുന്നില്ല. ഇതായിരിക്കണം വർഗീയതയുടെ കാര്യത്തിൽ പോലിസ് സേനയുടെയും ഭരണകൂടത്തിന്റെയും മുകളിലിരിക്കുന്നവരുടെ മനോഭാവം .

നീതി കിട്ടാതെ പോവുമ്പോഴാണ് ആളുകൾ ഭരണകൂട സംവിധാനങ്ങൾ വിട്ട് സമാന്തര ശക്തികളെ തേടിച്ചെല്ലുന്നത്. വർഷങ്ങളോളം അമേരിക്കയിൽ താമസിച്ച് അവിടത്തെ നീതിന്യായ സംവിധാനത്തിൽ വിശ്വസിച്ച് ജീവിച്ച ഒരു ബേക്കറിക്കടക്കാരൻ അദ്ദേഹത്തിന്റെ മകളെ ഉപദ്രവിച്ചവർ ശിക്ഷിക്കപ്പെടാതെ പോവുമ്പോഴാണ് വിറ്റൊ കൊർലിയോണി എന്ന മഫിയ തലവന്റെയടുത്തേക്കെത്തുന്നത്. മരിയൊ പുസൊയുടെ ഗോഡ്ഫാദർ എന്ന നോവലിൽ വിറ്റോയും അമറിഗൊ ബൊണസെറ എന്ന ഈ ബേക്കറും തമ്മിലുള്ള കൂടിക്കാഴ്ച നമ്മുടെ ഭരണാധികാരികൾ മനസ്സിരുത്തി വായിക്കണം.

നീതി നിഷേധിക്കപ്പെടുന്നുവെന്ന ചിന്ത ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കിടയിൽ ഇന്നിപ്പോൾ ശക്തമാണ്. ഭരണകൂടം തന്നെ വർഗീയമാവുമ്പോഴാണ് പ്രതിരോധം തീർക്കുന്നതിന് പോപ്പുലർ ഫ്രണ്ടിലേക്കും എസ്.ഡി.പി.ഐയിലേക്കും തിരിയാൻ മുസ്ലിം സമൂഹം നിർബ്ബന്ധിതമാവുന്നത്. ന്യൂനപക്ഷങ്ങളുടെ നിസ്സഹായതയിലാണ് ഈ വർഗീയ സംഘടനകൾ തഴച്ചുവളരുന്നത്. മുസ്ലിം ലീഗ് പോലുള്ള രാഷ്ട്രീയ പാർട്ടികൾ അത്യധികം ജാഗ്രതയോടെ വീക്ഷിക്കേണ്ട സംഭവവികാസമാണിത്.

ജഹാംഗീർപുരിയിൽ ബുൾഡോസർ തടയുന്ന ബൃന്ദ കാരാട്ട് | Photo PTI

പ്രൗഡ് ഒഫ് യു... ബൃന്ദ

ഇന്നലെ (ഏപ്രിൽ 20 ബുധൻ) ഡൽഹിയിൽ ജഹാംഗീർപുരിയിലെ കെട്ടിടം പൊളിക്കൽ തടയുന്ന സി.പി.എം. നേതാവ് ബൃന്ദ കാരാട്ടിന്റെ ഇടപെടൽ പരാമർശിക്കാതെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നത് അനുചിതമാവും. ഭരണകൂടം വർഗീയമാവുകയും ആ വർഗീയതയുടെ ചിറകകുകളിൽ ന്യൂനപക്ഷങ്ങളെ ബുൾഡോസ് ചെയ്യുകയും ചെയ്യുന്ന അതിഭീകരമായ കാഴ്ചകൾക്കാണ് സമകാലിക ഇന്ത്യൻ സമൂഹം സാക്ഷ്യം വഹിക്കുന്നത്. യു.പിയിൽ യോഗി ഭരണകൂടവും മദ്ധ്യപ്രദേശിൽ ശിവ്രാജ് സിങ് ചൗഹാൻ ഭരണകൂടവും ബുൾഡോസറുകൾ ഉപയോഗിച്ച് ന്യൂനപക്ഷങ്ങളുടെ വീടുകൾ ഇടിച്ചു നിരത്തിയതിന്റെ തുടർച്ചയാണ് ജഹാംഗീർപുരിലും ബി.ജെ.പി. ഭരിക്കുന്ന മുനിസിപ്പൽ കോർപറേഷന്റെ നീക്കത്തിലും പ്രതിഫലിച്ചത്.

അവിടെ ബുൾഡോസറിന് മുന്നിൽ നിന്നുകൊണ്ട് ഭരണകൂട ഭീകരത ചോദ്യം ചെയ്യുന്ന ബൃന്ദ കാരാട്ട് ഇന്ത്യൻ മതേതരത്വത്തിന്റെ പ്രതീകവും പ്രതിച്ഛായയുമാവുന്നു. ഇത്തരം ഇടപെടലുകളാണ് ഇടത് പക്ഷത്തിന്റെ, പ്രത്യേകിച്ച് സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് വരുംദിനങ്ങളിൽ കൂടുതൽ കൂടുതലായി ഉണ്ടാവേണ്ടത്. ന്യൂനപക്ഷങ്ങളുടെ വിശ്വാസം വീണ്ടെടുക്കുന്നതിൽ ഇതു വഹിക്കുന്ന നിസ്തുലമായ പങ്ക് ചരിത്രം രേഖപ്പെടുത്താതിരിക്കില്ല.

ഭരണകൂടം തന്നെ ജുഡീഷ്യറിയും എക്സിക്യൂട്ടിവും ആവുന്ന ഭീകരതയാണ് ബുൾഡോസറിന്റേത്. അടിയന്തരാവസ്ഥയിൽ ഡൽഹിയിലെ തുർക്ക്മാൻ ഗേറ്റിൽ ഇന്ദിര ഭരണകൂടം ബുൾഡോസറുകൾ ഉപയോഗിച്ച് ചേരികൾ ഇടിച്ചു നിരത്തിയത് ഈ ഘട്ടത്തിൽ തീർച്ചയായും ഓർക്കേണ്ടതുണ്ട്. 1977-ലെ പൊതു തിരഞ്ഞെടുപ്പിൽ ഈ പാതകങ്ങൾക്ക് ജനങ്ങൾ കൃത്യമായ മറുപടി നൽകുകയും ചെയ്തു. ഭരണകൂട വർഗീയതയ്ക്കെതിരെയുള്ള ചെറുത്തുനിൽപ്പ് പോപ്പുലർ ഫ്രണ്ടിനും എസ്.ഡി.പി.ഐക്കും വിട്ടുകൊടുക്കുന്നത് ആത്മഹത്യപരമായിരിക്കും. ഇവിടെയാണ് ബൃന്ദ കാരാട്ട് മാതൃകയാവുന്നത്. 2025-ൽ ജനറൽ സെക്രട്ടറി പദത്തിൽനിന്ന് യെച്ചൂരി വിരമിക്കുമ്പോൾ ബൃന്ദയാവട്ടെ സി.പി.എമ്മിന്റെ ജനറൽ സെക്രട്ടറി എന്നാശിച്ചുപോവുന്നു (75 വയസ്സിന്റെ പ്രായ പരിധിയിൽനിന്ന് പിണറായി വിജയന് ഇളവ് കൊടുക്കാമെങ്കിൽ ബൃന്ദയ്ക്കും കൊടുക്കാവുന്നതേയുള്ളു.)

ഹിന്ദുത്വയ്ക്കുള്ള തിരിച്ചടി തീവ്ര ഇസ്ലാമിസമാണെന്ന് വന്നാൽ അത് ഇന്ത്യൻ ജനാധിപത്യത്തിന് ഏൽപ്പിക്കുന്ന ക്ഷതം ഭീകരമായിരിക്കും. കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടികളും മുസ്ലിം ലീഗും ഒരുപോലെ ഉണർന്നിരിക്കേണ്ട സമയമാണിത്. ഈ സമയത്ത് കണ്ണു ചിമ്മിയാൽ അതിന് നമ്മൾ കൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും. ശത്രുവുമായി ഒരേയൊരു അനുരഞ്ജനമേയുള്ളുവെന്നും അത് അവനെ തകർക്കുക എന്നതാണെന്നും പറഞ്ഞത് ലെനിനാണ്. വർഗ്ഗീയതയുടെ കാര്യത്തിൽ ഇതായിരിക്കണം കേരളത്തിലെ മതേതര രാഷ്ട്രീയ പാർട്ടികളുടെ ലൈൻ.

വഴിയിൽ കേട്ടത്: നടി റിമ കല്ലിങ്കലിന്റെ വസ്ത്രധാരണം വിവാദമായി. റിമ ധരിക്കുന്ന വസ്ത്രമല്ല, റിമയുടെ നിലപാടാണ് അശ്ലീലമെന്ന് പറയേണ്ടി വരും. വനിതാ ചലച്ചിത്രപ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരം നിർദ്ദേശിക്കുന്ന ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് ഇനിയും പുറത്തുവിടാത്ത ഒരു സർക്കാരിന്റെ പരിപാടികളുടെ ഭാഗമാവുന്ന റിമയുടെ പ്രവൃത്തിയാണ് അശ്ലീലം.

Content Highlights: State communalism, Left and Palakkad killings | Vazhipokkan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


VINOJ

1 min

വാഹനം ഒട്ടകവുമായി ഇടിച്ച് പ്രവാസി മലയാളി സൗദിയില്‍ മരിച്ചു

May 19, 2022

More from this section
Most Commented