കല്ലല്ല ഞങ്ങള്‍: കേള്‍ക്കൂ കുട്ടികളുടെ ഈ കരച്ചില്‍| മധുരം ജീവിതം


കെ.കെ ജയകുമാര്‍ | jayakumarkk8@gmail.comപ്രതീകാത്മക ചിത്രം

സുഹൃത്തിന്റെ വീട്ടില്‍ ഒരു സൗഹൃദ സന്ദര്‍ശനത്തിനെത്തിയതാണ് ഞാനും ഭാര്യയും മകളും. വളരെ നാളുകളായി കണ്ടിട്ട്. ആ കുറവ് നികത്താന്‍ വീട്ടിലെത്തിയപാടെ ഭാര്യയെ സുഹൃത്തിന്റെ സഹധര്‍മിണി അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. പിള്ളേരാകട്ടെ മുറ്റത്താണ്. ഞാനും സുഹൃത്തുംകൂടി ആഗോള വിഷയങ്ങളെല്ലാം ചര്‍ച്ചചെയ്തുകൊണ്ടിരിക്കേ സുഹൃത്തിന് ഒരു ഫോണ്‍ വന്നു. അടുത്തെങ്ങും അതവസാനിക്കാന്‍ സാധ്യതയില്ലെന്ന് മനസിലാക്കിയ ഞാന്‍ മെല്ലെ പുറത്തിറങ്ങി. കുട്ടികള്‍ മുറ്റത്ത് ക്രിക്കറ്റ് കളിക്കുന്നു. പതിനഞ്ചില്‍ താഴെ പ്രായമുള്ളവരുടെ ആര്‍മിയാണ്. മുട്ടുന്നത് തന്നെ സൂക്ഷിച്ചുവേണം.

എന്റെ മോളാണ് ബാറ്റിംഗ്. ഒരു തകര്‍പ്പന്‍ സിക്സര്‍. ബോള്‍ മതിലില്‍ തട്ടി എങ്ങോട്ടോ തെറിച്ചുപോയി. മറ്റുള്ളവര്‍ ബോള്‍ തപ്പി തലപുകയ്ക്കവേ തലയിലെ തൊപ്പി ഊരി സ്‌റ്റൈലില്‍ കറക്കി തിരികെ വെച്ചുകൊണ്ട് മോള്‍ ചോദിച്ചു. 'എങ്ങനുണ്ട്?''സൂപ്പര്‍'. ഞാന്‍ പറഞ്ഞു. 'പക്ഷേ നീ എന്നുമുതലാ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയത്. നിനക്കത് ഇഷ്ടമേയല്ലായിരുന്നല്ലോ' എന്റെ സ്വരത്തില്‍ അല്‍പ്പം പരിഹാസവും പുച്ഛവും ഉണ്ടായിരുന്നു.

'അച്ഛാ ഞാന്‍ കല്ലൊന്നുമല്ല. എന്നും ഒന്നില്‍ തന്നെ കടിച്ചുതൂങ്ങിക്കിടക്കാന്‍. ഇഷ്ടാനിഷ്ടങ്ങള്‍ മാറിക്കൊണ്ടിരിക്കും. വളരുന്ന പ്രായമല്ലേ. എനിക്ക് ഷട്ടില്‍ ബാഡ്മിന്റണായിരുന്നു ഇഷ്ടം. എന്നുവെച്ച് അതുതന്നെ എപ്പോഴും കളിക്കാന്‍ പറ്റുമോ?' അവള്‍ ബാറ്റ് എന്റെ നേരേ ചൂണ്ടി ചിറികോട്ടി.

ചോദിക്കേണ്ടിയിരുന്നില്ല എന്നവിചാരത്തില്‍ ഞാന്‍ പിന്തിരിയവേ മറ്റ് കൂട്ടികള്‍ ബോളുമായി എത്തി. 'ഇനി അങ്കിള്‍ ബാറ്റ് ചെയ്യണം' എന്നായി അവര്‍. ഞാന്‍ ചുറ്റും നോക്കി. കാറിന്റെ ചില്ല്, മനോഹരമായ ജനാലച്ചില്ലുകള്‍. ഇതില്‍ ഏത് ഈ കളിയില്‍ പൊട്ടിയാലും ഈ ആര്‍മി അത് എന്റെ തലയില്‍ കൊണ്ടിടും എന്നുറപ്പ്. ഇനി മറ്റുള്ളവര്‍ അതിന് ശ്രമിച്ചില്ലേലും എന്റെ മകള്‍ അതിന് മുന്നില്‍ നില്‍ക്കും എന്നുറപ്പായതോടെ ഞാന്‍ മെല്ലെ പിന്തിരിഞ്ഞു. കുറച്ചുനേരം അവരുടെ കളികണ്ടിരുന്നു. ഒടുവില്‍ അവര്‍ കളി മടുത്ത് വീടിനകത്തുകയറി. പുറത്ത് ചുറ്റിത്തിരിഞ്ഞ് ഒടുവില്‍ ഞാനും അകത്ത് കയറി സ്വീകരണ മുറിയില്‍ ഇരുന്നു. സുഹൃത്തും ഫോണ്‍കത്തിയും കഴിഞ്ഞ് തിരികെ എത്തി. കുട്ടികളെല്ലാം ചേര്‍ന്ന് ഒരു ഹൊറര്‍ ഫിലിം കാണുന്നു. ഹൊറര്‍ എന്നാല്‍ പേടിച്ച് ഓടുന്ന ടൈപ്പായിരുന്നു സുഹൃത്തിന്റെ മകന്‍. ഇപ്പോഴിതാ കുത്തിയിരുന്നു കാണുന്നു.

'അല്ല ഹൊറര്‍ സിനിമ നിനക്ക് ഇഷ്ടമേയല്ലായിരുന്നല്ലോ. എന്നിട്ടിപ്പോ പേടിയൊക്കെ മാറിയോ?' - ഞാന്‍ ചോദിച്ചു.

മകന്റെ മറുപടി പെട്ടെന്നായിരുന്നു. 'അങ്കിള്‍ ഞാന്‍ അതിന് കല്ലൊന്നുമല്ല. എപ്പോഴും ഇങ്ങനെ പേടിച്ചിരിക്കാന്‍. വളരുന്ന പ്രായമല്ലേ. എല്ലാം മാറിക്കൊണ്ടിരിക്കും' ആര്‍മി ഒന്നടങ്കം പൊട്ടിച്ചിരിച്ചു.

ഒന്നും ചോദിക്കേണ്ടിയിരുന്നില്ല എന്ന് വീണ്ടും തോന്നി. ഞാന്‍ സുഹൃത്തിനെ തോണ്ടി. ആരോടായിരുന്നു കത്തിയെന്ന് ആരാഞ്ഞു. അമ്മായി അച്ഛനായിരുന്നു ഫോണില്‍ ഫോണില്‍. രണ്ടാമത്തെ മകളുടെ എന്‍ജിനീയറിംഗ് അഡ്മിഷന്റെ കാര്യത്തിനായിരുന്നു. ആളൊരു അറിയപ്പെടുന്ന എന്‍ജിനീയറിംഗ് വിരുദ്ധനായിരുന്നു. മകളും അതേ. എന്നിട്ടിപ്പോള്‍. വായില്‍ വന്ന ചോദ്യം ഞാന്‍ വിഴുങ്ങി. കല്ലല്ല ഞാനെന്ന് അവളും പറഞ്ഞാലോ. അകത്തെ സംഭാഷണം അവസാനിപ്പിച്ച് ഭാര്യമാര്‍ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു.

മനോഹരമായ തീന്‍മേശ. കമനീയമായ ഡിന്നര്‍ സെറ്റ്. എല്ലാവര്‍ക്കും മുന്നില്‍ സുഹൃത്തിന്റെ ഭാര്യ സെറാമിക് പ്ലേറ്റ് നിരത്തി. എന്റെ മോളുടെ മുന്നില്‍ മാത്രം ഒരു സ്റ്റീല്‍ പ്ലേറ്റ്. മകള്‍ മുഖം കറുപ്പിച്ചു. 'അതെന്താ ആന്റി എനിക്ക് മാത്രം ഈ സ്റ്റീല്‍ പ്ലേറ്റ്.'

'അയ്യോ മോളെ മോള്‍ക്ക് സെറാമിക് പ്ലേറ്റ് ഇഷ്ടമല്ലായിരുന്നല്ലോ. എത്ര തവണയാണ് എന്നെക്കൊണ്ട് മാറ്റിച്ചിട്ടുള്ളത്. അത് കൊണ്ട് മോള്‍ക്ക് ഞാന്‍ പ്രത്യേകം ഈ പ്ലേറ്റ് എടുത്തതാ.'

'അതിന് ഞാന്‍ കല്ലല്ലോ ആന്റി. ഇഷ്ടങ്ങളല്ലേ. അത് ചിലപ്പോ മാറും. വളരുന്ന പ്രായമല്ലേ.'

എല്ലാവരും ചിരിച്ചു. സുഹൃത്തിന്റെ ഭാര്യയുടെ മുഖം വിവര്‍ണമായി. സംഗതി കൈവിട്ടുവെന്ന് എനിക്ക് മനസിലായി. ഞാന്‍ എന്റെ ഭാര്യയുടെ മുഖത്തേക്ക് നോക്കി. അനുഭവിച്ചോ എന്ന മട്ടില്‍ അവള്‍ ഒരു പപ്പടം വായിലിട്ട് വലിയ ശ്ബദത്തോടെ പൊട്ടിച്ച് ചവച്ചു കൊണ്ട് സുഹൃത്തിന്റെ ഭാര്യയെ വിളമ്പലില്‍ സഹായിക്കാന്‍ കൂടി.

'ഇത് നല്ല പുഴമല്‍സ്യമാണ് ഫ്രഷ്. എന്റെ അപ്പച്ചിയുടെ ഒരു അടാറ് റെസിപ്പി ഉണ്ട്. നല്ല കിടിലന്‍ രുചിയാണ്. എല്ലാവരും കഴിക്കണം.' സുഹൃത്തിന്റെ ഭാര്യ എന്റെ ഭാര്യയെ നന്നായി പ്രോല്‍സാഹിപ്പിച്ചു. അത് അവള്‍ എല്ലാവര്‍ക്കും വിളമ്പി. കിട്ടിയവരെല്ലാം ആ മീന്‍കറിതന്നെ ആദ്യം ടേസ്റ്റ് ചെയ്തു. കൂട്ടത്തില്‍ ഞാനും.

'ഉം ഒരു രക്ഷയുമില്ല. നല്ല കിടുക്കാച്ചി ടേസ്റ്റ്.'

പെട്ടെന്ന് എന്റെ മകളിരുന്ന ഭാഗത്തുനിന്ന് ഒരു ചിലങ്കയുടെ കിലുക്കവും നാഗവല്ലിയുടെ ശബ്ദവും.

'എനിക്ക് മാത്രം തരാഞ്ഞത് എന്തേ. ഞാന്‍ നിങ്ങളുടെ മകളല്ലേ. എന്നെ എന്താ പേപ്പറേന്ന് വെട്ടിയെടുത്തതാണോ ' മകളുടെ മുഖം ദേഷ്യം കൊണ്ട് തുടുത്തു. പേപ്പറേന്ന് വെട്ടിയെടുത്തതായിരുന്നേല്‍ നല്ലത് നോക്കി വെട്ടിയെടുക്കുകില്ലായിരുന്നോ എന്ന ചളി അടിക്കാന്‍ എനിക്ക് പക്ഷേ അപ്പോള്‍ തോന്നിയില്ല.അവളുടെ അമ്മയുടെ ശബ്ദവും അതേ കനത്തില്‍ ഉയര്‍ന്നു.

'അതിന് നിനക്ക് മീന്‍ വറുത്തത് മാത്രമല്ലേ ഇറങ്ങൂ. ഇത് കറിവെച്ചതാണ്. തമ്പുരാട്ടി കഴിക്കുമോ?'

'അതിന് എന്നും ഒരേ പോലെ ഇരിക്കാന്‍ ഞങ്ങള്‍ കുട്ടികള്‍ എന്താ കല്ലുകൊണ്ടുണ്ടാക്കിയതാണോ. ഞങ്ങളും മനുഷ്യരാണ്. ഞങ്ങള്‍ക്കുമുണ്ട് മജ്ജയും മാംസവും. ഇഷ്ടാനിഷ്ടങ്ങള്‍ മാറിക്കൊണ്ടിരിക്കും. വളരുന്ന പ്രായമാണ്. ഒരിക്കല്‍ എന്തെങ്കിലും ഇഷ്ടമാണ് എന്ന് പറഞ്ഞാല്‍ പിന്നെ ജീവിതകാലം മുഴുവന്‍ അത് തന്നെ ഇഷ്ടമാണ് എന്ന് അങ്ങോട്ട് ധരിക്കും. അച്ഛനമ്മമാരായാല്‍ കുട്ടികളുടെ മാറിമറിയുന്ന ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞുകൊണ്ടിരിക്കണം. പുട്ട് ഇഷ്ടമാണ് എന്നെങ്ങാനും അറിഞ്ഞാല്‍ പിന്നെ ബ്രേ്ക്ക് ഫാസ്റ്റ് എന്നും പുട്ട്. പിങ്ക് നിറം ഇഷ്ടമാണ് എന്നറിഞ്ഞാല്‍ പിന്നെ എപ്പോഴും വാങ്ങി വരിക പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങള്‍.' മകള്‍ ഒന്നു നിര്‍ത്തി. ആര്‍മി ഒന്നടങ്കം കയ്യടിച്ചു.

മകള്‍ സുഹൃത്തിന്റെ മകന് മൈക്ക് കൈമാറി.

'ക്യാരറ്റ് തോരന്‍ ഇഷ്ടമാണ് എന്ന് ഒരിക്കല്‍ പറഞ്ഞുപോയി. പിന്നെ എന്നും ഉച്ചയ്ക്ക് സ്‌കൂളില്‍ ലഞ്ചിന്റെ കൂടെ ക്യാരറ്റ് തോരന്‍ മാത്രം. ഒരിക്കല്‍ ഭക്ഷണത്തിന് ഉപ്പ് അല്‍പ്പം കൂടിപ്പോയി എന്ന് പറഞ്ഞുപോയി. പിന്നെ ഭക്ഷണത്തിന് ഉപ്പോട് ഉപ്പ്.' സുഹൃത്തിന്റെ മകന്‍ കാട് കയറുന്നത് മനസിലാക്കി എന്റെ ഭാര്യ ഇടപെട്ടു.
'പറഞ്ഞ് പറഞ്ഞ് കാടുകയറാതെ കാര്യം എന്താണ് എന്നുവെച്ചാല്‍ അത് മാത്രം പറയു.'- മകള്‍ മൈക്ക് വീണ്ടും കയ്യിലെടുത്തു.

'ഞങ്ങളൊക്കെ വളര്‍ന്നുകൊണ്ടിരിക്കുന്ന കുട്ടികളാണ് എന്ന യാഥാര്‍ത്ഥ്യം നിങ്ങള്‍ അംഗീകരിക്കണം. ഞങ്ങള്‍ക്ക് 14 വയസായി പ്രായം. നിങ്ങളുടെ കണ്ണില്‍ ഞങ്ങളിപ്പോഴും കുട്ടികളായിരിക്കും. പക്ഷേ ഞങ്ങള്‍ വളര്‍ന്നുകഴിഞ്ഞു. ഞങ്ങളുടെ ഇന്‍ഡിവിഡ്വാലിറ്റി നിങ്ങള്‍ അംഗീകരിക്കണം. ഞങ്ങളുടെ മുറിയില്‍ ഞങ്ങളില്ലാത്തപ്പോള്‍ കയറരുത്. ചീപ്പും പൊട്ടും കണ്ണാടിയുമൊന്നും എടുത്തുകൊണ്ട് പോകരുത്. ഫോണുപയോഗിക്കുമ്പോള്‍ വന്ന് ഇടംകണ്ണിട്ട് നോക്കരുത്.' മകള്‍ പറഞ്ഞ് കാടുകയറുന്നതുകൊണ്ട് സുഹൃത്തിന്റെ ഭാര്യയും ഇടപെട്ടു.

'നിങ്ങള്‍ അങ്ങ് വളര്‍ന്നു മലപോലെ ആയി എന്ന ആ ഭാവം അങ്ങ് കൈയ്യില്‍ വെച്ചേക്ക്. എന്റെ മോന് ഇപ്പോഴും സന്ധ്യ ആയിക്കഴിഞ്ഞാല്‍ പുറത്തേക്ക് ഇറങ്ങാന്‍ പേടിയാണ്. ഒറ്റയ്ക്ക് ഒരു കടയില്‍ പോയി സാധനം വാങ്ങാന്‍ ചങ്കിടിപ്പാണ്. വസ്ത്രം ഇടണമെങ്കില്‍ അമ്മ ഇസ്തിരി ഇട്ട് കൊടുക്കണം. രാവിലെ സോക്സ് കണ്ടുപടിക്കണം എങ്കില്‍ അമ്മയുടെ സഹായം വേണം. അതുകൊണ്ട് എന്റെ മക്കള്‍ ആര്‍മി ആദ്യം ആ പേടിയൊക്കെ ഒന്ന് മാറ്റി സ്വന്തം കാലില്‍ നിന്ന് കാണിക്ക്, ഇത്തരം കാര്യങ്ങളില്‍. അപ്പോള്‍ സമ്മതിക്കാം നിങ്ങള്‍ തളര്‍ന്നോ വളര്‍ന്നോ എന്ന്.'

സുഹൃത്തിന്റെ ഭാര്യയെ എന്റെ ഭാര്യ വിസ്മയത്തോടെ നോക്കി.അവള്‍ പറയാന്‍ ആഗ്രഹിച്ച കാര്യങ്ങളാണ് ഇവിടെ കേട്ടത്. അമ്മമാരുടെ ഒരു ആര്‍മിയും രൂപം കൊണ്ട കാര്യം ഞാന്‍ ഒരു നടുക്കത്തോടെ തിരിച്ചറിഞ്ഞു. എന്റെ ഭാവമാറ്റം കണ്ടിട്ടാകണം മകള്‍ ചോദിച്ചു. 'എന്താ അച്ഛന്‍മാര്‍ക്കൊന്നും പറയാനില്ലേ?'

ഞാന്‍ പറഞ്ഞു. 'എല്ലാവരോടുമായി എനിക്കൊരു കാര്യം പറയാനുണ്ട്. ഈ മീന്‍കറി അസലായിട്ടുണ്ട്. ഇതിന്റെ റെസിപി എന്റെ മകള്‍ക്കൊന്നു പറഞ്ഞ് കൊടുക്കണം. അവള്‍ കല്ലാണോ കല്ല്യാണിയാണോ എന്ന് അവള്‍ ഉണ്ടാക്കിയ കറിനോക്കിയിട്ട് പറയാം.'

എല്ലാവരും ചിരിച്ചു. കൂട്ടത്തില്‍ ഉച്ചത്തില്‍ ചിരിച്ചത് എന്റെ മകള്‍ തന്നെയാണ്. ഞാന്‍ പറഞ്ഞതിലെ പൊളിട്ടിക്കല്‍ കറക്ടനെസിനെക്കുറിച്ചുള്ള ഒരു ക്ലാസ് വീട്ടിലെത്തിയാല്‍ എനിക്കായി അവള്‍ ഓങ്ങിവെച്ചിട്ടുണ്ടെന്ന് ആ ചിരിയില്‍ നിന്ന് എനിക്ക് മനസിലായി.

(പ്രമുഖ ഫിനാന്‍ഷ്യല്‍ ജേണലിസ്റ്റായ ലേഖകന്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ കോ ഓര്‍ഡിനേറ്റിംഗ് ന്യൂസ് എഡിറ്ററാണ്)

Content Highlights: social and emotional changes in teenagers, KK Jayakumar writes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented