.
ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് കഴിഞ്ഞ ഏപ്രില്‍ മാസം ആദ്യം ഈ കോളത്തില്‍ എഴുതിയപ്പോള്‍ നാം ആശങ്കപ്പെട്ട രാഷ്ട്രീയ കുഴപ്പം ഇന്ന് പൂര്‍ണമായി തീര്‍ന്നിരിക്കുകയാണ്. അന്നുണ്ടായിരുന്ന സാമ്പത്തിക കുഴപ്പംഅടുത്തകാലത്തൊന്നും ഒരു രാജ്യത്തും കാണാത്ത തരത്തിലുള്ള രാഷ്ട്രീയ കുഴപ്പമായി മാറിയിരിക്കുന്നു.
രാഷ്ട്രതലവന്മാരുടെ കൊട്ടാരങ്ങളിലേക്ക് ജനങ്ങള്‍ ഇരച്ചുകയറുകയും അവര്‍ എങ്ങനെയെങ്കിലും ഓടി രക്ഷപ്പെടുകയും ചെയ്യുന്ന കാഴ്ച പുതിയ തലമുറയ്ക്ക് പരിചയമുള്ള ഒന്നല്ല. ഭാഗ്യമെന്ന് പറയട്ടെ ശ്രീലങ്കന്‍ പട്ടാളം, പലപ്പോഴും കുപ്രസിദ്ധമായ കൂട്ടക്കുരുതികള്‍ നടത്തിയിട്ടുണ്ടെങ്കിലും, ഇത്തവണ ആയുധം താഴെ വെച്ചിരിക്കുകയാണ്. നൂറു കണക്കിനാളുകള്‍ മരിക്കുമായിരുന്ന ഈ കലാപത്തില്‍ പട്ടാളത്തിന്റെ അതിക്രമമുണ്ടായില്ല എന്നുമാത്രമല്ല, പട്ടാളം തന്നെ കലാപകാരികളോട് സൗഹൃദം പങ്കിടുന്ന കാഴ്ചയാണ് ശ്രീലങ്കയില്‍നിന്നു നാം കാണുന്നത്.
ശ്രീലങ്ക ഇനി എങ്ങനെ മുന്നോട്ട് പോകുമെന്ന് ലോകം ഉറ്റുനോക്കുകയാണ്. പുതിയ ഗവണ്മെന്റ് ഉണ്ടായാലും എങ്ങനെയാവും ലങ്ക അതിന്റെ കടങ്ങള്‍ അടച്ചുതീര്‍ക്കുക? ലങ്കയിലേക്ക് എങ്ങനെയാണ് ഇനിയും എണ്ണ എത്തിച്ചേരുക? ലങ്കയ്ക്ക് ആര് സമൃദ്ധമായി ഭക്ഷണപദാര്‍ത്ഥങ്ങള്‍ എത്തിക്കും? ആരെങ്കിലും ലങ്കന്‍ ടൂറിസം ആസ്വദിക്കാന്‍ ഇനി എത്തുമോ? ഇങ്ങനെയുള്ള ചോദ്യങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ശ്രീലങ്കയുടെ അന്തരീക്ഷം. പക്ഷേ, ഇന്നത്തെ നമ്മുടെ ചര്‍ച്ചാവിഷയം അതല്ല. ലങ്ക ഒരു തുടക്കം മാത്രമാണോ? ഒരു ചെറിയ ദ്വീപ് രാജ്യമായ ലങ്ക തകരുമ്പോള്‍ ഇത് മറ്റു പല രാജ്യങ്ങളിലും ആവര്‍ത്തിക്കാന്‍ പോകുന്ന ഒന്നാണോ എന്ന് സാധാരണക്കാര്‍ സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കാരണം ലങ്കയുടെ പതനത്തിന് ഒരു പൊളിറ്റിക്കല്‍ പാറ്റേണുണ്ട്.

ഭരണാധികാരികള്‍ കണ്ണുംപൂട്ടി ഭരിക്കുകയും, സസക്സ് സര്‍വകലാശാലയിലെ എറിക് മൂര്‍ എന്ന ശ്രീലങ്കന്‍ വിദഗ്ദ്ധന് പറഞ്ഞതുപോലെ, സ്വന്തം കഴിവുകളില്‍ അഭിരമിക്കുകയും ചെയ്യുമ്പോള്‍ ആര്‍ക്കും ഒന്നും മനസ്സിലാവില്ല. ഞങ്ങള്‍ക്കെല്ലാം ചെയ്യാന്‍ കഴിയും, ഞങ്ങള്‍ സമര്‍ഥരാണ്. ഞങ്ങളുടെ രാഷ്ട്രീയപൗരുഷം കൊണ്ട് ഞങ്ങള്‍ സകലതിനെയും മാറ്റിമറിക്കുമെന്ന ലങ്കന്‍ ഭരണാധികാരികളുടെ വീണ്‍വാക്കുകളാണ് ഇന്ന് തകര്‍ന്നടിഞ്ഞിരിക്കുന്നത്. ഇതില്‍നിന്നു മറ്റു രാജ്യങ്ങള്‍ എന്തു പഠിക്കണം എന്ന ചോദ്യം പ്രസക്തമാവുന്നു.
നമുക്കറിയാം, പൊതുകടം അല്ലെങ്കില്‍ Sovereign debt ഒരു പുതിയ കാര്യമല്ല. നൂറ്റാണ്ടുകളായി രാഷ്ട്രങ്ങള്‍ പൊതുകടം എടുത്തിട്ടുണ്ട്. പതിനേഴാം നൂറ്റാണ്ടു മുതല്‍ പൊതുകടത്തിന്റെ കഥകള്‍ ആധുനിക രാഷ്ട്രീയത്തില്‍ പറഞ്ഞുകേട്ടിട്ടുമുണ്ട്. 1672-ല്‍ ഇംഗ്ലണ്ടിലുണ്ടായ ഗ്രെയ്റ്റ് സ്റ്റോപ്പ് ഓഫ് ദ എക്സ്ചെക്കര്‍ ഇതിലെ ആദ്യത്തെ അനുഭവകഥയാണ്. പക്ഷേ, അതിനു ശേഷം 1694-ല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് രൂപീകൃതമായതിന് ശേഷം, ജനങ്ങളില്‍നിന്ന് കടമെടുക്കുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ ഉപയോഗിച്ച് കൊണ്ട് ഗവണ്മെന്റിനെ നിലനിര്‍ത്തുന്ന നിരവധി പരീക്ഷണങ്ങള്‍ ഇംഗ്ലണ്ടില്‍ നടക്കുകയുണ്ടായി. പക്ഷേ, യുദ്ധപരിശ്രമങ്ങള് യൂറോപ്യന്‍ രാജ്യങ്ങളെ വലിയ കടക്കെണിയിലേക്ക് എത്തിച്ചു. 1800-ല്‍ ഫ്രാന്‍സിന്റെ പൊതുകടം അന്നത്തെ ജി.ഡി.പി.യുടെ 200 ശതമാനമായിരുന്നു എന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.
ഒന്നാം ലോകമഹായുദ്ധത്തിന് മുമ്പ് താരതമ്യേന ശാന്തമായ അന്തരീക്ഷത്തിലാണ് ലോകരാഷ്ട്രങ്ങള്‍ കടന്നുപോയതെങ്കിലും ഒന്നാം ലോകമഹായുദ്ധത്തോടെ സകലതും കീഴ്മേല്‍ മറിയുകയായിരുന്നു. യുദ്ധാവശ്യങ്ങള്‍ക്കുവേണ്ടി വലിയ തോതിലുള്ള കടമുണ്ടായി. അതിന് മുമ്പ് ജലസേചന പദ്ധതികള്‍ക്കു വേണ്ടിയും അടിസ്ഥാന സൗകര്യങ്ങള്‍ക്കു വേണ്ടിയും കടമെടുത്തിട്ടുണ്ട് എങ്കിലും യുദ്ധാവശ്യത്തിന് വേണ്ടി എടുത്ത കടം പ്രയോജനശൂന്യമായ കടമായതുകൊണ്ട് ലോക രാഷ്ട്രങ്ങള്‍ കടക്കെണിയില്‍ അന്നു മുതലേ വീഴാന്‍ തുടങ്ങിയതാണ്. ഒന്നാം ലോകമഹായുദ്ധത്തിനും രണ്ടാം ലോകമഹായുദ്ധത്തിനും ഇടയില്‍ ഗ്രേറ്റ് ഡിപ്രഷന് കടന്നുവന്നു. അതിഗംഭീരമായ സാമ്പത്തിക തകര്‍ച്ചയായിരുന്നു ഫലം. പിന്നീട് രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞപ്പോഴാണ് ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിലും മറ്റ് നിരവധി അന്താരാഷ്ട്ര സാമ്പത്തിക സംവിധാനങ്ങളുടെ നേതൃത്വത്തിലും ഇനിയും ഒരു നിയന്ത്രണം വേണമെന്ന ബോധ്യത്തിലേക്ക് ലോക രാഷ്ട്രങ്ങള്‍ എത്തിയത്. പിന്നീട് വന്‍യുദ്ധങ്ങള്‍ ഉണ്ടായിട്ടില്ല എന്നും ഓര്‍ക്കാവുന്നതാണ്. പക്ഷേ, സമകാലീന രാഷ്ട്രീയ സാഹചര്യത്തില്‍ 2008-09 കാലത്തുണ്ടായ സാമ്പത്തിക തകര്‍ച്ച ലോകരാഷ്ട്രങ്ങളെ പിടിച്ചുകുലുക്കി.
ഒന്നും സംഭവിക്കില്ല എന്നു കരുതിയ അമേരിക്കയിലെ ബാങ്കുകള്‍ തകര്‍ന്നടിഞ്ഞു. വീടുകള്‍ ഉണ്ടാക്കാന്‍ സമൃദ്ധമായി നല്കിയ കടം തിരിച്ചടയ്ക്കാതെ അമേരിക്കന്‍ ബാങ്കുകള്‍ പരുങ്ങിയപ്പോള്‍ സഹായത്തിനെത്തിയത് ഗവണ്മെന്റ് തന്നെയാണ്. ബാങ്ക് ഓഫ് സ്കോട്ട്ലന്റ് തകര്‍ന്നടിഞ്ഞപ്പോഴും അവരെ സഹായിക്കാന്‍ ഗവണ്മെന്റ് വേണ്ടിവന്നു. ഗ്രീസ് എന്ന രാജ്യം തന്നെ പൊതുകട പ്രതിസന്ധിയില്‍ തകര്‍ച്ചയിലേക്ക് നീങ്ങി. ഐസ് ലാൻഡ് പാപ്പരായി പ്രഖ്യാപിക്കപ്പെട്ടു. അങ്ങനെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാമത്തെ പതിറ്റാണ്ടിലേക്ക് കടന്നപ്പോള്‍ കടം മാത്രമല്ല, സാമ്പത്തിക പുരോഗതി തന്നെ വലിയ ചോദ്യചിഹ്നമായി. പതുക്കെ പതുക്കെ ലോക സാമ്പത്തികമാന്ദ്യത്തില്‍നിന്നു ലോകം പുറത്തുകടക്കാന്‍ തുടങ്ങിയെങ്കിലും 2018-ല്‍ ലോകരാഷ്ട്രങ്ങളുടെ ആകെ കടം 66 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു. അത് ഗ്ലോബല്‍ ജി.ഡി.പിയുടെ 80 ശതമാനമായിരുന്നു. പക്ഷേ, 2019 അവസാനം കോവിഡ് വരികയും രണ്ടു വര്‍ഷക്കാലം സകല വ്യാപാര വ്യവസായ സ്ഥാപനങ്ങളും അടച്ചിടുകയും ചെയ്തപ്പോള്‍, ജനജീവിതം അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമായപ്പോള്‍, 66 ട്രില്യണ്‍ ഡോളര്‍ എന്നത് 87 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നു എന്നു മാത്രമല്ല, ജിഡിപിയുടെ 99 ശതമാനത്തോളം വരുന്ന തുക ലോകരാഷ്ട്രങ്ങള്‍ കടമായി വാങ്ങി.
.jpg?$p=10f8349&w=610&q=0.8)
ഗവണ്മെന്റിന്റെ കടം ലോകത്തെ എല്ലാ പൗരന്മാരും സ്ഥാപനങ്ങളും കൂടി വാങ്ങിയ കടത്തിന്റെ 40 ശതമാനമായി ഉയര്‍ന്നു. ഇത്രയും വലിയ ഒരു കടം ഉണ്ടാകുന്നത് ഏതാണ്ട് 60 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. എന്തായാലും ഇന്ന് കോവിഡിന്റെ ആപത്തില്‍നിന്ന് ലോകം പുറത്തുകടക്കുമ്പോള്‍ പുതിയ ആപത്തിലേക്ക് നടന്നുകയറുകയാണോ എന്ന് ഒരു സാധാരണക്കാരന് ചോദിച്ചാല്‍ അവനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. മഹാമാരിയുടെ ആപത്തുകളില്‍നിന്ന് സാമ്പത്തിക പ്രതിസന്ധിയുടെയും രാഷ്ട്രീയ പ്രതിസന്ധിയുടെയും നാളുകളിലേക്ക് വരുംദിവസങ്ങളില്‍ നാം നടന്നടുക്കുമോ ഇല്ലയോ എന്ന കാര്യം ഇപ്പോഴും ഒരു ചര്‍ച്ചാവിഷയമാണ്.
കഴിഞ്ഞ പത്തു നാല്പതു വര്‍ഷക്കാലമായി വലിയ പുരോഗതി നേടിയ ചൈന പോലും ഇന്ന് വിയര്‍ക്കുകയാണ്. ചൈനയുടെ പ്രധാനമന്ത്രി ലീ കെക്യാങ് ഒരു വലിയ യോഗം വിളിച്ചുകൂട്ടി. (അദ്ദേഹം ഒരു സാമ്പത്തിക വിദഗ്ദ്ധനും കൂടിയാണ്). ലീ പറയുന്നു, രണ്ടായിരത്തി ഇരുപതിനേക്കാള്‍ വലിയ കുഴപ്പത്തിലേക്ക് നാം നീങ്ങുന്നു, ചൈനയ്ക്ക് ഒരു ട്രില്യണ്‍ ഡോളറിന്റെ അത്യാവശ്യമുണ്ട്. കടമല്ലാതെ മറ്റു മാര്‍ഗമില്ല. അമേരിക്കക്ക് കടം കൊടുക്കുകയും ലോകമെമ്പാടും ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികള്‍ നടപ്പാക്കുകയും റോഡ് ബെല്‍റ്റ് പ്രോജക്ട് പോലെയുള്ള ലോകമാകെ വ്യാപിപ്പിക്കുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ സംവിധാനങ്ങളിലൂടെ ലോകത്തെ അമ്പരിപ്പിക്കുകയും ചെയ്ത ചൈനയ്ക്ക് ഇന്ന് കാലിടറുകയാണോ എന്ന് നിരീക്ഷകര്‍ സംശയിക്കുന്നു. ചൈനയുടെ ചില പ്രവിശ്യകളില്‍ ബാങ്കില്‍നിന്ന് പണം തിരിച്ചുകിട്ടാതായപ്പോള്‍ ജനങ്ങള്‍ പ്രക്ഷോഭമുണ്ടാക്കുകയും അതിനെ പതിവുപോലെ അടിച്ചമര്‍ത്തുകയും ചെയ്തത് വാര്‍ത്തകളില്‍ നാം വായിക്കുകയുണ്ടായി. അതുകൊണ്ട് ചൈനയുടെ അനുഭവം നാം പഠിക്കേണ്ടതായിട്ടുണ്ട്.
ഇതിനിടയിലാണ് കൂനിന്മേല് കുരു എന്നതുപോലെ റഷ്യ-യുക്രൈന് യുദ്ധം കടന്നുവന്നത്. ക്ഷണിക്കാത്ത അതിഥിയായിരുന്നു ആ യുദ്ധം. പക്ഷേ, ആ യുദ്ധവും അതിന്റേതായ കണക്കു തീര്‍ക്കുന്നുണ്ട്. റഷ്യയുടെ ജര്‍മനി വഴിയുള്ള ഗ്യാസ് പൈപ്പ് ലൈനുകള്‍ റിപ്പയറിനുവേണ്ടി അടക്കുന്നുവെന്ന് റഷ്യ പറയുമ്പോള്‍, അത് റിപ്പയറിനു മാത്രമല്ല റഷ്യയ്ക്ക് നേരെ നാറ്റോ സഖ്യം പ്രഖ്യാപിച്ചിട്ടുള്ള നിരോധനങ്ങള്‍ക്ക് എതിരായിട്ടുള്ള നടപടി കൂടിയാണെന്ന് വായിച്ചെടുക്കാന്‍ വലിയ ബുദ്ധിമുട്ടില്ല. റഷ്യന്‍-യുക്രൈന് യുദ്ധം അന്‍പതു വര്‍ഷത്തിനു ശേഷം ഊര്‍ജ്ജ പ്രതിസന്ധിയും സൃഷ്ടിച്ചിരിക്കുന്നു. ശ്രീലങ്കയിലെ തകര്‍ച്ചയുടെ നിരവധി കാരണങ്ങളിലൊന്ന് ഈ ഊര്‍ജ്ജ പ്രതിസന്ധിയായിരുന്നു എന്ന് ഓര്‍ക്കുക.
റഷ്യയും ഒരു പ്രതിസന്ധിയിലേക്ക് നീങ്ങുകയാണോ?
റഷ്യക്ക് ആദ്യമായി 1918-നു ശേഷം അമേരിക്കക്ക് നല്‍കേണ്ട കടത്തിന്റെ ഒരു മാസത്തെ അടവ് കൊടുത്തുതീര്‍ക്കാന്‍ കഴിഞ്ഞില്ല എന്ന് വാര്‍ത്തകളില്‍ കാണുന്നു. അമേരിക്കയും വളരെ നല്ല നിലയിലല്ല മുന്നോട്ടുപോകുന്നത്. സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകള്‍ ഒന്നും പുറത്തുവന്നില്ലെങ്കിലും സാമ്പത്തിക മാന്ദ്യത്തിന്റെ കൊടുങ്കാറ്റ് അടിക്കാന്‍ തുടങ്ങിയില്ലെങ്കിലും ചെറിയ തരത്തില്‍ ചില സാമ്പത്തിക മാന്ദ്യ സൂചനകള്‍ അമേരിക്കയിലും ഉണ്ട് എന്ന് കേള്‍ക്കുന്നതും അത്ര നല്ലതല്ല.
ഈ പശ്ചാത്തലത്തിലാണ് കോവിഡാനന്തര ലോകത്തെ വികസന നടപടികളെക്കുറിച്ച് ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ രണ്ടു വട്ടം ചിന്തിക്കേണ്ടത്. ഈ പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തില്‍ രാജ്യത്തെ ഒന്നിച്ച് നിര്‍ത്തുക എന്നതാണ് ഏറ്റവും പരമമായ കാര്യം. തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് വേണ്ടി വെറുപ്പിന്റെ മുദ്രാവാക്യങ്ങള്‍ ഉന്നയിക്കുന്നതും സാമ്പത്തിക പ്രതിസന്ധിയുമായി എന്താണ് ബന്ധം എന്ന് ഒറ്റനോട്ടത്തില്‍ തോന്നുമെങ്കിലും, വെറുപ്പ് അധികരിച്ച രാജ്യങ്ങളാണ് ശ്രീലങ്കയടക്കം ആദ്യത്തെ ഇരയായത് എന്ന് മനസ്സിലാക്കുക. വെറുപ്പിന്റെ രാഷ്ട്രീയം സാമ്പത്തിക പ്രതിസന്ധിയിലേക്ക് വളരെ വേഗത്തില്‍ ഒരു രാജ്യത്തെ എത്തിക്കുമെന്ന അനുഭവങ്ങള്‍ ഒരു ഭാഗത്തുള്ളപ്പോള്‍ ചൈനയെപ്പോലുള്ള ഏകാധിപത്യ ഭരണകൂടങ്ങളും പാഠങ്ങള്‍ പഠിക്കേണ്ടതായിട്ടുണ്ട്. ജനങ്ങളുടെ പ്രതിഷേധത്തെ അടിച്ചമര്‍ത്തിക്കൊണ്ടും ദീര്‍ഘനാള്‍ മുന്നോട്ട് പോകാന്‍ സാധ്യമല്ല. ലളിതമായി പറഞ്ഞാല്‍ ഇന്ത്യ ശീലിക്കാനാഗ്രഹിച്ച ജനാധിപത്യവും മതേതര സങ്കല്പങ്ങളും സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള ആയുധങ്ങള്‍ കൂടിയാണ് എന്ന തിരിച്ചറിവ് ഓരോ ഇന്ത്യക്കാരനും ആവശ്യമുണ്ട്.
ഒപ്പം തന്നെ പുതിയ പഠനങ്ങള്‍ ഇന്ന് രംഗത്ത് വന്നിരിക്കുന്നു. ഐ.എം.എഫും അക്കാദമിക് ലോകവും ഗൗരവമായ പഠനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്. 2008-ലുണ്ടായ പ്രതിസന്ധിക്കു ശേഷം തന്നെ അത്തരം പഠനങ്ങള്‍ ഏറെ നടന്നിട്ടുണ്ട്. അന്ന് ചര്‍ച്ച ഇതായിരുന്നു. സാമ്പത്തിക വികസനത്തിന് കടം ഒരാവശ്യമല്ലേ? അതിനെ കുറച്ചുകൂടി വലിച്ചുനീട്ടുമ്പോള്‍ കടം കൂടുന്തോറും സാമ്പത്തിക വികസനം വര്‍ധിക്കുമോ. ഇതിനെ സംബന്ധിച്ച പഠനങ്ങള്‍ കാണിക്കുന്നത് ആദ്യഘട്ടത്തില്‍ കടമെടുക്കുമ്പോള്‍ തീര്‍ച്ചയായും സാമ്പത്തിക വികസനം ഉണ്ടാവും. പക്ഷേ, ഒരു ഘട്ടമെത്തുമ്പോള്‍ ജി.ഡി.പി യുടെ അറുപത്തഞ്ച് ശതമാനം കഴിയുമ്പോള്‍ തന്നെ ഈ കടം വിഷലിപ്തമായ ടോക്സിക്ക് കടമായി മാറാന്‍ തുടങ്ങുന്നു. 90 ശതമാനം പിന്നിട്ട് 100 ശതമാനം പിന്നിടുമ്പോഴേക്കും വികസനം തളര്ച്ചയായി മാറുന്നു. അതുകൊണ്ട് കടം കൂടുന്തോറും വികസനം ഉണ്ടാവും എന്ന വാദത്തെ അക്കാദമിക് ലോകം തള്ളികളഞ്ഞിരിക്കുകയാണ്.
എന്റിക് കസാരേസ് എന്ന മെക്സിക്കോയിലെ ധനശാസ്ത്രപണ്ഡിതന്റെ നേതൃത്വത്തില്‍ നടന്ന വിശദമായ പഠനങ്ങള്‍ കാണിക്കുന്നത് പൊതുകടവും സാമ്പത്തിക വികസനവും എപ്പോഴും നേര്‍രേഖയില്‍ പോകണമെന്നില്ല എന്നാണ്. ഇത് കടത്തിലൂടെ വളരാമെന്ന അഥവാ കടത്തിലൂടെ വളര്‍ന്നു കൊണ്ടേയിരിക്കാമെന്ന തെറ്റായ സിദ്ധാന്തത്തെ തുറന്നുകാണിക്കുന്ന അക്കാദമിക് പഠനമാണ്. അതുകൊണ്ട് ഈ സന്ദര്‍ഭത്തില്‍ കടബാധ്യതകള്‍ കൂടുതല്‍ വരുത്തിവെക്കുന്നത് ഏറെ ഗൗരവത്തോടെ കൂടിയായിരിക്കണം എന്ന് ചൂണ്ടിക്കാണിക്കുകയാണ്.
.jpg?$p=d801aca&w=610&q=0.8)
ഇന്ത്യയുടെ കടം വളരെ കുറവല്ല. കടമുള്ള രാജ്യങ്ങളില്‍ ഏറെ മുന്നിലല്ലെങ്കിലും ജി.ഡി.പിയുടെ 75 ശതമാനത്തിലധികം കടം ഇന്ത്യയ്ക്കുണ്ട്. യു.കെയ്ക്ക് 83 ശതമാനം കടമുണ്ട്. ബ്രസീലിന് 87 ശതമാനം കടമുണ്ട്. സ്പെയിന് 95 ശതമാനത്തിലും ഫ്രാന്‍സ് 97 ശതമാനത്തിലുമാണ് നില്‍ക്കുന്നത്. അമേരിക്കയുടെ കടവും വളരെ വലുതാണ്. പക്ഷേ, മറ്റു രാജ്യങ്ങള്‍ നമ്മളേക്കാള്‍ മോശമാണ് എന്നത് നമുക്ക് ആശ്വസിക്കാനുള്ള കാരണമല്ല. ജപ്പാന്റെ പൊതുകടം ലോകത്തെ ഏറ്റവും വലിയതാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നു. കടത്തിന്റെ സംഖ്യയില്‍ അമേരിക്കയാണ് മുന്നിലെങ്കിലും ജി.ഡി.പിയുമായുള്ള താരതമ്യത്തില്‍ ഏറ്റവും വലിയ കടമുള്ളത് ജപ്പാന് തന്നെയാണ്.
പക്ഷേ, അത്തരം രാജ്യങ്ങള്‍ക്ക് വന്‍കടം ഉണ്ട് എന്നതുകൊണ്ട് വികസ്വര രാജ്യങ്ങള്‍ക്ക് അതാകാം എന്നര്‍ത്ഥമില്ല. വളരെ വേഗം വളര്‍ന്ന സൗത്ത് കൊറിയ ജി.ഡി.പിയുടെ 42 ശതമാനത്തില്‍ കടബാധ്യത പിടിച്ചുനിര്‍ത്തിയിട്ടുണ്ട്. വിയറ്റ്നാം 41 ശതമാനത്തില്‍ നിര്‍ത്തുന്നതില്‍ വിജയിച്ചിരിക്കുന്നു. വികസിത രാജ്യമായ ജര്‍മനി അവരുടെ ജി.ഡി.പിയുടെ 58 ശതമാനത്തില്‍ അവരുടെ ബാധ്യത നിര്‍ത്തിയിട്ടുണ്ട്. സൗത്ത് ആഫ്രിക്കയും 56 ശതമാനത്തില്‍ കടം നിര്‍ത്തിയിട്ടുണ്ട്. ഈ ഗണത്തില്‍ നോക്കുമ്പോള്‍ ഇന്ത്യ 75 ശതമാനം കഴിഞ്ഞിരിക്കുന്നു. ഇന്ത്യയുടെ സംസ്ഥാനങ്ങളും കേന്ദ്ര ഗവണ്മെന്റും വാങ്ങിച്ചിരിക്കുന്ന കടം 80 ശതമാനം വരെയുണ്ട് എന്ന് ചില വിദഗ്ദ്ധന്മാര് സൂക്ഷ്മനിരീക്ഷണം നടത്തുന്നുണ്ട്. നേരത്തെ പറഞ്ഞ കണക്കുകള്‍ ഐ.എം.എഫിന്റെതാണ്. ഇത് നല്ലൊരു കാര്യമാണ് എന്ന് പറയാന്‍ വയ്യെങ്കിലും ഉടനെ എന്തെങ്കിലും സംഭവിക്കും എന്നൊന്നും പ്രവചിക്കാന്‍ ഈ ലേഖകന്‍ തയ്യാറല്ല. പക്ഷേ, കടമെടുക്കുന്നതില്‍ രണ്ടു തട്ടില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യ സൂക്ഷ്മത കാണിക്കണം. കേന്ദ്രത്തിന്റെ കടം ആകെ കടത്തിന്റെ 60 ശതമാനമാണ്. ബാക്കി കടം സംസ്ഥാനങ്ങള്‍ എടുത്തതാണ്.
സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ കടം വാങ്ങിച്ചിരിക്കുന്നത് പഞ്ചാബാണ്. ജി.ഡി.പിയുടെ 50 ശതമാനം കടന്നിരിക്കുന്നു. രാജസ്ഥാനും ആന്ധ്ര പ്രദേശും പശ്ചിമ ബംഗാളും കേരളവും എല്ലാം ആ ക്ലബിലെ അംഗങ്ങളാണ്. നമ്മുടെ കടം 35 ശതമാനത്തിന്റെ മുകളിലാണ്, അഥവാ മുകളില്‍ മാത്രമാണ് എന്ന് പറയാമെങ്കില്‍ പോലും നമ്മുടെ ധനക്കമ്മിയുമായി തട്ടിച്ചുനോക്കുമ്പോള്‍ നല്ല നിലയിലല്ല കേരളത്തിന്റെയും സ്ഥിതി.
കേരളത്തേക്കാള്‍ മോശമാണ് പഞ്ചാബും രാജസ്ഥാനും എന്നതുകൊണ്ട് നമുക്ക് ആശ്വസിക്കാന്‍ വകയില്ല. പ്രത്യേകിച്ചും ശ്രീലങ്കയെ പോലെ ടൂറിസം പോലുള്ള നിര്‍മ്മാണേതര വരുമാന മാര്‍ഗങ്ങളെ ആശ്രയിക്കുന്ന കേരളം ഇരട്ടി ശ്രദ്ധ കാണിക്കേണ്ടതായിട്ടുണ്ട്. പണം തിരിച്ചുകിട്ടുമെന്ന് ഉറപ്പില്ലാത്ത ഫാന്‍സി പ്രോജക്ടുകള്‍ തത്ക്കാലം നിര്‍ത്തിവെക്കുക തന്നെ വേണം. കേരളത്തില്‍ സജീവമായിരുന്ന സില്‍വര്‍ ലൈന്‍ പ്രോജക്ട് അത്തരത്തിലുള്ള ഒന്നാണ്. കൃത്യമായ വരുമാനവും തിരിച്ചടവും ഉണ്ടാകുമെന്ന ഉറപ്പില്ലെങ്കില്‍ അത്തരം പ്രോജക്ടുകളില്‍നിന്ന് പിന്മാറുന്നതാണ് നല്ലത്. പരിസ്ഥിതി ആഘാതവും മറ്റു കാര്യങ്ങളും സൃഷ്ടിക്കുന്ന ആപത്തുകളെക്കുറിച്ച് ജനങ്ങള്‍ പ്രക്ഷോഭത്തിന് ഇറങ്ങുകയും തൃക്കാക്കര തിരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടുകയും ചെയ്തപ്പോള്‍ തത്ക്കാലം ഇനി സില്‍വര്‍ ലൈന്‍ വേണ്ടെന്നും കേന്ദ്രത്തിന്റെ അനുവാദം കിട്ടാന്‍ സാധ്യതയില്ലെന്നും കേരള സര്‍ക്കാര്‍ പറഞ്ഞ് ഒഴിയാന്‍ തുടങ്ങിയിട്ടുണ്ട്.
ഇത് സില്‍വര്‍ ലൈനിന്റെ കാര്യത്തില്‍ മാത്രമല്ല, തിരിച്ചടയ്ക്കുവാനുള്ള കൃത്യമായ മാര്‍ഗരേഖകളില്ലാതെ കടമെടുക്കുന്ന ഏതു നടപടിയും നമ്മുടെ കടത്തെ വലിയ തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുപോകും. അതുകൊണ്ട് തികഞ്ഞ ശ്രദ്ധയോടെ ശ്രീലങ്കയുടെ അനുഭവങ്ങള്‍ മനസ്സില്‍വെച്ചുകൊണ്ടു മാത്രമേ, ഇന്ന് അപകടത്തിലേക്കെത്തിയിട്ടില്ല എന്നു പറയാവുന്ന സ്ഥിതിയിലാണെങ്കിലും, അപകടത്തിലേക്ക് എത്തുവാനുള്ള സാധ്യതയുണ്ട് എന്നു പറയേണ്ടതായിട്ടുണ്ട്. കടം ഒരു കുറ്റമല്ല എന്നു മാത്രമല്ല, നാളെത്തെ വികസനം ഇന്നു തന്നെ കൊണ്ടുവരുന്നത് ഒരര്‍ത്ഥത്തില്‍ നല്ലതു തന്നെയാണ്. പക്ഷേ, കടം വിഷലിപ്തമായാല്‍ അത് സമ്പദ്ഘടനയെയും ജനജീവിതത്തെ തന്നെയും അട്ടിമറിക്കുന്നു. അതാണ് ശ്രീലങ്കയില്‍നിന്നു തുടങ്ങിയിട്ടുള്ളത്. ഇന്ത്യയിലേക്ക് ആ കൊടുങ്കാറ്റ് എത്താതിരിക്കട്ടെ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..