അനാവശ്യമായ രാസവള വിരോധം മുതല്‍ വിദേശകടം വരെ....! ലങ്കയെ തകര്‍ത്തെറിഞ്ഞ നയങ്ങള്‍ | പ്രതിഭാഷണം


സി.പി.ജോണ്‍ശ്രീലങ്ക ഇന്ന് ഞെരിഞ്ഞമര്‍ന്നുകൊണ്ടിരിക്കുന്നു. പ്രസിഡന്റിന്റെ കൊട്ടാരം ജനങ്ങള്‍ വളഞ്ഞിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധി രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. പെട്രോള്‍ ബങ്കുകളില്‍ പെട്രോള്‍ ഇല്ല. പരീക്ഷയെഴുതാന്‍ കുട്ടികള്‍ക്ക് കടലാസില്ല. ഭക്ഷ്യക്ഷാമവും ലങ്കയെ തുറിച്ചുനോക്കുന്നു.

ശ്രീലങ്കൻ പ്രസിഡന്റിന്റെ വസതിയിലേക്ക് ജനക്കൂട്ടം നടത്തിയ മാർച്ചിനിടയിൽ

രാമായണ കഥകളിലും ബുദ്ധമത ചരിത്രത്തിലും നമ്മുടെ സംസ്‌കൃതിയുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ഒരു ദ്വീപുരാജ്യമാണ് പഴയ സിലോണ്‍, ഇന്നത്തെ ശ്രീലങ്ക. കോളനിവാഴ്ചക്കാലത്ത് ശ്രീലങ്കയ്ക്ക് നല്ല കാലമുണ്ടായിരുന്നു. കേരളത്തില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നും പതിനായിരക്കണക്കിന് ആളുകള്‍ ഇന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ പോകുന്നത് പോലെ, മെച്ചപ്പെട്ട ജീവിതത്തിനായി അന്വേഷിച്ചത് അന്നത്തെ സിലോണായിരുന്നു. ഈ ലേഖകന്റെ മുത്തച്ഛന്‍ 20-ാം നൂറ്റാണ്ടിന്റെ ആദ്യകാലഘട്ടത്തില്‍ ശ്രീലങ്കയില്‍ ജോലി ചെയ്ത ഒരു വ്യക്തിയാണ്. തൊഴില്‍ തേടി ലങ്കയ്ക്ക് പോയതാണെങ്കിലും അവിടെ ചെന്ന് ചെറിയ ഫാമുകളും ഫാം ഹൗസുകളുമായി ജീവിച്ചിരുന്ന അദ്ദേഹം അവിടെവെച്ച് ചെറുപ്പത്തിലേ മരിച്ചു.

എന്റേതടക്കം നാട്ടിലെ ഒട്ടേറെ കുടുംബങ്ങളുടെ അടിസ്ഥാനപരമായ സ്വത്തുസമ്പാദനത്തിന്റെ മാര്‍ഗം ലങ്കന്‍ പ്രവാസമായിരുന്നു. ലങ്കയില്‍നിന്നു നല്ല നിലയില്‍ പെന്‍ഷന്‍ വാങ്ങി ജീവിച്ചിരുന്നവരും എന്റെ അയല്‍ക്കാരില്‍ ധാരാളമുണ്ട്. ശ്രീനാരായണ ഗുരുദേവന്‍ യാത്ര ചെയ്ത(1918-1923നും ഇടയില്‍) ഏക വിദേശനാടും ശ്രീലങ്കയായിരുന്നു. വലിയ തോട്ടങ്ങളും വ്യാപാര കേന്ദ്രങ്ങളുമുണ്ടായിരുന്ന ശ്രീലങ്കയില്‍ തൊഴിലാളി പ്രസ്ഥാനങ്ങളും ശക്തമായി. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരെ കാണാനും അവിടത്തെ പുരോഗമന പ്രസ്ഥാനങ്ങളുമായി കണ്ണിചേരാനും നമ്മുടെ നാട്ടിലെ രാഷ്ട്രീയ നേതാക്കന്മാരും ലങ്ക സന്ദര്‍ശിക്കല്‍ പതിവാക്കിയിരുന്നു. എ.കെ.ജിയും തൊഴിലാളികളെ കണ്ട് കാര്യം പറയുന്നതിന് വേണ്ടി അന്നത്തെ സിലോണില്‍ യാത്ര ചെയ്തിട്ടുണ്ട്. നല്ലതിന്റെ ഒരു പര്യായം പോലെയാണ് സിലോണ്‍ അറിയപ്പെട്ടിരുന്നത്. അത് സിലോണ്‍ മുണ്ടായാലും സിലോണ്‍ ചായയായാലും സിലോണ്‍ റേഡിയോയായാലും ജപ്പാണം പുകയില ആയാലും മലയാളിക്ക് സിലോണ്‍ ഒരു സ്വപ്‌ന ഭൂമിയായി മാറിയിരുന്നു.

സ്വാതന്ത്ര്യത്തിന് ശേഷം രണ്ടു രാജ്യങ്ങളായി മാറിയപ്പോള്‍ അങ്ങോട്ടുളള യാത്ര പഴയതു പോലെ എളുപ്പമല്ലാതായി. ശ്രീലങ്കയും പുരോഗതിയുടെ പാതയില്‍ ആയിരുന്നു. ബ്രിട്ടീഷ് കോമണ്‍വെല്‍ത്തിന്റെ ഭാഗമായിമാറിയ ശ്രീലങ്ക ദാരിദ്ര്യനിര്‍മാര്‍ജനത്തില്‍ അക്കാലത്തെ നല്ല റെക്കോര്‍ഡുകള്‍ കരസ്ഥമാക്കി. കെ.പി.കേശവമേനോന്‍ ശ്രീലങ്കയുടെ ഹൈക്കമ്മീഷണര്‍ ആയിരുന്നപ്പോൾ(പിന്നീട് അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് പദവി ഒഴിഞ്ഞെങ്കിലും) അദ്ദേഹത്തിന്റെ എഴുത്തുകളിലൂടെയും ലങ്കയുടെ ജീവിതം നമുക്ക് കൂടുതല്‍ അനാവൃതമായി. ലങ്ക ഏഷ്യന്‍ സമൂഹങ്ങളിലെ നല്ല മാതൃകയായി.

ശ്രീലങ്കന്‍ പ്രസിഡന്റിന്റെ വസതിയിലേക്ക് ജനക്കൂട്ടം
നടത്തിയ പ്രതിഷേധ പ്രകടനം പിരിച്ചുവിടാന്‍ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍

സ്വീഡിഷ് സാമ്പത്തിക ശാസ്ത്രജ്ഞനായ ഗന്നർ മിർഡാൽ 'ഏഷ്യന്‍ ഡ്രാമ'യിലും അതുപോലുളള ഗ്രന്ഥങ്ങളിലും ശ്രീലങ്കയിലെ താരതമ്യേന മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളെ കുറിച്ച് നല്ല നിലയ്ക്കാണ് വിലയിരുത്തിയത്. പക്ഷേ, ശ്രീലങ്കയുടെ നല്ല കാലം ഹ്രസ്വമായിരുന്നു.

കഴിഞ്ഞ നാല്‍പതു വര്‍ഷത്തോളമായി ലങ്ക ഒരു ഭഗ്നഭവനമാണ്. 1970-കളുടെ അവസാനം മുതല്‍ ആരംഭിച്ച സിംഹള-തമിഴ് സംഘര്‍ഷം ലങ്കയെ പിച്ചിച്ചീന്തി. ലങ്കയില്‍ കോളനികാലത്ത് തമിഴ് വംശജര്‍ക്ക് ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ കൂടുതല്‍ ഔദ്യോഗിക സ്ഥാനങ്ങള്‍ ലഭിച്ചിരുന്നു. അതിന്റെ പ്രതിഷേധമായാണ് ആദ്യം തുടങ്ങിയതെങ്കിലും സിംഹളി ഭൂരിപക്ഷ ഭരണകൂടം തമിഴ്ജനതയെ അക്ഷരാര്‍ഥത്തില്‍ രണ്ടാംകിട പൗരന്മാരാക്കി തരംതാഴ്ത്തി.

തമിഴിന്റെ എല്ലാ പ്രധാന്യവും എടുത്തുകളഞ്ഞു. മാത്രമല്ല, വലിയൊരു ജനതയ്ക്ക് വോട്ടവകാശം പോലും നിഷേധിക്കുന്ന സാഹചര്യമുണ്ടായി. അപ്പോഴാണ് അതിനെതിരായി ഈഴം പ്രസ്ഥാനം ശക്തമായതും പിന്നീട് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എല്‍.ടി.ടി.ഇ. എന്ന പ്രസ്ഥാനമായി പ്രഭാകരന്റെ നേതൃത്വത്തില്‍ അത് വളര്‍ന്നുവന്നതും. ലങ്ക നമുക്ക് വീണ്ടും ദുഃഖത്തിന്റെ കഥകള്‍ സമ്മാനിച്ചു. പീസ് കീപ്പിങ് ഫോഴ്‌സായി ഇന്ത്യന്‍ പട്ടാളം അവിടെ ചെന്നതിന്റെ വിരോധത്തില്‍ രാജീവ് ഗാന്ധി ലങ്കയില്‍ ചെന്നപ്പോള്‍ അദ്ദേഹത്തെ തോക്കിന്റെ പാത്തികൊണ്ട് അടിച്ചെങ്കിലും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.ഒരു രാഷ്ട്രത്തലവന് നല്‍കിയ സൈനിക സ്വീകരണത്തിനിടയിലാണ് ഇത് സംഭവിച്ചത് എന്ന് ഓര്‍ക്കണം. ഒടുവില്‍ ശ്രീപെരുമ്പത്തൂരില്‍ രാജീവ് ഗാന്ധി എല്‍.ടി.ടി.ഇ. ഭീകരന്മാരുടെ ബോംബിനിരയായി ചിതറിയത് ചരിത്രമാണ്.

എണ്‍പതുകള്‍ മുതല്‍ ശ്രീലങ്ക അതിന്റെ ചരിത്രത്തിലെ അങ്ങേയറ്റം കലുഷിതമായ ഘട്ടത്തിലൂടെ കടന്നുപോയി. 1983 ജൂലായ് മാസത്തില്‍ ബ്ലാക്ക് ജൂലായ് എന്നറിയപ്പെടുന്ന കലാപത്തിലൂടെ ഏറ്റവും വികൃതമായ വംശീയ കലാപത്തിന്റെ കേന്ദ്രമായി ശ്രീലങ്ക കുപ്രസിദ്ധി നേടി. തമിഴ് ന്യൂനപക്ഷത്തിന്റെ നേരേ നടന്ന അക്രമങ്ങള്‍ ശ്രീലങ്കയുടെ അഭിമാനത്തിന് തന്നെ ക്ഷതമേല്‍പ്പിക്കുന്ന ഒന്നായിരുന്നു.

ബ്ലാക്ക് ജൂലായ് സംഭവങ്ങള്‍ക്ക് ശേഷം ഏതാണ്ട് നാല്‍പതു വര്‍ഷക്കാലത്തിലേറെയായി ലങ്കയില്‍ സമാധാനമുണ്ടായിട്ടില്ല. ഇതെല്ലാം കഴിഞ്ഞ് സമാധാനകാലവും ലങ്കയിലുണ്ടായി. അതിനിടയിലാണ് ലങ്കയുടെ ഏറ്റവും വലിയ ശക്തിസ്രോതസ്സായ വിനോദസഞ്ചാരം വീണ്ടും മെച്ചപ്പെട്ടത്. വിനോദസഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച ഏഷ്യന്‍ സമൂഹമായിരുന്നു ശ്രീലങ്ക. ലങ്കന്‍ ടൂറിസത്തിന് അതിന്റേതായ സൗന്ദര്യമുണ്ടായിരുന്നു, സൗകര്യങ്ങളുമുണ്ടായിരുന്നു. പടിപടിയായി വികസിച്ച് 2019 ആയപ്പോഴേക്കും ലങ്ക പഴയ ലങ്കയായി മാറുകയാണോ എന്ന് പലരും സംശയിച്ചു.

പ്രകടനക്കാരും പോലീസും തമ്മിലുളള സംഘര്‍ഷം വീക്ഷിക്കുന്നവര്‍

അപ്പോഴാണ് 2019 ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പളളികളില്‍ ബോംബുപൊട്ടി ഏതാണ്ട് 250 പേര്‍ മരിച്ചത്. ലങ്ക വീണ്ടും തകര്‍ന്നടിഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുളള ടൂറിസ്റ്റുകള്‍ വരവ് നിര്‍ത്തി. ലങ്കയെ കാത്തിരുന്നത് പിന്നീട് കറുത്ത ദിനങ്ങളായിരുന്നു. ലങ്കയുടെ ഭരണാധികാരിയായ രാജ്പക്‌സെ നിരവധി സ്വയംകൃതാനര്‍ഥങ്ങള്‍ സൃഷ്ടിച്ചു എന്നുതന്നെ പറയാം. എന്തിനേറെ, ജൈവകൃഷിയുടെ പേരില്‍ എല്ലാ തരത്തിലുമുളള രാസവളങ്ങളും ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തിവെച്ചു. അത്യാവശ്യമായിട്ടുളള രാസവസ്തുക്കളും രാസകീടനാശിനിയും ലങ്കയില്‍ കിട്ടാതായി. അതോടെ കാര്‍ഷിക ഉല്പാദനം 33 ശതമാനം കുറഞ്ഞു(നമ്മുടെ നാട്ടിലും ജൈവഭ്രാന്തന്മാരുണ്ടല്ലോ).

തകര്‍ന്നടിഞ്ഞ ടൂറിസവും ഭരണാധികാരികളുടെ തെറ്റായ നയംകൊണ്ട് തകര്‍ന്നടിഞ്ഞ കാര്‍ഷിക രംഗവും വില കിട്ടാത്ത നാണ്യവിളകളും ലങ്കയെ തളര്‍ത്തി. അതിനിടയിലാണ് ഭരണാധികാരികള്‍ക്ക് 'ഫാന്‍സി ഡവലപ്പ്‌മെന്റ് പ്രോജക്ടു'കളോട് ഭ്രമമുണ്ടായത്. ശ്രീലങ്കയുടെ ഹമ്പന്‍തോട്ട(Hambantota)എന്ന തുറമുഖം ഏറെ പ്രസിദ്ധമാണ്. പക്ഷേ, പ്രതീക്ഷിച്ചതുപോലെ കപ്പലോട്ടമുണ്ടായില്ല. ഹാമ്പന്‍തോട്ട തുറമുഖ പട്ടണം ഫലത്തില്‍ ചൈനയുടെ കൈയിലായി എന്നുമാത്രമല്ല അവിടേക്ക് പ്രവേശിക്കുന്നതിന് പോലും ചൈനയുടെ അനുവാദം വേണം എന്ന മട്ടിലായി.ഒരു പുതിയ വിമാനത്താവളവും രാജ്പക്‌സെ ആരംഭിച്ചു. പക്ഷേ അങ്ങോട്ട് യാത്രക്കാരുണ്ടായില്ല. അതിന് പല കാരണങ്ങള്‍ ഉണ്ടെങ്കില്‍ പോലും. ശ്രീലങ്കയുടെ കഷ്ടകാലത്തും സോഷ്യലിസ്റ്റ് എന്ന് വിളിക്കുന്ന ചൈന ഒരു അനുകമ്പയും ലങ്കയോട് കാണിക്കുന്നതുമില്ല.

ഇതിനിടയിലാണ് കൂനിന്മേല്‍ കുരുവെന്ന പോലെ 2020-ല്‍ കോവിഡ് മഹാമാരി വന്നത്. മഹാമാരിയുടെ ഇരയാവുകയായിരുന്നു ശ്രീലങ്ക. ഐ.എം.എഫ്. ആ കാലഘട്ടത്തില്‍ തന്നെ ലങ്കയെ കുറിച്ച് വിശദമായ പഠനങ്ങള്‍ നടത്തി. ലങ്കയുടെ ആഭ്യന്തര ഉല്പാദം പതിനെട്ടര ശതമാനം വരെ താഴുമെന്ന് ഐ.എം.എഫിന്റെ പഠനങ്ങള്‍ കാണിച്ചു. ലങ്കയില്‍ അതിനകം വളര്‍ന്നുവന്ന മധ്യവര്‍ഗമായിരിക്കും കോവിഡ് 19-ന്റെ ആഘാതത്തില്‍ തകര്‍ന്നു തരിപ്പണമാകാന്‍ പോകുന്നതെന്നും ഐ.എം.എഫ്. ചൂണ്ടിക്കാട്ടി.

ചെറിയ കയറ്റുമതികള്‍ നടത്തിയും ചെറിയ തരത്തില്‍ ടൂറിസ്റ്റുകളെ സ്വീകരിക്കുന്ന കമ്പനികള്‍ രൂപീകരിച്ചും പതിനായിരക്കണക്കിന് കുടുംബങ്ങള്‍ ദാരിദ്ര്യത്തെ മറികടന്നിരുന്നു. പക്ഷേ, അവരില്‍ പലരും ദാരിദ്യത്തിന്റെ പടുകുഴിയിലേക്ക് ചെന്നുവീണു. ടൂറിസ്റ്റുകള്‍ വന്നില്ല. ഒന്നും കയറ്റുമതി ചെയ്യാനും കഴിഞ്ഞില്ല. ദ്വീപ് എന്ന പരിമിതിയും ലങ്കയ്ക്ക് പ്രശ്‌നങ്ങള്‍. എല്ലാം പുറത്തുനിന്ന് വരികയും പുറംലോകത്തെ ആശ്രയിക്കാന്‍ കടല്‍ കടന്നുപോകുകയും ചെയ്ത ലങ്ക അക്ഷരാര്‍ഥത്തില്‍ ദുരിതത്തിന്റെ നടുക്കടലിലായി.

എന്തിനധികം പറയുന്നു, ലങ്കയില്‍ ഒരു പുതിയ വര്‍ഗം ഉണ്ടായി. അതിന് ഐ.എം.എഫ്. വിളിച്ച പേരാണ് 'നവദരിദ്രര്‍'. ദാരിദ്ര്യത്തെ മറികടക്കുകയും ദാരിദ്ര്യത്തിന്റെ വലക്കണ്ണികള്‍ പൊട്ടിച്ച് താഴ്ന്ന ഇടത്തരം വര്‍ഗത്തിലേക്ക് (lower middle class) പ്രവേശിക്കുകയും ചെയ്ത പതിനായിരക്കണക്കിന് കുടുംബങ്ങള്‍ വീണ്ടും ദാരിദ്ര്യത്തിലേക്ക് വീണതിനെയാണ് നവദരിദ്രര്‍ എന്ന് വിളിക്കുന്നത്.

സര്‍ക്കാരിന്റെ ധനസ്ഥിതിയും സമ്പദ് വ്യവസ്ഥയോടൊപ്പം വളരെ മോശമായി. 2020-ല്‍ ആഭ്യന്തര ഉല്പാദനത്തിന്റെ(ജി.ഡി.പിയുടെ) 83 ശതമാനം ലങ്കയ്ക്ക് കടമുണ്ടായിരുന്നു. പക്ഷേ, കടം കുതിച്ചുയര്‍ന്നു. കടമെടുക്കാതെ വേറെ മാര്‍ഗമില്ല, കടം കൊടുക്കാന്‍ പലരും തയ്യാറായി. പക്ഷേ, കടമെടുത്ത് കടമെടുത്ത് ഇന്ന് ലങ്കയുടെ കടബാധ്യത ആഭ്യന്തര ഉല്പാദനത്തിന്റെ 120 ശതമാനമായി വളര്‍ന്നിരിക്കുന്നു. ആഭ്യന്തര ഉല്പാദനത്തേക്കാള്‍ കൂടിയ കടം താങ്ങാന്‍ ഒരു രാജ്യത്തിന് വളരെ ബുദ്ധിമുട്ടാണ്. ഇന്ത്യയുടെ കടം 86 ശതമാനമാണ് എന്ന് നമുക്ക് ഓര്‍ക്കാം. സര്‍ക്കാരിന്റെ കടമെടുപ്പില്‍ വിദേശകടത്തിന്റെ അനുപാതം വലിയ പ്രശ്‌നമാണ്. ലങ്കയുടെ കടബാധ്യതയില്‍ ഈ പ്രശ്‌നവും മുഴച്ചുനിന്നു.

അമേരിക്കയ്ക്കും കടമുണ്ടെന്ന് വാദിക്കുന്നവരുണ്ട്. അമേരിക്കയുടെ ആഭ്യന്തര ഉല്പാദനത്തിന്റെ 124 ശതമാനവും കടമുണ്ടെങ്കില്‍ പോലും അതിന്റെ 75 ശതമാനവും അമേരിക്കക്കാരില്‍നിന്ന് തന്നെ എടുത്ത കടങ്ങളാണ്. മാത്രമല്ല അന്താരാഷ്ട്ര നാണയമായ അമേരിക്കന്‍ ഡോളര്‍ അച്ചടിക്കാന്‍ അവര്‍ക്ക് കഴിയും. അമേരിക്കന്‍ ഡോളറിനെയാണ് മറ്റു രാജ്യങ്ങള്‍ ആശ്രയിക്കുന്നത്. അതുകൊണ്ട് അമേരിക്കയുടെ കടം കണ്ട് കൊച്ചുരാജ്യങ്ങള്‍ ജി.ഡി.പിയുടെ 100 ശതമാനത്തില്‍ അധികം കടം എടുക്കുന്നത് അത്യാപത്താണ് എന്ന പാഠമാണ് ശ്രീലങ്ക നമുക്ക് നല്‍കിയിരിക്കുന്നത്. ജി.ഡി.പിയുടെ 200 ശതമാനത്തിലധികം കടം എടുത്തിട്ടുളള ജപ്പാന്‍. പക്ഷേ, അവരുടെ ആളോഹരി വരുമാനവും ശക്തമായ വ്യാവസായിക നട്ടെല്ലും മൂന്നാം ലോക രാജ്യങ്ങള്‍ക്ക് പെട്ടെന്ന് എത്തിപ്പിടിക്കാനാവുന്നതല്ല. അമേരിക്കയ്ക്ക് അവരുടെ ആകെ കടമായ 30 ട്രില്യണ്‍ ഡോളറില്‍ 1.32 ട്രില്യണ്‍ ഡോളര്‍ (ഏറ്റവും കൂടുതല്‍) കടം കൊടുത്ത രാജ്യമാണ് ജപ്പാന്‍ എന്നുകൂടി ഓര്‍ക്കണം.

ശ്രീലങ്ക ഇന്ന് ഞെരിഞ്ഞമര്‍ന്നു കൊണ്ടിരിക്കുന്നു. പ്രസിഡന്റിന്റെ കൊട്ടാരം ജനങ്ങള്‍ വളഞ്ഞിരിക്കുന്നു. സാമ്പത്തിക കുഴപ്പം രാഷ്ട്രീയ കുഴപ്പത്തിലേക്ക് നീങ്ങുകയാണ്. പെട്രോള്‍ ബങ്കുകളില്‍ പെട്രോള്‍ ഇല്ല. പരീക്ഷയെഴുതാന്‍ കുട്ടികള്‍ക്ക് കടലാസില്ല. ഭക്ഷ്യക്ഷാമവും ലങ്കയെ തുറിച്ചുനോക്കുന്നു.

ശ്രീലങ്ക നല്‍കുന്ന പാഠം

സാമ്പത്തിക പ്രതിസന്ധിയുടെ പടുകുഴിയിലേക്ക് ശ്രീലങ്ക വീണതിന് വിവിധ കാരണങ്ങള്‍ ഉണ്ടെങ്കിലും ഭരണാധികാരികളുടെ പിടിപ്പുകേട് അതിലേറ്റവും പ്രധാനപ്പെട്ടതായി മുഴച്ചുനില്‍ക്കുകയാണ്. ഇത് എല്ലാവര്‍ക്കും വലിയ പാഠമാണ് നല്‍കുന്നത്. കടം വാങ്ങുന്നതില്‍ തെറ്റില്ല, വരുമാനമുണ്ടെങ്കില്‍.

ജി.ഡി.പി. നന്നായി വളര്‍ന്നു കൊണ്ടിരിക്കുന്ന സമ്പദ്ഘടനയ്ക്ക് കടമെടുക്കാം. ആളോഹരി വരുമാനം ശക്തമാണെങ്കിലും കടമെടുക്കാം. ആഭ്യന്തരവിപണിയില്‍ നിന്നെടുക്കുന്ന കടം വിദേശകടം പോലെ ആപത്തല്ല, അത് നമ്മുടെ തന്നെ കടമായി കണക്കാക്കാവുന്നതാണ്.

പക്ഷേ, കണ്ണുംപൂട്ടി വിദേശകടം എടുക്കുകയും ജി.ഡി.പി. വളര്‍ച്ചാനിരക്ക് കുറയുകയും ആളോഹരി വരുമാനം കുറയുകയും കറന്‍സിയുടെ വില ഇടിയുകയും ചെയ്യുന്ന ഒരു രാജ്യം കൂടുതല്‍ കൂടുതല്‍ കടമെടുത്താല്‍ അവരെ കാത്തിരിക്കുന്നത് ഒരു ശ്രീലങ്കന്‍ അനുഭവമായിരിക്കും എന്ന് ഉറപ്പിച്ചുപറയാവുന്നതാണ്. ഈ പറയുന്ന കാര്യങ്ങളൊന്നും തന്നെ അതേപടി ഇന്ത്യക്കും കേരളത്തിനും ബാധകമാണ് എന്ന് വാദിക്കുന്നവരുടെ കൂടെ ഈലേഖകന്‍ ഇല്ല. പക്ഷേ, എല്ലാവര്‍ക്കും പഠിക്കാനുളള പാഠങ്ങള്‍ ശ്രീലങ്കയിലുണ്ട്. അത് അനാവശ്യമായ രാസവള വിരോധം മുതല്‍ അനാവശ്യമായ വിദേശകടം വരെയുളള വിഷയങ്ങളാണ്.

അതുകൊണ്ട് ഭരണാധികാരികള്‍ അവരുടെ അധികാരം പ്രയോഗിക്കുമ്പോള്‍ സാമാന്യബുദ്ധി കാണിക്കണം. വിദഗ്ധന്മാരുടെ അഭിപ്രായങ്ങള്‍ തേടണം. ഫാന്‍സി പ്രൊജക്ടുകള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ ബാധ്യതകളെ കുറിച്ച് രണ്ടു വട്ടം ആലോചിക്കണം. വളരുന്ന സമ്പദ്ഘടനയ്ക്ക് കടം ഒരു പ്രശ്‌നമാവില്ല എങ്കില്‍ പോലും തളരുന്ന സമ്പദ്ഘടനയ്ക്ക് കടം അങ്ങേയറ്റം ടോക്‌സിക്കായിരിക്കും എന്ന് ശ്രീലങ്ക നമ്മെ പഠിപ്പിക്കുന്നു.

ഒരു രാജ്യത്തെ ഭൂരിപക്ഷ-ന്യൂനപക്ഷ-സമുദായങ്ങള്‍ തമ്മിലുളള സമാധാനപരമായ സഹവര്‍ത്തിത്തവും സഹകരണവും ഒരു രാജ്യത്തിന്റെ സമ്പദ്ഘടനയെ ബാധിക്കുന്ന വിഷയം കൂടിയാണെന്ന് ലങ്ക നമ്മെ ഓര്‍മിപ്പിക്കുന്നു. ബുദ്ധമത-സിംഹളി ഭൂരിപക്ഷത്തിന്റെ ഹൈന്ദവ തമിഴ് ന്യൂനപക്ഷത്തിനെതിരായ പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ശല്യപ്പെടുത്തലുകളും അതിക്രമങ്ങളും രണ്ടുപേരും കയറിയ ലങ്കന്‍ രാഷ്ട്രം എന്ന കപ്പലിനെ മുക്കിത്താഴ്ത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ചെറു ന്യൂനപക്ഷമായ ക്രിസ്ത്യന്‍ സമുദായത്തിന്റെ പള്ളികളില്‍ നടന്ന ഈസ്റ്റര്‍ അതിക്രമം 'ഒട്ടകത്തിന്റെ മുതുകൊടിച്ചത്.' ഇത് ഇന്ത്യക്ക് ഒരു പാഠമാണ്. സര്‍ക്കാരുകളുടെ സാമ്പത്തിക നയങ്ങള്‍ മാത്രമല്ല സാമുദായിക സന്തുലിതാവസ്ഥയും സമ്പദ്ഘടനയുടെ സുഗമമായ മുന്നോട്ടുപോക്കിന് അനിവാര്യമാണെന്ന് ലങ്ക ഓര്‍മിപ്പിക്കുന്നു.

Content Highlights: Sri Lanka economic crisis, Pratibhashanam CP John's Column

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022

More from this section
Most Commented